ജാതി അധിക്ഷേപം നടത്തിയ വാർഡനും മേട്രനും ഒഴിഞ്ഞു; സ്കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർഥി സമരം അവസാനിപ്പിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർഥികളെ ജാതീയമായി അധിക്ഷേപിച്ച ലേഡീസ് ഹോസ്റ്റൽ വാർഡനും മേട്രനും രാജിവെച്ചു. പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ സമരം അവസാനിപ്പിക്കുകയാണെന്ന് വിദ്യാർഥികൾ.

News Desk

ആരോപണവിധേയരായ ലേഡീസ് ഹോസ്റ്റൽ മേട്രന്റെയും വാർഡന്റെയും രാജി അംഗീകരിക്കപ്പെട്ടതോടെ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പഠിപ്പുമുടക്ക് സമരം അവസാനിപ്പിച്ച് വിദ്യാർഥികൾ. ആദിവാസി ദലിത് വിദ്യാർഥികൾക്ക് നേരെയുണ്ടായ ജാതി അധിക്ഷേപം, കാലിക്കറ് സർവ്വകലാശാലയുടെ നിയമങ്ങൾക്ക് വിരുദ്ധമായ എസ്.സി, എസ്.ടി സീറ്റുകളുടെ പരിവർത്തനം, ഇ-ഗ്രാന്റ് തുടർച്ചയായി മുടങ്ങുക തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിയാണ് വിദ്യാർഥികൾ ആറ് ദിവസമായി സമരം നടത്തിയത്.

ഇ-ഗ്രാന്റുകൾ തുടർച്ചയായി ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ ഹോസ്റ്റൽ ഫീസ് നൽകാൻ നിർവാഹമില്ലാതിരുന്ന ആദിവാസി - ദലിത് വിദ്യാർഥികളെ, സ്കൂൾ ഓഫ് ഡ്രാമയിലെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് അധ്യാപിക കൂടിയായ ഹോസ്റ്റൽ നടത്തിപ്പ് ചുമതലയുള്ള വാർഡൻ ജാതീയമായി അധിക്ഷേപിച്ചതിനെ തുടർന്നാണ് സമരം തുടങ്ങിയത്. ഹോസ്റ്റൽ മേട്രനും ഇത്തരത്തിൽ വിദ്യാർഥികളെ ജാതീയമായി അധിക്ഷേപിച്ചിരുന്നു. മേട്രനും വാർഡനുമെതിരെ വിദ്യാർഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും സ്കൂൾ ഓഫ് ഡ്രാമയിലും പരാതി നൽകിയെങ്കിലും വിഷയത്തിന് പരിഹാരമുണ്ടായില്ല. ഒടുവിൽ വിദ്യാർഥി സമരത്തെ തുടർന്ന് ആരോപണവിധേയയായ വാർഡൻ രാജിവെക്കുകയായിരുന്നു.

ആരോപണം നേരിട്ട മേട്രനെതിരെ നടപടിയെടുക്കാൻ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർക്ക് അധികാരമില്ലെന്നും പദവികളിൽ നിന്ന് പുറത്താക്കാനുള്ള അധികാരം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കാണെന്നും സ്കൂൾ ഓഫ് ഡ്രാമാ ഡയറക്ടർ അഭിലാഷ് പിള്ള ട്രൂകോപ്പി തിങ്കിനോട് പറഞ്ഞിരുന്നു.

ലേഡീസ് ഹോസ്റ്റൽ വാർഡനും മേട്രനും വിദ്യാർഥികളോട് മാപ്പ് പറയുക, സ്ഥാനങ്ങളിൽ നിന്നും ഒഴിയുക, ജാതി വിവേചനത്തിൻെറ വിഷയത്തിൽ ക്യാമ്പസിലെ മുഴുവൻ വിദ്യാർഥികൾക്കും ജീവനക്കാർക്കും ബോധവൽക്കരണം നൽകുക, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സർക്കുലർ പ്രകാരമുള്ള നിയമങ്ങൾ പാലിക്കാതെ നടക്കുന്ന എസ്.സി, എസ്.ടി സീറ്റ് പരിവർത്തനം പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെച്ചത്.

തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും വാർഡനും മേട്രനും രാജിവെക്കുക എന്ന പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടതിനാലാണ് സമരം അവസാനിപ്പിച്ചതെന്ന് സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിയായ രേവതി. എ.ടി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

രേവതി. എ.ടി
രേവതി. എ.ടി

“ഞങ്ങൾ മുന്നോട്ടുവെച്ച ചില ആവശ്യങ്ങൾ സ്കൂൾ ഓഫ് ഡ്രാമ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ഞങ്ങൾ പഠിപ്പ് മുടക്കി സമരം അവസാനിപ്പിച്ചിരിക്കുകയാണ്. വാർഡനെയും മേട്രനെയും മാറ്റുക എന്ന ഞങ്ങളുടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, വാർഡൻ മാപ്പ് പറയുക എന്ന ആവശ്യം ആംഗീകരിക്കപ്പെട്ടിട്ടില്ല. വാർഡൻ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലെ എച്ച്.ഒ.ഡിയാണ്. അതായത് നലവിൽ ക്യാമ്പസിൽ തുടരുന്ന വ്യക്തി തന്നെയാണ്. നേരിട്ട് മാപ്പ് പറഞ്ഞില്ലെങ്കിലും രേഖാമൂലം എഴുതി തരണമെന്നാണ് ഞങ്ങളുടെ ആവശ്യം,” രേവതി പറഞ്ഞു.

“ഈ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം മുടങ്ങി കിടക്കുന്ന ഇ-ഗ്രാന്റ്സ് ആണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഒരു ക്യാമ്പസിലും, ഇ-ഗ്രാന്റ്സ് വരാത്ത സാഹചര്യത്തിൽ ഫീസിന്റെ കാര്യത്തിൽ വിദ്യാർഥികൾക്ക് സമ്മർദ്ദം നൽകില്ലെന്ന് രേഖാമൂലം എഴുതി തരണമെന്ന ആവശ്യവും ഞങ്ങൾ മുന്നോട്ടുവെച്ചിരുന്നു. അതിനും മറുപടിയൊന്നും ലഭിച്ചിട്ടില്ല. യൂണിവേഴ്സിറ്റി നിയമങ്ങൾ പാലിച്ചുകൊണ്ട് എസ്.സി, എസ്.ടി സീറ്റുകളുടെ പരിവർത്തനം നടത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. വാർഡനെയും മേട്രനെയും പുറത്താക്കുക എന്നതാണ് ആകെ അംഗീകരിച്ചിട്ടുള്ളത്,” രേവതി കൂട്ടിച്ചേർത്തു.

ആരോപണ വിധേയരായ ലേഡീസ് ഹോസ്റ്റൽ മേട്രനും വാർഡനും രാജിവെക്കുമെന്ന് സമരം നടത്തിയ വിദ്യാർഥികൾക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ആദിവാസി - ദലിത് വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ് ലഭ്യമാകുന്നതുവരെ മെസ് ബിൽ അടക്കുന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ കാലിക്കറ്റ് സർവ്വകലാശാല നടത്തും. ലേഡീസ് ഹോസ്റ്റലിൽ ഉടൻ തന്നെ പുതിയ വാർഡനെ നിയമിക്കുകയും ചെയ്യും. ഇന്റർവ്യു നടത്തിയിട്ടായിരിക്കും പുതിയ മെട്രനെ നിയമിക്കുക. ലിംഗവിവേചനമില്ലാതെ പുതിയ ഹോസ്റ്റൽ നിയമങ്ങൾ നിർമിക്കുമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഗ്രാന്റില്ല, ദലിത് - ആദിവാസി വിദ്യാർഥികൾക്കെതിരെ ജാതി അധിക്ഷേപവും; സ്കൂൾ ഓഫ് ഡ്രാമ വിദ്യാർഥികൾ സമരത്തിൽ

സ്കൂൾ ഓഫ് ഡ്രാമയിലെ സമരം; വാർഡൻ രാജിവെച്ചു, ഇ-ഗ്രാൻറ്സ് പ്രതിസന്ധി പരിഹരിക്കാൻ ഇടപെടുമെന്ന് ഡയറക്ടർ

Comments