ഓർമയുണ്ടോ, സെൽഫ് ഫിനാൻസിംഗിന്റെ
പഴയ സൈദ്ധാന്തിക വിശദീകരണം?
സ്വകാര്യ സർവകലാശാലകൾ എന്നത് തീർത്തും ‘നയപരമായ മാറ്റം' എന്ന് പറയാൻ സാധിക്കില്ല. കാരണം, സ്വകാര്യ സർവകലാശാലകളെന്ന് ഇപ്പോൾ വിഭാവനം ചെയ്തിട്ടുള്ളത് സ്വാശ്രയ സർവ്വകലാശാലകൾ (സെൽഫ് ഫിനാൻസിംഗ്) എന്ന നിലയിലാണ് എന്നാണ് മനസിലാക്കാൻ കഴിയുന്നത് . 2000-ൽ തന്നെ കേരളത്തിൽ, പ്രത്യേകിച്ച് മെഡിക്കൽ, എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ സെൽഫ് ഫിനാൻസിംഗ് കോളേജുകൾ ആരംഭിച്ചിട്ടുണ്ട്. എ.കെ. ആൻറണി സർക്കാറിന്റെ കാലത്താണ് ഇത് ആദ്യമായി നടപ്പാക്കിയത്. അതിനെതിരെ അന്നത്തെ എസ്.എഫ്.ഐയും ഇടതുപക്ഷ സംഘടനകളും എതിർത്ത് രംഗത്തു വന്നതിനെതുടർന്ന് അന്നത്ത സർക്കാർ പ്രതിസന്ധിയിലായി. എന്നാൽ തുടർന്നുവന്ന ഇടതുപക്ഷ സർക്കാർ പൂർവ്വാധികം ശക്തിയോടെ സെൽഫ് ഫിനാൻസിംഗ് സ്ഥാപനങ്ങൾ നടപ്പിലാക്കുകയാണുണ്ടായത്.
ആ സമയത്ത്, മാധ്യമപ്രവർത്തകർ, ഇത് ആൻറണി സർക്കാറിന്റെ കാലത്ത് നടപ്പിലാക്കാൻ ഉദ്ദേശിച്ച സെൽഫ് ഫിനാൻസിംഗ് സ്ഥാപനങ്ങൾ തന്നെയല്ലേ എന്ന് ചോദിച്ചപ്പോൾ എം. എ. ബേബി അതിനെ ന്യായീകരിക്കുകയായിരുന്നു. ഇത് കോൺഗ്രസ് കൊണ്ടുവന്ന സെൽഫ് ഫിനാൻസിംഗ് സംവിധാനമല്ല, സ്വയം ചെലവ് കണ്ടെത്തൽ സ്ഥാപനങ്ങളാണ് എന്ന സൈദ്ധാന്തിക ന്യായീകരണം നൽകിയാണ് ഇടതുപക്ഷം സെൽഫ് ഫിനാൻസിംഗ് സമ്പ്രദായത്തെ നയപരമായി സ്വീകരിക്കുന്നത്.

യഥാർത്ഥത്തിൽ സ്വകാര്യവൽക്കരണത്തെ / വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മൂലധന നിക്ഷേപത്തെ, രാഷ്ട്രീയമായി അംഗീകരിക്കുന്ന നയപരമായ തീരുമാനമായിരുന്നു അത്. ഇടതു സർക്കാർ ഭംഗിയായി അതു നടപ്പാക്കുകയും ചെയ്തു. എന്നാൽ, 2025- ൽ, അതായത് 25 വർഷത്തിനുശേഷം, അതിന്റെ തുടർച്ച എന്ന നിലയ്ക്കാണ് സ്വകാര്യ സർവകലാശാലകൾ അല്ലെങ്കിൽ വിദേശ സർവകലാശാലകൾ ആരംഭിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.
കഴിഞ്ഞ 25 വർഷത്തെ നിലപാടുകൾ പരിശോധിച്ചാൽ, ഇടതുപക്ഷം സ്വാശ്രയ വിദ്യാഭ്യാസ സംവിധാനത്തെ എതിർത്തിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നേരത്തെ സ്വാശ്രയ കോളേജുകൾ ആരംഭിച്ചു, രണ്ടര പതിറ്റാണ്ടിനുശേഷം ഉന്നത സർവകലാശാലകളും സെൽഫ് ഫിനാൻസിംഗ് മേഖലയിൽ ആരംഭിക്കുന്നു എന്നതേയുള്ളൂ. ഇത് പെട്ടെന്നുള്ളതും നയപരമായതുമായ മാറ്റമല്ല; മറിച്ച് നയപരമായ വികാസമാണ് എന്നു വേണം കരുതാൻ.
സെൽഫ് ഫിനാൻസിംഗ് /സ്വകാര്യ യൂണിവേഴ്സിറ്റികൾ ആരംഭിച്ചാൽ മാത്രമേ നവതലമുറ വിദ്യാർഥികളുടെ പ്രതീക്ഷ നിറവേറൂ എന്നു പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.
സെൽഫ് ഫിനാൻസിംഗ് കോളേജുകൾ ആരംഭിക്കാൻ അന്ന് മേൽക്കൈ നേടിയ ഒരു വ്യാഖ്യാനം, കേരളത്തിലെ വിദ്യാർത്ഥികൾ മെഡിക്കൽ- എൻജിനീയറിങ് പഠനത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതുമൂലം കേരളത്തിലെ നല്ലൊരു ശതമാനം സമ്പത്ത് ആ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു എന്നതായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽ സെൽഫ് ഫിനാൻസിംഗ് മേഖലയിൽ സ്ഥാപനങ്ങൾ ആരംഭിച്ചാൽ പുറത്തേക്ക് പോകുന്ന അത്രയും വിദ്യാർത്ഥികളെ കേരളത്തിൽ പിടിച്ചുനിർത്തുകയും അങ്ങനെ സാമ്പത്തികമായ ചോർച്ച തടയുകയും ചെയ്യാം എന്നതായിരുന്നു.

ഇപ്പോൾ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുമ്പോഴും വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ ഒഴുക്കിനെ തടയിടുക എന്നതാണ് ലക്ഷ്യം എന്നാണ് വെപ്പ്. എന്നാൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ വിദേശ സർവകലാശാലകളിലേക്ക് പഠനത്തിന് പോകുന്നതിന്റെ കാരണം അന്വേഷിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നത്, പഠനത്തിനായി വിദേശ സർവകലാശാലകളെ സമീപിക്കുക മാത്രമല്ല, വിദ്യാഭ്യാസം ചെയ്യുന്ന വിദേശരാജ്യങ്ങളിൽ ജീവിതം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശ്യവും കൂടിയുണ്ട് അവർക്ക് എന്നാണ്. അത്തരമൊരു കുടിയേറ്റത്തിന്റെ ഭാവന സൃഷ്ടിക്കപ്പെടുന്നതിനുപിറകിൽ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞവരുടെ കുറഞ്ഞ തൊഴിൽ വിപണി ഒരു കാരണമായി തീർന്നിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ യാഥാർത്ഥ്യത്തെ വിദഗ്ദ്ധമായി മറച്ചുവെക്കുന്നതിനും വിദേശത്തേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റത്തെ സ്വകാര്യ സർവകലാശാലകൾ സ്ഥാപിച്ചുകൊണ്ടേ തടയിടാൻ കഴിയൂ എന്ന പ്രതീതി സൃഷ്ടിക്കുന്നതിനും സെൽഫ് ഫിനാൻസിംഗ് /സ്വകാര്യ സർവകലാശാലകളുടെ സ്ഥാപനത്തിലൂടെ സാധ്യമാകുന്നു.
പുതുതലമുറ വിദ്യാർഥികളുടെ പ്രതീക്ഷ എന്ന
വ്യാജ വ്യാഖ്യാനം
പുതുതലമുറ വിദ്യാർത്ഥികളുടെ പ്രതീക്ഷ നിറവേറ്റാനാണ് സ്വകാര്യ സർവകലാശാലകൾ എന്ന ന്യായീകരണം തീർത്തും അടിസ്ഥാനരഹിതമാണ്. കാരണം നിലവിലുള്ള സർവ്വകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തന്നെ, പുതിയ വിദ്യാഭ്യാസ നയങ്ങളനുസരിച്ച്, വിദേശ സർവകലാശാലകളിൽ പ്രവേശനം സാധ്യമാക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതികൾ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. വിദേശത്ത് ലഭ്യമാകുന്നതുപോലെ ഇന്ത്യയിലെ സർവ്വകലാശാലകളിൽ പഠിച്ചുകൊണ്ടുതന്നെ വിദേശ സർവകലാശാലകളിലേക്കോ തൊഴിൽ സാധ്യതകളിലേക്കോ പ്രവേശിക്കത്തക്ക തരത്തിലുള്ള സ്ഥാപനങ്ങൾ നിലവിലുണ്ട് എന്നിരിക്കെ സെൽഫ് ഫിനാൻസിംഗ് /സ്വകാര്യ യൂണിവേഴ്സിറ്റികൾ ആരംഭിച്ചാൽ മാത്രമേ നവതലമുറ വിദ്യാർഥികളുടെ പ്രതീക്ഷ നിറവേറൂ എന്നു പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.
Read: വരാൻ പോകുന്ന സ്വകാര്യ സർവകലാശാലകൾക്ക് മതമുണ്ടാകുമോ?
മറ്റൊരു വസ്തുത, വിദ്യാഭ്യാസത്തിന് വിദേശത്തേക്ക് കുടിയേറുന്നതുമൂലം പല സർവകലാശാലകൾക്കു കീഴിലുള്ള കോളേജുകളിലും ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഗോളീകരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് നേരിട്ട് വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തി നഷ്ടത്തിലാകുന്നത്തിനുപകരം ലാഭേച്ഛയുള്ള സ്വകാര്യ മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന രാഷ്ട്രീയ അജണ്ടയാണ് സെൽഫ് ഫിനാൻസിംഗ് / സ്വകാര്യ സർവകലാശാലകളുടെ അടിസ്ഥാനം. ഇത് തുറന്നുപറയുന്നതിനുള്ള രാഷ്ട്രീയ സത്യസന്ധതയില്ലാത്തതുകൊണ്ടാണ് പുതുതലമുറ വിദ്യാർത്ഥികളുടെ പ്രതീക്ഷ നിറവേറ്റാനാണെന്ന വ്യാഖ്യാനം ചമക്കേണ്ടിവരുന്നത്.
സ്വകാര്യ സർവ്വകലാശാലകൾ വരുമ്പോൾ സോഷ്യൽ എക്സ്ക്ലൂഷൻ, പ്രത്യേകിച്ച് അധ്യാപക- അനധ്യാപക മേഖലകളിലും വിദ്യാർത്ഥി എൻറോൾമെന്റിലുമെല്ലാം, ഉണ്ടാവും. ദലിത്- ആദിവാസി- പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ എക്സ്ക്ലൂഷനും ഉണ്ടാവും എന്നതിൽ യാതൊരു തർക്കവുമില്ല.
ഉറപ്പാണ്, പുറന്തള്ളൽ
ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനം എക്കാലവും സവർണ്ണ കേന്ദ്രീകൃതമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. അത് JNU പോലുള്ള സ്ഥാപനങ്ങൾ മുതൽ തന്നെ, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രാതിനിധ്യം പരിശോധിച്ചാൽ പോലും, പിന്നാക്ക- ദലിത്- ആദിവാസി- ന്യൂനപക്ഷ വിഭാഗങ്ങളുടെ അഭാവം ബോധ്യപ്പെടും. ഇന്ത്യയിലെ ഐ.ഐ.ടികൾ എക്കാലവും ബ്രാഹ്മണരുടെ കൈകളിലാണ് എന്നതാണ് വസ്തുത. വിദ്യാർത്ഥികളായി പോലും അവിടെ എത്തിച്ചേരുന്ന പിന്നാക്ക- ദലിത്- ന്യൂനപക്ഷ- ആദിവാസി വിദ്യാർത്ഥികളുടെ നിലനിൽപ്പ് അപകടപ്പെടുത്തുന്ന രീതിയിലുള്ള വരേണ്യ വിദ്യാഭ്യാസ സംസ്കാരം അവിടെ നിലനിൽക്കുന്നുണ്ട്. ഏതുരീതിയിലും പിന്നാക്കക്കാരെയും ദലിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും ഓടിച്ചു വിടുക എന്ന നിലപാട് ഇത്തരം സ്ഥാപനങ്ങളിലുണ്ട്. പലപ്പോഴും ഇക്കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ വിവിധ ഐ.ഐ.ടി കാമ്പസുകളിൽ ആത്മഹത്യ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഏറ്റവും മെറിറ്റോറിയസ് ആയ വിദ്യാർത്ഥികളടക്കം ഇങ്ങനെ ആത്മാഹുതി ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്.

സ്വകാര്യ സർവ്വകലാശാലകൾ വരുമ്പോൾ തീർച്ചയായും ഇത്തരം എക്സ്ക്ലൂഷൻ, പ്രത്യേകിച്ച് അധ്യാപക- അനധ്യാപക മേഖലകളിലും വിദ്യാർത്ഥി എൻറോൾമെന്റിലുമെല്ലാം, ഉണ്ടാവും. ദലിത്- ആദിവാസി- പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ എക്സ്ക്ലൂഷനും ഉണ്ടാവും എന്നതിൽ യാതൊരു തർക്കവുമില്ല. കാരണം, സെൽഫ് ഫിനാൻസിംഗ് സ്ഥാപനങ്ങളായതുകൊണ്ടുതന്നെ, ഇവയ്ക്ക് സർക്കാരിനോടോ സംസ്ഥാനത്തെ ഏതെങ്കിലും ഏജൻസികളോടോ യാതൊരു കമ്മിറ്റ്മെൻ്റും ഉണ്ടാവേണ്ടതില്ല. ഭരണഘടനാപരമായ എന്തെങ്കിലും അവർ പാലിക്കേണ്ടതുണ്ട് എന്ന് പറയാൻ കഴിയില്ല. കാരണം സെൽഫ് ഫിനാൻസ് സ്ഥാപനങ്ങൾ തികച്ചും സ്വകാര്യ സ്ഥാപനങ്ങളാണ്. സുപ്രീംകോടതിയുടെ പല വിധികളിലും സെൽഫ് ഫിനാൻസിംഗ് സ്വകാര്യ സ്ഥാപനങ്ങളിൽ സംവരണമടക്കമുള്ള കാര്യങ്ങളിൽ സ്റ്റേറ്റുമായി ഉണ്ടാക്കുന്ന ധാരണയ്ക്കപ്പുറത്ത് എന്തെങ്കിലും തരത്തിലുള്ള ഭരണഘടനാപരമായ പരിരക്ഷ ഇല്ല എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്ക് അത്തരം സ്ഥാപനങ്ങളിലെ നിയമനമടക്കമുള്ള കാര്യങ്ങൾ ഇത്തരം സ്ഥാപനങ്ങളുടെ അധികാരപരിധിക്കകത്തായിരിക്കും. സാമൂഹ്യനീതി, ഭരണഘടനാപരമായ തുല്യത, അവസര സമത്വം തുടങ്ങിയ മൂല്യങ്ങൾ നടപ്പാക്കപ്പെടും എന്ന് യാതൊരു ഗ്യാരണ്ടിയുമില്ലാത്ത സ്ഥാപനങ്ങളാണിവ.
കേരളത്തിലെ ഇന്നത്തെ സെൽഫ് ഫിനാൻസിംഗ് എൻജിനീയറിങ് കോളേജുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. എൻജിനീയറിങ് കോളേജുകളിലെ അധ്യാപകരുടെ തെരഞ്ഞെടുപ്പും വേതനവും അടക്കമുള്ള കാര്യങ്ങൾ അത്തരം വിദ്യാഭ്യാസ ഏജൻസികളുടെ താൽപര്യങ്ങൾക്കനുസരിച്ചാവും നടപ്പിലാക്കുക. ഇവ ചാരിറ്റി സ്ഥാപനങ്ങളോ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളോ അല്ല; മറിച്ച് എങ്ങനെ കൂടുതൽ ലാഭമുണ്ടാക്കാം എന്നാലോചിക്കുന്ന സ്ഥാപനങ്ങളാണ്.

കേരളത്തിന്റെ പൊതുഖജനാവിൽ നിന്ന് ശമ്പളവും പെൻഷനും മറ്റു ഗ്രാൻ്റുകളും കൈപ്പറ്റുന്ന പൊതു വിദ്യാഭ്യാസത്തിലെ എയ്ഡഡ് മേഖലയിൽ പോലും സാമൂഹികനീതി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഭൂരിപക്ഷവും സ്വകാര്യ മാനേജ്മെൻറ്കളുടെ കീഴിലാണ്. അവിടെയുള്ള അധ്യാപക- അനധ്യാപക നിയമനങ്ങൾ അതാത് മാനേജ്മെൻറുകളുടെ സമുദായങ്ങൾക്ക് സംവരണം ചെയ്യപ്പെട്ട രീതിയിലാണ് നടപ്പിലാക്കുന്നത്. ഭൂരിപക്ഷം വരുന്ന ഇത്തരം സ്ഥാപനങ്ങളിൽ അമ്പതും അറുപതും ലക്ഷം തൊട്ട് കോടികൾ വരെ കോഴ കൊടുത്ത് അധ്യാപകരാകാൻ കഴിയുന്ന സംവിധാനമാണുള്ളത്. ഏറ്റവും ദുർബലരായ, പട്ടിക ജാതി- പട്ടിക വർഗ- അതി പിന്നാക്ക വിഭാഗങ്ങളെ ഘടനാപരമായി തന്നെ പുറന്തള്ളുന്ന വ്യവസ്ഥയെ പോലും മറികടക്കാൻ കേരളത്തിനായിട്ടില്ല.
2024-ൽ All India Survey of Higher Education (ASHE -2021-22) പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയൊട്ടുക്കുമുള്ള സർവ്വകലാശാലകൾക്കു കീഴിലുള്ള കോളജധ്യാപകരിൽ (1,69,354) പട്ടിക ജാതി- പട്ടിക വർഗ്ഗ അധ്യാപകരുടെ പ്രാതിനിധ്യക്കുറവുണ്ടെന്ന് വ്യക്തമാക്കുന്നു. ഇതേ സമയം 51.6 % അധ്യാപകരും മുന്നാക്ക വിഭാഗക്കാരാണ്. ഈ യാഥാർത്ഥ്യം മുന്നിലിരിക്കെ സ്വകാര്യ സർവ്വകലാശാലകൾ സാമൂഹിക പുറന്തള്ളൽ തീവ്രമാക്കും എന്നതിൽ സംശയമില്ല.
കേരളത്തിലെ പൊതു സർവ്വകലാശാലകളിൽ തന്നെ യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് നിയമനങ്ങൾ അരങ്ങേറുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിൽ സംവരണ ടേണുകൾ മുൻകൂട്ടി വ്യക്തമാക്കാതെ നിയമനം നടത്തിയതിനെതിരെ സുപ്രീംകോടതി ഇടപെട്ടാണ് രണ്ടാം റാങ്കുകാരിയായ ഒരു OBC ഉദ്യോഗാർത്ഥിയെ നിയമിച്ചത്.
സംവരണത്തിൽ
നടക്കാൻ പോകുന്ന അട്ടിമറി
സംവരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ അടക്കമുള്ള ഇടത് സംഘടനകളുടേത്, എന്തെങ്കിലും ഒരു കാരണം കണ്ടെത്തി പിന്തിരിയുക എന്ന ഒളിച്ചോടൽ നയമാണ്. ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന നയപരമായ തീരുമാനത്തോട് തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഒരു ഉപായം കണ്ടെത്തുന്നു എന്നതിലപ്പുറം എസ്.എഫ്.ഐയുടെ നിലപാട് യാതൊരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല.
സെൽഫ് ഫിനാൻസിംഗ് മെഡിക്കൽ- എൻജിനീയറിങ് കോഴ്സുകളിലെ പ്രവേശനരീതി പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാക്കാം. അവിടെ 50% സീറ്റ് മാനേജ്മെൻറിനുള്ളതാണ്. ബാക്കി 50 ശതമാനം സീറ്റുകളിലേക്കാണ് സർക്കാർ മാനദണ്ഡപ്രകാരം, സംവരണമടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി പ്രവേശനം. സ്വാഭാവിക സംവരണ വിഭാഗങ്ങളുടെ 50 ശതമാനം സംവരണ സീറ്റുകൾ ഈയൊരു നിലപാടുമൂലം നഷ്ടപ്പെടുന്നു എന്നതാണ് ഒരു യാഥാർത്ഥ്യം. കാരണം, ഒരു മെഡിക്കൽ കോളേജിൽ 100 സീറ്റുണ്ടെന്ന് കരുതുക. അതിൽ 50 സീറ്റ് മാനേജ്മെൻറിനാണ്. ഇതിൽ എൻട്രൻസ് ലിസ്റ്റിൽ നിന്നുള്ള 50 പേരെ മാനേജ്മെന്റുകൾക്ക് നിയമിക്കാം. ബാക്കി 50 സീറ്റുകളിലേക്കാണ് സർക്കാർ ക്വാട്ട അനുസരിച്ചുള്ള പ്രവേശനം. അതായത്, 50% സീറ്റുകളിലേക്ക് സംവരണം പരിമിതപ്പെടുമ്പോൾ ഓരോ സംവരണ സമുദായത്തിനും പകുതി സംവരണ സീറ്റുകൾ നഷ്ടപ്പെടുന്നു.

പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾക്ക് 10%-മാണ് സംവരണം. അവർക്ക് തീർച്ചയായും 50-ന്റെ 10%- മായ അഞ്ച് സീറ്റ് മാത്രമേ ലഭിക്കൂ. നേരെ മറിച്ച്, 100 % സീറ്റും സർക്കാരിനായിരുന്നുവെങ്കിൽ 10 സീറ്റ് അവർക്ക് ലഭ്യമായേനേ. സംവരണം പകുതിയായി വെട്ടിക്കുറയ്ക്കാൻ സ്വാശ്രയ സംവിധാനത്തിന് കഴിയുന്നു.
ഇതേ രീതിയിലാണ് സ്വകാര്യ സർവകലാശാലകളിൽ 40% സീറ്റുകൾ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നീക്കിവെക്കണം എന്ന നിർദ്ദേശവും പ്രാവർത്തികമാകാൻ പോകുന്നത്. ഇതിനർത്ഥം 60% സീറ്റ് കേരളത്തിലെയും പുറത്തുമുള്ള വിദ്യാർത്ഥികൾക്കായിരിക്കും. 40% സീറ്റാണ് കേരളത്തിലെ വിദ്യാർത്ഥികൾക്കുമാത്രമായി ലഭിക്കുക. ഈ 40 ശതമാനത്തിലേക്ക് സംവരണം പരിമിതപ്പെടുന്നു. സെൽഫ് ഫിനാൻസിംഗ് കോളേജുകളിലെ 50 ശതമാനം സീറ്റുകളിൽ സംവരണം കിട്ടുമെങ്കിൽ സ്വകാര്യ സർവകലാശലാകളിൽ 40%- ആയി വീണ്ടും ചുരുങ്ങുന്നു. സംവരണത്തിന്റെ കാര്യത്തിലും സ്വകാര്യ സർവ്വകലാശാലകളിൽ വലിയ അട്ടിമറി സംഭവിക്കാനിടയുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.
കേരളത്തിൽ സ്വകാര്യ സർവകലാശലാകൾ വേണോ എന്നു ചോദിച്ചാൽ തീർച്ചയായും വേണ്ടതില്ല എന്നുതന്നെയാണ് മറുപടി. ഇവിടത്തെ ജ്യോഗ്രഫി നോക്കുമ്പോൾ, ഒട്ടുമിക്ക വിദ്യാർഥികൾക്കും പ്രവേശനം സാധ്യമാകുന്ന തരത്തിലുള്ള സർവകലാശാലകൾ ഇപ്പോൾ തന്നെയുണ്ട്.
കേരളത്തിലെ പൊതു സർവ്വകലാശാലകളിൽ തന്നെ യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് നിയമനങ്ങൾ അരങ്ങേറുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിൽ സംവരണ ടേണുകൾ മുൻകൂട്ടി വ്യക്തമാക്കാതെ നിയമനം നടത്തിയതിനെതിരെ സുപ്രീംകോടതി ഇടപെട്ടാണ് രണ്ടാം റാങ്കുകാരിയായ ഒരു OBC ഉദ്യോഗാർത്ഥിയെ നിയമിച്ചത്. അതേ റൊട്ടേഷൻ അനുസരിച്ച് പട്ടികജാതിയിൽ പെട്ട മൂന്നോളം ഉദ്യോഗാർത്ഥികളെ നിയമിക്കാൻ സർവ്വകലാശാല ഇന്നും തയ്യാറായിട്ടില്ല. ഇതിനിടെ വീണ്ടും സംവരണ ടേണുകൾ മുൻകൂട്ടി വ്യക്തമാക്കാതെ നിയമനം നടത്താൻ സർവ്വകലാശാല ശ്രമിച്ചെങ്കിലും ഹൈക്കോടതി വില ക്കുകയായിരുന്നു. പൊതുസർവകലാശാലകൾ തന്നെ സംവരണവും സാമൂഹിക നീതിയുമെല്ലാം തകിടംമറിക്കുമ്പോൾ സ്വകാര്യ സർവകലാശാലകളുടെ കാര്യം പറയേണ്ടതില്ലല്ലോ.
പൊതു സർവകലാശാലകൾക്ക് ഭീഷണി
സ്വകാര്യ സർവകലാശാലകളുടെ വരവ് കേരളത്തിലെ പൊതുസർവകലാശാലകളെ എങ്ങനെയാണ് ബാധിക്കാൻ പോകുന്നത് എന്ന ആശങ്കയും പ്രധാനമാണ്.
ഒരുദാഹരണം നമ്മുടെ മുന്നിലുണ്ട്. നേരത്തെ മെഡിക്കൽ- എഞ്ചിനീയറിങ് മേഖലയിൽ സെൽഫ് ഫിനാൻസിങ് സംരംഭങ്ങൾ വന്നപ്പോൾ സ്വകാര്യ മേഖലയ്ക്കായിരുന്നു കൂടുതൽ ഫോക്കസ്. അതിനൊരു മറുവശവുമുണ്ട്; പൊതുമേഖലയിൽ പിന്നെ സർവകലാശാലകൾ കൂടുതലായി വന്നിട്ടില്ല. സ്വകാര്യ സർവകലാശാലകൾ എന്നത് അടിസ്ഥാനപരമായ നയംമാറ്റമായതുകൊണ്ടുതന്നെ, ഏത് മേഖലയിലാണോ സ്വകാര്യ സർവകലാശാകൾ വരുന്നത്, അവിടെ പൊതു സ്ഥാപനങ്ങൾ ആരംഭിക്കാതിരിക്കുക എന്ന യുക്തി ഇതിനകത്തുണ്ട്.

ഇന്ത്യയിലെ സർവകലാശാലകളുടെ മൊത്തം കണക്ക് പരിശോധിച്ചാൽ, 33.47 ശതമാനം സ്വകാര്യ സർവകലാശാലകളാണ്. ഇന്ത്യയിൽ കേരളത്തിലടക്കം വിരലിലെണ്ണാവുന്ന ഇടങ്ങളിലേ സ്വകാര്യ യൂണിവേഴ്‌സിറ്റികൾ വരാതിരുന്നിട്ടുള്ളൂ. പശ്ചിമ ബംഗാളിൽ 11 സ്വകാര്യ സർവകലാശാലകളുണ്ട്. ദേശീയ തലത്തിൽ സ്വകാര്യ സർവകലാശാലകൾ പുതിയ സംഭവമല്ല എന്നാണിത് കാണിക്കുന്നത്. അതേസമയം, കേരളത്തെ സംബന്ധിച്ച് പുതിയ കാര്യവുമാണ്.
ജനക്ഷേമകരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽനിന്ന് സർക്കാർ പതുക്കെ പിന്മാറുകയാണ്.
കേരളത്തിൽ സ്വകാര്യ സർവകലാശലാകൾ വേണോ എന്നു ചോദിച്ചാൽ തീർച്ചയായും വേണ്ടതില്ല എന്നുതന്നെയാണ് മറുപടി. ഇവിടത്തെ ജ്യോഗ്രഫി നോക്കുമ്പോൾ, ഒട്ടുമിക്ക വിദ്യാർഥികൾക്കും പ്രവേശനം സാധ്യമാകുന്ന തരത്തിലുള്ള സർവകലാശാലകൾ ഇപ്പോൾ തന്നെയുണ്ട്. ഇത് പറയുമ്പോൾ തന്നെ, ഗവേഷണരംഗത്ത് പുതിയ മാർഗനിർദ്ദേശങ്ങളനുസരിച്ച് നോക്കിയാൽ, ഒരു ഗൈഡിന് ഗൈഡ് ചെയ്യാൻ കഴിയുന്ന ഗവേഷകരുടെ എണ്ണത്തിൽ വലിയ വെട്ടിച്ചുരുക്കൽ വന്നിട്ടുണ്ട്. മുമ്പ് പത്തോളം പേരെ എടുക്കാമായിരുന്നുവെങ്കിൽ ഇന്ന് അഞ്ചോളം പേരെ മാത്രമേ എടുക്കാൻ കഴിയൂ. അതേസമയം, ഇന്ന് കൂടുതൽ പേർ നെറ്റ്, ജെ.ആർ.എഫ് തുടങ്ങിയ ഗവേഷണയോഗ്യതകൾ നേടുന്നുമുണ്ട്.

സർവകലാശാലകളിൽ കൂടുതൽ അധ്യാപകരെ നിയമിച്ചും കൂടുതൽ പേർക്ക് ഗൈഡ്ഷിപ്പ് നൽകിയും ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. നിയമനങ്ങൾ കാര്യക്ഷമമാക്കിയാൽ തന്നെ നിലവിലെ പ്രശ്‌നം പരിഹരിക്കാം. മറിച്ച്, ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതല്ല, സ്വകാര്യ സർവകലാശാലകൾ കൊണ്ടുവരുന്നതിനുപുറകിലെ ലക്ഷ്യം, പകരം, ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യമൂലധനം കൊണ്ടുവരികയാണ്. ജനക്ഷേമകരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽനിന്ന് സർക്കാർ പതുക്കെ പിന്മാറുന്നു എന്നതാണ് ലക്ഷ്യം.
ഈ മേഖല ഏതെല്ലാം തരത്തിൽ ജനാധിപത്യ വിരുദ്ധമാകാം, സാമൂഹിക വിരുദ്ധമാകാം, ഭരണഘടനാനീതിയുടെയും തുല്യതയുടെയും ലംഘനമുള്ള ഇടങ്ങളാകാം എന്നതിനൊക്കെയുള്ള ഉദാഹരണങ്ങൾ നമ്മുടെ മുന്നിൽ തന്നെയുണ്ട്. സെൽഫ് ഫിനാൻസിങ് സ്ഥാപനങ്ങളിലെ ഇടിമുറികളെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടല്ലോ. ഇവിടങ്ങളിൽ മാനേജുമെന്റുകളുടെ സമ്മർദം മൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന ജിഷ്ണു പ്രണോയിയെപ്പോലുള്ള വിദ്യാർഥികളുണ്ട്. സെൽഫ് ഫിനാൻസിങ് സംവിധാനം നടപ്പാക്കിയപ്പോൾ ആദ്യ രക്തസാക്ഷിയായത് രജനി എസ്. ആനന്ദ് എന്ന ദലിത് പെൺകുട്ടിയാണ്.

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മനുഷ്യരെ സംബന്ധിച്ച് വലിയ കടമ്പകളാണ് മുന്നിൽ. ഇതിനൊക്കെ പരിഹാരം സെൽഫ് ഫിനാൻസിങ്, സ്വകാര്യ സ്ഥാപനങ്ങളല്ല, മറിച്ച് പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുകയാണ്.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നപ്പോഴെല്ലാം കത്തോലിക്കാ സഭ പോലുള്ള സഭകളും മാനേജുമെന്റുകളും ശക്തമായ എതിർപ്പുമായി രംഗത്തുവന്നിരുന്നു. അവിടെയുള്ള നിയമനങ്ങൾ പി.എസ്.സി വഴിയായിരിക്കണം എന്ന ഉത്തരവുകളും കമീഷൻ റിപ്പോർട്ടുകളുമൊക്കെ വന്നിട്ടുണ്ട്. അവ നടപ്പിലാക്കാൻ കേരളത്തിലെ ഗവൺമെന്റുകൾക്ക് ഇച്ഛാശക്തിയില്ല. ഈ സാഹചര്യത്തിൽ ഒരു കാര്യം പറയേണ്ടതുണ്ട്. മുമ്പത്തെ ഉമ്മൻചാണ്ടി സർക്കാർ, ആർട്‌സ് ആന്റ് സയൻസ് കോളേജുകളുടെ കാര്യത്തിൽ ചില നിലപാടുകളെടുത്തിരുന്നു. കേരളത്തിലെ റിമോട്ടായ മലയോര- തീരദേശ മേഖലകളിൽ 14 ആർട്‌സ് ആന്റ് സയൻസ് കോളേജുകൾ കൊണ്ടുവന്നിരുന്നു. ആ രീതിയിൽ പൊതുവിദ്യാഭ്യാസരംഗത്ത് സർക്കാർ മുതൽമുടക്കിൽകൂടുതൽ സ്ഥാപനങ്ങൾ കൊണ്ടുവരാൻ കഴിയും, ഇച്ഛാശക്തി വേണമെന്നുമാത്രം.
മറിച്ച്, എഞ്ചിനീയറിങ്- മെഡിക്കൽ മേഖലയിൽ സെൽഫ് ഫിനാൻസിങ് സ്ഥാപനങ്ങൾ വന്നശേഷം സർക്കാർ മേഖലയിൽ ഇത്തരം സ്ഥാപനങ്ങൾ വന്നിട്ടില്ല എന്ന യാഥാർഥ്യം കൂടി ഇതോടൊപ്പം കാണേണ്ടതുണ്ട്.