ന്യൂനപക്ഷ ഭാഷാ അവകാശം:
കർണാടകയുടെ ആശങ്കയും
ചില വസ്തുതകളും

നിയമസഭ ഏകകണ്ഠമായി പാസ്സാക്കി ഗവർണറുടെ അംഗീകാരത്തിനയച്ച മലയാള ഭാഷാ ബില്ലിൽ, മറ്റു ഭാഷകളുടെ അവകാശങ്ങൾ ഉറപ്പുവരുത്തിയാണ് മലയാളത്തിന്റെ അവകാശങ്ങളെക്കുറിച്ച് പറയുന്നതെന്ന് വൈഷ്ണവി വി. എഴുതുന്നു. ബില്ല് ന്യൂനപക്ഷ ഭാഷാ വിരുദ്ധമാണെന്ന കർണാടകയുടെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കുന്നു. പരമ്പരയുടെ അവസാന ഭാഗം.

മലയാളം എന്ന
ഭരണഭാഷയിലേക്കുള്ള ദൂരം:
ഭാഗം മൂന്ന്

അട്ടിമറിക്കപ്പെട്ട
ഒന്നാം ഭാഷാ ഉത്തരവ്

2010 ഡിസംബർ 23ന് മലയാളം ഒന്നാം ഭാഷയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്, സെക്രട്ടറിയേറ്റിനു മുന്നിൽ ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം ആരംഭിച്ചു. പ്രൊഫ. നൈനാൻ കോശിയാണ് ഉദ്ഘാടനം ചെയ്തത്. കാനായി കുഞ്ഞിരാമൻ നിരാഹാരത്തിന് തുടക്കം കുറിച്ചു. അന്ന് നിയമസഭാ സമ്മേളനത്തിൽ സി.പി. മുഹമ്മദ് എം.എൽ.എ ഇക്കാര്യം ഉപക്ഷേപത്തിലൂടെ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

‘‘നാമിവിടെ സമ്മേളിക്കുമ്പോൾ നമ്മുടെ മാതൃഭാഷ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഒന്നാംഭാഷയായി പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ ഭാഷാസ്നേഹികൾ നിരാഹാരസമരം നടത്തുന്നുവെന്നത് നമ്മൾ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവരെ സംബന്ധിച്ച് ലജ്ജാകരം തന്നെയാണ്’’ എന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ നിയമസഭയിൽ അഭിപ്രായപ്പെട്ടു.

മലയാളം എന്ന
ഭരണഭാഷയിലേക്കുള്ള ദൂരം

ഭരണഭാഷാ ഉത്തരവുകൾക്ക്
സർക്കാർ വകുപ്പുകളിൽ
എന്തു സംഭവിക്കുന്നു?

മലയാളം ഒന്നാം ഭാഷയാക്കുന്ന കാര്യം പരിശോധിക്കുന്നതിന് ഡോ. ആർ.വി.ജി. മേനോനെ നിയോഗിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന ഭാഷാപ്രവർത്തകരെ ഇക്കാര്യം നേരിട്ട് അറിയിക്കാൻ എം.എൽ.എയായ സൈമൺ ബ്രിട്ടോയെ മുഖ്യമന്ത്രി നിയമസഭയിൽ വെച്ചുതന്നെ ചുമതലപ്പെടുത്തുന്നു. ബ്രിട്ടോയും പ്രതിപക്ഷനേതാവ് ഉമ്മൻചാണ്ടിയും സി. പി. മുഹമ്മദ് എം.എൽ.എയും സമരപ്പന്തലിലെത്തി ഇക്കാര്യം അറിയിച്ചു. വൈക്കം വിശ്വൻ എം.എൽ.എ കാനായി കുഞ്ഞിരാമന് നാരങ്ങാനീരു നൽകി നിരാഹാരം അവസാനിപ്പിച്ചു.

2011 ഫെബ്രുവരി 28ന് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ മലയാളം ഒന്നാംഭാഷാ ഉത്തരവ് പുറത്തിറക്കി. മാർച്ച് ഒന്നിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ഉത്തരവ് റദ്ദാക്കി. ഐക്യമലയാള പ്രസ്ഥാനം ചീഫ് ഇലക്ട്രൽ ഓഫീസറെ നേരിൽകണ്ട് ഉത്തരവ് റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടു. 2011 മേയിൽ ഉമ്മൻചാണ്ടി സർക്കാർ അധികാരമേറ്റു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി 2011 മേയ് 6ന് മറ്റൊരു ഉത്തരവ് ഇറക്കിയെങ്കിലും, അതിൽ 'ഒന്നാംഭാഷ' എന്നതിനു പകരം 'നിർബന്ധിത ഭാഷ' എന്നാണ് ഉൾപ്പെടുത്തിയത്. ഒന്നാംഭാഷ ഉത്തരവ് അങ്ങനെ അട്ടിമറിക്കപ്പെട്ടു.

ഐക്യമലയാള പ്രസ്ഥാനം ശക്തമായി പ്രതികരിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് ഒ.എൻ.വി കുറുപ്പ്, 'കള്ളച്ചുരിക തീർക്കുന്ന കൊല്ലപ്പണിയാണ്' സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്നതെന്ന്’’ അഭിപ്രായപ്പെട്ടു.

ഐക്യമലയാള പ്രസ്ഥാനത്തിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി 2011 സെപ്റ്റംബർ 10ന് സ.ഉ.(പി)നം.183/11/പൊ.വി മലയാളം ഒന്നാംഭാഷയാക്കി ഉത്തരവ് ഇറങ്ങുന്നു. എല്ലാ സർക്കാർ- എയ്ഡഡ് സ്കൂളുകളിലും പത്താം ക്ലാസ് വരെ നിർബന്ധമായും മലയാളം പഠിപ്പിക്കുകയെന്ന നിർദ്ദേശം സി.ബി.എസ്.ഇ., ഐ.എസ്.സി.ഇ അടക്കമുള്ള ബോർഡുകൾക്കും ബാധകമായിരുന്നു.

കർണാടക മുഖ്യമന്ത്രിയോടും മന്ത്രിമാരോടും അവിടുത്തെ ഭാഷാസംഘടനകളോടും പറയണമെന്നു തോന്നിയ മറ്റൊരു കാര്യം, കേരളത്തിൽ ന്യൂനപക്ഷ ഭാഷകളുടെമേൽ നിർബന്ധമായും ഒന്നാം ഭാഷയായി മലയാളം അടിച്ചേൽപ്പിച്ചിട്ടില്ല എന്നതാണ്.

മലയാള പഠനത്തിന് അവസരമില്ലാത്ത ഓറിയന്റൽ സ്കൂളുകളിൽ ഒരു വിഷയമായി മലയാളം പഠിപ്പിക്കുക, ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ മലയാളം പഠിക്കാനുള്ള അവസരം തുടങ്ങിയ സുപ്രധാന നിർദേശങ്ങൾ ആ ഉത്തരവിലുണ്ടായിരുന്നു. എന്നാൽ ഉത്തരവ് നടപ്പിലാക്കാനുള്ള ഇടപെടലുകളുണ്ടായില്ല. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതോടെ ഒന്നാം ഭാഷാ ഉത്തരവ് അട്ടിമറിക്കപ്പെട്ടു. മലയാളത്തിനായി സർക്കാർ ഉത്തരവല്ല, നിയമനിർമ്മാണമാണ് അനിവാര്യമെന്ന ബോധ്യത്തിലേക്ക് ഇതോടെ ഐക്യമലയാള പ്രസ്ഥാനം എത്തി.

കോടതിഭാഷ മലയാളമാക്കാൻ കാൽ ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി 2012 നവംബറിൽ ഐക്യമലയാള പ്രസ്ഥാനം സർക്കാരിന് നൽകി. 2012-ൽ ഐക്യമലയാള പ്രസ്ഥാനം തയ്യാറാക്കി ഒ.എൻ.വി പരിശോധിച്ച 'കേരള വികസനവും മലയാള സർവകലാശാലയും' എന്ന രൂപരേഖ അന്നത്തെ മുഖ്യമന്ത്രിയ്ക്ക് കൈമാറി. 2012 നവംബർ 1 ന് മലയാള സർവകലാശാല നിലവിൽവന്നു. (2013ൽ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു).

മലയാളത്തിനായി സമഗ്രമായ നിയമനിർമ്മാണം വേണമെന്ന ആവശ്യം ഐക്യമലയാള പ്രസ്ഥാനം ശക്തമായി ഉന്നയിച്ചിരുന്നു. ഐക്യ മലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 2013 മാർച്ച് 18ന് കെ.പി. രാമനുണ്ണി നിയമനിർമ്മാണം എന്ന ആവശ്യം ഉന്നയിച്ച് നിരാഹാരസമരം ആരംഭിച്ചു. തൊട്ടടുത്ത ദിവസം മലയാളത്തിനായുള്ള നിയമനിർമ്മാണം എന്ന ലക്ഷ്യത്തോടെ സർവകക്ഷിയോഗം വിളിക്കാമെന്ന് ഒ.എൻ.വി കുറുപ്പ്, സുഗതകുമാരി, ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രതിനിധികൾ എന്നിവർക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. ഇതോടെ നിരാഹാരം അവസാനിപ്പിച്ചു.

മലയാളത്തിനായി സമഗ്രമായ നിയമനിർമ്മാണം വേണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം  2013 മാർച്ച് 18ന് നടത്തിയ സമരം. ഒ.എൻ.വി, സുഗതകുമാരി, കെ.പി. രാമനുണ്ണി, കാനായി കുഞ്ഞിരാമൻ തുടങ്ങിയവരെ കാണാം.
മലയാളത്തിനായി സമഗ്രമായ നിയമനിർമ്മാണം വേണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം 2013 മാർച്ച് 18ന് നടത്തിയ സമരം. ഒ.എൻ.വി, സുഗതകുമാരി, കെ.പി. രാമനുണ്ണി, കാനായി കുഞ്ഞിരാമൻ തുടങ്ങിയവരെ കാണാം.

നിയമനിർമ്മാണം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച ആവശ്യങ്ങൾ ഐക്യമലയാള പ്രസ്ഥാനം നിരന്തരം മുന്നോട്ടുവെച്ചിരുന്നു. 2013-ൽ ഐക്യമലയാള പ്രസ്ഥാനം തയ്യാറാക്കിയ മലയാളഭാഷാ നിയമത്തിന്റെ കരട് സർക്കാരിന് സമർപ്പിച്ചു. തുടർന്നുണ്ടായ സർക്കാർ ഇടപെടലുകളിലെല്ലാം ഈ കരടിലെ ഉള്ളടക്കങ്ങളും ഉൾപ്പെടുന്നു. 2013 നവംബറിൽ, പതിമൂന്നാം നിയമസഭയുടെ പാലോട് രവി അധ്യക്ഷനായ ഔദ്യോഗികഭാഷാസമിതിയുടെ മൂന്നാം റിപ്പോർട്ടിലാണ് മലയാളത്തിനായി നിയമനിർമ്മാണം നടത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് കേരള സർക്കാരിന്റെ ഭരണഭാഷാവിദഗ്ധൻ നിയമനിർമ്മാണത്തിനുള്ള കരട് തയ്യാറാക്കുന്നത്.

രൂപരേഖ പഠിച്ച് അഭിപ്രായം അറിയിക്കാൻ 2014 ജനുവരിയിൽ തന്നെ വിദ്യാഭ്യാസ വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് വിദ്യാഭ്യാസവകുപ്പ് 52755/ ജി 3 /13/പൊ.വി.വ എന്ന 17/06/2014 ലെ കത്തു പ്രകാരം അഭിപ്രായങ്ങൾ ഔദ്യോഗികഭാഷാവകുപ്പിനെ അറിയിച്ചു. കേരളത്തിലെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസു മുതൽ പന്ത്രണ്ടാം ക്ലാസു വരെ മലയാളം ഒന്നാംഭാഷയായിരിക്കും എന്നു തുടങ്ങി വൊക്കേഷണൽ ഹയർസെക്കൻ്ററി, സാങ്കേതിക ഹൈസ്ക്കൂളുകൾ എന്നിവിടങ്ങളിലൊക്കെ ഒന്നാം ഭാഷയെന്ന നിലയിൽ ഭാഷാവിഷയമായി മലയാളം പഠിപ്പിക്കണമെന്നായിരുന്നു നിർദ്ദേശങ്ങൾ അംഗീകരിച്ച് വിദ്യാഭ്യാസവകുപ്പ് കുറിപ്പു നൽകിയത്. പഠനമാധ്യമം എന്ന വിഭാഗത്തിലെ 'നഴ്സറി വിദ്യാലയങ്ങളിൽ മാധ്യമം തീർച്ചയായും മാതൃഭാഷയായിരിക്കണം' എന്നു തുടങ്ങി കേന്ദ്ര വിദ്യാഭ്യാസ ആക്റ്റിന്റെ വകുപ്പിനു വിധേയമായി കേരളത്തിൽ എട്ടാം ക്ലാസ് വരെയുള്ള പഠനമാധ്യമം മലയാളമായിരിക്കേണ്ടതാണ് എന്നു വരെയുള്ള നിർദ്ദേശങ്ങൾ നിയമമാക്കാമെന്ന് വിദ്യാഭ്യാസവകുപ്പ് അന്ന് അംഗീകരിച്ചിരുന്നു.

നിയമസഭാംഗങ്ങളെക്കാളും ഭാഷാ, വിദ്യാഭ്യാസ വിദഗ്ധരേക്കാളും നയരൂപീകരണത്തിൽ പങ്കുവഹിക്കുന്നത് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരാണോ?

ഇങ്ങനെ അംഗീകരിച്ച ആദ്യ രൂപരേഖയെ അടിസ്ഥാനമാക്കിയാണ് നിയമവകുപ്പ് ആദ്യ കരട് തയ്യാറാക്കുന്നത്. ഇത് 8/12/2014 ൽ സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി അംഗീകരിച്ചു. 16/12/2014 ലെ മന്ത്രിസഭായോഗത്തിൽ ചില മന്ത്രിമാരുടെ അഭിപ്രായപ്രകാരം വീണ്ടും ഔദ്യോഗിക ഭാഷവകുപ്പിലേക്ക് തിരികെ എത്തി. അടുത്ത ദിവസം തന്നെ കരടടങ്ങിയ ഫയൽ വിദ്യാഭ്യാസവകുപ്പിലേക്കു പോയി. കരടിൽ വിദ്യാഭ്യാസവകുപ്പ് അഴിച്ചുപണി നടത്തി. 17/06/2014 ലെ ആദ്യകുറിപ്പ്, ഫയലിൽ നിന്ന് മാറ്റി എട്ടു പേജുകളുള്ള നമ്പരും തീയതിയുമില്ലാത്ത മറ്റൊരു കുറിപ്പ് ചേർത്തു. കേരളത്തിലെ വിദ്യാർത്ഥികൾ സർഗ്ഗാത്മകവും സൗന്ദര്യാത്മകവുമായ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ബിരുദതലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും മലയാളം ഒരു പേപ്പർ കൂടി പഠിക്കണമെന്ന നിർദ്ദേശത്തിന്മേൽ രണ്ടാം കുറിപ്പിൽ വിദ്യാഭ്യാസവകുപ്പിന്റെ പ്രതികരണം, 'കേരളത്തിലെ സർവകലാശാലകൾ കേരളീയരായ വിദ്യാർത്ഥികളെ മാത്രമുദ്ദേശിച്ചുള്ളവയല്ല. മറ്റു സംസ്ഥാനങ്ങളിലെയും വിദേശത്തെയും കുട്ടികളെക്കൂടി ഉൾപ്പെടുത്തേണ്ടവയാണ്. അതിനാൽ ഇതംഗീകരിക്കാൻ പറ്റില്ല’ എന്നായിരുന്നു. ഇത് പിന്നീട് നിയമവകുപ്പിലേക്ക് പോയി. പലതരത്തിൽ വെട്ടി മാറ്റി ചിന്നിച്ചിതറിയ, അസ്ഥികൂട ബില്ലാണ് നിയമസഭയിൽ അവതരിപ്പിച്ച 2015-ലെ മലയാളഭാഷ (വ്യാപനവും പരിപോഷണവും ) ബില്ല്.

2013-ൽ ഐക്യമലയാള പ്രസ്ഥാനം തയ്യാറാക്കിയ മലയാളഭാഷാ നിയമത്തിന്റെ കരട്.
2013-ൽ ഐക്യമലയാള പ്രസ്ഥാനം തയ്യാറാക്കിയ മലയാളഭാഷാ നിയമത്തിന്റെ കരട്.

ഡോ. പി. പവിത്രന്റെ ദേശഭവനയുടെ ഭാഷാ രാഷ്ട്രീയത്തിലെ ഒരു ഭാഗം:

"വർഷങ്ങൾ കഴിഞ്ഞിട്ടും നിയമം വരാത്ത സാഹചര്യത്തിൽ 2015 നവംബറിൽ ഐക്യമലയാള പ്രസ്ഥാനവും കേരളത്തിലെ സാംസ്കാരിക ലോകവും സർക്കാരുമായി നിസ്സഹകരണം പ്രഖ്യാപിച്ചു. എം.ടിയും സുഗതകുമാരിയും സർക്കാരിന്റെ ആദരച്ചടങ്ങിൽനിന്ന് വിട്ടുനിന്നു. നവംബർ 25ന് സൂചനാസമരവും ഡിസംബർ രണ്ടു മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിക്കപ്പെട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് ഒരു കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം കൊടുത്തിരിക്കുന്നത്. എന്നാൽ പാലോട് രവിയുടെ നേത്യത്വത്തിലുള്ള നിയമസഭാസമിതിയും, 2014- ൽ ഔദ്യോഗികഭാഷാ വകുപ്പും സുഗതകുമാരിയും എം.ആർ. തമ്പാനും ജയകുമാറും മറ്റുമടങ്ങുന്ന വിദഗ്ധസമിതിയും തുടർന്ന് നിയമവകുപ്പും അംഗീകരിച്ച ആദ്യ കരടിന്റെ കത്തിക്കരിഞ്ഞ അസ്ഥികൂടമാണ് ഇപ്പോൾ മന്ത്രിസഭ അംഗീകരിച്ച നിയമം.

എന്തൊക്കെയാണ് നിയമത്തിന്റെ കരടിൽ ഇല്ലാത്തത്? എന്തൊക്കെയാണുള്ളത്? പഠനമാധ്യമമെന്ന നിലയിലോ പഠനവിഷയമെന്ന നിലയിലോ മലയാളത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഒരു നിർദ്ദേശവും നിർദ്ദിഷ്ട മലയാള നിയമത്തിലില്ല. ഭാവിയിലെ കുട്ടികൾ മലയാളത്തിൽ പഠിക്കുമെന്നും മലയാളം പഠിക്കുമെന്നും ഉറപ്പിക്കാൻ സർക്കാർ സന്നദ്ധമല്ലെന്നർത്ഥം. ഇപ്പോൾ നിയമമായി പറഞ്ഞിട്ടുള്ളവയെല്ലാം തന്നെ ഇതുവരെ നടപ്പിലാ ക്കാൻ തയ്യാറില്ലാതിരുന്നതും 1969 മുതൽ 2002 വരെ പുറത്തിറങ്ങിക്കഴിഞ്ഞതുമായ ഭരണഭാഷാ ഉത്തരവുകളാണ്. മലയാളമോ ഇംഗ്ലീഷോ എന്ന മട്ടിൽ നിലവിലുള്ള ഔദ്യോഗികഭാഷകൾ ആക്ടിനെ മലയാളനിയമം എന്നു പേരാക്കിയെന്നു മാത്രം. 1960-നു മുമ്പു തന്നെ മറ്റു സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷാനിയമം ഈ നിലയിലുള്ളതാണ്. തമിഴിനെ മാത്രം ഔദ്യോഗിക ഭാഷയാക്കുന്നതിനുള്ള നിയമം തമിഴ്നാട്ടിൽ 1958-ൽത്തന്നെ വന്നുവെന്ന് ഓർക്കുക. കോടതിഭാഷ മലയാളമാക്കാൻ 1973ൽ വിജ്ഞാപനം ഇറക്കിയിട്ടും 1987-ൽ നരേന്ദ്രൻ കമ്മിഷൻ ഇതിനായി റിപ്പോർട്ട് നൽകിയിട്ടും ജില്ലാ കോടതിവരെയെങ്കിലും മലയാളമാണ് കോടതിഭാഷ എന്നു തൊണ്ട തുറന്നു പറയാൻ കരട് ബില്ല് തയ്യാറായിട്ടില്ല. ആകെ പറഞ്ഞത് പെറ്റി കേസുകളിൽ മലയാളത്തിലായിരിക്കും വിധി എന്നാണ്. എന്തൊരുദാരത!

ബിരുദ, ബിരുദാനന്തര തലത്തിൽ മലയാളം പഠനമാധ്യമമാകുക, അതേസമയം വേണ്ടവർക്ക് ഇംഗ്ലീഷിലെഴുതാനും കഴിയുക എന്ന നിയമസഭാ സമിതിയുടെയും സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ നിർദ്ദേശം അംഗീകരിച്ചില്ലെന്നു മാത്രമല്ല, മലയാളത്തിൽ പരീക്ഷയെഴുതാനുള്ള അനുവാദം പോലും ബില്ലിലില്ല. മാതൃഭാഷാ മാധ്യമപഠനത്തെ പ്രോത്സാഹിപ്പിക്കാൻ തയ്യാറല്ലെന്ന ധിക്കാരപരമായ നിലപാടാണിത്. ഇപ്പോൾ എം.ജി സർവകലാശാലയിലും മലയാള സർവകലാശാലയിലുമുള്ള അവസരം എം.ഫിൽ, പിഎച്ച്.ഡി തലത്തിലേക്ക് വികസിപ്പിക്കുകയേ വേണ്ടിയിരുന്നുള്ളൂ. അത് തള്ളിക്കളഞ്ഞിരിക്കുകയാണ്. മലയാളത്തെക്കാൾ എത്രയോ കുറഞ്ഞ ആളുകൾ സംസാരിക്കുന്ന ഭാഷകൾ പ്രൊഫഷണൽ വിദ്യാഭ്യാസത്തിനും ഉന്നതവിദ്യാഭ്യാസത്തിനും മാധ്യമമാണെന്ന കാര്യം ഓർക്കേണ്ടതുണ്ട്.

2025-ലെ മലയാള ഭാഷാബിൽ.
2025-ലെ മലയാള ഭാഷാബിൽ.

മെഡിക്കൽ, എഞ്ചിനിയറിംഗ് ഉൾപ്പെടെയുള്ള പ്രവേശനപരീക്ഷകൾ മലയാളത്തിലെഴുതാൻ കഴിയുക, മെഡിക്കൽ- എഞ്ചിനിയറിംഗ് പരീക്ഷയിൽ മലയാള മാധ്യമത്തിൽ പഠിച്ചവർക്ക് 5 ശതമാനം ഗ്രേസ് മാർക്കായി നൽകുക എന്നതും പുതിയ കരടിൽ നിന്ന് വെട്ടിമാറ്റിയിരിക്കുന്നു. പ്ലസ് ടു തലത്തിൽ മലയാളം നിർബന്ധമാക്കണമെന്ന ആദ്യ കരടിലെ നിർദ്ദേശം പിന്തള്ളപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽ മാതൃഭാഷയ്ക്കുള്ളതുപോലെ ബിരുദതലത്തിൽ മലയാളം പേപ്പർ നിർബന്ധമാക്കണമെന്ന കരടിലെ നിർദ്ദേശവും വെട്ടിക്കളഞ്ഞിരിക്കുന്നു. സമീപ സംസ്ഥാനങ്ങളിലുള്ളതുപോലെ പ്രൊഫഷണൽ കോഴ്സുകളിൽ ഒരു പേപ്പർ മലയാളത്തിൽ പഠിക്കാൻ ഉണ്ടാവണമെന്ന നിർദ്ദേശവും പിന്തള്ളപ്പെട്ടു. മലയാള ഭാഷയ്ക്കായുള്ള നിയമങ്ങളും ഉത്തരവുകളും കൃത്യമായി നടപ്പിലാക്കുന്നതിന് ഒരു മലയാളഭാഷാ ഡയറക്ടറേറ്റ് എന്ന കരടിലെ നിർദ്ദേശവും തള്ളി. എന്തിന്, ഇതിനെല്ലാറ്റിനും തുടക്കമിട്ട പത്താം ക്ലാസ് വരെയെങ്കിലും മലയാളം നിർബന്ധമാക്കണമെന്ന 2011-ലെ ഒന്നാംഭാഷാ ഉത്തരവു പോലും നിയമത്തിൽ ഉൾപ്പെടുത്താൻ തയ്യാറായില്ല.

ന്യൂനപക്ഷ ഭാഷകളിൽ അടക്കം സൂക്ഷ്മത പുലർത്തിയാണ് 2025-ലെ ബിൽ തയ്യാറാക്കിയിട്ടുള്ളത്. കർണാടക സർക്കാർ പറയുന്നതുപോലെ ന്യൂനപക്ഷഭാഷ സംസാരിക്കുന്ന വിദ്യാർത്ഥികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല.

വിവരാവകാശപ്രകാരം ലഭിച്ച കാര്യങ്ങൾ വെച്ചു നോക്കിയാൽ മലയാള നിയമത്തിന്റെ ഈ കൊല്ലാക്കൊലയിൽ നേതൃത്വം വഹിച്ചത് അതിനെ സംരക്ഷിക്കാൻ മുഖ്യ ബാധ്യതയുള്ള വിദ്യാഭ്യാസ വകുപ്പ് തന്നെയാണ്. നിയമസഭാസമിതിയുടെയും വിദഗ്ധ സമിതിയുടെയും ശുപാർശകൾ 2014 ജൂണിൽ അംഗീകരിച്ച വിദ്യാഭ്യാസവകുപ്പ് എന്തുകൊണ്ട് വീണ്ടും 2015-ൽ ധൃതിപിടിച്ച് എല്ലാ വകുപ്പുകളും വെട്ടിമാറ്റി? വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മലയാളത്തിന്റെ വകുപ്പുകൾ വെട്ടിമാറ്റുന്ന കൂട്ടത്തിൽ ആദിവാസികൾക്ക് അവരുടെ ഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്ന വകുപ്പും റദ്ദാക്കപ്പെട്ടു. ന്യൂനപക്ഷ ഭാഷകളിലെ വിദ്യാഭ്യാസത്തിനുള്ള വകുപ്പുകളും ഇല്ലാതായി.

അതായത്, മലയാളത്തിന്റെ മാത്രമല്ല, ന്യൂനപക്ഷ ഭാഷകളുടെയും ആദിവാസികളുടെയും വകുപ്പുകളും കേരളത്തിലെ വിരോധികൾ കൂടിയാണ് വകുപ്പുകൾ വെട്ടിമാറ്റിയത്. മലയാളവിരോധം മാത്രമല്ല, കേരളത്തിൽ ഒരു ജനതയുടെയും മാതൃഭാഷ വിദ്യാഭ്യാസരംഗത്ത് വികസിക്കരുതെന്ന് നിർബന്ധമുള്ള ഏതോ കൈകളാണ് ഇതിന് പിന്നിലെന്ന് വ്യക്തം. നിയമസഭാംഗങ്ങളെക്കാളും ഭാഷാ, വിദ്യാഭ്യാസ വിദഗ്ധരേക്കാളും നയരൂപീകരണത്തിൽ പങ്കുവഹിക്കുന്നത് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരാണോ? 97 ശതമാനം മാതൃഭാഷ മലയാളമായവരുടെയും കേരളത്തിലെ ശേഷിച്ച ആദിവാസി, ന്യൂനപക്ഷ ഭാഷകളുടെയും പ്രതിനിധികളാണോ? അതോ മെക്കാളെയുടെ ഭൂതങ്ങളോ?

വിദ്യാഭ്യാസവകുപ്പിന്റെ തന്തൂരി അടുപ്പിൽ വെച്ച് കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ ചേർത്ത് മലയാളനിയമത്തിന് വീണ്ടും ജീവൻ നൽകേണ്ടത് നിയമസഭാംഗങ്ങളുടെ കർത്തവ്യമാണ്. സഭയിൽ ഭേദഗതികൾ നിർദ്ദേശിച്ചും ചർച്ചകളിലിടപ്പെട്ടും അതവർ നിർവഹിക്കുമോ എന്നുള്ളതാണ് കേരളം ഉറ്റുനോക്കുന്നത്. കാരണം ഭാവികേരളത്തിന്റെ നിലനിൽപ്പ് തന്നെയാണ് അതിലുള്ളത്’’.

2025-ലെ മലയാള ഭാഷാ ബില്ലിൽ ഭാഷാന്യൂനപക്ഷത്തെക്കുറിച്ച് പറയുന്ന ഭാഗം.
2025-ലെ മലയാള ഭാഷാ ബില്ലിൽ ഭാഷാന്യൂനപക്ഷത്തെക്കുറിച്ച് പറയുന്ന ഭാഗം.

കൂട്ടിച്ചേർത്ത
കുത്തിത്തിരിപ്പുകൾ

മന്ത്രിസഭായോഗത്തിന്റെ പരിധിയിലേക്ക് അന്തിമ ബില്ലത്തുമ്പോൾ; സെക്രട്ടറിയേറ്റിൽ മലയാളഭാഷ ഡയറക്ടറേറ്റ് രൂപീകരിക്കണം, പത്താം ക്ലാസ് / ഹയർസെക്കൻഡറി / ബിരുദതലം എന്നിവയിൽ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ പി.എസ്.സി നടത്തുന്ന പരീക്ഷ വിജയിച്ചിരിക്കണം, തൊഴിൽ പ്രവേശന പരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിൽ കൂടി തയ്യാറാക്കണം, കീഴ്ക്കോടതികളിലെ വിധിന്യായങ്ങൾ മലയാളത്തിൽ, സർക്കാരിന് കീഴിലുള്ള അർദ്ധ ജുഡീഷ്യൽ സ്ഥാപനങ്ങളുടെ ഉത്തരവുകൾ / വിധിന്യായങ്ങൾ മലയാളത്തിൽ, കേരളത്തിൽ നിർമ്മിക്കപ്പെടുന്ന എല്ലാ വ്യാവസായിക ഉൽപ്പന്നങ്ങളുടെയും പേര്, ഉപയോഗക്രമം എന്നിവ മലയാളത്തിൽ, നിയമലംഘിക്കുന്നവർക്കെതിരെ അച്ചടക്കനടപടി തുടങ്ങിയ പല നിർദ്ദേശങ്ങളും നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ നിന്ന് അപ്രത്യക്ഷമായി.

ക്യാബിനറ്റിൽ അവതരിപ്പിക്കപ്പെട്ട ബില്ലിൽ ഔദ്യോഗിക ന്യൂനപക്ഷ ഭാഷകളായി കന്നടയും തമിഴും മാത്രമാണ് നിർവചനത്തിലുണ്ടായിരുന്നത്. 2015-ൽ കേരള നിയമസഭ പാസാക്കിയ ബില്ലിൽ കന്നടയും തമിഴും തുളുവും കൊങ്കിണിയും കൂടി ആരോ എഴുതിച്ചേർത്തു. ഇത്തരത്തിൽ ബില്ല് പാസാകാതിരിക്കാനുള്ള സൂക്ഷ്മ കുത്തിത്തിരിപ്പുകൾ ചേർക്കുകയും ചെയ്തു. പരിശോധിക്കേണ്ടവർ അത് പരിശോധിച്ചുമില്ല.

ഇതിന്റെ ഒന്നാം അദ്ധ്യായത്തിൽ നിർവചനം, രണ്ടാം അധ്യായത്തിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പിന്റെ ഉപവകുപ്പായ ഔദ്യോഗികഭാഷ വിഭാഗത്തെ പുനർനാമകരണം ചെയ്ത് മലയാള ഭാഷാ വികസന വകുപ്പ്, മൂന്നാം അധ്യായത്തിൽ 1969-ലെ ബില്ലിൽ പറഞ്ഞിരിക്കുന്ന ഔദ്യോഗികഭാഷ ഉപയോഗിക്കുന്ന മേഖലകൾ - നിയമനിർമ്മാണം, ഔദ്യോഗിക ഭാഷ, വിദ്യാഭ്യാസ ഗവേഷണ മേഖല എന്നിവയാണ് ഉൾപ്പെടുന്നത്. ഔദ്യോഗിക ഭാഷയുടെ ഭാഗത്ത് ന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പുവരുത്തുന്നു. ഒപ്പം, ഭാഷാ ന്യൂനപക്ഷമേഖലയിലെ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും മലയാളഭാഷയോടൊപ്പം അതാതിടത്തെ ന്യൂനപക്ഷഭാഷയും ഔദ്യോഗിക ഭാഷ എന്നപോലെ ഉപയോഗിക്കണമെന്നും പറയുന്നു.

കേരളത്തിലെ എല്ലാ സ്കൂളുകളിലും നിർബന്ധിത ഒന്നാം ഭാഷ മലയാളം, സ്കൂളുകളിൽ മലയാളഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ, മലയാളമല്ലാത്ത മറ്റേതെങ്കിലും ഭാഷ മാതൃഭാഷ ആയിട്ടുള്ള വിദ്യാർത്ഥികൾക്ക് അവരുടെ മാതൃഭാഷയ്ക്ക് പുറമേ, മലയാളം കൂടി പഠിക്കാനുള്ള അവസരം നൽകുക, എന്നാൽ, ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിൽവന്ന് പഠിക്കുന്ന മലയാളികളല്ലാത്ത വിദ്യാർത്ഥികളെ IX-ാം സ്റ്റാൻഡേർഡിലും X-ാം സ്റ്റാൻഡേർഡിലും ഹയർസെക്കണ്ടറി തലത്തിലും മലയാളം പരീക്ഷ എഴുതുന്നതിൽ നിന്നും ഒഴിവാക്കേണ്ടതാണ് എന്നും പറയുന്നു. പിന്നീട് വരുന്നത് ഏകീകൃത ലിപി വിന്യാസമാണ്.

സർവകലാശാലകളിലെ ബിരുദ- ബിരുദാനന്തര പരീക്ഷകൾ മലയാളത്തിൽ എഴുതുന്നതിന് അനുമതി ആവശ്യപ്പെട്ട് വൈഷ്ണവി വി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തിനുള്ള ഗവ. പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറുപടി. പരീക്ഷകൾ മലയാളത്തിൽ എഴുതുന്നതിന് സർവകലാശാലകൾക്ക് പൊതുനിർദേശം നൽകിയിട്ടു​ണ്ടെന്ന് മറുപടിയിൽ സൂചിപ്പിക്കുന്നു.
സർവകലാശാലകളിലെ ബിരുദ- ബിരുദാനന്തര പരീക്ഷകൾ മലയാളത്തിൽ എഴുതുന്നതിന് അനുമതി ആവശ്യപ്പെട്ട് വൈഷ്ണവി വി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തിനുള്ള ഗവ. പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറുപടി. പരീക്ഷകൾ മലയാളത്തിൽ എഴുതുന്നതിന് സർവകലാശാലകൾക്ക് പൊതുനിർദേശം നൽകിയിട്ടു​ണ്ടെന്ന് മറുപടിയിൽ സൂചിപ്പിക്കുന്നു.

നാലാം അധ്യായത്തിൽ കോടതിഭാഷ - ഹൈക്കോടതി അനുമതിയോടെ 'ജില്ലാ കോടതിക്കു കീഴിലുള്ള കോടതികൾ' (ജില്ലാ കോടതി വരെ ഉള്ളത് എന്നത് ജില്ലാ കോടതിയ്ക്ക് കീഴിലുള്ള എന്നാക്കുകയും ചെയ്തു.) ഉപയോഗിക്കുന്ന ഭാഷയും കേസ്സുകളിലെ വിധിന്യായങ്ങളും ഒരു നിശ്ചിത കാലയളവിനുള്ളിൽ മലയാളത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. പ്രസ്തുത ആവശ്യത്തിലേക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം സർക്കാർ ഹൈക്കോടതിക്ക് ലഭ്യമാക്കേണ്ടതാണ്. പെറ്റികേസുകളിൽ വിധിന്യായങ്ങൾ മലയാളത്തിൽ (പെറ്റി കേസുകളുടെ ഒരു തുണ്ട് പേപ്പർ മലയാളത്തിലാക്കാൻ നിയമത്തിൽ പ്രത്യേക വ്യവസ്ഥ, എന്തൊരു കഷ്ടം.), അർദ്ധ ജുഡീഷ്യൽ മേഖലയിലെ മലയാളം ഉപയോഗം എന്നിവയും ഈ അധ്യായത്തിലുണ്ട്.

അധ്യായം അഞ്ചിൽ പൊതുവായ ഭാഷാവ്യാപന പ്രവർത്തനങ്ങളാണ്.

അദ്ധ്യായം ആറിൽ വിവരസാങ്കേതിക മേഖലയിലെ മലയാളത്തിന്റെ ഉപയോഗം. നിലവിൽ പല കാലങ്ങളിലുണ്ടായിട്ടുള്ള ഉത്തരവുകളെ ചേർത്തുവച്ച ഒരു രൂപം മാത്രമാണ് രാഷ്ട്രപതി തള്ളിയെന്ന് പറഞ്ഞ് മാധ്യമങ്ങളടക്കം കൊട്ടിഘോഷിച്ചാഘോഷിക്കുന്ന ബില്ലിലെ ഉള്ളടക്കം. ന്യൂനപക്ഷ ഭാഷകളെ സംബന്ധിച്ച ആശങ്കയാണ് ബില്ല് നിരസിക്കപ്പെടാനുള്ള കാരണങ്ങളിൽ ഒന്നാണെന്നാണ് മനസ്സിലാക്കുന്നത്. ബില്ലിൽ സൂക്ഷ്മതക്കുറവുണ്ടായിട്ടുണ്ട്.

2015- ലെ ബില്ല് വായിച്ചിട്ടുള്ളവർക്ക് അത് മനസ്സിലാവും. അതുകൊണ്ട് ബില്ല് രാഷ്ട്രപതി തള്ളിയതിൽ വലിയ സങ്കടമില്ല. പുതിയതായി നിയമ നിർമ്മാണം നടത്താനുള്ള അവസരമാണ് ലഭിച്ചത്. അത് നിലവിലെ സർക്കാർ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.

കർണാടകയുടെ
വികല വാദങ്ങൾ

ന്യൂനപക്ഷ ഭാഷകളിൽ അടക്കം സൂക്ഷ്മത പുലർത്തിയാണ് 2025-ലെ ബിൽ തയ്യാറാക്കിയിട്ടുള്ളത്. കർണാടക സർക്കാർ പറയുന്നതുപോലെ ന്യൂനപക്ഷഭാഷ സംസാരിക്കുന്ന വിദ്യാർത്ഥികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. സ്കൂൾതലത്തിൽ ത്രിഭാഷാപദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ മാതൃഭാഷാ അവകാശത്തെയോ ബഹുഭാഷാ സ്വാതന്ത്ര്യത്തെയോ കേരളം തൊട്ടു കളിക്കില്ല. കേരള ചരിത്രത്തിൽ എല്ലാ സുപ്രധാന നിർദേശങ്ങളും അക്കാര്യം സ്ഥിരതയോടെ ഉറപ്പെടുത്തിയിട്ടുണ്ട്. ( മലയാളത്തോട് മാത്രമേ പ്രശ്നമുള്ളൂ.)

ഈ ബില്ലിൽ പൊതുവിൽ സ്കൂളുകളിൽ 'നിർബന്ധിത ഒന്നാം ഭാഷ’യായി മലയാളം ഉൾപ്പെടുത്തുമെന്ന് പറയുമ്പോഴും കന്നഡ, തമിഴ് ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ തന്നെ ഒന്നാം ഭാഷയായി തുടരും, ഒപ്പം മലയാളം കൂടി പഠിക്കാനുള്ള അവസരം എന്ന രീതിയിലാണ് ബില്ല് ഉദ്ദേശിക്കുന്നത്. 2011-ലെ ഒന്നാം ഭാഷാ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നിലവിൽ എസ്എസ്എൽസി പൊതു പരീക്ഷയിൽ മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീഷണൽ ഹിന്ദി, അഡീഷണൽ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് തുടങ്ങിയ ഭാഷകൾ ഒന്നാം ഭാഷയായി ഉപയോഗിക്കുന്നുണ്ട്. ഒന്നാം ഭാഷയുടെ രണ്ടാം പേപ്പറായി മലയാളം, തമിഴ്, കന്നട, സ്പെഷ്യൽ ഇംഗ്ലീഷ്, ഫിഷറീസ് സയൻസ്, അറബിക്, സംസ്കൃതം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ടാം ഭാഷയായി ഇംഗ്ലീഷും മൂന്നാം ഭാഷയായി ഹിന്ദിയും പഠിപ്പിക്കുന്നു.

ഇത്രയും ഒന്നാം ഭാഷകളുള്ള ഒരു സംസ്ഥാനം ഇന്ത്യയിൽ എവിടെയെങ്കിലും ഉണ്ടോ? ബഹുഭാഷകൾ പഠിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.

ഇത്രയും ഒന്നാം ഭാഷകളുള്ള ഒരു സംസ്ഥാനം ഇന്ത്യയിൽ എവിടെയെങ്കിലും ഉണ്ടോ? ബഹുഭാഷകൾ പഠിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. ഇ.എം.എസ് സർക്കാരിന്റെ കാലം മുതൽ ത്രിഭാഷാനയം നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. പടിപ്പുരസിയടക്കം ഗോത്രഭാഷകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായുള്ള പദ്ധതികളും കേരളത്തിൽ നടപ്പിലാക്കുന്നുണ്ട്. അതിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച ആശങ്കകൾ ഉണ്ടെങ്കിൽ, സർക്കാർതലത്തിലും പൊതുജനതലത്തിലും കൂട്ടായി പരിഹരിക്കാവുന്നതാണ്.

2025-ലെ മലയാളഭാഷാ ബില്ല് ഭരണഘടനയിലെ വ്യവസ്ഥകൾ പാലിച്ച് രൂപപ്പെടുത്തിയിട്ടുള്ളതാണ്. കർണാടകയിലും തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ളതുപോലെ മന്ത്രിതലവകുപ്പും ഡയറക്ടറേറ്റും ഈ നിയമം വന്നാൽ നിലവിൽ വരും. മലയാളവുമായി ബന്ധപ്പെട്ട പലയിടങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്ന വിഷയങ്ങൾ ക്രോഡീകരിക്കപ്പെടും. കേരളത്തിലെ പി.എസ്.സി പരീക്ഷകളിൽ മലയാളം അടിസ്ഥാന യോഗ്യതയാണ്. ന്യൂനപക്ഷ ഭാഷാ തസ്തികകളും കേരളത്തിലുണ്ട്.

കേരളത്തിലെ ഭാഷാന്യൂനപക്ഷ മേഖലയിലെ വിദ്യാർത്ഥികൾ മലയാളം 'കൂടി' പഠിക്കുന്നതിലൂടെ ഭാഷാന്യൂനപക്ഷ മേഖലയിൽ മാത്രം ജോലി സാധ്യതകൾ പരിമിതപ്പെടുത്താതെ, കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഭാഷാപരമായ പരിമിതിയില്ലാതെ ജോലി ചെയ്യാനുള്ള അവസരം കൂടിയാണ് സൃഷ്ടിക്കുക. ന്യൂനപക്ഷ ഭാഷാ വിദ്യാർത്ഥികൾക്ക് മലയാളം ഉപയോഗിച്ചുള്ള അധിക അവസരം കൂടിയാണ് ഇത് സൃഷ്ടിക്കുക.

സർവകലാശാലകളിലെ ബിരുദ- ബിരുദാനന്തര പരീക്ഷകൾ മലയാളത്തിൽ എഴുതുന്നതിന് വിദ്യാർത്ഥികൾക്ക് അനുമതി നൽകാനുള്ള നടപടിയെടുക്കാൻ നിർദേശിച്ച് ഗവ. പ്രിൻസിപ്പൽ സെക്രട്ടറി സർവകലാശാലകൾക്ക് അയച്ച കത്ത്.
സർവകലാശാലകളിലെ ബിരുദ- ബിരുദാനന്തര പരീക്ഷകൾ മലയാളത്തിൽ എഴുതുന്നതിന് വിദ്യാർത്ഥികൾക്ക് അനുമതി നൽകാനുള്ള നടപടിയെടുക്കാൻ നിർദേശിച്ച് ഗവ. പ്രിൻസിപ്പൽ സെക്രട്ടറി സർവകലാശാലകൾക്ക് അയച്ച കത്ത്.

മാതൃഭാഷകൾക്കായി ഒരു ജാഥ

2016 ഒക്ടോബർ 22 മുതൽ 31 വരെ ഐക്യമലയാള പ്രസ്ഥാനം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മാതൃഭാഷാവകാശ ജാഥ സംഘടിപ്പിച്ചു. കേരളത്തിലെ മാതൃഭാഷകൾക്ക് വേണ്ടിയുള്ള യാത്രയായിരുന്നു അത്. ജനങ്ങളോട് മാത്യഭാഷയുടെ രാഷ്ട്രീയത്തെക്കുറിച്ച്, ജനകീയ അവകാശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞാണ് വി.പി. മാർക്കോസ് നയിച്ച ജാഥ സഞ്ചരിച്ചത്. പൊതുവിദ്യാലയങ്ങൾ പ്രത്യേകിച്ച്, മലയാളമാധ്യമ വിദ്യാലയങ്ങൾ സംരക്ഷിക്കുക, തൊഴിൽ - പ്രവേശന പരീക്ഷകൾ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും എഴുതാൻ അനുവദിക്കുക, ഭരണഭാഷ- കോടതിഭാഷ മലയാളമാക്കുക, മാതൃഭാഷ പ്രോത്സാഹിപ്പിക്കാനുള്ള നയം തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടന്നത്. പ്രാദേശിക കേന്ദ്രങ്ങളിൽ ശക്തമായ ജനകീയ പിന്തുണ ലഭിച്ചു.

2019-ൽ പി.എസ്.സി നടത്തുന്ന കെ. എ. എസ് അടക്കം, ബിരുദതലം വരെയുള്ള പരീക്ഷകൾ മലയാളത്തിലും ന്യൂനപക്ഷഭാഷകളിലും നടത്തുന്നതിനായി 19 ദിവസത്തെ നിരാഹാര സമരമാണ് ഐക്യ മലയാള പ്രസ്ഥാനം നടത്തിയത്. നിലവിൽ മലയാളത്തിലും ഇംഗ്ലീഷിലും ഔദ്യോഗിക ന്യൂനപക്ഷ ഭാഷകളിലും ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെഴുതാം.

പുതിയ ബില്ലിലുള്ളത്

പ്രത്യേകിച്ച് വലിയ അവകാശവാദങ്ങളും, മലയാളത്തെ മറ്റു മാതൃഭാഷകൾക്കുമേൽ പ്രതിഷ്ഠിക്കുന്നതുമായ ഒന്നും ഈ ബില്ലിലില്ല. അത് കർണാടക മുഖ്യമന്ത്രി അടക്കം ഉണ്ടാക്കുന്ന തെറ്റായ ആഖ്യാനമാണ്.

നിലവിലെ ഔദ്യോഗിക ഭാഷാ വകുപ്പിനെ പുനർനാമകരണം ചെയ്തിട്ടാണെങ്കിലും, ഉദ്യോഗസ്ഥരെ പുനർവിന്യാസിച്ചാണെങ്കിലും എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ മന്ത്രിതല വകുപ്പും ഡയറക്ടറേറ്റും വരും. ഇപ്പോൾ മലയാളം നേരിടുന്ന അവഗണനയ്ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാൻ വിപുലമായ ആ സംവിധാനത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2013-ൽ മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചുവെങ്കിലും ഒരു ഘടന പോലുമില്ല. കൃത്യമായ പ്രൊപ്പോസലുകളുടെ അഭാവം മൂലവും ഭരണസമിതിയില്ലാത്തതിനാലും അർഹമായ ഫണ്ടും പ്രവർത്തനങ്ങളും അവതാളത്തിലാണ്. ഭരണഭാഷയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ സർക്കാർ ഉദ്യോഗസ്ഥർ തന്നെ ലംഘിക്കുന്നത് സ്ഥിരം കാഴ്ചയാണ്.

തൊഴിൽ പ്രവേശന പരീക്ഷകൾ, പഠനമാധ്യമം, കോടതിഭാഷ, വകുപ്പുതല പരിശോധനകൾ തുടങ്ങി മലയാളവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും സെക്രട്ടറിയേറ്റിലെ പല വകുപ്പുകളിൽ ചിന്നിച്ചിതറി കിടക്കുകയാണ്. അതിലൊരു പരിഹാരം ഉണ്ടാവുമെന്ന് മാത്രം. അത്രയും കടുത്ത അവഗണനയാണ് മലയാളം നേരിടുന്നത്. ബന്ധപ്പെട്ട സംവിധാനങ്ങൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നിയമസഭയുടെ ഔദ്യോഗികഭാഷ സമിതിയുടെ പ്രവർത്തനങ്ങൾ പോലും നടക്കുന്നില്ലെന്നും മനസ്സിലാക്കുന്നു. പരിശോധനകൾ തടസ്സപ്പെട്ടു കിടക്കുകയാണ്, മലയാളത്തിനായി ചോദിക്കാൻ ആരുമില്ല.

2019-ൽ പി.എസ്.സി നടത്തുന്ന കെ. എ. എസ് അടക്കം, ബിരുദതലം വരെയുള്ള പരീക്ഷകൾ മലയാളത്തിലും ന്യൂനപക്ഷഭാഷകളിലും നടത്തുന്നതിനായി 19 ദിവസത്തെ നിരാഹാര സമരമാണ് ഐക്യ മലയാള പ്രസ്ഥാനം നടത്തിയത്.
2019-ൽ പി.എസ്.സി നടത്തുന്ന കെ. എ. എസ് അടക്കം, ബിരുദതലം വരെയുള്ള പരീക്ഷകൾ മലയാളത്തിലും ന്യൂനപക്ഷഭാഷകളിലും നടത്തുന്നതിനായി 19 ദിവസത്തെ നിരാഹാര സമരമാണ് ഐക്യ മലയാള പ്രസ്ഥാനം നടത്തിയത്.

14 പേരുള്ള ഒരു ഉപവകുപ്പിന് കേരളത്തിലെ മൊത്തം ഭരണഭാഷാ പ്രവർത്തനങ്ങൾ പരിശോധിക്കാനും നടപടിയെടുക്കാനും പരിമിതിയുണ്ട്. ഔദ്യോഗിക ഭാഷാവകുപ്പിന്റെ നടപടികൾ പേപ്പറിൽ ഒതുങ്ങുന്നു. വകുപ്പുതല പരിശോധനകൾ കൃത്യമായി നടക്കുന്നില്ല. അവിടെയാണ് എമണ്ടൻ വാഗ്ദാനങ്ങളില്ലാത്ത ഈ ബില്ല് നിയമമാകണമെന്നാഗ്രഹിക്കുന്നത്.

ബില്ലിലെ ചില വ്യവസ്ഥകൾ നോക്കാം:

  • നിർവചനം: ‘ഒന്നാംഭാഷ’ എന്നാൽ ഭാഷാപഠനത്തിന്റെ ഭാഗമായി നിർബന്ധമായും പഠിപ്പിക്കേണ്ട ഭാഷ എന്നർഥമാകുന്നു.

  • ഭാഷാ ന്യൂനപക്ഷം എന്നാൽ പരമ്പരാഗതമായി ആശയവിനിമയത്തിന് തമിഴ്, കന്നഡ എന്നീ ഭാഷകൾ ഉപയോഗിക്കുന്നവരും കേരള സംസ്ഥാനത്തിൽ ഭാഷാന്യൂനപക്ഷപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവരുമായ ജനങ്ങൾ എന്നർഥമാകുന്നു.

  • മലയാളം ഉപയോഗിക്കുന്ന സാഹചര്യങ്ങൾ വിശദമാക്കുകയും, കേന്ദ്രസർക്കാർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, മറ്റു രാജ്യങ്ങൾ, മറ്റു സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകൾക്കും നിയമപരമായി ഇംഗ്ലീഷ് ഉപയോഗിക്കേണ്ടിവരുന്ന മറ്റേതെങ്കിലും സാഹചര്യത്തിലും, 'സംസ്ഥാനത്തെ ന്യൂനപക്ഷഭാഷകളായ തമിഴ്, കന്നഡ അല്ലാതെയുള്ള മറ്റു ഭാഷക്കാരുമായുള്ള കത്തിടപാടുകളിലും ഇംഗ്ലീഷ് ഉപയോഗിക്കാവുന്നതാണ്' ( ഇംഗ്ലീഷ് ഉപയോഗിക്കാവുന്ന സാഹചര്യം പറഞ്ഞുകൊണ്ടുള്ള സർക്കാർ ഉത്തരവിന് നിയമപരമായ അടിത്തറ നൽകുന്നു എന്നുമാത്രം.. ) എന്നും പറയുന്നു.

വിദ്യാഭ്യാസ- ഗവേഷണ മേഖല:

(1) കേരളത്തിലെ എല്ലാ സംസ്ഥാന സർക്കാർ- എയ്‌ഡഡ് സ്കൂളുകളിലും X-ാം സ്റ്റാൻഡേർഡ് വരെ 'നിർബന്ധിത ഒന്നാംഭാഷ' മലയാളം ആയിരിക്കേണ്ടതാണ്.

(2) സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളഭാഷാവ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

(3) "മലയാളഭാഷയല്ലാതെ മറ്റേതെങ്കിലും ഭാഷ, മാതൃഭാഷയായിട്ടുള്ള വിദ്യാർഥികൾക്ക് 'അവരുടെ മാതൃഭാഷയ്ക്കുപുറമേ' മലയാളഭാഷകൂടി പഠിക്കാൻ 'അവസരം' നൽകേണ്ടതാണ്’’.

(മറ്റു മാതൃഭാഷ പഠിക്കുന്ന വിദ്യാർത്ഥികളുടെമേൽ മലയാളം അടിച്ചേൽപ്പിക്കുകയല്ല, മലയാളം കൂടി പഠിക്കാനുള്ള അവസരം നൽകുകയാണ് ഇവിടെ ചെയ്യുന്നത്. ഇവിടെത്തന്നെ കർണാടക മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു.)

ഇതര സംസ്ഥാന- ഭാഷാന്യൂനപക്ഷങ്ങളെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ:

(1) സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷക്കാർ സംസ്ഥാന ഗവൺമെന്റ് സെക്രട്ടേറിയറ്റുമായും വകുപ്പധ്യക്ഷൻമാരുമായും ഇക്കാര്യത്തിൽ ഭാഷാന്യൂനപക്ഷ പ്രദേശങ്ങളെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ എല്ലാ പ്രാദേശിക ഓഫീസുകളുമായുള്ള അവരുടെ കത്തിടപാടുകളിൽ അവരുടെ ഭാഷകൾ ഉപയോഗിക്കാവുന്നതും അങ്ങനെയുള്ള സംഗതികളിൽ അയയ്ക്കുന്ന മറുപടികൾ അതതു ന്യൂനപക്ഷഭാഷയിൽത്തന്നെ ആയിരിക്കേണ്ടതുമാണ്.

(1969ലെ കേരള ഔദ്യോഗിക ഭാഷകൾ ആക്റ്റിൽ ന്യൂനപക്ഷാവകാശം ഉറപ്പുവരുത്തുന്നുണ്ട്. അതിനെ ഈ ബില്ലും പിന്തുടരുന്നു.)

(2) മലയാളഭാഷയല്ലാതെ മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായ വിദ്യാർഥികൾക്ക് ദേശീയ പാഠ്യപദ്ധതിക്കനുസൃതമായി അവർക്കിഷ്ടമുള്ളതും സംസ്ഥാനത്തെ സ്കൂളുകളിൽ ലഭ്യമായതുമായ ഭാഷകൾ തിരഞ്ഞെടുക്കാം.

(3) ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽനിന്നും കേരളത്തിൽ വന്നു പഠിക്കുന്ന വിദ്യാർഥികളെ സംബന്ധിച്ച് IX-ാം സ്റ്റാൻഡേർഡിലും X-ാം സ്റ്റാൻഡേർഡിലും ഹയർസെക്കൻഡറി തലത്തിലും മലയാള പരീക്ഷ എഴുതുന്നത് നിർബന്ധമല്ലാത്തതാണ്.

  • പൊതുവായ ഭാഷാവ്യാപന നടപടികളുടെ ഭാഗത്ത് - തമിഴ് കന്നഡ ഭാഷാന്യൂനപക്ഷപ്രദേശങ്ങളിൽ അവരുടെ കൂടി അറിവിലേക്കു പ്രസിദ്ധപ്പെടുത്തുന്ന പരസ്യങ്ങൾ, അറിയിപ്പുകൾ, ബോർഡുകൾ, നോട്ടീസുകൾ അതത് പ്രദേശത്തെ ന്യൂനപക്ഷഭാഷയിൽക്കൂടി എന്നിവ പ്രസിദ്ധപ്പെടുത്തേണ്ടതാണ് പോലുള്ള വ്യവസ്ഥകൾ ചേർത്തിരിക്കുന്നു.

കർണാടക അറിയേണ്ടത്

മറ്റു ഭാഷകളെ ബഹുമാനിക്കുകയും, അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയിലാണ് മലയാളത്തിന്റെ അവകാശങ്ങളെ ഉറപ്പാക്കാൻ ശ്രമിച്ചിട്ടുള്ളത്. മറ്റേതൊരു സംസ്ഥാനത്തും ഇത്തരമൊരു രാഷ്ട്രീയ ജാഗ്രത നിയമനിർമ്മാണത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ന്യൂനപക്ഷങ്ങളുടെ ഭാഷാവകാശത്തെ സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ച കർണാടകയിൽ പോലും അവരുടെ നിയമങ്ങളിൽ ഈ സൂക്ഷ്മത പാലിച്ചിട്ടില്ല.

കർണാടക മുഖ്യമന്ത്രി പറഞ്ഞതുപോലെ ന്യൂനപക്ഷ ഭാഷകളെ സംബന്ധിച്ച് വ്യക്തതക്കുറവുള്ള ഏതെങ്കിലും ഭാഗങ്ങളുണ്ടെങ്കിൽ ചട്ടങ്ങളിൽ വ്യക്തത വരുത്താൻ സാധിക്കും. ചട്ടങ്ങളും ഗവർണറുടെ പരിധിയിലേക്ക് അംഗീകാരത്തിനായി പോകുന്ന ഒന്നാണ്. ന്യൂനപക്ഷ ഭാഷകളുടെ സംരക്ഷണം ഉറപ്പാക്കാൻ പറ്റും.

കർണാടക മുഖ്യമന്ത്രിയോടും മന്ത്രിമാരോടും അവിടുത്തെ ഭാഷാസംഘടനകളോടും പറയണമെന്നു തോന്നിയ മറ്റൊരു കാര്യം, കേരളത്തിൽ ന്യൂനപക്ഷ ഭാഷകളുടെമേൽ നിർബന്ധമായും ഒന്നാം ഭാഷയായി മലയാളം അടിച്ചേൽപ്പിച്ചിട്ടില്ല എന്നതാണ്. കേരളത്തിൽ 4703 സർക്കാർ സ്കൂളുകളും 7195 എയ്ഡഡ് സ്കൂളുകളും 1044 അൺ എയ്ഡഡ് സ്കൂളുകളും 1370 സിബിഎസ്ഇ സ്കൂളുകളും, 16 ഐ.എസ്.സി.ഇ സ്കൂളുകളും 40 കേന്ദ്രീയ വിദ്യാലയങ്ങളും 14 ജവഹർ നവോദയകളും പ്രവർത്തിക്കുന്നു.

മറ്റേതൊരു സംസ്ഥാനത്തും ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി ഇത്ര രാഷ്ട്രീയ ജാഗ്രത നിയമനിർമ്മാണത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
മറ്റേതൊരു സംസ്ഥാനത്തും ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി ഇത്ര രാഷ്ട്രീയ ജാഗ്രത നിയമനിർമ്മാണത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

കന്നട മീഡിയം സ്കൂളുകൾ രണ്ടു തരമുണ്ട്.
- pure Kannada medium:
ഗവൺമെന്റ് 21, എയ്ഡഡ് 52,
ആകെ 73 സ്കൂളുകൾ.

parallel Kannada medium:
ഗവൺമെന്റ് 64, എയ്ഡഡ് 45, അൺ എയ്ഡഡ് 2, ആകെ 111 സ്കൂളുകൾ..

തമിഴ് മീഡിയം:

Pure Tamil Medium:
ഗവൺമെന്റ് 34, എയ്ഡഡ് 37, ആകെ 71.

Parallel Tamil Medium: ഗവൺമെന്റ് 81, എയ്ഡഡ് 36, അൺ എയ്ഡഡ് 3, ആകെ 120 സ്കൂളുകൾ.

(2025-ൽ വിവരവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽനിന്നാണ് ഈ കണക്ക്. മലയാളവുമായി ബന്ധപ്പെട്ട കണക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഇല്ലാത്തത്.)

കർണാടകയിലെ അതിർത്തിജില്ലകളിൽ താമസിക്കുന്ന ന്യൂനപക്ഷ സ്കൂളുകളുടെ കണക്ക് ഇത്തരത്തിൽ പുറത്തുവിടാൻ സാധിക്കുമോ? അതിനു തയ്യാറാണോ? അവിടത്തെ ന്യൂനപക്ഷ ഭാഷകൾക്കുവേണ്ടി സർക്കാർ ചെയ്ത ഇടപെടലുകൾ വ്യക്തമാക്കാൻ പറ്റുമോ? പ്രത്യേകിച്ച് നിയമത്തെ ഉദ്ധരിച്ച് പറയാൻ സാധിക്കുമോ?

തമിഴ്നാടിന്റെയും കർണാടകയുടെയും അതിർത്തിജില്ലകളിൽ ന്യൂനപക്ഷഭാഷകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മുമ്പുതന്നെ മാധ്യമങ്ങളിലൂടെയും പല മനുഷ്യരുടെയും അനുഭവങ്ങളിലൂടെയും ആശങ്കയോടെ നോക്കി കണ്ടിട്ടുണ്ട്. തമിഴ്നാട്ടിൽ വിവരവകാശം കൊടുത്തിട്ടും, നിയമപരമായ സമയപരിധി കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ല. അത് പിന്തുടരുന്നു.

ന്യൂനപക്ഷ മേഖലയിലെ വിദ്യാർത്ഥികളുടെ അവകാശസംരക്ഷണത്തിന് എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധ്യതയുണ്ട്. ന്യൂനപക്ഷഭാഷാകമ്മീഷൻ കുറെക്കൂടി ജാഗ്രതയോടെ ന്യൂനപക്ഷങ്ങളുടെ ഭാഷാവകാശങ്ങൾ അടക്കം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.

ഭാഷാ ജനാധിപത്യമാണ് കേരളത്തിന്റെ അടിത്തറ. പുതിയ ബില്ല് മലയാളത്തിനും മറ്റു സഹോദര ഭാഷകൾക്കും ഉണർവേകട്ടെ എന്നും ആഗ്രഹിക്കുന്നു. ഗവർണർ ബില്ല് ഒപ്പിടും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

Comments