ഉള്ളിലേക്ക് ഇറങ്ങാത്ത അക്ഷരങ്ങൾ

കടയിൽ പോകുമ്പോൾ കണക്കുകൂട്ടാൻ അറിയാവുന്ന കുട്ടിക്ക് നോട്ടുപുസ്തകത്തിൽ എന്തുകൊണ്ട് കഴിയുന്നില്ല? - ചില അധ്യാപകദിന ചിന്തകൾ എഴുതുന്നു രാജേഷ് എസ്. വള്ളിക്കോട്.

ടയിൽ പോയി സാധനം വാങ്ങി ബാക്കി തുക കൃത്യമായി തിരിച്ചുവാങ്ങാൻ അവന് കഴിയുമായിരുന്നു. എന്നാൽ കണക്കു ക്ലാസിൽ രണ്ടക്ക സംഖ്യകൾ തമ്മിൽ കൂട്ടേണ്ടി വരുമ്പോൾ അവൻ തീർത്തും നിസ്സഹായനായി നോട്ടുബുക്കിലേക്ക് നോക്കിയിരുന്നു

പതിനഞ്ച് വർഷം മുമ്പായിരുന്നു അത്. ഞാൻ ആ നാലാം ക്ലാസിൽ ചെല്ലുമ്പോൾ എഴുത്തും വായനയും വേണ്ടത്ര വഴങ്ങാത്ത കുറച്ചു കുട്ടികൾ അവിടെയുണ്ടായിരുന്നു. അവരിൽ മിക്കവരും മറ്റു കാര്യങ്ങളിൽ എല്ലാം സജീവമായിരുന്നു. അനുദേവ് (പേര് മാറ്റിയിട്ടുണ്ട്) അക്കൂട്ടത്തിലെ ഒരാളായിരുന്നു. സ്കൂൾമുറ്റത്തെ കളികളിലും ചിത്രം വരയ്ക്കുന്നതിലും കൂട്ടുകാരെ നയിക്കുന്നതിലുമെല്ലാം അവൻ മുന്നിൽത്തന്നെ നിന്നു. സംസാരിക്കുമ്പോൾ ഭാഷയ്ക്കോ ആശയങ്ങൾക്കോ ഒരു കുറവുമുണ്ടായിരുന്നില്ല.

പക്ഷേ എഴുത്തും വായനയും വരുന്നിടത്ത് അവൻ പിൻവാങ്ങി. തപ്പിത്തടഞ്ഞ് ചിലതൊക്കെ വായിക്കാൻ കഴിഞ്ഞിരുന്നെങ്കിലും, ആ വാക്കുകൾ അർത്ഥമുള്ള ഒരു വാക്യമായി അവന്റെ മനസ്സിൽ മാറിയിരുന്നില്ല. നോക്കി എഴുതാൻ പറഞ്ഞാൽ വരയ്ക്കുന്നതു പോലെ അക്ഷരങ്ങൾ പകർത്താൻ ശ്രമിക്കും. സ്വന്തമായി എഴുതേണ്ടി വരുമ്പോൾ അനുദേവിന്റെ പേന ചലിച്ചിരുന്നില്ല.

ഈ വൈരുദ്ധ്യം യാദൃച്ഛികമല്ല. കടയിൽ അവന്റെ കണക്ക് കൈയിലെ നാണയങ്ങളോടും, മുന്നിലുള്ള സാധനങ്ങളോടും, കടക്കാരനുമായുള്ള സംഭാഷണത്തോടും ചേർന്നാണ് പ്രവർത്തിക്കുന്നത്. നോട്ടുപുസ്തകത്തിൽ ഇവയെല്ലാം എടുത്തുമാറ്റപ്പെടുന്നു; ബാക്കിയാകുന്നത് കടലാസിലെ ചിഹ്നങ്ങൾ മാത്രം.

ഇത് അനുദേവിന്റെ മാത്രം അനുഭവമല്ല. എൻ.സി.ഇ.ആർ.ടി.യുടെ പരാഖ് സർവേയിൽ "നൂറു രൂപ വരെയുള്ള ലളിതമായ പണമിടപാടുകൾ ചെയ്യുക" എന്ന ശേഷിയിൽ കേരളത്തിലെ മൂന്നാം ക്ലാസുകാരുടെ ശരാശരി 57 ശതമാനമാണ്. നേരിട്ട് കടയിൽ പോയി സാധനം വാങ്ങി ബാക്കി വാങ്ങാൻ പറഞ്ഞാൽ ഇതിലും എത്രയോ അധികം കേരളത്തിലെ കുട്ടികൾ ഈ പ്രായോഗിക പരീക്ഷ ജയിക്കും.

പരീക്ഷ അളന്നത് അവരുടെ ജീവിതാനുഭവങ്ങളെയല്ല, കടലാസിലെ അമൂർത്തമായ കണക്കുകളെയാണ്. ഔപചാരികമായ അക്ഷരങ്ങളുടെയും ചിഹ്നങ്ങളുടെയും ലോകത്തേക്ക് എത്തുമ്പോൾ മാത്രമാണ് ചില കുട്ടികൾക്കു മുന്നിൽ തടസ്സം ഉയരുന്നത്.

പക്ഷേ ഇതിനർത്ഥം പരീക്ഷ അന്യായമാണെന്നല്ല. കൈയിൽ നാണയങ്ങളില്ലാതെ, മുന്നിൽ കടക്കാരനില്ലാതെ, ചിഹ്നങ്ങൾകൊണ്ടു മാത്രം ചിന്തിക്കാൻ കഴിയുക എന്നത് വിദ്യാഭ്യാസത്തിന്റെ ന്യായമായ ലക്ഷ്യംതന്നെയാണ്. പ്രശ്നം പരീക്ഷ അത് ചോദിക്കുന്നതല്ല; കുട്ടി അവിടെവരെ എത്താതെ പോയതാണ്.

സ്കൂളില്‍ ക്ലാസ്മുറിയിലിരുന്ന് ശ്രദ്ധയോടെ പാഠപുസ്തകം വായിക്കുന്ന വിദ്യാര്‍ത്ഥി
സ്കൂളില്‍ ക്ലാസ്മുറിയിലിരുന്ന് ശ്രദ്ധയോടെ പാഠപുസ്തകം വായിക്കുന്ന വിദ്യാര്‍ത്ഥി

പ്രാഥമിക ക്ലാസുകളിൽ ഉണ്ടായ ചെറിയ പഠന വിടവുകൾ തിരിച്ചറിയപ്പെടാതെ പോയതുകൊണ്ടാണ് അനുദേവ് നാലാം ക്ലാസിന്റെ പടിവാതിൽക്കൽ പതറി നിന്നത്.

കേരളത്തിലെ ക്ലാസ്‌മുറികളിൽ ഇത്തരം നിരവധി കുട്ടികൾ ഉണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. കഴിഞ്ഞ മുപ്പത് വർഷമായി നിരന്തരം പാഠ്യപദ്ധതി പരിഷ്കരണങ്ങളും അടിസ്ഥാനശേഷികൾ ഉറപ്പാക്കാനുള്ള ഇടപെടലുകളും നടക്കുമ്പോഴും ചില ചോദ്യങ്ങൾ ഓരോ അധ്യയനവർഷവും ബാക്കിയാവുന്നു. ഈ ക്ലാസിലെ എല്ലാ കുട്ടികളും അടുത്ത ക്ലാസിലേക്ക് കയറുന്നതിന് ആവശ്യമായ അടിസ്ഥാന ശേഷികൾ ആർജിച്ചിട്ടുണ്ടോ? ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ള കുട്ടിയുടെ പഠനത്തിൽ ഈ വർഷം മാറ്റം സംഭവിച്ചോ?

തോൽപ്പിച്ചാൽ പഠിക്കുമോ?

"പരീക്ഷ കർശനമാക്കണം, മിനിമം മാർക്ക് നിശ്ചയിക്കണം, ജയിക്കാത്ത കുട്ടിയെ തോൽപ്പിക്കണം" എന്നതാണ് പൊതുചർച്ചകളിൽ പലപ്പോഴും ഉയരുന്ന ലളിതമായൊരു പരിഹാരം. പഠനനിലവാരത്തെക്കുറിച്ചുള്ള ആശങ്കയിൽനിന്നാണ് ഈ വാദം ഉയരുന്നത്; ആ ആശങ്കയെ അവഗണിക്കാനാവില്ല. പക്ഷേ ഈ വാദത്തിന് അടിസ്ഥാനം ഈ തോൽവിക്ക് കാരണക്കാരൻ കുട്ടി മാത്രമാണെന്ന വിശ്വാസമാണ്.

READ: യന്ത്രമല്ല, അധ്വാനിക്കുന്ന മനുഷ്യരാണ് അധ്യാപക‍ർ

കുട്ടിയെ തോൽപ്പിച്ച് അതേ ക്ലാസിൽ വീണ്ടും ഇരുത്തുന്നത് പഠനപ്രശ്നത്തിനുള്ള ഫലപ്രദമായ പൊതുപരിഹാരമാണെന്ന് അന്താരാഷ്ട്ര ഗവേഷണങ്ങൾ പിന്തുണയ്ക്കുന്നില്ല. ഒ.ഇ.സി.ഡി.യുടെ വിലയിരുത്തലുകൾ പ്രകാരം തോറ്റ് അതേ ക്ലാസിൽ പഠിച്ച കുട്ടികൾക്ക് പിന്നീട് കുറഞ്ഞ പഠനനേട്ടവും സ്കൂളിനോട് വിരക്തിയും പഠനം ഉപേക്ഷിക്കാനുള്ള സാധ്യതയും ഏറെയെന്നതാണ്. ഒരേ ക്ലാസിൽ വീണ്ടും ഇരിക്കേണ്ടിവരുന്ന കുട്ടിയുടെ ആത്മാഭിമാനമാണ് ആദ്യം തകരുന്നത്. കൂട്ടുകാർ അടുത്ത ക്ലാസിലേക്ക് പോകുമ്പോൾ ക്ലാസിൽ തനിച്ചാകുന്ന കുട്ടിയിൽ അപകർഷതാബോധവും പഠനത്തോടുള്ള കടുത്ത വിരക്തിയുമാണ് ഉണ്ടാകുന്നത്. ഒടുവിൽ അത് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്.

തോറ്റു പഠിക്കേണ്ടി വരുന്ന കുട്ടികളിൽ കൂടുതലും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വീടുകളിൽ നിന്നുള്ളവരാകും എന്ന കാര്യത്തിൽ തർക്കമുണ്ടാവാനിടയില്ല. അതായത് തോൽപ്പിക്കൽ ഏറ്റവുമധികം ബാധിക്കുക ഇപ്പോൾത്തന്നെ ഏറ്റവും കുറഞ്ഞ പിന്തുണ ലഭിക്കുന്ന കുട്ടിയെയാണ്.

ഒന്നാം ക്ലാസിൽ രൂപപ്പെട്ട പഠനവിടവ് മൂന്നാം ക്ലാസുവരെ തിരിച്ചറിയാതെ കൊണ്ടുപോയിട്ട്, നാലാം ക്ലാസിൽ കുട്ടിയെ തോൽപ്പിക്കുന്നത് പരിഹാരമല്ല. കുട്ടിക്ക് ലഭിക്കാതെ പോയ പഠനസമയം തിരികെ നൽകുകയാണ് വേണ്ടത്. അവനോ അവളോ എവിടെയാണ് നിൽക്കുന്നതെന്ന് കണ്ടെത്തി അവിടെനിന്ന് വീണ്ടും തുടങ്ങണം.

കുട്ടിയെ തോൽപ്പിച്ച് അതേ ക്ലാസിൽ വീണ്ടും ഇരുത്തുന്നത് പഠനപ്രശ്നത്തിനുള്ള ഫലപ്രദമായ പൊതുപരിഹാരമാണെന്ന് അന്താരാഷ്ട്ര ഗവേഷണങ്ങൾ പിന്തുണയ്ക്കുന്നില്ല.
കുട്ടിയെ തോൽപ്പിച്ച് അതേ ക്ലാസിൽ വീണ്ടും ഇരുത്തുന്നത് പഠനപ്രശ്നത്തിനുള്ള ഫലപ്രദമായ പൊതുപരിഹാരമാണെന്ന് അന്താരാഷ്ട്ര ഗവേഷണങ്ങൾ പിന്തുണയ്ക്കുന്നില്ല.

പരാജയം കുട്ടിക്കു നൽകേണ്ടത് ശിക്ഷയല്ല; നമ്മുടെ ബോധനവും പിന്തുണയും അവനിലേക്ക് എത്തിച്ചേരാത്തതിന്റെ മുന്നറിയിപ്പായി പരിഗണിച്ച് ഇടപെടുകയാണ് വേണ്ടത്

തോൽവി ഭയന്ന് കുട്ടികൾ പഠിക്കുമെന്ന് വാദിക്കുന്നവരുമുണ്ട്. ഭയംകൊണ്ട് ഒരു കുട്ടി പാഠം മനഃപാഠമാക്കിയേക്കാം. പക്ഷേ ഭയത്തിൽനിന്ന് ഒരിക്കലും ജിജ്ഞാസ ഉണ്ടാകില്ല. ഭയം ഉണ്ടാക്കുന്നത് താൽക്കാലികമായ അനുസരണമാണ്, ആഴത്തിലുള്ള പഠനമല്ല. ഒരു കുട്ടിയും തോറ്റു പോകരുതെന്ന് ആഗ്രഹിച്ച് അതിനുവേണ്ടി യത്നിക്കുന്ന അധ്യാപകരെയാണ് നമുക്ക് ആവശ്യം. അതിനെ പിന്തുണയ്ക്കുന്ന സമൂഹമാണ് വേണ്ടത്. പരാജയഭാരം കുട്ടിക്ക് മുകളിലേക്ക് മാത്രം ഇറക്കി വയ്ക്കുകയല്ല വേണ്ടത്!

കേരളത്തിന്റെ മാത്രം പ്രശ്നമാണോ?

“കേരളത്തിലെ കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ല” “എ പ്ലസ് കിട്ടിയവന് പേര് എഴുതാൻ അറിയില്ല”എന്ന ലളിതവൽക്കരണമായി ഇതിനെ ചുരുക്കിക്കാണുന്നത് നീതികേടാണ്. കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാൾ പല സൂചികകളിലും ബഹുദൂരം മുന്നിലുമാണ്. എന്നാൽ മറ്റൊരാൾ നമ്മേക്കാൾ പിന്നിലാണെന്നത് നമ്മുടെ ക്ലാസിലെ പിന്നിലിരിക്കുന്ന കുട്ടിയുടെ പഠനപ്രശ്നം പരിഹരിക്കുന്നില്ല. ഇത് കേരളത്തിന്റെ മാത്രം എന്തോ ഒരു പ്രാദേശിക പരാജയവുമല്ല. ലോകമെമ്പാടുമുള്ള ക്ലാസ്‌മുറികൾ അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ ഒരു പ്രതിസന്ധിയാണിത്. പത്തു വയസ്സാകുമ്പോഴും ലളിതമായൊരു എഴുത്ത് വായിച്ച് അർത്ഥം മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയെ ലോകബാങ്കും യുനെസ്കോയും 'പഠനദാരിദ്ര്യം' എന്നാണ് വിശേഷിപ്പിച്ചത്. കോവിഡിന് മുമ്പ് 57 ശതമാനമായിരുന്ന ഈ നിരക്ക് താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ എഴുപത് ശതമാനത്തോളമായി ഉയർന്നു. സ്കൂളിൽ പ്രവേശനം ഉറപ്പാക്കുന്നതും പഠനം ഉറപ്പാക്കുന്നതും രണ്ടാണെന്ന് ഈ ആഗോള പ്രതിസന്ധി വ്യക്തമാക്കുന്നു. പക്ഷേ ലോകമെമ്പാടുമുള്ള പ്രശ്നമാണെന്നതുകൊണ്ട് കേരളത്തിലെ പ്രശ്നം ചെറുതാകുന്നുമില്ല.

പത്തു വയസ്സാകുമ്പോഴും ലളിതമായൊരു എഴുത്ത് വായിച്ച് അർത്ഥം മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയെ ലോകബാങ്കും യുനെസ്കോയും 'പഠനദാരിദ്ര്യം' എന്നാണ് വിശേഷിപ്പിച്ചത്.
പത്തു വയസ്സാകുമ്പോഴും ലളിതമായൊരു എഴുത്ത് വായിച്ച് അർത്ഥം മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയെ ലോകബാങ്കും യുനെസ്കോയും 'പഠനദാരിദ്ര്യം' എന്നാണ് വിശേഷിപ്പിച്ചത്.

പരാഖ് ദേശീയ സർവേ 2024-ൽ കേരളത്തിലെ കുട്ടികളുടെ പ്രകടനം എല്ലാ മേഖലകളിലും ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസം ആകെ പരാജയമാണെന്ന വാദത്തിന് ദേശീയ സർവേയുടെ കണക്കുകൾ പിന്തുണ നൽകുന്നില്ല.

എന്നാൽ ഒമ്പതാം ക്ലാസിൽ, ​ശാസ്ത്രത്തിൽ പദാർത്ഥങ്ങളുടെ കണികാസ്വഭാവം വിശദീകരിക്കുന്നതിൽ സംസ്ഥാന ശരാശരി 44 ശതമാനവും, വൈദ്യുതിയുടെ താപ-കാന്തിക ഫലങ്ങൾ തിരിച്ചറിയുന്നതിൽ 47 ശതമാനവുമാണ്. സാമൂഹികശാസ്ത്രത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിൽ 45 ശതമാനവും, ചരിത്ര-ഭൂമിശാസ്ത്ര വിവരങ്ങൾ വിശകലനം ചെയ്യുന്നതിൽ 42 ശതമാനവുമാണ് കുട്ടികളുടെ നേട്ടം.

READ: ജെൻസി
ക്ലാസ് റൂമിൽനിന്ന്
ഒരധ്യാപകൻ എഴുതുന്നു

​ഇവയെല്ലാം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ് എന്നത് നേരാണ്. എന്നാൽ, ഇത്തരം പ്രധാന ശേഷികളിലെ സംസ്ഥാന പ്രകടനം പകുതിയോടടുത്തോ അതിൽ താഴെയോ നിൽക്കുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ് മറ്റുള്ളവരേക്കാൾ മുന്നിലാണെന്നത് നമ്മുടെ ക്ലാസിലെ പകുതിയോളം കുട്ടികൾ പിന്നിലാണെന്ന സത്യത്തെ ഇല്ലാതാക്കുന്നില്ല.

പഠന നിലവാരത്തിൽ ജില്ലകൾ തമ്മിൽ നിൽക്കുന്ന അന്തരമാണ് ഇതേ സർവേയിലെ മറ്റൊരു കണ്ടെത്തൽ. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 14 ജില്ലകളെ നാലു തട്ടുകളായി തിരിച്ചിട്ടുണ്ട്. എറണാകുളവും തിരുവനന്തപുരവും മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെല്ലാം ഏറ്റവും ഉയർന്ന തട്ടിലാണ്. പത്തനംതിട്ടയും വയനാടും മൂന്നിടത്തും ഏറ്റവും താഴത്തെ തട്ടിലും.

ഈ കണക്ക് പരിശോധിക്കുമ്പോൾ ഒരു കാര്യം കൃത്യമായി ഓർക്കണം. ഇത് കേരളത്തിനുള്ളിലെ താരതമ്യമാണ്. രാജ്യത്ത് ഏറ്റവും പിന്നിൽ നിൽക്കുന്ന 50 ജില്ലകളുടെ പട്ടികയിൽ കേരളത്തിലെ ഒരു ജില്ലയുമില്ല. അതായത് നമ്മുടെ ഏറ്റവും താഴത്തെ ജില്ലയും ദേശീയ ശരാശരിക്ക് മുകളിലാണ്. പക്ഷേ ഒരേ പാഠ്യപദ്ധതിയും ഒരേ പാഠപുസ്തകവും ഒരേ അധ്യാപകപരിശീലനവുമുള്ള ഒരു സംസ്ഥാനത്തിനുള്ളിൽ ഇത്തരമൊരു അകലം എന്തുകൊണ്ടെന്ന ചോദ്യം അതുകൊണ്ട് ഇല്ലാതാകുന്നില്ല.

കുട്ടി സ്കൂളിലേക്ക് ഒറ്റയ്ക്കല്ല വരുന്നത്

കുട്ടിയുടെ പഠനം സ്കൂളിന്റെ മാത്രം ഉത്തരവാദിത്തവുമല്ല. കുട്ടി രാവിലെ സ്കൂൾഗേറ്റ് കടക്കുമ്പോൾ വീടും കുടുംബവും സാമൂഹികസാഹചര്യവും പുറത്തുവെച്ചിട്ടല്ല അകത്തേക്ക് വരുന്നത്. നമ്മൾ ചിന്തിക്കുന്നത് തലച്ചോറുകൊണ്ടു മാത്രമല്ല; ശരീരവും ചുറ്റുപാടുകളും മനുഷ്യബന്ധങ്ങളും ചേർത്തുവെച്ചാണെന്ന് ആനി മർഫി പോൾ The Extended Mind (2021) എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. വസ്തുക്കൾ തൊട്ടും ആംഗ്യങ്ങൾ കാട്ടിയും ചുറ്റുപാടിലെ അടയാളങ്ങൾ ഉപയോഗിച്ചും മറ്റുള്ളവരുമായി സംസാരിച്ചുമൊക്കെയാണ് തലച്ചോറ് ചിന്തയുടെ ഭാരം കുറയ്ക്കുന്നത്. അനുദേവിന് കടയിൽ കണക്കുകൂട്ടാൻ കഴിഞ്ഞത് കൈയിലെ നാണയങ്ങളും മുന്നിലുള്ള സാധനങ്ങളും കടക്കാരനുമായുള്ള സംഭാഷണവും അവന്റെ ചിന്തയ്ക്ക് ബാഹ്യപിന്തുണയായതുകൊണ്ടാണ്. എന്നാൽ ക്ലാസിലെ നോട്ടുപുസ്തകത്തിലേക്ക് എത്തുമ്പോൾ ഈ പിന്തുണകളൊന്നുമില്ല. അനങ്ങാതെയിരുന്ന് കടലാസിലെ വരണ്ട ചിഹ്നങ്ങളിലേക്ക് മാത്രം ചിന്തയെ ഒതുക്കിയപ്പോഴാണ് അവൻ പതറിപ്പോയത്.

നമ്മൾ ചിന്തിക്കുന്നത് തലച്ചോറുകൊണ്ടു മാത്രമല്ല; ശരീരവും ചുറ്റുപാടുകളും മനുഷ്യബന്ധങ്ങളും ചേർത്തുവെച്ചാണെന്ന് ആനി മർഫി പോൾ The Extended Mind (2021) എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു
നമ്മൾ ചിന്തിക്കുന്നത് തലച്ചോറുകൊണ്ടു മാത്രമല്ല; ശരീരവും ചുറ്റുപാടുകളും മനുഷ്യബന്ധങ്ങളും ചേർത്തുവെച്ചാണെന്ന് ആനി മർഫി പോൾ The Extended Mind (2021) എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു

ഒരേ അധ്യാപകർ പഠിപ്പിക്കുന്ന രണ്ടു കുട്ടികൾ വൈകുന്നേരം ഒരേ സാഹചര്യങ്ങളിലേക്കല്ല മടങ്ങുന്നത്. ഒരാളുടെ വീട്ടിൽ പുസ്തകങ്ങളും സംശയങ്ങൾ പറഞ്ഞുതരാൻ ആളുമുണ്ടാകും; മറ്റൊരാളുടെ രക്ഷിതാവിന് സ്കൂളിലെ ഭാഷ വായിക്കാൻ കഴിഞ്ഞെന്നുവരില്ല. രക്ഷിതാവിന്റെ ഈ പരിമിതി കുട്ടിയുടെ കുറ്റമല്ല.

ഒന്നാം ക്ലാസിലെ 'സംയുക്ത ഡയറി' രക്ഷിതാവിന്റെ പിന്തുണയോടെ കുട്ടി വീട്ടിലിരുന്ന് ചെയ്യേണ്ട ഒരു പ്രവർത്തനമാണ്. എന്നാൽ, വീട്ടിൽനിന്ന് അത്തരമൊരു പഠനപിന്തുണ ലഭിക്കാത്ത കുട്ടികളെ അധ്യാപകർ പ്രത്യേകം തിരിച്ചറിയണമെന്നും, അവർക്ക് ആ പിന്തുണ സ്കൂളിൽനിന്ന് അധ്യാപകർ തന്നെ ഉറപ്പുവരുത്തണമെന്നും ആ പദ്ധതി കൃത്യമായി നിഷ്കർഷിച്ചിരുന്നു. സ്കൂൾ സമയത്തിനു ശേഷം പിന്നാക്ക മേഖലകളിൽ കുട്ടികൾക്ക് കൂട്ടായ പഠനപിന്തുണ പൊതു ഇടങ്ങളിൽ നൽകാൻ വിഭാവനം ചെയ്ത 'പഠനവീട്' പോലുള്ള മാതൃകകളും ഇതേ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. കുടുംബത്തിന് നൽകാൻ കഴിയാതെ പോകുന്ന പഠനസാഹചര്യം വിദ്യാലയവും സമൂഹവും ചേർന്ന് ഏറ്റെടുക്കുമ്പോഴാണ് സാമൂഹികനീതി ഉറപ്പാകുന്നത്.

ഒരു സൗകര്യം ഉണ്ടാകുന്നതും അത് കുട്ടിയിൽ എത്തുന്നതും രണ്ടാണെന്ന് പരാഖ് സർവേ ഓർമ്മിപ്പിക്കുന്നു. ഭിന്നശേഷിക്കുട്ടികളെ പഠിപ്പിക്കാൻ പരിശീലനം നേടിയ അധ്യാപകരുള്ള സ്കൂളുകൾ കേരളത്തിൽ 66 ശതമാനമാണ്.എന്നാൽ അധ്യാപകരിൽനിന്ന് ആവശ്യമായ പിന്തുണ ലഭിക്കുന്നതായി പറഞ്ഞ കുട്ടികൾ 31 ശതമാനം മാത്രം. പ്രത്യേക പഠനസാമഗ്രികൾ ലഭിക്കുന്നവർ 26 ശതമാനം; സഹായക ഉപകരണങ്ങൾ ലഭിക്കുന്നവർ 17 ശതമാനം. പരിശീലനവും സാമഗ്രിയും ഒരുക്കിവെച്ചതുകൊണ്ടു മാത്രം അത് കുട്ടിയ്ക്ക് ലഭ്യമാകണമെന്നില്ല എന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണിത്.

എല്ലാറ്റിനും പരിഹാരമാകുമോ സാങ്കേതിക വിദ്യ?

ഈ സങ്കീർണതകൾക്കിടയിലേക്കാണ് "കുട്ടിക്ക് പഠനപ്രശ്നമുണ്ടോ, സാങ്കേതിക വിദ്യ നൽകാം" എന്ന കുറുക്കുവഴി വരുന്നത്. സാങ്കേതികവിദ്യയ്ക്ക് അനന്തസാധ്യതകളുണ്ടെങ്കിലും അതൊരു ഒറ്റമൂലിയല്ല.

കേരളത്തിലെ 96 ശതമാനം സ്കൂളുകളിലും കമ്പ്യൂട്ടറോ ടാബ്‌ലെറ്റോ ലഭ്യമാണ്; 92 ശതമാനത്തിൽ ഇന്റർനെറ്റുമുണ്ട്. എന്നാൽ പഠനത്തിനായി വീട്ടിൽ അത്തരമൊരു ഉപകരണമുള്ളത് 41 ശതമാനം കുട്ടികൾക്കു മാത്രമാണ്. സ്കൂൾഗേറ്റിനു പുറത്ത് പഴയ വിടവ് വീണ്ടും തുറക്കുന്നു.

കേരളത്തിലെ 96 ശതമാനം സ്കൂളുകളിലും കമ്പ്യൂട്ടറോ ടാബ്‌ലെറ്റോ ലഭ്യമാണ്; 92 ശതമാനത്തിൽ ഇന്റർനെറ്റുമുണ്ട്.
കേരളത്തിലെ 96 ശതമാനം സ്കൂളുകളിലും കമ്പ്യൂട്ടറോ ടാബ്‌ലെറ്റോ ലഭ്യമാണ്; 92 ശതമാനത്തിൽ ഇന്റർനെറ്റുമുണ്ട്.

ഉപകരണത്തെക്കാൾ പ്രധാനം അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്. സ്ക്രീൻ വെറും പ്രകടനോപകരണമായി മാത്രം ഉപയോഗിച്ച് കൂട്ടിക്കിഴിക്കൽ ചെയ്തുകാണിക്കുമ്പോൾ കുട്ടി കാഴ്ചക്കാരനായി ചുരുങ്ങാം. എന്നാൽ വസ്തുക്കൾ നീക്കിവെച്ചും ചർച്ച ചെയ്തും പരീക്ഷിച്ചും സ്വയം ഉത്തരം കണ്ടെത്തേണ്ട സാഹചര്യം സൃഷ്ടിക്കുമ്പോഴാണ് ഉപകരണം പഠനത്തിന്റെ ഭാഗമാകുന്നത്

ഡെന്മാർക്കിന്റെ അനുഭവം ഇവിടെ ശ്രദ്ധേയമാണ്. പിസ (PISA) 2022 പ്രകാരം ഡെന്മാർക്കിലെ പതിനഞ്ചുവയസ്സുകാർ സ്കൂൾസമയത്ത് ദിവസവും ശരാശരി 3.8 മണിക്കൂർ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നു; ഒ.ഇ.സി.ഡി. ശരാശരി രണ്ടു മണിക്കൂറാണ്. പഠനസമയത്ത് ഡിജിറ്റൽ ഉപകരണങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യം ഡെന്മാർക്കാണ്.

2024 ഫെബ്രുവരിയിൽ അവിടത്തെ വിദ്യാഭ്യാസ ഗുണനിലവാര ഏജൻസി സ്കൂളുകൾക്ക് വ്യക്തമായ ചില നിർദേശങ്ങൾ നൽകി. മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുക, പഠനസംബന്ധമല്ലാത്ത വെബ്സൈറ്റുകൾ വിലക്കുക, ആവശ്യമില്ലാത്തപ്പോൾ ടാബ്‌ലെറ്റുകളും കംപ്യൂട്ടറുകളും മാറ്റിവെക്കുക, പരമ്പരാഗത (അനലോഗ്) പഠനരീതികൾക്ക് പ്രാധാന്യം നൽകുക എന്നിവയായിരുന്നു അവ. ഡിജിറ്റൽ സാങ്കേതികവിദ്യ പരിചയമില്ലാത്തതുകൊണ്ടല്ല, മറിച്ച് അത് വ്യാപകമായി ഉപയോഗിച്ചു നോക്കിയ ശേഷമാണ് അവർ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

1.71 ലക്ഷത്തിലധികം പേരെ ഉൾപ്പെടുത്തിയ 54 പഠനങ്ങളുടെ 2018-ലെ സമഗ്രവിശകലനം (Delgado et al.) വ്യക്തമാക്കുന്നത് അച്ചടിച്ച താളിലെ വായനയ്ക്ക് സ്ക്രീൻ വായനയെക്കാൾ ചെറുതെങ്കിലും സ്ഥിരമായ ഗ്രഹണനേട്ടമുണ്ട് എന്നാണ്. വിവരാത്മക പാഠങ്ങളിലും സമയപരിധിയുള്ള വായനയിലും ഈ നേട്ടം കൂടുതൽ വ്യക്തമായിരുന്നു. ഇത് അനി മർഫി പോൾ പറയുന്നതിന് എതിരല്ല, അതിന്റെ തുടർച്ചയാണ്. കൈകൊണ്ട് എഴുതുമ്പോൾ പേനയുടെ ചലനംതന്നെ ഓർമ്മയ്ക്ക് ഒരു പിടിവള്ളിയാകുന്നു. അച്ചടിച്ച പുസ്തകത്തിൽ ഒരു ആശയം ഏതു താളിൽ, താളിന്റെ ഏതു ഭാഗത്തായിരുന്നു എന്ന സ്ഥലബോധം കുട്ടിക്ക് കിട്ടുന്നു. സ്ക്രീനിൽ ഈ അടയാളങ്ങൾ ഇല്ലാതാകുന്നു; എല്ലാം ഒരേ പ്രതലത്തിൽ ഒഴുകിമറയുന്നു. അതുകൊണ്ട് കടലാസും കൈയെഴുത്തും പഴഞ്ചൻ രീതികളല്ല — കുട്ടിയുടെ ചിന്തയ്ക്ക് ശരീരവും ഇടവും നൽകുന്ന ഉപകരണങ്ങൾതന്നെയാണ്.

പുസ്തകം വായിക്കേണ്ടിടത്ത് പുസ്തകവും, എഴുതേണ്ടിടത്ത് കൈയെഴുത്തും, ദൃശ്യമാധ്യമം ആവശ്യമായ ഇടത്ത് സാങ്കേതികവിദ്യയും ഉപയോഗിക്കുകയാണ് വേണ്ടത്. മാനദണ്ഡം ഉപകരണത്തിന്റെ പുതുമയല്ല, കുട്ടിയുടെ പഠനമാണ്.

അധ്യാപനത്തിന്റെ കാതൽ

അനുദേവിന്റെ കാര്യത്തിൽ ഞങ്ങൾ ചെയ്തത് അവനെ കൂടുതലായി പഠിപ്പിക്കുകയല്ലായിരുന്നു; മറിച്ച് അവന്റെ പഠനം എവിടെയാണ് തടഞ്ഞുനിൽക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

വായനയിൽ പിന്നിലുള്ള അവന് ക്ലാസിൽ ഉറക്കെ വായിക്കാൻ കൂടുതൽ അവസരം നൽകി, എഴുത്ത് ചെറിയ ഘട്ടങ്ങളായി തിരിച്ചു നൽകി. വീട്ടിൽ സഹായിക്കാൻ കഴിഞ്ഞ ഒരു ബന്ധുവിന്റെ പിന്തുണയും സ്കൂളിലെ കരുതലും ചേർന്നപ്പോൾ അവൻ മുന്നോട്ടുനടന്നു.

അനുദേവ് ഇന്ന് ഒരു പ്രൊഫഷണൽ ബിരുദധാരിയാണ്. അന്ന് അവന്റെ കഴിവുകളുടെ പട്ടികയിൽ "വായിക്കാനറിയില്ല" എന്ന് വെറുതെ രേഖപ്പെടുത്തി മുന്നോട്ടുപോയിരുന്നെങ്കിൽ ആ ജീവിതം മറ്റൊന്നാകുമായിരുന്നു.

ഒരു കുട്ടിക്ക് ഒരു ബോധനപരമായ ഇടപെടൽ മതിയാകും. മറ്റൊരാൾക്ക് വേണ്ടത് വീട്ടിലെ ഒരു ചെറിയ ക്രമീകരണമാകാം. ഇനിയൊരാൾക്ക് വേണ്ടത് വൈകാരികമായ പിന്തുണയായിരിക്കാം. ഇവ ഒരേ പ്രശ്നത്തിന്റെ മൂന്നു പേരുകളല്ല; മൂന്നു വ്യത്യസ്ത പ്രശ്നങ്ങളാണ്. അവ വേർതിരിച്ചറിഞ്ഞ് ഓരോ കുട്ടിക്കും ആവശ്യമായ പിന്തുണ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക — അതാണ് അധ്യാപനത്തിന്റെ കാതൽ. ഇതിന് കുറുക്കുവഴികളില്ല. കുട്ടിയെ തോൽപ്പിക്കുന്നതോ കൈയിൽ ഒരു പുതിയ ഉപകരണം കൊടുക്കുന്നതോ അല്ല അതിന്റെ പരിഹാരം. പക്ഷേ ഇത് അധ്യാപകരോട് മാത്രം ആവശ്യപ്പെട്ടിട്ട് കാര്യമില്ല.

1.71 ലക്ഷത്തിലധികം പേരെ ഉൾപ്പെടുത്തിയ 54 പഠനങ്ങളുടെ 2018-ലെ സമഗ്രവിശകലനം (Delgado et al.) വ്യക്തമാക്കുന്നത് അച്ചടിച്ച താളിലെ വായനയ്ക്ക് സ്ക്രീൻ വായനയെക്കാൾ ചെറുതെങ്കിലും സ്ഥിരമായ ഗ്രഹണനേട്ടമുണ്ട് എന്നാണ്.
1.71 ലക്ഷത്തിലധികം പേരെ ഉൾപ്പെടുത്തിയ 54 പഠനങ്ങളുടെ 2018-ലെ സമഗ്രവിശകലനം (Delgado et al.) വ്യക്തമാക്കുന്നത് അച്ചടിച്ച താളിലെ വായനയ്ക്ക് സ്ക്രീൻ വായനയെക്കാൾ ചെറുതെങ്കിലും സ്ഥിരമായ ഗ്രഹണനേട്ടമുണ്ട് എന്നാണ്.

നാൽപ്പതു കുട്ടികളുള്ള ഒരു ക്ലാസിൽ ഓരോ കുട്ടിയും എവിടെ നിൽക്കുന്നുവെന്ന് കണ്ടെത്തി വെവ്വേറെ പിന്തുണ നൽകാൻ അധ്യാപകർക്ക് സമയം വേണം. ആ സമയം രേഖകളും റിപ്പോർട്ടുകളും കൊണ്ടുപോകുന്നുണ്ടെങ്കിൽ അത് അധ്യാപകരുടെ കുറവല്ല, സംവിധാനത്തിന്റെ കുറവാണ്. "എന്റെ ക്ലാസിൽ മൂന്നു കുട്ടികൾ പിന്നിലാണ്" എന്ന് ഭയമില്ലാതെ പറയാൻ ഒരു ടീച്ചറിന് കഴിയണം. ആ വാക്ക് അധ്യാപകർക്കെതിരായ ആരോപണമായി മാറുന്നിടത്ത് സംഭവിക്കുന്നത് ഒന്നേയുള്ളൂ . പിന്നിലുള്ള കുട്ടികൾ രേഖകളിൽനിന്ന് അപ്രത്യക്ഷരാകും. കുട്ടിയുടെ മേൽ മാത്രം പരാജയഭാരം കയറ്റിവെക്കുന്നതുപോലെ അധ്യാപകരുടെ മേൽ മാത്രമായി ഉത്തരവാദിത്തം കയറ്റിവെക്കുന്നതും തെറ്റാണ്.

ഒരേ ക്ലാസിലിരിക്കുന്ന എല്ലാവർക്കും ഒരേ പ്രവർത്തനം നൽകുന്നതല്ല സമത്വം. കൂടുതൽ പിന്തുണ ആവശ്യമുള്ള കുട്ടിക്ക് കൂടുതൽ സമയവും ചിന്തിക്കാനുള്ള പിടിവള്ളികളും നൽകുന്നതാണ് തുല്യത. കുട്ടിയുടെ ചിന്തയെ വികസിപ്പിക്കുന്ന ഏറ്റവും വലിയ ബാഹ്യവിഭവം മറ്റൊരു മനുഷ്യനാണ് , അധ്യാപകനാണ്.

ലോകം അതിനെ 'പഠനദാരിദ്ര്യം' എന്നു വിളിച്ചേക്കാം; കണക്കുകളിൽ അത് കോടികളാകാം. പക്ഷേ, ക്ലാസ്‌മുറിയിൽ അതൊരു കുട്ടിയാണ്. അവൻ പുസ്തകം തുറന്നുവെച്ചിട്ടുണ്ട്, അക്ഷരങ്ങൾ അവന്റെ കണ്ണിലെത്തുന്നുമുണ്ട്. ആ അക്ഷരങ്ങൾ വെറും കാഴ്ചയായി നിൽക്കാതെ, അർത്ഥമായി അവന്റെ ഉള്ളിലേക്ക് ഇറങ്ങുന്നുണ്ടോ എന്നതാണ് നമ്മുടെ ചോദ്യം. പുസ്തകം തുറക്കാൻ പഠിപ്പിക്കുന്നിടത്തല്ല വിദ്യാഭ്യാസം പൂർത്തിയാകുന്നത്; തുറന്ന പുസ്തകത്തിലെ അക്ഷരങ്ങൾ അർത്ഥപൂർണമായി ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നിടത്താണ്.

Comments