പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും
സംഘ്പരിവാർ ആക്രമണം,
അക്കാദമിക്ക് പ്രവർത്തനം നിർത്തിവെച്ച്
വിദ്യാർഥി പ്രതിഷേധം

ഉന്നത വിദ്യാഭ്യാസമേഖലയിൽനിന്നുയരുന്ന വിമത ശബ്ദങ്ങളെയും വിദ്യാർഥികളുടെ സ്വതന്ത്രമായ രാഷ്ട്രീയ- അക്കാദമിക് ഇടപെടലുകളെയും ആക്രമിച്ച് കീഴടക്കാനും ഭയാന്തരീക്ഷം സൃഷ്ടിക്കാനും സംഘ്പരിവാർ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായത്.

‘ജയ് ശ്രീറാം’ വിളിച്ച്, ഗുണ്ടാസംഘങ്ങളെപ്പോലെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ അതിക്രമിച്ചു കയറി സംഘ്പരിവാർ അനുകൂലികൾ നടത്തിയ ഏകപക്ഷീയ ആക്രമണത്തെ സംഘർഷമാക്കി സമീകരിക്കുന്നതിനുപിന്നിൽ കൃത്യമായ അജണ്ടകളുണ്ടെന്ന് വിദ്യാർഥികൾ. വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് സമരവുമായി മുന്നോട്ടുപോകാനാണ് വിദ്യാർഥികളുടെ തീരുമാനം. കാമ്പസിലെ സുരക്ഷാ വീഴ്ചയും അഡ്മിനിസ്‌ട്രേഷന്റെ നിരുത്തരവാദ നടപടികളിലും പ്രതിഷേധിച്ച്, അക്കാദമിക്ക് പ്രവർത്തനങ്ങൾ നിർത്തിവെച്ച് പ്രതിഷേധിക്കാനാണ് വിദ്യാർഥി യൂണിയന്റെ തീരുമാനം.

ജനുവരി 23ന് കാമ്പസിലേക്ക് അതിക്രമിച്ചു കയറിയ 25 പേരടങ്ങുന്ന സംഘം ഒരു വിദ്യാർഥിനി ഉൾപ്പടെ നാല് വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ചിരുന്നു. വിദ്യാർഥി യൂണിയൻപ്രസിഡന്റും ജനറൽസെക്രട്ടറിയും ഉൾപ്പടെയുള്ളവർക്കുനേരേ നടന്ന അതിക്രമം ആസൂത്രിതമാണെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ സമർപ്പിച്ച കുറ്റപത്രത്തിൽ നിരവധി കൃത്രിമം നടന്നിട്ടുണ്ട്. സംഘ്പരിവാർ അനുകൂലികൾ നടത്തിയ ഏകപക്ഷീയ ആക്രമണത്തെ വിദ്യാർഥികളും സംഘപരിവാർ അനുകൂലികളും തമ്മിൽ നടന്ന സംഘർഷമെന്ന നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

മൂന്ന് ദിവസത്തിനിടെ സംഘപരിവാർ അനുകൂലികൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ച് നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജനുവരി 21 ന് രാത്രിയും കാമ്പസിലെത്തി സംഘ് അനുകൂലികൾ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. രാത്രി ഒരു മണിയോടടുത്ത് ഒരു കൂട്ടം ആളുകൾ കാമ്പസ് ഗേറ്റിനുമുന്നിൽ ഒത്തുകൂടുകയും ജയ്ശ്രീറാം വിളികളോടെ ഫോട്ടെയെടുക്കുകയും ചെയ്തിരുന്നു. വിദ്യാർഥികൾ ചോദ്യം ചെയ്തപ്പോൾ, ആളില്ലാത്ത ഒരു സ്ഥലം കണ്ടപ്പോൾ കൂടി നിന്ന് ഫോട്ടെയടുത്തതാണെന്നുപറഞ്ഞ് അവർ പിരിഞ്ഞുപോയി. എന്നാൽ, അര മണിക്കൂറിനു ശേഷം ഗുണ്ടകളെ പോലെ തോന്നിപ്പിക്കുന്ന ഒരു സംഘം ഗേറ്റിനടുത്തുവന്ന് വിദ്യാർഥികളെ പ്രകോപിപ്പിക്കുംവിധം ആക്രോശിക്കുകയും ജയ്ശ്രീറാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങൾ വിളിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു. ഇതേതുടർന്ന് കാമ്പസിൽ സുരക്ഷാസംവിധാനം വർദ്ധിപ്പിക്കണെമെന്ന് അഡ്മിനിസട്രേഷനിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് പിറ്റേദിവസത്തെ സംഭവങ്ങളിൽ നിന്ന് തെളിഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് കാമ്പസിന് ഹാഫ് ഡേ ലീവ് നൽകിയതിനെതിരെ വിദ്യാർഥികൾ രംഗത്തു വന്നിരുന്നു. ഇത്തരമൊരു അവധി രാജ്യത്തെ മതേതരമൂല്യങ്ങളെയും ബാബറി മസ്ജിദുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളയും മായ്ച്ചുകളയുന്ന നടപടിയാണെന്ന് വ്യക്തമാക്കി യൂണിയൻ വിയോജനക്കുറിപ്പ് പുറത്തുവിട്ടിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന വർഗീയ പ്രചാരണങ്ങൾ വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായും യൂണിയൻ സ്റ്റേറ്റ്‌മെന്റിൽ വ്യക്തമാക്കി.

പ്രാണപ്രതിഷ്ഠാ ചടങ്ങിനോടുള്ള പ്രതിഷേധ സൂചകമായി വിദ്യാർഥി യൂണിയൻ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഭരണഘടനാ ആമുഖവും അംബേദകർ- ഭഗത് സിങ് വചനങ്ങളും വായിക്കൽ, ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ഫോട്ടോ എക്‌സിബിഷൻ, ആനന്ദ് പട് വർധന്റെ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പരിപാടികളാണുണ്ടായിരുന്നത്. ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേഷനിൽനിന്ന് എതിർപ്പുണ്ടായിരുന്നെന്നാണ് പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയായ ശീതൾ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്: “ജനുവരി 22 ന് വൈകീട്ട് 6.30ന് ‘രാം കെ നാം’ പ്രദർശിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത് . ജനറൽ അക്കാദമിക്‌സിന്റെ ഭാഗമായി പ്രദർശനം നടത്താമെന്നാണ് വിചാരിച്ചത്. എന്നാൽ പ്രദർശനത്തിന് തൊട്ടുമുമ്പ്, അനുമതി വാങ്ങിയില്ലെന്നുപറഞ്ഞ് അഡ്മിനിസ്‌ട്രേഷൻ പ്രശ്‌നമുണ്ടാക്കി. വിദ്യാർഥി അസോസിയേഷന്റെ കീഴിൽ അധികൃതരുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിനുശേഷം ഏഴ് മണിക്കാണ് സ്‌ക്രീനീങ്ങ് നടത്താൻ കഴിഞ്ഞത്.”

ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ഓർമകളോട് ഐക്യപ്പെട്ട് “Remember Babri- death of constitution” എന്ന ബാനറും വിദ്യാർഥി യൂണിയൻ കാമ്പസിൽ ഉയർത്തിയിരുന്നു.

പ്രതിഷേധ പരിപാടുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾവിദ്യാർഥികൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത് കണ്ടിട്ടാകാം, അക്രമികൾ ജനുവരി 23 ന് കാമ്പസിൽ അതിക്രമിച്ച് കയറിയതെന്നാണ് കരുതപ്പെടുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ കാവിക്കൊടികളുമേന്തി, ജയ്ശ്രീറാം വിളികളോടെ കാമ്പസിൽ അതിക്രമിച്ചുകയറിയ സംഘ് അനുകൂലികൾ വിദ്യാർഥികളെ മർദ്ദിക്കുകയും ബാനർ കത്തിക്കുകയുമായിരുന്നു. ബാബറി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഒരുക്കിയ ഫോട്ടോ പ്രദർശനവും ഇവർ തകർത്തു. ഇത്രയും അതിക്രമമുണ്ടായിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചില്ലെന്ന് വിദ്യാർഥിയായ മുഹമ്മദ് റിയാൽ പറഞ്ഞു: “കാമ്പസിലെ സെക്യൂരിറ്റികളൊന്നും അക്രമികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചില്ല. സുരക്ഷാ പ്രശ്‌നം ചോദ്യം ചെയ്യുന്നതിനിടെയാണ് വിദ്യാർഥി യൂണിയൻ പ്രസിഡന്റ് മൻകപിനെയും ജനറൽ സെക്രട്ടറി സായന്തിനെയും സംഘപരിവാറുകാർ ആക്രമിച്ചത്. വിദ്യാർഥികളെ ആക്രമിക്കുന്ന സമയത്തെല്ലാം സെക്യൂരിറ്റി നോക്കിനിൽക്കുകയായിരുന്നു. മൻകപിനെ ഓടിച്ചിട്ട് കൂട്ടമായി തല്ലി. സായന്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു വിദ്യാർഥിനിക്കും പരിക്കേറ്റു.”

കാമ്പസിൽ ഒരു ഡസനിലധികം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിട്ടും വിദ്യാർഥികൾക്കുണ്ടായ മർദ്ദനം, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ സംഭവിക്കാൻ പാടില്ലാത്ത സുരക്ഷാവീഴ്ച തന്നെയാണ്. പോലീസും അക്രമികളെ തടയാൻ നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.

എന്നാൽ, സംഘ് അനുകൂലികൾ അതിക്രമിച്ചു കയറിയെന്ന വിവരം കിട്ടിയപ്പോൾ തന്നെ കാമ്പസിലെത്തിയിരുന്നെന്നും വിദ്യാർഥികളെയും അക്രമികളെയും തടയാൻ ശ്രമം നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ ആക്രമിച്ച സംഘത്തിലെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികൾ സംഘപരിവാർ അനുകൂല സംഘടനയായ ഹിന്ദു ജൻ ജാഗരൺ സംഗതൻ സംഘടനയിലെ അംഗങ്ങളാണെന്നാണ് പോലീസ് പറയുന്നത്. വിദ്യാർഥികളുടെ സുരക്ഷാർത്ഥം കാമ്പസിൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ അഡ്മിനിസ്‌ട്രേഷൻ, സുരക്ഷാ ഉദ്യോഗസ്ഥർ, പോലീസ് എന്നിവരെല്ലാം ഗുരുതരവീഴ്ച നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. ആക്രമണത്തിനുശേഷം പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുപകരം ഇൻസ്റ്റിറ്റ്യൂട്ട് വാഹനത്തിൽ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ആക്രമണം നടത്തിയ സംഘ് അനുകൂലികൾ പോലീസ് സ്‌റ്റേഷൻ വളഞ്ഞതിനെതുടർന്ന്, വിദ്യാർഥികളെ കുറെ സമയം കഴിഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പരിശോധനക്കുശേഷവും മെഡിക്കൽ സർട്ടിഫിക്കറ്റോ, കുറ്റപത്രത്തിന്റെ കോപ്പിയോ റിസൽറ്റോ ഒന്നും നൽകിയിട്ടുമില്ല.

അക്രമത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. സ്റ്റുഡന്റ്സ് കൗൺസിൽ അഡ്മിനിസ്‌ട്രേഷന് പരാതി നൽകിയിട്ടുണ്ട്. അത് പരിഹരിക്കുന്നതുവരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. സമരവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളുണ്ടായിട്ടില്ല.

ഉന്നത വിദ്യാഭ്യാസമേഖലയിൽനിന്നുയരുന്ന വിമത ശബ്ദങ്ങളെയും വിദ്യാർഥികളുടെ സ്വതന്ത്രമായ രാഷ്ട്രീയ- അക്കാദമിക് ഇടപെടലുകളെയും ആക്രമിച്ച് കീഴടക്കാനും ഭയാന്തരീക്ഷം സൃഷ്ടിക്കാനും സംഘ്പരിവാർ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായത്. രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള വിദ്വേഷരാഷ്ട്രീയത്തിന്റെ ഇടപെടലുകൾക്കെതിരെ കാമ്പസിനെ പ്രതിരോധഭൂമിയാക്കി മാറ്റിക്കൊണ്ടുള്ള പ്രതിഷേധങ്ങൾ രാജ്യമെമ്പാടുമുള്ള കാമ്പസുകളിൽ നടക്കുന്നുണ്ട്. ഇതാണ് സംഘ്പരിവാറിനെ വിറളി പിടിപ്പിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കേരളത്തിലെ എൻ.ഐ.ടി, കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം സംഘടിതമായ അതിക്രമങ്ങൾ അരങ്ങേറിയിരുന്നു.


'രാം കെ നാം' പ്രദർശനം തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ, ഒത്താശയുമായി പൊലീസും

പായസം വിളമ്പാൻ അവകാശമുണ്ടെങ്കിൽ
‘രാം കെ നാം’ പ്രദർശിപ്പിക്കാനും അവകാശമുണ്ട്

Comments