കോവിഡ് കാലത്ത് സ്‌കൂൾ വിദ്യാർഥികൾ
എങ്ങനെ ജീവിച്ചു?

രണ്ടാം വർഷവും ഡിജിറ്റൽ പഠനത്തിന്​ തുടക്കമാകുന്നു. കഴിഞ്ഞ ഒരു വർഷം നമ്മുടെ കുട്ടികൾ എങ്ങനെയാണ്​ പഠിച്ചത്​ എന്നും ജീവിച്ചത്​ എന്നും പരിശോധിക്കുന്ന പഠനത്തിലെ കണ്ടെത്തലുകൾ

കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) യും തിരുവനന്തപുരം സർക്കാർ വനിത കോളേജിലെ സൈക്കോളജിക്കൽ റിസോഴ്‌സ് സെന്ററും ചേർന്ന് കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗത്തിന്റെ കാലത്തെ സ്‌കൂൾ വിദ്യാഭ്യാസത്തെപ്പറ്റി സമഗ്രമായ ഗവേഷണപഠനം നടത്തിയിരുന്നു. അതിന്റെ കണ്ടെത്തലുകളുടെ സംഗ്രഹമാണ് ഈ റിപ്പോർട്ട്.

​മികച്ച പശ്ചാത്തല സൗകര്യ വികസനവും നവീനാശയങ്ങളും ജനസമ്മതിയും സൃഷ്ടിച്ച നവോൻമേഷത്തിന്റ പാതയിലായിരുന്നു കോവിഡിന്റെ ഒന്നാം തരംഗ സമയത്ത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം. മറ്റു പല മേഖലകളിലും എന്നതുപോലെ വിദ്യാഭ്യാസ മേഖലയിലും കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. അതിനെ മറികടക്കാൻ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സത്വര ഇടപെടലുണ്ടായി. വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സും അനുബന്ധസൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ഡിജിറ്റൽ ക്‌ളാസ് ആരംഭിച്ചു. ടി.വി. മുഖ്യ വിനിമയോപാധിയാക്കി ഡിജിറ്റൽ ഡിവൈഡ് മറികടക്കാൻ ശ്രമിച്ചു. സമൂഹപങ്കാളിത്തത്തോടെ ഓരോ വിദ്യാർത്ഥിക്കും ഉപകരണലഭ്യത ഉറപ്പു വരുത്തി. ആലോചനകളും ചർച്ചകളും തയ്യാറെടുപ്പുകളും പരീക്ഷണങ്ങളും പരിശീലനങ്ങളും പരിശോധനകളും വിലയിരുത്തലുകളും മെച്ചപ്പെടുത്തലുകളുമെല്ലാമായി ഘട്ടംഘട്ടമായി നടപ്പിലാക്കേണ്ട പരിഷ്‌കാരമാണ് കോവിഡ് കാലത്ത് ചുരുങ്ങിയ സമയത്തിൽ നടപ്പാക്കേണ്ടിവന്നത്. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ മുൻ മാതൃകകളില്ലാത്ത ഒന്നായിരുന്നു ഈ ശ്രമം.

കോവിഡ് പ്രതിസന്ധിഘട്ടത്തിൽ വിദ്യാഭ്യാസരംഗത്ത് കേരളം നടത്തിയ ക്രിയാത്മക പ്രതികരണം സംബന്ധിച്ച് നിരവധി പഠനങ്ങൾ നടന്നു കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തിൽ കേരളം മികവു പുലർത്തുന്നു എന്ന യൂണിസെഫ് റിപ്പോർട്ടും അക്കൂട്ടത്തിൽപ്പെടും. കോവിഡിന്റെ തീക്ഷ്ണമായ രണ്ടാം വരവോടെ, സ്‌കൂളുകൾ പഴയ നിലയിലാകാൻ ഇനിയും എത്രകാലമെടുക്കുമെന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയുണ്ട്. ഡിജിറ്റൽ മാധ്യമം വഴി അധ്യയനം ഏറിയും കുറഞ്ഞും കുറേക്കാലം കൂടി തുടരേണ്ടിവരും എന്നുറപ്പാണ്. ഒരു വർഷത്തിലധികമായി സാമൂഹിക ജീവിതവും വിനോദങ്ങളും നഷ്ടപ്പെട്ട് വീടിനകത്തേക്ക് ചുരുങ്ങിയ സ്‌കൂൾ വിദ്യാർഥികളിലേക്കാണ് വീണ്ടും ഡിജിറ്റൽ ക്‌ളാസ് എത്തുന്നത്. ഇനിയങ്ങോട്ട് ഡിജിറ്റൽ പരിസ്ഥിതിയിൽ വിദ്യാഭ്യാസം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുമ്പോൾ കഴിഞ്ഞ അധ്യയനവർഷത്തിന്റെ പ്രത്യക്ഷാനുഭവങ്ങളെ ഏറെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതുണ്ട്. ഒപ്പം, ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ പ്രാപ്യതയ്ക്കു പുറമേ, കേരളത്തിലെ സ്‌കൂൾ വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും വിദ്യാഭ്യാസപരവും മനോ-സാമൂഹികവും മാനസികാരോഗ്യസംബന്ധിയുമായ അവസ്ഥകൾ മനസ്സിലാക്കുകയും വേണം. ഇത്തരം പരിഗണനകളിലാണ്, കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) യും തിരുവനന്തപുരം സർക്കാർ വനിത കോളേജിലെ സൈക്കോളജിക്കൽ റിസോഴ്‌സ് സെന്ററും ചേർന്ന് കോവിഡ് ഒന്നാം തരംഗത്തിന്റെ കാലത്തെ സ്‌കൂൾ വിദ്യാഭ്യാസത്തെപ്പറ്റി സമഗ്രമായ ഒരു ഗവേഷണപഠനം നടത്തിയത്. പഠന റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളുടെ ചുരുക്കമാണ് ഈ ലേഖനത്തിൽ.

84.6% വിദ്യാർഥികളുടെ വീടുകളിൽ നന്നായി പ്രവർത്തിക്കുന്ന ടെലിവിഷൻ ഉണ്ടായിരുന്നു. പഠനാവശ്യങ്ങൾക്ക് 95.3% പേർക്ക് സ്മാർട്ട്‌ഫോൺ ലഭ്യമായിരുന്നു.

പഠനത്തിന്റെ രൂപരേഖ

2020 സെപ്റ്റംബർ മുതൽ ഡിസംബർ വരെയായിരുന്നു പഠന കാലയളവ്. പഠനത്തിന്റെ പ്രധാന ഭാഗമായ സർവേ നടന്നത് 2020 നവംബർ ഒന്നു മുതൽ 20 വരെയാണ്. കോവിഡിന്റെ ആദ്യ തരംഗം തീക്ഷ്ണമായ സമയമായിരുന്നു അത്. 14 ജില്ലകളിലും നിന്ന് തെരഞ്ഞെടുത്ത പ്രാതിനിധ്യ സ്വഭാവമുള്ള 85 സ്‌കൂളുകളിൽനിന്നാണ് പ്രധാനമായും വിവരം ശേഖരിച്ചത്. വിദ്യാർഥികളുടെ ജെൻഡർ, സാമൂഹികവിഭാഗം, സാമ്പത്തികസ്ഥിതി, അക്കാദമിക മികവ്, എന്നിവ
‘സ്ട്രാറ്റ' ആയി നിർണയിച്ചാണ് വിദ്യാർഥികളെ തെരഞ്ഞെടുത്തത്. അവസാന സാമ്പിളിൽ 2832 വിദ്യാർത്ഥികളും 2466 മാതാപിതാക്കളും 412 അധ്യാപകരും ഉണ്ടായിരുന്നു. ഇവർക്കു പുറമേ 176 സ്‌കൂൾ കൗൺസിലർമാരും ഹയർസെക്കൻഡറിയിലെ സൗഹൃദ ക്ലബ് കോഡിനേറ്റർമാരായ 53 അധ്യാപകരും സർവേയിൽ പങ്കെടുത്തു.

വിക്ടേർസ് ചാനലിന് പ്രീ റെക്കോർഡഡ് ക്ലാസുകൾ തയ്യാറാക്കുന്ന സാങ്കേതിക പ്രവർത്തകർ

പ്രൈമറി സ്‌കൂൾ വിദ്യാർഥികളിൽ നിന്ന് അഭിമുഖം വഴിയാണ് വിവരം ശേഖരിച്ചത്. മറ്റുള്ളവർക്ക് ഓൺലൈൻ, പ്രിന്റഡ് രൂപങ്ങളിലുള്ള ചോദ്യാവലി നൽകി. സ്റ്റാൻഡഡൈസ്ഡ് ആയ ചോദ്യാവലികളും ലഘു ചോദ്യാവലികളും ചേർന്ന ഫോമുകളാണ് സർവേയിൽ നൽകിയത്. പരിശീലനം നേടിയ മനഃശാസ്ത്രജ്ഞരോ മനഃശാസ്ത്രവിദ്യാർത്ഥികളോ ആയ 42 ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാർ വിവരം ശേഖരിച്ചു. കൂടാതെ, 2021 ജനുവരി വരെ 10 ഫീൽഡ് പഠനങ്ങളും 10 കേസ് സ്റ്റഡികളും വിദ്യാഭ്യാസവിദഗ്ധർ, മനഃശാസ്ത്രവിദഗ്ധർ, അധ്യാപകർ, വിദ്യാർത്ഥികൾ, മാതാപിതാക്കൾ തുടങ്ങിയവരുമായി 26 ചർച്ചകളും അഭിമുഖങ്ങളും നടത്തി. ഫീൽഡ് സന്ദർശനവും ക്വാളിറ്റേറ്റിവ് പഠനങ്ങളും നടത്തിയത് വിദ്യാഭ്യാസ, മനഃശാസ്ത്ര മേഖലകളിലെ പ്രൊഫഷണലുകളും വിദഗ്ധരുമാണ്. വിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങളിലെയും, ബാംഗ്ലൂർ നിംഹാൻസ് അടക്കമുള്ള മാനസികാരോഗ്യ ഗവേഷണസ്ഥാപനങ്ങളിലെയും വിദഗ്ധർ വിവിധ ഘട്ടങ്ങളിൽ നിർദേശങ്ങൾ നൽകി.

96.7% വിദ്യാർത്ഥികൾക്ക് സ്വന്തം വീട്ടിലിരുന്ന്​ ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചു. ബന്ധുവീടുകളെ ആശ്രയിച്ചവർ രണ്ടു ശതമാനത്തോളവും പഠനകേന്ദ്രങ്ങളെ ആശ്രയിച്ചവർ ഒരു ശതമാനത്തിൽ താഴെയുമാണ്.

പ്രധാന കണ്ടെത്തലുകൾ

1. ഉപകരണ ലഭ്യതയും ക്ലാസുകളുടെ പ്രാപ്യതയും

പൊതുവിദ്യാഭ്യാസം ഡിജിറ്റലായി മാറിയ കാലത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ എത്ര ലഭ്യമാണ് എന്നും വിദ്യാർത്ഥികൾ ഡിജിറ്റൽ ക്ലാസുകളിൽ എത്ര പങ്കെടുക്കുന്നുണ്ട് എന്നും അറിയുകയായിരുന്നു പഠനത്തിന്റെ ഒരു പ്രധാന ലക്ഷ്യം. പഠനഫലങ്ങൾ പറയുന്നതു പ്രകാരം, 84.6% വിദ്യാർഥികളുടെ വീടുകളിൽ നന്നായി പ്രവർത്തിക്കുന്ന ടെലിവിഷൻ ഉണ്ടായിരുന്നു. പഠനാവശ്യങ്ങൾക്ക് 95.3% പേർക്ക് സ്മാർട്ട്‌ഫോൺ ലഭ്യമായിരുന്നു. സ്മാർട്ട് ഫോണിന്റെ ലഭ്യത ടെലിവിഷൻ ലഭ്യതയെ അപേക്ഷിച്ച് ഉയർന്നതായിരുന്നു എന്നത് ശ്രദ്ധേയമാണ്. 96.7% വിദ്യാർത്ഥികൾക്ക് സ്വന്തം വീട്ടിലിരുന്ന്​ ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചു. ക്ലാസുകളിൽ പങ്കെടുക്കാൻ ബന്ധുവീടുകളെ ആശ്രയിച്ചവർ രണ്ടു ശതമാനത്തോളവും പഠനകേന്ദ്രങ്ങളെ ആശ്രയിച്ചവർ ഒരു ശതമാനത്തിൽ താഴെയുമാണ്. നല്ലൊരു പങ്ക് സ്‌കൂളുകളിലും അധികൃതരുടെയും അധ്യാപകരുടെയും മുൻകൈയിൽ വിദ്യാർഥികൾക്ക് ടി.വി., സ്മാർട്ട് ഫോൺ മുതലായവ വാങ്ങി നൽകി. ഓരോ സ്‌കൂളിൽ നിന്ന് ശരാശരി 20 വിദ്യാർഥികൾക്ക് ഇത്തരത്തിൽ സഹായം ലഭിച്ചു എന്നാണ് ഏകദേശ കണക്ക്.

ജനറൽ വിഭാഗത്തിലെ 51 ശതമാനവും ഒ.ബി.സി വിഭാഗത്തിലെ 49 ശതമാനവും വിദ്യാർത്ഥികൾക്ക് 90 ശതമാനത്തിലധികം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞപ്പോൾ പട്ടികജാതി വിഭാഗത്തിലെ 36% പേർക്കാണ് 90 ശതമാനത്തിലധികം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞത്

എൽ.പി, യു.പി വിദ്യാർത്ഥികളിൽ 97.4% പേരും ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ 94.2% പേരും കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി നടന്ന ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. മിക്കവാറും എല്ലാ ദിവസവും വിക്ടേഴ്‌സ് ക്‌ളാസുകൾ കാണുന്ന പ്രൈമറി വിദ്യാർത്ഥികൾ 85.7% ശതമാനം ഉണ്ടായിരുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ 48% പേർ 90 ശതമാനത്തിലധികം ക്ലാസുകളിലും പങ്കെടുത്തിരുന്നു. 25 ശതമാനത്തിൽ താഴെ എണ്ണം ക്ലാസുകളിൽ മാത്രം പങ്കെടുക്കാൻ കഴിഞ്ഞവരുടെ എണ്ണം 4.9% ആയിരുന്നു.
27.2% പേർക്ക് വൈദ്യുതി പ്രശ്‌നവും 26.7% പേർക്ക് കേബിൾ തകരാറും മൂലം ഡിജിറ്റൽ ക്ലാസ് ചിലതൊക്കെ നഷ്ടമായി. താൽപര്യക്കുറവുമൂലം ഡിജിറ്റൽ ക്ലാസുകളിൽ പങ്കെടുത്തിരുന്നില്ല എന്ന് പറഞ്ഞവരുടെ എണ്ണവും അത്ര കുറവല്ല- 3.9%. മാതാപിതാക്കളുടെ റിപ്പോർട്ട് പ്രകാരം, താൽപര്യക്കുറവുകൊണ്ട് ക്ലാസുകളിൽ പങ്കെടുക്കാതിരുന്നവരുടെ എണ്ണം കുറെക്കൂടി ഉയർന്നതാണ്- 8.9%.

95.6% വിദ്യാർഥികൾ റിപ്പോർട്ട് ചെയ്തതു പ്രകാരം അവരുടെ അധ്യാപകർ വിക്ടേഴ്‌സ് ക്ലാസുകളുടെ ഫോളോ-അപ് ക്ലാസ് പതിവായി എടുത്തിരുന്നു. തുടർപ്രവർത്തനങ്ങൾക്കുവേണ്ട വർക്ക്ഷീറ്റുകൾ ചെയ്യിപ്പിക്കുകയും ഫീഡ്ബാക്ക് നൽകുകയുമായിരുന്നു ക്ലാസുകളിലെ പ്രധാനപ്രവർത്തനം. 89.4% പ്രൈമറി വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപകർ ഫോളോ അപ് ക്ലാസുകൾ പതിവായി എടുത്തു. വിക്ടേഴ്‌സ് ക്ലാസുകൾ, ഫോളോ അപ്പ് ക്ലാസുകൾ എന്നിവ കൂടാതെ അദ്ധ്യാപകർ അധിക ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട് എന്ന് 65.2% ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ റിപ്പോർട്ട് ചെയ്തു. (അധ്യാപകർ താന്താങ്ങളുടെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വാട്‌സാപ്പ്, ഗൂഗ്ൾമീറ്റ് മുതലായ മാധ്യമങ്ങൾ വഴി നടത്തിയ തത്സമയ ക്ലാസുകളെയാണ് ഓൺലൈൻ ക്ലാസ്സുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്രീകൃതമായി തയ്യാറാക്കുന്ന ക്ലാസുകളുടെ പരിമിതികൾ മറികടക്കാൻ, തങ്ങളുടെ കുട്ടികളുടെ സവിശേഷ സാഹചര്യങ്ങൾ നന്നായറിയാവുന്ന അധ്യാപകര് അവരുടേതായ തരത്തിലും ഇടപെടാൻ ശ്രമിച്ചതിന്റെ ഫലമായിരുന്നു ഈ ഓൺലൈൻ ക്ലാസുകൾ.)

പട്ടികജാതി വിഭാഗ വിദ്യാർത്ഥികളുടെ വിക്ടേഴ്‌സ്, ഫോളോ അപ് ക്ലാസുകളിലെ പങ്കാളിത്തം ആനുപാതികമല്ലാത്ത വണ്ണം കുറവാണ്

രണ്ട്: ഡിജിറ്റൽ ക്ലാസുകൾ എല്ലാവർക്കും ഒരേപോലെ ഗുണം ചെയ്‌തോ?

ഡിജിറ്റൽ പഠന സൗകര്യങ്ങളുടെയും ക്ലാസുകളിലെ പങ്കാളിത്തത്തിന്റെയും കണക്കെടുത്തപ്പോൾ വിവിധ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്കിടയിൽ നേരിയ വ്യത്യാസം ദൃശ്യമായി. പട്ടികജാതി- വർഗ വിദ്യാർത്ഥികൾ, ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ, തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾ, പഠനത്തിന് വ്യക്തിഗതശ്രദ്ധയും പിന്തുണയും ആവശ്യമായ വിദ്യാർത്ഥികൾ എന്നിവരെയാണ് പ്രത്യേകമായി പഠിച്ചത്.

പട്ടികജാതി വിദ്യാർത്ഥികൾ: ക്ലാസുകളിലെ പങ്കാളിത്തത്തിന്റെ കണക്ക് വിശദ വിശകലനത്തിനു വിധേയമാക്കിയപ്പോൾ മനസ്സിലായത്, പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്ക് വിക്ടേഴ്‌സ്, ഫോളോ അപ് ക്ലാസുകളിലെ പങ്കാളിത്തം ആനുപാതികമല്ലാത്ത വണ്ണം കുറവാണ് എന്നാണ്. ജനറൽ വിഭാഗത്തിലെ 51 ശതമാനവും ഒ.ബി.സി വിഭാഗത്തിലെ 49 ശതമാനവും വിദ്യാർത്ഥികൾക്ക് 90 ശതമാനത്തിലധികം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞപ്പോൾ പട്ടികജാതി വിഭാഗത്തിലെ 36% പേർക്കാണ് 90 ശതമാനത്തിലധികം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞത്; 40.4% പേർ 50%- 90% വരെ ക്ലാസുകളിലാണ് പങ്കെടുത്തത്. ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യതക്കുറവ്, ഇൻറർനെറ്റ് റീചാർജ് ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ട്, രക്ഷകർത്താവ് പകൽ വീട്ടിലില്ലാത്തതു മൂലം സ്മാർട്ട്‌ഫോൺ ലഭ്യമാകാത്തത്, നെറ്റ്വർക്ക് പ്രശ്‌നങ്ങൾ മുതലായവയായിരുന്നു പങ്കാളിത്തം കുറയാൻ കാരണമായി റിപ്പോർട്ട് ചെയ്തത്.

മലഞ്ചെരിവുകളിലും മറ്റും ഇന്റർനെറ്റ് കണക്ടിവിറ്റി കുറവായതിനാൽ ചില വിദ്യാർത്ഥികൾ രാത്രി ഏഴിനും മറ്റും വീട്ടിൽ നിന്നുമകലെ ഉയരമുള്ള സ്ഥലങ്ങളിൽ പോയിരുന്നും മരക്കൊമ്പുകളിൽ കയറിയിരുന്നുമാണ് ക്ലാസുകളിൽ പങ്കെടുത്തിരുന്നത്.

പട്ടികവർഗ വിദ്യാർത്ഥികൾ: രണ്ട് ജില്ലകളിലായി ആറ് ട്രൈബൽ സെറ്റിൽമെന്റുകളിൽ പ്രത്യേകം ഫീൽഡ് പഠനം നടത്തി. പട്ടികവർഗ വിദ്യാർത്ഥികളിൽ ഉപകരണ ലഭ്യതയും ക്ലാസ് പങ്കാളിത്തവും ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് കുറവാണ്. വൈദ്യുതി, ടി.വി, ഫോൺ സൗകര്യംതീരെയില്ലാത്ത ഒറ്റപ്പെട്ട ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്രവിഭാഗ വിദ്യാർത്ഥികൾക്കുവേണ്ടി പ്രാദേശിക പഠനകേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. അവിടെയിരുന്ന് ക്ലാസ് കാണുന്ന വിദ്യാർത്ഥികൾക്കും അധ്യാപകരോ മുതിർന്നവരോ കൂടെയില്ലെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമായിരുന്നില്ല. വീഡിയോ ക്ലാസുകളുടെ ഭാഷയും വേഗവും ഗോത്ര വിഭാഗ വിദ്യാർത്ഥികൾക്ക് പിന്തുടരാൻ ബുദ്ധിമുട്ടായിരുന്നു എന്ന് ഫീൽഡ് പഠനം വ്യക്തമാക്കി. ഈ ബുദ്ധിമുട്ടുകൾ ക്രമേണ വിദ്യാർത്ഥികളിൽ താൽപര്യക്കുറവുണ്ടാക്കുകയും പങ്കാളിത്തത്തെ ബാധിയ്ക്കുകയും ചെയ്തു. മെന്റർ ടീച്ചർമാരുടെ സേവനം ലഭ്യമായ ഊരുകളിൽ അവരുടെ പ്രേരണ കൊണ്ട് വിദ്യാർത്ഥികൾ താരതമ്യേന കൂടുതലായി പഠനകേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. വിക്ടേഴ്‌സിലെ ക്ലാസുകൾ റെക്കോർഡ് ചെയ്ത് കൊണ്ടുവന്ന് വീണ്ടും കാണിച്ച് വിശദീകരിക്കുന്ന പ്രവർത്തനം നടത്തിയ അധ്യാപകരുണ്ട്. എലമെന്ററി ക്ലാസുകളിൽ ഗോത്രഭാഷയിൽ പ്രാദേശികമായി ക്ലാസ് നിർമിച്ച് സമൂഹമാധ്യമങ്ങൾ വഴി ലഭ്യമാക്കാനുള്ള ശ്രമങ്ങളും പരിമിതമായിട്ടെങ്കിലും നടന്നിട്ടുണ്ട്. ഇത്തരം സവിശേഷ ഇടപെടൽ നടന്നയിടങ്ങളിൽ വിദ്യാർത്ഥികളുടെ താൽപര്യവും പങ്കാളിത്തവും താരതമ്യേന ഉയർന്നതാണ്.

തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾ: തീരപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യത താരതമ്യേന കുറവാണ് എന്ന് പഠനം വ്യക്തമാക്കുന്നു. തീരപ്രദേശത്തെ ടി.വി ലഭ്യത 86.3 ശതമാനവും സ്മാർട്ട് ഫോൺ ലഭ്യത 80.4 ശതമാനവുമാണ്. ഹൈറേഞ്ചിലെ ചിലയിടങ്ങളിൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത് പ്രധാനമായും മൊബൈൽ ഫോൺ നെറ്റ്‌വർക്കിന്റെ അപര്യാപ്തതയാണ്. ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികളുടെ മക്കൾ ഏറെപ്പേർ പഠിക്കുന്ന ഒരു വിദ്യാലയത്തിൽ മാതാപിതാക്കൾ പണികഴിഞ്ഞെത്തുന്ന സമയം നോക്കിയാണ് അധ്യാപകർ ഫോളോ അപ് ക്ലാസ് നടത്തിയിരുന്നത്. വിദ്യാർഥികൾക്ക് ഫോൺ ലഭ്യമാകുന്നത് ആ സമയത്താണ്. മലഞ്ചെരിവുകളിലും മറ്റും ഇന്റർനെറ്റ് കണക്ടിവിറ്റി കുറവായതിനാൽ ചില വിദ്യാർത്ഥികൾ രാത്രി ഏഴിനും മറ്റും വീട്ടിൽ നിന്നുമകലെ ഉയരമുള്ള സ്ഥലങ്ങളിൽ പോയിരുന്നും മരക്കൊമ്പുകളിൽ കയറിയിരുന്നുമാണ് ക്ലാസുകളിൽ പങ്കെടുത്തിരുന്നത്.

മക്കളുടെ പഠനവും തെറാപ്പിയും ഓൺലൈൻ മാധ്യമത്തിലായതും രണ്ടും വീട്ടിൽ തന്നെ മാനേജ് ചെയ്യേണ്ടിവന്നതും ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് വലിയ വെല്ലുവിളിയായി.

ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ: ഭിന്നശേഷിയുള്ള വിദ്യാർത്ഥികളുടെ അവസ്ഥ മനസ്സിലാക്കുന്നതിനും ഫീൽഡ് പഠനം നടത്തി. ലോക്ക്ഡൗൺ സമയത്ത് ഏറ്റവും ബുദ്ധിമുട്ടിലായ ഒരുവിഭാഗം ഭിന്നശേഷി വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ്. ഭിന്നശേഷിക്കാർക്കായി ‘വൈറ്റ് ബോർഡ്' എന്ന പേരിൽ പ്രത്യേകമായി തയ്യാറാക്കിയ ക്‌ളാസ് കഴിഞ്ഞ വർഷം നടത്തിയിരുന്നു. ഇൻക്ലൂസിവ് വിദ്യാഭ്യാസം എന്ന ആശയത്തോട് പ്രതിസന്ധി കാലത്തും നീതിപുലർത്താനുള്ള ഈ ശ്രമം പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പഠനത്തിന് അധ്യാപകരുടെ പക്കൽനിന്നും തെറാപ്പിയ്ക്ക് തെറാപ്പിസ്റ്റുകളുടെ പക്കൽനിന്ന്​ ലഭിച്ചിരുന്ന സവിശേഷശ്രദ്ധ അതേ തോതിൽ ലഭിക്കാത്ത സാഹചര്യത്തിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും കോവിഡ് കാലത്ത് ഗണ്യമായ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. മക്കളുടെ പഠനവും തെറാപ്പിയും ഓൺലൈൻ മാധ്യമത്തിലായതും രണ്ടും വീട്ടിൽ തന്നെ മാനേജ് ചെയ്യേണ്ടിവന്നതും മാതാപിതാക്കൾക്ക് വലിയ വെല്ലുവിളിയായി. ബഹുവിധത്തിൽ ഭിന്നശേഷിയുള്ള വിദ്യാർഥികളുടെ കാര്യത്തിൽ ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു.

വ്യക്തിഗത ശ്രദ്ധ ആവശ്യമുള്ള വിദ്യാർത്ഥികൾ: പഠനവേഗത കുറഞ്ഞവരും കൂടുതൽ പിന്തുണ ആവശ്യമുള്ളവരുമായ വിദ്യാർത്ഥികളിൽ ഡിജിറ്റൽ ക്ലാസുകളിലെ പങ്കാളിത്തം ആനുപാതികമല്ലാത്ത വണ്ണം കുറവാണ്. എഴുത്തിലും വായനയിലും ഗണിതത്തിലും അടിസ്ഥാനശേഷി ആർജിക്കാത്തവർക്ക് ഡിജിറ്റൽ ക്ലാസുകളുടെ പ്രയോജനം ഇതര വിഭാഗങ്ങളുടെയത്രയും ലഭിച്ചിട്ടില്ല.

ഡിജിറ്റൽ ക്ലാസുകൾക്ക്​ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ 73.8% പേർ 5 പോയിന്റിന്റെ ഒരു സ്‌കെയിലിൽ 3-5 റേഞ്ചിൽ റേറ്റിംഗ് നൽകി. പ്രൈമറി വിദ്യാർത്ഥികളിൽ 85.6% പേർ 3-5 റേഞ്ചിൽ ആണ് റേറ്റിങ് നൽകിയത്.

ഡിജിറ്റൽ ക്ലാസുകൾ എല്ലാ വിഭാഗം വിദ്യാർഥികൾക്കും ഒരേപോലെ പ്രയോജനപ്രദമാക്കാനുള്ള നിരന്തരശ്രമങ്ങൾ 2020 ഏപ്രിൽ മുതൽക്കേ ഉണ്ടായിരുന്നു. ജൂണോടെ ഇക്കാര്യത്തിൽ വലിയ മുന്നേറ്റം ഉണ്ടായി, പ്രത്യേകിച്ചും ഉപകരണ ലഭ്യതയുടെ കാര്യത്തിൽ. ഗോത്ര മേഖലകളിലും മറ്റും കൂടുതൽ ഇടപെടലുകൾ പിന്നീടും നടന്നുവരുന്നു. എങ്കിലും എല്ലാവർക്കും ഡിജിറ്റൽ ക്ലാസുകൾ പൂർണതോതിൽ പ്രയോജനപ്രദമാക്കുന്നതിൽ പലതരം വെല്ലുവിളികൾ ഇപ്പോഴും നിലവിലുണ്ട്. പ്രത്യേകിച്ചും ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കും.

മൂന്ന്​: ഡിജിറ്റൽ ക്ലാസുകളുടെ ഫലപ്രാപ്തി

ഡിജിറ്റൽ ക്ലാസുകളെ അവയോടുള്ള ഇഷ്ടം, അവയുടെ പ്രയോജനം, എത്ര മനസ്സിലാകുന്നുണ്ട് എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ റേറ്റ് ചെയ്യാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികൾ പൊതുവിൽ ഉയർന്ന റേറ്റിംഗ് ആണ് നൽകിയത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ 73.8% പേർ 5 പോയിന്റിന്റെ ഒരു സ്‌കെയിലിൽ 3-5 റേഞ്ചിൽ റേറ്റിംഗ് നൽകി. പ്രൈമറി വിദ്യാർത്ഥികളിൽ 85.6% പേർ 3-5 റേഞ്ചിൽ ആണ് റേറ്റിങ് നൽകിയത്. 28.5% വിദ്യാർഥികൾക്ക് വിക്ടേഴ്‌സ് ക്ലാസുകൾ മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. ക്ലാസുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു എന്ന് പറഞ്ഞവര് അതിന് പ്രധാന കാരണമായി പറഞ്ഞത് ക്ലാസ്സുകളുടെ കൂടിയ വേഗതയും സംശയനിവാരണത്തിന് അവസരം ഇല്ലാത്തതും ആയിരുന്നു.

ജൂൺ മുതൽ നവംബർ വരെ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളിൽ 46.9% പേർക്ക് വിക്ടേഴ്സ് ക്ലാസുകളോടുള്ള ഇഷ്ടം കൂടിവരികയാണുണ്ടായതെന്ന് പഠനം സൂചിപ്പിക്കുന്നു / ഫോട്ടോ: മുഹമ്മദ് ഹനാൻ

ഫോളോ അപ്പ് ക്ലാസുകളിലെ പങ്കാളിത്തവും വിദ്യാർഥികൾ അവയ്ക്കു നൽകുന്ന റേറ്റിങ്ങും വിക്ടേഴ്‌സ് ക്ലാസുകളുടേതിനേക്കാൾ മേലെയാണ്. ഫോളോ അപ് ക്ലാസുകളിൽ തുടർപ്രവർത്തനങ്ങൾക്ക് അധ്യാപകർ നൽകുന്ന ഫീഡ്ബാക്ക് ആണ് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ക്ലാസിൽ അധ്യാപകർ നൽകിയ അധിക വിഭവങ്ങളായ ഓഡിയോയും വീഡിയോയും ആണ് പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
ജൂൺ മുതൽ നവംബർ വരെ പഠനത്തിനുള്ള താൽപര്യത്തിൽ മാറ്റമുണ്ടായോ എന്ന് വിദ്യാർത്ഥികളോട് ആരാഞ്ഞു. പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളിൽ 46.9% പേർക്ക് വിക്ടേഴ്‌സ് ക്ലാസുകളോടുള്ള ഇഷ്ടം കൂടിവരികയാണുണ്ടായത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ 46.4 ശതമാനം പേർ പഠനത്തിനുള്ള താൽപര്യത്തിൽ മാറ്റമുണ്ടായിട്ടില്ല എന്നും 30.8 ശതമാനം പേർ കുറഞ്ഞു എന്നും 22.8 ശതമാനം പേർ കൂടി എന്നും റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥികളുടെ താൽപര്യം ക്രമേണ ഒട്ടൊക്കെ കുറഞ്ഞു എന്ന് അധ്യാപകരും നിരീക്ഷിച്ചു. 40.8% അധ്യാപകർ പറയുന്നതുപ്രകാരം വിദ്യാർത്ഥികളുടെ താൽപര്യം കാര്യമായി കുറഞ്ഞത് വിക്ടേഴ്‌സ് ക്ലാസുകളിലാണ്. വിവര കൈമാറ്റത്തിന് വലിയ സാധ്യതകളുണ്ടെങ്കിലും, യാന്ത്രിക പഠനാന്തരീക്ഷവും സജീവ പങ്കാളിത്തത്തിന് അവസരമില്ലാത്തതും ഡിജിറ്റൽ ക്ലാസുകളുടെ പരിമിതിയായതിനാൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ താൽപര്യത്തിൽ വന്ന താരതമ്യേനയുള്ള കുറവ് സ്വാഭാവിക പരിണതിയായി കണക്കാക്കാം.

മഹാമാരിയുടെ സമയത്ത് വീട്ടിലെ അന്തരീക്ഷം മോശമായി എന്ന് റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 22% ആണ്. 10.9% വിദ്യാർത്ഥികൾക്ക് വൈകാരിക നിയന്ത്രണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

നാല്​: ഡിജിറ്റൽ ക്ലാസുകൾ തുടരുന്നതിനെപ്പറ്റിയുള്ള അഭിപ്രായം

പഠനം നടത്തുന്ന സമയത്ത് 2021-22 അധ്യയന വർഷവും ഡിജിറ്റലായി തുടങ്ങേണ്ടിവരും എന്ന ധാരണ ഉണ്ടായിരുന്നില്ല. എന്നാൽ സ്‌കൂൾ തുറന്നശേഷവും ഡിജിറ്റൽ / ഓൺലൈൻ ക്ലാസ് തുടരുന്നതിനെപ്പറ്റി വിദ്യാർത്ഥികളോട് അഭിപ്രായം ചോദിച്ചിരുന്നു. അവ തുടരാൻ ഒരുപരിധി വരെ ആഗ്രഹമുണ്ടെന്നാണ് 34.2% ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളും അഭിപ്രായപ്പെട്ടത്. 21.3% വിദ്യാർത്ഥികൾ തീർച്ചയായും ഡിജിറ്റൽ ക്ലാസ് വേണമെന്ന് അഭിപ്രായപ്പെട്ടു. 26.1% വിദ്യാർഥികൾ ഡിജിറ്റൽ ക്ലാസ് തുടരാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി. 18% പേർക്ക് ഇക്കാര്യത്തിൽ ഉറപ്പില്ല. 68.5% പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ക്ലാസുകളിലൂടെ പഠിക്കാൻ ആഗ്രഹമില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

അഞ്ച്​: ഡിജിറ്റൽ ക്ലാസും ആരോഗ്യപ്രശ്‌നങ്ങളും

ഡിജിറ്റൽ ക്ലാസുകൾ തുടങ്ങിയശേഷം തലവേദന, കണ്ണിന് ക്ഷീണം, കഴുത്തുവേദന, പുറംവേദന, മങ്ങിയ കാഴ്ച തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി വിദ്യാർത്ഥികൾ റിപ്പോർട്ട് ചെയ്തു. 36.05% പേർക്കാണ് ഇടയ്ക്കിടെ തലവേദന ഉണ്ടാവുന്നത്. 28.25% പേർക്ക് കണ്ണിന് ക്ഷീണം അനുഭവപ്പെടാറുണ്ട്. റെഗുലർ ക്ലാസുകൾ ഇല്ലാത്ത സമയത്ത് കൗമാരക്കാരായ വിദ്യാർത്ഥികളുടെ വ്യായാമം തീരെ കുറഞ്ഞിട്ടുണ്ട്. ദിവസേന 30 മിനിറ്റ് വ്യായാമം ആഴ്ചയിൽ ചുരുങ്ങിയത് അഞ്ചു തവണ എങ്കിലും ചെയ്യുന്നത് 25.5% വിദ്യാർഥികൾ മാത്രമാണ്.

ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളിൽ 23.4% പേർക്ക് വിഷാദലക്ഷണങ്ങളുണ്ട്. ഗുരുതര വിഷാദം ഉണ്ടായേക്കാവുന്നവർ 2.6%, മോഡറേറ്റ് നിരക്കിൽ വിഷാദലക്ഷണങ്ങൾ ഉള്ളവർ 14.3% വീതമാണ്​

ആറ്​: വിദ്യാർത്ഥികളുടെ മാനസികാരോഗ്യം

കോവിഡ് കാലത്ത് ഹൈസ്‌കൂൾ- ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മാനസികാരോഗ്യം എങ്ങനെ എന്ന് മനസ്സിലാക്കുകയായിരുന്നു പഠനത്തിന്റെ മറ്റൊരു പ്രധാന ഉദ്ദേശ്യം. സാർവ്വദേശീയമായി പ്രചാരത്തിലുള്ള ചോദ്യാവലികളാണ് കൂടുതലും ഉപയോഗിച്ചത്.
സ്‌കൂൾ അടഞ്ഞു കിടന്ന സമയത്ത് ഗണ്യമായ ഏകാന്തത അനുഭവപ്പെട്ട വിദ്യാർത്ഥികളുടെ ശതമാനം 46.6% ആണ്. ഇക്കാലത്ത് അടുത്ത സുഹൃത്തുക്കളുമായി ബന്ധം പുലർത്താൻ കഴിയാതിരുന്ന വിദ്യാർഥികളുടെ എണ്ണം 26.9% ആണ്. മഹാമാരിയുടെ സമയത്ത് വീട്ടിലെ അന്തരീക്ഷം മോശമായി എന്ന് റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 22% ആണ്. 10.9% വിദ്യാർത്ഥികൾക്ക് വൈകാരിക നിയന്ത്രണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. വിദ്യാർഥികളിൽ നല്ലൊരുപങ്കിലും വിരസത ഏറെ കൂടി (65.3%). 29% പേരുടെ ശ്രദ്ധയും ഏകാഗ്രതയും കുറഞ്ഞു.

ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളിൽ 23.4% പേർക്ക് വിഷാദലക്ഷണങ്ങളുണ്ടെന്ന് പഠനം കണ്ടെത്തുന്നു / Photo: Molly Ferguson

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളിലെ വിഷാദ ലക്ഷണങ്ങളുടെയും ഉൽക്കണ്ഠാലക്ഷണങ്ങളുടെയും തോത് അറിയാൻ ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. 2020 ന്റെ തുടക്കം മുതലേ പല രാജ്യങ്ങളിലും ഇതിന് മാനകീകൃത ചോദ്യാവലികൾ ഉപയോഗിച്ച് സർവ്വേകൾ നടന്നിട്ടുണ്ട്. Patient Health Questionnaire- 9, Generalized Anxiety Disorder- 7 എന്നീ ചോദ്യാവലികൾ ഇത്തരം സർവ്വേകളിൽ സാധാരണയായി ഉപയോഗിക്കുന്നവയാണ്. കേരളത്തിൽ നടന്ന പഠനത്തിലും ഈ ചോദ്യാവലികളാണ് ഉപയോഗിച്ചത്.

വിഷാദം, ഉൽക്കണ്​ഠ ലക്ഷണങ്ങൾ

പഠനഫലം സൂചിപ്പിക്കുന്നതു പ്രകാരം ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളിൽ 23.4% പേർക്ക് വിഷാദലക്ഷണങ്ങളുണ്ട്. ഗുരുതര വിഷാദം ഉണ്ടായേക്കാവുന്നവർ 2.6%, മോഡറേറ്റ് നിരക്കിൽ വിഷാദലക്ഷണങ്ങൾ ഉള്ളവർ 14.3%, Moderately severe എന്ന വിഭാഗത്തിൽപ്പെടുന്നവർ 6.5% എന്നിങ്ങനെയാണ് ഈ കണക്കിന്റെ വിശദശാംശം. ഉൽക്കണ്ഠയുടെ ലക്ഷണങ്ങൾ ഗണ്യമായ തോതിലുള്ള വിദ്യാർത്ഥികൾ 11.2% ആണ്. (ഉത്കണ്ഠയുടെ ലക്ഷണങ്ങൾ മോഡറേറ്റ് അളവിലുള്ളവർ 8%, ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഗുരുതരമായ അളവിലുള്ളവർ 3.2%). 4.4% വിദ്യാർത്ഥികളിൽ ഇന്റർനെറ്റിന്റെ പ്രശ്‌നകാരിയായ അമിതോപയോഗം ഉണ്ട് എന്നും പഠനം കണ്ടെത്തി.

താരതമ്യത്തിന് ഉപകരിക്കുന്ന മുൻകാല ഡേറ്റ നിലവിലില്ല എന്നത് കേരളത്തിന്റെ മാനസികാരോഗ്യരംഗത്തെ പ്രധാനപ്പെട്ട ഒരു പരിമിതിയാണ്.

സ്‌ക്രീനിങ്ങിനും വലിയ ജനവിഭാഗങ്ങളിൽ രോഗാവസ്ഥയുടെ തോത് തിരിച്ചറിയുന്നതിനുമാണ് ചോദ്യാവലികൾ ഉപയോഗിക്കാറ്. മേൽപ്പറഞ്ഞ കണക്കുകളിൽ നിന്ന് ഇത്ര ശതമാനം വിദ്യാർത്ഥികളെ വിഷാദരോഗവും ഉത്കണ്ഠരോഗവും ബാധിച്ചിട്ടുണ്ട് എന്ന തീർപ്പിൽ എത്തേണ്ടതില്ല. പഠനം നടന്ന സമയത്ത് വിഷാദരോഗത്തിന്റെയും ഉൽക്കണ്ഠരോഗത്തിന്റെയും ലക്ഷണങ്ങൾ അവർ റിപ്പോർട്ട് ചെയ്തു എന്നു പറയുന്നതാണ് ഉചിതം.

ഈ പഠനഫലങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ താരതമ്യത്തിന് ഉപകരിക്കുന്ന മുൻകാല ഡേറ്റ (ബേസ് ലൈൻ) നിലവിലില്ല എന്നത് കേരളത്തിന്റെ മാനസികാരോഗ്യരംഗത്തെ പ്രധാനപ്പെട്ട ഒരു പരിമിതിയാണ്. അതുകൊണ്ടുതന്നെ കോവിഡ് കാലത്ത് കേരളത്തിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളിൽ മാനസികാരോഗ്യപ്രശ്‌നങ്ങൾ ഉയർന്നിട്ടുണ്ടോ എന്നുപറയുന്നത് എളുപ്പമല്ല. 2019 ൽ എസ്.സി.ഇ.ആർ.ടിയും കാലടി സംസ്‌കൃത സർവകലാശാലയും ചേർന്നുനടത്തിയ ഒരു പഠനം വിദ്യാർത്ഥികളുടെ മനോ-സാമൂഹിക പ്രശ്‌നങ്ങളുടെ നില അളന്നിട്ടുണ്ട്. ഈ പഠനം Strengths and Difficulties Questionnaire (SDQ) എന്ന മാനകീകൃത ചോദ്യാവലി ഉപയോഗിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ വൈകാരിക പ്രശ്‌നങ്ങളുള്ളവരുടെ ശതമാനം 10 ആണ് എന്ന് കണ്ടെത്തിയിരുന്നു. (ബോർഡർലൈൻ വിഭാഗത്തിൽ 5.7%, അബ്‌നോർമൽ വിഭാഗത്തിൽ 4.3%). സാമ്പിളിലും വേരിയബിളിലും ഒരളവോളം സമാനതയുള്ളതിനാൽ ഈ മുൻ പഠനവുമായി താരതമ്യം നടത്തിനോക്കിയാൽ കോവിഡിന്റെ ഒന്നാംതരംഗ കാലത്ത് വിദ്യാർത്ഥികളിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഗണ്യമായ അളവിൽ ഉയർന്നു എന്നുകാണാം.

കേരളത്തിലെ കൗമാരക്കാരായ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ കാലത്ത് താരതമ്യേന കുറഞ്ഞ രീതിയിലേ ബാധിക്കപ്പെട്ടിട്ടുള്ളൂ എന്ന് പറയാം.

അതേസമയം കോവിഡിന്റെ കാലത്ത് ആഗോളതലത്തിൽ വിദ്യാർത്ഥികളുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഏറെ ഉയർന്നിട്ടുണ്ട്. കോവിഡ് കാലത്തെ മാനസികാരോഗ്യത്തിന്റെ മേഖലയിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രധാനപ്പെട്ട ഗവേഷണ പഠനങ്ങൾ വിശകലനം ചെയ്ത് 2020 ന്റെ അവസാനത്തോടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം (Wu et al., 2020) സൂചിപ്പിക്കുന്നതുപ്രകാരം വിഷാദലക്ഷണങ്ങളുള്ള വിദ്യാർത്ഥികൾ ശരാശരി 34.8% ആയിരുന്നു; ഉൽക്കണ്ഠ രോഗലക്ഷണങ്ങൾ ഉള്ളവർ 28.2% ആയിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ കൗമാരക്കാരായ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ കാലത്ത് താരതമ്യേന കുറഞ്ഞ രീതിയിലേ ബാധിക്കപ്പെട്ടിട്ടുള്ളൂ എന്ന് പറയാം.

കൗമാരക്കാർ സമ്മർദത്തിലായി

മാനസികാരോഗ്യ ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ: കോവിഡിന്റെ ഒന്നാം തരംഗകാലത്തെ വിദ്യാർത്ഥികളുടെ മാനസികാരോഗ്യനില പൊതുവിൽ നോക്കിയാൽ വലിയ ആശങ്ക വേണ്ടാത്ത അവസ്ഥയിലായിരുന്നുവെങ്കിലും, ചില വിഭാഗം വിദ്യാർഥികൾക്ക് ഇക്കാലം വലിയ മാനസികാരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങൾ ഏതെല്ലാം എന്ന് നോക്കാം.
സ്‌കൂൾ കൗൺസിലർമാരിലും സൗഹൃദ ക്ലബ് കോഡിനേറ്റർമാരിലും നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പ്രകാരം കോവിഡിന്റെ ഒന്നാം തരംഗ കാലത്ത് ചില സ്‌കൂൾ വിദ്യാർത്ഥികളിൽ മാനസിക ബുദ്ധിമുട്ടുകളുടെ തോത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഉയർന്നു. മുൻപേ പ്രശ്‌നങ്ങളുണ്ടായിരുന്ന ചില വീടുകളിൽ കാര്യമായ പ്രതിസന്ധികൾ ഉരുണ്ടുകൂടി എന്നാണ് അവർ നിരീക്ഷിച്ചത്. സുഹൃത്തുക്കളോടോ അധ്യാപകരോടോ കൗൺസിലർമാരോടോ സംസാരിക്കാൻ അവസരം ഇല്ലാതായപ്പോൾ കൗമാരക്കാരായ ചില വിദ്യാർത്ഥികൾ സമ്മർദ്ദത്തിലായി. എന്നാൽ മാതാപിതാക്കളും മക്കളും തമ്മിൽ പൊതുവിൽ ആരോഗ്യകരമായ ബന്ധം നിലനിന്നിരുന്ന കുടുംബങ്ങളിലാകട്ടെ, കോവിഡ് കാലത്തെ അടച്ചിരുപ്പ് ബന്ധങ്ങൾ മെച്ചപ്പെടാൻ സഹായിക്കുകയാണ് ചെയ്തത്.

സ്‌കൂൾ അടഞ്ഞു കിടന്ന സമയത്ത് 46.6% വിദ്യാർത്ഥികൾക്ക് ഗണ്യമായ ഏകാന്തത അനുഭവപ്പെട്ടതായി പഠനം

കൗമാരക്കാരിൽ വിഷാദവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളെ തിരിച്ചറിയാൻപഠനം ശ്രമം നടത്തി. വിദ്യാർത്ഥികളിൽ വൈകാരിക നിയന്ത്രണത്തിനുള്ള ബുദ്ധിമുട്ട് വിഷാദവുമായി ബന്ധപ്പെട്ട പ്രധാന ഘടകമാണ് എന്നുതെളിഞ്ഞു. മദ്യമോ മയക്കുമരുന്നോ പതിവായി ഉപയോഗിക്കുന്ന രക്ഷകർത്താക്കളുടെ മക്കൾ, നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്‌നം ഉള്ളവരുടെ മക്കൾ എന്നിവർക്കിടയിലും വിഷാദനിരക്ക് ഉയർന്നവരുടെ എണ്ണം കൂടുതലാണ്. പുറമേ, വിദ്യാർത്ഥികളിലെ വിഷാദവും ഉത്കണ്ഠയും അവരുടെ മാതാപിതാക്കളിലെ വിഷാദം, ഉത്കണ്ഠ, മാതാപിതാക്കളുടെ വ്യക്തിസവിശേഷതകൾ, ബലപ്രയോഗത്തിലും നിർബന്ധത്തിലുമൂന്നിയ ചില പേരന്റിങ് രീതികൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പേരന്റിങിൽ പരിപാലനം, ഘടന എന്നീ സവിശേഷതകൾ ഉയർന്നുനിൽക്കുമ്പോൾ മക്കളുടെ മാനസികാരോഗ്യവും ഉയരുന്നു.

വിദ്യാർത്ഥികളുടെ കുടുംബങ്ങളിലെ സാമൂഹികവും മാനസികവുമായ സാഹചര്യം, വിദ്യാർഥികളുടെ വ്യക്തിസവിശേഷതകൾ എന്നിവ അവരുടെ മാനസികാരോഗ്യത്തെ നിർണയിച്ച പ്രധാന ഘടകങ്ങളായിരുന്നു എന്നുകാണാൻ കഴിയും.

ആത്​മഹത്യാ പ്രവണത

ആത്മഹത്യാചിന്തയും ആത്മഹത്യാ ശ്രമവും ഉണ്ടായ കൗമാരക്കാരുടെ എണ്ണവും ചില സവിശേഷതകൾ ഉള്ളവർക്കിടയിൽ ഉയർന്നുനിൽക്കുന്നു എന്നും പഠനം കണ്ടെത്തി. (ഈ സവിശേഷതകളും ആത്മഹത്യാചിന്തയുമായി കാര്യ-കാരണബന്ധമുണ്ടായിക്കൊള്ളണം എന്നില്ല.) അത്തരം സവിശേഷതകൾ/ വിഭാഗങ്ങൾ ഇവയാണ്: പഠനപ്രവർത്തനങ്ങളിലെ കുറഞ്ഞ പങ്കാളിത്തം, അടിസ്ഥാന പ്രകൃതവുമായി ബന്ധപ്പെട്ട ചില ദൗർബല്യങ്ങൾ (ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഉയർന്ന ആക്ടിവിറ്റി ലെവൽ, മുതിർന്നവരോട് എതിരിടാനുള്ള പ്രവണത, മൊബൈൽ ഫോൺ അമിതോപയോഗം പോലുള്ള ദുഃശീലങ്ങളിലേക്ക് വഴുതാനുള്ള പ്രവണത), കുടുംബപ്രശ്‌നങ്ങൾ, സുഹൃദ്ബന്ധത്തിന്റെയോ സ്‌നേഹബന്ധത്തിന്റെയോ തകർച്ച, സാമ്പത്തികമോ മറ്റോ ആയ കാരണങ്ങളാൽ മാതാപിതാക്കളിൽ ഉണ്ടാകുന്ന സമ്മർദ്ദം.

ഈ ഘടകങ്ങളെല്ലാം പരിശോധിക്കുമ്പോൾ, വിദ്യാർത്ഥികളുടെ കുടുംബങ്ങളിലെ സാമൂഹികവും മാനസികവുമായ സാഹചര്യം, വിദ്യാർഥികളുടെ വ്യക്തിസവിശേഷതകൾ എന്നിവ അവരുടെ മാനസികാരോഗ്യത്തെ നിർണയിച്ച പ്രധാന ഘടകങ്ങളായിരുന്നു എന്നുകാണാൻ കഴിയും.
മാനസികാരോഗ്യം സംബന്ധിച്ച വിശദ പഠനം നടത്തിയത് ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികളിൽ മാത്രമാണ്. പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളോട് അവരുടെ വൈകാരികാവസ്ഥകളെ സംബന്ധിച്ച് സംഭാഷണത്തിൽ ഏർപ്പെടുകയാണ് ചെയ്തത്. അവരിലെ 8.1% പേർക്ക് സ്‌കൂൾ അടഞ്ഞുകിടന്ന കാലത്ത് ഒരിക്കലും സന്തോഷം തോന്നിയില്ല. 8.8% പേർക്ക് എപ്പോഴും വിരസത അനുഭവപ്പെട്ടു. 6.8% പേർക്ക് പഠനത്തിൽ ശ്രദ്ധിക്കാനുള്ള ബുദ്ധിമുട്ട് എപ്പോഴും അനുഭവപ്പെട്ടു. പഠനത്തിൽ പങ്കെടുത്ത പ്രൈമറി വിദ്യാർത്ഥികളിൽ 30.3% പേർ കഴിഞ്ഞ അധ്യയനവർഷം പുതിയ സ്‌കൂളിലാണ് ചേർന്നത്. അവരിൽ 68.1% വിദ്യാർത്ഥികൾ അന്നു വരെ തങ്ങൾ പഠിക്കുന്ന സ്‌കൂൾ കണ്ടിട്ടില്ല എന്ന് പറഞ്ഞു. 86.2% വിദ്യാർത്ഥികൾ ക്ലാസ് ടീച്ചറെ നേരിൽ കണ്ടിരുന്നില്ല. ഈ സവിശേഷസാഹചര്യം പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളുടെ സാമൂഹിക വികാസത്തെ എങ്ങനെ ബാധിക്കും എന്നത് വിശദമായി പഠിക്കേണ്ടതുണ്ട്.

സാമ്പ്രദായിക കാരണങ്ങളും നിലവിലില്ലാത്ത രോഗനിർണയ സംജ്ഞകളുമാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട്​ പോലീസിന്റെ മിക്ക പ്രഥമ വിവര റിപ്പോർട്ടുകളിലുമുള്ളത്​. ഇത്തരം റിപ്പോർട്ടിൽ പരാമർശിക്കുന്ന കാരണങ്ങളെ മുഖവിലയ്‌ക്കെടുത്ത് നിഗമനങ്ങളിലെത്തുന്നത് യുക്തിസഹമല്ല.

കൗമാരക്കാരിലെ ആത്മഹത്യകളുടെ കേസ് വിശകലനങ്ങൾ: ലോക്ക്ഡൗൺ കാലത്ത് ആത്മഹത്യ ചെയ്ത നാലു വിദ്യാർത്ഥികളുടെ കേസ് അനാലിസിസ് പഠനത്തിന്റെ ഭാഗമായി നടത്തിയിരുന്നു. പരിശീലനം നേടിയ മാനസികാരോഗ്യ പ്രവർത്തകരാണ് വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെയും അധ്യാപകരെയും നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചത്. കേസ് വിശകലനങ്ങളിൽ നിന്ന് മനസ്സിലായത്, വിവിധ കാരണങ്ങളുടെ സങ്കലനമാണ് ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാവുക എന്നാണ്. ശാരീരികഘടകങ്ങൾ, വ്യക്തിസവിശേഷതകൾ, കുടുംബപരവും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾ ഇവയുടെയൊക്കെ പല അളവിലുള്ള സങ്കലനങ്ങൾ ഈ വിദ്യാർത്ഥികളെ മാനസികമായി ദുർബലരാക്കിയിരുന്നു എന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. ഒരു പ്രേരകം എന്ന നിലയിൽ സാന്ദർഭികമായ ചില സംഭവവികാസങ്ങൾ കൂടി ഉണ്ടായപ്പോഴാണ് ആത്മഹത്യ സംഭവിച്ചത്.

വിദ്യാർത്ഥികളുടെ കുടുംബങ്ങളിലെ സാമൂഹികവും മാനസികവുമായ സാഹചര്യം, വിദ്യാർഥികളുടെ വ്യക്തിസവിശേഷതകൾ എന്നിവ അവരുടെ മാനസികാരോഗ്യത്തെ നിർണയിച്ച പ്രധാന ഘടകങ്ങളായിരുന്നു എന്ന് പഠനത്തിൽ കാണാൻ കഴിയും

കൗമാരക്കാരിലെ ആത്മഹത്യയെക്കുറിച്ച് മുമ്പുണ്ടായ പല പഠനങ്ങളിലും അടിസ്ഥാനമാക്കിയിട്ടുള്ളത് പൊലീസ് വകുപ്പ് തയ്യാറാക്കുന്ന പ്രഥമ വിവര റിപ്പോർട്ടിൽ എഴുതുന്ന കാരണങ്ങളാണ്. പൊതുസമൂഹത്തിൽ പറയപ്പെടുന്ന സാമ്പ്രദായിക കാരണങ്ങളും നിലവിലില്ലാത്ത രോഗനിർണയ സംജ്ഞകളുമാണ് മിക്ക പ്രഥമ വിവര റിപ്പോർട്ടുകളിലും കാരണമായി പരാമർശിക്കുന്നത്. ഇത്തരം റിപ്പോർട്ടിൽ പരാമർശിക്കുന്ന കാരണങ്ങളെ മുഖവിലയ്‌ക്കെടുത്ത് നിഗമനങ്ങളിലെത്തുന്നത് യുക്തിസഹമല്ല. ആത്മഹത്യകളുണ്ടാകുന്നത് ഒറ്റക്കാരണം കൊണ്ടോ സാന്ദർഭികമായ സംഭവവികാസങ്ങൾ കൊണ്ടോ മാത്രമല്ല താനും. മരിച്ച ആളുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമെല്ലാമായ വിവിധ തലങ്ങളിലുള്ള ഘടകങ്ങളെ തിരിച്ചറിഞ്ഞ് അവയെ കോർത്തിണക്കിക്കൊണ്ടാകണം കാരണങ്ങളിലെത്തേണ്ടത്. ഫോർമുലേഷൻ എന്ന രീതിയാണ് അത്. അത് സാധിക്കണമെങ്കിൽ വിവരശേഖരണം തന്നെ പരിശീലനം ലഭിച്ച മാനസികാരോഗ്യ പ്രൊഫഷണലുകൾ ചെയ്യണം. അത്തരത്തിലുള്ള ഒരു ശ്രമമാണ് നിലവിലെ പഠനത്തിലൂടെ തുടങ്ങിവെച്ചിരിക്കുന്നത്. കോവിഡിന്റെ സവിശേഷ സാഹചര്യത്തിൽ ഫീൽഡ് പഠനങ്ങൾ എളുപ്പമല്ല. സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറയ്ക്ക് ഇവ വിവിധ നിലകളിൽ തുടരേണ്ടതുണ്ട്.

പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലുള്ള മുഴുവൻ വിദ്യാർത്ഥികളിലുമായി 39% പേർ കോവിഡ് സമയത്ത് മാതാപിതാക്കളെ ജോലിയിൽ സഹായിച്ചു എന്നു പറഞ്ഞു.

ഏഴ്​: കോവിഡ് കാലത്തെ ഗുണകരമായ ചില മാറ്റങ്ങൾ

മഹാമാരിയുടെ കാലം വിദ്യാർത്ഥികളുടെ പെരുമാറ്റത്തെ ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട് എന്നതും എടുത്തു പറയണം. നല്ലൊരു പങ്ക് വിദ്യാർഥികൾ മാതാപിതാക്കളെ ജോലിയിലും വീട്ടിലും സഹായിക്കാൻ തുടങ്ങി. പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലുള്ള മുഴുവൻ വിദ്യാർത്ഥികളിലുമായി 39% പേർ കോവിഡ് സമയത്ത് മാതാപിതാക്കളെ ജോലിയിൽ സഹായിച്ചു എന്നു പറഞ്ഞു. 23.% പേർ കൃഷിയിലും 22.9% പേർ പാചകത്തിലും ഏർപ്പെട്ടു. 4% വിദ്യാർത്ഥികൾ യൂട്യൂബ് ചാനൽ തുടങ്ങി. മാതാപിതാക്കളാകട്ടെ മക്കളുടെ പഠനകാര്യങ്ങളിൽ മുമ്പത്തേതിനേക്കാൾ ഇടപെടാൻ തുടങ്ങി. മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള ബന്ധം ഏറെ മെച്ചപ്പെട്ടതായി ഇരുകൂട്ടരും പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കോവിഡ് മഹാമാരിയുടെ സമയങ്ങളിൽ അധ്യാപകരുടെ സ്‌നേഹവും പരിഗണനയും കൂടിയതായി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽ 55.92% പേരും പഠനത്തിന് മാതാപിതാക്കൾ നൽകുന്ന സഹായം വർധിച്ചു എന്ന് 61.67% പേരും റിപ്പോർട്ട് ചെയ്തു.

എട്ട്​: മാതാപിതാക്കളും കുടുംബ സാഹചര്യങ്ങളും

മാതാപിതാക്കൾ പങ്കെടുത്ത സർവേയിൽനിന്ന് വ്യക്തമായ ഒരു കാര്യം സവിശേഷ ശ്രദ്ധ അർഹിക്കുന്നുണ്ട്. കോവിഡ് ജനങ്ങളുടെ സാമൂഹിക- സാമ്പത്തിക സുരക്ഷയെ സാരമായി ബാധിച്ചു. രക്ഷകർത്താക്കളിൽ 78.4% പേർക്കും വരുമാനം കുറഞ്ഞു. 51.2% പേർക്കും വരുമാനം പാതിയോ അതിൽ താഴെയോ ആയി കുറഞ്ഞു. ജോലി നഷ്ടമായവരുടെ എണ്ണം 36.1 ശതമാനമാണ്. 84.3% പേരും ഗാർഹികാവശ്യങ്ങൾക്കായുള്ള ചെലവ് വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി. മഹാമാരിയുടെ സാമ്പത്തികാഘാതം താരതമ്യേന കൂടുതൽ ബാധിച്ചത് പട്ടികജാതി- വർഗ വിഭാഗങ്ങളിൽപ്പെട്ട മാതാപിതാക്കളെയാണ്. തൊഴിൽ നഷ്ടവും വരുമാനം തീരെ കുറഞ്ഞതും ഏറ്റവുമധികം ബാധിച്ചതും പട്ടികജാതി വിഭാഗത്തിലെ മാതാപിതാക്കളെയാണ്.

തൊഴിൽ നഷ്ടവും വലിയതോതിൽ വരുമാനനഷ്ടവും ഉണ്ടായ മാതാപിതാക്കളിൽ വിഷാദസാധ്യതയും ഉത്കണ്ഠാരോഗ സാധ്യതയും മറ്റുള്ളവരെ അപേക്ഷിച്ച് ഉയർന്നുനിൽക്കുന്നു എന്നും പഠനം വ്യക്തമാക്കി. 11.6% മാതാപിതാക്കൾക്ക് വിഷാദലക്ഷണങ്ങളുണ്ട്. 12.5% മാതാപിതാക്കൾക്ക് ഉൽക്കണ്ഠ രോഗലക്ഷണങ്ങൾ ഉണ്ട്. മക്കളുടെ പരീക്ഷയെക്കുറിച്ചും ഉപരിപഠനത്തെക്കുറിച്ചുള്ള ആശങ്ക ഏറെയാണ് എന്നു പറഞ്ഞ മാതാപിതാക്കളുടെ എണ്ണം 43.8 ശതമാനമാണ്.

വിദ്യാർത്ഥികൾക്ക് നൽകിയ തുടർ പ്രവർത്തനങ്ങളിൽ അവരെ സഹായിക്കാൻ കഴിയുന്നില്ല എന്ന വിഷമം ചില മാതാപിതാക്കൾ, പ്രത്യേകിച്ചും വിദ്യാഭ്യാസം കുറഞ്ഞവർ, പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. അത്തരം മാതാപിതാക്കളെ സമാധാനിപ്പിക്കാൻ കാര്യമായ ശ്രമം വേണ്ടിവന്നു

എന്നാൽ, മാതാപിതാക്കൾ അനുഭവിക്കുന്ന സാമ്പത്തികപ്രതിസന്ധി തങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രധാന ഘടകമായി മക്കൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്നത് പ്രസക്തമാണ്. കുടുംബം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും അനിശ്ചിതാവസ്ഥയുടെയും പ്രത്യാഘാതം മക്കളിലേക്ക് സംക്രമിക്കാതെ മാതാപിതാക്കൾ തടഞ്ഞുനിർത്തി എന്നു കരുതാം. സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും തുടർന്നു പോകുമ്പോൾ ഈയൊരു സംരക്ഷണവലയം എത്രനാൾ കാത്തുസൂക്ഷിക്കാൻ മാതാപിതാക്കൾക്ക് കഴിയും എന്നതിൽ സംശയമുണ്ട്.

ഒമ്പത്​: ഡിജിറ്റൽ അദ്ധ്യാപനവും അധ്യാപകരും

കഴിഞ്ഞ കോവിഡ് കാലത്തെ അധ്യാപനാനുഭവങ്ങൾ സ്‌കൂൾ അധ്യാപകരെ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്. വിവരശേഖരണത്തിലും വിവരവിനിമയത്തിലും പഠനാനുഭവങ്ങളുടെ വൈവിധ്യവൽക്കരണത്തിലുമെല്ലാം ഡിജിറ്റൽ സങ്കേതങ്ങളുടെ വലിയ സാധ്യതകൾ മനസ്സിലാക്കാനും അത് പ്രയോഗിച്ചുപഠിക്കാനും കോവിഡ് കാലത്ത് അധ്യാപകർക്ക് അവസരമുണ്ടായി. അധ്യാപക സമൂഹത്തിൽ വലിയൊരളവിൽ നിലവിലുണ്ടായിരുന്ന "യന്ത്രഭയം' മാറ്റാൻ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുതന്നെ പറയാം. ഡിജിറ്റൽ പരിസ്ഥിതിയെ വിവേചനപൂർവ്വം പ്രയോജനപ്പെടുത്തുന്ന അധ്യാപകർക്കായിരിക്കും ഏറ്റവും ഫലപ്രദമായി ഭാവി വിദ്യാഭ്യാസത്തെ മുന്നോട്ടു നയിക്കാൻ കഴിയുക എന്ന ബോധ്യം പൊതുവിൽ ഉളവായി.

സംശയം ചോദിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നത്, വിദ്യാർത്ഥികൾക്ക് നൽകാൻ ഉചിതമായ പഠനപ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുന്നത് തുടങ്ങി ഡിജിറ്റൽ അധ്യാപനത്തിന്റെ എല്ലാ മേഖലകളിലും അധ്യാപകർ നല്ല അളവിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം, വിക്ടേഴ്‌സ് ക്ലാസുകളുടെ ഫോളോ അപ് ക്ലാസുകളിൽ തുടർപ്രവർത്തനം എങ്ങനെ ഫലവത്താക്കാൻ കഴിയുമെന്ന ആലോചന ആദ്യമാസങ്ങളിൽ തങ്ങൾക്ക് കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ചില അധ്യാപകർ അഭിമുഖങ്ങളിൽ പറഞ്ഞു. എണ്ണത്തിൽ കുറവാണെങ്കിലും ഏതാനും ചില വിദ്യാർത്ഥികൾക്ക് പ്രാപ്യതയും പങ്കാളിത്തവും കുറവാണ് എന്നത് അധ്യാപകരെ ആശങ്കപ്പെടുത്തി. ഫോളോ അപ്പ് ക്ലാസുകൾ അവരെ സമ്മർദ്ദത്തിലാക്കുമോ എന്ന് പല അധ്യാപകരും ആലോചിച്ചുകൊണ്ടിരുന്നു. റെഗുലർ ടൈംടേബിളിന് സമാനമായ രീതിയിൽ മണിക്കൂറുകളോളം ഓൺലൈൻ ക്ലാസ് നടത്തിക്കൊണ്ടിരുന്ന സ്വാശ്രയ സ്‌കൂളുകളുമായുള്ള താരതമ്യം ചില പൊതുവിദ്യാലയങ്ങളെ സമ്മർദ്ദത്തിലാക്കി. സാമ്പ്രദായിക രീതിയിൽ പരീക്ഷ നടത്തേണ്ടതില്ല എന്ന പൊതുനിർദ്ദേശത്തിന് വഴങ്ങാതെ പല സ്‌കൂളുകളിലും മാതാപിതാക്കൾ അധ്യാപകരോട് പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നത് പല അധ്യാപകർക്കും എളുപ്പമായിരുന്നില്ല. വിദ്യാർത്ഥികൾക്ക് നൽകിയ തുടർ പ്രവർത്തനങ്ങളിൽ അവരെ സഹായിക്കാൻ കഴിയുന്നില്ല എന്ന വിഷമം ചില മാതാപിതാക്കൾ, പ്രത്യേകിച്ചും വിദ്യാഭ്യാസം കുറഞ്ഞവർ, പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. ആ മാതാപിതാക്കളെ സമാധാനിപ്പിക്കാൻ കാര്യമായ ശ്രമം വേണ്ടിവന്നു. 2020 ലെ ലോക്ക്ഡൗണിന്റെ തുടക്കസമയത്ത് വിദ്യാർത്ഥികളെ ഫോൺ ചെയ്യുമ്പോൾ പലപ്പോഴും വീട്ടിൽ ഭക്ഷണം ഇല്ല എന്ന് കേൾക്കേണ്ടിവരികയും അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുകയും ചെയ്ത അനുഭവങ്ങൾ ചില അധ്യാപകർ പങ്കുവെച്ചു. ഇതുപോലുള്ള പല അനുഭവങ്ങൾ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ കാലത്തും വിദ്യാർത്ഥികളുടെ കുടുംബങ്ങളും അധ്യാപകരുമായുള്ള ബന്ധത്തെ ഏറെ ഊഷ്മളമാക്കി.

കുട്ടികളുടെ ഭാവിയെക്കരുതി ഇതര മാർഗങ്ങൾ തേടിപ്പോകുന്ന രക്ഷിതാക്കൾ എത്തുമായിരുന്ന സാമ്പത്തിക ചൂഷണത്തിന്റെയും സാധ്യതകളെ വലിയൊരളവിൽ ഇല്ലാതാക്കാൻ ഡിജിറ്റൽ ക്ലാസും അനുബന്ധ ഇടപെടലുകളും വഴി സാധിച്ചു.

ഡിജിറ്റൽ അധ്യാപനത്തിന്റെ എല്ലാ മേഖലകളിലും അധ്യാപകർ നല്ല അളവിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. സംശയം ചോദിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നത്, വിദ്യാർത്ഥികൾക്ക് നൽകാൻ ഉചിതമായ പഠനപ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുന്നത്, ഓൺലൈൻ വഴി പാഠം വിനിമയം ചെയ്യുന്നത് ഇവയിലെല്ലാം അധ്യാപകർ മികച്ച ആത്മവിശ്വാസം പുലർത്തുന്നു. എന്നാൽ സ്വന്തം മനോവികാരങ്ങൾ ഓൺലൈനിൽ ഫലപ്രദമായി പ്രകടിപ്പിക്കുന്നത്, സമ്മർദ്ദം നിയന്ത്രിക്കുന്നത്, ഓൺലൈൻ ക്ലാസിന് അനുയോജ്യമായ അധ്യാപനസാമഗ്രികൾ തയ്യാറാക്കുന്നത്, വിദ്യാർത്ഥിയുടെ ക്ലാസ് പ്രവർത്തനത്തെ വിലയിരുത്തുന്നത് തുടങ്ങിയ കാര്യങ്ങളിൽ അധ്യാപകർക്ക് ആത്മവിശ്വാസം താരതമ്യേന കുറവാണ്.

2021 ലും ക്ലാസുകൾ ഡിജിറ്റൽ മാർഗ്ഗത്തിൽ തുടരുന്നതിനോട് 30% അധ്യാപകർ ഒട്ടും താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ ഈ വർഷവും ക്ലാസുകൾ ഡിജിറ്റൽ ആയിത്തന്നെ നടത്തേണ്ട സാഹചര്യമാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ അധ്യാപകരുടെ സന്നദ്ധതയും തയ്യാറെടുപ്പും ഉറപ്പുവരുത്തേണ്ടതുണ്ട്; അവർക്ക് വിവിധ തലങ്ങളിലുള്ള പിന്തുണ ആവശ്യമെങ്കിൽ നൽകേണ്ടതുണ്ട്.

പഠനഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള ചില നിഗമനങ്ങൾ

1. വിദ്യാഭ്യാസരംഗത്ത് ഉണ്ടായേക്കാമായിരുന്ന നിശ്ചലാവസ്ഥയുടെയും കുട്ടികളുടെ ഭാവിയെക്കരുതി ഇതര മാർഗങ്ങൾ തേടിപ്പോകുന്ന രക്ഷിതാക്കൾ എത്തുമായിരുന്ന സാമ്പത്തിക ചൂഷണത്തിന്റെയും സാധ്യതകളെ വലിയൊരളവിൽ ഇല്ലാതാക്കാൻ ഡിജിറ്റൽ ക്ലാസും അനുബന്ധ ഇടപെടലുകളും വഴി സാധിച്ചു. ഡിജിറ്റൽ ക്ലാസുകൾക്ക് മാധ്യമശ്രദ്ധയും പൊതുസമൂഹത്തിന്റെ സമ്മതിയും ലഭിക്കുകയും ചെയ്തു. എല്ലാ കുട്ടികൾക്കും പഠനസൗകര്യമൊരുക്കാൻ നാട്ടുകാർ പുലർത്തിയ ജാഗ്രതയും സഹകരണവും ഭേദചിന്തകൾക്കതീതമായ കേരളീയമനസ്സിന്റെ പ്രതിഫലനമായിരുന്നു. ഉപകരണ ലഭ്യതയിലും പ്രാപ്യതയിലുമെല്ലാം താരതമ്യങ്ങളിൽ മുന്നിലെത്താൻ കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലവും ഉയർന്ന ജീവിതനിലവാരവും സഹായകമായിട്ടുണ്ട്.

2. ഡിജിറ്റൽ രീതിയിലുള്ള പഠനം നീണ്ടു പോകുന്തോറും വിദ്യാർഥികളുടെ താൽപര്യം കുറയാതെ നിലനിർത്തേണ്ടത് പ്രധാനമാണ്. ക്ലാസുകളുടെ രീതി അതിനു പറ്റിയ രീതിയിൽ അനുക്രമമായി മാറിവരണം. ഡിജിറ്റൽ വിദ്യാഭ്യാസത്തിന് തനതായ ഒരു രീതിശാസ്ത്രം ഉരുത്തിരിയുകതന്നെ വേണം. റെക്കോർഡഡ് ക്ലാസുകൾക്കു പുറമേ, ഇന്റർനെറ്റിന്റെ ഇന്ററാക്ടീവ് സ്വഭാവമുള്ള ക്ലാസുകൾ കൂടി ആവിഷ്‌കരിക്കുന്നതിന്റെ സാധ്യത ആരായണം. കേന്ദ്രീകൃതമായി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റൽ ക്ലാസുകളെ കൂടി ഉൾപ്പെടുത്തി അധ്യാപകർക്ക് സ്വന്തം വിദ്യാർഥികൾക്കുവേണ്ടി ക്ലാസ് നടത്താൻ പറ്റുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം തയ്യാറായി വരുന്നുണ്ട്. ഇതിലൂടെ പഠനത്തിന്റെ ജൈവസ്വഭാവം ഒരളവോളം ഉയരും എന്നുപ്രതീക്ഷിക്കാം.

വലിയൊരു പങ്ക് മാതാപിതാക്കൾക്ക് വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയുണ്ട്. ഇതുംകൂടി ചേർന്ന് കൗമാരക്കാരായ വിദ്യാർഥികളുടെ മാനസികസംഘർഷം ഇനിയും വർധിപ്പിച്ചേക്കാം

3. പട്ടികജാതിയിലും ഗോത്രവിഭാഗത്തിലും പെട്ട വിദ്യാർത്ഥികൾ, ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ, തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾ, വ്യക്തിഗത ശ്രദ്ധയും പിന്തുണയും ആവശ്യമായ വിദ്യാർത്ഥികൾ എന്നിവർക്ക് ഡിജിറ്റൽ ക്ലാസുകളുടെ പ്രയോജനം ഇതര വിഭാഗങ്ങളുടേതിന് സമാനമായ തോതിൽ ഉണ്ടായിട്ടില്ല. ഈ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും പഠനപാതയിൽ പൂർണ പങ്കാളിത്തത്തോടെ നിലനിർത്താൻ വേണ്ടതായ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഇടപെടൽ ആവശ്യമാണ്.

4. കുടുംബങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം ഉടനെ അവസാനിച്ചേക്കില്ല. മാതാപിതാക്കളുടെ സമ്മർദ്ദവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം കുടുംബപ്രശ്‌നങ്ങൾ കൂടിയേക്കും. ആഗോള തലത്തിൽ തന്നെ മാനസികാരോഗ്യ വിദഗ്ധർ ഇത്തരം മുന്നറിയിപ്പ് നൽകുന്നുണ്ട് എന്നതും ഓർക്കണം. വലിയൊരു പങ്ക് മാതാപിതാക്കൾക്ക് വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയുണ്ട്. ഇതുംകൂടി ചേർന്ന് കൗമാരക്കാരായ വിദ്യാർഥികളുടെ മാനസികസംഘർഷം ഇനിയും വർധിപ്പിച്ചേക്കാം. കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ അവസാനകാലത്തോടടുത്ത് കേരളത്തിൽ ഏതാനും കൂട്ട ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരുന്നു. അത് അപകടകരമായ ഒരു പ്രവണതയുടെ സൂചനയായി കാണണം. കുട്ടികൾക്കും കുടുംബങ്ങൾക്കും മാനസിക പിന്തുണ ഉറപ്പാക്കുക എന്നത് അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതാണ്. കുട്ടിയെ പരീക്ഷക്ക് തയ്യാറെടുപ്പിക്കുക എന്നതിനുമാത്രം സ്‌കൂളും സമൂഹവും നല്കുന്ന അമിതപ്രാധാന്യം ഈ സാഹചര്യത്തെ കൂടുതൽ അപകടകരമാക്കും. മെന്റർ എന്നനിലയിൽ പ്രവർത്തിക്കേണ്ട ചുമതലയെപ്പറ്റി അധ്യാപകരെ പല തലത്തില് ബോധ്യപ്പെടുത്തുകയും അതിനുവേണ്ട പിന്തുണ നല്കി അവരെ സജ്ജരാക്കുകയും ചെയ്യേണ്ടതുണ്ട്.

5. അടച്ചിടൽ കാലത്ത് കൗമാരക്കാരായ വിദ്യാർത്ഥികളുടെ വ്യായാമം തീരെ കുറഞ്ഞത് ദീർഘകാലാടിസ്ഥാനത്തിൽ ജീവിതശൈലീരോഗങ്ങൾക്ക് വഴിയൊരുക്കും. അധ്യാപകരുടെയും മാതാപിതാക്കളുടെയും നിരന്തരശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവണം. കണ്ണിനും നടുവിനും വേണ്ടത്ര വിശ്രമവും വ്യായാമവും ഉറപ്പുവരുത്തേണ്ടതുണ്ട്.

ഡിജിറ്റൽ വിദ്യാഭ്യാസത്തിന് തനതായ ഒരു രീതിശാസ്ത്രം ഉരുത്തിരിയുകതന്നെ വേണം. റെക്കോർഡഡ് ക്ലാസുകൾക്കു പുറമേ, ഇന്റർനെറ്റിന്റെ ഇന്ററാക്ടീവ് സ്വഭാവമുള്ള ക്ലാസുകൾ കൂടി ആവിഷ്‌കരിക്കുന്നതിന്റെ സാധ്യത ആരായണം

6. വിദ്യാർഥികളിലെ വിഷാദത്തിന്റെയും ഉൽക്കണ്ഠയുടെയും ലക്ഷണങ്ങളെ ശ്രദ്ധിക്കണം. അവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ കൗൺസിലർമാർ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുടെ ക്രിയാത്മകമായ പ്രവർത്തനം ആവശ്യമുണ്ട്. സ്‌കൂൾ കൗൺസിലർമാരുടെ സേവനം കൂടിയ അളവിലും ഗുണത്തിലും കുട്ടികളിലെത്തണം. വിദ്യാർത്ഥികളിൽ അമിതമായ സ്‌ക്രീൻ ഉപയോഗമുണ്ട്. മറ്റു വിനോദോപാധികളുടെ അഭാവത്തിൽ ഉണ്ടായതാകയാൽ, കൂടുതൽ പേരിലും ഇതൊരു താൽക്കാലിക പ്രശ്‌നമായിരിക്കാം. എങ്കിലും ഇതര ബുദ്ധിമുട്ടുകൾ കൂടിയുള്ള വിദ്യാർത്ഥികളുടെ മൊബൈൽ ഉപയോഗത്തിന്റെ കാര്യത്തിൽ ശ്രദ്ധ ആവശ്യമുണ്ട്.

വിദ്യാർത്ഥികളിൽ വൈകാരികനിയന്ത്രണത്തിനുള്ള ബുദ്ധിമുട്ട് വിഷാദവും മറ്റു മാനസിക പ്രയാസങ്ങളുമായി പ്രധാനപ്പെട്ട ഘടകമാണ് എന്ന് പഠനം വെളിവാക്കുന്നു. വികാരങ്ങളെ തിരിച്ചറിയുന്നതിനും വികാരങ്ങളെ റെഗുലേറ്റ് ചെയ്യുന്നതിനും വിദ്യാർഥികൾക്ക് ചെറിയ ക്ലാസ് മുതൽ പരിശീലനം നൽകേണ്ടതുണ്ട്. ഇത്തരം പരിശീലനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾച്ചേർക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാവുന്നതാണ്.

മൂല്യനിർണയങ്ങളുടെ അഭാവം പഠനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്ന് മാതാപിതാക്കളും അധ്യാപകരും റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പ്രദായിക എഴുത്തുപരീക്ഷകളെ ആശ്രയിച്ചു നിൽക്കുന്ന പഠനപ്രക്രിയയുടെ ദൗർബല്യം വെളിവാക്കുന്ന ഒന്നാണ് ഈ വിലയിരുത്തൽ.

കൗമാരക്കാരിലെ ആത്മഹത്യ തടയണമെങ്കിൽ വിവിധ തലങ്ങളിലുള്ള പ്രതിരോധപ്രവർത്തനങ്ങൾ ആവശ്യമുണ്ട്. വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ തലങ്ങളിൽ ദൗർബല്യങ്ങളുള്ള വിദ്യാർഥികൾക്ക് മുൻകൂർ സഹായം ലഭ്യമാക്കാനുള്ള പദ്ധതികൾ ഉണ്ടാകണം. ഇതിലേക്ക് കൂടുതൽ വെളിച്ചം വീശാൻ പ്രൊഫഷണലുകളുടെ സഹായത്തോടെയുള്ള ഫീൽഡ് പഠനങ്ങൾ കൂടുതൽ ആവശ്യമുണ്ട്.

മാനസികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബകോടതികൾ തുടങ്ങിയ സ്ഥലങ്ങളിൽ സേവനം തേടുന്ന കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്താനും അവർ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളിലേക്ക് വഴുതിവീഴുന്നതിനു മുൻപുതന്നെ ആവശ്യമെങ്കിൽ വേണ്ട പിന്തുണ കൊടുക്കാനുമുള്ള സംവിധാനം നിലവിൽ വരണം.

7. ഡിജിറ്റൽ പഠനം തുടരുന്ന സാഹചര്യത്തിൽ അധ്യാപക പരിശീലനപരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ അധ്യാപകരിലെ പലവിധ സമ്മർദ്ദങ്ങൾ നിയന്ത്രിക്കുന്നതിനും ഓൺലൈൻ ക്ലാസിന് അനുയോജ്യമായ അധ്യാപനസാമഗ്രികൾ തയ്യാറാക്കുന്നതിനും വിദ്യാർത്ഥിയുടെ ക്ലാസ് പ്രവർത്തനത്തെ വിലയിരുത്തുന്നതിനും വേണ്ട ഘടകങ്ങൾ ഉൾപ്പെടുത്താം.

8. യൂണിറ്റ് ടെസ്റ്റുകളും ടേം മൂല്യനിർണയങ്ങളും ഒഴിവാക്കിയുള്ള ഒരു അധ്യയനവർഷമാണ് കടന്നുപോയത്. മൂല്യനിർണയങ്ങളുടെ അഭാവം വിദ്യാർത്ഥികളുടെ പഠനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്ന് ഗവേഷണത്തിൽ സഹകരിച്ച മാതാപിതാക്കളും അധ്യാപകരും റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പ്രദായിക എഴുത്തുപരീക്ഷകളെ ആശ്രയിച്ചു നിൽക്കുന്ന പഠനപ്രക്രിയയുടെ ദൗർബല്യം വെളിവാക്കുന്ന ഒന്നാണ് ഈ വിലയിരുത്തൽ. പരീക്ഷ, പരീക്ഷയോടുള്ള ഭയം, പരീക്ഷയിലെ പ്രകടനം മികച്ചതായാൽ കിട്ടുന്ന അഭിനന്ദനം, പ്രകടനം മോശമായാൽ കിട്ടിയേക്കാവുന്ന വഴക്ക് എന്നിങ്ങനെയുള്ള സാമ്പ്രദായിക ഘടകങ്ങൾക്ക് പൊതുസമൂഹത്തെ സംബന്ധിച്ച് പഠനപ്രക്രിയയിൽ ഇപ്പോഴും വലിയ പങ്കാണുള്ളത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

തുല്യനീതിയിലധിഷ്ഠിതമായ പൊതുവിദ്യാഭ്യാസത്തിന്റെ ആധാരശിലകളെ അതേപടി നിലനിർത്തിക്കൊണ്ടും സാങ്കേതികവിദ്യയെ ഔചിത്യപൂർവ്വം ഉൾച്ചേർത്തുമായിരിക്കണം ഡിജിറ്റൽ വിദ്യാഭ്യാസം മുന്നോട്ടു പോകേണ്ടത്.

ഉപസംഹാരം

തുടർച്ചയായി രണ്ടാം വർഷവും ഡിജിറ്റൽ രൂപത്തിൽ മാത്രം ക്ലാസ് മുന്നോട്ടു കൊണ്ടുപോവുക എന്നത് ദീർഘകാലാടിസ്ഥാനത്തിൽ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ഒരു വെല്ലുവിളിയാണ്. നേരിൽ കണ്ടും തൊട്ടറിഞ്ഞും ചെയ്തുനോക്കിയും പഠിക്കാൻ അവകാശമുള്ളയാളാണ് വിദ്യാർത്ഥി. അയാളുടെ മുന്നിൽ ഒരു നേരനുഭവസംഹാരിയായി സാങ്കേതികവിദ്യ പ്രത്യക്ഷപ്പെടാൻ പാടില്ലാത്തതാണ്. സഹപാഠികളുടെയും അധ്യാപകരുടെയും സാന്നിധ്യവും പിന്തുണയും ഇല്ലാതെ വിദ്യാഭ്യാസപ്രക്രിയ പൂർണമാവുകയില്ലല്ലോ. എങ്കിലും ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ പഠനാന്തരീക്ഷത്തിന്റെയും പഠനപ്രക്രിയയുടെയും ജൈവസ്വഭാവം അതേ മട്ടിൽ ഡിജിറ്റൽ പഠനാന്തരീക്ഷത്തിലും കാത്തുസൂക്ഷിക്കാൻ എളുപ്പമല്ല. പഠിതാക്കളുടെ വൈവിധ്യം പരിഗണിച്ച് അധ്യാപനത്തെ വ്യക്തിഗതാടിസ്ഥാനത്തിൽ പരുവപ്പെടുത്തുന്നതാകട്ടെ, അതിലേറെ ബുദ്ധിമുട്ടാണ്. ഈ യാഥാർഥ്യങ്ങളെ അംഗീകരിക്കുമ്പോൾത്തന്നെയും, തുല്യനീതിയിലധിഷ്ഠിതമായ പൊതുവിദ്യാഭ്യാസത്തിന്റെ ആധാരശിലകളെ അതേപടി നിലനിർത്തിക്കൊണ്ടും സാങ്കേതികവിദ്യയെ ഔചിത്യപൂർവ്വം ഉൾച്ചേർത്തുമായിരിക്കണം ഡിജിറ്റൽ വിദ്യാഭ്യാസം മുന്നോട്ടു പോകേണ്ടത്. എല്ലാ വിഭാഗത്തിന്റെയും പ്രാപ്യതയും പങ്കാളിത്തവും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പു വരുത്തണം. ഒപ്പംതന്നെ നേരിട്ടുള്ള വിദ്യാഭ്യാസം സാധ്യമാകുന്ന കാലത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയെ പൊതുവിദ്യാഭ്യാസത്തിൽ കൂടുതൽ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനുള്ള വഴിയൊരുക്കുകയും വേണം. അധ്യാപകരുടെ ജൈവസാന്നിധ്യത്തിന്റെയും നേരനുഭവങ്ങളുടെയും വെർച്വൽ സാധ്യതകളുടെയും ചേരുവകളെ കൂടാതെയും കുറയാതെയും സമന്വയിപ്പിക്കാനുള്ള വൈദഗ്ധ്യവും വിദ്യാർഥികളെ സമഗ്രമായി മെന്റർ ചെയ്യാനുള്ള ശേഷികളും അധ്യാപനത്തിന്റെ മുഖമുദ്രയാവുന്ന നാളെയെ മുന്നിൽ കണ്ടാവണം ഇനിയുള്ള പദ്ധതികളും പരിവർത്തന പരിപാടികളും. ▮


മായ മേനോൻ

അസിസ്​റ്റൻറ്​ പ്രൊഫസർ ആൻറ്​ ക്ലിനിക്കൽ സൈക്കോളജിസ്​റ്റ്​, ഗവ. കോ​ളേജ്​ ഫോർ വിമെൻ, തിരുവനന്തപുരം.

ടി.വി. വിനീഷ്​

റിസർച്ച്​ ഓഫീസർ, എസ്​.സി.ഇ.ആർ.ടി

ഷിജു ജോസഫ്​

അസിസ്​റ്റൻറ്​ പ്രൊഫസർ ആൻറ്​ ക്ലിനിക്കൽ സൈക്കോളജിസ്​റ്റ്​, ഗവ. കോളേജ്​ ഫോർ വിമെൻ, തിരുവനന്തപുരം.

Comments