പരീക്ഷ കഴിഞ്ഞ് 40 ദിവസമായിട്ടും UGC NET ഉത്തരസൂചികയില്ല, NTA വീണ്ടും പ്രതിക്കൂട്ടിൽ

പരീക്ഷാ നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും ഉദ്യോഗാർഥികൾ നേരിടുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ കൃത്യമായ സമയക്രമവും സുതാര്യമായ നടപടിക്രമങ്ങളും ഉറപ്പാക്കേണ്ടത് NTA-യുടെ ഉത്തരവാദിത്തമാണ്. ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ആശങ്കകൾക്ക് വ്യക്തമായ മറുപടി നൽകുന്നതിനൊപ്പം, ഇനി വരുന്ന നടപടികൾ സമയബന്ധിതവും സുതാര്യവുമായിരിക്കേണ്ടതും അനിവാര്യമാണ്.

News Desk

രീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളും പരീക്ഷ റദ്ദാക്കലും ഉത്തരസൂചികാ സംബന്ധമായ പരാതികളും സാങ്കേതിക പ്രശ്നങ്ങളും തുടർച്ചയായി ചർച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 2026-ലെ UGC-NET ഫലവും നീളുന്നത്. പ്രൊവിഷണൽ ഉത്തരസൂചിക പോലും പുറത്തുവരാത്തത് ആശങ്കകൾ വർധിപ്പിക്കുന്നു. പരീക്ഷാനടത്തിപ്പിലെ വീഴ്ചകൾ ആവർത്തിക്കുമ്പോഴും, അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുന്നത് ഉദ്യോഗാർഥികൾ മാത്രമാണ്. NTA-യും കേന്ദ്ര സർക്കാരും ഉത്തരവാദിത്തം ഏറ്റെടുക്കാതെ മൗനം തുടരുന്നു. സുതാര്യവും വിശ്വാസ്യതയുള്ളതുമായ പരീക്ഷാ സംവിധാനം എന്ന വാഗ്ദാനത്തിനും ഉദ്യോഗാർഥികൾ നേരിടുന്ന യാഥാർഥ്യത്തിനുമിടയിലെ ദൂരം വീണ്ടും തുറന്നുകാട്ടുകയാണ് UGC-NET.

2026-ലെ UGC-NET പരീക്ഷ പൂർത്തിയായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഉത്തരസൂചിക പുറത്തുവരാത്തത് ഉദ്യോഗാർഥികൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള നിർണായക ഘട്ടമാണ് പ്രൊവിഷണൽ ഉത്തരസൂചിക. സ്വന്തം ഉത്തരങ്ങളും NTAയുടെ ഉത്തരങ്ങളും താരതമ്യം ചെയ്യാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും ഇതുവഴിയാണ് ഉദ്യോഗാർഥികൾക്ക് അവസരം ലഭിക്കുന്നത്. അതിനാൽ ഉത്തരസൂചിക വൈകുന്നത് ഫലം വൈകുന്നതിന്റെ ആദ്യ സൂചന കൂടിയാണ്. ഉത്തരസൂചിക, വിദഗ്ധ പരിശോധന, അന്തിമ ഉത്തരസൂചിക, ഫലപ്രഖ്യാപനം എന്നിങ്ങനെ ഓരോ ഘട്ടവും പിന്നിട്ട ശേഷമാണ് അന്തിമഫലം വരുന്നത്. NTA ഇപ്പോൾ, ഈ ആഴ്ച പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഫലം പ്രസിദ്ധീകരിക്കുന്ന തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

UGC-NET ഒരു യോഗ്യതാ പരീക്ഷ മാത്രമല്ല. ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പി.എച്ച്.ഡി പ്രവേശനം തുടങ്ങിയ അക്കാദമിക് അവസരങ്ങളുമായി നേരിട്ട് ബന്ധമുള്ള പരീക്ഷയാണിത്. അതുകൊണ്ടുതന്നെ ഫലപ്രഖ്യാപനത്തിലെ ഓരോ ദിവസത്തെ കാലതാമസവും ഉദ്യോഗാർഥികളുടെ അക്കാദമിക്, തൊഴിൽ മേഖലകളെ ഗുരുതരമായി ബാധിക്കും.

NTA-യുടെ ഓരോ പരീക്ഷാ അറിയിപ്പിലും സുതാര്യതയും പരീക്ഷാ വിശ്വാസ്യതയും പ്രധാന ലക്ഷ്യങ്ങളായി പറയപ്പെടാറുണ്ട്. എന്നാൽ പ്രായോഗികമായി ഉദ്യോഗാർഥികൾക്ക് ലഭിക്കുന്ന അനുഭവം അതിനനുസരിച്ചാണോ എന്നതാണ് പരിശോധിക്കേണ്ടത്.
NTA-യുടെ ഓരോ പരീക്ഷാ അറിയിപ്പിലും സുതാര്യതയും പരീക്ഷാ വിശ്വാസ്യതയും പ്രധാന ലക്ഷ്യങ്ങളായി പറയപ്പെടാറുണ്ട്. എന്നാൽ പ്രായോഗികമായി ഉദ്യോഗാർഥികൾക്ക് ലഭിക്കുന്ന അനുഭവം അതിനനുസരിച്ചാണോ എന്നതാണ് പരിശോധിക്കേണ്ടത്.

UGC-NET പരീക്ഷയുടെ മുൻകാല വിവാദങ്ങളും,ഇന്നത്തെ ആശങ്കകൾക്ക് ആക്കം കൂട്ടുന്നതിന് പിന്നിലെ മറ്റൊരു കാരണമാണ്. 2024 ജൂൺ 18ന് നടന്ന പരീക്ഷയാണ് പ്രധാനപ്പെട്ട ഉദാഹരണം. പരീക്ഷ കഴിഞ്ഞ് ഒരു ദിവസത്തിനകം, പരീക്ഷയുടെ വിശ്വാസ്യതയിൽ വിട്ടുവീഴ്ച സംഭവിച്ചെന്ന വിവരത്തെ തുടർന്ന് കേന്ദ്രസർക്കാർ പരീക്ഷ റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിലെ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരീക്ഷയുടെ വിശ്വാസ്യതയിൽ വീഴ്ച സംഭവിച്ചിരിക്കാമെന്ന് സൂചിപ്പിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കി. വിഷയം വിശദമായ അന്വേഷണത്തിനായി CBI-ക്ക് കൈമാറുകയും ചെയ്തു.

അന്ന് രാജ്യത്തുടനീളം ഒമ്പത് ലക്ഷത്തിലധികം ഉദ്യോഗാർഥികൾ പരീക്ഷയെഴുതിയിരുന്നു. പരീക്ഷ റദ്ദാക്കിയത് ഉദ്യോഗാർഥികൾക്ക് വലിയ തിരിച്ചടിയായി. ഒരു ദിവസം കൊണ്ട് പരീക്ഷ അസാധുവാകുന്നത്, മാസങ്ങളോളം നടത്തിയ തയ്യാറെടുപ്പിനെയും പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസത്തെയും ഒരുപോലെ ബാധിച്ചു. ആദ്യഘട്ടത്തിൽ പരീക്ഷ റദ്ദാക്കാൻ കാരണമായത് ചോദ്യപേപ്പർ ചോർന്നുവെന്ന സംശയമായിരുന്നു. എന്നാൽ CBI അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ സംഭവത്തെ കൂടുതൽ സങ്കീർണമാക്കി. പരീക്ഷാദിവസം ഉച്ചയ്ക്ക് ടെലിഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പറിന്റെ ചിത്രം കൃത്രിമമായി മാറ്റിയതാണെന്നും, അത് പരീക്ഷയ്ക്ക് മുമ്പ് പേപ്പർ ലഭ്യമായിരുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

അതേസമയം, അന്വേഷണത്തിന്റെ മറ്റൊരു ഘട്ടത്തിൽ പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് തന്നെ ചോദ്യപേപ്പർ ഡാർക്ക് വെബിലും എൻക്രിപ്റ്റഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും വിൽക്കപ്പെട്ടിരിക്കാമെന്ന വിവരങ്ങളും പുറത്തുവന്നു. പേപ്പർ ചോർന്നത് എവിടെനിന്നാണെന്ന് കണ്ടെത്താൻ NTA മുതൽ പരീക്ഷാ കേന്ദ്രങ്ങൾ വരെയുള്ള വിവിധ തലങ്ങളിലെ ആളുകളുടെ പങ്ക് പരിശോധിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവ രണ്ടും തമ്മിലുള്ള വൈരുധ്യമാണ് 2024 സംഭവത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്.

ഒരു പരീക്ഷാ ഏജൻസിയുടെ വിശ്വാസ്യത പരീക്ഷയുടെ കൃത്യതയിൽ മാത്രമല്ല, പരീക്ഷയ്ക്ക് മുമ്പും ശേഷവും ഉദ്യോഗാർഥികളോട് നടത്തുന്ന ആശയവിനിമയത്തിലുമാണ് അളക്കപ്പെടുന്നത്. എന്തുകൊണ്ട് വൈകുന്നു? ഏത് ഘട്ടത്തിലാണ് പരിശോധന? ഉത്തരസൂചികയ്ക്ക് ശേഷം ഫലം എത്ര ദിവസത്തിനുള്ളിൽ? ആക്ഷേപങ്ങൾ എങ്ങനെ പരിഗണിക്കും? ഇത്തരം അടിസ്ഥാന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കേണ്ടത് ഉദ്യോഗാർഥികളുടെ അവകാശമാണ്.

ഒരു ദേശീയ പരീക്ഷയുടെ സുരക്ഷാ സംവിധാനത്തിൽ ഇത്തരം ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്ഥാപനത്തിന്റെ വീഴ്ചയുടെ സൂചനയാണ്.2025 ജൂണിലെ UGC-NET പരീക്ഷ 85 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് നടന്നത്. 10.19 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്, 7.52 ലക്ഷം പേർ പരീക്ഷയെഴുതി. പ്രൊവിഷണൽ ഉത്തരസൂചികയും പ്രതികരണ രേഖകളും ജൂലൈ ആദ്യവാരത്തിൽ പ്രസിദ്ധീകരിച്ച ശേഷം ജൂലൈ 21-ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ ആ ഘട്ടത്തിലും പരാതികൾ ഉയർന്നിരുന്നു. ഉത്തരസൂചികയും പ്രതികരണരേഖകളും പരിശോധിക്കുന്നതിനിടെ ചില ഉദ്യോഗാർഥികൾ തങ്ങൾ പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരങ്ങളും പുറത്തുവന്ന റെസ്‌പോൺസ് ഷീറ്റിലുള്ള ഉത്തരങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്ന് ആരോപിച്ചു. ഉത്തരസൂചിക പരിശോധിക്കുന്നതിനുള്ള വെബ്സൈറ്റിലും സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു ദേശീയതല പരീക്ഷയെക്കുറിച്ച് തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങളും ഉത്തരസൂചികാ സംബന്ധമായ സംശയങ്ങളും ഉയരുമ്പോൾ, NTA-യുടെ ഭാഗത്ത് നിന്ന് കൂടുതൽ സുതാര്യമായ വിശദീകരണം ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്.

2026ൽ സ്ഥിതി വീണ്ടും മറ്റൊരു രൂപത്തിൽ ആവർത്തിക്കുകയാണ്. പരീക്ഷ പൂർത്തിയായിട്ടും ഉത്തരസൂചികയ്ക്കായി ഉദ്യോഗാർഥികൾ കാത്തിരിക്കുകയാണ്. പി.എച്ച്.ഡി പ്രവേശനം, ഫെലോഷിപ്പ്, അധ്യാപക നിയമനം തുടങ്ങിയ അടുത്ത ഘട്ടങ്ങളിലേക്ക് നീങ്ങേണ്ട ഉദ്യോഗാർഥികൾ അനിശ്ചിതത്വത്തിലാണ്.

ഒരു പരീക്ഷാ ഏജൻസിയുടെ വിശ്വാസ്യത പരീക്ഷയുടെ കൃത്യതയിൽ മാത്രമല്ല, പരീക്ഷയ്ക്ക് മുമ്പും ശേഷവും ഉദ്യോഗാർഥികളോട് നടത്തുന്ന ആശയവിനിമയത്തിലുമാണ് അളക്കപ്പെടുന്നത്. എന്തുകൊണ്ട് വൈകുന്നു? ഏത് ഘട്ടത്തിലാണ് പരിശോധന? ഉത്തരസൂചികയ്ക്ക് ശേഷം ഫലം എത്ര ദിവസത്തിനുള്ളിൽ? ആക്ഷേപങ്ങൾ എങ്ങനെ പരിഗണിക്കും? ഇത്തരം അടിസ്ഥാന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കേണ്ടത് ഉദ്യോഗാർഥികളുടെ അവകാശമാണ്.

NTA-യുടെ ഓരോ പരീക്ഷാ അറിയിപ്പിലും സുതാര്യതയും പരീക്ഷാ വിശ്വാസ്യതയും പ്രധാന ലക്ഷ്യങ്ങളായി പറയപ്പെടാറുണ്ട്. എന്നാൽ പ്രായോഗികമായി ഉദ്യോഗാർഥികൾക്ക് ലഭിക്കുന്ന അനുഭവം അതിനനുസരിച്ചാണോ എന്നതാണ് പരിശോധിക്കേണ്ടത്. 2024-ൽ പരീക്ഷ റദ്ദാക്കേണ്ടിവന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ തന്നെ തെളിവുകളുടെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. 2025-ൽ ഉത്തരസൂചികയും റെസ്പോൺസ് ഷീറ്റും സംബന്ധിച്ച് ഉദ്യോഗാർഥികൾ പരാതിപ്പെട്ടു. 2026-ൽ വീണ്ടും ഉത്തരസൂചികയ്ക്കായുള്ള കാത്തിരിപ്പ് നീളുന്നു. ഓരോ പ്രതിസന്ധിക്കു ശേഷവും പരിഷ്കാരങ്ങളും കൂടുതൽ സുതാര്യതയും ഉറപ്പുനൽകിയിട്ടും, അതേ തരത്തിലുള്ള ആശങ്കകൾ വീണ്ടും ഉയരുന്നത് ആ പരിഷ്കാരങ്ങളുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെടേണ്ട സാഹചര്യം സൃഷ്ടിക്കുന്നു.

 NTAയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വന്ന നോട്ടിഫിക്കേഷൻ
NTAയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വന്ന നോട്ടിഫിക്കേഷൻ

കഴിഞ്ഞ ദിവസങ്ങളിൽ NTAയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തുവന്ന നോട്ടിഫിക്കേഷൻ ഉദ്യോഗാർഥികളുടെ ആശങ്കകൾക്ക് ഒരു പരിധിവരെ ആശ്വാസം നൽകുന്നതാണ്. UGC-NET ജൂൺ 2026 പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക ഈ ആഴ്ച ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം CSIR-NET, ICAR AIEEA (PG), AICE (PhD) 2026 പരീക്ഷകളുടെ താൽക്കാലിക ഉത്തരസൂചികകളും പ്രസിദ്ധീകരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഇതോടെ UGC-NET ഉൾപ്പെടെയുള്ള ദേശീയതല പരീക്ഷകളിലെ ഉത്തരസൂചിക പ്രസിദ്ധീകരണവും തുടർനടപടികളും സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. എന്നാൽ, പരീക്ഷാ നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും ഉദ്യോഗാർഥികൾ നേരിടുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ കൃത്യമായ സമയക്രമവും സുതാര്യമായ നടപടിക്രമങ്ങളും ഉറപ്പാക്കേണ്ടത് NTA-യുടെ ഉത്തരവാദിത്തമാണ്. ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ആശങ്കകൾക്ക് വ്യക്തമായ മറുപടി നൽകുന്നതിനൊപ്പം, ഇനി വരുന്ന നടപടികൾ സമയബന്ധിതവും സുതാര്യവുമായിരിക്കേണ്ടതും അനിവാര്യമാണ്.

READ MORE: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രക്ഷോഭം; സമരം 19ാം ദിവസം, സർക്കാർ പ്രതിരോധത്തിൽ

ക്യാ ബോൽത്തീ പബ്ലിക്', CJP-യുടെ പുതിയ ക്യാമ്പെയിൻ, മുന്നിൽ നാല് പ്രധാന ലക്ഷ്യങ്ങൾ



Comments