ശരിക്കും ദുരന്തമാണ്,
നമ്മുടെ B.Ed കോ​ളേജുകൾ

ജെൻഡർ വൈവിധ്യങ്ങളെ അംഗീകരിക്കാത്ത, സ്ത്രീപുരുഷ സൗഹൃദങ്ങൾ വിലക്കുന്ന, വസ്ത്രസ്വാതന്ത്ര്യങ്ങളിൽ പോലും കൈകടത്തുന്ന രീതിയിലുള്ള അക്കാദമിക് തടവറകളാണ് പല അധ്യാപക വിദ്യാഭ്യാസസ്ഥാപനങ്ങളും. ഇതിനെ ഏതെങ്കിലും തരത്തിൽ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളോട് അതിരൂക്ഷമായി പെരുമാറുന്ന പല സംഭവങ്ങളും സംസ്ഥാനത്തെ ബിഎഡ് കോളേജുകളിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇവയൊന്നിനും കൃത്യമായ പരാതികളുണ്ടാകാറില്ല- അധ്യാപകവിദ്യാഭ്യാസത്തിന്റെ പ്രതിസന്ധികളെക്കുറിച്ച് എഴുതുന്നു, രാഹുൽ പി.സി.

മൂഹത്തിൽ ഏതു കാലത്തും വളരെയധികം ആദരവും ബഹുമാനവും ലഭിക്കുന്ന ജോലിയാണ് അധ്യാപകരുടേത്. ഭാവിതലമുറയെ വാർത്തെടുക്കുന്നവർ എന്നതിലുപരി ഒരു നാടിന്റെ സാമൂഹിക- സാംസ്കാരിക മേഖലയിലും വിദ്യാഭ്യാസ പുരോഗതിയുടെ മേഖലയിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന അധ്യാപകരുണ്ട്. ടീച്ചർ- മാഷ് തുടങ്ങിയവരെല്ലാം പള്ളിക്കൂടങ്ങൾക്കപ്പുറത്ത് സമൂഹത്തിന്റെ കൂടി പൊതുസ്വത്ത് ആവുന്നതും അങ്ങനെയാണ്. സാധാരണ നാട്ടിലെ പ്രശ്നക്കാർ പോലും അധ്യാപകർക്കും മുമ്പിൽ അവരെ പഠിപ്പിച്ചിട്ടില്ലെങ്കിൽ പോലും മാന്യമായി പെരുമാറുന്നത് ആ പദവിക്കും സ്ഥാനത്തിനും നൽകുന്ന ആദരവും ബഹുമാനവും കൊണ്ടാണ്.

പണ്ടുകാലത്ത് എന്തെങ്കിലും ഒരു പുതിയ അറിവ് ലഭിക്കുന്നതിനുള്ള പ്രധാനപ്പെട്ട മാർഗം എന്ന് പറയുന്നത് അധ്യാപകരിൽ നിന്നും ലഭിക്കുന്ന അറിവ് തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. ഏതൊരു വിഷയത്തിലും വിദഗ്ധ ഉപദേശം ചോദിക്കാൻ വിശ്വസ്തതയോടുകൂടി എല്ലാവരും സമീപിക്കുന്ന ഒരു കേന്ദ്രം അധ്യാപകരാണ്. മക്കളുടെ വിദ്യാഭ്യാസം, വായിക്കാനുള്ള പുസ്തകങ്ങൾ, കത്ത് വായിക്കൽ, കമ്പിത്തപാലിലെ വിവരങ്ങൾ പറഞ്ഞുകൊടുക്കൽ എന്നിങ്ങനെ അധ്യാപകർ സമഗ്രമായി വിദ്യാഭ്യാസ ജീവിതത്തിലും പൊതുജീവിതത്തിലും ഇടപെട്ടിരുന്നതായി കാണാം. എന്നാൽ ഈ പുതിയ കാലത്ത് വിരൽത്തുമ്പിൽ വിവരങ്ങളുടെ അനന്തസാധ്യതകൾ തുറന്നിടുന്ന സമയത്ത് പരമ്പരാഗതരീതി പിന്തുടരുന്ന അധ്യാപക വിദ്യാഭ്യാസം ഈ കാലഘട്ടത്തിൽ എത്രത്തോളം പ്രസക്തമാണ് എന്ന് വിമർശനാത്മകമായി പഠിക്കേണ്ടിയിരിക്കുന്ന ഒന്നാണ്. മാറിയ പൊതു വിദ്യാഭ്യാസ സാഹചര്യത്തിനനുസരിച്ച് നമ്മുടെ അധ്യാപക വിദ്യാഭ്യാസ രീതികളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരേണ്ടതല്ലേ? കരിക്കുലത്തിൽ തുടങ്ങി ട്രെയിനിങ്ങുകളിൽ വരെ കൃത്യമായ പരിഷ്കരണം അധ്യാപക വിദ്യാഭ്യാസം ആവശ്യപ്പെടുന്നുണ്ട്.

പുതിയ കാലത്ത്
B.Ed ക്ലാസ് മുറികൾ
ഇങ്ങനെയൊക്കെ മതിയോ?

അധ്യാപക വിദ്യാഭ്യാസം:
രീതികളും പോരായ്മകളും

അദ്ധ്യാപനം എന്നത് ഒരു തൊഴിൽ എന്ന നിലയ്ക്ക് പരിഗണിക്കാമെങ്കിലും മറ്റു തൊഴിലുകളുമായി താരതമ്യം ചെയ്യുമ്പോൾ അധ്യാപനമേഖല കുറച്ചു പ്രാധാന്യമർഹിക്കുന്നുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല, വരുംതലമുറയെ വാർത്തെടുക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഒരു തൊഴിൽ എന്ന നിലയിലാണ്. ആയതിനാൽ ശാസ്ത്രീയവും സമഗ്രവും പരിശീലനാത്മകവുമായ പഠനരീതി തീർച്ചയായും അധ്യാപക വിദ്യാഭ്യാസം ആവശ്യപ്പെടുന്നുണ്ട്. പണ്ടുകാലത്ത് ഉന്നത വിദ്യാഭ്യാസം നേടിയിരുന്ന ആളുകളെ അധ്യാപകരായി നിയമിച്ചിരുന്നു, പ്രത്യേകിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള ആളുകളെയെല്ലാം അധ്യാപക പരിശീലന കോഴ്സ് ഇല്ലെങ്കിലും അധ്യാപകരായി നിയമിച്ചിരുന്നു. അതോടൊപ്പം സമാന്തര വിദ്യാഭ്യാസ മേഖലകൾ സജീവമായതിനാൽ നിരവധി അധ്യാപന അവസരങ്ങളും ഉണ്ടായിരുന്നു.

എന്നാൽ കൃത്യമായ പരിശീലനത്തോടുകൂടിയുള്ള അധ്യാപകരുടെ ആവശ്യം മാറിവരുന്ന വിദ്യാഭ്യാസ രീതികൾ ആവശ്യപ്പെട്ടിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ടീച്ചർ ട്രെയിനിങ് കോഴ്സുകൾ പുരോഗതി പ്രാപിക്കുന്നത്. മിഷനറിമാരുടെ കാലത്ത് സജീവമായിരുന്ന സ്കൂൾ വിദ്യാഭ്യാസരീതിയുടെ ഭാഗമായി തന്നെയാണ് ട്രെയിനിങ് നേടിയ ടീച്ചർമാരുടെ ആവശ്യവും ഉരുതിരിഞ്ഞുവരുന്നത്.

അദ്ധ്യാപനം എന്നത് ഒരു തൊഴിൽ എന്ന നിലയ്ക്ക് പരിഗണിക്കാമെങ്കിലും മറ്റു തൊഴിലുകളുമായി താരതമ്യം ചെയ്യുമ്പോൾ അധ്യാപനമേഖല കുറച്ചു പ്രാധാന്യമർഹിക്കുന്നുണ്ട്.
അദ്ധ്യാപനം എന്നത് ഒരു തൊഴിൽ എന്ന നിലയ്ക്ക് പരിഗണിക്കാമെങ്കിലും മറ്റു തൊഴിലുകളുമായി താരതമ്യം ചെയ്യുമ്പോൾ അധ്യാപനമേഖല കുറച്ചു പ്രാധാന്യമർഹിക്കുന്നുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം ഇന്ത്യയിൽ പലതരത്തിലുള്ള ടീച്ചർ ട്രെയിനിങ് രീതികൾ നടപ്പിലാക്കിയതായി ചരിത്രം പരിശോധിക്കുമ്പോൾ കാണാം. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പല ഇടങ്ങളിലായി പ്രത്യേക കാലയളവിലേക്കുള്ള ടീച്ചർ ട്രെയിനിങ് കോഴ്സുകൾ സർവകലാശാലകളിൽ ആരംഭിച്ചിരുന്നു. എന്നാൽ ഇതിനു പൊതുവിൽ ഒരു ഏകീകൃത സ്വഭാവമോ കൃത്യമായ രീതിശാസ്ത്രമോ ഉണ്ടായിരുന്നില്ല.

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന വിദ്യാഭ്യാസ കമ്മീഷനായ 1947- ലെ രാധാകൃഷ്ണ കമ്മീഷനിൽ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരത്തെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങളിൽ തന്നെ ടീച്ചർ ട്രെയിനിങ് വിദ്യാഭ്യാസത്തെ കുറിച്ചും പരാമർശിക്കുന്നുണ്ട്. അധ്യാപക വിദ്യാഭ്യാസം സമഗ്രമാക്കേണ്ടതിന്റെയും ശാസ്ത്രീയമാകേണ്ടതിന്റെയും പൊതു നിർദ്ദേശങ്ങൾ ഈ കമ്മീഷൻ നൽകിയതായി കാണാം. പിന്നാലെ രൂപീകരിച്ച 1964- ലെ കോത്താരി കമ്മീഷനിലും രാജ്യത്താകമാനം ഏകീകൃത സ്വഭാവമുള്ള അധ്യാപക വിദ്യാഭ്യാസരീതി അവലംബിക്കേണ്ടതിന്റെയും അത് ശാസ്ത്രീയമായി നടപ്പിലാക്കേണ്ടതിന്റെയും അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതകളെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

1992, 93 കാലഘട്ടങ്ങളിൽ നടപ്പിലാക്കിയ പ്ലാൻ ഓഫ് ആക്ഷന്റെ ഭാഗമായും മറ്റ് നിയമനിർമാണങ്ങളുടെ ഭാഗമായും രൂപീകരിച്ച (NCTE) ആക്ട്നു വിധേയമായി 1995 ഓഗസ്റ്റിൽ നിലവിൽവന്ന ഈ സമിതിയാണ് ഇന്ത്യയിലെ മുഴുവൻ അധ്യാപക വിദ്യാഭ്യാസത്തെയും നിയന്ത്രിക്കുകയും അനുയോജ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഒരു ഏകീകൃത സ്വഭാവത്തിലേക്ക് ക്രമപ്പെടുത്തുകയും ചെയ്തത്. തുടക്കത്തിൽ ഒരു വർഷത്തെ ദൈർഘ്യത്തിൽ ആയിരുന്ന ട്രെയിനിങ് കോഴ്സുകൾ 2014 നു ശേഷം രണ്ട് വർഷക്കാലയളവിലേക്ക് മാറ്റി. നിലവിൽ കേരളത്തിലെ എല്ലാ സർവ്വകലാശാലകളും അധ്യാപക വിദ്യാഭ്യാസ കോഴ്സ് അല്ലെങ്കിൽ ബാച്ചിലർ ഓഫ് എജുക്കേഷൻ കോഴ്സ്- B Ed- പ്രൊഫഷണൽ ഡിഗ്രി എന്ന നിലയ്ക്ക് നൽകിവരുന്നുണ്ട്.

സോഷ്യലി യൂസ്ഫുൾ വർക്ക് പ്രോഡക്റ്റ് (SUPW) എന്ന പേരിൽ അധ്യാപക വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്ന പരിപാടി കൂടി കരിക്കുലത്തിന്റെ ഭാഗമായി ഉണ്ടെങ്കിലും പലപ്പോഴും അത് വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ബുക്ക് ബൈൻഡിങ്, ഫയൽ നിർമ്മാണം എന്നീ പ്രവർത്തനങ്ങളിൽ മാത്രമായി ചുരുങ്ങിപ്പോകുന്നു.

പാഠ്യപദ്ധതി

നിലവിലെ ബിഎഡ് കരിക്കുലം രണ്ടുവർഷം നീണ്ടുനിൽക്കുന്ന പ്രൊഫഷണൽ കോഴ്സ് ആയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സെമസ്റ്റർ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ 4 സെമസ്റ്ററുകളിലായി നീണ്ടുനിൽക്കുന്ന ഈ കോഴ്സിൽ ആദ്യ രണ്ട് സെമസ്റ്ററുകൾ കൂടുതൽ തിയറികൾക്കും ചെറിയ പ്രാക്ടിക്കലുകൾക്കും- ഉദാഹരണത്തിന് മൈക്രോ ടീച്ചിങ്- പ്രാധാന്യം കൊടുക്കുന്നു.
മൂന്നാമത്തെ സെമസ്റ്റർ പൂർണ്ണമായും പ്രാക്ടിക്കലിന്- അതായത് സ്കൂൾ ഇന്റേൺഷിപ്പുകൾക്ക്- പ്രാധാന്യം നൽകുന്നു. അവസാന സെമസ്റ്ററിൽ തിയറി ക്ലാസുകൾക്കുള്ളതാണ്. ഇങ്ങനെയാണ് കരിക്കുലം ഡിസൈൻ ചെയ്തിട്ടുള്ളത്. ഇതിനുപുറമേ, നാല് ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പുകൾ, പഠന യാത്രകൾ, വർഷോപ്പുകൾ എന്നിവ നിർബന്ധമായും അറ്റൻഡ് ചെയ്തിരിക്കണമെന്ന വ്യവസ്ഥയുണ്ട്. സർവ്വകലാശാലകളുടെ അടിസ്ഥാനത്തിൽ ഈ സൂചിപ്പിച്ച പ്രവർത്തനങ്ങളിൽ ചെറിയ തരത്തിലുള്ള വ്യത്യാസം ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഈ കോഴ്സിന്റെ പൊതുഘടന ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇതേ ക്രമത്തിൽ തന്നെയാണ്.

മാറിയ കാലത്തും
മടുപ്പൻ B.Ed

തിയറി പഠനങ്ങളിൽ കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ വിദ്യാഭ്യാസ തത്വശാസ്ത്രം, വിദേശ വിദ്യാഭ്യാസ തത്വശാസ്ത്രം, സ്കൂൾ രീതിശാസ്ത്രം, വിദ്യാർത്ഥി മനഃശാസ്ത്രം, മറ്റു ബോധനശാസ്ത്രങ്ങൾ എന്നിവയാണ്. ഇതിനുപുറമേ പരീക്ഷകൾ പോലുള്ള വിദ്യാർത്ഥികളുടെ മൂല്യനിർണയം നടത്തുന്നതിന്റെ സാങ്കേതികവും ശാസ്ത്രീയവുമായ മാർഗങ്ങൾ പഠിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെടുന്ന അസസ്സ്മെന്റ് പോലെയുള്ള വിഷയങ്ങളും തിയറി ഭാഗത്ത് വരുന്നുണ്ട്.

പ്രാക്ടിക്കൽ ഭാഗങ്ങളിൽ അധ്യാപകർക്കാവശ്യമായ പ്രത്യേക സ്കില്ലുകൾക്കാണ് പ്രാധാന്യം നൽകുന്നത്. നിരന്തര പ്രായോഗിക പരിശീലനത്തിലൂടെ ഈ സ്കില്ലുകൾ വളർത്തുന്ന രീതിയാണ് കോഴ്സിൽ അവലംബിച്ചിട്ടുള്ളത്. അതിനായി മൈക്രോ ടീച്ചിംഗ്, ക്രിട്ടിസിസം ക്ലാസുകൾ, ഡെമോൺസ്ട്രേഷൻ ക്ലാസുകൾ, സ്കൂൾ വിസിറ്റ്, പിയർ ട്യൂറ്ററിങ് പോലുള്ള പ്രായോഗിക മാർഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്.

അധ്യാപകർ ഒരു പെർഫോമർ കൂടിയാണെന്ന നിലവാരത്തിലുള്ള രീതിശാസ്ത്രമാണ് ഈ കോഴ്സ് മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ കലാ കായിക മത്സരങ്ങളിലും കൃത്യമായ പങ്കാളിത്തം ഈ കോഴ്സിന്റെ ഭാഗ്മായി അധ്യാപകവിദ്യാർത്ഥികൾ പ്രകടിപ്പിക്കേണ്ടതുണ്ട്. സാധാരണ നിലയ്ക്കുള്ള എഴുത്തുപരീക്ഷകളാണ് മൂല്യനിർണയത്തിന് തിയറി ഭാഗങ്ങളിൽ ഉപയോഗിക്കുന്നത്. പ്രാക്ടിക്കൽ ഭാഗങ്ങൾക്ക് കോളേജുകളിലെ തന്നെ അധ്യാപകരുടെ ഇവാലുവേഷനുകളും കൂടാതെ അധ്യാപകവിദ്യാർത്ഥികൾ ട്രെയിനിങ്ങിനു പോകുന്ന സ്കൂളിലെ അധ്യാപകരുടെ റിപ്പോർട്ടുകളും ‘കമ്മീഷൻ’ എന്ന് പൊതുവിൽ വിളിക്കുന്ന എക്സ്റ്റേണൽ എക്സ്പേർട്ട് പങ്കെടുക്കുന്ന പ്രാക്ടിക്കൽ വൈവയും ഈ കോഴ്സിന്റെ ഏറ്റവും മുഖ്യമായ ഒരു വിലയിരുത്തൽ മാർഗ്ഗമാണ്.

സോഷ്യലി യൂസ്ഫുൾ വർക്ക് പ്രോഡക്റ്റ് (SUPW) എന്ന പേരിൽ അധ്യാപക വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്ന പരിപാടി കൂടി കരിക്കുലത്തിന്റെ ഭാഗമായി ഉണ്ടെങ്കിലും പലപ്പോഴും അത് വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ബുക്ക് ബൈൻഡിങ്, ഫയൽ നിർമ്മാണം എന്നീ പ്രവർത്തനങ്ങളിൽ മാത്രമായി ചുരുങ്ങിപ്പോകുന്നു.

ഇത്തരം സങ്കീർണപ്രക്രിയയിലൂടെ കടന്നുപോകുന്ന ഈ കോഴ്സ് എന്ത് റിസൽട്ടാണ് അധ്യാപക വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിക്കുന്നത് എന്നതാണ് കാതലായ ചോദ്യം. കരിക്കുലം ഡിസൈനിങ് കാലോചിതമായി പരിഷ്കരിച്ചിട്ടില്ലാത്ത അധ്യാപക വിദ്യാഭ്യാസരംഗത്ത് ഇപ്പോഴും ഉപയോഗിക്കുന്നത് ബിഹേവിയറൻ ടീച്ചിങ്ങും അതിലധിഷ്ഠിതമായ കാലഹരണപ്പെട്ട പഠനരീതികളുമാണെന്ന് പറയാതെ വയ്യ. കൺസ്ട്രക്ടീവ് സ്റ്റൈലിലേക്ക് ലെസ്സൺ പ്ലാനുകൾ ഇപ്പോൾ മാറിയിട്ടുണ്ട് എങ്കിലും ബാക്കിയെല്ലാ കാര്യങ്ങളിലും അധ്യാപക വിദ്യാഭ്യാസം ഇപ്പോഴും ഒരുപാട് പുറകിൽ തന്നെയാണ്. പുതിയ കാലത്ത് അധ്യാപകർക്ക് ആവശ്യമാകേണ്ട യാതൊരു നൈപുണ്യങ്ങളും നിലവിലെ അധ്യാപക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്നില്ല എന്നതാണ് വസ്തുത.

പുതിയ കാലത്തിലെ വിദ്യാർത്ഥികളുടെ മനഃശാസ്ത്ര സിദ്ധാന്തങ്ങളും പുതിയ ബോധനശാസ്ത്രരീതിശാസ്ത്രങ്ങളും മാറിവന്ന പുതിയ വിദ്യാഭ്യാസ സങ്കൽപ്പങ്ങളും പുത്തൻ സാങ്കേതികവിദ്യയും ആദ്യം അറിയേണ്ട അധ്യാപകവിദ്യാർത്ഥികൾ തങ്ങളുടെ രണ്ടുവർഷം നീണ്ടുനിൽക്കുന്ന പ്രാക്ടിക്കൽ പ്രൊഫഷണൽ കോഴ്സിൽ ഇത്തരത്തിലുള്ള ഒരു അറിവും നേടുന്നില്ല എന്നുള്ളത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചാർട്ടുകൾക്കു വേണ്ടി നിർബന്ധം പിടിക്കുകയും ഐ സി ടി (ICT) ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യാഭ്യാസ സാധ്യതകൾക്ക് താരതമ്യേന കുറഞ്ഞ പ്രാധാന്യം നൽകുകയും ചെയ്യുന്നതുതന്നെ ഈ കോഴ്സിന്റെ കാലഘട്ടവുമായുള്ള കൂടിച്ചേരലിലുണ്ടായിട്ടുള്ള ഗ്യാപ്പിനെ അടയാളപ്പെടുത്തുന്നതായി കാണം.

സോഷ്യലി യൂസ്ഫുൾ വർക്ക് പ്രോഡക്റ്റ്   (SUPW)  എന്ന പേരിൽ അധ്യാപക വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്ന പരിപാടി കൂടി കരിക്കുലത്തിന്റെ ഭാഗമായി ഉണ്ടെങ്കിലും  പലപ്പോഴും അത് വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന  ബുക്ക് ബൈൻഡിങ്, ഫയൽ നിർമ്മാണം എന്നീ പ്രവർത്തനങ്ങളിൽ മാത്രമായി ചുരുങ്ങിപ്പോകുന്നു.
സോഷ്യലി യൂസ്ഫുൾ വർക്ക് പ്രോഡക്റ്റ് (SUPW) എന്ന പേരിൽ അധ്യാപക വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്ന പരിപാടി കൂടി കരിക്കുലത്തിന്റെ ഭാഗമായി ഉണ്ടെങ്കിലും പലപ്പോഴും അത് വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ബുക്ക് ബൈൻഡിങ്, ഫയൽ നിർമ്മാണം എന്നീ പ്രവർത്തനങ്ങളിൽ മാത്രമായി ചുരുങ്ങിപ്പോകുന്നു.

പാഠ്യപദ്ധതിയിലും രീതികളിലും ക്രിയാത്മകമായ കൂട്ടിച്ചേർക്കലുകൾ കാലോചിതമായി ഉൾപ്പെടുത്തുകയും ഒപ്പം കാലഹരണപ്പെട്ട രീതിശാസ്ത്രങ്ങളെ കരിക്കുലത്തിൽ നിന്നും പുറത്താക്കേണ്ടതും തീർച്ചയായും ആവശ്യമാണ്. വിവരവിനിമയസാങ്കേതികവിദ്യയുടെ ഈ പുതിയ കാലത്ത് വിദ്യാഭ്യാസത്തിലും വിദ്യാർത്ഥികളിലും പ്രകടമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന തരത്തിലേക്ക് അധ്യാപക വിദ്യാഭ്യാസവും മാറേണ്ടതുണ്ട്. എങ്കിൽ മാത്രമേ കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലേക്ക് വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിന് അവരുടെ ശില്പികൾ കൂടിയായ അധ്യാപകർക്ക് കഴിയുകയുള്ളൂ.

അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് അധ്യാപക വിദ്യാഭ്യാസത്തിലാണ് ആദ്യമായി അഴിച്ചുപണികൾ ആവശ്യമുള്ളത്. അത് കൃത്യമായും ശാസ്ത്രീയമായും സമഗ്രമായും ചെയ്യാൻ അധികാരികൾക്ക് പക്വതയും വിവേകവും ഉണ്ടാവേണ്ടതും ഈ കാലഘട്ടം ആവശ്യപ്പെടുന്ന വിദ്യാഭ്യാസ പരിഷ്കരണം തന്നെയാണ്.

അധ്യാപകരുടെ സ്വാധീനത്തിൽ മാത്രം പ്രവർത്തിക്കാൻ കഴിയുന്ന വിദ്യാർത്ഥി യൂണിയൻ എത്ര ഭയാനകമായ സാഹചര്യമാണ് ഒരു കലാലയ അന്തരീക്ഷത്തിൽ സൃഷ്ടിക്കുക.

അടിച്ചേൽപ്പിക്കുന്ന
അധ്യാപക മൂല്യങ്ങൾ

സമൂഹത്തിൽ വളരെയധികം മാന്യത ആവശ്യമുള്ളതും ബഹുമാനം ലഭിക്കുന്നതുമായ ഒരു തൊഴിൽ തന്നെയാണ് അധ്യാപനം എന്ന കാര്യത്തിൽ സംശയമില്ല പക്ഷേ ഈ മാന്യത ആര് നിശ്ചയിക്കുന്നു അതിലൂടെ എന്താണ് സംരക്ഷിക്കാൻ നോക്കുന്നത് എന്നതിലാണ് ചില പ്രശ്നങ്ങൾ ഒളിഞ്ഞിരിക്കുന്നത്.

കേരളത്തിൽ നിലവിലുള്ള ബഹുഭൂരിപക്ഷം അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്തുടരുന്നത് കാലഹരണപ്പെട്ട സദാചാര മൂല്യബോധങ്ങളാണ്. അധ്യാപകർ എന്നാൽ ആരാലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത പ്രത്യേക സാമൂഹ്യ വിഭാഗമാണെന്നും അധ്യാപകർക്ക് ഒരിക്കലും തെറ്റു പറ്റുകയില്ല എന്നും അധ്യാപകരുടെ വാക്ക് ഏതെങ്കിലും ഒരു വിഷയത്തിലെ അവസാനത്തെ വാക്കാണെന്നുമുള്ള ബോധം ഒളിഞ്ഞും തെളിഞ്ഞും അധ്യാപക വിദ്യാഭ്യാസത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്. അതോടൊപ്പം, വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തത്ര വിധം വിദ്യാർത്ഥികളുടെ മനസ്സ് സങ്കുചിതമാക്കുന്നു, അധ്യാപകവിദ്യാലയങ്ങളിലെ പെരുമാറ്റ രീതികൾ.

എന്തിനാണ്​ ഇങ്ങനെയൊരു ബി.എഡ് കോഴ്​സ്​? ഒരു വിദ്യാർഥി ചോദിക്കുന്നു

അധ്യാപക വിദ്യാഭ്യാസം ആരംഭിക്കുന്ന സമയങ്ങളിൽ നൽകുന്ന ഓറിയന്റേഷൻ ക്ലാസുകളിൽ അധ്യാപകരും സ്ഥാപനഅധികൃതരും വിദ്യാർത്ഥികളോട് പറയുന്നതുതന്നെ, നിങ്ങൾ പഠിക്കുന്നത് അധ്യാപകവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു കോഴ്സ് ആണെന്നും ഈ കോഴ്സ് ആവശ്യപ്പെടുന്ന കുറെ മൂല്യങ്ങളുണ്ട് എന്നുമാണ്. എന്നാൽ ആ മൂല്യങ്ങൾ പരിശോധിക്കുമ്പോ​ഴാണ് അവയുടെ പിന്തിരിപ്പൻ സ്വഭാവം മനസ്സിലാക്കുക.

കേരളത്തിൽ നിലവിലുള്ള ബഹുഭൂരിപക്ഷം അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്തുടരുന്നത് കാലഹരണപ്പെട്ട സദാചാര മൂല്യബോധങ്ങളാണ്.
കേരളത്തിൽ നിലവിലുള്ള ബഹുഭൂരിപക്ഷം അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്തുടരുന്നത് കാലഹരണപ്പെട്ട സദാചാര മൂല്യബോധങ്ങളാണ്.

ജെൻഡർ വൈവിധ്യങ്ങളെ അംഗീകരിക്കാത്ത, സ്ത്രീപുരുഷ സൗഹൃദങ്ങൾ വിലക്കുന്ന, വസ്ത്ര സ്വാതന്ത്ര്യങ്ങളിൽ പോലും കൈകടത്തുന്ന രീതിയിലുള്ള അലിഖിതനിയമങ്ങളാൽ സൃഷ്ടിക്കപ്പെട്ട അക്കാദമിക് തടവറ പോലെയാണ് പല അധ്യാപക വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഇതിനെ ഏതെങ്കിലും തരത്തിൽ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളോട് അതിരൂക്ഷമായി പെരുമാറുന്ന പല സംഭവങ്ങളും സംസ്ഥാനത്തെ ബിഎഡ് കോളേജുകളിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇവയൊന്നിനും കൃത്യമായ പരാതികളോ പരാതിക്കാരോ ഇല്ലാത്തതിനാൽ ഇതിൻറെ കണക്ക് കണ്ടെത്തുക പ്രയാസമായിരിക്കും.

ഇത്തരം പരാതികളും പരാതിക്കാരും ഉണ്ടാവാതിരിക്കാനുള്ള പ്രധാന കാരണം ഈ കോഴ്സിന്റെ ഭാഗമായുള്ള പല സെമസ്റ്ററുകളിലെ മാർക്കുകൾ അതാത് കോളേജുകളിലെ അധ്യാപകർ തന്നെയാണ് നൽകുന്നത് എന്നതുകൊണ്ടാണ്. ഏതെങ്കിലും ഘട്ടത്തിൽ അധ്യാപകരുടെയോ സ്ഥാപനഅധികാരികളുടെയോ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ തങ്ങൾക്ക് അർഹതയുള്ള മാർക്ക് കൂടി ലഭിക്കാത്ത സാഹചര്യമുണ്ടാകും എന്ന് ഭയത്താലാണ് വിദ്യാർത്ഥികൾ പ്രതികരിക്കാത്തത്. അതോടൊപ്പമാണ് വിദ്യാർത്ഥി സംഘടനകൾക്ക് ഇത്തരം കോളേജുകളിൽ നിലനിൽക്കുന്ന വിലക്കുകളും. എല്ലാ കോളേജുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട് എങ്കിലും അത് കൃത്യമായ തിരക്കഥകളുടെ അടിസ്ഥാനത്തിലാണ് എന്നത് എത്രയധികം ജനാധിപത്യവിരുദ്ധമായ കാര്യമാണെന്ന് മനസ്സിലാക്കേണ്ടതാണ്. അധ്യാപകരുടെ സ്വാധീനത്തിൽ മാത്രം പ്രവർത്തിക്കാൻ കഴിയുന്ന വിദ്യാർത്ഥി യൂണിയൻ എത്ര ഭയാനകമായ സാഹചര്യമാണ് ഒരു കലാലയ അന്തരീക്ഷത്തിൽ സൃഷ്ടിക്കുക. ഏതൊക്കെ പോസ്റ്റുകളിൽ ആരൊക്കെ വരണമെന്ന് മുൻകൂട്ടി തീരുമാനിച്ച ശേഷം പലപ്പോഴും വോട്ടിങ്ങ് പോലുമില്ലാത്ത രീതിയിലേക്ക് തിരഞ്ഞെടുപ്പുകളെ മാറ്റുകയും അതാണ് ജനാധിപത്യം എന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്കാണ് അധ്യാപക വിദ്യാഭ്യാസ കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നത്.

വിദ്യാർത്ഥികളുടെ തീരുമാനം എന്ന പേരിൽ അധ്യാപകരുടെയും അധികാരികളുടെയും തീരുമാനം ഒളിച്ചു കടത്തുന്ന രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. ഈ രീതി തീർച്ചയായും മാറേണ്ടതുണ്ട് , സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാൻ കഴിയുന്ന ഒരു തലമുറയെയാണ് ഭാവിസമൂഹത്തിനു വേണ്ടി നാം വാർത്തെടുക്കേണ്ടത്. ആ പ്രക്രിയയിലേക്ക് കൃത്യമായ സംഭാവനകൾ ചെയ്യുന്ന ആളുകളാണ് അധ്യാപകർ എന്നതിനാൽ അവർക്ക് അവരുടെ പരിശീലനകാലഘട്ടത്തിൽ തന്നെ ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ ചെറുക്കാനുള്ള ശക്തിയും ഒപ്പം മെച്ചപ്പെട്ട പ്രവർത്തനത്തിനുള്ള നൈപുണ്യങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. എന്നാൽ രണ്ടു വർഷത്തെ അധ്യാപക വിദ്യാഭ്യാസ കാലഘട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ പിന്തിരിപ്പൻ ആശയങ്ങളും കാലഹരണപ്പെട്ട മൂല്യബോധങ്ങളുമാണ് മനസ്സിൽ കൊണ്ട് നടക്കുന്നതും ഒപ്പം അതുതന്നെയാണ് പരിശീലിപ്പിക്കപ്പെടുന്നതും. മാനേജ്മെൻറ്കളുടെ താൽപര്യമനുസരിച്ച് ജാതിചിന്തകളും മത ചിന്തകളും വരെ വിദ്യാർഥികളിലേക്ക് നേരിട്ടോ അല്ലാതെയോ ഇത്തരം സ്ഥാപനങ്ങൾ വഴി അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്. അപ്പോൾ ഈ പരിശീലനം കഴിഞ്ഞ് പുറത്തുവരുന്ന അധ്യാപകർ ജാതിവിവേചനമോ മതവർഗീയതയോ കാണിക്കുന്നത് കണ്ടാൽ എങ്ങനെയാണ് നമുക്ക് അത്ഭുതപ്പെടാനാവുക? ഇത് നമ്മുടെ സമൂഹത്തെ എത്രമാത്രം പുറകോട്ടടിക്കും എന്ന് പറയേണ്ട കാര്യമില്ലല്ലോ. സാമൂഹ്യപുരോഗതിയെ മുൻനിർത്തി അധ്യാപക വിദ്യാഭ്യാസകേന്ദ്രങ്ങളിലെ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ വിദ്യാർത്ഥി ചെറുത്തുനിൽപ്പുകളും പൊതുജന ഇടപെടലുകളും അക്കാദമിക് ഇടപെടലുകളും ഉണ്ടാവേണ്ടതും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

 ഏതൊക്കെ പോസ്റ്റുകളിൽ ആരൊക്കെ വരണമെന്ന് മുൻകൂട്ടി തീരുമാനിച്ച ശേഷം  പലപ്പോഴും വോട്ടിങ്ങ് പോലുമില്ലാത്ത രീതിയിലേക്ക് തിരഞ്ഞെടുപ്പുകളെ മാറ്റുകയും  അതാണ് ജനാധിപത്യം എന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്കാണ് അധ്യാപക വിദ്യാഭ്യാസ കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നത്.
ഏതൊക്കെ പോസ്റ്റുകളിൽ ആരൊക്കെ വരണമെന്ന് മുൻകൂട്ടി തീരുമാനിച്ച ശേഷം പലപ്പോഴും വോട്ടിങ്ങ് പോലുമില്ലാത്ത രീതിയിലേക്ക് തിരഞ്ഞെടുപ്പുകളെ മാറ്റുകയും അതാണ് ജനാധിപത്യം എന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്കാണ് അധ്യാപക വിദ്യാഭ്യാസ കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നത്.

പുതിയ പ്രതീക്ഷകൾ

അധ്യാപക വിദ്യാഭ്യാസരംഗത്ത് പല പുതിയ പരിഷ്കരണങ്ങളും ഇപ്പോൾ വരുന്നുണ്ട്. കരിക്കുല ത്തിന്റെ മാറ്റങ്ങൾ മുതൽ കോഴ്സിന്റെ ഘടനയിൽ വരെ നീണ്ടുനിൽക്കുന്ന മാറ്റങ്ങളാണവ. രണ്ടുവർഷം തുടരുന്ന ഈ കോഴ്സ് ക്രമേണ നിർത്തുകയും (ITEP) എന്ന രീതിയിൽ നാല് വർഷം നീണ്ടുനിൽക്കുന്ന ബിരുദവും അധ്യാപക വിദ്യാഭ്യാസവും ഒന്നു ചേർന്നുള്ള കോഴ്സുകൾ NCTE നടപ്പിൽ വരുത്തിയിട്ടുണ്ട്. ഇതിലൂടെ തത്വത്തിൽ അധ്യാപകവിദ്യാഭ്യാസ കോഴ്സിന്റെ ദൈർഘ്യം ഒരു വർഷമായി ചുരുങ്ങും എങ്കിലും അതിൽ കൃത്യമായി പ്രായോഗിക പരിശീലനങ്ങൾ ഉൾപ്പെടെയുള്ള സമഗ്രമായ കരിക്കുലം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇത് കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പുതിയകാല ബോധനശാസ്ത്രരീതികൾ ഉൾപ്പെടുത്തുകയും സാങ്കേതികവിദ്യയുടെ സാധ്യതകൾ കരിക്കുലങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഈ കോഴ്സ് കാലോചിതമാവുകയുള്ളൂ. പരമ്പരാഗത രീതിശാസ്ത്രങ്ങളിലെ പോരായ്മകൾ പരിഹരിക്കുകയും പുതിയകാല വിദ്യാർത്ഥി മനശാസ്ത്രത്തെ ശാസ്ത്രീയമായി പഠിക്കുകയും, മൂല്യനിർണയങ്ങൾക്ക് പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന രീതിശാസ്ത്രങ്ങൾ ഉപയോഗിക്കുകയും അതിന്റെ പരിശീലനങ്ങൾ അധ്യാപക വിദ്യാർത്ഥികൾക്ക് ലഭിക്കുകയും ചെയ്താൽ മാത്രമേ പുതിയകാല വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് അധ്യാപകരുടെ പങ്കാളിത്തവും നമുക്ക് ഉറപ്പുവരുത്താൻ കഴിയു. ഭൗതിക സാഹചര്യങ്ങളും വിവരവിനിമയ സാങ്കേതിക വിദ്യകളും കൂടുതൽ മെച്ചപ്പെടുമ്പോൾ അധ്യാപകരുടെ ഗുണനിലവാരവും അതിനാനുപാതികമായി മെച്ചപ്പെടേണ്ടതുണ്ട്. അതിന് സഹായകരമാകുന്ന രീതിയിൽ ആയിരിക്കണം അധ്യാപക വിദ്യാഭ്യാസം ഇനി തുടർന്നു പോകേണ്ടത്. അധ്യാപക വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ, മറ്റു പ്രൊഫഷനലുകൾ എല്ലാം കൂടിച്ചേർന്ന് പുതിയകാല വിദ്യാഭ്യാസ ക്രമത്തിലേക്ക് അധ്യാപക വിദ്യാഭ്യാസത്തെ കൂടി കൂട്ടിച്ചേർത്ത് ഒരു സമഗ്രപദ്ധതി ആവിഷ്കരിച്ച് അധ്യാപക വിദ്യാഭ്യാസരംഗം കൂടുതൽ പുരോഗമനപരവും ക്രിയാത്മകവുമായി മാറ്റിയാൽ മാത്രമേ പുരോഗമനമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിലേക്ക് അധ്യാപകരുടെ പങ്ക് നമുക്ക് ഉൾചേർക്കാൻ കഴിയൂ. ഈ വസ്തുതയെ മുൻനിർത്തി അധ്യാപകവിദ്യാഭ്യാസത്തിൽ കൃത്യമായ പരിഷ്കരണങ്ങൾ തീർച്ചയായും നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെയും വരും തലമുറയുടെയും ആവശ്യമാണെന്ന യാഥാർത്ഥ്യം ബന്ധപ്പെട്ട സംവിധാനങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്.

റഫറൻസ്:
ബിഎഡ് കരിക്കുലങ്ങൾ.
ITEP ഡ്രാഫ്റ്റ് റിപ്പോർട്ട്.
ഇന്ത്യൻ വിദ്യാഭ്യാസചരിത്രം - ലേഖനം, പത്രവാർത്തകൾ, പത്രക്കുറിപ്പുകൾ.


Summary: Rahul PC writes about unethical and unprofessional practices in Kerala B.Ed education centres and colleges.


രാഹുൽ പി.സി.

അധ്യാപകൻ, ഗവേഷകൻ, കാലിക്കറ്റ് സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗം.

Comments