Photo: Flickr

കേന്ദ്രം വിരിയ്​ക്കുന്നു,
​വനത്തിലേക്കൊരുകോർപറേറ്റ്​ പരവതാനി

ബ്രിട്ടീഷ് കാലഘട്ടത്തിൽ നിലവിൽവന്ന ഇന്ത്യൻ വനനിയമം (ഇന്ത്യൻ ഫോറസ്​റ്റ്​ആക്ട്- 1927) കൊളോണിയൽ നിയമത്തിനനുസൃതമായി വനത്തെ റിസർവുകളാക്കി ബ്രിട്ടീഷ് സർക്കാറിന്റെ അധീനതയിലാക്കി. അത് പിന്നീട് വിവിധ വ്യാവസായിക ആവശ്യങ്ങൾക്കായും തോട്ടങ്ങൾക്കുമായും തരംമാറ്റപ്പെട്ടു. 1980 വരെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 80 ശതമാനത്തിലധികം വനം ഇത്തരത്തിൽ വനമല്ലാതായി തരംമാറ്റപ്പെട്ടു. ഇതിൽ 41 ശതമാനം 1950- 1980 കാലത്താണ്​ നടന്നിട്ടുള്ളത്.

വനഭൂമിയെ വനമല്ലാതാക്കി തീർക്കാൻ, ഇന്ത്യൻ വനനിയമത്തിൽ സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരമുപയോഗിച്ച്, ഇത്തരത്തിൽ വൻതോതിൽ വന നശീകരണം നടന്നു. ലോകമാകമാനം പരിസ്ഥിതിക്കുണ്ടായ നാശം കണക്കിലെടുത്ത് ഇന്ത്യയിലും വ്യത്യസ്ത പരിസ്ഥിതി- വന സംരക്ഷണനിയമങ്ങൾ കൊണ്ടുവരേണ്ട ആവശ്യകതയെപ്പറ്റി ചിന്തകളും പ്രവർത്തനങ്ങളും തുടങ്ങുകയും ചെയ്തു.

വൻകിട കൈമാറ്റങ്ങൾക്ക്​ അനുകൂലമായും മലിനീകരണത്തിനുള്ള ശിക്ഷ കുറച്ചും ജനാധിപത്യ സംവിധാനങ്ങളുടെ അനുമതിയില്ലാതെയും പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ കേവലം ഉദ്യോഗസ്​ഥാധിഷ്​ഠിതമാക്കി മാറ്റുന്നത് ദൂരവ്യാപക പ്രത്യഘാതമുണ്ടാക്കും.

സ്റ്റോക്‌ഹോം കോൺഫറൻസിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്​ ഇന്ത്യയെ പ്രതിനിധീകരിച്ച് ​പങ്കെടുത്തത്​. ഈ കാലഘട്ടത്തിലാണ്, സംസ്ഥാന സർക്കാരുകളുടെ അധികാരത്തിനുപുറത്ത്, വ്യാപക വനനശീകരണത്തിന്​ തടയിടുക എന്ന ഉദ്ദേശ്യത്തോടെ, 1980 ലെ വനസംരക്ഷണ നിയമം വരുന്നത്. ഈ നിയമം ചെറുതെങ്കിലും വനസംരക്ഷണത്തിന് വലിയതോതിൽ അർത്ഥവും വ്യാപ്തിയും നൽകി. മുൻപുള്ള വനനിയമത്തിലെ, വനം വനമല്ലാതാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരുകളുടെ അധികാരത്തെ കൺകറൻറ്​ ലിസ്റ്റിലേക്ക് ഉയർത്തുകയും അതോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്ന പ്രത്യേക സംവിധാനത്തിന് രൂപം നൽകുകയും ചെയ്തു എന്നതാണ് ഈ നിയമത്തിന്റെ കാതലായ വശം. അങ്ങനെ വരുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പലതലത്തിലുള്ള ക്ലിയറൻസ് ലഭിച്ചാലേ വനഭൂമി വനമല്ലാതാക്കി മാറ്റാൻ കഴിയുകയുള്ളൂ.

ഇന്ദിരാ ഗാന്ധി. സ്റ്റോക്‌ഹോം കോൺഫറൻസിൽ, പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ്​ ഇന്ത്യയെ പ്രതിനിധീകരിച്ച് ​പങ്കെടുത്തത്​. ഈ കാലഘട്ടത്തിലാണ്, സംസ്ഥാന സർക്കാരുകളുടെ അധികാരത്തിനുപുറത്ത്, വ്യാപക വനനശീകരണത്തിന്​ തടയിടുക എന്ന ഉദ്ദേശ്യത്തോടെ,  1980 ലെ വനസംരക്ഷണ നിയമം  വരുന്നത്. / Photo: Wikimedia Commons
ഇന്ദിരാ ഗാന്ധി. സ്റ്റോക്‌ഹോം കോൺഫറൻസിൽ, പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ്​ ഇന്ത്യയെ പ്രതിനിധീകരിച്ച് ​പങ്കെടുത്തത്​. ഈ കാലഘട്ടത്തിലാണ്, സംസ്ഥാന സർക്കാരുകളുടെ അധികാരത്തിനുപുറത്ത്, വ്യാപക വനനശീകരണത്തിന്​ തടയിടുക എന്ന ഉദ്ദേശ്യത്തോടെ, 1980 ലെ വനസംരക്ഷണ നിയമം വരുന്നത്. / Photo: Wikimedia Commons

1980-ലെ വനസംരക്ഷണ നിയമപ്രകാരം ഒരു സെൻട്രൽ എംപവേഡ് കമ്മിറ്റി (CEC) രൂപംകൊള്ളുകയും അവരുടെ അനുവാദത്തോടുകൂടി മാത്രമേ വനഭൂമി തരംമാറ്റാൻ പാടുള്ളൂ എന്ന് നിർക്കർഷിക്കപ്പെടുകയും ചെയ്തു. ഇതേതുടർന്ന് നമുക്കൊക്കെ അറിയാവുന്നതുപോലെ, പല സ്റ്റേജുകളായി ക്ലിയറൻസിന്​ അപേക്ഷ വെയ്ക്കുകയും അത് സെൻട്രൽ എംപവേഡ് കമ്മിറ്റിയുടെ പരിഗണനയ്ക്കുവരികയും തുടർന്ന് കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരത്തോടെ മാത്രമേ വനം വനമല്ലാതാക്കി മാറ്റാൻ പറ്റുകയുള്ളൂ എന്നുമുള്ള സാഹചര്യം വന്നു. അഥവാ അങ്ങനെ വരേണ്ട സാഹചര്യമുണ്ടാകുകയാണെങ്കിൽ, കോംപൻസേറ്ററി അഫോർ‌സ്റ്റേഷനുവേണ്ടി നെറ്റ് പ്രോഫിറ്റ് വാല്യൂ - ആ വനത്തിന്റെ മൂല്യത്തെ നിർണയിച്ച അത്രയും തുക- കെട്ടിവെയ്ക്കുകയും കോംപൻസേറ്ററി അഫോർ‌സ്റ്റേഷനുവേണ്ടിയുള്ള സ്ഥലം കണ്ടെത്തുകയും ചെയ്യുക എന്നൊരു കർക്കശ നിബന്ധന വരികയും ചെയ്തു. അങ്ങനെ തരംതിരിച്ച ധനനിധിയാണ് കോംപൻസേറ്ററി അഫോർ‌സ്റ്റേഷൻ എന്ന് പറയപ്പെടുന്ന പ്രോസസിനുവേണ്ടിയുള്ള വലിയ തുക. പിന്നീട് വൻതോതിൽ സമാഹരിക്കപ്പെട്ട ഈ തുക കൃത്യമായി വിനിയോഗിക്കാത്തതുമൂലം കോമ്പൻ​സേറ്ററി അഫോറസ്​റ്റേഷൻ നിയമം (The Compensatory Afforestation Fund Act- 2016) നിലവിൽ വന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, 1980 നുശേഷം ഇന്ത്യയിലെ വനഭൂമിയെ വനമല്ലാതാക്കി തരംമാറ്റിയതിന്റെ (de reservation and conversion ) നെറ്റ് പ്രോഫിറ്റ് വാല്യുവിന്റെ ആകെത്തുക.

വനാവകാശ നിയമം വരുന്നു

വനഭൂമി വനമല്ലാതാക്കുന്നതിനുള്ള അധികാരം കേന്ദ്രത്തിലേക്ക് മാറിയതോടെ വനനശീകരണത്തിന്റെയും വനഭൂമി തരംമാറ്റപ്പെടുന്നതിന്റെയും തോത് വ്യാപകമായി കുറഞ്ഞു എന്നു പറയാനാകില്ലെങ്കിലും അനിയന്ത്രിതമായ വന നശീകരണത്തിന്​ തടയിടപ്പെട്ടു എന്നുതന്നെ പറയാം. ഇതുപ്രകാരം നോക്കുമ്പോൾ എകദേശം 1,50,000 ഹെക്റ്റർ പ്രതിവർഷം എന്ന 1980-നു മുൻപിലെ വനനാശത്തിന്റെ തോതിൽനിന്ന്​ അത്, 1980 മുതൽ 1985 വരെയുള്ള കാലഘട്ടത്തിൽ 15,500 ഹെക്റ്റർ പ്രതിവർഷം എന്ന രീതിയിലേക്കുവന്നു എന്നാണ് കണക്കാക്കുന്നത് (ref 2013). ഇത്തരത്തിൽ അനുമതി കൊടുക്കുന്നത് വനനശീകരണത്തിനിടയാക്കുമെന്നും വനത്തെ ആശ്രയിച്ചു ജീവിക്കുന്ന ഗോത്രവർഗക്കാരുൾപ്പെടെയുള്ള പരമ്പരാഗത വനാശ്രിത സമൂഹങ്ങളുടെ പുറന്തള്ളലിനിടയാക്കുമെന്നുമുള്ള വസ്തുതയുടെ അടിസ്ഥാനത്തിലാണ് 2006-ൽ വനാവകാശനിയമം നിലവിൽ വരുന്നത്.

ചരിത്രപരമായി വനഭൂമിയിലുള്ള ഭൂ അധികാരവും വിഭവാധികാരവും നിഷേധിക്കപ്പെട്ട ഗോത്രജനതയ്ക്കുള്ള പരിഹാരമായി ആമുഖത്തിൽ ഐതിഹാസികമായി എഴുതിച്ചേർത്ത്​ നിലവിൽ വന്ന വനവകാശനിയമം വ്യവസ്ഥാപിതമായ വംശീയത കൊണ്ടും വേർതിരിവുകൊണ്ടും പല സംസ്ഥാനങ്ങളിലും മന്ദഗതിയിലാണ്.

വനാവകാശ നിയമ പ്രകാരം വനപ്രദേശത്തെ ഗോത്രവർഗക്കാരുടെ വ്യക്തിപരവും സാമൂഹികവുമായ അവകാശങ്ങൾ അംഗീകരിക്കുക മാത്രമല്ല, ആ പ്രദേശത്തെ വനം വനമല്ലാതാക്കി മാറ്റുന്നതിന് അവിടുത്തെ ഗ്രാമസഭയുടെ അമ്പതു ശതമാനത്തിലധികം ആളുകൾ അംഗീകരിച്ച പ്രമേയത്തോടുകൂടിയുള്ള അനുവാദം നിർബന്ധമാക്കി. ഇതനുസരിച്ച്​ നിയാംഗിരി കേസിൽ, 2013ലെ സുപ്രീംകോടതി വിധി ഗോത്രവർഗക്കാരുടെ അധികാരം ശരിവെച്ചു. അതിരപ്പിള്ളി- വാഴച്ചാൽ മേഖല തുടങ്ങി ഇന്ത്യയിലെ പല സ്ഥലത്തും വ്യാപകമായ വനനാശത്തിനുള്ള, അതായത്​, നല്ല വനഭൂമി തരംമാറ്റാനുള്ള ശ്രമങ്ങൾ, ഇതിനുള്ള അപേക്ഷകൾ അംഗീകരിക്കാതെ തടയിടാനായിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോൾ വനാവകാശ നിയമമെന്നത് ഇന്ത്യയിലെ അവശേഷിക്കുന്ന 20 ശതമാനം നല്ല വനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഉപാധിയാണെന്നു മനസ്സിലാക്കാം. ഈ സാഹചര്യത്തിലാണ് വനസംരക്ഷണ നിയമത്തിലെ ചട്ടങ്ങളുടെ മാറ്റത്തെ സമീപിക്കേണ്ടത്​.

പുതിയ വന- പരിസ്ഥിതി നിയമങ്ങളുടെ മാറ്റം, അതിന്റെ രാഷ്ടീയം

‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്​’ മാനദണ്​ഡമനുസരിച്ച്​, ഇന്ത്യയിലെ വ്യവസായ ആവശ്യങ്ങൾക്കനുസൃതമായി എന്തൊക്കെ മാറ്റങ്ങളാണ് നിയമങ്ങളിൽ കൊണ്ടുവരേണ്ടതെന്ന് മനസ്സിലാക്കാൻ സി. എസ്. ആർ. സുബ്രഹ്മണ്യം കമീഷനെ നിയമിച്ചു. സമകാലിക വന- പരിസ്ഥിതി സംരക്ഷണ ആവശ്യങ്ങൾക്കും, കാലാവസ്ഥാ വ്യതിയാനവുമായി മല്ലിട്ടുകൊണ്ടിരിക്കുന്ന ആശ്രിത സമൂഹങ്ങൾക്കും ഒട്ടും പരിഗണന നൽകാത്ത ആ കമീഷൻ റിപ്പോർട്ട് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. അതിൽതന്നെ ഇന്ത്യൻ വന നിയമം, വനസംരക്ഷണ നിയമം, വന്യജീവി സംരക്ഷണ നിയമം, കേന്ദ്ര പരിസ്ഥിതി ആഘാതപഠന നോട്ടിഫിക്കേഷൻ (EIA) തുടങ്ങി പല കാര്യങ്ങളിലും ഭേദഗതിക്ക്​നിർദ്ദേശിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ, ‘ബിസിനസ് ത്വരിതപ്പെടുത്തുന്ന’തിന്റെ ഭാഗമായി നിയമഭേദഗതിയുമായി വരുന്നത്. പക്ഷേ നിലവിലുള്ള നിയമങ്ങളുടെ ഭേദഗതികളെല്ലാം വനസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര ഉപജീവനം എന്നിവയിലൂന്നിയുള്ള കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും, ദാരിദ്ര്യനിർമാർജനത്തിനും തുല്യത, ഉൾച്ചേരൽ എന്നീ അന്തർദേശീയ ലക്ഷ്യങ്ങൾക്കും ധാരണകൾക്കും വിരുദ്ധമായാണ് കാണപ്പെടുന്നത്.

വനനശീകരണത്തിനിടയാക്കുമെന്നും വനത്തെ ആശ്രയിച്ചു ജീവിക്കുന്ന ഗോത്രവർഗക്കാരുൾപ്പെടെയുള്ള പരമ്പരാഗത വനാശ്രിത സമൂഹങ്ങളുടെ പുറന്തള്ളലിനിടയാക്കുമെന്നുമുള്ള വസ്തുതയുടെ അടിസ്ഥാനത്തിലാണ് 2006-ൽ വനാവകാശനിയമം നിലവിൽ വരുന്നത്. / Photo: Wikimedia Commons
വനനശീകരണത്തിനിടയാക്കുമെന്നും വനത്തെ ആശ്രയിച്ചു ജീവിക്കുന്ന ഗോത്രവർഗക്കാരുൾപ്പെടെയുള്ള പരമ്പരാഗത വനാശ്രിത സമൂഹങ്ങളുടെ പുറന്തള്ളലിനിടയാക്കുമെന്നുമുള്ള വസ്തുതയുടെ അടിസ്ഥാനത്തിലാണ് 2006-ൽ വനാവകാശനിയമം നിലവിൽ വരുന്നത്. / Photo: Wikimedia Commons

1980-ലെ വനസംരക്ഷണ നിയമത്തിലെ വകുപ്പ് 4 (1) പ്രകാരം ചട്ടങ്ങൾ നിർമിക്കാനുള്ള കേന്ദ്ര അധികാരം ഉപയോഗിച്ചാണ് നിലവിലുള്ള 2003 ചട്ടങ്ങളെ പൂർണമായി ഒഴിവാക്കി പുതിയ വനസംരക്ഷണ നിയമ ചട്ടങ്ങൾ കഴിഞ്ഞ ജൂൺ 28-ന് നിലവിൽവന്നത്. ഇതനുസരിച്ച്​, വനം വനമല്ലാതാക്കിമാറ്റുന്നതിന് വനവകാശ നിയമം നിഷ്‌കർഷിക്കുന്ന വനാവകാശ ഗ്രാമസഭകളുടെ അനുവാദത്തിന്റെ ആവശ്യമില്ല. മാത്രമല്ല, പൂർണമായ അനുമതി കിട്ടിയശേഷം മാത്രം വനവകാശ നിയമപ്രകാരം ആദിവാസികളുടെയും പരമ്പരാഗത വനാശ്രിത സമൂഹങ്ങളുടെയും അവകാശങ്ങൾ നൽകി എന്നത് സംസ്ഥാന ഗവൺമെൻറ്​ ഉറപ്പിച്ചാൽ മതി. സ്വകാര്യ വ്യക്തികൾക്ക് പ്ലാന്റേഷനുകളുണ്ടാക്കി കോമ്പൻസേറ്ററി അഫോറസ്റ്റേഷൻ ആവശ്യമുള്ള കമ്പനികൾക്ക് കൈമാറാമെന്നതും വ്യാപക വിമർശനത്തിന് വിധേയമായിട്ടുണ്ട്.

ചരിത്രപരമായി വനഭൂമിയിലുള്ള ഭൂ അധികാരവും വിഭവാധികാരവും നിഷേധിക്കപ്പെട്ട ഗോത്രജനതയ്ക്കുള്ള പരിഹാരമായി, ആമുഖത്തിൽ ഐതിഹാസികമായി എഴുതിച്ചേർത്ത്​ നിലവിൽവന്ന വനവകാശനിയമം വ്യവസ്ഥാപിതമായ വംശീയത കൊണ്ടും വേർതിരിവുകൊണ്ടും പല സംസ്ഥാനങ്ങളിലും മന്ദഗതിയിലാണ്. 2013-ലെ നിയാംഗിരി തർക്കത്തിൽ, വനഭൂമിയെ വനമല്ലാതാക്കുന്നതിന്, നിയമപ്രകാരം, വനാവകാശ ഗ്രാമസഭകളുടെ അനുവാദം വേണമെന്ന സുപ്രീംകോടതി വിധി; വനസംരക്ഷണം, ഗോത്രാവകാശങ്ങൾ, ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പ്രഖ്യാപനങ്ങൾ എന്നിവയോടുള്ള ഇന്ത്യൻ പ്രതിബദ്ധതയെയാണ്​ കാണിച്ചുതന്നത്​. അതാണ് പുതിയ വനസംരക്ഷണ നിയമ ചട്ടങ്ങളിലൂടെ ഇല്ലാതാകുന്നത്​.

2019-ന്റെ ആദ്യപകുതിയിൽ മാത്രം വനം വനമല്ലാതാക്കിമാറ്റാൻ കേന്ദ്രസർക്കാരിന് ലഭിച്ച 240 അപേക്ഷകളിൽ ഏഴെണ്ണം മാത്രമാണ് തിരസ്‌കരിക്കപ്പെട്ടത്. 40 എണ്ണം മാറ്റിവച്ചു. 9220.64 ഹെക്ടർ വനഭൂമി തരംമാറ്റുന്നതിനുള്ള 193 അപേക്ഷകൾക്ക് അനുമതി നൽകിക്കഴിഞ്ഞു.

ഗോത്രവിഭാഗങ്ങളെക്കൂടാതെ കോൺഗ്രസും, രാഹുൽ ഗാന്ധിയും ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. കുറച്ചുപേരുടെ ബിസിനസ്​ ത്വരിതപ്പെടുത്തുന്നതിലൂടെ ലക്ഷക്കണക്കിന് ആദിവാസികളുടെയും മറ്റ് പരമ്പരാഗത വനാശ്രിതരുടെയും ജീവനം സുഗമമല്ലാതാക്കും എന്നാണ് മുൻ കേന്ദ്ര വനം മന്ത്രി ജയറാം രമേശ് പറഞ്ഞത്​. വനഭൂമി കോർപറേറ്റുകളുടെയും സ്വകാര്യ കമ്പനികളുടെയും അധീനതയിലും നിയന്ത്രണത്തിലുമാക്കാനുള്ള നിയമനിർമാണം എന്നാണ്​ സി.പി.എം. പൊളിറ്റ്​ബ്യൂറോ അംഗം ബൃന്ദ കാരാട്ട്​വിശേഷിപ്പിച്ചത്. വനവകാശ ഗ്രാമസഭകളുടെ അനുമതി ഇല്ലാതാകുന്നതിലൂടെ വനവകാശ നിയമത്തിന്റെ മാത്രമല്ല, ഭരണഘടനയും അനുബന്ധ വനം- വന്യജീവി- പരിസ്ഥിതി നിയമങ്ങളും അട്ടിമറിക്കപ്പെടും എന്നുകൂടി അവർ കേന്ദ്രത്തിനെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ‘ബിസിനസ്​ എളുപ്പമാക്കൽ' നയം സ്വീകരിച്ച കേരള സർക്കാരടക്കം മിക്ക സംസ്ഥാനങ്ങളും ഇതിനെ അപലപിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്​. അതിലൂടെ, ഇന്ത്യയിലെയും കേരളത്തിലെയും വനം- പരിസ്ഥിതി- വന്യജീവി ജൈവവൈവിധ്യത്തിന്റെയും ആശ്രിത മനുഷ്യരുടെയും ആവാസവ്യവസ്ഥയുടെ തന്നെയും സന്തുലനമാണ്​ തകിടം മറിക്കപ്പെടാൻ പോകുന്നത്​.

വന നാശം വ്യാപകമാകും

വനസംരക്ഷണ നിയമത്തിനുശേഷവും വൻതോതിൽ വനഭൂമി വനേതരമായ ആവശ്യങ്ങൾക്ക്​, പ്രതേകിച്ച്​ ഖനനത്തിനും മറ്റ്​ വ്യവസായിക ആവശ്യങ്ങൾക്കും, കൈമാറുന്നത് ഗൗരവകരമായ പ്രശ്​നമായിരുന്നു. വനവകാശനിയമത്തിനും നിയാംഗിരി കേസിലെ സുപ്രീംകോടതി വിധിക്കുശേഷവും അതിരപ്പിള്ളി വനമേഖലയും, ഒഡിഷയിലെ നിയാംഗിരി വനമേഖലയും, ഹിമാചൽ പ്രദേശിലെ കിനാനൂർ അടക്കമുള്ള വനമേഖലകളും സംരക്ഷിക്കപ്പെട്ടത് വനാവകാശനിയമം നൽകുന്ന ഗോത്ര ഗ്രാമസഭാ അധികാരങ്ങൾ മൂലമായിരുന്നു. 2008-2019 കാലഘട്ടത്തിൽ മൊത്തം 3,99,411 ഹെക്റ്റർ ഭൂമി തരംമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇത് 2,53179 ആണ്. 2014-ൽ മാത്രം 35,864 ഹെക്റ്റർ വനഭൂമി തരം മാറ്റുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. 2019-ന്റെ ആദ്യപകുതിയിൽ മാത്രം വനം വനമല്ലാതാക്കിമാറ്റാൻ കേന്ദ്രസർക്കാരിന് ലഭിച്ച 240 അപേക്ഷകളിൽ ഏഴെണ്ണം മാത്രമാണ് തിരസ്‌കരിക്കപ്പെട്ടത്. 40 എണ്ണം മാറ്റിവച്ചു. 9220.64 ഹെക്ടർ വനഭൂമി തരംമാറ്റുന്നതിനുള്ള 193 അപേക്ഷകൾക്ക് അനുമതി നൽകിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ, സംസ്ഥാന സർക്കാരിലേക്ക് ഇത്തരം അധികാരങ്ങൾ മാറ്റുന്നതും ഗ്രാമസഭാധികാരങ്ങൾ ഇല്ലാതാക്കുന്നതും വ്യാപക സമരങ്ങൾക്കും വനനാശത്തിനും വഴിവക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

വനസംരക്ഷണം ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥവൃന്ദങ്ങളുടെ പല തട്ടിലേക്കുമാത്രം, വൻകിട കമ്പനികൾക്കും സ്വകാര്യ സംരംഭകർക്കും വേണ്ടി, വനനശീകരണാനുമതിയുടെ താക്കോൽ കൈമാറുന്നത്​, വനനശീകരണത്തിന്റെ തോത് കൂടും എന്നാണ് ചരിത്രവും ശാസ്ത്രവും വസ്തുതകളും ചൂണ്ടിക്കാണിക്കുന്നത്. / Photo: Flickr
വനസംരക്ഷണം ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥവൃന്ദങ്ങളുടെ പല തട്ടിലേക്കുമാത്രം, വൻകിട കമ്പനികൾക്കും സ്വകാര്യ സംരംഭകർക്കും വേണ്ടി, വനനശീകരണാനുമതിയുടെ താക്കോൽ കൈമാറുന്നത്​, വനനശീകരണത്തിന്റെ തോത് കൂടും എന്നാണ് ചരിത്രവും ശാസ്ത്രവും വസ്തുതകളും ചൂണ്ടിക്കാണിക്കുന്നത്. / Photo: Flickr

വനസംരക്ഷണത്തിന് നിയമപരമായി പ്രതിബദ്ധരായ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം തന്നെ വനനശീകരണത്തിന് അനുമതി കൊടുക്കുക എന്നതാണ്​ ഇവിടെ സംഭവിക്കുന്നത്​. ഈ പ്രക്രിയ സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പ്രാപ്യമാക്കുക എന്നതാണ്​ പുതിയ വനസംരക്ഷണ ചട്ടങ്ങളിലൂടെ സംഭവിക്കുക. ഉദാഹരണത്തിന്​, റീജ്യനൽ എംപോവെർഡ് കമ്മിറ്റി രൂപീകരണം.
​ പ്രാദേശിക തലത്തിൽ, ഡിവിഷണൽ വനഅധികാരിയും (ഡി.എഫ്.ഒ.), കലക്​ടറും അടങ്ങുന്ന പ്രൊജക്റ്റ് സ്‌ക്രീനിങ് കമ്മിറ്റിക്ക് വനം തരംമാറ്റുന്നതിനുള്ള യൂസർ ഏജൻസിയുടെ പ്രാഥമിക അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും അപേക്ഷകളുടെ പൂർണത മാത്രം പരിശോധിച്ച്​ ‘ത്വാതികമായി’ അനുമതിക്കുമുള്ള അധികാരം നൽകുന്നുണ്ട്​. ഇത് ഓൺലൈൻ സംവിധാനമായി മാറുന്നത് പദ്ധതി നടത്തിപ്പിന്റെ അഥവാ വനം വനമല്ലാതാക്കി മാറ്റുന്നതിന്റെ കാലതാമസം കുറയ്ക്കും. എന്നാൽ, ഇതുമൂലം വനത്തിന്റെയും വനസമ്പത്തിന്റെയും അളവിലുണ്ടാകുന്ന പ്രത്യഘാതം വിലയിരുത്താൻ സംവിധാനമില്ല. മേല്പറഞ്ഞതുപോലെ, വനസംരക്ഷണം ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥവൃന്ദങ്ങളുടെ പല തട്ടിലേക്കുമാത്രം, വൻകിട കമ്പനികൾക്കും സ്വകാര്യ സംരംഭകർക്കും വേണ്ടി, വനനശീകരണാനുമതിയുടെ താക്കോൽ കൈമാറുന്നത്​, വനനശീകരണത്തിന്റെ തോത് കൂടും എന്നാണ് ചരിത്രവും ശാസ്ത്രവും വസ്തുതകളും ചൂണ്ടിക്കാണിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അന്തർദേശീയ ഉടമ്പടികളുടെ ലംഘനമായി കൂടി പുതിയ ഭേദഗതികൾ മാറുകയാണ്​.

വ്യവസായങ്ങൾ എളുപ്പമാക്കുന്നതിനുള്ള നയരൂപീകരണത്തിനായി നിയോഗിക്കപ്പെട്ട ടി.എസ്.ആർ. സുബ്രമണ്യം കമ്മിറ്റി റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ആഘാത പഠന നിയമം മുതൽ വനസംരക്ഷണ നിയമം വരെ ഏകപക്ഷീയമായി അഴിച്ചുപണിയുന്നത് തുടരുകയാണ്. വൻകിട കൈമാറ്റങ്ങൾക്ക്​ അനുകൂലമായ വിധത്തിലും മലിനീകരണത്തിനുള്ള ശിക്ഷകൾ കുറച്ചും ജനാധിപത്യ സംവിധാനങ്ങളുടെ അനുമതിയില്ലാതെയും പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ കേവലം ഉദ്യോഗസ്​ഥാധിഷ്​ഠിതമാക്കി മാറ്റുന്നത് ദൂരവ്യാപക പ്രത്യഘാതമുണ്ടാക്കും. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളുടെയും വിഭവങ്ങളുടെയും സുസ്ഥിരഭാവിയെയാണ്​ ഇത്​ പ്രശ്​നത്തിലാക്കുക. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അന്തർദേശീയ ഉടമ്പടികളുടെ ലംഘനമായും ഇത്​ മാറും. അതോടൊപ്പം, പൊതുസ്വത്തായ വനം, വന്യജീവി, ജൈവവൈവിധ്യം എന്നിവയുടെ അവകാശവും പരിപാലനവും സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതിലേക്കാണ്​ പുതിയ മാറ്റങ്ങൾ വഴിവെക്കുന്നത്​. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. മായ എം.

അധ്യാപിക, ഗവേഷക, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബാംഗ്ലൂർ. ഹോൺബിൽ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് മെമ്പർ.

ഡോ. അമിതാ ബച്ചൻ കെ.എച്ച്​.

അധ്യാപകൻ, ഗവേഷകൻ, എം. ഇ. എസ് അസ്മാബി കോളേജ്. ഐ. യു. സി. എൻ - സി. സി. ബി. പി. ഇൻറർനാഷണൽ കോറ് ഗ്രൂപ്പ്, സ്പീഷീസ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ്.

Comments