കുട്ടനാട്​; കായലും പാടശേഖരവും അവയെ വേർതിരിക്കുന്ന പുറംബണ്ടും

മതിയാക്കാം മിനുക്കുപണി,
ഗുരുതരാവസ്​ഥയിലാണ്​ കുട്ടനാട്​

കുട്ടനാടിന്റെ ജീവിതവും പരിസ്​ഥിതിയും വികസനവുമായും ബന്ധപ്പെട്ട്​ പലതലങ്ങളിൽ ചർച്ച സജീവമാണ്​. എന്നാൽ, കുട്ടനാടിനുവേണ്ട ഒരു വികസന കാഴ്​ചപ്പാട്​ ഇപ്പോഴും ഉരുത്തിരിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കുട്ടനാടിന്റെ മനുഷ്യരെയും മണ്ണിനെയും പ്രകൃതിയെയും ബന്ധപ്പെടുത്തി സമഗ്രമായ ഒരു അന്വേഷണ റിപ്പോർട്ട്​ അവതരിപ്പിക്കുന്നു ഗവേഷകരും ജനകീയ ശാസ്​ത്രപ്രവർത്തകരുമായ ലേഖകർ

ശ്ചിമഘട്ടം ചൊരിയുന്ന നാല് നദികളിലൂടെയെത്തുന്ന വെള്ളവും എക്കലും, അതിൽ ബോധപൂർവ്വം ഇടപെട്ട്, അഥവാ, അദ്ധ്വാനിച്ച് രൂപപ്പെടുത്തിയ ഭൂരൂപങ്ങളും നിർമ്മിതികളും, അങ്ങനെ വളരുകയും പരിണമിക്കുകയും ചെയ്ത കൃഷിയും മൽസ്യബന്ധനവും സംസ്‌കാരവും ടൂറിസവുമൊക്കെ ചേരുന്നതാണ് കുട്ടനാട് ഭൂപ്രദേശം. വേമ്പനാട് കായലും അതിനെ ചുറ്റിപ്പറ്റി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 10 താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലവും സവിശേഷവുമായ ആവാസവ്യവസ്ഥ. അവിടെ ഒരു പ്രദേശത്തോ ഒരു ജീവനോപാധിയിലോ നടത്തുന്ന ഇടപെടൽ ഇതരയിടങ്ങളിലും മേഖലകളിലും പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ പ്രഭാവം ഉളവാക്കും.

മേഖലയിലെ സവിശേഷങ്ങളായ വികസനപ്രശ്‌നങ്ങളെ വേമ്പനാട് തണ്ണീർത്തടമെന്ന ഈ വിശാല ഭൂപ്രദേശത്തിന്റെ പൊതുവികസന പരിപ്രേക്ഷ്യത്തിൽനിന്ന് അടർത്തിമാറ്റി കേവലമായും അനുഭവപരമായും സമീപിക്കുന്നത് ഫലപ്രദമാകില്ല. വിശാല കുട്ടനാടിന്റെ ഒരു ഭാഗം മാത്രമായ കുട്ടനാട് താലൂക്കിന്റെ പല പ്രദേശങ്ങൾ നേരിടുന്ന വെള്ളപ്പൊക്ക ഭീഷണിയെയും ജീവസന്ധാരണ വെല്ലുവിളിയെയും അഭിമുഖീകരിക്കുന്നതിലും ഈ ദൗർബല്യം പ്രകടമാണ്.

സംവാദവും പൊതുബോധവും

ഇപ്പോൾ നടന്നുവരുന്ന ചർച്ചകളിൽ മുഖ്യമായും നാല് കാഴ്ചപ്പാടുകളുണ്ട്: സ്വാതന്ത്രത്തിന്റെ ഏഴ് പതിറ്റാണ്ടു കഴിഞ്ഞിട്ടും "വികസന മുന്നേറ്റത്തിൽ', അഥവാ ജീവിത സൗകര്യങ്ങളിൽ സംസ്ഥാന ശരാശരിയേക്കാൾ ഏറെ താഴെയാണ് കുട്ടനാടെന്നും ആ കുറവ് എങ്ങനെയും പരിഹരിക്കുകയാണ് വേണ്ടതെന്നും കരുതുന്ന വിഭാഗത്തിനാണ് പൊതുബോധനിർമ്മിതിയിൽ കാലങ്ങളായി മുൻതൂക്കം. പാരിസ്ഥിതിക ജാഗ്രതയൊക്കെ ആകാം. വികസനത്തിന് തടസ്സമാകരുത്. പ്രത്യാഘാതങ്ങൾ അപ്പപ്പോൾ പരിഹരിച്ചുപോയാൽ മതിയാകും.

കേരളത്തിന്റെ പരിസ്ഥിതിക അവബോധ-രൂപപ്പെടലിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ, ഇന്നും പ്രകൃതിയും പരിസ്ഥിതിയും ചിത്രീകരിക്കാൻ മിക്കവാറും അവലംബിക്കുന്നത് വനത്തെയും അവക്കിടയിൽ ഒഴുകുന്ന അരുവിയെയും തന്നെയാണ്.

രണ്ടാമത്തെ നിലപാടിൽ പരിസ്ഥിതിയാണ് മർമം. അതെങ്ങനെയും ഉറപ്പു വരുത്തണം. ജീവനോപാധികളും സൗകര്യങ്ങളും എങ്ങനെയാകണമെന്ന് സർക്കാരും പ്രദേശവാസികളും തീരുമാനിച്ചോളൂ, പൊതുസമൂഹത്തിന് അക്കാര്യത്തിൽ ബാധ്യതയില്ല.
മൂന്നാമത്തെ വീക്ഷണമനുസരിച്ച്, നിലവിൽ തുടർന്നുവരുന്ന വികസനരീതികൾ വലിയ പ്രത്യഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. പക്ഷെ, പരിഹാരം ക്ഷിപ്രസാദ്ധ്യമല്ല. അതിന് ദീർഘകാല പദ്ധതികൾ വേണം. ഇന്നത്തെ നിലക്ക് അത് അജണ്ടയാകാൻ സാധ്യതയില്ല, പ്രായോഗികമല്ല. എന്നാൽ, സൂക്ഷ്മമായ ഇടപെടലുകൾക്കും പ്രാദേശിക മാതൃകകൾക്കും വലിയ സാധ്യതയുണ്ട്. പ്രാദേശികഭരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയുമാകാം.
നാലാമതായി, മനുഷ്യനും പ്രകൃതിയും നേരിടുന്ന പ്രശ്‌നങ്ങൾക്ക് അതാത് കാലത്തെ ഭരണാധികാരികളെയും മറ്റധികാരികളെയും സ്ഥാനത്തും അസ്ഥാനത്തും കുറ്റവിചാരണ നടത്തിയും വിഷയങ്ങളെ ഉപരിപ്ലവമായും അതിവൈകാരികമായും അവതരിപ്പിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. വ്യത്യസ്തങ്ങളായ ഈ നിലപാടുകൾക്കിടയിലുള്ള കൊടുക്കൽ വാങ്ങലുകളും അപൂർവമല്ല.

1956 ൽ നിർമാണം തുടങ്ങി 1976 ൽ ഒന്നും രണ്ടും ഘട്ടവും 2018 ൽ ബാക്കി ഭാഗവും പൂർത്തീകരിച്ച തണ്ണീർമുക്കം ബണ്ട് കുട്ടനാട്ടിലെ ഏറ്റവും വലിയ നിർമ്മിതിയാണ്.

ഈ വീക്ഷണങ്ങളിലൊക്കെ സ്വാഗതാർഹമായ ഘടകങ്ങൾ ഏറിയും കുറഞ്ഞുമുണ്ട്. എന്നാൽ, മനുഷ്യനിലും വിഭവങ്ങളിലും നവലിബറലിസം ചെലുത്തുന്ന സമ്മർദ്ദവും അതിനായി രൂപപ്പെടുന്ന വികസനരീതിയുമാണ്‌ സമകാലീനസമൂഹത്തിന്റെ ഗതി നിർണയിക്കുന്നത്. മൂലധനവ്യവസ്ഥ ഗുരുതര പ്രതിസന്ധിയിലാണ്. അതിജീവനത്തിന് മനുഷ്യനെയും പ്രകൃതിയെയും കൂടുതൽ കൂടുതൽ ചൂഷണം ചെയ്യാതെ അതിന് നിവൃത്തിയില്ല. അതിനനുയോജ്യമായി നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതപ്പെടുകയാണ്. വിഭവങ്ങളുടെ കൊള്ളയ്ക്കായി വിവിധ ആവാസവ്യവസ്ഥകളിൽ നിന്ന് തദ്ദേശീയജനത ബഹിഷ്‌കൃതരാകുന്നു. വേമ്പനാട് കായലും കായൽതീരവും പാടശേഖരങ്ങളും കടൽതീരവും ഇതിൽനിന്ന് വിമുക്തമല്ല. നിക്ഷേപ സൗഹൃദത്തിനും "ഈസ് ഓഫ് ഡൂയിങ് ബിസിനസിനുമായി' എടുക്കുന്ന നടപടികൾക്കും ഇരുതലമൂർച്ഛയുണ്ടാകും. ആസൂത്രണം ചെയ്യുന്നതും ഏറ്റെടുക്കുന്നതുമായ സൂക്ഷ്മവും സ്ഥൂലവുമായ വികസനപദ്ധതികളെ ഈ സമഗ്രതയിൽ കാണുന്ന നിലപാടിനാകട്ടെ, ആവശ്യമായ വേരോട്ടം ആയിട്ടുമില്ല.

കേരളത്തിന്റെ പരിസ്ഥിതികാവബോധ രൂപപ്പെടലിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ഇനത്തിൽ വൻകിട രാഷ്ട്രങ്ങളോട് പോലും കിടപിടിക്കും. എന്നാൽ, ഇന്നും പ്രകൃതിയും പരിസ്ഥിതിയും ചിത്രീകരിക്കാൻ മിക്കവാറും അവലംബിക്കുന്നത് വനത്തെയും അവക്കിടയിൽ ഒഴുകുന്ന അരുവിയെയും തന്നെയാണ്. കാർബൺ മുഴുവൻ വലിച്ചെടുക്കുന്നതും ഓക്‌സിജൻ ആകെ നൽകുന്നതും മരങ്ങളാണെന്ന ധാരണയ്ക്ക് നല്ല ആൾബലമുണ്ട്. നൂറ് സ്വാഭാവിക മരം മുറിച്ചാൽ വിഷമിക്കേണ്ട, നൂറ്റിപ്പത്ത് വെച്ചാൽ മതിയാകും, പരിസ്ഥിതി കൂടുതൽ പുഷ്ടിപ്പെടുമെന്ന അനുബന്ധത്തിനും പ്രചാരമുണ്ട്. അതിനിടയിൽ പച്ചപ്പില്ലാതെ നീണ്ടുകിടക്കുന്ന കടൽത്തീരത്തിനും, ചതുപ്പും വെള്ളക്കെട്ടും കണ്ടലും ചെളിയുമൊക്കെയായി മിക്കവാറും "പാഴായിക്കിടക്കുന്ന' തണ്ണീർത്തടത്തിനും തീരെ മൂല്യം പോരത്രേ!

കായൽവിസ്തൃതി ഒരു നൂറ്റാണ്ടുകൊണ്ട് മൂന്നിലൊന്നായി ചുരുങ്ങിയെന്നു ഒടുവിൽ ശാസ്ത്രസാഹിത്യപരിഷത്ത് നിയോഗിച്ച, പ്രഭാത് പട്‌നയിക് നയിച്ച കായൽകമ്മീഷനും അടിവരയിട്ടത് 2018ലെ മഹാപ്രളയത്തിന് മുൻപാണ്.

കേരളത്തിന്റെ പൊതുബോധ നിർമിതിയിലും വികസനതന്ത്രത്തിലും ഉയർന്ന മധ്യവർഗ താല്പര്യങ്ങൾക്കും മോഹങ്ങൾക്കുമുള്ള സ്വാധീനം നാൾക്കുനാൾ ഏറിവരികയാണ്. കുട്ടനാടും ഇതിന് അപവാദമല്ല. അതിന്റെ പ്രത്യാഘാതമാകട്ടെ, പാരിസ്ഥിതികവും ജീവസന്ധാരണപരവുമായ സവിശേഷതകളാൽ, ഒട്ടുമിക്ക ഇടങ്ങളെക്കാൾ ഇവിടെ ഗുരുതരമാണ് താനും.

പഠനങ്ങൾ കുറെ നടന്നില്ലേ, എന്ത് പ്രയോജനം, ഇനി പഠനമൊന്നും വേണ്ട തുടങ്ങിയ ചിന്തകൾക്കും കുട്ടനാട്ടിൽ വേരോട്ടം ആയിട്ടുണ്ട്. അത്യന്തം സങ്കീർണമായ ആവാസവ്യവസ്ഥയിലും സാമൂഹ്യജീവിതത്തിലും കാലാവസ്ഥവ്യതിയാനവും മനുഷ്യഇടപെടലും ഉളവാക്കുന്ന ഗുണദോഷങ്ങൾ നിരന്തര പരിശോധനക്കും ശാസ്ത്രീയ പഠനത്തിനും വിധേയമാക്കണം. സത്യത്തിൽ സുപ്രധാനമായ കണ്ടെത്തലുകളും പഠനനിർദ്ദേശങ്ങളും വികസനപദ്ധതികളിൽ പലപ്പോഴും അവഗണിക്കപ്പെടുന്നതാണ് പ്രശ്നം. "വെള്ളപ്പൊക്കം' മാത്രമെടുക്കുക. കുട്ടനാട് പ്രദേശത്തെ ജലപരിപാലനം മിക്കവാറും വേമ്പനാട് കായലിന്റെയും അതോടൊപ്പം കടൽതീരത്തിന്റെയും നദികളുടെയും പരിപാലനത്തെ ആശ്രയിച്ചിരിക്കുന്നു.

കായലിന്റെ വാഹകശേഷി അപകടകരമായി കുറഞ്ഞതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. കായൽ വിസ്തൃതി ഒരു നൂറ്റാണ്ടുകൊണ്ട് മൂന്നിലൊന്നായി ചുരുങ്ങിയെന്നു ഒടുവിൽ ശാസ്ത്രസാഹിത്യപരിഷത്ത് നിയോഗിച്ച, പ്രഭാത് പട്‌നയിക് നയിച്ച കായൽ കമ്മീഷനും അടിവരയിട്ടത് 2018ലെ മഹാപ്രളയത്തിന് മുൻപാണ്. നഷ്ടപ്പെട്ട കായലും തീരവും തിരികെ പിടിക്കുന്നത് തല്ക്കാലം എളുപ്പമല്ലായിരിക്കാം. എന്നാൽ, തുടർകൈയേറ്റവും ശോഷണവും ഒഴിവാക്കാൻ കായലിന്റെ അതിരുകൾ അടയാളപ്പെടുത്തുകയെങ്കിലും വേണമെന്ന കമീഷന്റെ നിർദ്ദേശംപോലും അവഗണിക്കപ്പെട്ടു. പിന്നീടുവന്ന പ്രളയം കേരളത്തെ മിക്കവാറും മുക്കികളഞ്ഞല്ലോ. അത് അടങ്ങിയപ്പോൾ ദുരിതാശ്വാസക്യാമ്പുകളിൽ നിന്ന് ജനം സ്വഭവനങ്ങളിലെത്തി. എന്നാൽ, കുട്ടനാട്ടിൽ പലയിടങ്ങളിലും ജലനിരപ്പ് ഉയർന്നുതന്നെനിന്നു. മാസങ്ങൾ കഴിഞ്ഞാണ് ആയിരങ്ങൾ ക്യാമ്പ് ഒഴിഞ്ഞത്. പിഴവ് മിക്കവാറും പഠനത്തിലല്ല, പ്രയോഗത്തിലാണ്.

പ്രശ്നപരിഹാരത്തിനായി മുന്നോട്ടുവെക്കുന്ന മാർഗ്ഗങ്ങളിൽ വിദഗ്ധർക്കിടയിലും പഠനങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ, ആവാസവ്യവസ്ഥയിലും അതുവഴി ജീവസന്ധാരണത്തിലും നിലവിലുള്ള വികസനമാതൃക ഉളവാക്കുന്ന ആഘാതത്തെ സംബന്ധിച്ച് യോജിപ്പാണ് താനും.

സമുദ്രജലനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കുട്ടനാട്. പശ്ചിമഘട്ട മലനിരകളിൽനിന്നും പടിഞ്ഞാറോട്ടുള്ള വലിയ ചരിവിലൂടെ പെയ്തുവെള്ളം വേഗമെത്തുന്നു. അതിതീവ്രമഴ ഇവിടെ വെള്ളപ്പൊക്കമായി മാറും. പടിഞ്ഞാറ് കടലുമായി അതിനെ വേർതിരിക്കുന്നത് ഏതാനും കിലോമീറ്ററുകൾ മാത്രം വീതിയിൽ തെക്കുവടക്ക് റിബ്ബൺപോലെ നീണ്ടുകിടക്കുന്ന ഭൂപ്രദേശമാണ്. കാലാവസ്ഥാവ്യതിയാനം അറബിക്കടലിലുണ്ടാക്കുന്ന അസാധാരണമാറ്റങ്ങളും വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. ന്യൂനമർദ്ദസമയങ്ങളിൽ കടൽതിരമാല മുൻകാലങ്ങളെക്കാൾ ഉയർന്നുനിൽക്കുന്നതിനാൽ, പഴയതോതിൽ കുട്ടനാട്ടിലെ അധികജലത്തെ വലിച്ചുമാറ്റാൻ വേലിയിറക്കത്തിന് കഴിയുന്നില്ല. മറ്റേത് സമുദ്രത്തേക്കാൾ, ആഗോളതാപനത്തിന് കൂടുതൽ ഇരയാകുന്നത് ഇന്ത്യൻ മഹാസമുദ്രമാണെന്നും, അതിൽത്തന്നെ അറബിക്കടലാണെന്നും അടിവരയിടേണ്ടതാണ്.

2018ലെ വെള്ളപ്പൊക്കത്തിൽ കേരളത്തിന് നഷ്ട്ടപ്പെട്ടത് 500 വിലപ്പെട്ട ജീവനും 20000 കോടി രൂപയുമായിരുന്നു. അറബിക്കടലിലെ ന്യൂനമർദവും വർധിച്ചുവരുന്ന ചുഴലിക്കാറ്റും പശ്ചിമഘട്ടത്തിലും ഇടനാട്ടിലുമുണ്ടാകുന്ന അതിതീവ്രമഴയും കുട്ടനാട്ടിൽ കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്ന ഘടകങ്ങളാണ്. ഇപ്പോൾ പുറത്തുവന്ന ഐപിസിസി (IPCC) റിപ്പോർട്ടും വ്യക്തമാക്കുന്നതും അതുതന്നെയാണ്. ഇൻഡോ- ഡച്ച് മിഷന്റെ 1989 ലെ കുട്ടനാട് വാട്ടർ ബാലൻസിംഗ് പഠന (Kuttanadu Water Balancing Study) മുൾപ്പെടെയുള്ള സുപ്രധാനങ്ങളായ മുൻവിലയിരുത്തലുകളുടെ തുടർപരിശോധനയും തുടർപഠനവുമെല്ലാം മാറുന്ന സാഹചര്യത്തെ നേരിടാൻ വേണ്ടിവരും.

കാലാവസ്ഥാമാറ്റം, വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കിയ റിസ്‌ക്ക് മാപ്പിംഗ് എന്നിവയൊക്കെ കുട്ടനാടിന്റെ അടിസ്ഥാന വികസനതന്ത്രത്തിൽ പ്രഥമപരിഗണനകളാകണം. പ്രാദേശിക ആസൂത്രണവും ഭരണസംവിധാനവും അതനുസരിച്ച് പരുവപ്പെടണം. ശാസ്ത്രീയ വിവരങ്ങൾ നല്കാൻ സ്ഥാപനങ്ങളും വൈദഗ്ധ്യവും പ്രാദേശികമായി ഉണ്ടാവണം. പശ്ചിമഘട്ടത്തിൽ നടക്കുന്ന അധികരിച്ച മനുഷ്യഇടപെടൽ, അതുവഴി കായലിലെത്തുന്ന വെള്ളത്തിലും എക്കലിലും ഉണ്ടാകുന്ന വ്യത്യാസം, പശ്ചിമഘട്ടത്തിൽ തുടങ്ങി വേമ്പനാട്ടിലെത്തുന്ന നദികളുടെ ബലക്ഷയം, നദികളിലും കായലിലും കടൽത്തീരത്തും നടക്കുന്ന കൈയേറ്റവും അനധികൃത നിർമ്മിതികളും, തണ്ണീർമുക്കംബണ്ട് എന്നിവയാണ് കായലിന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്ന മുഖ്യ ഘടകങ്ങൾ.

തണ്ണീർമുക്കം ബണ്ട്

പശ്ചിമഘട്ടത്തിലെയും കുട്ടനാട്ടിലെയും കൃഷിയിടങ്ങളിൽ നിന്നെത്തുന്ന കീടനാശിനിയുടെയും രാസവളത്തിന്റെയും അംശങ്ങളും, ഹൗസ്ബോട്ടുകളും കായൽത്തീരങ്ങളിലെ ഹോട്ടലുകളും റിസോർട്ടുകളും വ്യവസായസ്ഥാപനങ്ങളും വീടുകളും പുറന്തള്ളുന്ന മാലിന്യങ്ങളും നിലവിൽ ഒട്ടും നിയന്ത്രണവിധേയമല്ല.

ആലപ്പുഴ ജില്ലയിലെ പാണാപള്ളി പഞ്ചായത്തിൽപ്പെട്ട വെറ്റില തുരുത്തിൽ തീരദേശനിയന്ത്രണനിയമത്തെ മറികടക്കുന്ന വാമിക ഐലന്റ്‌ - റിസോർട്ടിന്റെ നിർമ്മിതികൾ പൊളിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ ഹർജിയിൽ സുപ്രീംകോടതി 2013ൽ നടത്തിയ നിരീക്ഷണങ്ങൾ പ്രദേശത്തിന്റെ പാരിസ്ഥിതികമൂല്യം വിളിച്ചോതുന്നതാണ്; ഭരണസംവിധാനങ്ങൾക്ക് ചില ഓർമപ്പെടുത്തലും: "2011-ലെ തീരദേശനിയന്ത്രണവിജ്ഞാപനമനുസരിച്ച് വേമ്പനാട് കായൽ അതിലോല തീരപ്രദേശം (Critically vulnerable coastal Area-CVCA) ആണ്. ജൈവവൈവിദ്ധ്യത്തിന്റെയും ദേശാടനപക്ഷികളുടേയും സങ്കേതമാണ്.’

മത്സ്യത്തിന്റേയും കക്കയുടേയും മറ്റനവധി ജലജീവികളുടേയും ആവാസവ്യവസ്ഥയും പ്രജനനകേന്ദ്രവുമാണ്. ഇവിടുത്തെ പാരിസ്ഥിതിക സംതുലനാവസ്ഥ നേരിടുന്ന ഭീഷണി, ജലമലിനീകരണം, ജൈവനാശം, കായലിന്റെ ശോഷണം എന്നിവയെല്ലാം പരിഗണിച്ചാണ് വേമ്പനാടിനെ ദേശീയ കായൽസംരക്ഷണപരിപാടിയിൽ (National Lake Conversation Programme- NLCP) ഉൾപ്പെടുത്തിയത്. നികത്തൽ മൂലം ആഴത്തിലും പരപ്പിലുമുണ്ടായ ഗണ്യമായ കുറവാണ് ഏറ്റവും വിനാശകരമായത്. വേമ്പനാട്ടുകായൽ നേരിടുന്ന ഗുരുതരമായ പരിസ്ഥിതിനാശം സംസ്ഥാനത്തിനും രാജ്യത്തിനാകെയും ആശങ്കയുണ്ടാക്കുന്നതാണ്. ഏറ്റവും ഉല്പാദനക്ഷമമായ പരിസ്ഥിതിവ്യവസ്ഥയാണ് വേമ്പനാട്.' ഇതേ പഞ്ചായത്തിലെ തന്നെ നെടിയതുരുത്തിൽ മിനിമുത്തൂറ്റ് ഗ്രൂപ്പ് നയിക്കുന്ന കാപ്പികോ (KAPICO) കമ്പനിയുടെ അനധികൃത നിർമിതികളും നീക്കം ചെയ്യാൻ 2014ൽ കോടതി ഉത്തരവിട്ടിരുന്നു. ടൂറിസത്തെ ക്ഷീണിപ്പിച്ചാൽ സമ്പദ്വ്യവസ്ഥക്കുണ്ടാകാവുന്ന കോടികളുടെ നഷ്ടത്തിൽ "ആശങ്ക പ്രകടിപ്പിക്കാനും' നടപടി ഒഴിവാക്കാനായി സർക്കാരിന് നിവേദനം കൊടുക്കാനും മതപുരോഹിതരും ജനപ്രതിനിധികളുമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയം.

വാമിക ഐലന്റ്‌

നിൽക്കുന്നിടത്തെ ലാഭം പൂർണമായി ഊറ്റിക്കഴിഞ്ഞാൽ, അല്ലെങ്കിൽ കൂടിയ ലാഭം ലക്ഷ്യമായി മാറിയാൽ, മൂലധനം മനസ്സാക്ഷിക്കുത്തില്ലാതെ പുതിയ മേച്ചിൽപ്പുറത്തേക്ക് പായും. അതിനായി ട്വന്റി- ട്വന്റി കമ്പനിയെപ്പോലെ ന്യായവാദങ്ങൾ നിരത്തും. അങ്ങനെയാണ് കുട്ടനാടൻ പ്രദേശത്തെ നൂറുകണക്കിന് ഏക്കർ വരുന്ന പാടശേഖരങ്ങളടങ്ങിയ മെത്രാൻ കായൽ പാടശേഖരം ഏറ്റെടുക്കാൻ ഊഹക്കച്ചവടക്കാർ എത്തിയത്. കൃഷിക്ക് പകരമായി പരിചയപ്പെടുത്താൻ ശ്രമിച്ച ഗോൾഫ് ടൂറിസം പദ്ധതിയും കായൽതീരത്തെയും കടൽതീരത്തെയും മൂലധനതേരോട്ടവും കൈയേറ്റങ്ങളും ഈ ഗണത്തിൽ പെടുന്നവ തന്നെ.

തണ്ണീർമുക്കം ബണ്ട് കുട്ടനാട്ടിലെ ഏറ്റവും വലിയ നിർമ്മിതിയാണ്. വേമ്പനാട്പ്രദേശത്ത് ഏറ്റവുമധികം പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കിയ വികസന ഇടപെടലും അതുതന്നെയാണ്.

പുതിയ ഭാവത്തിലും രൂപത്തിലും സമാനമായ പദ്ധതികൾ നവലിബറൽകാലത്ത് വീണ്ടും വരും. പ്രത്യാഘാതങ്ങളുടെ തോത് ജനങ്ങളിലും പ്രകൃതിയിലും ദേശ, കാല, പരിസ്ഥിതിയനുസരിച്ച് വ്യത്യസ്തമാകും. ആവാസ വ്യവസ്ഥ ജനവിഭാഗങ്ങളും സാമൂഹ്യമായി പ്രതികൂലാവസ്ഥയിലുള്ളവരും ആദ്യം പുറന്തള്ളപ്പെടും. "എങ്ങനെയും വികസനം വരട്ടെ' എന്ന് ഇപ്പോൾ അമിതമായി മോഹിക്കുന്ന മധ്യവർഗവും അചിരേണ ബലഹീനരാകും. അതുകൊണ്ട്, ഈ കാലത്ത് ജനകീയജാഗ്രതക്കും പ്രതിരോധത്തിനും ഇടവേളകൾ ഒട്ടു അഭികാമ്യമല്ല.

പരിപാലനത്തിലെ ബലഹീനതകൾ: ബണ്ടും പൊഴിയും ദൃഷ്ടാന്തങ്ങൾ

പ്രതിസന്ധി പരിഹരിക്കാനായുള്ള ധാരാളം വികസന പദ്ധതികൾക്കും കാർഷിക പദ്ധതികൾക്കും കുട്ടനാട് ഇതിനോടകം പല കാലങ്ങളിലായി വിധേയമായിട്ടുണ്ട്. ഒരു പൊതുവികസന പരിപ്രേക്ഷ്യത്തിന്റെ അഭാവവും കഴിവതും പരസ്പരം വെള്ളം കയറാത്ത അറകളിൽ പ്രവർത്തിക്കുന്ന നിർവ്വഹണ ഏജൻസികൾ/ സർക്കാർ വകുപ്പുകളുമാണ് മിക്കപ്പോഴും ഫലപ്രാപ്തിക്ക് തടസ്സം. ഒരു പ്രദേശത്തെ അല്ലെങ്കിൽ ഒരു പഞ്ചായത്തിലെ ജലചക്രത്തിലോ, ഭൂരൂപങ്ങളിലോ, ഒരു തൊഴിലിലോ നടത്തുന്ന ഇടപെടലുകൾ മറ്റ് പ്രദേശങ്ങളിലും ഇതര തൊഴിലുകളിലും പ്രത്യക്ഷവും പരോക്ഷവുമായ പല പ്രഭാവങ്ങളും പ്രത്യാഘാതങ്ങളും ഉളവാക്കും. കൃഷി, മൽസ്യബന്ധനം, തണ്ണീർമുക്കം ബണ്ടിന്റെ പരിപാലനം എന്നിവയിലെല്ലാം ഈ ദൗർബല്യം പ്രകടമാണ്. ഇപ്പോൾ വിവാദമായിരിക്കുന്ന തോട്ടപ്പള്ളിപൊഴിയിലെ ഇടപെടലും വെളിവാക്കുന്നത് മറ്റൊന്നുമല്ല.

കൃഷി, മൽസ്യബന്ധനം, ബണ്ട്

പണ്ട്, മൂന്നു വർഷത്തിലൊരിക്കലായിരുന്നു കുട്ടനാട്ടിൽ നെൽ കൃഷി. പിന്നീട് രണ്ടുവർഷത്തിലൊരിക്കലായി. വെള്ളം കയറിയും എക്കൽ അടിഞ്ഞും ഉത്പാദനക്ഷമത നിലനിൽക്കാൻ ഒന്നിടവിട്ട വർഷങ്ങളിൽ തരിശിട്ടു. പിന്നീട്, ഭക്ഷ്യക്ഷാമം മറികടക്കാനും ഭക്ഷ്യലഭ്യത കൂട്ടാനും കൃഷിയുടെ വ്യാപനം വേണ്ടിവന്നു. ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും സമ്മർദ്ദവും പ്രോത്സാഹനവും ഏറുകയും 1940കളിൽ തന്നെ വർഷംതോറും കൃഷിയിറക്കാനും തുടങ്ങി.

കുട്ടനാടിന്റെ പൊതുബോധ നിർമിതിയിൽ മത്സ്യത്തൊഴിലാളികളുടെ ഇടപെടൽസ്വാധീനം ദുർബലമായിട്ടുമുണ്ട്. കൃഷിയിലെപോലെ വ്യാപകമായ പഠനങ്ങൾ മൽസ്യമേഖലയിൽ കാണുന്നുമില്ല

ആഗസ്റ്റ് - സെപ്തംബറിൽ വിതക്കുന്ന പുഞ്ചക്കൃഷി, ഡിസംബർ - ജനുവരിയിൽ കൊയ്യുന്നു. അവിടെയും നിന്നില്ല. മേയ് - ജൂണിൽ ആരംഭിച്ച് ആഗസ്റ്റ് സപ്തംബറിൽ കൊയ്യുന്ന രണ്ടാംകൃഷികൂടി 1960കളിൽ ആരംഭിച്ചു. വേനൽക്കാലത്ത് അറബിക്കടലിൽനിന്ന് കായൽ വഴി ഉപ്പുവെള്ളം കയറിവരുന്നത് കൃഷിക്ക് തടസ്സമായി. ഓരുവെള്ളം കൃഷിയിടങ്ങളിൽ കയറുന്നത് നിയന്ത്രിക്കുന്നതിനായി 1956 ൽ നിർമാണം തുടങ്ങി 1976 ൽ ഒന്നും രണ്ടും ഘട്ടവും 2018 ൽ ബാക്കി ഭാഗവും പൂർത്തീകരിച്ച തണ്ണീർമുക്കം ബണ്ട് കുട്ടനാട്ടിലെ ഏറ്റവും വലിയ നിർമ്മിതിയാണ്.

വേമ്പനാട് പ്രദേശത്ത് ഏറ്റവും പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കിയ വികസന ഇടപെടലും അതുതന്നെയാണ്. രണ്ട് കൃഷിയിറക്കാൻ സഹായകമായെങ്കിലും, ഈ പദ്ധതിയുടെ നേട്ട- കോട്ട വിശകലനത്തിലെ കണ്ടെത്തലുകൾ ഒട്ടും ആശാവഹമല്ല. നെല്ലുല്പാദനത്തിൽ 1970ൽ കുട്ടനാടിന്റെ പങ്ക് 37 ശതമാനം ആയിരുന്നു. 2003 ആയപ്പോഴേക്കും 18 ശതമാനമായി അത് ഇടിയുന്നതിനെ തടയാൻ ബണ്ടിന്റെ വരവിനും കഴിഞ്ഞില്ല. നെൽപ്പാടങ്ങളുടെ വിസ്തൃതി 1990കളിൽ 59304നിന്ന് 46388 ഹെക്ടറായി ചുരുങ്ങി. വിതയിലെ ഏകീകരണവും കൃഷിയുടെ കാലക്രമവും തെറ്റി. മറുവശത്താകട്ടെ, സ്വാഭാവിക ഒരുകയറ്റിറക്കത്തിലും ജല പ്രവാഹത്തിലും നടന്നിരുന്ന കായലടക്കമുള്ള കുട്ടനാട് പ്രദേശത്തിന്റെ ശുദ്ധീകരണപ്രക്രിയ തടസ്സപ്പെട്ടു.

ജലമലിനീകരണവും ജലകളകളും നെൽചെടിയിലെ കീടരോഗങ്ങളും അധികരിച്ചു. മത്സ്യസമ്പത്തിനെയും തൊഴിലാളികളുടെ ജീവസന്ധാരണത്തെയും സാരമായി ബാധിച്ചു. ബണ്ട് കഴിവതും തുറന്നിടണമെന്ന് മൽസ്യതൊഴിലാളികളും കൃഷിക്കായി കൂടുതൽ കാലം അടഞ്ഞുകിടക്കണമെന്ന് കർഷകരും സമ്മർദ്ധം ചെലുത്തുന്നു. ഇതൊക്കെ ഇന്ന് ഏതാണ്ട് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതകളാണ്. കുട്ടനാടിന്റെ പൊതുബോധ നിർമ്മിതിയിൽ മത്സ്യത്തൊഴിലാളികളുടെ ഇടപെടൽസ്വാധീനം ദുർബലമായിട്ടുമുണ്ട്. കൃഷിയിലെപോലെ വ്യാപകമായ പഠനങ്ങൾ മൽസ്യമേഖലയിൽ കാണുന്നുമില്ല, പ്രത്യേകിച്ച്, തണ്ണീർമുക്കം ബണ്ടിന് തെക്കുവശത്തുള്ള വേമ്പനാടുകായൽ പ്രദേശത്ത്.

മടവീഴ്ച ഉണ്ടായ പാടശേഖരം - പുറംബണ്ടിന്റെ ഭാഗം കുറ്റിയടിച്ചു കട്ട കുത്തി പുനർനിർമിച്ചിരിക്കുന്നു

വിതയിലും കൊയ്ത്തിലും സമയക്രമം പാലിക്കേണ്ടത് കുട്ടനാട്ടിലെ പരിസ്ഥിതിയുടെയും കൃഷിയുടെയും കർഷകരുടെയും മൽസ്യ തൊഴിലാളികളുടെയും കക്കവാരൽ തൊഴിലാളികളുടെയും നിലനിൽപ്പിന് അനിവാര്യമാണ്. ഏറുന്ന കാലാവസ്ഥാവ്യതിയാനം ഇതിനെ അടിവരയിടുന്നുണ്ട്. കർഷകർ നിലവിലുള്ള രീതി കേവലമായി തുടരുകയാണ്. കാർഷികസമയക്രമം ഇങ്ങനെ താളംതെറ്റിയതിന് കാരണം പലതാണ്. എങ്ങനെയായാലും, തണ്ണീർമുക്കംബണ്ടിന്റെ പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചു.

കൃത്യമായും കാര്യക്ഷമമായും പരിപാലിക്കപ്പെട്ടാൽതന്നെ, ബണ്ടിന്റെ പല പ്രത്യാഘാതങ്ങളും ഒഴിവാക്കാൻ കഴിയില്ല. കെടുകാര്യസ്ഥതയും വീഴ്ചയും ചേർന്നാൽ പറയേണ്ടതില്ലല്ലോ.

വ്യത്യസ്ത കാർഷികമേഖലകളടങ്ങിയ (Agro Zone) കുട്ടനാടിനു മൊത്തമായി ഒരു ഏകീകൃത കാർഷികകലണ്ടർ പ്രായോഗികമല്ല. കൃഷിക്കാരും മറ്റ് ബന്ധപ്പെട്ടവരുമായും ചർച്ച ചെയ്ത് ശാസ്ത്രീയമായി ഓരോ മേഖലക്കും ഉതകുന്ന കലണ്ടർ വരണം. ആ വഴിക്ക് ശ്രമങ്ങളുണ്ട്. അന്തർദേശീയ കായൽ ഗവേഷണകേന്ദ്രം അത്തരത്തിൽ ഒന്ന് നിർദേശിച്ചിട്ടുണ്ട്. കൂടാതെ കുട്ടനാട് പാക്കേജിന്റെ റിപ്പോർട്ടിലും ഒരു കാർഷിക കലണ്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. അത് വിജയിക്കാൻ വിത്തിന്റെയും, വളത്തിന്റെയും, കാർഷിക യന്ത്രങ്ങളുടെയും സമയബന്ധിതമായ ലഭ്യതയിൽ നിലവിലുള്ള ആശങ്ക പരിഹരിക്കുകകൂടി വേണം.

കൃത്യമായും കാര്യക്ഷമമായും പരിപാലിക്കപ്പെട്ടാൽതന്നെ, ബണ്ടിന്റെ പല പ്രത്യാഘാതങ്ങളും ഒഴിവാക്കാൻ കഴിയില്ല. കെടുകാര്യസ്ഥതയും വീഴ്ചയും ചേർന്നാൽ പറയേണ്ടതില്ലല്ലോ. ബണ്ട് തുറക്കുന്നതിലും അടക്കുന്നതിലും ഉണ്ടാകുന്ന ചെറിയ കാലതാമസവും തിടുക്കവുംപോലും പരിസ്ഥിതിയിലും ജീവസന്ധാരണത്തിലും ഗുരുതരമായ ഫലങ്ങൾ ഉളവാക്കുമെന്നു വ്യക്തം. അത്രത്തോളം സുപ്രധാനമായ ബണ്ടിന്റെ പരിപാലനവും നിയന്ത്രണവും മിക്കപ്പോഴും നിർവ്വഹിക്കപ്പെടുന്നത് സമഗ്രമായ പരിശോധന കൂടാതെയും കേവല ബ്യൂറോക്രാറ്റിക് ആയിട്ടുമാണ്.

തണ്ണീർമുക്കം ബണ്ട് ആണ്ടിൽ 90 ദിവസം മാത്രം അടച്ചിടാനാണ് വിഭാവന ചെയ്തിരുന്നത്. നാലു പതിറ്റാണ്ടുകാലത്തെ ചരിത്രമെടുത്താൽ, ശരാശരി വാർഷിക-അടച്ചിടൽ കാലം 122 ദിവസമാണെന്ന് കാണാം. സമയക്രമം പാലിച്ച്​ കൃഷി പൂർത്തീകരിക്കുവാൻ സാധിക്കാതെ വരുന്ന ചില വർഷങ്ങളിൽ ഇത് അനിയന്ത്രിതമായി നീണ്ടു പോകാറുണ്ട്. 1987ൽ 6 മാസം വരെ ബണ്ട് അടഞ്ഞു കിടന്നു. ഈ വർഷത്തെ കാര്യം എടുക്കുക. നിശ്ചിതപട്ടിക അനുസരിച്ച് രണ്ടാം കൃഷി മാർച്ചിൽ കൊയ്ത് കഴിയണം. മാർച്ച് 15നു ബണ്ട് തുറക്കണം. ഏപ്രിൽ മാസത്തോടെ ഒരു കായൽപാടശേഖരം ഒഴികെയുള്ള മുഴുവൻ കുട്ടനാടൻ പാടശേഖരങ്ങളിലും കൊയ്ത്ത് കഴിഞ്ഞിരുന്നു. അതുംകൂടി ഏപ്രിൽ അവസാനവാരം/മെയ് ആദ്യവാരവുമായി പൂർത്തീകരിച്ചിരുന്നു. പക്ഷേ, ബണ്ട് തുറന്നതാകട്ടെ, മെയ് 15നും! അടഞ്ഞുകിടന്നത് 150 ദിവസം. ഇവിടെ തടസ്സമായത് കൃഷിയിലെ അച്ചടക്കക്കുറവല്ല. ജലവിഭവവകുപ്പ് തനിച്ചോ, അല്ലെങ്കിൽ വിവിധ വകുപ്പുകളുടെ ചട്ടപ്പടി ഏകോപനത്തിലോ ബണ്ടിന്റെ നിയന്ത്രണം ഫലപ്രദമാകില്ലെന്ന് പൊതുവിൽ ബോധ്യമായിട്ടുണ്ട്.

ഇതിനൊക്കെപുറമേ, പരീക്ഷണാടിസ്ഥാനത്തിൽ ബണ്ട് പൂർണമായി മൂന്നോ നാലോ വർഷം തുറന്നിടണമെന്നും അത് കൃഷിയിലും മൽസ്യബന്ധനത്തിലും പരിസ്ഥിതിയിലും വാസയോഗ്യതയിലും ഉണ്ടാക്കുന്ന ഗുണദോഷങ്ങൾ ശാസ്ത്രീയമായി പഠിക്കണമെന്നുമുള്ള നിർദ്ദേശം ഉയരുന്നുണ്ട്. ഇത് ഏറെ പ്രസക്തമാണെങ്കിലും, ആ വഴിക്ക് നീക്കമൊന്നും ഉണ്ടായിട്ടില്ല.

തോട്ടപ്പള്ളിപൊഴിയിൽ നടക്കുന്നത്

കുട്ടനാട്ടിന് താങ്ങാൻ കഴിയാത്ത അധികജലം കടലിലേക്ക് ഒഴുക്കിക്കളയുന്നതിനുള്ള മനുഷ്യനിർമ്മിതമായ സംവിധാനമാണ് തോട്ടപ്പള്ളിസ്പിൽവേയും അനുബന്ധമായി കടലിലേക്ക് തുറക്കുന്ന പൊഴിയും. പമ്പ, അച്ഛൻകോവിൽ, മണിമലയാർ എന്നീ നദികളിലൂടെത്തുന്ന അധികപ്പറ്റുവെള്ളം കുട്ടനാട്ടിലേക്കും ശേഷം വേമ്പനാടുതടാകത്തിലേക്കും എത്തുന്നതിനു മുൻപ് വീയപുരത്തുവച്ച് തിരിച്ച് പുറക്കാട് പഞ്ചായത്തിലുള്ള സ്പിൽവേയിലൂടെ കടലിലേക്ക് ഒഴുക്കുന്നു. പൊഴിയുടെ പരിപാലനം, പൊഴിയിലും സമീപത്തെ ഫിഷിങ് ഹാർബറിലും നടക്കുന്ന മണലെടുപ്പ്, തൽസംബന്ധമായ തീരശോഷണം തുടങ്ങിയവ നിലവിൽ വലിയ സാമൂഹ്യപ്രശ്‌നങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരിക്കുന്നു. വേമ്പനാട് തണ്ണീർത്തടപരിപാലനത്തിൽ പൊതുവിൽ ദൃശ്യമാകുന്ന ദൗർബല്യങ്ങൾ ഇവിടെയും പ്രകടമാണ്.

പ്രതീക്ഷിച്ചപോലെ, കൊണ്ടുപോകുന്ന മണലിൽനിന്ന് കരിമണൽ വേർതിരിച്ചതിനുശേഷം ബാക്കി വരുന്ന മണൽ നിലവിൽ തീരശോഷണം നേരിടുന്ന സമീപപ്രദേശങ്ങളായ പുറക്കാട്, അമ്പലപ്പുഴ, പൂന്തല എന്നിവിടങ്ങളിൽ നിക്ഷേപിക്കുന്നില്ല.

പൊഴിയുടെ ആകെ വീതി 300 മീറ്റർ. കാലങ്ങളായി തുറക്കേണ്ടി വന്നിരുന്നത് ശരാശരി 50 മീറ്ററും. അതിന് പ്രദേശവാസികളുടെ മനുഷ്യാദ്ധ്വാനം മാത്രം മതിയായിരുന്നു. ഉത്സവപ്രതീതിയിൽ വർഷകാലത്ത് അവർ പൊഴി മുറിക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ പ്രക്രിയ ജെ.സി.ബി ഉപയോഗിച്ചും നിർവഹിച്ചു പോന്നിരുന്നു. വേനലിൽ കടൽതന്നെ തിരികെ മണൽ നിക്ഷേപിച്ച് പൊഴി അടക്കും. 2018ലെ പ്രളയദുരന്തം മുൻകരുതലുകൾ ശക്തിപ്പെടുത്തുന്നതിന് പ്രേരിപ്പിച്ചു. കാലങ്ങളായി പൊഴിയിലേക്കുള്ള ലീഡിങ്ചാനലിൽ അധികമായി അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയതും ആഴം ആവശ്യമായനിലയിൽ കൂട്ടിയും പൊഴിമുഖം 300 മീറ്ററും പൂർണമായി തുറന്നും അധികജലത്തിന്റെ കടലിലേക്കുള്ള ഒഴുക്ക് വർധിപ്പിക്കണമെന്ന് കഴിഞ്ഞവർഷം തീരുമാനിച്ചിരുന്നു. അങ്ങനെ പൊഴിയിലെ മണൽ ആകെമാറ്റി പൂർണമായി തുറക്കാൻ മനുഷ്യാദ്ധ്വാനം വഴി സാധ്യമല്ല. സമയബന്ധിതമായി അത് പൂർത്തീകരിക്കേണ്ടതുമുണ്ട്. അതാര് നിർവ്വഹിക്കും?
കരിമണൽ അസംസ്‌കൃത വസ്തുവായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കേരള മിനറൽസ് ആൻറ്​ മെറ്റൽസ് (കെ.എം.എം.എൽ.) രംഗത്ത് വരികയും പൊഴിമുഖത്തെ മണൽ മാറ്റുന്നതിനുള്ള അനുമതി സമ്പാദിക്കുകയും ചെയ്യുന്നു. ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ കെ.എം.എം.എല്ലിന്​ ഈ കരാർ നൽകിയത് അത്രത്തോളം സ്വാഗതാർഹമാണ്. എന്നാൽ, പ്രതീക്ഷിച്ചപോലെ, കൊണ്ടുപോകുന്ന മണലിൽനിന്ന് കരിമണൽ വേർതിരിച്ചതിനുശേഷം ബാക്കി വരുന്ന മണൽ നിലവിൽ തീരശോഷണം നേരിടുന്ന സമീപപ്രദേശങ്ങളായ പുറക്കാട്, അമ്പലപ്പുഴ, പൂന്തല എന്നിവിടങ്ങളിൽ നിക്ഷേപിക്കുന്നില്ല. പൊഴിമുഖത്ത്‌നിന്ന് ഇങ്ങനെ കൊണ്ടുപോകുന്നതും തീരത്തിന് പൂർണമായി നഷ്ടപ്പെടുന്നതുമായ മണൽ നിലവിലുള്ള തീരശോഷണത്തെ ഗുരുതരമാക്കുമെന്ന വിലയിരുത്തലും ആശങ്കയും പ്രദേശവാസികൾക്ക് മാത്രമല്ല, വിദഗ്ധർക്കും ഉണ്ട്. എല്ലാ വർഷവും നടക്കുന്ന തീരം വെക്കുക, തീരം എടുത്തുപോകുക എന്ന കടലിന്റെ സ്വാഭാവികവും ചാക്രികവുമായ പ്രക്രിയയെ ഇത് സാരമായി ബാധിക്കും.

പൂർണ്ണമായും മനുഷ്യാദ്ധ്വാനം : കൊയ്ത്തുകഴിഞ്ഞു കറ്റമെതിക്കുന്ന പഴയകാല കാഴ്ച

മാത്രമല്ല, പൊഴിയുടെ തൊട്ടുവടക്കുള്ള ഫിഷിങ് ഹാർബറിനുള്ളിൽ ക്രമാതീതമായി മണൽ അടിയുന്നുണ്ട്. ഹാർബറിന്റെ രൂപകൽപ്പനയിൽ വന്ന പിഴവാണ് ഇതിന് കാരണമെന്ന ആക്ഷേപവും ശക്തമാണ്. അവിടെനിന്ന് ദീർഘകാലമായി, ദിനംപ്രതി, യന്ത്രസഹായത്താൽ ഇന്ത്യൻ റെയർ എർത്ത് (ഐ.ആർ.ഇ. ) എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം വലിയതോതിൽ മണലെടുത്തുവരുന്നു. ഐ.ആർ.ഇ. യുടെയും മുഖ്യ അസംസ്‌കൃതവസ്തു കരിമണൽ തന്നെ. പൊഴിമുഖത്തെപോലെതന്നെ, ഇവിടെയും കരിമണൽ വേർതിരിച്ചശേഷമുള്ള മണൽ തീരത്ത് നിക്ഷേപിക്കുന്നില്ല. പൊഴിയുടെ തെക്കുഭാഗത്താണ് ഹാർബർ വരേണ്ടിയിരുന്നതെന്ന് കുട്ടനാടിനെക്കുറിച്ച് പഠിച്ച ഡച്ച് വിദഗ്ധസമിതി (2020)യും അഭിപ്രായപ്പെട്ടിരുന്നു. ഇത് തീരപഠനരംഗത്തെ വിദഗ്ധരും പങ്കുവെക്കുന്നുണ്ട്. മാത്രമല്ല, പൊഴിമുഖത്തും ക്രമാതീതമായി മണൽ അടിഞ്ഞുകൂടുന്നതിന് കാരണവും ഹാർബറിന്റെ സാന്നിധ്യമാണെന്ന് കരുതപ്പെടുന്നു. ഹാർബറും തീരശോഷണവും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായ കൂടുതൽ പഠനത്തിന് വിധേയമാക്കണമെന്ന ആവശ്യത്തിന് പഴക്കമുണ്ട്.

കാലാവസ്ഥാവ്യതിയാനം മൂലം തീരശോഷണം രൂക്ഷമാകുന്നുണ്ട്. അത് ജനവാസത്തെ കൂടുതൽ ബാധിക്കും. മാത്രമല്ല, കുട്ടനാട് കാർഷിക ഭൂപ്രദേശത്തിന്റെ ഭാഗമായ പുറക്കാട് കരിനിലങ്ങൾ തീരത്തോട് ചേർന്നുകിടക്കുന്നതിനാൽ, അവിടുത്തെ കൃഷിയെയും പ്രതികൂലമായി ബാധിക്കും. ശാസ്ത്രീയമായ പഠനമില്ലാതെ തീരത്തുനിന്ന് മണൽ തുടർന്നും കൊണ്ടുപോകുന്നത് തീരപ്രദേശങ്ങളിൽ മാത്രമല്ല, കുട്ടനാടൻ കാർഷികമേഖലയിലാകെ വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കും.

പൊഴിയിൽനിന്നു മണലെടുത്തതുകൊണ്ടുപോയത് ദുരന്തനിവാരണത്തിന്റെ ഭാഗമായി വെള്ളമൊഴുക്ക് സുഖമമാക്കുന്ന പേരിലായിരുന്നു. പൊഴി പൂർണമായി തുറന്നിട്ടും കെ.എം.എം.എൽ പൊഴി വിട്ടില്ലെന്നത് മറ്റൊരു ദുരന്തം

വീയപുരം മുതൽ തോട്ടപ്പള്ളി പൊഴി വരെയുള്ള ലീഡിങ് ചാനലിന്റെ വ്യാപ്തി വർധിപ്പിക്കണമെന്ന വിലയിരുത്തലുകൾക്കും നിർദ്ദേശങ്ങൾക്കും പഴക്കമുണ്ടെങ്കിലും, ആ രംഗത്തും കാര്യമായ പുരോഗതി ആയിട്ടില്ല.

തോട്ടപ്പള്ളി പൊഴിയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങൾ രൂപപ്പെടുത്തുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്ന ജലവിഭവം, വ്യവസായം, കൃഷി, മൽസ്യബന്ധനം, റവന്യൂ, ദുരന്തനിവാരണം തുടങ്ങിയ വകുപ്പുതല ഓഫീസുകളുടെ ഏകോപനത്തിലെ കുറവ് സമയ ബന്ധിതമായ പ്രശ്‌നപരിഹാരത്തിനു തടസ്സമാകുന്നത് പ്രകടമാണ്. മണൽ മാറ്റുന്നതിനായി കെ.എം.എം.എലുമായി ഉണ്ടാക്കിയ ധാരണയുടെ നിബന്ധനകൾ, കെ.എം.എം.എൽ കൊണ്ടുപോകുന്ന മണലിന്റെ അളവ്, കരിമണൽ വേർതിരിച്ചതിന് ശേഷമുള്ള മണലിന്റെ വിനിയോഗം, തിരികെ മണൽ തീരത്തുതന്നെ നിക്ഷേപിക്കുന്നതിലെ തടസ്സം, കൊണ്ടുപോകുന്ന മണൽ പൂർണ്ണമായി കെ.എം.എം.എൽ പ്ലാന്റിൽ എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം തുടങ്ങിയ കാര്യങ്ങളിലെല്ലാം സുതാര്യതക്കുറവും ഉത്തരവാദിത്വക്കുറവും പ്രകടമാണ്. ഇക്കാര്യത്തിൽ പ്രദേശവാസികൾക്ക് മാത്രമല്ല, ജനപ്രതിനിധികൾക്കും ആശങ്കയുണ്ട്. നിയമപരമായി അനുവദനീയമായ നടപടികൾ എടുക്കുവാൻ പോലും പഞ്ചായത്തുകൾക്കോ ജനപ്രതിനിധികൾക്കോ കഴിയുന്നുമില്ല.

തോട്ടപ്പള്ളി പൊഴിയിൽനിന്ന് കെ.എം.എം.എൽ. മണൽ കൊണ്ടുപോകുന്നു

പൊഴിയിൽനിന്നു മണലെടുത്തതുകൊണ്ടുപോയത് ദുരന്തനിവാരണത്തിന്റെ ഭാഗമായി വെള്ളമൊഴുക്ക് സുഖമമാക്കുന്ന പേരിലായിരുന്നു. പൊഴി പൂർണമായി തുറന്നിട്ടും കെ.എം.എം.എൽ പൊഴി വിട്ടില്ലെന്നത് മറ്റൊരു ദുരന്തം. 20-30 മീറ്റർ മാറി ചാനലിൽ തന്നെ യന്ത്രസഹായത്താൽ മണൽ കുഴിച്ചെടുക്കുകയാണ് ! നിലവിൽ തുടരുന്ന മണലെടുപ്പിന് ആധാരമായ ഉത്തരവോ രേഖകളോ ജനങ്ങൾക്കും പൊതുമണ്ഡലത്തിലും ലഭ്യമല്ല. ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഏതെങ്കിലും വകുപ്പോ, ഓഫീസോ പ്രകടമായി എത്തുന്നില്ല. ഇത് ആശങ്കാജനകമാണ്. തീവ്രമാകുന്ന കാലാവസ്ഥാവ്യതിയാനം, കടൽജലനിരപ്പിന്റെ ഉയർച്ച, അനിയന്ത്രിത തീരശോഷണം, തീരദേശവാസികളുടെ പലായനം, പുനരധിവാസം തുടങ്ങിയവയാണ് കേരളതീരത്തെ നീറുന്ന പ്രശ്‌നങ്ങൾ. തീരത്തെ ഒരുതുള്ളി മണൽപോലും നഷ്ടപ്പെടാൻ പാടില്ലെന്ന വിദഗ്ദ്ധരുടെ മുറവിളി ഏകകണ്ഠമാണ്. തീരസംരക്ഷണത്തിന് മുന്തിയ പരിഗണന നൽകുന്ന സർക്കാർ, ഹൃസ്വകാല ദീർഘകാല പദ്ധതികൾക്ക് രൂപംനൽകുന്ന കാലമാണ്. ഇതിനായി വലിയതുക നീക്കിവെക്കുന്നുമുണ്ട്. ഇതിനിടയിൽ തോട്ടപ്പള്ളി ഒരു ചോദ്യചിഹ്നമായി തുടരുന്നു.

ജനകീയ ഇടപെടൽ: സാധ്യതയും പരിമിതിയും

അധികാരവികേന്ദ്രീകരണത്തിൽ ഏറെ മുമ്പിലായിട്ടുള്ള കേരളത്തിൽ ആവാസ വ്യവസ്ഥയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിലും പ്രാദേശിക ജനതയുടെ ജീവസന്ധാരണം ഉറപ്പുവരുത്തുന്നതിലുമൊക്കെ പ്രാദേശിക ഇടപെടൽ ധാരാളം ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള എണ്ണമറ്റ മാതൃകകൾക്ക് കുട്ടനാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആലപ്പുഴ- പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിട്ട് മണിമലയാറിനെയും പമ്പയെയും ബന്ധിപ്പിക്കുന്ന വരട്ടാറിന്റെ വീണ്ടെടുക്കൽ, ജനകീയ മുന്നേറ്റത്തിന്റെ സാധ്യത വിളിച്ചറിയിക്കുന്നതായിരുന്നു. കൈയേറ്റങ്ങളും നിർമ്മിതികളുംമൂലം പതിറ്റാണ്ടുകളായി ഒഴുക്കു നിലച്ചുപോയിരുന്നു. രാഷ്ട്രീയ, ജാതി മതഭേദമന്യേ പ്രദേശവാസികളൊന്നാകെ അണിനിരന്ന ബഹുജന മുന്നേറ്റത്തിലാണ് പുഴ വീണ്ടെടുത്തത്.

ആലപ്പുഴയിലെ കനാൽനവീകരണശ്രമങ്ങളും ശ്രദ്ധേയങ്ങളായിരുന്നു. ആലപ്പുഴജില്ലയിലെതന്നെ നെടുമുടി പഞ്ചായത്തിലെ "തുമ്പൂർ' പാടശേഖരത്തിലെ തോടുകളുടെ ആഴം കൂട്ടിയതും ജൈവബണ്ട് നിർമ്മിച്ചതും ഐഐടി (IIT)യും കില (KILA) യും CANALPY എന്ന സന്നദ്ധ സംഘടനയും ഗ്രാമപഞ്ചായത്തും സംയുക്തമായിട്ടാണ്.

തങ്ങൾ ക്ഷമാപൂർവ്വം കെട്ടിയുയർത്തുന്ന സൂക്ഷ്മ ഇടപെടലുകളുടെ എല്ലാ നന്മകളും കണ്ണടച്ച് തുറക്കുമ്പോൾ നിഷ്​പ്രഭമാക്കാൻ കഴിയുന്ന വൻ പദ്ധതികൾ ഒരുനാൾ തലക്കു മുകളിലൂടെ പ്രതിഷ്ഠിക്കപ്പെട്ടാൽ, ജനം നിസ്സംഗമായി നോക്കി നിൽക്കുന്നതിന്റെ കാരണം മറ്റൊന്നല്ല.

നെടുമുടിയിലെത്തന്നെ കാൽനൂറ്റാണ്ട് ഉപയോഗശൂന്യമായിക്കിടന്ന രണ്ടര കിലോമീറ്റർ നീളമുള്ള തോട്ടുവായ്ത്തലത്തോട് ജനകീയപങ്കാളിത്തത്തിൽ പൂർത്തീകരിച്ചത് 2019 ലാണ്. ഇത്തരത്തിലുള്ള മുന്നേറ്റങ്ങളെല്ലാം മാതൃകാപരമാണ്. അതുവഴി ഒട്ടേറെ പാഠങ്ങളും ലഭ്യമാണ്. എന്നാൽ, അവയുടെതന്നെ സുസ്ഥിരതക്കും ഫലപ്രദമായ പരിണതിക്കും നിലീനമായിരിക്കുന്ന വലിയൊരു പരിമിതിയെ മറികടക്കേണ്ടതുണ്ട്. സൃഷ്ടിക്കപ്പെട്ട മാതൃകകളുടെ സംരക്ഷണത്തിലും സുസ്ഥിരതയിലും വ്യാപനത്തിലും സ്ഥിതി ആശാവഹമല്ല. വരട്ടാറിന്റെ വീണ്ടെടുപ്പ് പൂർത്തീകരിക്കാനും നേടിയത് സംരക്ഷിക്കാനും വേണ്ടത്ര കഴിയുന്നില്ല. തുറന്ന പലയിടങ്ങളും അടയുകയും കാട് കയറുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞിട്ടും "തുമ്പൂർ പാടശേഖര ഇടപെടൽ' ഒരു മാതൃകയായി ഏറ്റെടുക്കാൻ സമീപ പഞ്ചായത്തുകൾപോലും താൽപ്പര്യപൂർവ്വമെത്താത്തതിന്റെ കാരണമെന്താണ്? അവിടേയും CANALPYയും ‘കില’യുമൊക്കെ വീണ്ടും രംഗത്തിറങ്ങേണ്ടിവരുന്നു. ഉണ്ടാക്കിയെടുക്കുന്ന നിർമിതികളുടെയും നേട്ടങ്ങളുടെയുംതന്നെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്താൻ സംവിധാനമില്ല. രണ്ടുവർഷം ആയപ്പോൾത്തന്നെ തോട്ടുവാത്തലത്തോട് ഏതാണ്ട് പൂർവ്വസ്ഥിതിയായിട്ടുണ്ട്. പദ്ധതി പൂർത്തീകരിച്ച ഇടങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുതകുന്ന ജനകീയവും സ്ഥാപനപരവുമായ സംവിധാനം രൂപപ്പെടുന്നുണ്ടോ? പൂർത്തീകരണത്തിന് ശേഷം ഫലപ്രാപ്തിയെ സംബന്ധിച്ച സമഗ്രമായ വിലയിരുത്തൽ പൊതുമണ്ഡലത്തിൽ ലഭ്യമാകാതെ വരുന്നതും മാതൃക-വ്യാപനത്തിന് തടസ്സമാകുന്നുണ്ടാകാം.

വലിയകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതില്ല !

മിക്ക സൂക്ഷ്മഇടപെടലുകളും വലിയൊരു മുന്നേറ്റമായി മാറാത്തതിന് മറ്റൊരു കാരണവുമുണ്ടെന്ന് കരുതാം. ആഗോളമായി ചിന്തിക്കുക (Think Globally), പ്രാദേശികമായി പ്രവർത്തിക്കുക (Act locally) എന്ന മുദ്രാവാക്യം പദ്ധതിയുടെ രൂപകൽപന നടത്തുന്ന പലരിലുമുണ്ട്. എന്നാൽ, അത് പങ്കാളികളിലേക്കും ജനങ്ങളിലേക്കും എത്തുമ്പോൾ, പ്രാദേശികമായി പ്രവർത്തിച്ചാൽ മാത്രം മതിയാകും എന്ന നിലയാകുന്നു. തല്ക്കാലം "വായിലൊതുങ്ങാത്ത വലിയ കാര്യങ്ങളൊന്നും' പറയേണ്ടതില്ല, സൂക്ഷ്മമായ ഇടപെടലിലൂടെ ഭാവിയിൽ സ്ഥൂലപ്രശ്‌നങ്ങളിലേക്ക് എത്താം എന്ന് വിചാരിക്കുന്നവർ പോലും, അചിരേണ, സൂക്ഷമതലത്തിൽ വിലയം പ്രാപിക്കുന്ന സ്ഥിതിയുണ്ട്.

ഒരു വ്യക്തി അല്ലെങ്കിൽ കുടുംബം, അതുമല്ലെങ്കിൽ ഒരു ചെറുസംഘം എന്ന നിലയിൽ ജീവിതപ്രശ്‌നങ്ങളെ അതിജീവിക്കാമെന്ന വ്യാമോഹം ജനങ്ങളിൽ വേരുപിടിക്കും. അതിനപ്പുറമുള്ള വികസനത്തിന്റെയും പരിസ്ഥിതിയുടെയും രാഷ്ട്രീയ-പാഠങ്ങൾ അവരിൽ സന്നിവേശിപ്പിക്കപ്പെടുന്നില്ല. സൂക്ഷമമായ ഇടപെടലുകൾ നിലനിർത്തേണ്ടതാണെന്നും, അടുത്ത പ്രദേശങ്ങളിലേക്കും വ്യാപിക്കണമെന്നും വിശാലമായ തണ്ണീർത്തട പ്രദേശമാകെ സംരക്ഷിക്കപ്പെടണമെന്നും വാശിപിടിക്കുന്ന നിലയിലേക്ക് അവർക്ക് മാറാൻ കഴിയുന്നില്ല. പൊതുബോധ നിർമിതിയിലെ ഈ വിടവിൽ ആഴ്ന്നിറങ്ങാൻ സ്വഭാവികമായും മധ്യവർഗ- വികസന സങ്കൽപ്പങ്ങൾക്ക് കഴിയുന്നു. തങ്ങൾ ക്ഷമാപൂർവ്വം കെട്ടിയുയർത്തുന്ന സൂക്ഷ്മ ഇടപെടലുകളുടെ എല്ലാ നന്മകളും കണ്ണടച്ച് തുറക്കുമ്പോൾ നിഷ്​പ്രഭമാക്കാൻ കഴിയുന്ന വൻ പദ്ധതികൾ ഒരുനാൾ തലക്കു മുകളിലൂടെ പ്രതിഷ്ഠിക്കപ്പെട്ടാൽ, ജനം നിസ്സംഗമായി നോക്കി നിൽക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. അതൊക്കെ തങ്ങളുടെ വ്യവഹാരമേഖലക്ക് പുറത്താണല്ലോ!

100 കിലോമീറ്ററിൽ താഴെയുള്ള റോഡുകൾക്ക് പാരിസ്ഥിതിക ആഘാതപഠനം വേണ്ടതില്ലല്ലോ എന്ന കേവല സാങ്കേതിക ന്യായവും അത്യന്തം ദുർബലമായ കുട്ടനാടുപോലൊരു പ്രദേശത്ത് ഉയരുന്നുണ്ടെന്നത് ആശങ്കാജനകമാണ്.

പൂർണമായും കുട്ടനാട്ടിലൂടെ കടന്നുപോകുന്ന 24 കിലോമീറ്റർ നീളമുള്ള ആലപ്പുഴ-ചങ്ങനാശേരി (എ.സി) റോഡിനെ എലിവേറ്റഡ് ഹൈവേയാക്കുന്ന പണി നടക്കുകയാണ്. വിശദമായ പദ്ധതിരേഖ പോലും പൊതുമണ്ഡലത്തിൽ ലഭ്യമല്ല. 100 കിലോമീറ്ററിൽ താഴെയുള്ള റോഡുകൾക്ക് പാരിസ്ഥിതിക ആഘാതപഠനം വേണ്ടതില്ലല്ലോ എന്ന കേവല സാങ്കേതിക ന്യായവും അത്യന്തം ദുർബലമായ കുട്ടനാടുപോലൊരു പ്രദേശത്ത് ഉയരുന്നുണ്ടെന്നത് ആശങ്കാജനകമാണ്. സമഗ്രമായ ഗുണദോഷവിശകലനത്തിനും പാരിസ്ഥിതികമായ ജാഗ്രതകൾക്കുമപ്പുറം വ്യക്തിപരമായ സൗകര്യങ്ങളും അസൗകര്യങ്ങളും അടങ്കൽതുകയുടെ വലുപ്പവും മധ്യവർഗ വികസന സ്വപ്നങ്ങളുമൊക്കെയാണ് പൊതുചർച്ചയിലെ മുഖ്യ വിഭവങ്ങൾ.

നാലു നദികളാൽ രൂപപ്പെട്ടതും പരിപാലിക്കപ്പെടുന്നതുമാണ് കുട്ടനാട്. പശ്ചിമഘട്ടത്തിൽ തുടങ്ങി പടിഞ്ഞാറോട്ട് ഒഴുകി വൈക്കം കരി, കുട്ടനാടിന്റെ കിഴക്കൻഭാഗം, അപ്പർ കുട്ടനാട്, പുറക്കാട് കരി, ലോവർ കുട്ടനാട്, കായൽനിലങ്ങൾ എന്നിവയെ പോഷിപ്പിച്ചാണ് അവ അറബിക്കടലിലെത്തുന്നത്. വിശാല കുട്ടനാടിന്റെ കിഴക്കൻ മേഖലയെ വിലങ്ങനെ മുറിച്ചാണ് കെ-റെയിൽ കടന്നുപോകുന്നത്. പുഴകൾക്ക് മുകളിൽ പാലങ്ങൾ ഉണ്ടാകും. പാടശേഖരങ്ങളിൽ പ്രത്യേകം തൂണുകളിലായിരിക്കാം. എന്നാൽ, ബാക്കിയിടങ്ങളിൽ ഒട്ടേറെ ചെറു ജലമാർഗ്ഗങ്ങളെയും തണ്ണീർത്തടങ്ങളെയും പകുത്ത് മീറ്റർ കണക്കിന് ഉയരത്തിൽ ചിറ (embankment) പണിയും. സങ്കീർണമായ കുട്ടനാടിന്റെ ആവാസവ്യവസ്ഥയിലും ജീവസന്ധാരണത്തിലും ഇതിന്റെ ആഘാതം എന്തായിരിക്കും? ജാഗ്രത വേണ്ടതുണ്ടോ? കുട്ടനാട് ചർച്ചയിലെങ്ങും ഈ ആശങ്ക പങ്കുവെച്ച് കാണുന്നില്ല. ഇതും തങ്ങളുടെ വ്യവഹാരമേഖലയല്ലെന്ന മട്ടിൽ പൊതുബോധം മെരുക്കപ്പെടുന്നുണ്ട്. എസി റോഡായാലും കെ-റെയിലായാലും പണി തുടങ്ങുന്നതിനുമുൻപായി ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതികളിലോ ഗ്രാമസഭകളിലോ ചർച്ചക്ക് വിധേയമാകുന്നില്ല. വീട്, റോഡ്, കക്കൂസ്, ചെറിയ സംരംഭങ്ങൾ, കുടുംബശ്രീ, കാർഷിക മേഖലയിലും തണ്ണീർത്തടത്തിലുമൊക്കെയുള്ള സൂക്ഷ്മ ഇടപെടലുകൾ, സർക്കാർ കാലകാലങ്ങളിൽ പകുത്തുനൽകുന്ന പദ്ധതികളുടെ നടത്തിപ്പ് ഇവക്കപ്പുറമുള്ള കാര്യങ്ങളെ സംബന്ധിച്ച് ചിന്തിച്ച് വശം കെടേണ്ടതില്ലെന്ന പൊതുബോധം പ്രാദേശിക ഭരണസംവിധാനങ്ങളിലും വേരുറപ്പിച്ചിട്ടുണ്ട്.

മേൽപ്പറഞ്ഞ പരിമിതി മറികടക്കാൻ പ്രാദേശികഭരണകൂടം ശ്രമിച്ചാൽ, പലപ്പോഴും പലവിധേനയുള്ള വിലക്കുകൾ വരുന്ന സ്ഥിതിയുമുണ്ട്. വെള്ളപ്പൊക്കം ഒഴിവാക്കാനാണ് തോട്ടപ്പള്ളി പൊഴിയിൽനിന്ന് മണൽ മാറ്റിയത്. അത്, തീരത്ത് തിരികെ നിക്ഷേപിക്കാതെ മറ്റ് ആവശ്യങ്ങൾക്ക് കൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട സർക്കാർ ഏജൻസിയുടെ അനുമതി ഹാജരാക്കണം എന്ന് കെ.എം.എം.എലിനോട് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടത് നിയമം ഉദ്ധരിച്ചാണ്. അതിന് തീരുമാനമെടുത്തത് ഭരണസമിതി കൂടിയും.

നോട്ടീസ് കൈപ്പറ്റിയ കെ.എം.എം.എലിന് കുലുക്കമുണ്ടായില്ല. പക്ഷെ, അടുത്ത ദിവസം പഞ്ചായത്ത് സെക്രട്ടറിക്ക് മറുനോട്ടീസ് കിട്ടി. നൽകിയത് ജില്ലാ ഭരണകൂടം. ദുരന്തനിവാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയതിന് കാരണം ബോധിപ്പിക്കണം. അല്ലെങ്കിൽ നടപടി. തുടർന്ന് സെക്രട്ടറിയുടെ കുറ്റസമ്മതം വന്നു. തീർന്നില്ല, മൂന്ന് ദിവസത്തിനകം അവർക്ക് സ്ഥലം മാറ്റവുമായി. ബാക്കിപത്രം തുടരുന്നു. ഇത്തരം അവസരങ്ങളിൽ വിവാദത്തിന്റെ വലിയൊരു കീറാമുട്ടി ഒഴിവായെന്ന ആശ്വാസത്തിൽ കഴിയുന്ന സാമൂഹ്യ, പരിസ്ഥിതി, പൊതുപ്രവർത്തകരുമുണ്ട്. പദ്ധതി വിഹിതവർദ്ധനയും മാതൃകപദ്ധതികളുടെ നടത്തിപ്പും മാത്രം മതിയാകില്ല. അതുകൊണ്ടുമാത്രം ശാക്തീകരണമാകില്ല. അതിനപ്പുറം പലതുമുണ്ട്. അതുകൂടി അഭിമുഖീകരിക്കാൻ തക്ക രാഷ്ട്രീയ പ്രബുദ്ധതയും ജനാധിപത്യബോധവും കേരളമൊന്നാകെ ആർജ്ജിക്കേണ്ടതാണ്. അതിന് ഏറ്റവും അനുകൂലസാഹചര്യമുള്ളതും കേരളത്തിലാണ്.

കുട്ടനാട്: പരിപാലനം എങ്ങനെ?

കായലും നികത്തിയ കായൽപ്രദേശങ്ങളും ജലാശയവും ചതുപ്പും കണ്ടലും മനുഷ്യനിർമ്മിതവും പ്രകൃത്യാ രൂപപ്പെട്ടതുമായ കനാൽ ശൃംഖലകളും തോട്ടപ്പള്ളിസ്പിൽവേയും തണ്ണീർമുക്കം ബണ്ടുമൊക്കെയടങ്ങുന്നതാണ് വേമ്പനാട് തണ്ണീർത്തടപ്രദേശം. പശ്ചിമഘട്ടം തുടങ്ങി അറബിക്കടലുവരെയുള്ള ആവാസവ്യവസ്ഥയിലെ സുപ്രധാനമായ കണ്ണി. വിവിധ ജനവിഭാഗങ്ങൾ തമ്മിലും മനുഷ്യരും പ്രകൃതിയും തമ്മിലുമുള്ള ആഴമേറിയബന്ധവും പരസ്പര ആശ്രിതത്വവും തുടർന്നുകൊണ്ടുമാത്രമേ ഇവിടെ ജീവസന്ധാരണവും വാസവും സുസ്ഥിരമായ വികസനവും ഉറപ്പുവരുത്താൻ കഴിയൂ. ആഗോളതാപനവും കാലാവസ്ഥാമാറ്റവും തൽസംബന്ധമായ പ്രകൃതി പ്രതിഭാസങ്ങളും ജനവാസത്തെയും ജീവസന്ധാരണത്തെയും സാരമായി ബാധിക്കുകയാണ്. പാരിസ്ഥിതികമായി ദുർബലമായ കുട്ടനാട്‌പോലുള്ള പ്രദേശങ്ങളെ കൂടുതൽ ജാഗ്രതയോടെ പരിപാലിക്കണമല്ലോ. ദുരന്തകാലത്ത് താൽക്കാലികമായ അതിജീവനശ്രമങ്ങൾ നടത്തി പിന്മാറുന്ന രീതി തീരെ പോരാ, അപകടകരമാണ്. സമഗ്രമായ ദീർഘകാല പദ്ധതികൾ വേണം. വിവിധ സർക്കാർവകുപ്പുകളുടെ ഒറ്റപ്പെട്ട പ്രവർത്തനവും പരിമിതമായ ഏകോപനവും കൊണ്ട് ഇത് സാധ്യമല്ലെന്ന് വ്യക്തം.

കുട്ടനാടിന്റെ സമഗ്രമായ നിലനിൽപ്പിന്​ വികസനം സംബന്ധിച്ച് നിലവിലുള്ള സാമൂഹ്യബോധത്തിൽ അടിസ്ഥാനമാറ്റവും വലിയ ജനകീയ മുന്നേറ്റവും ആവശ്യമാണ്

നമ്മുടെ വികസന സങ്കല്പം മാറണമെന്ന വിലയിരുത്തലിന് ഇനിയും വേരോട്ടം ലഭിക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള പൊതുനിയമങ്ങളും തണ്ണീർത്തടങ്ങളുടെയും കടൽതീരത്തിന്റെയും സുസ്ഥിരതക്കു വേണ്ടിയുള്ള സവിശേഷനിയമങ്ങളും ചട്ടങ്ങളും വേണ്ടവണ്ണം പ്രയോജനപ്പെടുത്തുന്നില്ലെന്നു മാത്രമല്ല, നിലവിലുള്ളവയിൽത്തന്നെ കാലാകാലങ്ങളിൽ വെള്ളം ചേർക്കുകയും ചെയ്യുന്നു, പ്രത്യേകിച്ചും വൻകിടപദ്ധതികൾക്ക് വേണ്ടി. കുട്ടനാട്ടിലെ മുഖ്യ ജലനിയന്ത്രണ-നിർഗ്ഗമനമാർഗ്ഗങ്ങളായ തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പള്ളിപൊഴിയുടെയും പരിപാലനംപോലും, വിഭാവന ചെയ്തതുപോലെ, കൃഷിയുടെയും മൽസ്യബന്ധനത്തിന്റെയും ജനവാസത്തിന്റെയും ഗതിവിഗതികൾ മനസ്സിലാക്കി ഫലപ്രദമായി നിർവ്വഹിക്കാൻ ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ സംവിധാനത്തിനു കഴിയുന്നില്ല.

കുട്ടനാടിന്റെ സമഗ്രമായ നിലനിൽപ്പിന്​ വികസനം സംബന്ധിച്ച് നിലവിലുള്ള സാമൂഹ്യബോധത്തിൽ അടിസ്ഥാനമാറ്റവും വലിയ ജനകീയ മുന്നേറ്റവും ആവശ്യമാണ്. അത്തരമൊരു മാറ്റത്തിനു ചുക്കാൻ പിടിക്കാനുള്ള സങ്കേതങ്ങളും സ്രോതസ്സുകളും പഞ്ചായത്ത് ഭരണ സംവിധാനങ്ങളിൽ കുറെയൊക്കെ വിഭാവന ചെയ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് അതിന്റെ സൈദ്ധാന്തികമായ പരിണാമം വേണ്ടത്ര ഉണ്ടായില്ല. പ്രയോഗത്തിലാകട്ടെ, പിന്നോട്ട് നീങ്ങുകയും ചെയ്തു. അതേസമയംതന്നെ, കേരളത്തിൽ നഷ്ടപ്പെട്ട പാരിസ്ഥിതിക, ജീവസന്ധാരണ സമ്പത്ത് വീണ്ടെടുക്കുന്നതിൽ ശ്രദ്ധേയമായ പല ഇടപെടലും ഉണ്ടായത് പഞ്ചായത്ത് ഭരണസംവിധാനങ്ങളിലൂടെയാണ് താനും. എന്നാൽ, വേമ്പനാട്തണ്ണീർത്തടത്തിൽ പഞ്ചായത്തുകളുടെ വേറിട്ട പ്രവർത്തനം ഉതകില്ലെന്ന വസ്തുതകൂടി പരിഗണിക്കപ്പടണം.

വേമ്പനാട് ഭൂപ്രദേശത്തിന്റെ, അഥവാ, വിശാല കുട്ടനാടിന്റെ പാരിസ്ഥിതിക, വികസന, ജീവസന്ധാരണ പ്രശ്‌നങ്ങളെ സമഗ്രമായി കാണാനും ഫലപ്രദമായി നേരിടാനും ബന്ധപ്പെട്ട ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള സംയുക്തഭരണസംവിധാനം വേണമെന്ന വിദഗ്ധരുടെയും ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ള പ്രസ്ഥാനങ്ങളുടെയും നിരന്തരമായ നിർദ്ദേശത്തിന്റെ പ്രസക്തി വലുതാണ്. ഇത്തരമൊരു ഭരണസംവിധാനത്തിന് കീഴിൽ രൂപപ്പെടുന്ന പൊതുവികസനപരിപ്രേക്ഷ്യത്തിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങുന്ന പദ്ധതികളാണ് വിവിധ പ്രാദേശികഭരണകൂടങ്ങളും വകുപ്പുകളും ഏറ്റെടുക്കേണ്ടത്.

കായൽപ്രദേശത്തെ ആവാസവ്യവസ്ഥ ജനവിഭാഗമായി മൽസ്യത്തൊഴിലാളികളെയും കക്കാവാരൽ തൊഴിലാളികളെയും പരിഗണിക്കുന്ന സ്ഥിതികൂടി വരണം.

അങ്ങനെയൊരു സംയുക്തഭരണസംവിധാനത്തിന്റെ രൂപപ്പെടലിന് പൂരകമായി കായൽസംരക്ഷണത്തിനും പരിപാലനത്തിനും സമഗ്രമായൊരു നിയമനിർമ്മാണവും വേണം. നിലവിൽ പരിമിതിയോടെയാണെങ്കിലും, വനത്തിനും കടൽതീരത്തിനും അങ്ങനെയൊന്നുണ്ട്. കായൽപ്രദേശത്തെ ആവാസവ്യവസ്ഥ ജനവിഭാഗമായി മൽസ്യത്തൊഴിലാളികളെയും കക്കാവാരൽ തൊഴിലാളികളെയും പരിഗണിക്കുന്ന സ്ഥിതികൂടി വരണം. കായലിന്റെയും നാടിന്റെയാകെയും ദീർഘകാല സംരക്ഷണത്തിന് ഉപയുക്തമായതും മറ്റൊന്നല്ല. വ്യവസായമേഖലയുടെ പരിപോഷണത്തിന് പ്രത്യേക സാമ്പത്തികമേഖല ആകാമെങ്കിൽ, സംയുക്തഭരണസംവിധാനത്തിന് കീഴിൽവരുന്ന ഈ ഭൂപ്രദേശത്തെ പ്രത്യേക കാർഷികപാരിസ്ഥിതികമേഖലയായി (Special Agro-Ecological Zone) പ്രഖ്യാപിക്കാനും അതിന്റെ സംരക്ഷണത്തിനും യുക്തിസഹമായ വിനിയോഗത്തിനും സവിശേഷനിബന്ധനകൾ നിഷ്‌കർഷിക്കാനും കഴിയേണ്ടതാണ്.

ഇത്തരമൊരു സംയുക്തഭരണസംവിധാനത്തിനു കീഴിൽ ജനജീവിതത്തിന്റെയും ആവാസവ്യവസ്ഥയുടെയും പരിപാലനത്തിന്റെ പൊതുദിശ ഇങ്ങനാണെങ്കിൽ, അത് പ്രാവർത്തികമാക്കാൻ അനുയോജ്യമായ വികസനതന്ത്രം എന്ത്?

ജീവസന്ധാരണം, വാസം, രാഷ്ട്രീയം

നവലിബറൽകാലത്തിന്റെ വെല്ലുവിളികളിൽ ജാഗ്രതയുള്ള, സൂക്ഷ്മവും സ്ഥൂലവുമായ സമസ്യകളുടെ പാരസ്പര്യം കണ്ടറിയുന്ന സമഗ്രമായ പൊതുവികസനപരിപ്രേക്ഷ്യത്തിൽ വേണം കുട്ടനാടിന്റെ ജീവസന്ധാരണ, വാസപ്രതിസന്ധികളെ മുറിച്ചു കടക്കുവാൻ. അങ്ങനെയൊരു ചട്ടക്കൂട്ടിലേക്ക് ഉല്പാദന,സാമൂഹ്യ പ്രവർത്തനങ്ങളെ കൊണ്ടുവരുന്നതിന് പൊതുഇടപെടൽ അനിവാര്യമാണ്. ഇവിടെ വിഭവങ്ങളുടെ മേലുള്ള സാമൂഹ്യനിയന്ത്രണവും ഭൂബന്ധങ്ങളും സുപ്രധാനമാകും.

കുട്ടനാടിനെ ജീവസന്ധാരണത്തിനും ജനവാസത്തിനും യോഗ്യമാക്കിത്തീർത്തത് അടിസ്ഥാനജനവിഭാഗങ്ങളാണ്. തുടക്കം മൽസ്യബന്ധനമായിരുന്നു. പിന്നീട്, കായലിന്റെ അടിത്തട്ടിൽനിന്ന് ചെളി/കട്ട കുത്തിയെടുത്ത് ബണ്ട്‌കെട്ടി ഉയർത്തി അങ്ങനെ കടൽനിരപ്പിനു താഴെ കായലിൽ കൃഷിയിറക്കിയത് പുലയരുടെ കൈക്കരുത്തിലായിരുന്നു. കാർഷികമേഖലയിലെ അടിസ്ഥാനവർഗ്ഗത്തിന്റെ പോരാട്ടത്തിലൂടെ ജാതി- ജന്മിത്വത്തെ മറികടന്നതും അതൊക്കെ ദേശീയ സ്വാതന്ത്രപ്രക്ഷോഭത്തോടും പുന്നപ്ര- വയലാർ സമരത്തോടും ഇഴചേർന്നതും അന്തസ്സുള്ള പൗരന്മാരുടെ നിലയിലേക്ക് ജനം മാറിയതും ചരിത്രം. തജ്ജന്യമായി വളർന്ന രാഷ്ട്രീയപ്രബുദ്ധതയിൽ കുട്ടനാട്ടിൽ അന്നും ഇന്നും ഇടതുപക്ഷത്തിന് മേൽക്കൈ ഉണ്ട്. എന്നാൽ, ഈ ആനുകൂല്യത്തിന്റെ ബലത്തിൽ പാരിസ്ഥിതികമായ സുസ്ഥിരതക്കും ഭൂരിപക്ഷജനതയുടെ ദീർഘകാല ജീവിതഗുണതക്കും ഉതകുന്ന ഒരു ജനകീയവികസനപരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിലും പൊതുബോധത്തിൽ ഉറപ്പിക്കുന്നതിലും ഇടതുപക്ഷത്തിനും വേണ്ടത്ര മുൻപോട്ടുപോകാൻ കഴിഞ്ഞില്ലെന്ന് വിലയിരുത്താവുന്നതാണ്. പാർലമെന്ററി പ്രവർത്തനത്തിൽ അനിവാര്യമായി വേണ്ടിവന്ന നീക്കുപോക്കുകളും ഉയർന്ന മധ്യവർഗ്ഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്ന സാമൂഹ്യ,രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളും സമരസപ്പെടലും പിന്നോട്ട് വലിക്കുന്ന ഘടകങ്ങളായി.

ഭൂപരിഷ്‌കരണത്തിന് ശേഷം, മറ്റിടങ്ങളിലെന്നപോലെ, കുട്ടനാടിന്റെ ഭൂബന്ധങ്ങളിലും ഗുണപരമായ ഇടപെടൽ ഉണ്ടായില്ല. അടിസ്ഥാന കര്ഷകത്തോഴിലാളികളിലേക്ക് ഭൂമിയെത്തിയില്ലെന്ന അപാകം ഇവിടെയും പ്രകടമാണ്. കാർഷികരംഗത്തെ പിന്നോട്ടടിക്ക് ഒരു കാരണവും അതുതന്നെയാണ്. കേരളത്തിലാകെ അത് പരിഹരിക്കേണ്ടതാണ്. എന്നാൽ, നിലവിൽ, നിയോലിബറൽകാലത്ത്, വ്യക്തികളിലേക്ക് ഭൂമി എത്തിയാലും കാർഷികപ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന സ്ഥിതിയുമുണ്ട്. ഉല്പാദന, സംഭരണ, സംസ്‌കരണ, വിപണനരംഗങ്ങളിലായി പടർന്നിരിക്കുന്ന കോർപ്പറേറ്റ്- മൂല്യശൃംഖലയുടെ അധീശത്വത്തെ അതിജീവിക്കാൻ വ്യക്തിപരമായ കാർഷികവൃത്തിയിൽ സാധ്യമല്ല. അത് ആദായകരമാകില്ല. അചിരേണ, ഭൂമിയുടെയും അതിലെ സാമ്പത്തിക പ്രവർത്തനത്തിന്റെയും നിയന്ത്രണം അന്തിമമായി റിയൽ എസ്റ്റേറ്റ്കാരിലും അഗ്രിബിസിനസ്സുകാരിലും എത്തും. അതിനനുയോജ്യമായ നിയമങ്ങളാണ് രാജ്യത്ത് വരുന്നത്. ഇപ്പോൾത്തന്നെ കൃഷി വേണ്ടത്ര ആദായകരമല്ലാത്തതിനാൽ, വലിയതോതിൽ പാട്ടവ്യവസ്ഥയുടെ പുതുരൂപങ്ങൾ കുട്ടനാട്ടിൽ പ്രബലമായിട്ടുണ്ട്. ധനികകർഷകർക്കുപോലും നിലനിൽപ്പില്ലാത്ത ദേശീയ സാഹചര്യത്തിൽ, ഇതെല്ലം അന്തിമമായി അഗ്രിബിസിനസ്സുകാരുടെ കടന്നുവരവിനെ സുഗമമാക്കും. ആ മാർഗ്ഗം സ്വീകരിക്കുന്നത് എളുപ്പമാണ്. നിന്ന് കൊടുത്താൽ മാത്രം മതിയാകും. ഒറ്റപ്പെട്ട സ്വാശ്രയ സംഘങ്ങളും സന്നദ്ധസംഘടനസംരംഭങ്ങളും സുസ്ഥിരമാകാത്തതിന്റെ കാരണവും മറ്റൊന്നല്ല.

കുട്ടനാട്ടിൽ ഉല്പാദിപ്പിക്കുന്ന വിഭവങ്ങൾ - നെല്ല്, മീൻ, കോഴി, താറാവ് തുടങ്ങി- എന്തുമാകട്ടെ, അത് പുറത്തേക്കു പോകുന്നത് സംസ്‌കരിച്ച് മൂല്യവർദ്ധിത രൂപത്തിലായിരിക്കണം. അവയുടെ ശൃഖലകൾ വളരണം

പിന്നെന്താണ് ബദൽ? മൂലധനവ്യവസ്ഥ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവിൽ മനുഷ്യൻ നേരിടുന്ന സുപ്രധാനപ്രശ്‌നങ്ങളായ കോവിഡ്-പ്രതിരോധത്തിലും അടിസ്ഥാനജീവിതാവശ്യങ്ങളിലും ഏറ്റവും ഫലപ്രദം പൊതുസംരംഭങ്ങളും സാമൂഹ്യനിയന്ത്രിത സംവിധാനങ്ങളുമാണെന്ന് ലോകം തിരിച്ചറിയുന്ന കാലമാണിത്. സമൂഹമല്ല, വ്യക്തിയാണ് പ്രധാനമെന്ന് പറഞ്ഞ പലയിടങ്ങളിലെയും ഭരണാധികാരികൾ, "സമൂഹമാണ് വ്യക്തിയേക്കാൾ പ്രധാനം' എന്ന് തിരിച്ചറിയുന്നുണ്ട്. ഏറിയും കുറഞ്ഞും പൊതുസംരംഭങ്ങൾ രൂപപ്പെടുന്നുണ്ട്. സമ്പത്തുല്പാദനരംഗത്തും പൊതുസംരംഭങ്ങളാണ് അഭികാമ്യമെന്ന് വരുന്നു. കേരളത്തിലെ കാർഷികോല്പാദനത്തിന്റെ മൂല്യവർദ്ധനയിൽ കർഷകർക്കോ മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കോ പങ്കില്ല. കാർഷികവൃത്തി ആദായകരമാകാൻ ഉല്പാദന, സംസ്‌കരണ, വിപണന മേഖലകൾ ഉൾക്കൊള്ളുന്ന, കർഷകരും കർഷകത്തൊഴിലാളികളുമൊക്കെ അടങ്ങുന്ന സാമൂഹ്യസംവിധാനങ്ങൾ വേണം. കുട്ടനാട്ടിൽ ഉല്പാദിപ്പിക്കുന്ന വിഭവങ്ങൾ - നെല്ല്, മീൻ, കോഴി, താറാവ് തുടങ്ങി- എന്തുമാകട്ടെ, അത് പുറത്തേക്കു പോകുന്നത് സംസ്‌കരിച്ച് മൂല്യവർദ്ധിത രൂപത്തിലായിരിക്കണം. അവയുടെ ശൃഖലകൾ വളരണം. ഒറ്റനോട്ടത്തിൽ ഇതത്ര ആകർഷണീയമാകാറില്ല. പതിച്ചുകിട്ടിയ കായൽനിലങ്ങളുടെയും കൂട്ടുകൃഷിയിടത്തിന്റെയും സഹകരണ സംഘങ്ങളുടെയും നിലവിലുള്ള പാടശേഖരകമ്മറ്റികളുടെയും കുട്ടനാട് വികസനസമിതിപോലുള്ള സന്നദ്ധ സംഘടനകളുടെയും തൃപ്തികരമല്ലാത്ത അനുഭവങ്ങൾ ഒരുവേള നിരുത്സാഹപ്പെടുത്തും. എന്നാൽ, ഇവയൊന്നും ഉല്പാദന, സംസ്‌കരണ, വിപണന മേഖലകളിലാകെ ഇടപെടുന്നവ ആയിരുന്നില്ല. അധ്വാനത്തിന്റെയോ ഉല്പാദനത്തിന്റെയോ സാക്ഷാൽക്കാരം സാധ്യവുമായിരുന്നില്ല. നിലവിലുള്ള ഏതെങ്കിലും മാതൃകയെ പൂർണ്ണമായി സ്വീകരിക്കേണ്ടതില്ല. നെല്ലിൽനിന്ന് പലവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിജയകരമായി വിപണനംചെയ്യുന്ന തൃശൂരിലെ അടാട്ട് സഹകരണ സംഘവും കാപ്പി, കോഴി കൃഷികളിലും അവയുടെ സംസ്‌കരണ,വിപണനങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുന്ന ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയും ജാതിവ്യവസ്ഥക്കെതിരെയുള്ള പ്രതിരോധമായി തുടങ്ങി ഏതാണ്ട് ഒരുനൂറ്റാണ്ടിന്റെ ചരിത്രമുള്ള ഊരാളുങ്കൽ ലേബർ കോട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും തൃശൂർ ജില്ലയിലെ ആനമല കാർഷികസഹകരണസംരംഭവും ദിനേശ് ബീഡിയും ഇന്ത്യൻ കോഫിഹൗസും മിൽമയുമൊക്കെ വിശദമായ പഠനത്തിന് വിധേയമാകണം.

കായലിന് താങ്ങാൻ കഴിയുന്ന ഹൗസ്‌ബോട്ടുകളുടെ എണ്ണം ക്ലിപ്തപ്പെടുത്താനും പാലിക്കാനും കഴിയുന്നില്ല. കായലിലിറങ്ങുന്ന ബോട്ടുകളുടെ എണ്ണവും മറ്റ് വിവരങ്ങളുംപോലും ലഭ്യമല്ല.

കുട്ടനാട്ടിൽ പുതുതായി വരാൻപോകുന്ന സഹകരണരംഗത്തെ അരിമില്ലും വിഭാവന ചെയ്തിരിക്കുന്നത് സംസ്‌കരണത്തിനും വിപണനത്തിനുമാണെന്ന് വാർത്തകളിൽ കാണുന്നു. ഉത്പാദനം പരിധിയിൽ വരുന്നില്ലെന്ന വലിയ കുറവുണ്ട്. ഫലത്തിൽ, ഒരു "കമ്പനിയുടെ' പരിമിതി മറികടക്കാൻ കഴിയാതെ വരും. ഓയിൽ പാം എന്ന പൊതുമേഖലസ്ഥാപനത്തിന് കീഴിൽ വെച്ചൂരിൽ പ്രവർത്തിക്കുന്ന അരിമിൽ തങ്ങൾക്കുവേണ്ടി കൂടിയാണെന്ന തോന്നൽ കുട്ടനാട്ടിലെ കർഷക, കർഷക തൊഴിലാളികൾക്ക് കാര്യമായി തോന്നുന്നില്ലല്ലോ.

കായലിന്റെ ഏതൊക്കെ മേഖലകളിൽ വിനോദ സഞ്ചാരമാകാമെന്ന്​ നിബന്ധനയില്ല. ബോട്ടുകളിലെ മനുഷ്യമാലിന്യത്തിന്റെ തൃപ്തികരമായ സംസ്‌കരണത്തിലും സ്ഥിതി ഭിന്നമല്ല. ഈവക കാര്യങ്ങളിലും നില മെച്ചപ്പെടാൻ സാമൂഹ്യനിയന്ത്രണം ഏറെ ശക്തിപ്പെടണം

ഉൾനാടൻ മൽസ്യബന്ധന, സംസ്‌കരണ, വിപണന രംഗങ്ങളിൽ സ്വാഭാവിക പ്രജനനമേഖലകൾ സംരക്ഷിക്കുന്നതിലും മൽസ്യസമ്പത്ത് പരിപോഷിപ്പിക്കുന്നതിലും സഹകരണമേഖലയുടെ ഇടപെടൽ- സാധ്യതയെ ഉപയോഗപ്പെടുത്താൻ കാര്യമായ ശ്രമങ്ങളുണ്ടായിട്ടില്ല. തൊണ്ണൂറുകൾക്ക്‌ശേഷം ശ്രദ്ധേയമായി മാറിയ കായൽ ടൂറിസത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ നിസ്സാരമല്ല. കായലിന് താങ്ങാൻ കഴിയുന്ന ഹൗസ്‌ബോട്ടുകളുടെ എണ്ണം ക്ലിപ്തപ്പെടുത്താനും പാലിക്കാനും കഴിയുന്നില്ല. കായലിലിറങ്ങുന്ന ബോട്ടുകളുടെ എണ്ണവും മറ്റ് വിവരങ്ങളുംപോലും ലഭ്യമല്ല. എണ്ണക്ക്പകരം പരിസ്ഥിതി സൗഹൃദങ്ങളായ ഇന്ധനങ്ങളെ ആശ്രയിക്കുന്ന ബോട്ടുകൾ നിഷ്‌കർഷിക്കേണ്ടതാണ്. കായലിന്റെ ഏതൊക്കെ മേഖലകളിൽ വിനോദ സഞ്ചാരമാകാമെന്നും നിലവിൽ നിബന്ധനയില്ല. ഏതാണ്ട്, പൂർണമായി തുറന്നുകിടക്കുന്നു. ബോട്ടുകളിലെ മനുഷ്യമാലിന്യത്തിന്റെ തൃപ്തികരമായ സംസ്‌കരണത്തിലും സ്ഥിതി ഭിന്നമല്ല. ഈവക കാര്യങ്ങളിലും നില മെച്ചപ്പെടാൻ സാമൂഹ്യനിയന്ത്രണം ഏറെ ശക്തിപ്പെടണം. അതുപോലെതന്നെ, കായലിന്റെ സംരക്ഷണത്തിനും ടൂറിസത്തിന്റെതന്നെ സുസ്ഥിരതക്കും സാമൂഹ്യഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. എന്നാൽ, നിലവിൽ എടുത്തുപറയാവുന്ന പൊതുസംരംഭങ്ങൾ ഇല്ലെന്ന്തന്നെ പറയാം.

നൂറുകണക്കിന് കോടിരൂപ നിക്ഷേപമുള്ള സഹകരണബാങ്കുകൾ പ്രദേശത്ത് തന്നെ ഉള്ളപ്പോൾ പൊതുസംരഭങ്ങൾക്ക് സാമ്പത്തികവിഭവസമാഹരണവും പ്രശ്‌നമാകില്ല. നിലവിൽ ചെറുകിടസംരംഭങ്ങളിലും കാർഷികരംഗത്തുമുള്ള വായ്പവിതരണത്തിൽ കേരളത്തിലെ സഹകരണബാങ്കുകൾ വഹിക്കുന്ന പങ്ക് അന്യൂനമാണ്. എന്നാൽ, കേവലം പലിശയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന രീതിക്കപ്പുറം, ഉല്പാദന, വിപണന, സേവന മേഖലകളിൽ ഇടപെടുകയും പങ്കാളിയാവുകയും ചെയ്യുന്ന മാതൃക-സഹകരണസ്ഥാപനമായി മാറാൻ ഇത് സുവർണ്ണാവസരമാണ്. അധികാര വികേന്ദ്രീകരണത്തെ സംബന്ധിച്ച് ഇപ്പോൾ നടന്നുവരുന്ന ചർച്ചകളിൽ ഇത്തരമൊരു വികസനപരിപ്രേക്ഷ്യത്തിന് മുൻഗണന ലഭിക്കണം. ഇതിനെല്ലാം വേണ്ട രാഷ്ട്രീയഇച്ചാശക്തി കേരളം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ദീപക് ദയാനന്ദൻ

കർഷകൻ, ഗവേഷകൻ. ഇന്റർനാഷനൽ റിസർച്ച് ആന്റ് ട്രെയിനിംഗ് സെന്റർ ഫോർ ബിലോ സീ ലെവൽ ഫാമിംഗ്, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, മാൻഗ്രൂവ് ആക്ഷൻ പ്രൊജക്ട്, അശോഖ ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ എക്കോളജി ആന്റ് എൻവയോൺമെന്റ്, ഗ്രീൻപീസ് ഇന്ത്യ സൊസൈറ്റി എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വി. എൻ. ജയചന്ദ്രൻ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നോഡൽ ഓഫീസർ (ലിറ്റിഗേഷൻ). സ്വതന്ത്ര ഗവേഷകൻ, ഗ്രന്ഥകാരൻ, വിവർത്തകൻ, ജനകീയ ശാസ്ത്ര പ്രവർത്തകൻ.

Comments