‘കേരള സ്റ്റോറി’കളുടെ കാലത്ത്
തിരുത്തൽ ശക്തിയാകുന്ന പുതിയ മലയാള സിനിമ

മണിപ്പുർ സ്റ്റോറികൾക്കു പകരം കേരളാ സ്റ്റോറികൾ കത്തോലിക്കാ സഭ തന്നെ പള്ളിക്കൂടക്കുട്ടികളെ വെള്ളംതൊടാതെ കാണിക്കുന്ന മലയാളിയവസ്ഥയിൽ, സിനിമയ്ക്കു തിരുത്തൽ ശക്തിയാകാൻ കഴിയണം. 2023-ലെ കേരള രാജ്യാന്തര സിനിമാമേളയിലെ മലയാള തിരപ്പടങ്ങളടങ്ങൾ അടയാളപ്പെടുത്തുന്നത് എന്ത് എന്ന അന്വേഷണം.

മാറ്റുവിൻ ചട്ടങ്ങളേ,
സ്വയമല്ലെങ്കിൽ മാറ്റുമതുകളീ
നിങ്ങളേത്താൻ...
- കുമാരനാശാൻ.

നിങ്ങളിൽ വിശ്വങ്ങളെ ജയിപ്പാൻ മതിയായ മംഗലമഹാശക്തിയുറങ്ങിക്കിടക്കുന്നു... -- സഹോദരനയ്യപ്പൻ

കൊല്ലായ്കിലവൻ ഗുണമുള്ള പുമാൻ,
അല്ലായ്കിൽ മൃഗത്തിനുതുല്യനവൻ.
- നാരായണഗുരു

മാറ്റമാണ് ലോകത്തിൻ വാസ്തവമെന്നും കാതലെന്നും ലോകചിന്തകരെല്ലാം വിലയിരുത്തിയിട്ടുണ്ട്. മാറ്റം ലോകഹിതത്തിലേക്കും ബഹുജനസുഖത്തിലേക്കുമാകുമ്പോൾ അതിന് മൂല്യമേറുന്നു. സങ്കടദുരിതങ്ങളെ നിവാരണം ചെയ്തു വാഴണം സുഖമെന്ന ചിന്ത കേരള ബുദ്ധന്റേതാണ്.
കേരള സിനിമ യാഥാർഥ്യ വർത്തമാന ചരിത്രബോധത്തോടെ സത്യനീതികളെ സംബോധന ചെയ്യുന്നതാണ് നാം കാണുന്നത്. 2023 ഡിസംബർ രണ്ടാം വാരം നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മലയാള തിരപ്പടങ്ങൾ ഏറിയും കുറഞ്ഞും വർത്തമാന ചരിത്രസത്യങ്ങളെ നൈതികമായി രാഷ്ട്രീയബോധത്തോടെ പ്രതിനിധാനം ചെയ്യാൻ ശ്രമിക്കുന്നവയായിരുന്നു. 2023 നവംബറിൽ നടന്ന ഗോവ ഇന്ത്യൻ രാജ്യാന്തര തിരപ്പടമേളയുടെ ഹൈന്ദവീകരണ അധീശപരിസരത്ത് ഇത് ആശ്വാസകരമാണ്. (ശേഖർ, 2023 ഡിസംബർ).

വിഷയാന്തരവും വിഭജനാന്തരവുമായി കലരുന്ന ഇൻറർ സെക്ഷണലായ ലോകയാഥാർഥ്യങ്ങളായ ജാതി, ലിംഗ, മത, വർണ, വർഗ, വംശ, ലൈംഗിക, ഭാഷാ, സാംസ്കാരിക ഘടകങ്ങളേയും നിർമിതികളേയും കേവല വർഗസമീക്ഷയ്ക്കും സാമ്പത്തികനിർണയനവാദത്തിനുമപ്പുറത്ത് ആഴത്തിൽ അടയാളപ്പെടുത്താനും വിമർശ ഇടപെടലുകളും നിരീക്ഷണങ്ങളും മുന്നോട്ടുവയ്ക്കാനുമുള്ള ശ്രമം കാണാം. വിവിധതരം അനീതികളുടേയും അസമത്വങ്ങളുടേയും സാമൂഹ്യ വെല്ലുവിളികളുടേയും ഒന്നിച്ചൊരു സമൂഹത്തിലുളള രൂഢമൂലതയാണ് വിഭജനാന്തര യാഥാർഥ്യപരിസരങ്ങൾ അഥവാ ഇൻറർ സെക്ഷണാലിറ്റിയെന്ന വിമർശസൈദ്ധാന്തികത (ക്രെൻഷോ 1991, ശേഖർ 2008). സന്ദേശപരവും മാധ്യമപരവുമായ മാറ്റങ്ങളെ തൊടാനും തട്ടിയുണർത്താനും കേരള തിരപ്പടത്തിനു കഴിയുന്നു. പ്രശ്നങ്ങളും പരിമിതികളും പിന്നോട്ടടികളും കൂടെയുണ്ട്. അതിന്റെ സംസ്കാര രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവും മാധ്യമപരവും സൗന്ദര്യാത്മകവുമായ തലങ്ങളെയിവിടെ വിമർശവിശകലനം ചെയ്യുന്നു.

ഡോൺ പാലത്തറ

കുടുംബസ്വത്വവും സമുദായവും തിരപ്പടമൊഴിയിടങ്ങളും ഡോണിൽ

ഡോൺ പാലത്തറ എന്ന സമകാലിക യുവചലച്ചിത്രകാരൻ സാക്ഷാത്കരിച്ച ഫാമിലി അഥവാ കുടുംബം എന്ന പടം അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾപോലെ മധ്യതിരുവിതാംകൂറിലെ മലയോര കുടിയേറ്റയിടങ്ങളിലെ കത്തോലിക്കാ കുടുംബങ്ങളുടെ വർത്തമാന ചരിത്രചിത്രണമാണ്. രാജ്യാന്തരമൽസരവിഭാഗത്തിലാണിതു കാണിച്ചത്. സമുദായത്തേയും കുടുംബത്തേയും പ്രതിനിധാനം ചെയ്യുന്ന ഡോൺ ചിത്രങ്ങൾ എത്നോഗ്രഫിക്, എത്നിക് സാമൂഹ്യസ്വത്വചരിത്രണ തലങ്ങളുള്ളവയാണ്. സുറിയാനി കുടിയേറ്റക്കാരുടെ പള്ളികളും പള്ളിക്കൂടങ്ങളും പട്ടക്കാരും കുടുംബയോഗങ്ങളും കുർബാനകളും കൂടുവിട്ടു കൂടുമാറലും കുമ്പസാരങ്ങളുമതിൽ നിറയുന്നു. ഡീപ് ഫോക്കസാണ് അതിനെ സിനിമാറ്റിക് കാഴ്ചയാക്കുന്നത്. സങ്കേതവും സന്ദേശവും മക്ലൂഹനിസത്തിലെന്നപോലെ ഒന്നാകുന്ന വെളിച്ചപ്പെടൽ.

തിരപ്പടം തിരയിൽ ഉൾക്കൊള്ളുന്നതും തിരയിൽ നിന്നും മറയ്ക്കുന്നതും പ്രധാനമാണ്. അഭിസമ്മതിയുടേയും സാമാന്യബോധത്തിന്റെയും പൊതുപ്രബലതയും നിർമാണവും പ്രധാനമാണെന്ന് ചോംസ്കിയൻ വഴിയിൽ കാണാം. കുത്തകയുടെ സാമാന്യബോധ നിർമിതിയിലൂടെയാണ് ജനായത്ത സംവിധാനം അട്ടിമറിക്കപ്പെടുന്നത്. മികവും ലാവണ്യവും തിരനോക്കുന്ന വരേണ്യവാദമാണത്. പ്രാതിനിധ്യമെന്ന അടിസ്ഥാന ജനായത്തപ്രക്രിയയും കരാറുമാണ് അട്ടിമറിക്കപ്പെടുന്നത്. മരുഭൂവിലെ ആടുമേയലിൻ ആത്മാരമണമായ രതികാമനയാർന്ന മൃത്യുഞ്ജയ രമണകാവ്യത്തിലൂടെ കേരളത്തിലെ ജാതിക്കൊലയുടേയും വർണവെറിയുടേയും ജാത്യാഭിമാന ആത്മഹത്യകളുടേയും പ്രാതിനിധ്യ നിഷേധത്തിന്റെയും വർത്തമാന ചരിത്രയാഥാർഥ്യങ്ങളാണ് മറയ്ക്കപ്പെടുന്നതും മായ്ക്കപ്പെടുന്നതും മറക്കപ്പെടുന്നതും ദമനം ചെയ്യുന്നതും. സിനിമ ഒരു ഫാഷിസ്റ്റാഖ്യാനമാകുന്ന സന്ദർഭങ്ങൾ നിരവധിയാണ്. മാധ്യമപരമായി അതാണതിന്റെ സ്വഭാവവും പ്രശ്നവും. ജനായത്തപരവും ആത്മവിമർശപരവുമായ പ്രയോഗം മാത്രമേ സിനിമയെ സാധുവാക്കൂ. സാധുവായ സാധ്യതയുടെ കലയും കൂടിയാണീ പുതുകലാചാരം. ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടമായാൽ എന്തുകാര്യം എന്ന ക്രിസ്തുവിന്റെ ചോദ്യം പ്രസക്തമാകുന്നു, ഇന്ത്യയിൽ. ജനായത്തത്തേയും നീതിയുടെ സത്യപുത്തകമായ ഭരണഘടനയുടെ ആധാരമായ സാമൂഹ്യ പ്രാതിനിധ്യത്തേയും അട്ടിമറിച്ചാൽ സർവനാശത്തിലേക്കുള്ള കൂപ്പുകുത്തലായി.

ഒളിഗാർക്കിയുടെ ഭാഗമായി അമിതപ്രാതിനിധ്യം കവരുന്ന ബ്രാഹ്മണികമായ പിതൃവാദങ്ങളും കുലീന വരേണ്യതാവാദങ്ങളും സവർണ- സിറിയൻ നവസംബന്ധങ്ങളും ഫ്രെയിമിലാകുന്നില്ല. വൈഡാങ്കിൾ ഷോട്ടുകളും ട്രാക്കിങ്ങ് ഷോട്ടുകളും പുകമഞ്ഞും പ്രകൃതിദൃശ്യവിസ്താരങ്ങളും പുരയിട, പുരയകചിത്രീകരണങ്ങളും ശക്തവും നിരന്തരവുമായ ശബ്ദമിശ്രണവുമെല്ലാം വ്യതിരിക്തമായ ഒരു നോയർ മിസൻസീനുണർത്തി അക്കാദമിക പ്രേക്ഷകരെയാകർഷിക്കുന്നു. സമുദായത്തിന്റെ ആന്തരവൈരുദ്ധ്യങ്ങളേയും പ്രതിസന്ധികളേയും പുറമെ തൊടുമ്പോഴും കാതലായ ആത്മവിമർശത്തിൽ നിന്ന് വഴുതിമാറുന്ന ഒത്തുതീർപ്പുകളും നഗ്നമായി കാണാം.

അമ്മിണി പോലെ നിശിതമായ സാമൂഹ്യരാഷ്ട്രീയ അന്യാപദേശവും മാനവോത്തര നൈതികവിമർശവും നടത്തിയ ഒരു ചലച്ചിത്രകാരനിൽ നിന്ന് കൂടുതൽ ആത്മവിചിന്തനപരമായ സാമൂഹ്യ വിമർശപ്രതിനിധാനം പ്രതീക്ഷിക്കപ്പെടുന്നു, സമഗ്രാധിപത്യ അമിതപ്രാതിനിധ്യകാലം പ്രത്യേകിച്ചും (ശേഖർ 2024). മണിപ്പുർ സ്റ്റോറികൾക്കു പകരം ന്യൂനപക്ഷങ്ങളോടും മതസ്വാതന്ത്ര്യമെന്ന ഭരണഘടനാപരമായ മൗലികാവകാശത്തോടും പകയുണർത്തുന്ന കേരളാ സ്റ്റോറികൾ കത്തോലിക്കാസഭ തന്നെ ദൂരദർശനേയും കടത്തിവെട്ടി പള്ളിക്കൂടക്കുട്ടികളെ അവധിക്കാല മതപഠനത്തിന്റെ ഭാഗമായി ഈ കൊടിയ എൽനീനോ വേനലിൽ വെള്ളംതൊടാതെ കാണിക്കുന്ന മലയാളിയവസ്ഥയിൽ പ്രത്യേകിച്ചും, സിനിമയ്ക്കു തിരുത്തൽ ശക്തിയാകാൻ കഴിയണം.

മതിലുകളും തടവുകളും
തേടലുകളും ഫാസിലിൽ

ഫാസിൽ റസാഖ് ആദ്യപടത്തിലൂടെ നിരവധി പുരസ്കാരങ്ങൾ കേരളമേളയിൽ നേടി. ഭർത്താവുമായി ബന്ധം പിരിഞ്ഞ അംഗനവാടി അധ്യാപികയുടെ രോഗാതുരമായ ദുരന്തജീവിതവും ചികിൽസ തേടി ജയിലേക്കു പോകാനായി കുറ്റകൃത്യം ചെയ്യുന്നതുമാണ് പ്രമേയം. ബീന ചന്ദ്രനെന്ന മുതിർന്ന നടിയെ ഉപയോഗിച്ചു നടത്തിയ ഗാഢമായ ചിത്രണത്തിലൂടെ പണിയെടുക്കുന്ന, ജീവിതസമരം നടത്തുന്ന മധ്യവയസ്സു പിന്നിട്ട കേരളീയയുടെ ദൈനംദിന ജീവിതപ്പോരാട്ടങ്ങളേയും അതിജീവനത്തേയും അടുപ്പത്തിലും സൂക്ഷ്മതയിലും പകർത്താനും കഴിഞ്ഞു.

ഫാസിൽ റസാഖ് ആദ്യപടത്തിലൂടെ നിരവധി പുരസ്കാരങ്ങൾ കേരളമേളയിൽ നേടി. ഭർത്താവുമായി ബന്ധം പിരിഞ്ഞ അംഗനവാടി അധ്യാപികയുടെ രോഗാതുരമായ ദുരന്തജീവിതവും ചികിൽസ തേടി ജയിലേക്കു പോകാനായി കുറ്റകൃത്യം ചെയ്യുന്നതുമാണ് പ്രമേയം.

എന്നാൽ പെൺജീവിതപ്പോരാട്ടത്തിന്റെ കേരള സാമൂഹ്യചരിത്ര പരിസരങ്ങളേയും ജാതി-ലിംഗ പ്രശ്നപരിസരങ്ങളേയും ആഴത്തിൽ വിമർശാത്മകമായി അടയാളപ്പെടുത്തുന്നതിൽ ചിത്രം പണിയെടുക്കുന്നില്ല. ആൺകോയ്മയുടെ കുലീന പിതൃത്വാധീശ തലങ്ങളേയും പൗരോഹിത്യ-പടയാളിയാണത്ത വ്യവഹാരങ്ങളേയും ആഴത്തിൽ വിമർശപ്രതിനിധാനം ചെയ്യാൻ മലയാളി വരേണ്യതയുടെ ഒളിഗാർക്കിയെന്ന അമിതപ്രാതിനിധ്യാധികാര ഘടനകളിൽ ഏറെ സാധ്യതയുള്ളപ്പോളാണിത്. വൈയക്തികമായ ഒരു വിടും തടവും വിഷയമായി രേഖീയ യുക്തികളിലേക്കു ലളിതമാക്കപ്പെടുന്നു തിരപ്പടം. പാത്രചിത്രണവും ബീനയുടെ പ്രകടനവും ലോകോത്തരമായ തലങ്ങളിലേക്കെത്തിനിൽക്കുന്നു. കൂടുതൽ സാമൂഹ്യരാഷ്ട്രീയസ്വഭാവമുള്ള ചലച്ചിത്രങ്ങൾ പുതുകർതൃത്വങ്ങളിൽ നിന്നുമുണ്ടാകട്ടെയെന്നു പ്രതീക്ഷിക്കാം. സമഗ്രാധിപത്യത്തോടും ഒളിഗാർക്കിയോടും പോരാടാൻ നമുക്കധികം സാവകാശവും സമയവുമില്ലയെന്നതാണു വസ്തുത. ഏറെ വൈകിയിരിക്കുന്നു ഇപ്പോൾത്തന്നെ.

ഡെയിറ്റിങ്ങ് സിനിമയും
നാമജപ ലോകവും റിനോഷണിൽ

റിനോഷൺ കെ. എടുത്ത ഫൈവ് ഫസ്റ്റ് ഡെയിറ്റ്സ് എന്ന പടം പുതുതലമുറയിലെ ജീവിതത്തിരഞ്ഞെടുപ്പുകളെയും മാറിയ ലോകവീക്ഷണത്തേയും സരസവും ലളിതവുമായി തിരപ്പടത്തിലാക്കുന്നു. ചെറിയ പെൺകുട്ടി ബംഗാളൂരിൽ നടത്തുന്ന അഞ്ചോളം പങ്കാളികളുമായുള്ള കൂടിക്കാഴ്ച്ചകളും സംഭാഷണങ്ങളും രസകരമായി ആഖ്യാനച്ചരടിൽ കൊരുത്തിരിക്കുന്നു.

അന്ത്യത്തിൽ ഭിന്നലൈംഗികതയെ സംബോധന ചെയ്ത് പെണ്ണും പെണ്ണുമായി നടത്തുന്ന ചുംബനസമാഗമ യാത്രയിലൂടെ ലൈംഗികതയേയും മനുഷ്യാനുരാഗത്തേയും കുറിച്ചുള്ള പുതുഭാവുകത്വ പരിണാമങ്ങളെ വിശ്വാസിലഹളകളും നാമജപഘോഷയാത്രകളും ദൈവത്തിന്റെ ബ്രഹ്മചര്യവും ലൈംഗികചോദനയും വരെ പ്രശ്നമായ മലയാളികുലീന സമൂഹത്തിലേക്ക് അവതരിപ്പിക്കുന്നു. വിദ്യാഭ്യാസമുള്ള പ്രൊഫഷണൽ വനിതകൾ തന്നെ തങ്ങൾ തീണ്ടാരികളും ദൈവത്തിൻ നൈഷ്ഠിക ബ്രഹ്മചര്യത്തിനു ഭീഷണിയുമാണെന്നും പറഞ്ഞ് തെരുവിൽ നടത്തിയ നാമജപഘോഷയാത്രയും അതിനു പിന്തുണയായി ചവരിമലയെന്നു സംഘസാഹിത്യത്തിലറിയപ്പെട്ട ബൗദ്ധമായിരുന്ന സവരിമലയെ ശബരിമലയാക്കി പാതിസംസ്കൃതീകരിച്ച് രാമവൽക്കരിക്കാനായി നടത്തിയ നീതി നിയമവിരുദ്ധ കലാപത്തെയുമാണ് 2018-ലെ ശൂദ്ര ലഹള എന്നു വിളിക്കുന്നത് (ജോസ് 2019, ശേഖർ 2023 ഓഗസ്റ്റ്).

റിനോഷൺ കെ. എടുത്ത ഫൈവ് ഫസ്റ്റ് ഡെയിറ്റ്സ് എന്ന പടം പുതുതലമുറയിലെ ജീവിതത്തിരഞ്ഞെടുപ്പുകളെയും മാറിയ ലോകവീക്ഷണത്തേയും സരസവും ലളിതവുമായി തിരപ്പടത്തിലാക്കുന്നു.

ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് നിരന്തരം ഒരു പതിറ്റാണ്ടായി നടന്ന രാമായണ, മാവാരത പട്ടത്താനങ്ങളും ഗീതാഗിരികളുമാണിതിനുള്ള പര്യാവരണമൊരുക്കിയത്. കപട ധാർമികതയേയും മലയാളി കുലീന വിശ്വാസി നാമജപ ക്ഷുദ്രതയേയും അട്ടിമറിക്കുന്ന വിമർശക്ഷമതയുള്ള തിരപ്പടം. ലിംഗനീതിയും സാമൂഹികനീതിയും നിരന്തരം അട്ടിമറിക്കപ്പെടുന്ന കുലീനകാലത്ത് സിനിമയുടെ പ്രഹരശേഷിയും മാറ്റത്തിൻ മാറ്റൊലിയും പ്രധാനമാണ്. ഒരു നൂറ്റാണ്ടുമുമ്പ് ഗുരുവും ശിഷ്യരായ മൂലൂരും സഹോദരനുമെല്ലാം സാഹിത്യത്തിലും ചിന്തയിലും മാധ്യമപ്രവർത്തനത്തിലും പൊതുഭാഷണത്തിലുമെല്ലാം വിമർശിച്ചു തിരസ്കരിച്ച ബഹുജന വിരുദ്ധമായ ക്ഷുദ്രമായ ബ്രാഹ്മണിക വാദങ്ങളാണിന്ന് തീണ്ടാരിലഹളക്കാരായ മലയാളികുലീനമാരും മണിപ്പിള്ളമാരും അസത്യഭാമമാരും മനുസ്മൃതിയിറാനിമാരും മണിച്ചിയിസവും ഭാമിസവുമായി വർണവെറിയും വംശഹത്യാകാമനയുമായി വിഷംവമിപ്പിക്കുന്നത് (ശേഖർ 2021 ബി).

മുഖ്യമന്ത്രിമാത്രമല്ല, ദേവസംമന്ത്രിയും സാധാരണക്കാരും ജാതിക്കളിയിലൂടെ ഇല്ലാതാക്കിയ മണിയുടെ സഹോദരനായ രാമകൃഷ്ണനെന്ന കലാകാരനുമെല്ലാം അനുദിനം കേരളത്തിൽ ജാതിത്തെറിയും ജാതിവംശീയാധിഷേപവും നേരിടുന്നു. മഹാകലാകാരനായ തിലകനിത് മലയാളികുലീനരുടെ നാണംകെട്ട വളഞ്ഞവാലിൽ കുത്തിയുള്ള ജാതിക്കളിയാണ്, തരംതാണ നക്കിയ നായനിസമാണെന്നു പലതവണ തുറന്നു പ്രസ്താവിച്ചിട്ടുള്ളതാണ്. മൂലൂരിൻ അയ്യപ്പസ്തോത്രപഞ്ചകവും വൈക്കം പോരാട്ടവേളയിൽ 1924-ൽ രചിച്ച ഇണ്ടംതുരുത്തിയുടെ ചീട്ടിനെക്കുറിച്ചുളള സാഹോദര്യം, ചിദംബരം പിള്ളയുടെ കത്തും അതിനുള്ള മറുപടിയുമടക്കമുള്ള കവിതകൾ കേരളം പാഠപുസ്തകത്തിലേക്കു കൊണ്ടുവരേണ്ടകാലം അതിക്രമിച്ചു. സഹോദരനും കറുപ്പനും അവരുടെ ഗുരുവും എല്ലാതലങ്ങളിലും പഠനഗവേഷണസംവാദമാധ്യമസമീക്ഷകളുടെ ഭാഗമായാലേ ജാതിയിരുട്ടിൽ നിന്നും കേരളത്തേ രക്ഷിക്കാനാവൂ (ശേഖർ 2012, 2015, 2017). ചലച്ചിത്രത്തിനും രംഗകലകൾക്കുമാണേറെ സാധ്യതകൾ, മലയാളി കുലീനതയുടെ ജാതിസ്വരാജ്യങ്ങളെയും സ്വജനോദ്ധാരണങ്ങളേയും രാമരാജ്യങ്ങളേയും ഒളിഗാർക്കിയേയും തുറന്നുകാട്ടാനും ചെറുക്കാനുമായുള്ളത്. കാലികമായ ഈ മാറ്റം അതിലേക്കു നയിക്കട്ടെ.

നീലനും മുടിമുറിക്കലും അടിമവഴക്കവും ശരത്കുമാർ വി.യിൽ

നീലൻ, നീലി എന്നീ പ്രയോഗങ്ങൾ പുത്തനേയും പുത്തമാതാവായ മഹാമായയേയും പിൽക്കാല ബോധിസത്വരൂപമായ നീലതാരയേയും കുറിക്കുന്നു (ശേഖർ 2018, 2021). രോഹിത് വെമുലയുടെ രക്തസാക്ഷിത്തത്തെ തുടർന്ന് നീല സലാം ലാൽ സലാമിനെ പിന്തള്ളിയിരിക്കുന്ന വർത്തമാനകാലത്ത് നീലച്ചായമടിച്ചമുടിയുമായി കറങ്ങുന്ന ഒരു ദലിത യുവാവിനെ അവന്റെ കൂട്ടുകാർക്കുപോലും സഹിക്കാനാവുന്നില്ല. വ്ലോഗിലൂടെ അവനെ അടിമയെന്നുവിളിച്ച് അവന്റെ അമ്മയുടെ കൂടി സഹായത്തോടെ അവന്റെ മുടിബലമായി മുറിക്കാനാണ് അവരുടെ പരിപാടി. ശരത്കുമാറിന്റെ നീലമുടി യുവത നിറഞ്ഞ കൊട്ടകയിൽ കാണിച്ചു. ജാതീയതയുടെ വർണവെറിയൻ വംശീയ ഭീകരതയെ കുട്ടിക്കളിയായി മയപ്പെടുത്തുന്ന സാധാരണീകരണത്തിൻ പ്രത്യയശാസ്ത്രതലം ചിത്രത്തിൽ പ്രമാദമാണ്.

ജാതിയേയും അപരവൽക്കരണത്തേയും പ്രതിനിധാന വംശീയ ഹിംസകളേയും സംബോധന ചെയ്യുന്ന ചിത്രമാണ് നീലമുടി എന്ന ശരത്കുമാർ വി. യുടെ പടം.

പൊലീസ് മുടിമുറിച്ചപമാനിച്ച വിനായകൻ എന്ന ദലിത വിദ്യാർഥി ആത്മഹത്യ ചെയ്ത നാടാണ് കേരളം. ജാതിയേയും അപരവൽക്കരണത്തേയും പ്രതിനിധാന വംശീയ ഹിംസകളേയും സംബോധന ചെയ്യുന്ന ചിത്രമാണ് നീലമുടി എന്ന ശരത്കുമാർ വി. യുടെ പടം. വ്ലോഗിലൂടെ വികസിക്കുന്ന പടം ആഖ്യാന കൗശലവും മാധ്യമമികവും പുലർത്തുന്നു. അതേസമയം അടിമയെന്നും മറ്റും സഹപാഠിയെ സാമൂഹ്യമാധ്യമങ്ങളിൽ പോലും ആവർത്തിച്ചുവിളിച്ചുറപ്പിക്കുന്ന വ്യവഹാരം ആക്രാമകമായ പ്രതീകവാങ്മയ ഹിംസയായും അനുഭവപ്പെടുന്നു. സാമൂഹ്യ രാഷ്ട്രീയ ഔചിത്യവും വിശ്വാസ്യതയും ചിത്രത്തിനു കൈമോശം വരുന്നു. ഭാഷണത്തേയും വ്യവഹാരത്തേയും അമിതാക്രാന്തത്തോടെ കവരാനും കൈക്കലാക്കാനുമുള്ള അതിചിത്രണമായി പലരുമിതിനെ വിലയിരുത്തുന്നു. പുതു യുവനടീനടന്മാരെ അവതരിപ്പിക്കുന്ന കാര്യത്തിലും ചിത്രം ശ്രദ്ധേമാണ്. പുതുകേരളതിരപ്പടങ്ങളിൽ വിവിധ സാമൂഹ്യവിഭാഗങ്ങളിൽ നിന്നും ലിംഗപശ്ചാത്തലങ്ങളിൽ നിന്നുമുള്ള യുവതയുടെ പ്രാതിനിധ്യവും പ്രതിനിധാനങ്ങളും മെച്ചപ്പെടുന്നത് ജനായത്തപരവും വിമോചനാത്മകവുമാണ്.

മാതൃദായവും മറ്റുമലയാളി പിതൃത്വാധികാര പ്രതിസന്ധികളും

മാതാവുമരിച്ചുപോയ പെൺകുട്ടി പിതാവിന്റെ അഗമ്യഗമനബന്ധങ്ങളിലും ഇതര ഉദ്യോഗസ്ഥദുഷ്പ്രഭുത്തത്തിലും വശംകെടുന്നതാണ് ദായം അഥവാ ഇൻഹെറിറ്റൻസ് എന്ന പ്രശാന്ത് വിജയ് പടം. മാതൃദായം പുനസ്ഥാപിക്കാനായുള്ള ഒരു വൈകാരികശ്രമമായും പടത്തിനെ കാണാം. ആധുനീകരണം നഷ്ടമാക്കിയ മാതൃദായത്തെക്കുറിച്ചുള്ള മലയാളികുലീനതയുടെ ഗൃഹാതുരമായ ഭൂതകാലക്കുളിരും കൈശോരവിലാപവും അത്തരം നോക്കുപാടിൽ പുറത്തേക്കുവരും. ഏതായാലും പിതാവിന്റെ ജനായത്ത പ്രാതിനിധ്യവിരുദ്ധതയും സാമുദായികസംവരണപ്പേടിയും വെറുപ്പും കൊതിക്കെറുവും അമിതാധികാര, അമിതപ്രാതിനിധ്യ ഒളിഗാർക്കിക്കുത്തകയും വെളിവാക്കുന്നു ചലച്ചിത്രപ്രതിനിധാനം. മാതൃദായവും മരുമക്കത്തായവും ബ്രാഹ്മണികആൺകോയ്മ മധ്യകാലത്ത് നാലാം വർണക്കാരിൽ അടിച്ചേൽപ്പിച്ചതാണെന്ന ചരിത്രവസ്തുതയും തിരിച്ചറിവുമാണ് ഇവിടെല്ലാം ഇല്ലാതായിപ്പോകുന്നത്. ഭൂതാഭിരതിയെ പുൽകുന്ന രേഖീയ ആധുനിക, അണുകുടുംബ വിമർശമായി തിരപ്പടത്തെ ചുരുക്കുന്നത് ഈ ചരിത്രവിമർശബോധത്തിൻരെ ഇല്ലായ്മയാണ്.

മാതാവുമരിച്ചുപോയ പെൺകുട്ടി പിതാവിന്റെ അഗമ്യഗമനബന്ധങ്ങളിലും ഇതര ഉദ്യോഗസ്ഥദുഷ്പ്രഭുത്തത്തിലും വശംകെടുന്നതാണ് ദായം അഥവാ ഇൻഹെറിറ്റൻസ് എന്ന പ്രശാന്ത് വിജയ് പടം. മാതൃദായം പുനസ്ഥാപിക്കാനായുള്ള ഒരു വൈകാരികശ്രമമായും പടത്തിനെ കാണാം.

വിഘ്നേഷ് പി. ശശിധരൻ എടുത്ത ഷെഹർസാദേ എന്ന പടം ഒരു നവസാങ്കേതിക തിരപ്പടാഖ്യാനത്തിനുള്ള പരിശ്രമമാണ്. ഉപകഥകളും ദൃശ്യശബ്ദബിംബങ്ങളും ഇഴപ്പെരുക്കവും ഇഴചേരുന്ന ഉപാഖ്യാനങ്ങളുമെല്ലാം ചേർത്ത് ഒരു യുവ വാസ്തുശില്പിയുടെ ജീവിതത്തെ കുറിച്ചുളള വികേന്ദ്രിതാഖ്യാനം രചിക്കാനുള്ള ശ്രമമാണ്. പാത്രങ്ങളും അഭിനേതാക്കളും നിലവാരം പുലർത്താതെ പോകുന്നതിനാൽ ചലച്ചിത്രം മിഴിവുറ്റതാകുന്നില്ല. സിനിമയുടെ ആഴത്തിലുള്ള ഉണർവുകളും ഉൾക്കാഴ്ച്ചകളും അരുളും ഇല്ലാതെപോകുന്നത് കാണാം.

ബാബുസേനൻ സഹോദരങ്ങളുടെ ആനന്ദ് മോണലിസ മരണംകാക്കുന്നു എന്ന പടം ഒരു യുവാവിന്റെ ആസന്നമരണ വ്യാകുലതകളുടെ പശ്ചാത്തലത്തിൽ കുടുംബം, സമൂഹം എന്നിങ്ങനെയുള്ള മാനവിക ബന്ധങ്ങളെ താത്വികമായി അപഗ്രഥിക്കാനും വിമർശപ്രതിനിധാനം ചെയ്യാനുമുള്ള ആത്മാർഥമായ ശ്രമമാണ്. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പും പ്രകടനവും ഏറെ മികച്ചതാണ്. നീണ്ടുപോകുന്ന നാടകീയവും അതേസമയം യഥാതഥവുമായ ഭാഷണങ്ങളും മുഹൂർത്തങ്ങളും ആഴത്തിൽ മനസ്സുകളെ തൊടുന്നു. സംഭാഷണചിത്രമെന്ന രീതിയിൽ ശക്തമായ ആവിഷ്കാരമാണിത്. എന്നാൽ ബഹുജന ജീവിതത്തെ മഥിക്കുന്ന ബഹുലമായ ബാധകളേയും സാമൂഹ്യരാഷ്ട്രീയ അനീതികളേയും അസമത്വങ്ങളേയും കുറിച്ചുള്ള കുറ്റകരമായ മൗനം തിരപ്പടത്തിലെ അനുകമ്പാതലത്തെ റദ്ദാക്കുന്നു. കൊലപാതകമർദ്ദനങ്ങളും യുദ്ധങ്ങളും വംശഹത്യകളും പെരുകവേ കോലായജീവിതവും അവിചാരിത വ്യക്തിദുരന്തങ്ങളും കാട്ടുന്ന കമ്പോളച്ചേരുവപോലെ സിനിമ സുരക്ഷിതമായി ഉൾവലിഞ്ഞു കാര്യം തൻകാര്യംനടത്തുന്നു.

വിഘ്നേഷ് പി. ശശിധരൻ എടുത്ത ഷെഹർസാദേ എന്ന പടം ഒരു നവസാങ്കേതിക തിരപ്പടാഖ്യാനത്തിനുള്ള പരിശ്രമമാണ്.

ആട്ടവും പാട്ടും കൊട്ടും കച്ചകളും ഏകർഷിയിലും ശരണ്യത്തിലും

ആനന്ദ് ഏകർഷിയുടെ ആട്ടം ഇന്ത്യൻ പനോരമയിലും ഗോവയിലെ ഇന്ത്യൻ മേളയിലും ഏറെ ജനപ്രിയമായിരുന്നു. ഷാജോണും വിനയ് ഫോർട്ടുമടക്കമുളള നടീനടന്മാരുടെ പ്രകടനവും പാത്രചിത്രണവും സിനിമയുടെ കാലങ്ങളും ആഖ്യാനാവേഗങ്ങളും ആകർഷകമാണ്. നാടകത്തേയും ലോകത്തേയും കുറിച്ച് ലൈംഗികാരോപണങ്ങളും കുറ്റാന്വേഷണവും ലിംഗാസമത്തവും കലർത്തി പ്രതിപാദിക്കാനുള്ള ശ്രമം പ്രകടമാണ്. മി റ്റൂ അന്വേഷണത്തേക്കവിയുന്ന തലങ്ങൾ ചുരുക്കമാണുതാനും. മി റ്റൂ ആരോപണപ്രവാഹം തന്നെ മുഖ്യധാരാ സവർണ സ്ത്രീവാദികളുടെ മേൽക്കൈയ്യിൽ അവർണരായ വിമർശ കർതൃത്വങ്ങൾക്കെതിരായാണ് ഇന്ത്യയിലും കേരളത്തിലും വ്യാപകമായി ദുരുപയോഗിക്കപ്പെട്ടത്. കവിത്തമടക്കമെല്ലാം നാടകത്തിലവസാനിക്കുന്നു എന്ന ചമക്രിതപല്ലവിപോലെ കേരളത്തിൻ സമകാലിക സൗന്ദര്യവാദ നാടക ചലച്ചിത്ര സമീക്ഷകളെല്ലാം മി റ്റൂവിൻ ചരടിൽ തൂങ്ങിയാടുന്നുവെന്നും വിമർശവീക്ഷകർ.

ബാബുസേനൻ സഹോദരങ്ങളുടെ ആനന്ദ് മോണലിസ മരണംകാക്കുന്നു എന്ന പടം ഒരു യുവാവിന്റെ ആസന്നമരണ വ്യാകുലതകളുടെ പശ്ചാത്തലത്തിൽ കുടുംബം, സമൂഹം എന്നിങ്ങനെയുള്ള മാനവിക ബന്ധങ്ങളെ താത്വികമായി അപഗ്രഥിക്കാനും വിമർശപ്രതിനിധാനം ചെയ്യാനുമുള്ള ആത്മാർഥമായ ശ്രമമാണ്.

ഇതുപോലെ, സമകാലിക നാഗരിക ലോകത്തിൻ പ്രശ്നങ്ങളെല്ലാം സ്ത്രീകളുടെ മുലകളിലേക്കും മുലക്കച്ചയിലേക്കും മുലയളവിലേക്കും കാണാച്ചരടുകളിലേക്കും ചുരുക്കിയെടുക്കുന്ന ചിത്രമാണ് ബി 32 മുതൽ 44 വരെ എന്ന ശ്രുതി ശരണ്യത്തിൻ തിരപ്പടം. ശരീരരാഷ്ട്രീയം പറയുന്നു എന്നവകാശപ്പെടുന്ന സംവിധായികയുടെ ചിത്രം യുവതികളുടെ മുലകളേയും നവോദാര ലൈംഗികതയേയും വിട്ടുപിടിക്കാനും സാമൂഹ്യനീതിയുടേയും പൗരാവകാശപരമായ ലിംഗനീതിയുടേയും ഭരണഘടനാപരമായ തുല്യതയുടേയും തുല്യാവകാശങ്ങളുടേയും അവകാശപ്പോരാട്ട തലത്തിലേക്ക് വിശ്വാസി, തീണ്ടാരി, ശൂദ്രലഹളകളുടേയും നാമജപഘോഷയാത്രകളുടേയും അമിതപ്രാതിനിധ്യ കാലത്ത് വികസിക്കുന്നില്ല (ശേഖർ 2024).

ഉപരിപ്ലവപരവും തികച്ചും ജാതിഹിന്ദു നോക്കുപാടുകളിലൊതുങ്ങുന്നതുമായ ലിംഗവാർപ്പുമാതൃകയും തൽസ്ഥിതിയും പ്രബലമായ ഹെറ്ററോ പൊതുബോധവും ആവർത്തിച്ച് യാഥാർഥ പ്രാതിനിധ്യവിഷയങ്ങളും അവർണ, മുസ്‍ലിം സ്ത്രീകളുടെ അഥവാ ബഹുജന സ്ത്രീകളുടെ ജനംസംഖ്യാനുപാതികമായ പ്രാതിനിധ്യ പ്രതിനിധാനങ്ങളും രാഷ്ട്രീയാവകാശങ്ങളും അവ്യക്തമാക്കുകയാണിവിടെ. ബഹുജനസ്ത്രീകളുടെ നോക്കുപാടും സംസ്കാര രാഷ്ട്രീയ വ്യതിരിക്തതയും പുതുപ്രേക്ഷകത്തവും ഊന്നുന്ന ദലിത് ചലച്ചിത്രകാരിയും അക്കാദമിക്കും എഴുത്തുകാരിയുമായ മുംബൈയിലെ ജ്യോതി നിഷയുടെ പുതുനോട്ടങ്ങളും ബഹുജന നോക്കുപാട്, ജനകീയ പ്രേക്ഷകത്തം അഥവാ ബഹുജന സ്ത്രീയുടെ കാഴ്ച്ചപ്പാട് എന്ന പരികൽപ്പന ശ്രദ്ധേയമാണിവിടെ. ബെൽ ഹുക്സിന്റെ ഒപ്പോസിഷണൽ ഗെയിസ് എന്ന കറുത്ത പെണ്ണുങ്ങളുടെ പ്രതിനോട്ടങ്ങളേയും തിരഞ്ഞുനോട്ടത്തിൻ രാഷ്ട്രീയത്തേയും ചെറുത്തുനിൽപ്പിനേയും ചലച്ചിത്രത്തെ ജനായത്തവൽക്കരിക്കുന്ന കാമനാഭാവനകളേയും പുതുലിംഗബോധങ്ങളേയും പ്രതിനിധാനം ചെയ്യുന്ന സൈദ്ധാന്തിക സമീക്ഷകളും മറ്റും ഉപയോഗിക്കുന്ന സിനിമാവിമർശ വിശകലനങ്ങളും ഏറെ പ്രസക്തമാകുന്നു ഇവിടെ (നിഷ 2020, ഹുക്സ് 1992)).

ആനന്ദ് ഏകർഷിയുടെ ആട്ടം ഇന്ത്യൻ പനോരമയിലും ഗോവയിലെ ഇന്ത്യൻ മേളയിലും ഏറെ ജനപ്രിയമായിരുന്നു. ഷാജോണും വിനയ് ഫോർട്ടുമടക്കമുളള നടീനടന്മാരുടെ പ്രകടനവും പാത്രചിത്രണവും സിനിമയുടെ കാലങ്ങളും ആഖ്യാനാവേഗങ്ങളും ആകർഷകമാണ്.

2024 മാർച്ചിൽ ജ്യോതി നിഷയുടെ അംബേദ്കറെ കുറിച്ചുള്ള ഫീച്ചർ നീളമുള്ള ഡോക്യുമെൻററി കൊച്ചിയിൽ മെട്രോ ഫിലിം സൊസൈറ്റിയിൽ കാണിച്ചു ചർച്ചചെയ്യുകയുണ്ടായി. നിഷയുമായുള്ള സംവാദം കേരളത്തിന് ഏറെ ഗുണം ചെയ്യും.

സ്ത്രീകളുടെ ശരീരരാഷ്ട്രീയത്തെ അടിയുടുപ്പുരാഷ്ട്രീയമായൊതുക്കുന്നു എന്നതാണ് മലയാളികുലീനതയുടെ ഭാവുകത്തം പേറുന്ന നവോദാരസിനിമകളുടെ അമർത്തലും അട്ടിമറിയും പരിമിതിയും. മലയാളികുലീനവനിതകൾ ജനായത്തപ്രാതിനിധ്യഭരണഘടനയെ അട്ടിമറിക്കാൻ സ്വയം തീണ്ടാരികളാകുന്ന വിശ്വാസിലഹളകൾ ചരിത്രചലച്ചിത്രണത്തിൽ നിന്നും ഗുഹ്യമായിമറയ്ക്കപ്പെടുന്നു. അവർണപുരുഷവയോധികനായ കേരളമുഖ്യമന്ത്രിയെ ജാതിത്തെറി തെരുവിൽ സാമൂഹ്യമാധ്യമറിക്കോഡിൽ വിളിക്കുന്ന മണിച്ചിപ്പിള്ളമാരും മാധ്യമഛായാഗ്രഹണികൾക്കു മുന്നിൽ സ്വന്തം ജാതിക്ഷുദ്രത വിളമ്പുന്ന സത്യഭാമമാരും ഇവിടെ തടിയെടുക്കുന്നു. സമർഥമായി രക്ഷപ്പെടുന്നതും ശക്തിപ്പെടുന്നതും സ്ത്രീകളെ സ്വയംനിർണായകാവകാശമില്ലാത്ത ശരീരമായിമാത്രം കാണുന്ന ഒളിഗാർക്കിയുടെ പൌരോഹിത്യ ആൺകോയ്മാലോകബോധവും നിരന്തരമായി പുണ്യപുരാണപട്ടത്താനങ്ങൾ നടത്തി ഇത്തരം നീതിനിയമ അട്ടിമറികൾ നടത്തുന്ന വിശ്വാസിലഹളകളൊരുക്കുന്ന മലയാളികുലീന പടയാളിയാണത്തവുമാണ്. മുഖ്യമന്ത്രിയായ അവർണപുരുഷനെ ജാതിത്തെറിവിളിച്ചു സവർണ അമിതപ്രാതിനിധ്യക്കുത്തക പെരുപ്പിക്കുന്ന ദേവസം സവർണസാമ്പത്തികസംവരണ ഓഡിൻസു പിന്നണിയിൽ ദിവസങ്ങൾക്കുള്ളിൽ പാസാക്കിയപ്പോഴും ദേവസം മന്ത്രിയെ നിരന്തരം പൊതുവേദിയിൽ തൊട്ടുകൂടായ്മ കാണിച്ചു ജാത്യാധിക്ഷേപം ചെയ്തപ്പോഴും മിണ്ടാതിരുന്ന സംയമികളും കുലീനരും മഹാത്മാ അയ്യങ്കാളിയേയും ഗുരുവിനേയും പോലും കുകുച്ചകളെന്ന മലയാളി കുലീന ഭീകരരുടെ സൈബർ സേന നായത്തലവച്ചു സൈബർ പരേഡു നടത്തുമ്പോളും ഉരിയാടുന്നില്ല (ശേഖർ 2023 ഓഗസ്റ്റ്).

ഡോൺ പാലത്തറ നിരന്തരം അവതരിപ്പിക്കുന്ന മധ്യതിരുവിതാംകൂർ കുടിയേറ്റ നസ്രാണിഗ്രാമത്തിൻ സാമൂഹ്യവിശകലനവും വംശാവലീ മനഃശാസ്ത്രാപഗ്രഥനവുമാണ് രഞ്ചൻ പ്രമോദിന്റെ ഓ. ബേബി.

ഓ ബേബിയും കുലീനാഖ്യാനങ്ങളുടെ വംശാവലീചരിതങ്ങളും വിമർശവും

ഡോൺ പാലത്തറ നിരന്തരം അവതരിപ്പിക്കുന്ന മധ്യതിരുവിതാംകൂർ കുടിയേറ്റ നസ്രാണിഗ്രാമത്തിൻ സാമൂഹ്യവിശകലനവും വംശാവലീ മനഃശാസ്ത്രാപഗ്രഥനവുമാണ് രഞ്ചൻ പ്രമോദിന്റെ ഓ. ബേബി. കേരള കത്തോലിക്കാ കുലീനത തിരപ്പടത്തിൽ അപനിർമിക്കപ്പെടുന്നു. ചിരപുരാതന കത്തോലിക്കാ കുലീനകുടുംബം എന്ന ക്ലിഷേ പ്രയോഗം ഭാഷയിലുണ്ട്. സമാന പ്രമേയപരിസരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഡോണിലും കെ. ജി. ജോർജിന്റെ ഇരകൾ പോലുള്ള ക്രൈസ്തവ കുടുംബ ചിത്രങ്ങളിലുമില്ലാത്ത ഒരു പുതുരാഷ്ട്രീയതലമാണിത്. ദിലീഷ് പോത്തന്റെ ചടുലവും സമഗ്രവുമായ പ്രതിനിധാനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടി ഈ സിനിമ. മികച്ച ചർച്ചയാണ് രഞ്ചനുമായി കാണികൾ കേരളമേളയിൽ നടത്തിയത്. ബ്രാഹ്മണികമായ പിതൃത്വം അവകാശപ്പെടുന്ന സവർണ ക്രൈസ്തവത എന്ന കത്തോലിക്കാ കുലീനതയുടെ ബ്രാഹ്മണികവും ക്ഷുദ്രവുമായ വംശശുദ്ധിവാദങ്ങളേയും തൊട്ടുകൂടായ്മയേയും ചിത്രം നൈതികധീരമായി പ്രശ്നവൽക്കരിക്കുന്നു. ചിരപുരാതന കത്തോലിക്കാ ക്ലിഷേകൾ തുണിയുരിഞ്ഞുവീഴുന്നു തിരയിൽ. യേശു കുരിശിൽ വിലപിക്കുന്നു.

വംശീയമേന്മാവാദത്തിൻ വ്യാജ ആധാരങ്ങളെ, മൂന്നുതലമുറകളിലായി മാർഗംകൂടിയിട്ടും ജാതീയമായ തീണ്ടൽ അനുഭവിക്കുന്ന തിരുവാച്ചോല എന്ന കത്തോലിക്കാ മുതലാളിമാരുടെ പണിക്കാരായ ദലിതക്രൈസ്തവരായ ഒദയോത്ത് കുടുംബം വ്യക്തമാക്കുന്നു. ദൈവം സ്നേഹമാണെന്നു ക്രിസ്തു പഠിപ്പിക്കുമ്പോളും സ്നേഹിക്കുന്ന കുട്ടികളുടെ വിവാഹത്തിന് വ്യാജമായവരേണ്യത തടയിടുന്നു. തിരുവാച്ചോല ക്കുടുംബം എന്ന സവർണക്രൈസ്തവർ വരുന്നതിനുമുമ്പുതന്നെ മലയോരത്തുണ്ടായിരുന്ന അവർണകുടുംബമായിരുന്നു ഒദയോത്ത്. ക്രൈസ്തവീയതയെ കേരളത്തിലും ഇന്ത്യയിലും ശിഥിലീകരിക്കുന്ന ജാതിയുടേയും വർണാശ്രമധർമത്തിന്റെയും വിഷപ്പല്ലുകളെയും നഖങ്ങളേയും കുറിച്ചുള്ള ബോധോദയമുണർത്താൻ സത്യനീതിബദ്ധമായ ഇത്തരം ചിത്രങ്ങൾ ഹിന്ദുപുരാണപാരായണങ്ങൾക്കും ചമക്രിത കാവ്യേതിഹാസ ലാവണ്യപാഠങ്ങൾക്കും പകരം പള്ളിക്കൂടങ്ങളിലും അക്കാദമികളിലും മാധ്യമങ്ങളിലും നിരന്തരം കാണിക്കുകയും ചർച്ചചെയ്യുകയും ചെയ്യാവുന്നതാണ്. കേരള സ്റ്റോറികളും രാമന്ദസാഗറിന്റെ രാമായണ സീരിയലും തിര്യേവരുമ്പോൾ വിശേഷിച്ചും.

മണിപ്പൂരി ചിത്രമായ ‘ജോസഫ്സ് സൺ’

സംഘികളും ക്രിസംഘികളും കാസന്മാരും ഭാമിസം പറയുമ്പോലെ കവച്ചും കുലച്ചും വാഴുന്ന മധ്യതിരുവിതാംകൂറിൽ മണിപ്പുരുകളുണ്ടാവാതിരിക്കാൻ ഇത്തരം ജാതിവിമർശ സിനിമകളും സാഹിത്യസംസ്കാര സംവാദങ്ങളും ആവശ്യമാണ്. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ കാണിച്ച ജോസഫ്സ് സൺ എന്ന മണിപ്പുരിൽ നിന്നുള്ള ഹവോബൻ പബൻകുമാറിൻ പടം പ്രസക്തമാണ്. വൈദികവർണാശ്രമം സ്ഥാപിക്കപ്പെടുന്ന എട്ടാം നൂറ്റാണ്ടിനു മുമ്പുള്ള കേരളത്തിന്റെ പ്രബുദ്ധമായ അശോകൻചരിത്രവും ബഹുസ്വര ശ്രമണതത്വചിന്താധാരകളും നാഗരിക ചരിത്രങ്ങളും ലോകബന്ധങ്ങളും ബൗദ്ധസംഘ സംസ്കാരധാരകളും ചെറുതലങ്ങൾ മുതൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും കഴിയും (ശേഖർ 2018, 2021).

കാതൽ എന്ന ജിയോ ബേബിയുടെ പടം കൊട്ടകകളിൽ ഓടിക്കൊണ്ടിരിക്കെ തന്നെ മേളയിലും കാണിച്ചു. പ്രതിനിധികൾ വലിയ തിരക്കോടെ കടന്നുവന്നു. കുടിയേറ്റ നാണ്യവിളത്തോട്ടനാട്ടിൻപുറത്തെ സിറിയൻ ക്രൈസ്തവകുടുംബത്തിലെ ആഭ്യന്തിരപ്രശ്നമായാണ് ഭിന്നലൈംഗിതയെ അവതരിപ്പിക്കുന്നത്. കുടുംബവും സമുദായവും ജാതി ലിംഗ മത സ്വത്വ ഭാവനകളും പ്രശ്നവൽക്കരിക്കപ്പെടുന്ന പൊതു പുതുരാഷ്ട്രീയ ഭാവുകത്വത്തിന്റെ ഭാഗമായി ഈ സിനിമയേയും കാണാം. സഭയിതിനെതിരേയും രംഗത്തുവന്നു.

അധികാരവ്യവഹാരമാറ്റം എന്ന ജനായത്ത അനിവാര്യത

അദൃശ്യജാലകങ്ങൾ എന്ന ഡോ. ബിജുവിന്റെ പുതുസിനിമ നിരവധി രാജ്യാന്തരമേളകളിൽ കാണിക്കുകയും ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. ഇവിടേയും ഫെസ്റ്റിവൽ കലയിഡോസ്കോപ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു. എന്നാൽ അതിനെതിരേ ചെയർമാൻ രഞ്ചിത്ത് നടത്തിയ പ്രസ്താവനകൾ വിവാദമായി. തിയേറ്റർ നിറയ്ക്കുന്ന സിനിമകളാണ് മെച്ചമെന്ന നിലയിലാണ് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ബിജുവിനെ അധിക്ഷേപിച്ചത്. ചിത്രം മേളയിലും തിയേറ്ററുകളിലും ഒരുപോലെ പ്രതിനിധികളേയും ബഹുജന പ്രേക്ഷകരേയും ആകർഷിച്ച് പ്രദർശിപ്പിക്കവേയാണീ സിനിമാവിരുദ്ധമായ പ്രസ്താവന താക്കോൽസ്ഥാനിയിൽ നിന്നുണ്ടായത്. മാത്രമല്ല, തുടർന്നിങ്ങോട്ട് ഇന്ത്യയിലേയും പുറത്തേയും പ്രധാന സമാന്തര മേളകളിലെല്ലാം പടം കാണിച്ചു ചർച്ചകളുണ്ടായി.

'കാതൽ ദ കോർ'

2022-ലെ കേരളമേളയുടെ തുടക്കയൊടുക്കച്ചടങ്ങുകളിലെന്നപോലെ 2023-ലെ മേളയുടെ സമാപനച്ചടങ്ങുകളിലും ചെയർമാനെന്ന പീഠപുരുഷന് കനത്ത കൂവലും പ്രതിഷേധവും പ്രതിനിധികളിൽ നിന്നും ബഹുജനങ്ങളിൽ നിന്നും നേരിടേണ്ടിവന്നു. ഡോ. ബിജു വീണ്ടും ഓർമിപ്പിച്ചപോലെ, 2022- ലെ മേളയുടെ പശ്ചാത്തലത്തിൽ തന്നെ കൂവിയ രാജ്യാന്തരമേളാ പ്രതിനിധികളെ തന്റെ വയനാടൻ തോട്ടപ്പുരയായ ഫാം ഹൗസിലെ പോറ്റുപട്ടികളോടുപമിച്ചയാളാണ് പീഠപുരുഷനായ ചെയർ-മാൻ. തന്റെ പ്രജകളും പോറ്റുപട്ടികളുമായ അവ തന്നെ കണ്ടാലും കുരയ്ക്കുമെന്നാണദ്യം തട്ടിവിട്ടത്. കേരള നവോത്ഥാന ജാതിവിരുദ്ധപ്പോരാട്ടങ്ങളുടെ തുടക്കക്കാരായ നങ്ങേലിയുടേയും ആറാട്ടുപുഴയുടേയും (ശേഖർ 2017) വെട്ടിമൂടിയ ദമിതചരിത്രങ്ങളെ ജനപ്രിയമായി കഥനാഖ്യാനം ചെയ്ത വിനയന്റെ കൊട്ടക നിറഞ്ഞ ജനപ്രിയചിത്രം പത്തൊമ്പാതാം നൂറ്റാണ്ട് വെറും ചവറാണെന്നും അതിന് 2022-ലെ പുരസ്കാരവേളയിൽ യാതൊരു പുരസ്കാരവും നൽകരുതെന്നും പറഞ്ഞയാളും പീഠപുരുഷനായ താക്കോൽസ്ഥാനിയാണ്. നേമം പുഷ്പരാജെന്ന കലാകാരൻ തെളിവോടെ പത്രമാധ്യമങ്ങളിലും ചാനലുകളിലും അതുവെളിപ്പെടുത്തിയിരുന്നു.

ഡോ. ബിജുവിന്റെ പടം തിയേറ്ററുകൾ നിറയ്ക്കുന്നില്ല എന്നായിരുന്നു പരമപുരുഷന്റെ ഇപ്പോഴത്തെ വിമർശം. കേരളത്തിലെ പൊതുപണമുപയോഗിക്കുന്ന ഭരണഘടനാസ്ഥാപനമായ ഒരക്കാദമിയുടെ പോയിട്ട് ഒരു ജനായത്ത സാമൂഹ്യസ്ഥാപനത്തിന്റെയും തലപ്പത്തിരിക്കാൻ യോഗ്യതയില്ലാത്ത ഇത്തരം ചവർമാൻമാരെ (ചെയർമാനെ പ്രതിനിധികൾ 2023 മേളയിൽ കുവിവിളിച്ച നവനാമം) അടിയന്തരമായി ജനായത്ത സർക്കാരുകൾ മാറ്റി മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ്. ഒളിഗാർക്കിയുടെ കുത്തകയാക്കി അക്കാദമികൾ ഇനിയും തകർക്കരുത്. മുഖ്യമന്ത്രിയെ 2018-ൽ ജാതിത്തെറിവിളിച്ച ശൂദ്രവിശ്വാസിലഹളയിലെ മണിപ്പിള്ളയും ദേവസം മന്ത്രിയെ പൊതുവേദിയിൽ 2023-ൽ അപമാനിച്ച ബ്രാഹ്മണ പുരോഹിതന്മാരേയുമെല്ലാം ഭാമിസത്തിന്റെ വക്താവിനെയടക്കം ജാതിക്കുറ്റകൃത്യങ്ങളുടെ ഗൗരവമനുസരിച്ച് ഭരണഘടനയുടെ നീതിനിയമസംവിധാനം അനുശാസിക്കുന്നപോലെ മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ് (അംബേദ്കർ 2013).

മാനവരാശിക്കും ഇന്ത്യൻ പൗരസമൂഹത്തിനും ഭരണഘടനയ്ക്കുമെതിരായ ഇത്തരം ഭീകരകുറ്റകൃത്യങ്ങളും ലജ്ജാവഹമായ ജാതിക്ഷുദ്രതയും ഇനിയും ആവർത്തിക്കരുത്. അതും ബഹുസംസ്കാരവേദിയായ രാജ്യാന്തരചലച്ചിത്രമേളയുടേയും അക്കാദമിയുടേയും നാഗരികരംഗങ്ങളിൽ.

കേരള സിനിമ, തൊണ്ണൂറുകളിൽ മണ്ഡലനന്തരകാലത്ത് ഒളിഗാർക്കിയുടെ വ്യാജവരേണ്യ കുലീന കുത്തക ലാവണ്യ ഗൃഹാതുര ഭൂതകാലക്കുളിരിലൂടെ നഷ്ടമായിപ്പോയ നൈതികധീരതയും സൂക്ഷ്മരാഷ്ട്രീയ ജനായത്ത ഭാവുകത്തവും സമഗ്രാധിപത്യത്തിനും വർഗീയവംശഹത്യകൾക്കും ഇടയിൽ വൈകിയെങ്കിലും വീണ്ടെടുക്കുന്നത് മേളസിനിമകളിലും മുഖ്യധാരാ, പുതുതരംഗ ഓൺലൈൻ വാണിജ്യപാതകളിലും വ്യക്തമാകുന്നു. കൂടുതൽ വികസ്വരവും ബഹുജനനോന്മുഖവുമാകേണ്ട മാറ്റമാണിത്. അക്കാദമികളുടെ അധികാരതലത്തിലും ഈ മാറ്റം പ്രതിഫലിക്കണം. വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലാതെ സാമൂഹ്യ ജനായത്തവും നീതിയും പുലരില്ല. പ്രാതിനിധ്യത്തിൻ കലയും രാഷ്ട്രീയവുമാണ് ജനായത്തവും ജനായത്തപരമായ ചലച്ചിത്രണവും. നാമൊരു മോബോക്രസിയോ മെറിറ്റോക്രസിയോ മോനാർക്കിയോ ഒളിഗാർക്കിയോ അല്ല. ഒളിഗാർക്കിയായ മലയാളികുലീനതയുടെ കുത്തകയായിരിക്കാൻ ജനായത്തസർക്കാരുകൾ ഇനിയും അക്കാദമികളെ അനുവദിച്ചുകൂടാ. ഈ ജനായത്ത രാഷ്ട്രീയ മാധ്യമമാറ്റത്തെ വിമർശവിശകലനം ചെയ്യുന്ന നൈതികവും കാലികവുമായ സർഗരചനകളും വിജ്ഞാനീയവും നോക്കുപാടുകളും സൈദ്ധാന്തികവും രാഷ്ട്രീയവുമായി വികസിക്കേണ്ടതുമുണ്ട്. പുതുപ്രാദേശിക മേളകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ഈ ജനകീയ ജനായത്ത സാംസ്കാരിക നയംമാറ്റം ബഹുജനങ്ങളിലേക്കെത്തിക്കുകയും വേണം. ഫിലം സൊസൈറ്റി പ്രസ്ഥാനത്തിലും മാറ്റം വേണം. മാറ്റത്തിന്റെ കലയായ സിനിമ ഈ ജനായത്ത പരിണാമത്തെ അയാളപ്പെടുത്തുന്നു.

പുത്തകസൂചി:
● അംബേദ്കർ, ബി. ആർ. എഗെയിൻസ്റ്റ് ദ മാഡ്നസ് ഓഫ് മനു: ബി. ആർ. അംബേദ്കർസ് റൈറ്റിങ്സ് ഓൺ ബ്രാഹ്മണിക്കൽ പേട്രിയാർക്കി. എഡിറ്റർ ഷർമിള റെഗെ. നവയാന, 2013.

● ക്രൻഷോ, കിംബർലി. “മാപ്പിങ് ദ മാർജിൻസ്: ഇൻറർസെക്ഷണാലിറ്റി, ഐഡൻറിറ്റി പൊലിറ്റിക്സ് ആൻഡ് വയലൻസ് എഗേയിൻസ്റ്റ് വിമൻ ഓഫ് കളർ.” സ്റ്റാൻഫോഡ് ലോ റിവ്യൂ. 1241, 1991. 122-56.

● ഹുക്സ്, ബെൽ. “ദ ഒപ്പോസിഷണൽ ഗെയിസ്: ബ്ലാക് ഫിമേയിൽ സ്പെക്റ്റേറ്റർഷിപ്.” ബ്ലാക് ലൂക്സ് റെയിസ് ആൻഡ് റെപ്രസൻറേഷൻ. സൌത്തെൻഡ് പ്രസ്, 1992. 115-32.

● ജോസ്, എൻ. കെ. (ദളിത്ബന്ധു). ശൂദ്ര ലഹള. ഹോബി, 2019.

● നിഷ, ജ്യോതി. “ഇന്ത്യൻ സിനിമ ആൻഡ് ദ ബഹുജൻ സ്പെക്റ്റേറ്റർഷിപ്.” ഇക്കണോമിക് ആൻഡ് പൊലിറ്റിക്കൽ വീക്കലി. 55, 20. 16 മെയ് 2020. https://www.epw.in/engage/article/indian-cinema-and-bahujan-spectatorship.

● ശേഖർ, അജയ് എസ്. “സിനിമ ഇൻ ചെയിഞ്ച് ആൻഡ് ദ ന്യൂ കേരള കോൺടെക്സ്റ്റ്.” ചലച്ചിത്ര സമീക്ഷ. കേരള ചലച്ചിത്ര അക്കാദമി, മാർച്ച് 2024. 44-51.

● “IFFI 2023: കോടാലിരാമനും വില്ലാളിരാമനും അരുളാർന്ന മാറ്റത്തിൻ തിരപ്പടവും.” ട്രൂകോപിതിങ്ക്. 1 ഡിസമ്പർ 2023. https://truecopythink.media/movies/iffi-2023-hindutva-cutouts-and-over-view-of-films-dr-ajay-s-sekhar.

‘കുകുച്ചകൾ വാഴും കാലം മലയാളികുലീനതയുടെ സൈബർഭീകരത’, ദ മലബാർ ജേണൽ. 31 ഓഗസ്ററ് 2023. https://themalabarjournal.com/post/tmj-outlook-cyber-terror-of-the-malayali-aristocracy-ajay-s-shekhar.

● എഡിറ്റർ. ബുദ്ധിസം ആൻഡ് കേരള. ശങ്കര യൂണിവേഴ്സിറ്റി പ്രസ്, 2021.

● പുത്തൻ കേരളം: കേരളസംസ്കാരത്തിൻറെ ബൌദ്ധ അടിത്തറ. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2019 (2018).

● എഡിറ്റർ. കേരളനവോത്ഥാനം: പുതുവായനകൾ. എസ്. ആർ. ചന്ദ്രമോഹനനൊപ്പം. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2021 (2017 റെയിവൺ).

● ഡോ. ബി. ആർ. അംബേദ്കർ. സാഹിത്യപ്രവർത്തക സഹ.സംഘം, 2023 (2015).

● നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും. മൈത്രി, 2016.

● സഹോദരൻ അയ്യപ്പൻ: റ്റുവേഡ്സ് എ ഡിമോക്രാറ്റിക് ഫ്യൂച്ചർ. അതർ ബുക്സ്, 2012.

● റെപ്രസൻറിങ് ദ മാർജിൻ: കാസ്റ്റ് ആൻഡ് ജെൻഡർ ഇൻ ഇന്ത്യൻ ഫിക്ഷൻ. കൽപസ്, 2008.


ഡോ. അജയ് എസ്. ശേഖർ

കാലടി സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനും ഗവേഷണ മാർഗദർശിയും സെൻറർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് സ്ഥാപക കോഡിനേറ്ററുമാണ്. കേരളസംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം. റെപ്രസൻറിങ്ങ് ദ മാർജിൻ, സംസ്കാരരാഷ്ട്രീയത്തിലേക്കുള്ള കുറിപ്പുകൾ, ഡോ. ബി. ആർ. അംബേദ്കർ, സഹോദരനയ്യപ്പൻ, നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വര ദർശനവും, കേരളനവോത്ഥാനം പുതുവായനകൾ, പുത്തൻകേരളം, ബുദ്ധിസം ആൻഡ് കേരള എന്നിവയാണ് പുതിയ പുസ്തകങ്ങൾ.

Comments