അബ്ദെൽ ജയിൽ ശിക്ഷ കഴിഞ്ഞു വന്നയാളാണ്. ആ ഒരൊറ്റ കാരണം കൊണ്ട് അയാളുടെ ജീവിതം സിനിമയാകുമ്പോൾ ആ വേഷം ചെയ്യേണ്ടത് ഒരു കറുത്ത വർഗക്കാരൻ ആകണം എന്ന മനോനില മാറ്റമില്ലാതെ തുടരുകയാണ്. ജോർജ് ഫ്‌ളോയിഡിന്റെ കഴുത്തിലമർന്ന കാൽമുട്ട് അതിന്റെ ഏറ്റവും പുതിയ പ്രത്യക്ഷ രൂപകവും. യഥാർത്ഥ ജീവിതത്തിൽ ഫിലിപ്പെ എന്നയാൾ അബ്ദെലിനെ മൂല്യബോധമുള്ള ഒരു വ്യക്തിത്വത്തിന് ഉടമയാക്കി മാറ്റിയെടുത്തു. അത് സ്‌ക്രീനിൽ വെളുത്തവന്റെ വിശുദ്ധ പ്രഖ്യാപനവുമാണ്.
"എ സെക്കൻഡ് വിൻഡ്' എന്ന ഫിലിപ്പെ പൊസോ ഡി ബോർഗോയുടെ ആത്മകഥയും അദ്ദേഹത്തിന്റെ സഹായിയായ അബ്ദെലിന്റെ ആത്മകഥയായ "യു ചെയ്ഞ്ച്ഡ് മൈ ലൈഫ്' എന്ന പുസ്തകവും പല ഭാഷകളിൽ സിനിമയായിട്ടുണ്ട്. മലയാളത്തിലടക്കം. ജീവിതം സിനിമയ്ക്ക് വിഷയമാകുന്നു എന്നതല്ല ഇവിടെ പ്രസക്തം. ജീവിതവും സിനിമയും അവസാനിക്കാത്ത വർണ്ണ വിവേചന ചിന്തയുടെ സൂചകങ്ങളായി നിലനിൽക്കുകയാണ് എന്നതാണ്.
1993ൽ പാരാ ഗ്ലൈഡിങ്ങിനിടെ ഉണ്ടായ ഒരു അപകടത്തിനുശേഷം കഴുത്തിന് താഴേക്ക് തളർന്നുപോയ ഫിലിപ്പെയ്ക്ക് എന്തിനും ഏതിനും ഒരു സഹായം ആവശ്യമായിരുന്നു. അബ്ദെൽ യാസ്മിൻ സെല്ലോ എന്ന അൾജീരിയക്കാരനായ, ക്രിമിനൽ പശ്ചാത്തലമുള്ള, ജയിൽ വാസം കഴിഞ്ഞിറങ്ങിയ യുവാവിനെയാണ് ഫിലിപ്പെ സഹായിയായി തിരഞ്ഞെടുത്തത്.
യഥാർത്ഥ ജീവിതത്തിൽ അബ്ദെൽ വെളുത്ത അൾജീരിയക്കാരനാണെങ്കിലും സിനിമയിൽ കഥാപാത്രമാകുമ്പോൾ ക്രിമിനൽ പശ്ചാത്തലമുള്ള അയാൾ കറുത്തവനായിരിക്കണം. ജീവിതത്തിൽ ശ്വാസത്തിന് കേഴുന്നവനായിരിക്കണം.
"ദി ഇൻടച്ചബ്ൾസ്' എന്ന ഫ്രഞ്ച് സിനിമയിൽ ഒമർ സൈ എന്ന നടനെയും "ദി അപ്‌സൈഡ്' എന്ന ഹോളിവുഡ് സിനിമയിൽ കെവിൻ ഹാർട്ട് എന്ന നടനേയും അബ്ദെലിന്റേതിനു സമാനമായ വേഷം ചെയ്യാൻ തിരഞ്ഞെടുത്തതിനു കാരണമായ മനോനില ഇതു തന്നെയാണ്. കറുത്ത നിറക്കാരായ അവരെത്തന്നെ തിരഞ്ഞെടുത്തത് യാദൃശ്ചികതയായി കരുതാനാവില്ല. ലോസ് ഏഞ്ചലസ് ടൈംസിൽ സിനിമ നിരൂപകനായ ജസ്റ്റിൻ ചാങ് സിനിമയെക്കുറിച്ച് എഴുതിയ ലേഖനത്തിൽ പറയുന്നതും അതാണ്. മുഖ്യധാരാ സിനിമാക്കഥകളിലെ നന്മ തിന്മകളുടെ കറുപ്പും വെളുപ്പുമാണ് ഇതിൽ തെളിയുന്നത്.
ഹാർലെം റിനൈസൻസിലൂടെ കറുത്തവരുടെ മുന്നേറ്റം ഉണ്ടാവുകയും പൊതു ഇടങ്ങളും കലയും സാഹിത്യവും അവരുടേതുകൂടെ ആകുകയും ചെയ്തപ്പോഴും പൊതുബോധത്തിൽ വരേണ്ട മാറ്റങ്ങളുടെ ഒരു അംശം മാത്രമേ സംഭവിച്ചിരുന്നുള്ളൂ. ഇൻടച്ചബ്ൾ എന്ന സിനിമയിൽ അബ്ദെലിന്റെ കഥാപാത്രമാകുന്ന കറുത്തവനായ ഡ്രിസ്സിനെ തന്റെ സഹായിയായി തിരഞ്ഞെടുത്തതിനെ കുറിച്ച് ഫിലിപ്പെയുടെ കഥാപാത്രം പറയുന്ന ഒരു ന്യായം ഉണ്ട്. ഡ്രിസ്സിനെ പോലെ തെരുവിൽ നിന്നുള്ളവരെ വിശ്വസിക്കാനാവില്ല, അവർക്ക് അനുകമ്പ തീരെയുണ്ടാവില്ല എന്ന് ഫിലിപ്പെയുടെ വക്കീൽ പറയുന്നതിന് മറുപടിയായി, ഫിലിപ്പെ പറയുന്നത്: "അതെ. അതു തന്നെയാണ് എനിക്ക് വേണ്ടത്, അനുകമ്പയില്ലാതിരിക്കൽ.' വക്കീലിന്റെ കാഴ്ചപ്പാടിനെ ശരിവയ്ക്കലാകുന്നു ഇത്. ജോർജ് ഫ്‌ളോയിഡിന്റെ കഴുത്തിലമർന്ന വെളുത്ത ശരീരത്തിനുള്ളിലെ മനസ്സും ഫിലിപ്പെയുടെ വക്കീലിന്റെ മനസും ഒരേ വർഗ്ഗ ബോധത്തിൽ തന്നെയാണ് ഊന്നി നിൽക്കുന്നത്. ഇടയ്ക്ക് ഫിലിപ്പെയുടെ മനസ്സ് വിഷാദത്തിനടിപ്പെടുമ്പോൾ സന്തോഷിപ്പിക്കുവനായി ഡ്രിസ് കഞ്ചാവ് പുകയ്ക്കാൻ നല്കുന്നിടത്തും ആഫ്രിക്കൻ വംശജരെ കുറ്റകൃത്യങ്ങളും കഞ്ചാവുമൊക്കെയായി ചേർത്ത് വയ്ക്കുന്ന ഒരു സാമാന്യവൽക്കരണം കാണാനാകും.
ജീവിതത്തിലും സിനിമയിലും ഇന്റർവ്യൂവിന് എത്തിയവരിൽ നിന്ന് ഏറ്റവും അനുയോജ്യനല്ല എന്നു തോന്നുന്ന അബ്ദെലിനേയാണ് ഫിലിപ്പെ തിരഞ്ഞെടുക്കുന്നത്. രണ്ടു വർഷം ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ അബ്ദെലിനെ ഫിലിപ്പെയുടെ സെക്രട്ടറിക്ക് ഒട്ടുംതന്നെ പിടിച്ചുമില്ല. ജയിൽ മോചിതനായ ശേഷം ജോലി ചെയ്തു ജീവിക്കാൻ ശ്രമിച്ചതായി കാണിച്ചാൽ മാത്രമേ ഗവൺമെന്റിൽ നിന്ന് അലവൻസ് കിട്ടുള്ളൂ എന്നതാണ് അബ്ദെലിന്റെ പ്രശ്‌നം. ഇന്റർവ്യൂവിനു ഹാജരായി, പക്ഷെ തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന് എഴുതികിട്ടിയാൽ മാത്രം മതി അവന്. അതുകൊണ്ടുതന്നെ, തന്നെ തിരഞ്ഞെടുക്കാതിരിക്കുക എന്ന അസാധാരണ ഡിമാന്റുമായാണ് അബ്ദെൽ ഇന്റർവ്യൂവിന് ഹാജരായത്.
കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് ജയിൽ ശിക്ഷയൊക്കെ അനുഭവിച്ചു പുറത്തുവന്ന കക്ഷിയെ സഹായി ആക്കിയതിനെക്കുറിച്ചു ഫിലിപ്പെ പറയുന്നത് ഇങ്ങനെ, "എനിക്കും അവനും കുറവുകളുണ്ട്. അവന് ജയിലിൽ നിന്ന് വന്നതാണ് എന്ന കുറച്ചിൽ ആണ് സമൂഹത്തിൽ ഉള്ളത്. പ്രശ്‌നങ്ങൾ പരസ്പരം മനസ്സിലാക്കിക്കഴിഞ്ഞത് ഞങ്ങൾ തമ്മിൽ നല്ല ഒരു ബന്ധം ഉടലെടുക്കാൻ ഇടയാക്കി.'
പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ സംഭവിച്ചത് അവർ രണ്ടുപേരും കരുതിയിരുന്നത് പോലെയുള്ള കാര്യങ്ങൾ അല്ല. ജീവിക്കാൻ പുതിയ ഊർജ്ജം പരസ്പരം പകർന്നു അവർ. ഇനി ജീവതത്തിലൊരിക്കലും കഴിയില്ല എന്നു കരുതിയതു പലതും അബ്ദെലിന്റെ സഹായത്തോടെ ഫിലിപ്പെ അനുഭവിക്കുന്നു. തന്റെ ഏറ്റവും പ്രിയ വിനോദമായ പാരഗ്ലൈഡിംഗ് ഉൾപ്പടെ. അബ്ദെലിന്റെ ജീവിത സാഹചര്യങ്ങളും സാമ്പത്തിക ഭദ്രതയില്ലായ്മയും ഒക്കെ തിരിച്ചറിഞ്ഞ് ഫിലിപ്പെ അവന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി. അതിലേറെ, സ്വത്വബോധമുള്ള ഒരു വ്യക്തിത്വത്തിന് ഉടമയാക്കി.
"അവനെ സഹിക്കാനാവില്ല, വെറും പാഴ്, ദുരഭിമാനി, ഒരു മയമില്ലാത്തവൻ, ചഞ്ചല ചിത്തൻ. അവൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ജീവനോടെ ഇരിക്കില്ലായിരുന്നു. അവൻ എന്റെ കാവൽ ചെകുത്താൻ.' അബ്ദെലിനെക്കുറിച്ച് ഫിലിപ്പെയുടെ വാക്കുകളാണ്. ആളാകെ കുഴപ്പക്കാരൻ, എന്നാൽ അവൻ കാരണമാണ് താൻ ഇപ്പോൾ ജീവിക്കുന്നത് എന്ന ബോധവും ഫിലിപ്പെയ്ക്കുണ്ട്. ഫ്രാൻസിലെ ഒരു പ്രഭു കുടുംബത്തിൽ ജനനം, പോമെറി ഷാംപെയ്ൻ ഹൗസിന്റെ ഡയറക്ടർ, ഹൊട്ടേൽ പർട്ടിക്യൂലിയേറിന്റെ ഉടമസ്ഥൻ, ഇത്രയൊക്കെയാണെങ്കിലും ഫിലിപ്പെയുടെ ജീവൻ കാക്കാൻ ആ കാവൽ ചെകുത്താൻ വേണ്ടി വന്നു. ഇവിടെ ഫിലിപ്പെ ചെകുത്താനെന്നു വിളിക്കുന്നതുപോലും കാവൽ മാലാഖ എന്നതിൽ ഇത്തിരി സ്‌നേഹക്കുറുമ്പ് ചേർത്താണ്, നന്ദിയോടെയുമാണ്. പക്ഷെ സ്‌ക്രീനിൽ ചെകുത്താന് നിറം കറുപ്പുതന്നെയാണ്.
അബ്ദലിന്റെയും തന്റേയും കൂട്ടുകെട്ടിന്റെ കഥയാണ് സ്വന്തം കുട്ടിക്കാലം മുതലുള്ള ഓർമകളുടെ അകമ്പടിയോടെ ഫിലിപ്പെ "എ സെക്കൻഡ് വിൻഡ്' എന്ന പുസ്തകത്തിൽ പറയുന്നത്. ഈ ഒരൊറ്റ പുസ്തകത്തിൽ തീരുന്നില്ല അവരുടെ ജീവിതമെഴുത്ത്. അബ്ദെൽ എഴുതിയ "യു ചെയ്ഞ്ച്ഡ് മൈ ലൈഫ്' എന്ന പുസ്തകവും ബെസ്റ്റ് സെല്ലറായി മാറി.
2003ൽ ഴ്ഷാൻ പിയറി ഡിവില്ലേഴ്സ് സംവിധാനം ചെയ്ത "അ ലാ വീ, ആ ലാ മോർത്' എന്ന ഒരു മണിക്കൂറോളം നീളമുള്ള ഫ്രഞ്ച് ഡോക്യുമെന്ററി ആണ് ഇവരുടെ ജീവിത കഥയുടെ ആദ്യ ദൃശ്യാവിഷ്‌കാരം. ആദ്യമായി ഇവരുടെ കഥ ആസ്പദമായി സിനിമ ഇറങ്ങിയത് 2011ലാണ്. ലോകത്തിന്റെ രണ്ടു കോണുകളിൽ ഇതു പോലെയുള്ള രണ്ട് സിനിമകൾ ഒരേസമയം നിർമ്മിക്കപ്പെട്ടു. ഒന്ന് ഈ പുസ്തകങ്ങളെ അവലംബിച്ചു തന്നെ ഒളിവിയർ നകാച്ചേയും എറിക് ടോലെഡാനോയും സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമയായ "ദി ഇൻടച്ചബ്ൾസ്.' മറ്റൊന്ന് ഇങ്ങ് കേരളത്തിൽ - ഏതാണ്ട് ഇതേ കഥാതന്തുവുള്ള, വി കെ പ്രകാശ് സംവിധാനം ചെയ്ത "ബ്യൂട്ടിഫുൾ' എന്ന സിനിമ.
ദി ഇൻടച്ചബിൾസ് ഏറെ അവാർഡുകൾ വാരിക്കൂട്ടി. ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ അവാർഡും ചെക് ലയൺ അവാർഡും ഫ്രഞ്ച് സീസർ അവാർഡുകളിൽ മികച്ച നടനുള്ള ആ വർഷത്തെ അവാർഡും നേടി ഇംഗ്ലണ്ടിലും ഹോളിവുഡിലും ഉൾപ്പടെ വൻ വിജയമായിരുന്ന ഈ ചിത്രം. അവാർഡുകളിൽ ഏറ്റവും മാധുര്യം ഒമർ സൈയ്ക്ക് ലഭിച്ച മികച്ച നടനുള്ള സീസർ അവാർഡിനാണ്. കുറവുകളുടെ നിറമായി ചിത്രീകരിക്കപ്പെട്ട കറുപ്പിന്റെ മികവഴക് ആണത്.
"ഇടയ്ക്ക് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കയറിച്ചെല്ലണം, നമുക്ക് എന്താണ് നഷ്ടപ്പെടുന്നത് എന്നറിയാൻ' എന്നാണ് ദി ഇൻടച്ചബിൾസ് ചിത്രത്തിന്റെ ടാഗ്ലൈൻ. നഷ്ടപ്പെടുന്നത് തിരിച്ചറിഞ്ഞു സത്യസന്ധമായ ജീവിതം തുടങ്ങുകയാണ് ഡ്രിസ്സ് എന്ന അബ്ദെലിന്റെ സ്‌ക്രീൻ രൂപം. ഒപ്പം ഒപേറാ ഗാനങ്ങളോടുള്ള ഇഷ്ടം, ചിത്രരചന, പാലിക്കേണ്ട ചില മര്യാദകൾ എന്നിവയും സ്വായത്തമാക്കുന്നുണ്ട്.
ജീവിതമേ മടുത്തിരുന്ന ഫിലിപ്പെയാകട്ടെ പണത്തിനുപരിയായുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ഡ്രിസ്സിനൊപ്പം സഞ്ചരിക്കുകയാണ്. എലനോർ എന്ന കൂട്ടുകാരിയും ഒരു തൂലികാ സൗഹൃദം എന്നതിനേക്കാൾ ഉപരിയായി ജീവിതത്തിൽ കടന്നുവരുന്നതിനും ഡ്രിസ്സ് കാരണക്കാരൻ ആകുന്നു.
ഇടയ്ക്കു ഡ്രിസ്സിന്റെ ചില ഉത്തരവാദിത്തങ്ങൾ കാരണം ഫിലിപ്പെയ്ക്കു ഒപ്പം തുടരാനാവുന്നില്ല. പിന്നീട് വരുന്ന സഹായികളിൽ തൃപ്തനല്ലാതെ അവശനാകുന്ന ഫിലിപ്പെയെ വീണ്ടും ഡ്രിസ്സ് തന്നെ ജീവിതത്തിലേക്കും പാരാഗ്ലൈഡിങ്ങിലേക്കും എലനോറിലേക്കും ഒക്കെ തിരികെയെത്തിക്കുന്നു. പിന്നീട് ഇന്നുവരെ അവർ സുഹൃത്തുക്കളായി തുടരുന്നു എന്നെഴുതിയ ദൃശ്യത്തോടെ സിനിമ തീരുന്നു.
സിനിമയിലെപ്പോലെ ജീവിതത്തിലും ഇന്നും ഫിലിപ്പീയും അബ്ദെലും സൗഹൃദം തുടരുന്നു. സിനിമയാണ് എന്നതുകൊണ്ടു ചേർത്തിരിക്കുന്ന ചില്ലറ വ്യത്യാസങ്ങൾ മാത്രമാണ് അവരുടെ ജീവിതവുമായി "ദി ഇന്റച്ചബ്ൾസി'ന് ഉള്ളത്. യഥാർത്ഥ ഫിലിപ്പെ ഒരു ഇന്റർവ്യൂവിൽ അതു പറയുന്നുമുണ്ട്. തങ്ങളുടെ പത്തോളം വർഷത്തെ എല്ലാ സന്തോഷങ്ങളും സിനിമക്കും ലോകത്തിനും മുന്നിൽ തുറന്നിട്ടില്ല. അതൊക്കെ അവരുടേതു മാത്രമായി ഇരിക്കട്ടെ എന്നാണ് അദ്ദേഹത്തിന്. എന്നാൽ മാറ്റങ്ങൾ സഹിതം തന്നെ ഇൻടച്ചബ്ൾസ് ഫിലിപ്പെയ്ക്ക് പ്രിയപ്പെട്ടതുമാണ്.
ഇൻടച്ചബ്ൾസിന്റെ വിജയത്തെ തുടർന്ന് പല ഭാഷകളിലും ഈ കഥസിനിമയാകുകയുണ്ടായി. പ്രാദേശികതാൽപര്യങ്ങൾക്ക് അനുസൃതമായ വ്യതാസങ്ങളോടെ ഇന്ത്യയിലും ഇറങ്ങിയിട്ടുണ്ട് ഇവരുടെ കഥയുടെ ചിത്രഭേദങ്ങൾ. 2016ൽ നാഗാർജുനയും കാർത്തിയും ഫിലിപ്പെയുടേതിനും അബ്ദെലിന്റെതിനും തുല്യമായ റോളുകൾ അഭിനയിക്കുന്ന രണ്ടുസിനിമകൾ; "ഊംപിരി' എന്നതു തെലുങ്കിലും "തോഴ' എന്നതു തമിഴിലും ഇറങ്ങുകയുണ്ടായി. ഐ.ഐ.എഫ്.ഐ ഉത്സവിൽ നാഗാർജ്ജുനയ്ക്കു മികച്ചനടനുള്ള അവാർഡും വൈശ്ശി പൈദിപ്പിള്ളിക്കു മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും നേടിക്കൊടുത്ത ചിത്രമാണ് "ഊംപിരി'.
മാർക്കോസ് കാർണെവെയ്ൽ സംവിധാനം ചെയ്ത അർജന്റീനിയൻ ചിത്രമായ "ഇൻസെപ്‌റബ്ൾസ്' (2016) പറയുന്നതും ഇക്കഥ തന്നെയാണ്. ഓസ്‌കാർ മാർട്ടിനെസും റോഡ്രിഗോ ഡി ലാ സെർനയും അഭിനയിച്ച ഈ ലാറ്റിൻ അമേരിക്കൻചിത്രവും വൻ വിജയമായിരുന്നു.
2012 മുതലുള്ള ശ്രമങ്ങൾക്കൊടുവിൽ 2017ൽ നീൽ ബർഗർ സംവിധാനം ചെയ്ത് ബ്രയൻ ക്രാൻസ്റ്റൺ ഫിലിപ്പെയായും കെവിൻ ഹാർട് അബ്ദെലായും അഭിനയിച്ചുകൊണ്ടാണ് "ദി അപ്‌സൈഡ്' എന്ന പേരിൽ ഇംഗ്ലീഷിൽ ഇവരുടെ കഥ സിനിമയായത്. ഇൻടച്ചബ്ൾസ് എന്ന കൂടുതൽ മികച്ച ഒരു സിനിമ താരതമ്യത്തിന് ഉള്ളതു കൊണ്ട് തന്നെ "ദി അപ്‌സൈഡ്' നിരൂപകരാൽ പ്രകീർത്തിക്കപ്പെട്ടില്ല. എങ്കിലും സാമ്പത്തിക വിജയമായിരുന്നു ഈ ഹോളിവുഡ് പതിപ്പും.
കഴുത്തിനു കീഴോട്ട് തളർന്നുപോയ അതിസമ്പന്നനായ സ്റ്റീഫൻ ലൂയിസിന്റെയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു വന്നു സുഹൃത്തായി മാറിയ ജോണിനെയും സ്റ്റീഫന്റെ ഹോം നഴ്സായി വന്നു അയാളെ കൊല്ലാൻ ശ്രമിക്കുന്ന അഞ്ജലിയെയും ആണ് ബ്യൂട്ടിഫുൾ എന്ന മലയാള ചിത്രത്തിൽ കാണാൻ കഴിയുക. സ്റ്റീഫന്റെ അവസ്ഥയും സാമ്പത്തികസ്ഥിതിയും അയാളുടെ ജീവിതത്തിലേക്ക് ജോൺ കടന്നുവരുന്നതും പിന്നീട് അവർ തമ്മിൽ ഉണ്ടാവുന്ന സ്ഥിര സൗഹൃദവും ഫിലിപ്പെയെയും അബ്ദെലിനെയും ഓർമ്മിപ്പിക്കുന്നതാണ്. തന്റെ കുട്ടിക്കാലത്തെ അംഗപരിമിതനായ കൂട്ടുകാരനാണ് ആണ് ഈ തിരക്കഥ എഴുതുമ്പോൾ മനസ്സിലുണ്ടായിരുന്നത് എന്ന് തിരക്കഥാകൃത്ത് പറയുമ്പോഴും തള്ളിക്കളയാൻ ആവാത്ത സാദൃശ്യങ്ങൾ ബ്യൂട്ടിഫുളും ഫിലിപ്പെയുടെ കഥയുമായി നിലനിൽക്കുന്നു.
വർണ്ണവെറിയുടെ കഥാപാത്ര സാക്ഷ്യം ഉണ്ടെന്നിരിക്കെയും ഇൻടച്ചബ്ൾസും അപ്‌സൈഡും പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുവാൻ കാരണം യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന കഥയാണ് എന്നതു തന്നെയാണ്. സിനിമയെക്കുറിച്ചു മൊറോക്കോയിൽ നൽകിയ ഒരു അഭിമുഖത്തിൽ ഫിലിപ്പെ പൊസോ ഡി ബോർഗോ തന്റെ സന്തോഷം പങ്കു വയ്ക്കുന്നുണ്ട്. ശാരീരികമായോ മാനസികമായോ ഒറ്റപെട്ടു കഴിയുന്ന നിരവധി ആളുകൾ ലോകത്തുണ്ട്. തങ്ങൾക്കും സന്തോഷം അപ്രാപ്യമല്ല എന്ന സന്ദേശം നൽകുന്ന സിനിമയാണ് ഇതെന്ന് ദിവസവും തനിക്കു വരുന്ന ഇമെയിലുകൾ തെളിയിക്കുന്നു എന്നദ്ദേഹം പറയുന്നു. സന്തോഷങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നതും ആസ്വാദ്യമാണ്.
പല ഭാഷകളിലും ഒരേ കഥയുമായി പല പേരുകളിൽ ഇറങ്ങുമ്പോഴും ഈ സിനിമകൾ എല്ലാത്തവണയും സ്വീകരിക്കപ്പെടുന്നതും ഇതുകൊണ്ടൊക്കെയാണ്. വിമർശിക്കപ്പെടുന്നത് എത്ര ശ്രമിച്ചിട്ടും മാറാത്ത മനുഷ്യരുടെ വർണ്ണബോധം കാരണവും.
വിനീതാ വെള്ളിമനയുടെ ലേഖനം:
എന്തിനായിരുന്നു മേരി വെസ്റ്റ്മാകോട്ട്? എന്തിനായിരുന്നു അഗതാ ക്രിസ്റ്റി?