അറുപതാമത്തെ വയസ്സിൽ അന്തരിച്ച ലോക ഫുട്ബോളിലെ എക്കാലത്തെയും വലിയ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് ഉത്തരവാദികൾ എന്നാരോപിക്കപ്പെടുന്ന മെഡിക്കൽ സംഘത്തിന്റെ വിചാരണ അർജൻ്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ തുടങ്ങി. 2020- ൽ ഹൃദയസ്തംഭനത്തെ തുടർന്ന് മറഡോണ മരിക്കാനിടയായതിന്, 14 ദിവസങ്ങൾക്ക് മുമ്പു നടന്ന ബ്രയിൻ സർജറിക്കുശേഷം ഫുട്ബോൾ താരത്തെ പരിചരിച്ചുപോന്ന മെഡിക്കൽ സംഘത്തിന്റെ അനാസ്ഥയാണ് മരണകാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.
Read: ഗലിയാനോയുടെയും കുസ്തൂറിക്കയുടെയും മറഡോണ

ഡൽമ, ഗ്യാന്നീന, ജന, ഡിഗോ അർമാൻഡോ , ഡീഗോ ഫെർനാണ്ടോ എന്നീ മറഡോണയുടെ അഞ്ചു മക്കൾ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. നമ്പർ 10 ആലേഖനം ചെയ്ത അർജൻ്റീൻ ജഴ്സി അണിഞ്ഞ ആയിരങ്ങൾ കോടതിക്കുപുറത്ത് ‘മറഡോണ മറഡോണ’ എന്ന് കണ്ണീരോടെ ആർത്തു വിളിച്ചുകൊണ്ടിരുന്നു. നൂറിലേറെ സാക്ഷികളെ വിസ്തരിക്കാനുള്ളതുകൊണ്ടു തന്നെ വിചാരണ ജൂലൈ വരെ നീളും. തെളിയിക്കപ്പെട്ടാൽ 25 വർഷം വരെ തടവ് അനുഭവിക്കാവുന്ന കുറ്റങ്ങളാണ് ഡോക്ടർമാരും നഴ്സുമാരുമുൾപ്പെട്ട ഏഴംഗ മെഡിക്കൽ സംഘത്തിനുമേൽ ചുമത്തപ്പെട്ടിട്ടുള്ളത്.
1986- ൽ വിഖ്യാതമായ ‘കൈ പന്തി’ലൂടെ ഇംഗ്ലണ്ടിനെ ക്വാർട്ടർ ഫൈനലിൽ തോൽപിക്കുകയും അതുവഴി ഫൈനലിൽ ജർമനിയെ തോൽപിച്ച് ലോകകപ്പ് സ്വന്തമാക്കുകയും ചെയ്ത മറഡോണയുടെ അകാല വേർപാടിനോട് പൊരുത്തപ്പെടാൻ ആരാധകർക്ക് ഇന്നും കഴിഞ്ഞിട്ടില്ലെന്ന് ഓർമിപ്പിക്കുന്നതായിരുന്നു കോടതിക്കു മുമ്പിലെ ജനക്കൂട്ടം. മരണശേഷം മറഡോണയെ അർജൻ്റീനയിലെ പ്രസിഡൻഷ്യൽ പാലസിൽ പൊതുദർശനത്തിനു വെച്ചപ്പോൾ കിലോ മീറ്ററുകൾ നീണ്ട ക്യൂവിൽ മണിക്കുറുകളോളം കാത്തു നിന്ന ആരാധകരിൽ പലരും ഇന്നലെയും ബ്യൂണസ് ഐറിസിലെത്തി.
Read: ചെ ഗുവാരയെ വീണ്ടെടുത്ത മറഡോണ - അർജന്റീന ആരാധകരുടെ ഇടതുപക്ഷ നൊസ്റ്റാൾജിയ
Read: മറഡോണ എന്റെ വിളി കേട്ടു, എന്നെ നോക്കി, എനിക്കുറപ്പാണ്...