Photo: Muhammed Fasil

കെമിക്കൽ സയൻസിലെ മലയാളി സ്​ത്രീ സാന്നിധ്യം

ചില കണ്ടെത്തലുകൾ

കേരളത്തിലെ ഒരു പെൺകുട്ടിയ്ക്ക് കെമിക്കൽ സയൻസ് മേഖലയിലേക്ക് കടന്നുവരാനും അതിൽ തന്നെ തുടരാനും എത്രത്തോളം സാധ്യമാണ്? ഇന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്​ത്രീകൾ ഏതൊക്കെ കടമ്പ കടന്നാണ് ഇവിടെയെത്തിയത്? ‘സ്ത്രീകളുടെ കരിയർവഴികൾ കെമിക്കൽ സയൻസ് മേഖലയിൽ: വിദ്യാഭ്യാസ ഘട്ടങ്ങളിലൂടെയുള്ള അന്വേഷണം’ എന്ന പഠനത്തിലെ കണ്ടെത്തലുകൾ.

കെമിസ്ട്രി, സ്​ത്രീ എന്നൊക്കെ കേൾക്കുമ്പോൾ സാധാരണ മേരി ക്യൂറിയുടെ പേരാണ് മനസ്സിലേക്ക് ഓടിയെത്തുക. ഹൈസ്‌കൂൾ ക്ലാസിൽ ടീച്ചർ ക്യൂറി കുടുംബത്തിന്റെ കഥ പറയുമ്പോൾ അഭിമാനത്തോടെ തന്റെ ഭാവിവഴികൾ സ്വപ്നം കണ്ട ഒരു പെൺകുട്ടിയുടെ മുഖമാണ് എന്തോ മനസ്സിലേയ്ക്ക് ആദ്യം കടന്നുവരുന്നത്. മേരിയുടെ വഴിയെ അല്ലെങ്കിലും കെമിസ്ട്രിയുടെ ഏതെങ്കിലും ഒരു ശാഖയിൽ പോലും എത്താൻ കഴിയാതെ അവൾ ശ്വാസം മുട്ടുന്നത്, കെമിസ്ട്രി ലാബിലെ ഷെൽഫുകളിലൊന്നിൽ സ്വപ്നം നിറച്ച് അവൾ വെച്ച ബീക്കർ നിലത്തുവീണുടയുന്നത്, പങ്കാളിയും കുട്ടിയും മാത്രമുള്ള ഒരു കുമിളയിലേക്ക് സ്വയം നിറയുന്നത്, എല്ലാം ഒരു മിന്നായം പോലെ അവരോട് സംസാരിക്കുമ്പോൾ മനസ്സിൽ പതിഞ്ഞിരുന്നു. എത്രയൊക്കെ ശ്രമിച്ചാലും പരമാവധി ഒരു ടീച്ചർ പോസ്റ്റ്. അതിലപ്പുറം പോകാൻ കഴിയില്ലെന്ന ‘യാഥാർഥ്യം' അവൾ എപ്പൊഴോ അറിയാതെ അംഗീകരിച്ചിരുന്നു.

കെമിക്കൽ സയൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്​ത്രീകൾ ഏതൊക്കെ കടമ്പ കടന്നാണ് ഇവിടെയെത്തിയത്? സ്‌കൂൾ കാലഘട്ടത്തിൽ തന്നെ കെമിസ്ട്രി ഇഷ്ടപ്പെടാനും തുടർന്ന് പഠിക്കാനും അവരെ പ്രേരിപ്പിച്ചതെന്തൊക്കെ?

കേരളത്തിലെ ഒരു പെൺകുട്ടിയ്ക്ക് കെമിക്കൽ സയൻസ് മേഖലയിലേക്ക് കടന്നുവരാനും അതിൽ തന്നെ തുടരാനും എത്രത്തോളം സാധ്യമാണ്? ഇന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്​ത്രീകൾ ഏതൊക്കെ കടമ്പ കടന്നാണ് ഇവിടെയെത്തിയത്? സ്‌കൂൾ കാലഘട്ടത്തിൽ തന്നെ കെമിസ്ട്രി ഇഷ്ടപ്പെടാനും തുടർന്ന് പഠിക്കാനും അവരെ പ്രേരിപ്പിച്ചതെന്തൊക്കെ? - ഒരു ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും ഭാവി രസതന്ത്രമേഖലയിലെ മലയാളിസ്​ത്രീകളുടെ കരിയർവഴികൾ വരച്ചിടാനുമാണ് ഞങ്ങൾ ആറുപേർ ഒത്തുചേർന്നത്. പഠനത്തിന്റെ ഭാഗമായി ഞങ്ങൾ സംസാരിച്ച ചില സ്​ത്രീകളുടെ അനുഭവത്തിൽനിന്നാണ്​ തുടക്കത്തിൽ വിവരിച്ച യാഥാർഥ്യം ഞങ്ങൾ തിരിച്ചറിഞ്ഞത്​.

ഒറ്റപ്പെട്ട വിജയകഥകളെ മാത്രം ആഘോഷമാക്കിയപ്പോൾ നമ്മൾ മറന്നുപോയ കുറെയേറെ മുഖങ്ങളുണ്ട്. സ്‌കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ടീച്ചർമാരാവാനും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിപ്പിക്കാനും വേണ്ടി മാത്രമാണോ ഇത്രയേറെ പെൺകുട്ടികൾ കേരളത്തിൽ കെമിസ്ട്രിയിൽ ബിരുദവും ബിരുദാനന്തര ബിരുദങ്ങളും എടുക്കുന്നത്? ഇത്രയും ബിരുദങ്ങളുണ്ടായിട്ടും, കഴിവുണ്ടായിട്ടും ഒരു ജോലിയിലേയ്ക്ക് എത്തുന്നതുതന്നെ എത്രപേർ?

2020 ജൂണിൽ, ആദ്യ കോവിഡ് ലോക്ക്ഡൗൺ സമയത്താണ് ഈ പഠനത്തിന് ജീവൻവെയ്ക്കുന്നത്. ഇത് കെമിസ്ട്രിയിലെ മാത്രം പ്രശ്‌നമല്ലെന്നും പെൺകുട്ടികൾ പൊതുവിൽ നേരിടേണ്ടിവരുന്ന കടമ്പകളുടെ ഒരു ഉദാഹരണം മാത്രമാണെന്നുമുള്ള തിരിച്ചറിവോടെ തന്നെയായിരുന്നു തുടക്കം. പഠനത്തിനായുള്ള ഞങ്ങളുടെ പ്രോപ്പോസൽ, കേംബ്രിഡ്ജ് ആസ്ഥാനമായ പ്രസിദ്ധ രസതന്ത്രക്കൂട്ടായ്മയായ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി അംഗീകരിച്ച് ധനസഹായം നൽകിയതോടെ പ്രോജക്ട് ആരംഭിച്ചു. കേരളത്തിന്റെ, വളരെ മികച്ചതെന്ന് നമ്മൾ പലപ്പോഴും അഭിമാനംകൊള്ളുന്ന വിദ്യാഭ്യാസമേഖലയിൽ, സ്ത്രീകൾ കടന്നുപോകുന്ന വഴികൾ അറിയുന്നതിന്റെ ഒരു തുടക്കമാണ് ഈ പഠനമെന്ന് പതിയെ ഞങ്ങൾ മനസ്സിലാക്കിത്തുടങ്ങി. കെമിസ്ട്രി പശ്ചാത്തലത്തിൽ നിന്ന്​ രണ്ടുപേർ - ജാസിൽ, അനു; ഗവേഷണ- വിശകലനമേഖലയിൽ നിന്ന്​ ജിതിൻ, ഹനാൻ; മനഃശാസ്ത്ര- സാമൂഹ്യശാസ്ത്രമേഖലയിൽ നിന്ന്​ അസ്മാബി, ശ്രീനാഥ് - രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പഠന- ഗവേഷണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്ന ഞങ്ങൾ ഒത്തുചേർന്നപ്പോൾ ആദ്യം പങ്കുവെച്ചത് വിദ്യാഭ്യാസത്തിന്റെ പല ഘട്ടങ്ങളിലായി പലരും കൊഴിഞ്ഞുപോകുന്നത് കാണുമ്പോൾ തോന്നുന്ന പ്രയാസം തന്നെയായിരുന്നു.

‘കേരളത്തിലെ സ്ത്രീകൾ വിദ്യാഭ്യാസപരമായും തൊഴിൽപരമായും വളരെ മുന്നിലാണ്, അതിനാൽ ഇത്തരമൊരു പഠനം ഇവിടെ നടത്തേണ്ട ആവശ്യമൊന്നുമില്ല, മറ്റു സംസ്ഥാനങ്ങളിൽ നടത്തിയാൽ മതി' യെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് അവരിൽ നിന്ന്​ ഞങ്ങൾക്കു ലഭിച്ചത്.

പലപ്പോഴും ചർച്ചകളിൽ സ്ത്രീകൾ വലിയ കണ്ടുപിടിത്തങ്ങളൊന്നും നടത്തിയിട്ടില്ലെന്ന വാദത്തിന് മറുപടിയായി മേരി ക്യൂറിയുടെ പേരുയർത്തുമ്പോൾ, ആകെയൊരു ക്യൂറിയെ മാത്രമല്ലേ പറയാനുള്ളൂ എന്ന പരിഹാസം കേൾക്കാറുണ്ടായിരുന്നുവെന്ന് എല്ലാവരും ശരിവെച്ചു. ഇനി മികച്ച സംരംഭക-ഗവേഷക പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഇന്ത്യയിലെ സ്ത്രീകളാകട്ടെ, നമ്മളാൽ പ്രശംസിക്കപ്പെട്ടുമില്ല! മേരി ക്യൂറിമാർ ആവർത്തിക്കാത്തതെന്ത്; നമ്മുടെയിടയിലെ മിടുക്കിമാരൊന്നും മേരി ക്യൂറിമാർ ആയിത്തീരാത്തതെന്തെന്ന്; അതിനവർക്ക് നേരിടേണ്ടിവരുന്ന തടസങ്ങളെന്ത് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ‘Women's Career Pathway in Chemical Science, A multistage investigation in Kerala' എന്ന പേരിൽ പഠനം തുടങ്ങുമ്പോൾ ഞങ്ങളെ നയിച്ചത്. 2020 നവംബർ വരെയാണ് പഠനത്തിനാസ്പദമായ സർവേ നടന്നത്.

മേരി ക്യൂറി / Photo: Wikimedia Commons

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ലാബുകൾ തുടങ്ങിയവയിൽ കെമിക്കൽ സയൻസുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന 262 പേരാണ് പഠനത്തിൽ പങ്കെടുത്തത്. പ്രാഥമിക വിവരശേഖരണ ഘട്ടത്തിൽ തന്നെ ഈ മേഖലയിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങളുടെ സൂചന പ്രകടമായിരുന്നു. ഞങ്ങൾ വിവരശേഖരണത്തിനായി ബന്ധപ്പെട്ട ഭൂരിഭാഗം സ്ഥാപനങ്ങളിലും, പ്രത്യേകിച്ചും വ്യവസായസ്ഥാപനങ്ങളിൽ, സ്ത്രീപ്രാതിനിധ്യം വളരെ കുറവായിരുന്നു. ‘കേരളത്തിലെ സ്ത്രീകൾ വിദ്യാഭ്യാസപരമായും തൊഴിൽപരമായും വളരെ മുന്നിലാണ്, അതിനാൽ ഇത്തരമൊരു പഠനം ഇവിടെ നടത്തേണ്ട ആവശ്യമൊന്നുമില്ല, മറ്റു സംസ്ഥാനങ്ങളിൽ നടത്തിയാൽ മതി' എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് അവരിൽ നിന്ന്​ ഞങ്ങൾക്കു ലഭിച്ചത്. സ്ഥാപനങ്ങൾ വഴി ഞങ്ങൾ ബന്ധപ്പെട്ട സ്ത്രീകളിൽ നിന്ന്​ പക്ഷെ, സർവേയിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള സന്തോഷമാണ് അറിയാൻ കഴിഞ്ഞത്.

പഠനത്തിൽ നിന്ന്​ ലഭിച്ച വിവരങ്ങൾ പലതും സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിലിനെ കുറിച്ചുമുള്ള (മിഥ്യാ)ധാരണകൾ മാറ്റുന്നതായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസേതര മേഖലകളായ വ്യവസായ സ്ഥാപനങ്ങൾ, ലാബുകൾ തുടങ്ങിയവയിൽ സ്ത്രീപ്രാതിനിധ്യം വളരെ കുറവാണ്; 262 പേരിൽ 12 പേർ മാത്രം. കേരളത്തിന്റെ സാമൂഹ്യരംഗത്ത് നിലനിൽക്കുന്ന ജാതീയ പിന്നാക്കാവസ്ഥ പഠനത്തിലും തെളിഞ്ഞുനിന്നു. പട്ടികജാതി- വർഗ വിഭാഗങ്ങളിൽ നിന്ന്​ 13 പ്രതിനിധികൾ മാത്രമാണുണ്ടായിരുന്നത്, മൊത്തം പങ്കാളിത്തത്തിന്റെ അഞ്ചുശതമാനത്തിൽ താഴെ മാത്രം.

സ്‌കൂളുകളിൽ മികച്ച ലാബ് ഒരുക്കേണ്ടതിന്റെയും സിലബസിൽ പരീക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയിലേക്ക് പഠനം വിരൽചൂണ്ടുന്നു. / Photo: Flickr

സ്‌കൂൾ, ഡിഗ്രി, പി.ജി., പിഎച്ച്​.ഡി, വിവാഹം, ജോലി എന്നിങ്ങനെ തിരിച്ചുള്ള ചോദ്യങ്ങളായിരുന്നു സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. വിദ്യാഭ്യാസേതര മേഖലയിലെ സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ അവസരങ്ങളില്ല എന്നു മാത്രമല്ല, കുടുംബത്തിന്റെ വലിയതോതിലുള്ള പിന്തുണ കിട്ടുന്നവർ മാത്രമാണ് ആ മേഖലയിൽ എത്തിച്ചേരുന്നത് എന്നതും വ്യക്തമായി. വിദ്യാഭ്യാസമേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കാകട്ടെ, കുടുംബപിന്തുണ കുറവും. കുടുംബപിന്തുണ ലഭിക്കാത്തതാകാം മറ്റു മേഖലകൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന്​ സ്ത്രീകളെ പിന്നോട്ടുവലിക്കുന്നതെന്ന സൂചനയാകാം ഇതു നൽകുന്നത്. കെമിസ്ട്രി അധ്യാപികമാരായി സ്‌കൂളുകളിൽ ജോലിചെയ്യുന്നവരാണ് ഏറ്റവും കൂടുതൽ ജോലിയിൽ അസംതൃപ്തിയുള്ളവരായി കണ്ടെത്തിയത്. ഒരു വിദ്യാർഥിനി കെമിക്കൽ സയൻസ് തന്റെ കരിയർ മേഖലയായി തെരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്ന് സ്‌കൂൾ അധ്യാപകരാണ്​എന്നിരിക്കേ (ഇതേ പഠനത്തിലെ മറ്റൊരു ശ്രദ്ധേയ ഫലം) അധ്യാപികമാരുടെ ഈ അസംതൃപ്തി പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, നേരത്തെ അമ്മയാവുന്നത് ജോലിക്ക് തടസമല്ലെന്ന് ഏറ്റവും കൂടുതൽ അഭിപ്രായപ്പെട്ടതും ഹൈസ്‌കൂൾ അധ്യാപികമാരാണ്.

സർവേയിൽ പങ്കെടുത്ത പകുതിയിലധികം പേർക്കും, അതായത്​, 57.25 ശതമാനം പേർക്കും, കരിയർ ഉപേക്ഷിച്ചുപോയ ഒരു സ്ത്രീ സുഹൃത്തിനെയെങ്കിലും അറിയാമെന്ന വസ്തുത ആശങ്കാജനകമാണ്. സംസ്ഥാനത്ത് ഈ മേഖലയിലെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് ഉയർന്നതാണെന്ന് ഇതു തെളിയിക്കുന്നു.

സ്‌കൂൾ പഠനകാലത്ത് മികച്ച ലാബ് സൗകര്യം ലഭിച്ചവരാണ് പിൽക്കാലത്ത് ഗവേഷണമടക്കമുള്ള ഉന്നതനേട്ടങ്ങളിലേക്ക് എത്തിച്ചേരുന്നത് എന്ന് കണ്ടെത്തുവാൻ കഴിഞ്ഞു. സ്‌കൂളുകളിൽ മികച്ച ലാബ് ഒരുക്കേണ്ടതിന്റെയും സിലബസിൽ പരീക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയിലേക്ക് പഠനം വിരൽചൂണ്ടുന്നു. അതേസമയം, നിലവിൽ ബിരുദം ഉയർന്ന വിദ്യാഭ്യാസയോഗ്യതയായുള്ളവർ പഠനകാലത്ത് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നതായും കണ്ടെത്തി. സാമ്പത്തികപരിമിതികൾ കരിയർ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാവുന്നു എന്നതിനെ ഇത് അടിവരയിടുന്നു.
വീട്ടുജോലി മൂലം കരിയറിൽ ശ്രദ്ധിക്കാൻ കഴിയാതെ പോകുന്നവരിൽ വിവാഹിതരും അവിവാഹിതരും ഒരുപോലെയാണെന്ന കണ്ടെത്തൽ അപ്രതീക്ഷിതമായിരുന്നു. വിവാഹത്തിനുമുൻപും ശേഷവും വീട്ടുജോലി സ്ത്രീക്ക് മാത്രമാണെന്ന സാമൂഹിക കാഴ്ചപ്പാട് കരിയറിൽ മുന്നേറുന്നതിൽ നിന്ന്​എത്രത്തോളം സ്ത്രീകളെ തടയുന്നുവെന്നത് ഭയപ്പെടുത്തുന്നതാണ്. വിവാഹിതരായ സ്ത്രീകൾക്ക് പഠന/ജോലി സംബന്ധമായ സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കാൻ കൂടുതൽ തടസങ്ങളുള്ളതായും കണ്ടെത്തി. ഈ തടസങ്ങളുടെ തീവ്രത വിദ്യാഭ്യാസയോഗ്യത കൂടുന്നതനുസരിച്ച് കൂടുന്നുണ്ടെന്നുള്ളതും കൗതുകവും ആശങ്കയും ജനിപ്പിക്കുന്നു.

രക്ഷിതാക്കളുടെ, പ്രത്യേകിച്ച് മാതാവിന്റെ വിദ്യാഭ്യാസയോഗ്യത പെൺകുട്ടികളുടെ കരിയർ വളർച്ചയ്ക്ക് അടിത്തറയാകുന്നതെങ്ങനെയെന്ന് പഠനം അടിവരയിടുന്നുണ്ട്. സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിനുപുറമെ പെൺകുട്ടികളെ ദൂരെയുള്ള സ്ഥാപനങ്ങളിൽ പഠിക്കാനനുവദിക്കുന്നതിലും, പെൺകുട്ടികൾക്കുമേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും, വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തുന്നതിലുമടക്കം നിർണായകഘടകമായി പ്രവർത്തിക്കുന്നത് മാതാപിതാക്കളുടെ വിദ്യാഭ്യാസയോഗ്യതയാണ്. പിതാവിന്റെ വിദ്യാഭ്യാസ യോഗ്യത പ്രൈമറി സ്‌കൂൾ മാത്രമുള്ള സ്ത്രീകൾ മറ്റുള്ളവരെ അപേക്ഷിച്ച്​ സഹപാഠികളിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ കൂടുതൽ ഉപദ്രവങ്ങൾ നേരിട്ടതായും വിവാഹശേഷം കരിയറിൽ മാറ്റം വരുത്താൻ കൂടുതൽ സമ്മർദം നേരിടുന്നതായും കണ്ടെത്തി.

മേരി ക്യൂറിമാർ ഉണ്ടാവുന്നത്, സമൂഹത്തിന് ഉപകാരപ്രദമായ കണ്ടെത്തലുകൾ നടത്താൻ സ്ത്രീകൾ മുന്നോട്ടുവരുന്നത്, ഓരോ കെമിസ്ട്രി ലാബുകളിൽ നിന്നും സ്വപ്നങ്ങൾ ചിറകുവെച്ചുയരുന്നത് - കേവലം വ്യക്തിപരമായ പരിശ്രമങ്ങൾ കൊണ്ട് മാത്രമല്ല. / Photo: Muhammed Fasil

സർവേയിൽ പങ്കെടുത്ത പകുതിയിലധികം പേർക്കും, അതായത്​, 57.25 ശതമാനം പേർക്കും, കരിയർ ഉപേക്ഷിച്ചുപോയ ഒരു സ്ത്രീ സുഹൃത്തിനെയെങ്കിലും അറിയാമെന്ന വസ്തുത ആശങ്കാജനകമാണ്. സംസ്ഥാനത്ത് ഈ മേഖലയിലെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് ഉയർന്നതാണെന്ന് ഇത് തെളിയിക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയാണ്. സ്ഥാപനങ്ങളോടുചേർന്നുള്ള ഡേ കെയർ സെന്ററുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ ലഭ്യത, ലാബുകളുടെ പ്രവൃത്തിസമയം ദീർഘിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കിടയിലും മുന്നിട്ടുനിൽക്കുന്നത് കുടുംബ- സാമൂഹിക പിന്തുണയാണെന്നത്, കരിയറിൽ ഉയർന്നുവരാൻ സ്ത്രീകൾ എത്ര പ്രയാസമനുഭവിക്കുന്നു എന്നതിന്റെ തെളിവാണ്.

വനിതാ ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയും ഗവേഷണത്തിൽ അവസരങ്ങൾ നൽകുകയും ചെയ്യുന്ന പദ്ധതിയാണ് ഡിപ്പാർട്ട്‌മെൻറ്​ ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (DST) യുടെ ‘കിരൺ സ്‌കീം’. എന്നാൽ, നമ്മളിൽ മിക്കവർക്കും ഇതിനെക്കുറിച്ച് അറിവില്ല.

അതേസമയം, അവസരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തടസം സൃഷ്ടിക്കുന്നുണ്ട്. സയൻസ്​, ടെക്​നോളജി, എൻജിനീയറിങ്​, മാത്​സ്​ മേഖലയിൽ (Science, Technology, Engineering and Maths- STEM) മേഖലയിൽ സ്ത്രീപങ്കാളിത്തം ഉറപ്പാക്കാൻ നിരവധി സർക്കാർ പദ്ധതികളുണ്ട്. എന്നാൽ, ഭൂരിഭാഗം ആളുകൾക്കും അവയെക്കുറിച്ച് അറിയില്ല. ഉദാഹരണത്തിന്, വനിതാ ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയും ഗവേഷണത്തിൽ അവസരങ്ങൾ നൽകുകയും ചെയ്യുന്ന പദ്ധതിയാണ് ഡിപ്പാർട്ട്‌മെൻറ്​ ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (DST) യുടെ ‘കിരൺ സ്‌കീം’. എന്നാൽ, നമ്മളിൽ മിക്കവർക്കും ഇതിനെക്കുറിച്ച് അറിവില്ല. പെൺകുട്ടികൾക്ക് സവിശേഷമായി വ്യക്തിത്വ വികാസ ക്ലാസ്​ കൊടുക്കണമെന്നതും സർവേയിൽ പങ്കെടുത്തവരുടെ നിർദ്ദേശങ്ങളിൽ മുന്നിട്ടുനിൽക്കുന്നു.

പഠനഫലങ്ങളുടെ വെളിച്ചത്തിൽ ഞങ്ങൾ മുന്നോട്ടുവെയ്ക്കുന്ന പ്രധാന നിർദേശങ്ങൾ ഇവയാണ്: തുല്യജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തുക- പ്രത്യേകിച്ച്​ സ്വകാര്യ, വിദ്യാഭ്യാസേതര മേഖലകളിൽ, പരീക്ഷണാഭിമുഖ്യം വളർത്താൻ വിദ്യാർഥികൾക്ക് ടൂൾ കിറ്റ്​ ലഭ്യമാക്കുക, തൊഴിലിടങ്ങൾ മാതൃ- ശിശു സൗഹൃദമാക്കുക, കെമിക്കൽ സയൻസ് കമ്യൂണിറ്റിക്കുള്ളിലും പ്രാദേശിക കൂട്ടായ്മകളിലും ചർച്ച നടത്തുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുക.

കെമിക്കൽ സയൻസ് മേഖലയിൽ മുന്നോട്ടുപോകാൻ കേരളത്തിലെ സ്ത്രീകളനുഭവിക്കുന്ന പ്രയാസങ്ങൾ ശാസ്ത്രീയരീതിയിൽ വിശദീകരിക്കാൻ പഠനത്തിലൂടെ സാധിച്ചിട്ടുണ്ട്. / Photo: Unsplash

കരിയർ വഴികളിൽ മതം, ജാതി എന്നിവയുടെ സ്വാധീനത്തെക്കുറിച്ച് സൂക്ഷ്മമായ പഠനങ്ങളുടെ അനിവാര്യത ഞങ്ങളുടെ പ്രാഥമികഫലങ്ങൾ ശരിവെക്കുന്നു.

കെമിക്കൽ സയൻസ് മേഖലയിൽ മുന്നോട്ടുപോകാൻ കേരളത്തിലെ സ്ത്രീകളനുഭവിക്കുന്ന പ്രയാസങ്ങൾ ശാസ്ത്രീയരീതിയിൽ വിശദീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മകളെ ഉത്തേജിപ്പിക്കുന്നതിന്​ ‘കെമിക്യൂൾ' എന്ന മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ, ഈ പഠനം ഈ ദിശയിലുള്ള നമ്മുടെ ആദ്യചുവട് മാത്രമാണെന്നും ഇതിലെ ഓരോ കണ്ടെത്തലുകളും വിശദമായ തുടർപഠനങ്ങൾ ആവശ്യപ്പെടുന്നുവെന്നും
വ്യക്തമാണ്. പഠനത്തിലെ കണ്ടെത്തലുകളെല്ലാം കേരളത്തിലെ സാമൂഹിക - സാമുദായിക - അക്കാദമിക നേതൃത്വങ്ങളുടെ അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്നതാണെന്ന് പഠനം വിലയിരുത്തിയ വിദഗ്ധർ അഭിപ്രായപ്പെട്ടു.

മേരി ക്യൂറിമാർ ഉണ്ടാവുന്നത്, സമൂഹത്തിന് ഉപകാരപ്രദമായ കണ്ടെത്തലുകൾ നടത്താൻ സ്ത്രീകൾ മുന്നോട്ടുവരുന്നത്, ഓരോ കെമിസ്ട്രി ലാബുകളിൽ നിന്നും സ്വപ്നങ്ങൾ ചിറകുവെച്ചുയരുന്നത് - കേവലം വ്യക്തിപരമായ പരിശ്രമങ്ങൾ കൊണ്ട് മാത്രമല്ല, കുടുംബത്തിന്റെയും, അതുൾപ്പെടുന്ന സമൂഹത്തിന്റെയും കൂട്ടായ പിന്തുണയോടും കൂടിയാണെന്നതാണ് ഞങ്ങൾക്ക് പറയാനുള്ളത്. കേരളത്തിൽ നിന്ന്​ കെമിസ്ട്രിയിലെ മികച്ച ഗവേഷകരെയും സംരംഭകരെയും അധ്യാപികമാരെയും വാർത്തെടുക്കുന്നതിലക്കുള്ള ഒരു ചുവടുവെപ്പായി ഈ പഠനം മാറട്ടെയെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. ▮

(റിപ്പോർട്ട് ലിങ്ക്: കേരളത്തിലെ സ്ത്രീകളുടെ കരിയർ വഴികൾ കെമിക്കൽ സയൻസ് മേഖലയിൽ : വിദ്യാഭ്യാസ ഘട്ടങ്ങളിലൂടെയുള്ള ഒരന്വേഷണം (Women's Career Pathway in Chemical Sciences; a Multi- stage Investigation in Kerala, India); DOI: https://doi.org/10.5281/zenodo.5178906 പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: https://rsc-idf-wck.pubpub.org/)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പി.ടി. ഹനാൻ

‘കേരളത്തിലെ സ്ത്രീകളുടെ കരിയർ വഴികൾ കെമിക്കൽ സയൻസ് മേഖലയിൽ: വിദ്യാഭ്യാസ ഘട്ടങ്ങളിലൂടെയുള്ള ഒരന്വേഷണം’ എന്ന പ്രോജക്ടിന്റെ ലീഡ് ഗവേഷകയും റിസർച്ച് അസോസിയേറ്റും. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന്​സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം നേടി.

വി. ജിതിൻ

‘കേരളത്തിലെ സ്ത്രീകളുടെ കരിയർ വഴികൾ കെമിക്കൽ സയൻസ് മേഖലയിൽ : വിദ്യാഭ്യാസ ഘട്ടങ്ങളിലൂടെയുള്ള ഒരന്വേഷണം’ എന്ന പ്രോജക്ടിൽ പി. ജാസിലിനൊപ്പം മുഖ്യ ഗവേഷകൻ. ഇപ്പോൾ ബംഗളൂരു ആസ്ഥാനമായ നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിൽ ഗവേഷകൻ.

Comments