ഡിജിറ്റൽ പൊതുമണ്ഡലത്തിലെ രാഷ്ട്രീയഹിംസകൾ

ഡിജിറ്റൽ പൊതുമണ്ഡലത്തെ പുരുഷമേധാവിത്വപരവും വരേണ്യവുമാക്കി നിലനിർത്താൻ പല ശ്രമങ്ങളും നടക്കുന്നുണ്ട്. ഓഫ്‌ലൈൻ അധികാരശ്രേണികളായ വർഗ്ഗം, ലിംഗഭേദം തുടങ്ങിയവയുടെ പ്രതിഫലനം ഓൺലൈനിലും എഴുതപ്പെട്ടു കഴിഞ്ഞതായി നമുക്കു കാണാം. വിമർശനത്തിന്റെയും വിയോജിപ്പിന്റെയും ഏതുശ്രമങ്ങളും പുതുനിരീക്ഷണ വ്യവസ്ഥകൾക്കും സൈബർ ഫാസിസത്തിനും വിധേയമാക്കപ്പെടുന്നുണ്ട്. ഡിജിറ്റൽ പൊതുമണ്ഡലത്തിലെ ഇടപെടലുകളെ മാന്യവും ജനാധിപത്യപരവുമാക്കി മാറ്റേണ്ടതിന്റെയും പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒന്നായി ഡിജിറ്റൽ പൊതുമണ്ഡലത്തെ ഉയർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയാണ് ലേഖിക.

നാം ഓൺലൈൻ വിദ്യാഭ്യാസത്തിലേയ്ക്കു ചുവടുമാറുന്ന ഈ കാലത്തും, പരിഹരിക്കപ്പെടാത്ത പല പ്രശ്‌നങ്ങളാൽ മുഖരിതമായ ഒരു ഡിജിറ്റൽ പൊതുമണ്ഡലമാണ് ഇന്നു കേരളത്തിനുള്ളത്. സൈബർ അധിക്ഷേപവും (സൈബർ ബുള്ളിയിംഗ്), സ്ത്രീവിരുദ്ധതയും വിദ്വേഷഭാഷണങ്ങളുമാണിപ്പോഴും അവിടെ നിറഞ്ഞുനില്ക്കുന്നത്. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ സൈബർ ബുള്ളിയിംഗിലും സ്ലട്ട് ഷെയ്മിംഗിലും (ആ പ്രയോഗത്തോടുള്ള കടുത്ത വിയോജിപ്പു രേഖപ്പെടുത്തുന്നു) ഏർപ്പെടുന്ന ഒരിടം. എന്നാൽ മാധ്യമസാക്ഷരതയിലും രാഷ്ട്രീയബോധത്തിലും ഊറ്റംകൊള്ളുന്ന മലയാളികളുടെ പൊതുവിടത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഭീതിജനകമായ പ്രവണത ഒരുപക്ഷേ "പൊളിറ്റിക്കൽ ഷെയ്മിംഗ്' അഥവാ രാഷ്ട്രീയാവഹേളനം എന്നു വിളിക്കാവുന്ന ഒരു സംസ്‌കാരമാണ്. വിദ്യാഭ്യാസത്തിന്റെ ഘടനാമാറ്റങ്ങളും ഡിജിറ്റലിലേയ്ക്കുള്ള പരിവർത്തനവും നാം ചർച്ചചെയ്യുന്ന ഈ കാലത്ത്, എങ്ങനെയാണ് നാം ഡിജിറ്റൽ പൊതുമണ്ഡലത്തെ വിഭാവനം ചെയ്യേണ്ടത് എന്ന് കേരളത്തിലെ പൗരസമൂഹം ഇനിയെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു.

പൊതുമണ്ഡലം എന്നത് ഒരു ഇടം അഥവാ സ്ഥലം മാത്രമല്ല, മറിച്ച് ഒരു ജനാധിപത്യസമൂഹത്തിന്റെ ആത്മപരിശോധനകളും സ്വയംഭരണവും അടക്കം പല പ്രക്രിയകളുടെയും സങ്കലനം കൂടിയാണ്. പൊതുപ്രശ്‌നങ്ങൾ ചർച്ചചെയ്യാനും ആലോചിക്കാനും തീരുമാനങ്ങളിലെത്താനുമായി സ്വകാര്യവ്യക്തികൾ ഒത്തുചേരുന്നതാണ് ഒരു പൊതുമണ്ഡലം. നമ്മുടെ ഡിജിറ്റൽ പൊതുമണ്ഡലത്തിലെ ഇടപെടലുകളെ എങ്ങനെയെല്ലാം മാന്യവും ജനാധിപത്യപരവുമാക്കി മാറ്റാമെന്നും, പരസ്പരബഹുമാനത്തിൽ, ചുരുങ്ങിയത് പരസ്പരസഹിഷ്ണുതയിലെങ്കിലും അധിഷ്ഠിതമായ ഒന്നായി എങ്ങനെ അതിനെ ഉയർത്താമെന്നും ചിന്തിക്കേണ്ട സമയം.

2015ൽ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയി സംഘടിപ്പിച്ച ഒരു സെമിനാറിൽ ഞാൻ ഡിജിറ്റൽ പൊതുമണ്ഡലത്തെ സംബന്ധിക്കുന്ന ചില പ്രശ്‌നങ്ങൾ ഉയർത്തുകയുണ്ടായി. അഞ്ചുവർഷത്തിനിപ്പുറം ആ പ്രശ്‌നങ്ങളിൽപ്പലതും അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, അവ കൂടുതൽ രൂക്ഷമായിട്ടുമുണ്ട്. വിദ്യാഭ്യാസംതന്നെ ഓൺലൈനിലേയ്ക്കു മാറുന്ന ഈ കാലഘട്ടത്തിൽ, വിദ്യാർത്ഥികൾ അധികമായി പങ്കാളികളാകും എന്നു നാം പ്രതീക്ഷിക്കുന്ന അത്തരമൊരു പൊതുമണ്ഡലത്തിന്റെ സവിശേഷതയായി നാം കാണേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? യുക്തിപരമായ ഭാഷണങ്ങളുടെ ഇടവും പരസ്പരബഹുമാനത്തോടെ തമ്മിലിടപെടാനുള്ള സ്ഥലവുമായൊക്കെയാണ് നാം പൊതുമണ്ഡലത്തെ രൂപപ്പെടുത്തിയെടുക്കേണ്ടത്. ഉറക്കെ സംസാരിക്കുന്നവർക്കും, അധിക്ഷേപിച്ചു കീഴടക്കുന്നവർക്കും വിട്ടുകൊടുക്കേണ്ട ഒന്നാണോ ഈ ഇടം? വൈവിധ്യങ്ങൾ തമ്മിലുള്ള തുല്യതയെ അംഗീകരിക്കുന്ന ഒരിടമാവണം പൊതുമണ്ഡലമെന്നത് ആ സങ്കല്പത്തിന്റെതന്നെ മൗലികധാരണകളിലൊന്നാണ്. ആദർശാത്മകമായി നോക്കിയാൽ, ചില പ്രത്യേക അവകാശങ്ങൾക്ക് പാത്രമായതുകൊണ്ടോ, മറ്റുള്ളവരെക്കാൾ ഉയർന്ന ബൗദ്ധികനിലവാരം പുലർത്തുന്നു എന്നു സ്വയം കരുതിയതുകൊണ്ടോ, മുന്തിയ സാമൂഹിക-സാംസ്‌കാരിക മൂലധനങ്ങളുള്ളതുകൊണ്ടോ ആർക്കും അവിടെ മേൽക്കൈ ലഭിച്ചുകൂടാ, അവരുടെ വീക്ഷണങ്ങൾക്ക് അധികസാധുതയും ലഭിച്ചൂകൂടാ. പലപല സമരങ്ങളിൽക്കൂടി കീഴാളപ്രതിസമൂഹങ്ങൾ അവരുടേതായ ഇടങ്ങൾ മുഖ്യധാരാപൊതുമണ്ഡലത്തിനു സമാന്തരമായി രൂപപ്പെടുത്തുന്നുണ്ട്. എന്നാൽ ഏതൊരു പൊതുവിടത്തേയും വിഭാവനം ചെയ്യുമ്പോൾ തുല്യതയും വൈവിധ്യവും അതിന്റെ അടിത്തറതന്നെയായി മാറേണ്ടിയിരിക്കുന്നു. അതിതീവ്രവും ആക്രമണപരവുമായ സ്വരം വെച്ചുപുലർത്തുന്നവർ ഇത്തരമിടങ്ങളിലെ പുതിയ ശബ്ദങ്ങളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്ന ഒരു പ്രവണത ഇന്ന് പല സാമൂഹ്യമാധ്യമങ്ങളിലും കാണാനാകും. ഒരുവശത്ത്, സംഭാഷണം ഇത്രയും സ്വതന്ത്രവും ഇടനിലക്കാരില്ലാത്തതുമാകുന്ന മറ്റൊരു വേദിയുമില്ല. ഇന്റർനെറ്റ് ലഭ്യതയുള്ള ആർക്കും ഒരു പ്രൊഫൈൽ നിർമ്മിച്ച് സൂക്ഷ്മപരിശോധനകളോ വൈഷമ്യങ്ങളോ സാങ്കേതികപ്രതിബന്ധങ്ങളോ ഇല്ലാതെ എന്തും എഴുതുകയോ ബ്ലോഗ് ചെയ്യുകയോ ട്വീറ്റ് ചെയ്യുകയോ കമന്റ് ചെയ്യുകയോ ആവാം. എന്നാൽ അഭിപ്രായപ്രകടനസാധ്യതയിലുള്ള ഈ വളർച്ചയുടെ ഇരകളായി പലപ്പോഴും മാറുന്നത് സ്ത്രീകളും ന്യൂനപക്ഷങ്ങളും എൽജിബിറ്റി സമൂഹങ്ങളുമാണ്. ഇത്തരമിടങ്ങളിൽ അഭിപ്രായസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കേണ്ടതും പ്രതികരണത്തിന്റെയും സംവാദത്തിന്റെയും സാധ്യതകൾ നിലനിർത്തേണ്ടതും പോലെതന്നെ പ്രധാനമാണ്, അന്യരുടെ അവകാശങ്ങളെ ഹനിക്കാതെ എങ്ങനെയെല്ലാം ഇത്തരം സ്വാതന്ത്ര്യങ്ങളുപയോഗിക്കുക എന്നതും.

നവലിബറൽ സമ്പദ്ഘടനയിലേയ്ക്കും ഡിജിറ്റൽ സംസ്‌കാരങ്ങളിലേയ്ക്കും ഉൾച്ചേർന്നുകൊണ്ടിരിക്കുന്ന സാമ്പ്രദായികസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം, എങ്ങനെയെല്ലാമാണ് വ്യക്തികൾ സൈബർ ഇടങ്ങളിൽ തങ്ങളുടെ സ്വത്വത്തെ പുനർനിർമ്മിക്കുന്നതും ഇത്തരമിടങ്ങളിൽ ഒന്നിച്ചും കൂട്ടായും പ്രവർത്തിക്കുന്നതും? സ്വത്വനിർമ്മിതിയുടെയും, വിനിമയത്തിന്റെയും, പ്രചാരണത്തിന്റെയും ഉപായങ്ങൾ പലരെ സംബന്ധിച്ചിടത്തോളം പലതായിരിക്കാം. എന്നാൽ അപരർക്കും ഇതിനെല്ലാമുള്ള അവകാശം അംഗീകരിച്ചുകൊണ്ടും ആ അവകാശത്തെ മാനിച്ചുകൊണ്ടും എങ്ങനെയെല്ലാം നമുക്ക് ഈ പ്രക്രിയകളിൽ ഏർപ്പെടാം എന്നാണ് നാം ചിന്തിക്കേണ്ടിയിരിക്കുന്നത്. പ്രത്യേകിച്ച്, മാറിയ ഒരു പരിതസ്ഥിതിയ്ക്കുള്ളിൽ, മാറുന്ന പൊതു-സ്വകാര്യ സങ്കല്പങ്ങളെയും (public-private), യാഥാസ്ഥിതിക ലിംഗഭേദവീക്ഷണങ്ങളെയും കൈകാര്യംചെയ്യുന്നതിനോടൊപ്പംതന്നെ എങ്ങനെ ഇതുചെയ്യാം എന്നതും. ഡിജിറ്റൽ ഇടങ്ങളിൽ എന്തും അതിരുകൾക്കു പുറത്തേയ്ക്കു കവിഞ്ഞൊഴുകാനുള്ള സാധ്യത നിലനില്ക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കെ, സ്വകാര്യസ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കുന്ന പദങ്ങൾ അന്യർക്കുനേരേ പ്രയോഗിക്കാൻ നമുക്കു അധികാരമുണ്ടോ?

എന്നാൽ അങ്ങനെ പറയുമ്പോൾത്തന്നെ, "സ്വകാര്യത,' "പൊതുത്വം' എന്നീ സങ്കല്പങ്ങൾ നിരന്തരം അന്യോന്യം ഭഞ്ജിക്കുന്നവയാണെന്നും ഇവയ്ക്കിടയിൽ വൻമതിലുകൾ നിർമ്മിക്കാമെന്ന സാധ്യത ഡിജിറ്റൽ യുഗത്തിൽ അസാധ്യമാണെന്നും നാം ഇന്ന് തിരിച്ചറിയുന്നു. ഫെമിനിസത്തിന്റെ രണ്ടാംതരംഗമുയർത്തിയ "സ്വകാര്യമായവയും രാഷ്ട്രീയമാണ്' (the personal is political) എന്ന മുദ്രാവാക്യംപോലും സഹാനുഭൂതിയോടെ ഉൾക്കൊള്ളാനാവാത്ത യാഥാസ്ഥിതിക സമൂഹങ്ങളിലൊന്നായ കേരളത്തിൽ, സ്വകാര്യതയും പൊതുത്വവും തമ്മിൽ കല്പിക്കപ്പെടുന്ന ഒരു സുരക്ഷിതവിഭജനത്തിലധിഷ്ഠിതമായ സ്വകാര്യതാസങ്കല്പം ഏറെ പ്രശ്‌നങ്ങളുയർത്തുന്ന ഒന്നാണ്. സ്വകാര്യമണ്ഡലത്തിന്റെ നിഷ്ഠൂരതകളാൽ മർദ്ദിതരായിരുന്ന അനേകം സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഈ വിഭജനത്തിൽ ഉൾച്ചേർന്നിരിക്കുന്ന വൈജ്ഞാനികവും രാഷ്ട്രീയവുമായ വിടവുകളെ ഭാഗികമായെങ്കിലും അഭിസംബോധനചെയ്യാനും, സ്ഥലമെന്ന

ഹാബർമാസ്

സങ്കല്പത്തെത്തന്നെ വെർച്വൽ മാർഗ്ഗങ്ങളിലൂടെ പുനർനിർമ്മിക്കാനുമുള്ള സാധ്യതകളാണ് സൈബറിടങ്ങൾ തുറന്നുനല്കിയത്. ദൈനംദിനജീവിതത്തിന്റെ രാഷ്ട്രീയത്തിൽ എതിർപ്പിന്റെ പ്രതിസമ്പ്രദായങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകൾ ഇതിലൂടെ സ്ത്രീകൾക്കു ലഭിച്ചു. ഈ മാറ്റം മുന്നോട്ടുവച്ചത് ഒരുപക്ഷേ സ്ത്രീകൾ കൂടുതലായി പങ്കാളികളാകുന്ന ഒരു പൊതുമണ്ഡലം യാഥാർത്ഥ്യമായേക്കാമെന്നുള്ള വാഗ്ദാനമാണ്-- യുക്തിപരവും വിമർശനാത്മകവുമായ പൊതുചർച്ചകളിലേർപ്പെടുന്ന സ്ത്രീകളും മറ്റു പാർശ്വവത്കരിക്കപ്പെട്ടവരും ഉൾച്ചേരുന്ന സ്വകാര്യവ്യക്തികളുടെ ഒരു സമൂഹം. ഹാബർമാസിന്റെ (Jürgen Habermas) ബൂർഷ്വാ പൊതുമണ്ഡലം എന്ന ആശയത്തെ നാൻസി ഫ്രേസറെപ്പോലുള്ളവർ (Nancy Fraser) സ്ത്രീപക്ഷത്തുനിന്നു വിമർശിക്കുന്നുണ്ട്.

നാൻസി ഫ്രേസർ

എന്നാൽ അതിന്റെ അടിസ്ഥാനധാരണകളെത്തന്നെ ഘടനാപരമായി പരിവർത്തനം ചെയ്യാമെന്നും പ്രത്യയശാസ്ത്രപരമായി വിമർശിക്കാമെന്നുമുള്ള സാധ്യതകൾ ഡിജിറ്റൽ ഇടങ്ങൾ തുറന്നു കൊടുത്തപ്പോൾ അതേറെപ്പേരെ, പ്രത്യേകിച്ചു സ്ത്രീകളെയും മറ്റു നിശ്ശബ്ദരാക്കപ്പെട്ടവരെയും ആകർഷിച്ചു. ഉദാഹരണത്തിന്, ദൈനംദിനജീവിതത്തെ വിമർശനാത്മകമായി പരിശോധിക്കാനും രാഷ്ട്രീയ സംഘർഷത്തിന്റെ ഇടമാക്കി മാറ്റുവാനും പലരും ചാറ്റ്‌റൂമുകളെയും ബ്ലോഗുകളെയും ആശ്രയിച്ചു. ദൈനംദിനജീവിതത്തിന്റെ സൂക്ഷ്മചരിത്രങ്ങളെഴുതാൻ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും ഉപയോഗപ്പെടുത്തിയ ഒരു പുതുതലമുറയെയും നാം കണ്ടു. അവരിൽ പലരുടെയും ലിംഗപരമായ ആശങ്കകളിലൂന്നിയാണ് സദാചാര പൊലീസിംഗിനെതിരെയുള്ള വലിയൊരു വിമതചർച്ച കേരളത്തിൽ ഉടലെടുത്തതും ഡിജിറ്റൽ പൊതുമണ്ഡലത്തിന്റെ തന്നെ രൂപീകരണത്തോട് അതു ചേർന്നുനിന്നതും.

പൊതു-സ്വകാര്യമണ്ഡലങ്ങൾ തമ്മിലുള്ള വിഭജനത്തെ അക്ഷരാർത്ഥത്തിൽ മറികടക്കാൻ ഒരു വെർച്വൽ സാമൂഹികലോകത്ത് ഉയർന്നുവരുന്ന നെറ്റ് വർക്ക് ചെയ്യപ്പെട്ട സമൂഹങ്ങൾക്കു കഴിയും. സ്ത്രീകളുടെ ഭൗതിക ചലനസാധ്യതകൾ വെട്ടിച്ചുരുക്കപ്പെട്ട സമൂഹങ്ങളിൽ, ഇത്തരം നെറ്റ് വർക്ക് ചെയ്യപ്പെട്ട ഇടങ്ങൾ നല്കിയ വെർച്വൽ ചലനസാധ്യതകളിലൂടെ പുതുകൂട്ടായ്മകളുടെ ഭാഗമാകാനും സൈബർ സംസ്‌കാരങ്ങളിലേയ്ക്കു പ്രവേശിക്കാനും സ്ത്രീകൾക്കായി. ദൈനംദിനജീവിതത്തിൽ അവർക്കു നിഷേധിക്കപ്പെട്ടിരുന്ന, ബഹുസ്വരമായ ജനാധിപത്യവേദികളിൽ വെർച്വൽ മാധ്യമങ്ങളിലൂടെ പങ്കെടുക്കാനും, വിമർശനാത്മകചർച്ചകളിൽ ചേരാനും, സ്വത്വരൂപീകരണങ്ങളെ വിമർശിക്കാനും, തങ്ങളെ കെട്ടിയിടുന്ന പ്രത്യയശാസ്ത്രങ്ങളെയും തന്ത്രങ്ങളെയും അട്ടിമറിക്കാനും അവർക്കായി എന്നത് തീർച്ചയായും നാം കാണേണ്ട ഒരു നേട്ടമാണ്.

ഈയൊരു പശ്ചാത്തലത്തിൽ, പൊതു-സ്വകാര്യവിഭജനങ്ങൾക്കിടയിൽ കല്പിക്കപ്പെടുന്ന ഉറച്ച ദ്വന്ദ്വങ്ങളെ നിരസിക്കുന്ന ഒന്നായി സൈബറിടത്തെ സൈദ്ധാന്തികമായി വായിക്കുന്നത് പ്രസക്തമായിരിക്കും. മേല്‌ക്കോയ്മാ പ്രത്യയശാസ്ത്രങ്ങളെയും അധികാരശ്രേണികളെയും അട്ടിമറിക്കുന്ന അർത്ഥങ്ങൾ നിർമ്മിക്കുകയും അവയ്ക്കിടംനല്കുകയും ചെയ്യുന്നതിലൂടെ ഒരു മൂന്നാമിടത്തിന്റെ അവബോധം സൃഷ്ടിക്കുന്ന ഒന്നാണ് സൈബറിടങ്ങൾ. വ്യവസ്ഥാപിതമായ ലിംഗഭേദ ദ്വന്ദ്വങ്ങൾക്കു പുറത്തുനില്ക്കുന്ന ശരീരങ്ങളെയും ലൈംഗികതകളെയും പ്രതിനിധാനം ചെയ്യുന്നതിനുതകുന്ന പുരോഗമനപരമായ ഒരു വീക്ഷണം നിർമ്മിക്കാൻ സൈബറിടങ്ങൾ സഹായിക്കും. ഫേസ്ബുക്ക്, ട്വിറ്റർ, ബ്ലോഗുകൾ എന്നീ ഇടങ്ങൾ വികാരത്തെത്തന്നെ ശാരീരീകമായ ചെറുത്തുനില്പിന്റെ ഭാഗമായി തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നുവെന്നതും പ്രധാനമാണ്. സംഘടിതാവബോധത്തിന്റെ ഭാഗമാവുന്ന തരം കൂട്ടായ്മകളെ നിർമ്മിക്കാൻ ഇത്തരമിടങ്ങൾക്കാവും. പൊതു-സ്വകാര്യവിഭജനങ്ങളെ മറികടക്കുകയും അത്തരം അസ്വാഭാവിക വിഭജനങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ ചോദ്യംചെയ്യുകയും ചെയ്യുന്ന കൂട്ടായ്മകൾ അവിടെയുണ്ടാകും --തുല്യതയിലൂന്നിയ സാമൂഹികബന്ധങ്ങൾക്കായി വ്യവഹാരങ്ങളും പ്രകടനങ്ങളും നിർമ്മിക്കുന്ന കൂട്ടായ്മകൾ.

ഡോണ ഹാരവേയും സൂസൻ ബോർഡോയും

ചരിത്രപരവും സാംസ്‌കാരികവുമായ ആധിപത്യങ്ങൾ സൃഷ്ടിച്ച ദ്വന്ദങ്ങൾക്കപ്പുറത്തേയ്ക്ക് അറിവുകളെയും പ്രക്രിയകളെയും കൊണ്ടുപോകാൻ പ്രാപ്തമാണ് സൈബർ പൊതുമണ്ഡലമെന്ന സങ്കല്പം. മനസ്സും ശരീരവും തമ്മിലുള്ള വിഭജനത്തെ തിരുത്തിയെഴുതിയ സൂസൻ ബോർഡോയുടെ (Susan Bordo) നിരീക്ഷണങ്ങൾപോലെയോ സാങ്കേതികതയും ജൈവികതയും തമ്മിലുള്ള അതിർവരമ്പുകളെ വെല്ലുവിളിച്ച ഡോണ ഹാരവേയുടെ (Donna J. Haraway) ആശയങ്ങൾപോലെയോ ആണിത്. ഇതിന്റെ മറുവശത്ത്, പൂർവ്വാധികം ശക്തമായ നിരീക്ഷണവ്യവസ്ഥകളും, ഓൺലൈൻ-ഓഫ്‌ലൈൻ മർദ്ദനതന്ത്രങ്ങൾ സ്വയം കൈയ്യേല്ക്കുന്നവരും ഇത്തരം നെറ്റ് വർക്ക് ചെയ്യപ്പെട്ട സമൂഹങ്ങളിൽ ഉണ്ടായിവരുന്നു.

പുരുഷമേധാവിത്വഘടനകളുടെ ആധിപത്യം വെർച്വൽ പൊതുമണ്ഡലത്തിലേയ്ക്കും കടന്നുകയറുന്നത് നമുക്കിന്നു കാണാൻ കഴിയും. ഓഫ്‌ലൈൻ അധികാരശ്രേണികളായ വർഗ്ഗം, ലിംഗഭേദം തുടങ്ങിയവയുടെ പ്രതിഫലനം ഓൺലൈനിലും എഴുതപ്പെട്ടു കഴിഞ്ഞതായി നമുക്കുകാണാം. ഭാവിയിലെ സാങ്കേതികവിദ്യകൾ അധികാരശ്രേണികളെ നിലംപറ്റിച്ചേക്കാമെന്ന, മാർഷൽ മക്ലൂഹന്റെ 1960കളിലെ പ്രവചനം പൂർണ്ണമായും യാഥാർത്ഥ്യമായിട്ടില്ല. ഡിജിറ്റൽ പൊതുമണ്ഡലത്തിന് പല പ്രയോജനങ്ങളും ഉണ്ടായിരിക്കെത്തന്നെ ഡിജിറ്റൽ വിഭജനം അതിൽ പ്രതിഫലിച്ചേക്കാമെന്നും വരേണ്യ ചർച്ചകളിലേക്ക് അത് നയിച്ചേക്കാമെന്നും ഉള്ള വസ്തുത നാമിന്ന് തിരിച്ചറിയുന്നു.

സൈബർ ലോകം നല്കുന്ന ചലനാത്മകതകളെപ്പറ്റിയും, ജനാധിപത്യവത്കരണം സാധ്യമാക്കാനുള്ള അതിന്റെ ശക്തിയെപ്പറ്റിയുമൊക്കെ നാം വാചാലരാകുമ്പോൾപ്പോലും ഓർക്കേണ്ട മറ്റു ചിലതുണ്ട്. ഡിജിറ്റൽ പൊതുമണ്ഡലത്തെ പുരുഷമേധാവിത്വപരവും വരേണ്യവുമാക്കി നിലനിർത്താൻ പലശ്രമങ്ങളും നടക്കുന്നുണ്ട്. ഹിംസയുടെയും അധികാരത്തിന്റെയും ശക്തികൾ അത്തരമൊരു മണ്ഡലത്തിന്റെ പ്രവർത്തനത്തെത്തന്നെ അട്ടിമറിക്കാൻ സാധ്യതയുണ്ട്. വിമർശത്തിന്റെയും വിയോജിപ്പിന്റെയും ഏതുശ്രമങ്ങളും പുതുനിരീക്ഷണവ്യവസ്ഥകൾക്കും സൈബർ ഫാസിസത്തിനും വിധേയമാക്കപ്പെടുന്നുമുണ്ട്. ഇതിനോടു ചേർന്നാണ് ഇന്നത്തെ ഡിജിറ്റൽ ഇടങ്ങളിലുയർന്നുവരുന്ന രാഷ്ട്രീയാവഹേളനത്തിന്റെ സംസ്‌കാരത്തെയും നാം ചർച്ചയ്ക്കു വിധേയമാക്കേണ്ടത്.

കേരളത്തിലെ സോഷ്യൽ മാധ്യമ ഇടങ്ങളിൽ കണ്ടുവരുന്നൊരു പ്രവണതയാണ് അന്യരുടെ അഭിപ്രായങ്ങളുടെയും അവകാശങ്ങളുടെയും വിധികർത്താക്കളായി ചിലർ സ്വയം മാറുന്നുവെന്നതും അവർ അപരരെ താറടിച്ചുകൊണ്ട് സംസാരിക്കാൻ മുതിരുന്നുവെന്നതും. സമാനാഭിപ്രായക്കാരുടെ സമുദായങ്ങൾ സൃഷ്ടിക്കാൻ ഇന്റർനെറ്റിനു കഴിയും, എന്നാൽ അവ അന്യോന്യം പ്രകോപിപ്പിക്കുന്ന സമൂഹങ്ങളുമാവാം. ഇന്റർനെറ്റിലെ വിദ്വേഷഭാഷണങ്ങളുടെ വളർച്ചയെ ഭാഗികമായെങ്കിലും വിശദീകരിക്കുന്ന ഒരു ഘടകമാണ് ഇത്. മറ്റൊരു ഘടകമാണ് ഇന്റർനെറ്റ് സാധ്യമാക്കുന്ന പേരില്ലായ്മയുടെ മറ. മനുഷ്യർ മുഖാമുഖം കാണുന്ന സന്ദർഭങ്ങളിൽ സ്വാഭാവികമായും പറയാൻ മടിക്കുന്നതരം ചർച്ചകൾ തുടങ്ങിവയ്ക്കാൻ പേരില്ലായ്മയുടെ ഇടങ്ങളിൽ നിന്നുകൊണ്ടു കഴിയും. അന്യരുടെ വികാരങ്ങളെ മാനിക്കാത്തതരം ഭാഷാപ്രയോഗങ്ങൾക്കും ഇന്റർനെറ്റ് അനുവാദം നല്കുന്നു. ഒരാൾക്ക്, തന്റെ ഭയങ്ങളെയും ആശങ്കകളെയും സുരക്ഷിതമായിരുന്നു പ്രകടിപ്പിക്കാവുന്ന ഒരു കൊച്ചുമുറിയുടെ പ്രതീതിയാണ് ഇന്റർനെറ്റ് ഉളവാക്കുന്നത്. ഇത്തരത്തിൽ അപരരെ അധിക്ഷേപിക്കാനുള്ള ധാർമ്മികാവകാശം അവർക്കെവിടെനിന്നു ലഭിക്കുന്നു എന്നത് പൗരസമൂഹം ഇടപെട്ടു ചോദിക്കേണ്ട ചോദ്യമാണ്. ഭൗതിക ഇടത്തിൽനിന്നുകൊണ്ട് അന്യരെ പുലഭ്യം പറയാൻ മുതിർന്നാൽ ഒരുപക്ഷേ അതിനുനേരെ നടപടിയെടുക്കപ്പെടുമെന്നും, എന്നാലൊരു ഡിജിറ്റൽ ഇടത്തിൽ അതിനുള്ള സാധ്യത കുറവാണെന്ന ഇതിന്റെ കാരണം. ഭൗതികസ്ഥലങ്ങളിൽ തങ്ങളുടെ വിദ്വേഷം വിളമ്പാൻ പറ്റാത്തവർക്ക് ഇത്തരത്തിൽ ചേക്കേറാനും മറ്റുള്ളവരുടെ വിധികർത്താക്കളാകാനും അന്യരെപ്പറ്റി ഹീനമായ തരത്തിൽ അഭിപ്രായങ്ങളുന്നയിക്കാനുമുള്ള അവകാശവും അധികാരവുമുള്ള ഇടങ്ങളാണോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നു നമ്മൾ ഇനിയെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു.

സ്ത്രീകളുടെ വ്യതിരിക്താനുഭവങ്ങളുടെ ആഖ്യാനവത്കരണം പ്രോത്സാഹിപ്പിക്കുന്ന ചർച്ചാവേദികൾ മലയാളികളുടെ ഡിജിറ്റൽ പൊതുമണ്ഡലത്തിനകത്ത് തീർച്ചയായും സ്ഥിതിചെയ്യുന്നുണ്ട്. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും നിലനിന്നിരുന്ന ലിംഗഭേദത്തിൽ അധിഷ്ഠിതമായ മലയാളി പൊതുമണ്ഡലത്തിലെ ചില പിന്തിരിപ്പൻ വാദങ്ങളും ധാരണകളും ഇവിടെയും പുനർജനിക്കുന്നത് നമുക്കു കാണാനാകും. അക്കാലങ്ങളിലെ ആനുകാലികങ്ങളിൽ സ്ത്രീവിദ്യാഭ്യാസം, സ്ത്രീധർമ്മം എന്നിങ്ങനെയുള്ള പേരുകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും കർത്തവ്യങ്ങളെും ചുമതലകളെയുംപറ്റിയുള്ള പല ആഖ്യാനങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നത് ജാതിവ്യവസ്ഥയിലും പുരുഷാധിപത്യത്തിലും അധിഷ്ഠിതമായ ആദർശകുടുംബങ്ങൾ കെട്ടിപ്പടുക്കുന്നതിന് അവ എങ്ങനെ സഹായകമാവുമെന്നു കാണിച്ചുകൊണ്ടാണ്. 1899ലെ വിദ്യാവിനോദിനിയിൽ (വാല്യം 1 ലക്കം 6) വന്ന സ്ത്രീവിദ്യാഭ്യാസം എന്ന ലേഖനം ഒരുദാഹരണമാണ്. ""നമ്മുടെ സ്ത്രീക''ളെ അറിവുള്ള അമ്മമാരും നല്ല ഭാര്യമാരുമാക്കി വാർത്തെടുക്കാനുതകുന്ന രീതിയിലാണ് അവരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതെന്ന് ആ ലേഖനം സ്ഥാപിക്കുന്നു. കൂടാതെ, ആഭരണത്തോടുള്ള ഭ്രമം കൈവെടിയാൻ വിദ്യാഭ്യാസം ഒരു സ്ത്രീയെ സഹായിക്കുമെന്നും അവളുടെ ഭൗതികാഗ്രഹങ്ങൾ കുടുംബത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കില്ലെന്നുറപ്പുവരുത്താൻ ഇതുവഴി കഴിയുമെന്നും ലേഖനം സൂചിപ്പിക്കുന്നു. ലേഖനത്തിലുടനീളം ""നമ്മൾ,'' ''നമ്മുടെ'' എന്നീ പദങ്ങൾ സൂചിപ്പിക്കുന്നത് വിദ്യാഭ്യാസം നേടിയ പുരുഷഭൂരിപക്ഷത്തെയാണ്.

പുരുഷന്മാരുടെ പ്രയത്‌നങ്ങളിലും പുരോഗമനേച്ഛയിലും ആശ്രയിച്ചുനില്ക്കുന്നതാണ് സ്ത്രീകളുടെ ബൗദ്ധികാഭിലാഷങ്ങളും നേട്ടങ്ങളും എന്നു സ്ഥാപിക്കുന്നതും, അതിനാൽതന്നെ സ്ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടതും നടപ്പിൽവരുത്തേണ്ടതും ഈ പുരുഷഭൂരിപക്ഷമാണെന്ന ധാരണയിൽ അടിയുറച്ചതുമായ ഒരു മൗനാഭ്യർത്ഥനയാണ് ഈ ലേഖനം മുന്നോട്ടുവയ്ക്കുന്നത്. ഒരുനൂറ്റാണ്ടിനിപ്പുറത്ത്, ലിംഗഭേദത്തിലധിഷ്ഠിതമായ ഇത്തരം ധാരണകളുടെ പുതുരൂപങ്ങൾ ഇന്നത്തെ വെർച്വൽ പൊതുമണ്ഡലത്തിൽ നമുക്കു കാണാൻകഴിയും. വിഷലിപ്തമായ രണ്ടു പരസ്പരബന്ധിത വ്യവഹാരങ്ങളിൽനിന്നും ഇതു വ്യക്തമാകുന്നു: (1) സ്ത്രീകളുടെ വർദ്ധിക്കുന്ന ബൗദ്ധിക നേട്ടങ്ങളും യോഗ്യതകളും പുരുഷ/പൗരുഷശക്തികൾക്ക് ചാർത്തിക്കൊടുക്കുന്നതരം വാദങ്ങൾ. (2) ഒരു സ്ത്രീ ഫെമിനിസ്റ്റിന്റെ നിലപാടുകളെ ഒരു രാഷ്ട്രീയസ്വത്വത്തിലേയ്ക്കു മാത്രമായി ചുരുക്കുന്ന പ്രവണത. ഉറച്ചശബ്ദത്തിൽ തന്റെ നിലപാടുകൾ പ്രഖ്യാപിക്കുന്ന ഒരു സ്ത്രീ അക്കാദമിക്കിനു ലഭിക്കുന്ന രാഷ്ട്രീയ പിൻതുണകളിലേയ്ക്കു മാത്രം ഡിജിറ്റൽ ഇടങ്ങളിലെ വിമർശനാത്മക ചർച്ചകൾ ചുരുങ്ങുമ്പോഴും, അവരുടെ എല്ലാനേട്ടങ്ങളെയും ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിയുടെ ബ്രാക്കറ്റിനുള്ളിലേയ്ക്ക് ഒതുക്കുമ്പോഴും പ്രതിലോമപരമായ ഒരു പ്രത്യയശാസ്ത്രമാണ് അവിടെ ജന്മമെടുക്കുന്നത്. ‌സ്ത്രീകളുടെ അനന്യവും വ്യക്തിഗതവും വ്യതിരിക്തവുമായ അനുഭവങ്ങളെ ചർച്ചാവേദിയ്ക്കുള്ളിൽനിന്നും നിശ്ശബ്ദമാക്കാൻ പണ്ടൊരിക്കൽ ശ്രമിച്ചിരുന്ന ലിംഗഭേദ ഘടനകളുടെ പുനർജനനമാണ് അവിടെ സംഭവിക്കുന്നത്. സ്ത്രീയായ ഒരു ചർച്ചാപങ്കാളിയുടെ നിലപാടുകളുടെ രാഷ്ട്രീയവും വിമർശനാത്മകവുമായ സൂക്ഷ്മതകളെ പാടേ മായ്ച്ചുകളയുന്നതിനാണ് ഈ വിഷമയമായ സംസ്‌കാരം ശ്രമിക്കുന്നത്. ഈയൊരു വഴിത്തിരിവിലെത്തുമ്പോഴാണ് ഒരു ഡിജിറ്റൽ പൊതുമണ്ഡലത്തിനകത്തെ ബോഡി ഷെയ്മിംഗ് അഥവാ ശാരീരികാധിക്ഷേപത്തിന്റെ സംസ്‌കാരം രൂക്ഷമായ ബൗദ്ധികാധിക്ഷേപത്തിലേയ്ക്ക് രൂപംമാറുന്നത്. വെർച്വൽ ചർച്ചാവേദികൾക്കകത്ത് ഫെമിനിസത്തിന്റെ രാഷ്ട്രീയമാനങ്ങളെ അമ്പേ തുടച്ചുനീക്കുന്നതാണ് ഇത്. ഒരു സ്ത്രീ ഫെമിനിസ്റ്റിന്റെ ചിന്താശേഷിയും പുരോഗമനപരമായ നിലപാടുകളും സ്ത്രീശാക്തീകരണത്തിനായുള്ള വാദങ്ങളും പൗരുഷ/പുരുഷമേധാവിത്വപരമായ രാഷ്ട്രീയശക്തികളാൽ രൂപപ്പെടുത്തപ്പെട്ട ഒന്നാണെന്നു പറയാൻ ശ്രമിക്കുന്നത് എത്രമാത്രം ഹീനവും പ്രതിലോമകരവുമാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

ഒരു സ്ത്രീ പൊതുമണ്ഡലത്തിലേയ്ക്കു പ്രവേശിക്കുന്നത് പലതരം ത്യാഗങ്ങളുടെയും സഹനങ്ങളുടെയും ഫലമായിട്ടാണ്. ഇത്തരത്തിൽ അവിടെയെത്തുന്നൊരു സ്ത്രീയെ നിശ്ശബ്ദയാക്കാൻ ശ്രമിക്കുന്ന, "അവൾ തിരിച്ചു വീട്ടിലേയ്ക്കുപോകട്ടെ, എഴുതാതിരിക്കട്ടെ, സംസാരിക്കാതിരിക്കട്ടെ' എന്നു ശാസിക്കുന്ന തരം സ്ത്രീവിരുദ്ധതയുടെ ഇടമായി അതുമാറുമ്പോൾ, ഭാഷാപരവും പ്രതീകാത്മകവുമായ ഹിംസകൾ അവളുടെമുകളിൽ അടിച്ചേല്പ്പിക്കപ്പെടുമ്പോൾ, അവളുടെ ശബ്ദത്തെ എല്ലാത്തരത്തിലും നിരാകരിക്കാനുള്ള ശ്രമംകൂടിയാണ് ഈ ഹിംസാത്മകതയിൽ നാം കാണുന്നത്. ഇത്തരത്തിൽ പൊതുമണ്ഡലത്തിൽ പ്രവേശിക്കാൻ ധൈര്യപ്പെടുന്നൊരു സ്ത്രീയെ എങ്ങനെയെല്ലാമാണ് നിരാലംബയും നിശ്ശബ്ദയുമാക്കി മാറ്റുന്നത് എന്നതിന്റെ പാഠങ്ങൾ ഇന്നത്തെ മലയാളി ഡിജിറ്റൽ ഇടങ്ങളിൽ നമുക്ക് കാണാൻ കഴിയും.

ഫെമിനിസത്തെത്തന്നെ നിരാകരിക്കുന്ന ഒരു സമൂഹത്തിൽ താനൊരു ഫെമിനിസ്റ്റാണെന്ന് തന്റേടത്തോടെ പറയുന്ന ഒരു സ്ത്രീയ്ക്കുപോലും ഈ ഗതികേടു വരുമ്പോൾ, ആദ്യമായി പ്രതികരിച്ചു തുടങ്ങുന്ന സ്ത്രീകൾക്ക് ഇതെന്തുതരം പാഠങ്ങളായിരിക്കും നല്കുക? ദലിതരെയും ലൈംഗികന്യൂനപക്ഷങ്ങളെയും ട്രാൻസ്‌ജെൻഡർ വ്യക്തികളെയുംപോലെ പാർശ്വവത്കരിക്കപ്പെട്ട മറ്റു സമൂഹങ്ങൾക്കും ഇതു ബാധകമാണ് എന്നുകൂടി നാം ഓർക്കേണ്ടിയിരിക്കുന്നു.

ഒരു ഉദാഹരണം പറഞ്ഞാൽ ഒരു സ്ത്രീ അക്കാദമിക്കിനെ ഒരു രാഷ്ട്രീയപ്പാർട്ടിയോടു ചേർത്തുനിർത്തി ഉയർത്തിക്കാട്ടുന്നത്, അവർ അന്നുവരെ ജീവിതത്തിൽ നേടിയ എല്ലാ അക്കാദമിക, ധൈഷണികനേട്ടങ്ങളും രാഷ്ട്രീയബന്ധങ്ങൾ വഴിമാത്രം ലഭിച്ചതാണെന്നു സ്ഥാപിച്ചെടുക്കുവാൻ കൂടിയുള്ള ശ്രമമാണ്. പാർട്ടികൾക്കോ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സ്വാധീനംവഴി നേടിയെടുക്കാവുന്ന നേട്ടങ്ങളല്ല ഇത് എന്ന വസ്തുത പലപ്പോഴും ഈ ആരോപണങ്ങളുന്നയിക്കുന്നവർക്കുതന്നെ ഉത്തമബോധ്യമുള്ള ഒന്നായിരിക്കാം. എന്നാൽപ്പോലും ഇത്തരത്തിൽ അവരുടെ യോഗ്യതകളെ ചുരുക്കാനും സത്താവാദപരമായ കാഴ്ചപ്പാടുകളിലേയ്ക്ക് അവരെ ഒതുക്കാനും ഒരു പ്രത്യേക രാഷ്ട്രീയസ്വത്വത്തിലേയ്ക്ക് അവരെ ന്യൂനീകരിക്കാനും എളുപ്പമായിത്തീരുന്നു. ബോഡി ഷെയ്മിംഗ് പോലെതന്നെ അപലപനീയമായ, പൊളിറ്റക്കൽ ഷെയ്മിംഗ് അഥവാ രാഷ്ട്രീയാവഹേളനം എന്ന ഒരു സംസ്‌കാരം വളർന്നുവരുന്നതിലേയ്ക്കാണ് ഇത്തരം പ്രവണതകൾ വിരൽചൂണ്ടുന്നത്. ഇവരൊരു കമ്മിയാണെന്നോ സംഘിയാണെന്നോ സുഡാപ്പിയാണെന്നോ ഒക്കെ പറയുന്നതുവഴി അവർ ഒരു ചിന്തകയോ ഗവേഷകയോ അല്ല, മറിച്ച് രാഷ്ട്രീയപ്പാർട്ടികളുടെ ഉച്ചഭാഷിണി മാത്രമാണ് എന്ന ഒരു ചുരുക്കൽ വളരെ എളുപ്പത്തിൽ സാധ്യമാണ്. ഇതൊരു തരം മൈക്രോഫാസിസം അഥവാ സൂക്ഷ്മഫാസിസം തന്നെയാണ്. ഫാസിസത്തെപ്പറ്റി സംസാരിക്കാൻ മലയാളികൾക്കിഷ്ടമാണ്. പക്ഷേ തങ്ങളുടെ വ്യക്തിഗതസംഭാഷണത്തിൽ കടന്നുവരുന്ന ഫാസിസത്തിന്റെ സൂക്ഷ്മപ്രവർത്തനങ്ങളെ കാണാൻ അവർക്കു കഴിയുന്നില്ല.

ദെല്യൂസും ഗത്താരിയും

ദെല്യൂസ്, ഗത്താരി (Gilles Deleuze, Félix Guattari) എന്നീ ചിന്തകർ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഫാസിസമെന്നത് പുറത്തുനിന്നു വരുന്ന ഒന്നല്ല, മറിച്ച് നമ്മുടെതന്നെ ആഗ്രഹങ്ങളുടെ ഘടനയ്ക്കുള്ളിൽ അടങ്ങിയിരിക്കുന്ന ഒന്നാണ്. നമ്മുടെ ഡിജിറ്റൽ ഇടങ്ങളിൽ ഫാസിസത്തിന്റെ പുതുരൂപങ്ങൾ അവതരിച്ചു തുടങ്ങിയിരിക്കുന്നു. ഫാസിസത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് നമ്മുടെതന്നെ ഉള്ളിലുള്ള ഫാസിസ്റ്റിനെ, നമ്മൾതന്നെ പരിപോഷിപ്പിച്ചു നിലനിർത്തുന്ന ഒരു ഫാസിസ്റ്റിനെ, കാണാതെപോകാനെളുപ്പമാണ്.

പലപ്പോഴും പൊളിറ്റിക്കൽ ഷെയ്മിംഗിന്റെ അന്തർധാരകളിലൊന്നായി സ്ലട്ട്-ഷെയ്മിംഗ് അഥവാ ലൈംഗികാധിക്ഷേപവും നിലനില്ക്കുന്നുവെന്നു പറയേണ്ടിവരും. ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിയുടെ ഭാഗമായി മാത്രമേ ഒരു സ്ത്രീയ്ക്ക് നിലകൊള്ളാനാകൂ എന്നു പറയുമ്പോൾ ആ പാർട്ടിയുടെ പുരുഷനിയന്ത്രിത ധൈഷണികവേദികൾക്ക് സ്വയം അടിയറവെച്ചവളും അതിനാൽ പരുവപ്പെടുത്തപ്പെട്ടവളുമാണ് ആ സ്ത്രീ എന്ന സൂചന ഇത്തരം വാദങ്ങളുടെ ഉപപാഠങ്ങളിലൊന്നായി നമുക്കു കാണാൻ കഴിയും. രീതീകളും വാക്കുകളും വ്യത്യസ്തമാണെങ്കിലും സ്ലട്ട്-ഷെയ്മിംഗിന്റെ മറ്റൊരു രൂപമാണ് ഈ വാദമുഖങ്ങളെന്നു പറയേണ്ടിവരും. പാർട്ടി അധിഷ്ഠിതമായ ചിന്താഗതികൾക്ക് തന്റെ ധിഷണയെയും നിലപാടുകളെയും അടിയറവെച്ചവളാണ് രാഷ്ട്രീയധാരകളോടു ചേർന്നുനില്ക്കുന്ന സ്ത്രീകൾ എന്ന ധ്വനിയാണ് രാഷ്ട്രീയാവഹേളനത്തിൽ കാണാൻ കഴിയുന്നത്. ഇതു സ്ത്രീപുരുഷ ഭേദമെന്യെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കാണുന്ന ഒരു പ്രവണതയാണ്. ഫെമിനിച്ചി പോലുള്ള ഒരു പദത്തെ അതുദ്ദേശിച്ച അപമാനകരമായ പശ്ചാത്തലത്തിൽ നിന്നും വീണ്ടെടുത്ത് രാഷ്ട്രീയബോധത്തോടെ തിരിച്ചുപ്രയോഗിക്കാൻ കഴിഞ്ഞവരാണ് കേരളത്തിലെ സ്ത്രീകൾ. ആ വാക്ക് ലക്ഷ്യംവയ്ക്കുന്ന അർത്ഥങ്ങളെ അട്ടിമറിച്ചുകൊണ്ട് അതിനെ രാഷ്ട്രീയമായി വീണ്ടെടുക്കുകയും, പുരുഷാധിപത്യവ്യവസ്ഥകളിൽനിന്നുള്ള സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിമോചനങ്ങൾ സൂചിപ്പിക്കുന്ന ഒന്നായി അതിനെ മാറ്റുകയും ചെയ്തവർ. എന്നാൽ ഇന്നും സ്ത്രീകളുൾപ്പെടെ പലരും വിഷലിപ്ത പൗരുഷം വമിക്കുന്ന പദപ്രയോഗങ്ങൾ ചർച്ചാവേദികളിൽ വീണ്ടും വീണ്ടും ഉപയോഗിക്കുന്നു എന്നത് നമ്മുടെ കുടിലമനസ്സുകൾക്കുനേരെ പിടിച്ച കണ്ണാടിയാണ്.
അപരരെ ധ്വംസിക്കുന്ന തരത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങളെ സാധൂകരിക്കാൻ ഒരാൾക്ക് യാതൊരു തെളിവും നിരത്തേണ്ടി വരുന്നില്ല എന്നതാണ് രാഷ്ട്രീയാവഹേളനസംസ്‌കാരത്തിന്റെ മറ്റൊരുവശം. നിയമപരമായി അപകീർത്തികരമെന്നു വിളിക്കപ്പെടാവുന്ന ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവർ, തെളിവുകൾ നിരത്തേണ്ട ബാധ്യതയെ പൂർണ്ണമായി കൈയ്യൊഴിയുന്നവരാണ്. ഏതെങ്കിലുമൊരു സന്ദർഭത്തിലോ വിഷയത്തിലോ ഒരു വ്യക്തി എടുക്കുന്ന കാഴ്ചപ്പാടിനെമാത്രം മുൻനിർത്തി, അവരിതുവരെ ചെയ്തതും ചെയ്യാനിരിക്കുന്നതുമായ എല്ലാത്തിനെയും ആ കാഴ്ചപ്പാടിലേയ്ക്കു മാത്രം ചുരുക്കുന്നവരാണിവർ. ഒരു വ്യക്തിയുടെ ധൈഷണികനേട്ടങ്ങളെ പൊതുസമൂഹത്തിന്റെ കണ്ണിൽൽനിന്നും തമസ്‌കരിക്കാൻ ഒരു വരി മാത്രം മതിയെന്നു തിരിച്ചറിഞ്ഞ്, കരുതിക്കൂട്ടി, അങ്ങേയറ്റം ഹിംസാത്മകമായി, വിദ്വേഷത്തോടെയും പകയോടെയും ചെയ്യുന്ന ഒന്നാണ് ഇന്നു കേരളത്തിൽ പൊളിറ്റിക്കൽ ഷെയ്മിംഗ്.

ഒരിക്കൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നിലപാടിനോട് ചേർന്നുനിന്ന ഒരു വ്യക്തിയ്ക്ക് പിന്നീടൊരിക്കലും ആ പാർട്ടിയുടെ മറ്റുനിലപാടുകളെ എതിർക്കാനോ അതിനോടു ക്രിയാത്മകമായി വിയോജിക്കാനോ കഴിയില്ലെന്ന അനുമാനം ഇതിന്റെ ഭാഗമാണ്. ഒരു വ്യക്തിയെ സമയത്തിൽ ഉറഞ്ഞുപോവുന്ന ഒന്നായി കാണുകയും അവരുടെ സജീവകർതൃത്വത്തെ ഭീഷണിയിലൂടെ ഇല്ലാതാക്കുകയും ചെയ്യുന്നവയാണ് ഇത്തരം വായനകൾ. ഒരു വ്യക്തിയെ ഇത്തരത്തിൽ ചുരുക്കാനാവില്ലെന്നും ഒരു വ്യക്തിയെന്നാൽ എപ്പോഴും പരിണമിക്കുന്ന അഥവാ പുതുക്കപ്പെടുന്ന ഒരു പ്രക്രിയയാണെന്നുമുള്ള തത്വം ഇന്നത്തെ അക്കാദമികസമൂഹങ്ങളിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ എല്ലാത്തരം അക്കാദമികധാരണകൾക്കും രാഷ്ട്രീയ ഔചിത്യങ്ങൾക്കും എതിരാണ് ഇത്തരം നിലപാടുകൾ. ഒരു വിഷയത്തിൽ താൻ പിന്തുണച്ച രാഷ്ട്രീയധാരയെ മറ്റൊരു വിഷയത്തിൽ വിമർശിക്കാൻ കഴിയാത്തവരായി ചിന്തകരെ മുദ്രകുത്തുന്നതോടെ, ഇനിയൊരിക്കലും പുതുക്കപ്പെടാനോ മാറാനോ സാധ്യതയില്ലാത്ത, പൂർണ്ണതയിലെത്തിയ ഒരു സത്തയായി അഥവാ ഉത്പന്നമായി വ്യക്തിയെ ചുരുക്കിക്കാണുകയാണ് ഈ നിലപാടെടുക്കുന്നവർ ചെയ്യുന്നത്. ബോഡി ഷെയ്മിംഗ് പോലെത്തന്നെ അപലപനീയമാണ് പൊളിറ്റിക്കൽ ബുള്ളിയിംഗും ഷെയ്മിംഗും ഉൾച്ചേർന്ന ഇത്തരം രാഷ്ട്രീയാവഹേളനങ്ങളുടെ സംസ്‌കാരം.വിദ്വേഷഭാഷണം ഹിംസാത്മകമായ ഒരു പ്രകടനമാണ്, സ്വന്തം സാങ്കല്പികശ്രേഷ്ഠതയെ താങ്ങിനിർത്തുകയും അതേസമയം അപരരുടെ നേട്ടങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്ന അധികാരത്തിന്റെ ഒരു ചെയ്തി. വിദ്വേഷഭാഷണങ്ങൾ ഇത്തരത്തിൽ ഭാഷയെയും അധികാരബന്ധങ്ങളെയും പ്രകടനാത്മകമായി ഉപയോഗപ്പെടുത്തുന്നവയാണ്.

ഉത്തേജിപ്പിക്കാവുന്ന ഭാഷണം (Excitable Speech, 1997) എന്ന പുസ്തകത്തിൽ ഫെമിനിസ്റ്റ് തത്വചിന്തകയായ ജൂഡിത്ത് ബട്ട്‌ലർ (Judith Butler) വിദ്വേഷഭാഷണത്തെ വിളിക്കുന്നത് ഭാഷാപരമായ മുറിവ് (a linguistic injury) എന്നാണ്. ""ഒരു പേരിനാൽ വിളിക്കപ്പെടുക എന്നതാണ് ഒരാൾ ആദ്യമായി പരിചയപ്പെടുന്ന ഭാഷാപരമായ മുറിവുകളിലൊന്ന്.'' ബട്ട്‌ലർ ഈ ആശയങ്ങൾ കടമെടുക്കുന്നത് മേരി മെറ്റ്‌സുഡയുടെ (Mary Matsuda) "മുറിവേല്പിക്കുന്ന വാക്കുകൾ'' (Words that Wound) എന്ന പുസ്തകത്തിൽ നിന്നാണ്. വിദ്വേഷഭാഷണങ്ങൾ പ്രകടനാത്മകമാണെന്ന സിസെക്കിന്റെ (Slavoj Žižek) ആശയത്തോടും ഇതു ചേർന്നുനില്ക്കുന്നു. ശ്രോതാക്കളുടെ മുകളിൽ പ്രവർത്തിക്കുന്ന ഒന്നു മാത്രമല്ല വിദ്വേഷഭാഷണം, മറിച്ച് അഭിസംബോധന ചെയ്യപ്പെടുന്നയാളുടെ സാമൂഹികനിലയെ രൂപപ്പെടുത്തുന്ന ഒന്നുംകൂടിയാണത്. കീഴ്ത്തട്ടിലുള്ളവരെ അടിച്ചമർത്തുന്ന ഒന്നാണ് ഇത്തരം ഭാഷണങ്ങൾ.

വിദ്വേഷഭാഷണത്തെ പ്രകടനാത്മകതാ പഠനങ്ങളുടെ (performative studies) കണ്ണിലൂടെ നോക്കുമ്പോൾ, അവിടെ നാം കാണുന്നത് പ്രകടനാത്മകമായ ഒരു പ്രക്രിയയെയാണ്: ഇരയെ വേദനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ആ വ്യക്തി ഇന്നതാണെന്ന് ഒരാൾ പ്രഖ്യാപിക്കുന്ന ഒരു പ്രവൃത്തി. വിദ്വേഷഭാഷണത്തിൽ ഉൾച്ചേർന്നിരിക്കുന്ന പ്രതീകാത്മകമായ ഹിംസ പ്രവർത്തിക്കുന്നത് ഭാഷയിലൂടെയാണ്. ദ്വേഷംനിറഞ്ഞ ഭാഷ അതിന്റെ ലക്ഷ്യത്തെ ഹിംസാത്മകമായി ലഘൂകരിക്കുകയും, താൻ ഉന്നംവയ്ക്കുന്ന വ്യക്തിയെപ്പറ്റിയുള്ള ഒരാളുടെ മുൻധാരണകളും കാഴ്ചപ്പാടുകളും മാത്രമായി ആ വ്യക്തിയെ ചുരുക്കുകയും ചെയ്യുന്നു.

വിദ്വേഷഭാഷണത്തെ വ്യക്തിഗതമായ ഒരു പ്രകടനം മാത്രമല്ല, മറിച്ച് പലപ്പോഴും "സാമുദായിക'മായ ഒരു പ്രകടനമായിക്കൂടി കാണാൻ കഴിയും. പ്രകടനം നിർവ്വഹിക്കുന്നയാളും സദസ്യരും തമ്മിലുള്ള അതിർവരമ്പുകൾ മായുന്ന സന്ദർഭങ്ങളിൽ പ്രത്യേകിച്ചും. സാമുദായികമായ ഒരു പ്രക്രിയയിലൂടെ ജനിക്കുന്ന ഒന്നാണ് പ്രകടനം. ഫേസ്ബുക്ക് പോസ്റ്റുകൾ ഒരുദാഹരണമാണ്. കാണികൾക്കു വേണ്ടിയുള്ള അല്ലെങ്കിൽ കാണികൾക്കു നേരേയുള്ള പ്രകടനങ്ങളായിത്തീരുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ പലപ്പോഴും ലൈക്കുകളും ഷെയറുകളും ലഭിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങളാൽ മെനഞ്ഞെടുത്തവയാവും. പലപ്പോഴും വൈകാരികതയിൽ പങ്കുചേരുന്ന സമൂഹങ്ങളെ വാർത്തെടുക്കുന്നവയുമാണ് അവ. ഇത്തരം ഹിംസാത്മകമായ പെരുമാറ്റത്തിനു പിന്നിലെ പ്രത്യയശാസ്ത്രത്തോടു യോജിക്കുന്ന, സമാനമനസ്സുള്ള ആരും അതിന്റെ ആസ്വാദകരുമാകാം. വെറുപ്പ് എന്ന ""സാമുദായിക'' പ്രതികരണത്തിൽ പങ്കുചേരുന്നവരാണവർ. നമ്മൾ ഒന്നിച്ചു വെറുക്കുകയും വെറുപ്പിലൂടെ ഒന്നാകുകയും ചെയ്യുന്നു. തങ്ങൾ പഠിച്ചെടുക്കുന്ന പെരുമാറ്റരീതികളെയും ധാരണകളെയും മനുഷ്യർ മറ്റുള്ളവരിലേയ്ക്കു പ്രതിഫലിപ്പിക്കുന്നത്

സാറ അഹ്മദ്

എങ്ങനെയെല്ലാമാണെന്നും, ഒരു വികാരം എങ്ങനെ മറ്റൊരുവികാരത്തിലേയ്ക്ക് നമ്മെ നയിക്കുന്നുവെന്നും 2004ൽ രചിക്കപ്പെട്ട വികാരാത്മക വിനിമയങ്ങൾ (Affective Economies, 2004) എന്ന ലേഖനത്തിൽ സാറ അഹ്മദ് (Sara Ahmed) പറയുന്നുണ്ട്. ഉദാഹരണമായി അവർ ഉയർത്തിക്കാട്ടുന്നത് ആര്യൻ നേഷൻസ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഒരു കുറിപ്പാണ്‌സ്വന്തം വംശവെറിയെയും വിദ്വേഷത്തെയും സാധൂകരിക്കാനായി തങ്ങളുടേത് വിദ്വേഷമല്ല, മറിച്ച് ദേശസ്‌നേഹമാണെന്ന് അവർ പ്രസ്താവിക്കുന്ന ഒരു കുറിപ്പ്. അഹ്മദിനെ സംബന്ധിച്ചിത്തോളം വെറുപ്പെന്ന വികാരം സാമ്പത്തികവും സാമൂഹികവുമായ ഒരു വിനിമയംകൂടിയാണ്. ഇവിടെ ഒരു വ്യക്തി സ്വന്തം അസ്തിത്വത്തെ ഭ്രമാത്മകമായ ഒരു തലത്തിലേയ്ക്ക് ഉയർത്തുകയും, ആ ഭ്രമത്തെ മുറിവേല്പ്പിക്കുന്ന ഒന്നായി അപരരെ കാണുകയും ചെയ്യുന്നു. വേദനയുടെ ഈ വ്യവഹാരത്തിനകത്ത്, അന്യരോടുള്ള വെറുപ്പ് അവർ പ്രകടനാത്മകമായി സാധൂകരിക്കാൻ ശ്രമിക്കുന്നു. വെറുപ്പിന്റെ ഈ രാഷ്ട്രീയത്തിലേർപ്പെടുമ്പോഴും മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുമ്പോഴും, തുല്യതാ വ്യവഹാരങ്ങൾക്കായി നിലകൊള്ളുന്നവരാണ് തങ്ങളെന്ന് ഇവർ സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്നതാണ് ഏറെ രസകരം.

സോഷ്യൽ മാധ്യമങ്ങളിലെ പല പ്രതികരണങ്ങളും യാതൊരു മടിയുമില്ലാതെ വാർപ്പുമാതൃകകളെ കരുതിക്കൂട്ടി സൃഷ്ടിക്കുന്നവയാണ്. പരസ്പര അവഹേളനങ്ങളുടെയും അപരരെ ബഹുമാനിക്കാത്ത ഭാഷണങ്ങളുടെയും ഇടമായി അതു മാറ്റുകയാണെങ്കിൽ ആ സമൂഹത്തെ പിന്നെയൊരു പൗരസമൂഹം എന്നു വിളിക്കാൻ പറ്റില്ല. അവിടെപ്പിന്നെ അധിവസിക്കുന്നതൊരു പൗരസമൂഹമല്ല. അവരവരുടെ അവകാശങ്ങൾക്കും അവരവർ ചെയ്യുന്ന ശരികൾക്കും വേണ്ടി വാദിക്കുന്ന ഒന്നായി അതു മാറും. അങ്ങിനെയെങ്കിൽ നാം വിഭാവനം ചെയ്യുന്ന ഒരു പൊതുമണ്ഡലത്തിന്റെ സ്വഭാവത്തിൽ നിന്ന് അതിന് ഏറെ വ്യത്യാസങ്ങൾ വരുമെന്നാണ് എനിക്കു തോന്നുന്നത്. മാധ്യമസംസ്‌കാരത്തെപ്പറ്റി വാതോരാതെ സംസാരിച്ചിരുന്നവരാണ് നമ്മൾ മലയാളികൾ. നമ്മളുംകൂടി, അഥവാ മുൻകാലത്തെ ശ്രോതാക്കളുംകൂടി പങ്കാളികളാകുന്നൊരു പുതിയതരം മാധ്യമസംസ്‌കാരത്തിലേക്ക് കേരളം ചുവടുമാറുന്ന ഈ കാലത്ത്, ആ സംസ്‌കാരം എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി നാമാലോചിക്കേണ്ടതാണ്. അപരരെ ബഹുമാനത്തോടെയോ, സഹിഷ്ണുതയോടെയോ, സമഭാവത്തോടെയോ, സഹാനുഭൂതിയോടെയോ സമീപിക്കാത്തൊരിടത്തു നിന്നുകൊണ്ട് എങ്ങിനെയാണ് നാമൊരു മാധ്യമസംസ്‌കാരത്തെപ്പറ്റി സംസാരിക്കുക? തിന്മയുടെ അതിസാധാരണത്വം (banality of evil) എന്ന് ഹന ആരെന്റും (Hannah Arendt) മറ്റും സൂചിപ്പിച്ചതുപോലെ, പൂപ്പലുപോലെ പടരുന്ന ഒരു തിന്മ ആവാതിരിക്കട്ടെ നമ്മുടെ ഡിജിറ്റൽ പൊതുമണ്ഡലത്തിലെ സൈബർ ബുള്ളിയിംഗ്.

മീന ടി.പിള്ളയുടെ മറ്റ് ലേഖനങ്ങൾ

ഡിജിറ്റൽ പൗരത്വം, ഡിജിറ്റൽ ജന്മിത്വം

പി കെ റോസിയുടെ ‘പെൺമക്കൾ’ഓൺലൈൻ ക്ലാസ്സ്മുറികളിൽ എത്തുമ്പോൾ

ഇത്​ ഒരു അധ്യാപികയുടെ വിലാപം മാത്രമായിരുന്നുവെങ്കിൽ

Works Cited:

Ahmed, Sara. "Affective Economies.' Social Text, vol. 22, no. 2, 2004, pp. 117-39.

Arendt, Hannah. Eichmann in Jerusalem: A Report on the Banality of Evil. Penguin, 2006.

Butler, Judith. Excitable Speech: A Politics of the Performative. Routledge, 1997.

Deleuze, Gilles, and Felix Guattari. Anti-Oedipus: Capitalism and Schizophrenia. U of Minnesotta P, 1983.

R. M. "Streevidyabhyasam.' Vidyavinodini, vol. 10, no. 6, 1899, pp. 206-211.

Zizek, Slavoj. Violence. Profile Books, 2008.

Comments