സുധ ഭരദ്വാജ്​

കാലാവസ്​ഥാ വ്യതിയാനം മരണമണി മുഴക്കുമ്പോൾ
ഗ്രാമങ്ങളിൽ സംഭവിക്കുന്നത്​

ആഗോളതലത്തിൽ കാലാവസ്​ഥാ പ്രതിസന്ധി രൂക്ഷമാകുകയും അത്​ പുതിയ പാർശ്വവൽകൃത വിഭാഗങ്ങളെ സൃഷ്​ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ കാലാവസ്​ഥാ വ്യതിയാനത്തെ ത്വരിതപ്പെടുത്തുന്ന ഇടപെടലുകളെക്കുറിച്ചും അവക്കെതിരായ ചെറുത്തുനിൽപ്പുകളെക്കുറിച്ചും സംഭാഷണം

കാലാവസ്ഥാ പ്രതിസന്ധി ലോകമെമ്പാടും രൂക്ഷമാകുകയാണ്. ഉയർന്ന ജനസാന്ദ്രത, നീണ്ട തീരപ്രദേശങ്ങൾ, കാർഷികമേഖലയിലെ വർദ്ധിച്ച ആശ്രിതത്വം, മൺസൂൺ ഗുണഭോക്താവ് എന്നീ നിലകളിൽ ഇന്ത്യയിൽ പ്രത്യേകിച്ചും. കൽക്കരി, മറ്റ് ഖനിജ ഇന്ധനങ്ങൾ എന്നിവയിൽ നിന്നുള്ള ന്യായമായ പരിവർത്തനം, ദുർബലരായ കർഷകരിൽ കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതം, സമത (equtiy) യിലൂന്നിയ വികസന പാത തുടങ്ങിയ വിഷയങ്ങൾ ഇവിടെ കൂടുതൽ അടിയന്തരമായി മാറുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ്​ ​ട്രേഡ്​ യൂണിയനിസ്റ്റും അഭിഭാഷകയുമായ സുധ ഭരദ്വാജുമായി നാഗരാജ് അഡ്വെ സംസാരിക്കുന്നത്​. സുധ ഭരദ്വാജ് മൂന്ന് പതിറ്റാണ്ടിലേറെയായി ​ട്രേഡ്​ യൂണിയൻ പ്രവർത്തക, അഭിഭാഷക, പൗരാവകാശ പ്രവർത്തക എന്നീ നിലകളിൽ ഛത്തീസ്​ഗഢ് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്നു. ഛത്തീസ്​ഗഢിനകത്തും പുറത്തുമുള്ള അടിസ്ഥാന യാഥാർത്ഥ്യങ്ങളെക്കുറിച്ച് അസാധാരണമായ അനുഭവാനമുള്ള വ്യക്തിയാണവർ.
അഡ്വെയുമായുള്ള അഭിമുഖത്തിൽ, ഭരദ്വാജ് ഈ പ്രശ്‌നങ്ങളെക്കുറിച്ചും ന്യായമായ പരിവർത്തനത്തിനിടയിൽ (just transition) നാം അഭിമുഖീകരിക്കേണ്ട വെല്ലുവിളികളെക്കുറിച്ചും വിശദീകരിക്കുന്നു.

നാഗരാജ് അഡ്വെ: യെർവാദ ജയിലിലായിരിക്കുമ്പോൾ, ആഗോളതാപനത്തെക്കുറിച്ചുള്ള നവോമി ക്ലൈനിന്റെ പുസ്തകം, ‘ദിസ് ചേഞ്ച്‌സ് എവരിതിംഗ്' ഹിന്ദിയിലേക്ക് താങ്കൾ വിവർത്തനം ചെയ്യാൻ തുടങ്ങി. എന്താണ് താങ്കളെ അതിന്‌ പ്രേരിപ്പിച്ചത്? ജയിലിലായിരിക്കുമ്പോൾ അത് ചെയ്യുന്നതിലെ വെല്ലുവിളികൾ എന്തായിരുന്നു?

സുധ ഭരദ്വാജ്​: ചുണ്ണാമ്പുകല്ല് ക്വാറികൾ, സിമൻറ്​ പ്ലാന്റുകൾ, വിശാലമായ കൽക്കരി ഖനികൾ, വൈദ്യുത നിലയങ്ങൾ അവയുടെ ചാര അണകൾ (ash dykes), കറുത്ത പൊടി വിതറുന്ന സ്പോഞ്ച് ഇരുമ്പ് പ്ലാന്റുകൾ, ഇരുമ്പയിര് കലർന്ന് ചുവന്നൊഴുകുന്ന നദികൾ എന്നിവ മൂലം ഛത്തീസ്​ഗഢിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക നാശത്തെക്കുറിച്ച് ഞാൻ എപ്പോഴും ആശങ്കാകുലയായിരുന്നു. ഒരു ട്രേഡ് യൂണിയനിസ്​റ്റ്​ എന്ന നിലയ്​ക്കും പിന്നീട് ഭൂമി ഏറ്റെടുക്കലിനെതിരെ പോരാടുന്ന ഭൂവുടമകളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകയെന്ന നിലയിലും ഞാൻ ഇവയെല്ലാം കൂടുതൽ അടുത്തുനിന്ന് നിരീക്ഷിച്ചിരുന്നു. പക്ഷേ, നോട്ടീസുകൾ, കോടതി കേസുകൾ, ജോലികൾ, പാരിസ്ഥിതിക കൂടിയാലോചനകൾ എന്നിങ്ങനെയുള്ള ദൈനംദിന പോരാട്ടങ്ങളിൽ ഞാൻ എപ്പോഴും കുടുങ്ങിയിരുന്നു.
ദിവസത്തിലെ 24 മണിക്കൂറിൽ 16 മണിക്കൂറും ഞങ്ങളെ പൂട്ടിയിട്ടിരുന്ന യെർവാഡ ജയിലിന്റെ ഫാൻസി യാർഡിലെ എന്റെ സെല്ലിലിരുന്ന് വായിക്കാനും ചിന്തിക്കാനും സമയം കിട്ടി. ഒരു സുഹൃത്ത് നവോമി ക്ലൈനിന്റെ പുസ്തകം കൊണ്ടുവന്നു, ‘ദിസ് ചെയ്ഞ്ച് എവരിതിംഗ്', അത് സംഭവിച്ചു! ആ പുസ്തകം എനിക്ക് താഴെവെക്കാനായില്ല!

എന്നെ ആകർഷിച്ചത്, അതിൽ അവതരിപ്പിച്ച ശാസ്ത്രീയവസ്തുതകളോ ആഗോള രാഷ്ട്രീയ മറവുകളും നിഷേധങ്ങളുമോ അല്ലെങ്കിൽ കൽക്കരി, എണ്ണ, വാതക കോർപറേഷനുകൾ ഈ ഗ്രഹത്തെ പതുക്കെ കൊല്ലാൻ പ്രയോഗിച്ച ഭയാനകമായ ശക്തിയെക്കുറിച്ചുള്ള വിരണങ്ങളോ ഒന്നുമല്ല. ഈ കോർപറേഷനുകൾക്കും ഗവൺമെന്റുകൾക്കുമെതിരായ ജനകീയ മുന്നേറ്റങ്ങൾ - എല്ലായിടത്തും, പലതും അദൃശ്യമായി- അവർ കെട്ടിപ്പടുക്കുന്ന പുതിയ സഖ്യങ്ങൾ, അവർ ഉയർത്തിക്കൊണ്ടുവരുന്ന ബദലുകൾ, എന്നിവയെക്കുറിച്ചുള്ള ക്ലൈനിന്റെ വികാരാധീനവും സഹാനുഭൂതി നിറഞ്ഞതുമായ വിവരണങ്ങളാണ്.

ജനകീയ പ്രസ്ഥാനങ്ങളുടെ ശക്തിയിൽ എന്നും ഉറച്ചുവിശ്വസിക്കുന്ന ആളാണ് ഞാൻ. ഇത് വായിച്ചപ്പോൾ എന്നിലുണ്ടായ സന്തോഷത്തിന്റെയും ആവേശത്തിന്റെയും കുതിപ്പിനെ സാദൃശ്യപ്പെടുത്തുകയാണെങ്കിൽ, ബൈകുള ജയിലിൽ വെച്ച് കർഷക പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ വായിച്ചപ്പോഴുണ്ടായതിനോട് മാത്രമാണ്.
കഴിഞ്ഞ ഒരു ദശാബ്​ദക്കാലത്തിലേറെയായി ഞാനിടപഴകുന്ന ആളുകൾ - കോർബ, സർഗുജ, റായ്​പുർ, രാജ്‌നന്ദ്ഗാവ്, കാങ്കർ എന്നിവിടങ്ങളിലെ കർഷകരും ആദിവാസികളും, ഛത്തീസ്​ഗഢ് ബചാവോ ആന്ദോളൻ എന്ന അയഞ്ഞ കുടക്കീഴിൽ അവരുടെ ചെറുതും വലുതുമായ യുദ്ധങ്ങളിൽ പോരാടുന്നവർ ഗ്രീസ്, കാനഡ, ഒഗോണിലാൻഡ്, ഇക്വഡോർ, ചൈന, തുർക്കി, ടെക്‌സസ് എന്നിവിടങ്ങളിൽ നിന്നുള്ളവരെ -ക്ലെയിനിന്റെ പുസ്തകത്തിലൂടെ ഞാൻ നേടിയെടുത്ത ‘സുഹൃത്തുക്കൾ'- സുഹൃത്തുക്കളാക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അവരുടെ തന്ത്രങ്ങൾ, സഖ്യങ്ങൾ, ഉല്പതിഷ്ണുത എന്നിവയിൽ നിന്ന് പഠിക്കാൻ. എല്ലാ വൈജാത്യങ്ങളും ഉണ്ടായിരുന്നിട്ടും, ലോകമെമ്പാടുമുള്ള തദ്ദേശവാസികളുടെ പൊതുബോധവും പോരാട്ടവും വളരെ പരിചിതവും പ്രചോദനകരവുമായി തോന്നി എന്നതിനാലും.

അങ്ങനെയാണ് ഞാൻ പുസ്തകം ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യാൻ തുടങ്ങിയത്. സാക്ഷരതയുള്ളതും എന്നാൽ ഉയർന്ന വിദ്യാഭ്യാസം ആവശ്യമില്ലാത്തതുമായ പ്രാദേശിക പ്രവർത്തകർക്കും കർഷകർക്കും വേണ്ടിയായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ, ഒരുപാട് വിശദീകരിക്കാനുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ആളുകൾ ഇതുവരെ കേട്ടിട്ടില്ലാത്ത സ്ഥലങ്ങളും അവർ പഠിച്ചിട്ടില്ലാത്ത ശാസ്ത്രീയ പ്രക്രിയകളും അവതരിപ്പിക്കേണ്ടതുണ്ട്. അതിന് ഭൂപടങ്ങൾ, പോരാട്ട ചിത്രങ്ങൾ, ശാസ്ത്രീയവും സാങ്കേതികവുമായ വസ്തുതകൾ വിശദീകരിക്കുന്ന അനുബന്ധങ്ങൾ, സവിശേഷ രാജ്യങ്ങളിലെ രാഷ്ട്രീയസംഭവവികാസങ്ങൾ വിവരിക്കുന്ന അടിക്കുറിപ്പുകൾ എന്നിവ ആവശ്യമായിരുന്നു.

പുസ്തകം മൂന്ന് ചെറുപുസ്തകങ്ങളായി വിഭജിക്കാൻ ഞാൻ ആലോചിച്ചു. അതിനാൽ ഇത് ഒരു വിവർത്തനം മാത്രമല്ല, ഒരു അനുരൂപമായിരിക്കും. ഇതിനെല്ലാം ആദ്യം രചയിതാവിന്റെയും പ്രസാധകന്റെയും അനുവാദം വാങ്ങേണ്ടത് അനിവാര്യമാക്കി. നവോമി ക്ലൈൻ അനുമതി നിരസിക്കില്ലെന്ന് എനിക്കറിയാമായിരുന്നെങ്കിലും, അവരുടെ ഊഷ്മളമായ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു, ഔപചാരികതകളിൽ കുടുങ്ങിക്കിടക്കാൻ സമയമില്ലാത്ത ഒരു പ്രസ്ഥാനത്തിന്റെ സവിശേഷത.

ശങ്കർ ഗുഹ നിയോഗി അസാധാരണമായ ഒരു നിർദ്ദേശം നൽകുന്നു- കാട്ടിൽ മുറിക്കുന്ന എല്ലാ മരങ്ങളും കാളവണ്ടിയിൽ മാത്രമേ കൊണ്ടുപോകാവൂ! വാണിജ്യ താൽപ്പര്യങ്ങളാലുള്ള വ്യാപക വനനശീകരണം ഇതുവഴി അക്ഷരാർത്ഥത്തിൽ മന്ദഗതിയിലാകുമെന്ന്​ ഇതിലൂടെ ഉറപ്പാക്കി.

എന്നാൽ, പിന്നീട് എന്നെ ബൈക്കുള ജയിലിലേക്ക്, അതിന്റെ ബാരക്കിലേക്ക് മാറ്റി. തിരക്കേറിയ ബാരക്കുകളിൽ ശവപ്പെട്ടി വലിപ്പമുള്ള ഇടങ്ങളിൽ ചുറ്റിത്തിരിയേണ്ടി വരുന്നതിനാൽ പുസ്തകങ്ങൾ കൈവശംവയ്ക്കാനുള്ള ഇടം കുറവായിരുന്നു. നിയമപരമായ കാര്യങ്ങളിൽ സഹായം അഭ്യർത്ഥിക്കുന്ന തടവുകാരുടെ സ്ഥിരമായ പ്രവാഹവും ഉണ്ടായിരുന്നു. ഒരിക്കൽ കൂടി ദൈനംദിന ജോലികളിൽ മുഴുകേണ്ടി വന്നു. വിവർത്തന ജോലി നിർത്തി; അത് ഇനിയും പുനരാരംഭിച്ചിട്ടില്ല.

എഴുപതുകളിലേക്ക് തിരിഞ്ഞുനോക്കിയാൽ, ട്രേഡ് യൂണിയനും ജനകീയ പ്രസ്ഥാനങ്ങളും ‘റെഡ്- ഗ്രീൻ' വീക്ഷണങ്ങൾ സംയോജിപ്പിച്ചതിന്റെ നീണ്ട ചരിത്രമുണ്ട്. എന്തായിരുന്നു അതിന്റെ പ്രധാന ഘടകങ്ങൾ? ഈ സമീപനം ഛത്തീസ്​ഗഢിലെ പ്രസ്ഥാനങ്ങൾക്കിടയിലെ ചിന്തയെയും പ്രയോഗത്തെയും ഇവ എങ്ങനെ സ്വാധീനിച്ചു?

1977 മുതൽ, സഖാവ് ശങ്കർ ഗുഹ നിയോഗി ‘റെഡ്-ഗ്രീൻ' വീക്ഷണത്തെക്കുറിച്ച് വളരെ ബോധവാനായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച്​ അത് ‘തൊഴിലാളി-കർഷകൻ', ‘സമരം- നിർമ്മാണം', ‘ശാസ്ത്രം- പ്രകൃതി' എന്നിങ്ങനെ പല അർത്ഥ തലങ്ങളുള്ളവയാണ്. ഡാല്ലി രാജ്ഹാരയിലെ ഇരുമ്പുഖനികളിൽ തൊഴിലാളികൾക്കൊപ്പം അങ്ങേയറ്റം മലിനീകാരിയായ ഇരുമ്പയിര് ഖനനത്തിൽ ഏർപ്പെട്ടിരുന്നപ്പോഴും, അദ്ദേഹം നേതൃത്വം നൽകിയ യൂണിയൻ - ഛത്തീസ്​ഗഢ്​മൈൻസ് ശ്രമിക് സംഘ് (സി.എം.എസ്.എസ്)- വനം വകുപ്പുമായി ദൈനംദിന പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, ചെറുകിട കർഷകരും ആദിവാസികളും അടങ്ങുന്ന, ചുറ്റുമുള്ള സമൂഹങ്ങളുടെ പോരാട്ടങ്ങളിൽ തികഞ്ഞ ആത്്മാർത്ഥതയോടെ പങ്കെടുത്തു.

അനധികൃതമായി തടി കടത്തുന്ന ട്രക്കുകൾ തടയുന്നതിലും, വിറകുകൾ പെറുക്കിയതിന്റെ പേരിൽ ആദിവാസികളെ ദ്രോഹിക്കുന്നതിനെരായുള്ള പ്രതിഷേധങ്ങളിലും അവർ പങ്കെടുത്തു. 1991ൽ നിയോഗിയുടെ അവസാന രചനകളിലൊന്ന് ‘നമ്മുടെ പരിസ്ഥിതി' എന്ന ചെറുപുസ്തകമാണ്. അഴിമതിക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രകൃതിദത്ത വനങ്ങൾ വെട്ടിമാറ്റി യൂക്കാലിപ്റ്റസ് തോട്ടങ്ങളാക്കി ചുറ്റുപാടുമുള്ള മറ്റെല്ലാ ജീവജാലങ്ങളെയും അക്ഷരാർത്ഥത്തിൽ കൊല്ലുന്നതെങ്ങനെയെന്ന് ഇതിൽ അദ്ദേഹം പറയുന്നു.
അദ്ദേഹം അസാധാരണമായ ഒരു നിർദ്ദേശം നൽകുന്നു- കാട്ടിൽ മുറിക്കുന്ന എല്ലാ മരങ്ങളും കാളവണ്ടിയിൽ മാത്രമേ കൊണ്ടുപോകാവൂ! വാണിജ്യ താൽപ്പര്യങ്ങളാലുള്ള വ്യാപക വനനശീകരണം ഇതുവഴി അക്ഷരാർത്ഥത്തിൽ മന്ദഗതിയിലാകുമെന്നും പരമ്പരാഗത കാളവണ്ടിക്കാർക്ക് ഇത് തൊഴിൽ നൽകുമെന്നും ഇതിലൂടെ ഉറപ്പാക്കി.

ശങ്കർ ഗുഹ നിയോഗി

ഭിലായ് സ്റ്റീൽ പ്ലാൻറ്​ മാനേജ്‌മെൻറ്​ മുന്നോട്ടുവച്ച സമ്പൂർണ യന്ത്രവൽക്കരണത്തിന് ബദലായി ഡാല്ലി രാജ്ഹാര ഖനികളുടെ ഒരു ‘അർദ്ധ-യന്ത്രവൽക്കരണ'ത്തിനായി സി.എം.എസ്.എസ് പ്രചാരണം നടത്തി. ഈ നിർദ്ദേശം, കൂടുതൽ അപകടകരമായ ജോലികളുടെ ഭാഗിക യന്ത്രവൽക്കരണത്തോടൊപ്പം, അല്ലെങ്കിൽ ഉയർന്ന കൃത്യത ആവശ്യമുള്ളവയുമായി കൂട്ടിയിണക്കി. അർദ്ധ യന്ത്രവൽക്കരണത്തിനുള്ള യൂണിയൻ നിർദ്ദേശം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക മാത്രമല്ല, കൂടുതൽ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായിരുന്നു.

പ്ലാൻറ്​ മാനേജ്‌മെൻറ്​, നിലവിലുള്ള തൊഴിലാളികളെ പിരിച്ചുവിടാതിരിക്കാൻ യൂണിയനുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് കാരണം യന്ത്രവൽക്കരണത്തിനുള്ള പദ്ധതികൾ മാറ്റിവയ്ക്കാൻ നിർബന്ധിതരായി. ഡാല്ലി രാജ്ഹാര ടൗൺഷിപ്പിനെ രക്ഷിക്കാൻ കരാർ ഖനിത്തൊഴിലാളികൾ നയിച്ച ശക്തമായ മുന്നേറ്റം കാരണം ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതരായി, പട്ടണത്തിലെ കടയുടമകളും ട്രക്കുടമകളും അവർക്കുചുറ്റും ഒത്തുകൂടി, കാരണം അവരുടെ നിലനിൽപ്പ് പട്ടണത്തിലെ തൊഴിലാളികളുടെ സാന്നിധ്യത്തെ ആശ്രയിച്ചായിരുന്നു.
സാധാരണനിലയിൽ വ്യവസായ തൊഴിലാളികളുടെയും ചുറ്റുമുള്ള പ്രദേശങ്ങളിലെ കർഷകരുടെയും താൽപ്പര്യങ്ങൾ വിരുദ്ധമായി കണക്കാക്കപ്പെടുന്നുണ്ട്. എന്നാൽ ഛത്തീസ്​ഗഢ് മുകതി മോർച്ച (തൊഴിലാളികളുടെയും കർഷകരുടെയും സംയുകത സംഘടന) അവയ്ക്ക് പകരമായി ഐക്യദാർഢ്യങ്ങൾ പരീക്ഷിച്ചു. ബലോദ ബസാറിലെ അൾട്രാടെക് സിമൻറ്​ പ്ലാന്റിനുചുറ്റുമുള്ള ഗ്രാമവാസികൾ (ഇപ്പോൾ അദാനിയുടെ ഉടമസ്ഥതയിലുള്ളത്) ഭൂഗർഭജലനിരപ്പ് കുറയുന്നതിലും മാലിന്യങ്ങൾ മൂലമുള്ള വിളകളുടെ നാശത്തിലും പൊതുഭൂമിയിലെ അനധികൃത കൈയേറ്റങ്ങളിലും പ്രതിഷേധിച്ച് നടത്തിയ സമരങ്ങളിൽ
പ്രഗതിശീൽ സിമൻറ്​ ശ്രമിക് സംഘ് പിന്തുണ നൽകി.

ഛത്തീസ്​ഗഢിൽ, കാലാവസ്ഥാ വ്യതിയാനം ത്വരിതപ്പെടുത്തുന്നതും പാരിസ്ഥിതിക പ്രതിസന്ധികളുടെ ചുരുളഴിയുന്നതും മൂലമുണ്ടാകുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങൾ മാറുന്ന കാലാവസ്ഥയിൽ ജലത്തിനായുള്ള പരസ്പരവിരുദ്ധമായ ആവശ്യങ്ങളും കൽക്കരിയിൽ നിന്നുള്ള ഊർജ്ജ പരിവർത്തനവുമാണ്.

റായ്​പുരിലെ സ്പോഞ്ച് അയൺ പ്ലാന്റുകളിലെ തൊഴിലാളികളും ആ തൊഴിലാളികൾ പലപ്പോഴും താമസിച്ചിരുന്ന ചുറ്റുമുള്ള ഗ്രാമങ്ങളും തമ്മിലുള്ള സഹകരണം വളരെ രസകരമായിരുന്നു. വയലുകൾ മുതൽ വീടുകളുടെ മേൽക്കൂരകൾ വരെ, ഉണങ്ങാൻ തൂങ്ങിക്കിടക്കുന്ന വസ്ത്രങ്ങൾ എന്നിവയിൽ എല്ലായിടത്തും അടിഞ്ഞുകൂടിയ കറുത്ത പൊടി വലിയ അളവിൽ പുറന്തള്ളുമ്പോഴെല്ലാം ഗ്രാമവാസികൾ പ്രതിഷേധിക്കുകയും കമ്പനികൾ അടച്ചുപൂട്ടുകയും ചെയ്യും. 12 മണിക്കൂർ തൊഴിൽ ദിനങ്ങൾ, സുരക്ഷാ ഉപകരണങ്ങളില്ലായ്മ, തുച്ഛമായ കൂലി എന്നിവയാൽ ഇതേ കമ്പനികളിൽ തൊഴിലാളികൾ വളരെയധികം ചൂഷണം ചെയ്യപ്പെടുകയായിരുന്നു.
ബസ്തറിലെ ബൈലാദിലയിൽ നിന്ന് ജപ്പാനിലേക്ക് മൂല്യത്തിന്റെ മൂന്നിലൊന്നിൽ താഴെ വിലയ്ക്ക് ഇരുമ്പയിര് കയറ്റുമതി ചെയ്യുമ്പോഴും ദേശീയ ധാതുവികസന കോർപ്പറേഷനിൽ (എൻ.എം.ഡി.സി ലിമിറ്റഡ്) നിന്ന് ഇരുമ്പയിര് അമിത വിലയ്ക്ക് വാങ്ങേണ്ടി വന്നതിനാൽ സ്പോഞ്ച് അയേൺ പ്ലാന്റുകളുടെ പ്രാദേശിക ഉടമകൾക്ക് ബിസിനസിൽ നിന്ന് പിന്മാറുന്ന സമയം കൂടിയാണിത്.

ജൻ ആധാരിത് എഞ്ചിനീയറിംഗ് മസ്ദൂർ യൂണിയൻ ഈ ഫാക്ടറികളുടെ അസോസിയേഷനെ സമീപിച്ച് വാഗ്ദാനം ചെയ്തു, ‘വിലകുറഞ്ഞ ഇരുമ്പയിരിനുള്ള നിങ്ങളുടെ ആവശ്യത്തെ പിന്തുണച്ച് ഞങ്ങൾ തെരുവിലിറങ്ങും, എന്നാൽ ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങൾ മലിനമാകാതിരിക്കാൻ നിങ്ങളുടെ ചിമ്മിനികളിൽ ഇലക്​ട്രോ സ്​റ്റാറ്റിക്​ പ്രിസിപിറ്റേറ്ററുകൾ സ്ഥാപിക്കണം, കൂടാതെ നിങ്ങൾ എട്ട് മണിക്കൂർ പ്രവൃത്തി ദിനം നടപ്പിലാക്കുകയും, മിനിമം വേതനം നൽകുകയും വേണം.

ആത്യന്തികമായി, NMDC ലിമിറ്റഡ് പ്രാദേശിക വ്യവസായങ്ങൾക്കുള്ള ഇരുമ്പയിരിന്റെ നിരക്ക് കുറച്ചു, അതുവഴി ഏറ്റവും രസകരമായ ഒരു കൂട്ടുകെട്ട് എന്താകുമായിരുന്നോ അത് തടയപ്പെട്ടു!

കാലാവസ്ഥാ വ്യതിയാനം ത്വരിതപ്പെടുത്തുന്നതും ഇന്ത്യയിൽ സംഭവിക്കുന്ന മറ്റ് പാരിസ്ഥിതിക പ്രതിസന്ധികളും വളർന്നുവരുന്ന വലതുപക്ഷ മേധാവിത്വവും ഇന്നത്തെ സാഹചര്യത്തിൽ ഒരു ‘റെഡ്-ഗ്രീൻ' വീക്ഷണം എന്തായിരിക്കണം എന്നാണ് സൂചിപ്പിക്കുന്നത്?

എനിക്ക് പൊതുവിൽ ഇന്ത്യയെ കുറിച്ച് സംസാരിക്കാൻ സാധിക്കില്ല, എന്നാൽ ഛത്തീസ്​ഗഢിൽ, കാലാവസ്ഥാ വ്യതിയാനം ത്വരിതപ്പെടുത്തുന്നതും പാരിസ്ഥിതിക പ്രതിസന്ധികളുടെ ചുരുളഴിയുന്നതും മൂലമുണ്ടാകുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങൾ മാറുന്ന കാലാവസ്ഥയിൽ ജലത്തിനായുള്ള പരസ്പരവിരുദ്ധമായ ആവശ്യങ്ങളും കൽക്കരിയിൽ നിന്നുള്ള ഊർജ്ജ പരിവർത്തനവുമാണ്.
ഒന്നാമതായി, മാറിക്കൊണ്ടിരിക്കുന്ന മൺസൂൺ, ജലസേചനം, ജല ഉപയോഗം എന്നിവയെ പ്രശ്‌നവൽക്കരിക്കുന്നു. ഛത്തീസ്​ഗഢിലെ വലിയൊരു വിഭാഗം ചെറുകിട കർഷകരും ഇന്നും മൺസൂൺ അധിഷ്ഠിത കൃഷിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

ഈ വിഭാഗത്തെ സംബന്ധിച്ച്​, കാലാവസ്ഥാ വ്യതിയാനം മൂലം മൺസൂൺ മാറുന്നത് മരണമണിയായേക്കാം, കാരണം സംസ്ഥാനത്തെ മൊത്തം കൃഷിയിടത്തിന്റെ 30 മാത്രമേ ജലസേചനമുള്ളൂ. ഛത്തീസ്ഗഢിലെ കർഷകർ ഇപ്പോൾ തങ്ങളുടെ നെല്ല് വിൽപനയ്ക്കായി മണ്ഡികളെ കൂടുതലായി ആശ്രയിക്കുന്നു. അതുകൊണ്ടുതന്നെ സമീപകാല കർഷക പ്രക്ഷോഭം ഉന്നയിച്ച പ്രശ്‌നങ്ങളിൽ, പ്രത്യേകിച്ച് മിനിമം താങ്ങുവില, അവർ വളരെയധികം താൽപര്യം കാണിക്കുകയും അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഛത്തീസ്ഗഢിലെ കൃഷി പഞ്ചാബിലെ പോലെ പാരിസ്ഥിതികമായി ഹാനികരമല്ല, എന്നാൽ വിളകൾ കുറവാണ്, മറ്റ് വിളകൾക്ക്, പ്രത്യേകിച്ച് പയർവർഗ്ഗങ്ങൾ, മിനിമം സഹായ വില നൽകുന്നതുവരെ കൃഷി സുസ്ഥിരമാകില്ല.

മൺസൂൺ പാറ്റേണുകൾ മാറിക്കൊണ്ടിരിക്കുമ്പോഴും, മഹാനദിയിലെയും ശിവനാഥ് നദിയിലെയും നേരത്തെ സമൃദ്ധമായ ജലം അണക്കെട്ടുകൾ വഴി വ്യവസായത്തിലേക്ക് തിരിച്ചുവിട്ടു. ചില സമയങ്ങളിൽ, ജലസേചനത്തിന്റെ അഭാവം മൂലം കർഷകർക്ക് കൃഷി നഷ്ടപ്പെടുമെന്ന അവസ്ഥ വരുമ്പോൾ, അവർ ഡാം സൈറ്റുകൾ ആക്രമിച്ച് സ്ലൂയിസ് ഗേറ്റുകൾ തുറന്ന് വെള്ളം കനാലുകളിലേക്കും അവിടെ നിന്ന് വയലുകളിലേക്കും ഒഴുകുന്നുവെന്ന് ഉറപ്പാക്കുന്നത് സാധാരണമാണ്. പൊലീസ് അവരെ ഓടിച്ചുവിടുകയും ഗേറ്റുകൾ തിരിച്ചുവിടുകയും അവർക്കെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്യുകയും ചെയ്യുന്നു.
കൃഷിയുടെയും വ്യവസായത്തിന്റെയും പരസ്പരവിരുദ്ധമായ ജലവിനിയോഗ ആവശ്യകതകളുടെ ദാരുണവീഴ്ചയാണ് ജഞ്ച്ഗിർ ചമ്പ ജില്ലയിൽ സംഭവിച്ചത്. ഈ ജില്ല ഒരു കാലത്ത് വരൾച്ച ബാധിതമായിരുന്നു, അതിനാൽ, പൊതുനിക്ഷേപം ഉപയോഗിച്ച്, ജില്ലക്കുകുറുകെ ധാരാളം കനാലുകൾ നിർമിക്കപ്പെട്ടു, 1980കളിലും 1990കളിലും കൃഷി തഴച്ചുവളരാൻ തുടങ്ങി. തുടർന്ന് താപവൈദ്യുത നിലയങ്ങൾ നിർമ്മിക്കുന്നതിനുള്ള ഭ്രാന്തമായ തിരക്ക് വന്നു.

ജഞ്ജഗീർ ചമ്പയിലെ ജലസേചന ഭൂമി, ഇപ്പോൾ ഇരട്ട വിളവെടുപ്പ് നടത്തിയിരുന്നു, പരിഹാസ്യമായ ഒരു വലിയ എണ്ണം അപര്യാപ്തമായ വൈദ്യുത നിലയങ്ങൾക്കായി ഏറ്റെടുത്തു. ഇവയിൽ ഭൂരിഭാഗവും ഭാഗികമായി മാത്രം നിർമ്മിച്ചവയാണ്, എന്നാൽ കർഷർക്ക്​ ഇതിനകം അവരുടെ ഭൂമി നഷ്ടപ്പെട്ടു.

ജലേസ്രാതസ്സുകൾ എങ്ങനെ കൃഷിയിലേക്ക് തിരിച്ചുവിടണം എന്നതാണ് ഒരു പ്രധാന പ്രശ്‌നം. കർഷകർ കഠിനമായ പോരാട്ടത്തെ നേരിടുകയാണ്; പ്രത്യേകിച്ചും വലതുപക്ഷ ആധിപത്യം വളർന്നുവരുന്ന സാഹചര്യത്തിൽ, കോർപറേറ്റ് താൽപ്പര്യങ്ങളെ പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ.
​രണ്ടാമത്തേതും അതിലും ബുദ്ധിമുട്ടുള്ളതുമായ പ്രശ്‌നം ഇതാണ്: കൽക്കരി ഖനനത്തിൽ നിന്ന് ഛത്തീസ്ഗഢ്​ എങ്ങനെ മാറും?

പുനരുൽപ്പാദിപ്പിക്കാവുന്നവയെക്കുറിച്ച് മധുരമുള്ള സംസാരമുണ്ടെങ്കിലും, സ്വകാര്യ വാണിജ്യ കൽക്കരി ഖനനത്തിന് മുമ്പ് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഇപ്പോൾ നീക്കി എന്നതാണ് വസ്തുത. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത ഖനികൾ സറണ്ടർ ചെയ്യുന്നതിനെ കുറിച്ചും അവ സ്വകാര്യ കക്ഷികൾക്ക് ലേലം ചെയ്യുന്നതിനെ കുറിച്ചും വരെ സംസാരമുണ്ട്. അതിനാൽ ഖനനം വർധിക്കുന്നതേയുള്ളൂ. അപ്പോൾ വിവിധ തല്പരകക്ഷികളുടെ സ്ഥിതി എന്തായിരിക്കും?

കൽക്കരി ഖനികൾക്ക് സമീപമുള്ള ഗ്രാമങ്ങളിലെ താമസക്കാർ വർദ്ധിക്കുകയാണ്. അതീവ ഗുരുതരമായ പാരിസ്ഥിതിക തകർച്ചയാണ് അവർ നേരിടുന്നത്.

വടക്കൻ ഛത്തീസ്ഗഢിലെ ആദിവാസികൾ വനങ്ങൾ വെട്ടിത്തെളിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണ്. കൽക്കരി ഖനികൾക്ക് സമീപമുള്ള ഗ്രാമങ്ങളിലെ താമസക്കാർ വർദ്ധിക്കുകയാണ്. അതീവ ഗുരുതരമായ പാരിസ്ഥിതിക തകർച്ചയാണ് അവർ നേരിടുന്നത്.
പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ റിഞ്ചിനും റായ്ഗഡ് ജില്ലയിലെ കൊസാമ്പലി ഗ്രാമത്തിലെ ഗ്രാമവാസികളും തങ്ങളുടെ ഗ്രാമത്തിന് മൂന്നുവശവും കൽക്കരി ഖനികളാൽ ചുറ്റപ്പെട്ടതും ജിൻഡാൽ കമ്പനിയുടെ പാരിസ്ഥിതിക അനുമതി വ്യവസ്ഥകളുടെ ലംഘനവും മൂലമുണ്ടായ ഗുരുതരമായ തകർച്ചയും വേദനയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. വിദഗ്ധ സമിതികൾ ഇത് ആവർത്തിച്ച് അംഗീകരിച്ചിട്ടുണ്ട്, എന്നിട്ടും ദേശീയ ഹരിത ട്രൈബ്യൂണൽ ഖനനത്തിന് മൊറട്ടോറിയം പാസാക്കിയിട്ടില്ല.

സ്വകാര്യ മേഖലയിലെ ഖനിത്തൊഴിലാളികളിൽ കൂടുതലും കരാർ തൊഴിലാളികളാണ്. വളരെ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരും തുച്ഛമായ വേതനം മാത്രം ലഭിക്കുന്നവരും ആയ ഇവരുടെ ശബ്ദം എവിടെയും കേൾക്കില്ല. അതേസമയം, സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിൽ ഇപ്പോഴും ആയിരക്കണക്കിന് സ്ഥിരം തൊഴിലാളികളുണ്ട്, അവർക്ക് അവരുടെ ജോലി സുരക്ഷിതത്വത്തിന്റെയും ക്ഷേമത്തിന്റെയും ഗണ്യമായ ഉറവിടമാണ്, അവർക്ക് അതുപേക്ഷിക്കാൻ താൽപര്യമുണ്ടായിരിക്കില്ല.

പൊതുമേഖലാ കൽക്കരി വ്യവസായത്തിലെ ജീവനക്കാരും പഴയ ജീവനക്കാരും ഉൽപ്പെടുന്ന ടൗൺഷിപ്പുകൾ ഇവിടെയുണ്ട്. അവരിൽ വലിയൊരുഭാഗം ആദിവാസികളല്ല, അവരിൽ പലരും ഛത്തീസ്ഗഢിൽ നിന്നുള്ളവരുമല്ല. നിലവിൽ താമസിക്കുന്ന സ്ഥലത്തിന് സമീപമുള്ള ആദിവാസി മേഖലകളിൽ ഭൂമി വാങ്ങുന്നതിന് വിലക്കുണ്ട്. സ്വമേധയാ വിരമിക്കൽ തിരഞ്ഞെടുക്കാനും ജീർണിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖലാ ടൗൺഷിപ്പുകൾ ഒഴിയാനും പൊതുമേഖലാ കമ്പനി അവരെ സമ്മർദ്ദത്തിലാക്കുന്നു. എന്നാൽ അവർ ശരിക്കും എങ്ങോട്ടുപോകും?

ഈ സാഹചര്യത്തിൽ, ഖനനമേഖലയിൽ പ്രവർത്തിക്കുന്ന, താഴെത്തട്ടിലുള്ള പരിസ്ഥിതി പ്രവർത്തകർ, ആദിവാസി സമുദായ നേതാക്കൾ, ട്രേഡ്‌യൂണിയൻ പ്രതിനിധികൾ, പൗരസമിതികൾ എന്നിവർ പരസ്പരം സംവാദം ആരംഭിക്കുകയും ആശങ്കകൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കൽക്കരി ഖനനത്തിൽ നിന്ന് സുരക്ഷിതവും ആരോഗ്യകരവുമായ ഊർജ ഉപാധികളിലേക്ക് സാവധാനം എന്നാൽ ഉറപ്പായും മാറുന്നതിന് ഔട്ട്- ഓഫ്- ദി- ബോക്‌സ് സൊല്യൂഷനുകൾക്കൊപ്പം നീങ്ങേണ്ടതുണ്ട്. ഇത് ലളിതമായ വെല്ലുവിളിയല്ല.

കൽക്കരി ഖനനത്തിനെതിരെ ഛത്തീസ്ഗഢിലെ ഹാസ്ദിയോ അരന്ദിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും തുടർച്ചയായി ചെറുത്തുനിൽപ്പുണ്ട്. എന്നാൽ നമ്മുടെ പഴയ വനങ്ങളും മറ്റ് പൊതുവിഭവങ്ങളും സംരക്ഷിക്കുന്നവർ വിവേചനരഹിതമായ അടിച്ചമർത്തലുകൾ നേരിടുന്നു. ഇതേക്കുറിച്ച്?

അതെ, 16 ഗ്രാമങ്ങൾ അടങ്ങുന്ന ഹാസ്ദിയോ അരന്ദ് ബച്ചാവോ സംഘർഷ് സമിതി കഴിഞ്ഞ ഒരു ദശകമായി അദാനി ഗ്രൂപ്പിന്റെ (രാജസ്ഥാൻ രാജ്യ വിദ്യുത് നിഗം ലിമിറ്റഡ്) കൽക്കരി ഖനനത്തെ എതിർക്കുന്നു. ഒരു കാലത്ത്, ജൈവവൈവിധ്യം കണക്കിലെടുത്ത് ഹാസ്ദിയോ അരന്ദ് വനം ഖനനത്തിന് അനുമതിയില്ലാത്ത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു.

പ്രതിഷേധയോഗത്തിൽ പങ്കെടുക്കുന്ന ഹാസ്ദിയോ ഗ്രാമവാസികൾ

പ്രക്ഷോഭ സമിതിയും ഗ്രാമസഭാ സമിതിയും പ്രമേയങ്ങൾ പാസാക്കുകയും നിരവധി അധികാരികൾക്ക് നിവേദനം നൽകുകയും പദയാത്രകൾ നടത്തുകയും കോടതികളെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഗാന്ധി ജയന്തി ദിനത്തിൽ സംസ്ഥാന തലസ്ഥാനമായ റായ്​പുരി​ലേക്ക് 300 കിലോമീറ്റർ മാർച്ച് നടത്തിയപ്പോൾ ഗുണ്ടകളുടെ അറസ്റ്റും ഭീഷണിയും അവർ നേരിട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അവർ ഒറ്റക്കയ്ല്ല.

ലാൻഡ് കോൺഫ്ലിക്​റ്റ്​ വാച്ച് വെബ്‌സൈറ്റ് രാജ്യത്തുടനീളമുള്ള ഏകദേശം 630 ഭൂമിയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ രേഖപ്പെടുത്തുന്നു. ഇത് ഏകദേശം 78.5 ലക്ഷം ആളുകളെ ബാധിക്കുന്നു, ഈ സംഖ്യ കുറച്ചുകാണാം. പോസ്കോയ്‌ക്കെതിരായ 17 വർഷത്തെ വിജയകരമായ ചെറുത്തുനിൽപ്പിന് ശേഷവും ഒഡീഷയിലെ ധിൻഖ്യയിലെ ജനങ്ങൾ സർക്കാർ ഏറ്റെടുത്ത ഭൂമി ജനങ്ങൾക്ക് തിരികെനൽകാതെ ജിൻഡാൽ സ്റ്റീൽ വർക്ക്‌സിന് കൈമാറാൻ ശ്രമിക്കുന്നതിനാൽ പൊലീസ് അടിച്ചമർത്തലിന്റെ ഒരു പുതിയ ഘട്ടത്തെ നേരിടുകയാണ്.

രാജ്‌നന്ദ്ഗാവിലെ തെദേസര ഇൻഡസ്ട്രിയൽ ഏരിയയിൽ നാല് യൂണിറ്റുകളുള്ളതും വലിയ ഫാക്ടറികളുടെ ഭാഗങ്ങൾ നിർമ്മിക്കുന്നതുമായ ഇടത്തരം വലിപ്പമുള്ള വൃന്ദ എഞ്ചിനീയറിംഗ് കമ്പനി ഇപ്പോൾ കരാർ തൊഴിലാളികളെ തുറന്ന സ്ഥലത്ത്, കത്തുന്ന സൂര്യനുകീഴിൽ, ജോലി ചെയ്യാൻ ആവശ്യപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരം എനിക്ക് ലഭിച്ചു.

ഒഡീഷയിലെ നിയാമഗിരി സുരക്ഷാ സമിതിയിലെ ആദിവാസി നേതാക്കൾ ഇപ്പോഴും മാവോയിസ്റ്റുകളാണെന്നാരോപിച്ച് കേസുകളുടെ ഭീഷണി നേരിടുന്നു. തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റിനെ എതിർക്കുന്ന നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെയുള്ള നൂറുകണക്കിന് രാജ്യേദ്രാഹ കേസുകൾ തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാർ 2021 ൽ മാത്രമാണ് പിൻവലിച്ചത്.
മഹാരാഷ്ട്രയിൽ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയതോടെ, അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ്‌ ട്രെയിനിന്​ ഭൂമി ഏറ്റെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നു, മെട്രോ കാർഷെഡിനായി ആരെ വനം വീണ്ടും ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച പരിസ്ഥിതി പ്രവർത്തകർക്കെതിരെ കേസെടുത്തു.
ഖനനം, വ്യാവസായിക, വികസന പദ്ധതികൾക്കായി ഭൂമി കൈമാറാൻ സമ്മർദ്ദം വർദ്ധിക്കുമ്പോൾ, അടിച്ചമർത്തൽ വർദ്ധിക്കുകയേ ഉള്ളൂ.

ഛത്തീസ്ഗഢിലെ ചില വ്യവസായ യൂണിറ്റുകൾ തൊഴിലാളികൾക്കുള്ള ഷെഡുകളും മറ്റ് സംരക്ഷണ കവചങ്ങളും നീക്കം ചെയ്തതായി കേൾക്കുന്നു. വർദ്ധിച്ചുവരുന്ന, എന്നാൽ ഇതിനകം തന്നെ തീവ്രമായ, ഉഷ്ണത്തിന്റെ ഒരു കാലഘട്ടത്തിലാണ് അവർ ഇത് ചെയ്യുന്നത് എന്നത് ഞെട്ടലുണ്ടാക്കുന്നു. എന്തെങ്കിലും വിശദാംശങ്ങൾ അറിയാമോ?

ശരിയാണ്. രാജ്‌നന്ദ്ഗാവിലെ തെദേസര ഇൻഡസ്ട്രിയൽ ഏരിയയിൽ നാല് യൂണിറ്റുകളുള്ളതും വലിയ ഫാക്ടറികളുടെ ഭാഗങ്ങൾ നിർമ്മിക്കുന്നതുമായ ഇടത്തരം വലിപ്പമുള്ള വൃന്ദ എഞ്ചിനീയറിംഗ് കമ്പനി ഇപ്പോൾ കരാർ തൊഴിലാളികളെ തുറന്ന സ്ഥലത്ത്, കത്തുന്ന സൂര്യനുകീഴിൽ, ജോലി ചെയ്യാൻ ആവശ്യപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരം എനിക്ക് ലഭിച്ചു. തൊഴിലാളികൾക്ക് എന്തെങ്കിലും സംരക്ഷണം നൽകേണ്ടത് ആവശ്യമാണെന്ന് അല്ലെങ്കിൽ അത് ഒരു ഉത്തരവാദിത്തമാണെന്ന് പോലും അവർ കരുതുന്നില്ല. യന്ത്രങ്ങൾക്ക് മാത്രമാണ് സംരക്ഷണ കവർ നൽകിയിരിക്കുന്നത്.

കൽക്കരി ഖനനത്തിനായി അദാനിഗ്രൂപ്പ് കൈവശപ്പെടുത്തിയ ഛത്തീസ്‌ഗഢിലെ ഹാസ്ദിയോ ഗ്രാമം

ഇപ്പോൾ പുതിയ ലേബർ കോഡുകളിലൂടെ സ്ഥിരമായ കരാർ തൊഴിലുകൾ നിലനിർത്തി. ഇത് സ്ഥിരം തൊഴിലാളികളെ ഫലത്തിൽ ഇല്ലാതാക്കി. കരാർ തൊഴിലാളികൾക്ക് യൂണിയനുണ്ടാക്കാൻ കഴിയാത്തത്ര അപകടകരമായ സ്ഥിതി നിലനിൽക്കുന്നതിനാൽ, ഭാവിയിൽ തൊഴിലാളികൾക്ക് വെയിലിൽ നിന്നുള്ള സംരക്ഷണം അല്ലെങ്കിൽ ജോലി സ്ഥലത്ത് തണുത്ത കുടിവെള്ളം തുടങ്ങിയ മനുഷ്യത്വപരമായ ആവശ്യങ്ങൾപോലും ഉന്നയിക്കാൻ കഴിയാതെവരും. ഉയർന്ന പകൽ താപനിലയും വർദ്ധിച്ചുവരുന്ന ഉഷ്ണതരംഗങ്ങളും കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. കടുത്ത വെയിൽ അല്ലെങ്കിൽ തണുത്ത കുടിവെള്ളം.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും നടന്നുകൊണ്ടിരിക്കുന്ന ഊർജ പരിവർത്തനത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നേരിടുന്നതിനും േട്രഡ് യൂണിയനുകൾ നിർണായകമായ ഒരു സാമൂഹിക ശകതിയായി മാറേണ്ടതാണ്. എന്നാൽ ഇന്ത്യയിലെ ട്രേഡ്​ യൂണിയൻ ഇടപെടൽ വളരെ അസമമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രശ്‌നങ്ങൾ തൊഴിലാളികളിലേക്കും യൂണിയനുകളിലേക്കും കൂടുതൽ എത്തിക്കുന്നതിന് എന്തുചെയ്യേണ്ടതുണ്ടെന്നാണ് താങ്കൾ കരുതുന്നത്?

അതെ, പൊതുവെ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ നിർണായക സാമൂഹിക ശക്തിയാണ്‌ ട്രേഡ്​ യൂണിയനുകൾ. എന്നാൽ ഇപ്പോഴവർ അടിയന്തിരമായ ചില അസ്തിത്വപ്രശ്‌നങ്ങളെ നേരിടാൻ പാടുപെടുകയാണ്. സ്ഥിരം തൊഴിലാളികളുമായ ബന്ധപ്പെട്ട യൂണിയനുകൾ സ്വകാര്യവൽക്കരണം, സ്വമേധയാ വിരമിക്കൽ പദ്ധതികളുടെ സമ്മർദ്ദം കുറയ്ക്കൽ, ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു. മറുവശത്ത്, കരാർ തൊഴിലാളി യൂണിയനുകളാകട്ടെ, അടിക്കടിയുള്ള അടിച്ചമർത്തലുകൾക്കുമുന്നിൽ കേവലമായ അതിജീവനം കൈകാര്യം ചെയ്യുകയും കൂട്ടായ വിലപേശലിൽ പങ്കാളികളായി അംഗീകരിക്കപ്പെടാൻ പാടുപെടുകയും ചെയ്യുന്നു.
കുറഞ്ഞത് ഛത്തീസ്ഗഢിലെങ്കിലും, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൽക്കരി ഖനനം കറയ്ക്കുകയല്ല മറിച്ച്, പ്രോത്സാഹിപ്പിക്കുന്നതായി കാണാം. തീർച്ചയായും അത് സ്വകാര്യമേഖയിലാണ് എന്നത് മറ്റൊരുകാര്യം. ഊർജ പരിവർത്തനത്തിന് ആസൂത്രിത ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്ന് തോന്നുന്നു.
അത്തരം സാഹചര്യങ്ങളിൽ, (ഊർജ്ജമേഖലയിലെ) ന്യായമായ പരിവർത്തനത്തിനായുള്ള സംഭാഷണം വ്യവസായ തൊഴിലാളികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് അൽപ്പം അപ്രായോഗികമാണ്. അതേസമയം, തൊഴിലാളി യൂണിയനുകൾ അവർ ജോലി ചെയ്യുന്ന ഖനികൾക്കുചുറ്റുമുള്ള സമൂഹങ്ങളുമായി ഇടപഴകുകയും അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്യുക എന്നതാണ് പ്രായോഗികം. ട്രേഡ്​ യൂണിയൻ പ്രവർത്തകരും ഗ്രാമ-സമുദായ പ്രതിനിധികളും അംഗീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട കാര്യമാണിത്.

പോസ്കോയ്‌ക്കെതിരായ 17 വർഷത്തെ വിജയകരമായ ചെറുത്തുനിൽപ്പിന് ശേഷവും ഒഡീഷയിലെ ധിൻഖ്യയിലെ ജനങ്ങൾ സർക്കാർ ഏറ്റെടുത്ത ഭൂമി ജനങ്ങൾക്ക് തിരികെനൽകാതെ ജിൻഡാൽ സ്റ്റീൽ വർക്ക്‌സിന് കൈമാറാൻ ശ്രമിക്കുന്നതിനാൽ പൊലീസ് അടിച്ചമർത്തലിന്റെ ഒരു പുതിയ ഘട്ടത്തെ നേരിടുകയാണ്.

ഇവയിൽ ചിലത് സജീവമായി സംഭവിക്കുന്നത് നമുക്ക് കാണാം. ഗ്രാമങ്ങളിലെ യുവജനങ്ങളോട് നന്ദി പറയുക. അവരിൽ പലരും ഖനികളിലെ തൊഴിൽ മോഹികൾക്ക് തടസ്സം നിൽക്കുന്നു. കോർബ ജില്ലയിലെ ദിപ്ക ഖനികളുടെ വിപുലീകരണത്തെ എതിർക്കുന്നതിൽ പത്ത് ഗ്രാമങ്ങൾ ഉൾപ്പെട്ടിരുന്നു. ഈ പ്രവർത്തനം വ്യാപിക്കുന്നതിന് കൊറോണ മഹാമാരി ഒരു തടസ്സമായി. എന്നാൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

സൗരോർജ്ജത്തിലും മറ്റ് ബദൽ ഊർജ്ജമേഖലയിലും പുതിയ ജോലികൾ, എണ്ണത്തിൽ വലുതാണെങ്കിലും, അസംഘടിതവും മോശം വേതനം ലഭിക്കുന്നവയുമാണ്. ഇത് എങ്ങനെ പരിഹരിക്കാനാകും? ഒരു കാലാവസ്ഥാ കൂട്ടായ്മ നിർദ്ദേശിച്ചതുപോലെ, ഇവ സർക്കാരും പൊതുമേഖലയിലും സംഘടിപ്പിക്കുന്ന സ്ഥിരം ജോലികളാണെങ്കിൽ അത് സഹായകമാകുമോ?

അതെ. മുംബൈക്ക് ഒരു​ മെട്രോ അത്യാവശ്യമായിരിക്കാം. എന്നാൽ ദുരിതബാധിതർക്ക് നാം ശരിയായ നഷ്ടപരിഹാരം നൽകുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്നുണ്ടോ? സാധാരണ മുംബൈവാസികൾക്ക് താങ്ങാവുന്നതിനേക്കാളും കൂടുതലായി​ മെട്രോയുടെ നിരക്ക് നിശ്ചയിച്ചിട്ടുണ്ടോ? ലോകമെമ്പാടും വൻതോതിൽ സബ്‌സിഡി നൽകുമ്പോൾ ഇന്ത്യയിൽ പൊതുഗതാഗതം ലാഭകരമാകുമെന്ന് നാം എന്തിന് പ്രതീക്ഷിക്കണം? ഇത്തരം പ്രശ്‌നങ്ങൾ പൊതുസമൂഹത്തിൽ ഉണ്ടെങ്കിലും അവയൊന്നും കാണാത്ത മട്ടിലാണ് ഭരണസംവിധാനങ്ങൾ പോകുന്നത്.

രണ്ട്: ജനങ്ങൾ തുടർച്ചയായി വ്യക്തമാക്കുകയും അതസമയം അവഗണിക്കപ്പെടുകയും ചെയ്യുന്ന വികസന ആവശ്യങ്ങളെക്കുറിച്ച്?
ചേരി പുനരധിവാസ അതോറിറ്റിക്ക് വേണ്ടി കരാറുകാർ പണിത കെട്ടിടങ്ങൾ ഇത്ര നിലവാരം കുറഞ്ഞതായിരിക്കണമോ?
ഭൂമി വിൽപനയിലൂടെ ഇത്രയധികം ലാഭമുണ്ടാക്കിയ അടച്ചുപൂട്ടിയ തുണിമില്ലുകൾക്ക് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തങ്ങൾ ആവശ്യപ്പെടുന്ന തൊഴിലാളികളുടെ കുടിശ്ശിക തീർക്കാൻ കഴിയുന്നില്ലേ?
ഖനന കമ്പനികളിൽ നിന്ന് റോയൽറ്റി സ്വരൂപിക്കുന്ന ജില്ലാ മിനറൽ ഫണ്ടുകൾ ജില്ലാ മജിസ്​ട്രേറ്റിന്റെ വിവേചനാധികാരത്തിൽ ഉപയോഗിക്കുന്നതിനുപകരം ഗ്രാമങ്ങളിലെ ജീവിത നിലവാരം ഉയർത്താൻ ഗ്രാമസഭകൾക്ക് നൽകാൻ കഴിയില്ലേ? മരങ്ങൾ പൂർണമായും മുറിച്ചുമാറ്റുന്നതിനുപകരം ആവശ്യമായവ മുറിക്കാനും നഷ്ടപരിഹാര വനവൽക്കരണ ഫണ്ടുകളിൽ പണം നിക്ഷേപിക്കാനും നമുക്ക് കഴിയില്ലേ?

നമ്മുടെ സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷനുകൾക്കും ഹൗസിംഗ് സൊസൈറ്റികൾക്കും നമ്മുടെ സെപ്റ്റിക് ടാങ്കുകളിലെ തോട്ടിപ്പണിക്കാരുടെ മരണം ഒഴിവാക്കുന്നതിനായി ഘടനാപരമായ മാറ്റങ്ങളിലും സംരക്ഷണ ഉപകരണങ്ങളിലും നിക്ഷേപിക്കാനാവില്ലേ?

നമ്മുടെ സർക്കാരുകൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമോ?

മൂന്ന്: (പദ്ധതി) ബാധിതരായ വ്യകതികളെ നമ്മൾ ശരിക്കും കേൾക്കേണ്ടതുണ്ട്, എതിർപ്പുകൾ കേൾക്കുകയും അവ നിരസിക്കുകയും ചെയ്യുക മാത്രമല്ല. പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം- 2013 യഥാർത്ഥത്തിൽ സാമൂഹിക പ്രത്യാഘാതങ്ങളും പൊതു ഉദ്ദേശ്യങ്ങളും വിലയിരുത്തുന്നതിനുള്ള വിശദമായ പ്രക്രിയ നൽകുന്നു. എന്നിരുന്നാലും, ഛത്തീസ്​ഗഢിൽ ഈ നിയമം നടപ്പിലാക്കുകയോ ഏതെങ്കിലും കാരണത്താൽ ‘ഒഴിവാക്കപ്പെട്ട'തോ ആയ ഒരു കേസ് ഞാൻ ഇതുവരെ കണ്ടിട്ടില്ല.
‘പെസ’ നിയമത്തിലെ കൂടിയാലോചനയുടെ മുഴുവൻ ഉദ്ദേശ്യവും ദുരിതബാധിതരായ ആദിവാസി സമൂഹത്തെ കേൾക്കുക എന്നതായിരുന്നു, അല്ലാതെ ഒരു പ്രമേയം കെട്ടിച്ചമയ്ക്കുകയോ നിർബന്ധിച്ച് ഫോറസ്റ്റ് ക്ലിയറൻസിനോ ഖനന പാട്ടത്തിനോ വേണ്ടി ഫയൽ ചെയ്യുകയോ അല്ല.

അതുപോലെ, പരിസ്ഥിതി ഹിയറിംഗുകൾ ഒരു ശൂന്യമായ ഔപചാരികതയായി മാറിയിരിക്കുന്നു. പരിസ്ഥിതി ആഘാത- നിർണയ റിപ്പോർട്ടുകൾ പദ്ധതി ബാധിതർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഭാഷയിലാണ് തയ്യാറാക്കുന്നത്. ക്ലിയറൻസുകൾ അറ്റാച്ച് ചെയ്ത നിരവധി നിബന്ധനകളോടെയാണ് നൽകുന്നത്, അത് ഒരിക്കലും പാലിക്കപ്പെടില്ലെന്ന് എല്ലാവർക്കും അറിയാം. പൊതു കൂടിയാലോചനകളിലൂടെ ഉണ്ടാക്കപ്പെടുന്ന വ്യവസ്ഥകൾ അക്ഷരത്തിൽ മാത്രമല്ല ആത്മാവിലും പാലിക്കേണ്ടതാണ്.

നാല്: ഇതിനകം പൂർത്തിയാക്കിയവ ഉൾപ്പെടെ ഓരോ വികസന പദ്ധതികളിലും, കുടിയൊഴിപ്പിക്കപ്പെട്ട/ബാധിതർക്ക് എന്താണ് സംഭവിച്ചതെന്ന് നാം സത്യസന്ധമായി അന്വേഷിക്കേണ്ടതുണ്ട്. പുതിയ ജീവിതങ്ങളും ഉപജീവന മാർഗ്ഗങ്ങളും കെട്ടിപ്പടുക്കാൻ അവർക്ക് ശരിക്കും കഴിഞ്ഞിട്ടുണ്ടോ? അതോ ഒരാഴ്ച പോലും ലോക്ക്ഡൗണിനെ അതിജീവിക്കാൻ കഴിയാതെ നൂറുകണക്കിന് കിലോമീറ്ററുകൾ നടന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങേണ്ടി വന്ന ചൂഷണത്തിനിരയായ അസംഘടിത തൊഴിലാളികളുടെ വർദ്ധിച്ചുവരുന്ന അദൃശ്യമായ കൂട്ടത്തിലേക്ക് അവർ പ്രവേശിച്ചിട്ടുണ്ടോ? മേൽപ്പറഞ്ഞവ ശരിയായി ചെയ്യുന്നത് കൂടുതൽ സുസ്ഥിരവും കൂടുതൽ നീതിയുക്തവും കൂടുതൽ മാനുഷികവുമായ വികസന പാതകളിലേക്ക് നമ്മെ നയിക്കുമെന്ന് ഞാൻ കരുതുന്നു. ▮

(അഭിമുഖത്തിന്​ thewire.inനോട്​ കടപ്പാട്​, പരിഭാഷ: കെ. സഹദേവൻ)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സുധ ഭരദ്വാജ്​

​ഛത്തീസ്​ഗഢ് ആസ്ഥാനമായി ട്രേഡ്​ യൂണിയൻ പ്രവർത്തക, അഭിഭാഷക, പൗരാവകാശ പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഭീമ കൊറെഗാവ് കേസിൽ നാല് വർഷം വിചാരണതടവിൽ കഴിഞ്ഞിരുന്നു.

നാഗ​രാജ്​ അഡ്വെ

15 വർഷമായി കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നു. ‘ഇന്ത്യയിലെ ആഗോളതാപനം: ശാസ്ത്രം, ആഘാതം, രാഷ്ട്രീയം’ എന്ന പുസ്തകത്തിന്റെ രചയിതാവ്​.

Comments