കോവിഡ് കാലത്തെ
ഗൂഢാലോചനകൾ

‘‘വാക്സിൻ വിരുദ്ധരടങ്ങുന്ന മരുന്നുമാഫിയാ ഗൂഢാലോചനാ സിദ്ധാന്തക്കാർ കോവിഡിനെ സുഖപ്പെടുത്തുമെന്നും പ്രതിരോധിക്കുമെന്നും അവകാശപ്പെട്ട് നിരവധി വ്യാജ ഉത്പന്നങ്ങളാണ് ഓൺലൈനായും അല്ലാതെയും വിറ്റഴിച്ചു പോരുന്നത്. നമ്മുടെ നാട്ടിൽ ബദൽ ചികിത്സകൾ ഇത്തരം അവകാശവാദങ്ങളുമായി ജനങ്ങളെ വഞ്ചിച്ചുവരികയാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. കെ.പി. മോഹനൻ എഴുതിയ ലേഖനം.

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽനിന്ന് പൊട്ടിപ്പുറപ്പെട്ട് ഭൂഖണ്ഡാതിർത്തികളെ അതിലംഘിച്ചുകൊണ്ട് ലോകരാജ്യങ്ങളെ ഒന്നൊന്നായി കീഴ്പ്പെടുത്തി പടർന്നുപിടിക്കുന്ന നവ കൊറോണ എന്ന അഭിനവ മഹാമാരിക്കൊപ്പം തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും വ്യാപകമായി പ്രചരിച്ചുവരുന്നുണ്ട്. കോവിഡ് പാൻഡമിക്കിന് സമാനമായും സമാന്തരമായുമാണ് ഫേക്ക് ന്യൂസുകളുടെ ‘പ്ലാൻഡെമിക്’ കാട്ടുതീപോലെ പടരുന്നത്. ഗൂഢാലോചനാ സിദ്ധാന്തങ്ങൾ വൈറസിനെ പോലെ പെരുമാറുന്നതിനാൽ ഇവയെ പ്രതിരോധിക്കാനും നിർവീര്യ മാക്കാനുമുള്ള ശ്രമത്തിലാണ് ഫേസ്​ബുക്കും യൂട്യൂബും വാട്സ്​ആപ്പും അടക്കമുള്ള നവമാധ്യമങ്ങൾ.

കോവിഡ് പാശ്ചാത്തലത്തിൽ ചൈനക്കെതിരായ വംശീയാധിക്ഷേപ ങ്ങളെ ചെറുക്കാനും കെട്ടുകഥകൾ പൊളിച്ചടുക്കാനുമായി ഫെബ്രുവരി രണ്ടിനു തന്നെ ലോകാരോഗ്യസംഘടന ‘ഇൻഫോഡമിക്’ പ്രഖ്യാപി ക്കുകയുണ്ടായി. ഏതൊരു വ്യക്തിക്കും മുഖ്യധാരാ മാധ്യമങ്ങളെ പോലെയോ അതിലുപരിയായോ നിരവധി പേരുമായി സംവദിക്കാൻ സഹായകമായ മായാപ്രപഞ്ചമാണ് സാമൂഹ്യ മാധ്യമങ്ങൾ തുറന്നുവെച്ചിരിക്കുന്നത്. സാമ്പ്രദായിക എഡിറ്റിങ്ങിന്റെയും ഓഡിറ്റിംഗിന്റെയും അഭാവവും, ഫേക്ക് അക്കൗണ്ടുകളും ശരികളും ലൈക്കുകളും വ്യാജവാർത്തകൾ അതിവേഗം വൈറലാകുന്നു. സിക്കാ വൈറസുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ വിശകലനത്തിൽ ഗൂഢാലോചനാസിദ്ധാന്തങ്ങളുടെ വ്യാപന നിരക്ക് അവയെ തുറന്നു കാട്ടാനുള്ള ശ്രമങ്ങളുടെ നിരക്കിന്റെ ഇരട്ടിയിലേറെയാണെന്നു കണ്ടെത്തുകയുണ്ടായി.

ചൈനയിലെ വൈറോളജി ലാബിൽ നിന്ന് യാദൃച്ഛികമായി പുറത്തു ചാടിയ ജനിതകമാറ്റം സംഭവിച്ച വൈറസ്സാണ് കോവിഡിന് കാരണമെന്ന ഗൂഢാലോചനാസിദ്ധാന്തം ഇന്നും പ്രബലമായി നിലനിൽക്കുന്നു. നവ കോറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിൽ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നുണ്ട് എന്ന വസ്​തുതയും അവിടെ കാലങ്ങളായി വവ്വാൽ കൊറോണ വൈറസുകളെ കുറിച്ച് ഗവേഷണം നടക്കുന്നുണ്ട് എന്ന കാര്യവും ആരോപണത്തിന് പാശ്ചാത്തല സ്​ഥിരീകരണം നൽകുന്നുണ്ട്. അമേരിക്കൻ ഇംഗ്ലീഷ് ന്യൂസ്​ചാനലായ ‘ഇപോക് ടൈംസ്​’ നിർമ്മിച്ച് സംപ്രേഷണം ചെയ്ത ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെൻ്ററിയാണ് ഈ ഉപജാപ ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. ഈ ആരോപണത്തിന്റെ മുനയൊടിക്കുന്ന ലേഖനം ‘സയൻസ്​ നേച്ചർ മെഡിസിൻ’ എന്ന ശാസ്​ത്ര പ്രസിദ്ധീകരണത്തിന്റെ മാർച്ച് 17 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘സ്​ക്രിപ്സ്​ റിസർച്ചി’ലെ (Scripps Research) ഇമ്മ്യൂണോളജി ആൻഡ് മൈക്രോ ബയോളജി അസ്സോസിയേറ്റ് പ്രൊഫസറായ ക്രിസ്റ്റിയൻ ആൻഡേഴ്സണും സഹപ്രവർത്തകരുമാണ് ഗവേഷകർ. ആതിഥേയ കോശവുമായി യോജിക്കുന്ന വൈറസിന്റെ സ്​പൈക്ക് പ്രോട്ടീന്റെ (മുന മാംസ്യം) ജനിറ്റിക് ടെംപ്ലേറ്റ് പഠനവിഷയമാക്കി. മനുഷ്യകോശസ്​തര ത്തിലെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്ന ACE - 2 (Angiotensin Converting Enzyme - II) എന്ന സ്വീകരിണിയുമായി ബന്ധിക്കപ്പെടാൻ പരിണമിക്കപ്പെട്ടതാണ് ഈ മുനമാംസ്യം എന്ന് തിരിച്ചറിഞ്ഞു. ഈ പ്രോട്ടീന്റെ നിരവധി കമ്പ്യൂട്ടർ സിമുലേഷനുകൾ പഠിച്ചതിൽ നിന്നും അതിന്റെ നിർമ്മിതി പ്രായോഗികമല്ല എന്നും മനസ്സിലായി. അങ്ങനെ നവ കൊറോണ വൈറസിെൻ്റ മുനമാംസ്യം പ്രകൃതിനിർധാര ണത്തിലൂടെ (natural selection) ഉരുത്തിരിഞ്ഞു വന്നതാണെന്നും ജനിതക എഞ്ചിനീറിങ്ങിലൂടെ സൃഷ്ടിച്ചതല്ലെന്നും ഇവർ സ്​ഥാപിച്ചു. മൊത്തം തന്മാത്രാഘടന അറിയപ്പെടുന്ന കൊറോണ വൈറസുകളിൽ നിന്ന് തികച്ചും വിഭിന്നവുമാണ്. താൻ പഠനവിധേയമാക്കിയ കൊറോണാ വൈറസുകളിൽ നിന്ന് വേറിട്ടതാണ് നവ കൊറോണയുടെ ജനിതക സീക്വൻസ്​ എന്ന കണ്ടെത്തൽ വുഹാൻ വൈറോളജി ഇൻസ്റ്റി ട്യൂട്ടിലെ മുഖ്യ ഗവേഷക ഷി സെംഗ്ളി (Shii Zhengli) ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു.

 ക്രിസ്റ്റിയൻ ആൻഡേഴ്സൺ
ക്രിസ്റ്റിയൻ ആൻഡേഴ്സൺ

ചൈനയെ രാഷ്ട്രീയമായും വംശീയമായും അധിക്ഷേപിക്കാൻ ‘വുഹാൻ വൈറസ്​’ എന്നും ‘ചൈനീസ്​ വൈറസ്​’ എന്നും ആവർത്തിച്ചു കൊണ്ട് ഈ ഗൂഢാലോചനാ സിദ്ധാന്തത്തെ വെള്ളിവെളിച്ചത്തിൽ നിലനിർത്താൻ പ്രസിഡൻ്റ് ട്രംപ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ തിയറിയുടെ എരിവു കൂടിയ വകഭേദം കൂടിയുണ്ട്. ചൈനയുടെ ജൈവായുധപ്പുരയിൽ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ് ഈ സാർസ്​ കൊറോണ വൈറസിന്റെ രണ്ടാം പതിപ്പ് എന്നതാണ് ഈ നുണബോംബ്. ‘പ്യു റിസർച് സെൻ്ററി’ന്റെ നിഗമനപ്രകാരം പത്തിൽ മൂന്ന് അമേരിക്കക്കാരും ഈ വൈറസ്​ ചൈനയുടെ ബോധപൂർവ്വമുള്ള നിർമ്മിതിയാണെന്ന് വിശ്വസിക്കുന്നു! അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഇഷ്ട വിഷയമാണ് ഈ സിദ്ധാന്തം. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് ബീജിങ്ങിന്റെ നിഗൂഢ ജൈവായുധ പദ്ധതിയുമായി ബന്ധമുണ്ടെന്ന ‘വാഷിങ്ടൺ എക്സാമിനർ’ എന്ന യാഥാസ്​ഥിതിക മാധ്യമത്തിൽ വന്ന റിപ്പോർട്ടിനെ പാർവ്വതീകരിച്ച് പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത് ആർക്കെൻ സാസിലെ റിപ്പബ്ലിക്കൻ സെനറ്ററായ ടോം കോട്ടൺ ആണ്.

വവ്വാലിൽ നിന്നും സ്വാഭാവികമായി പരിണമിച്ചുണ്ടായ ഒരു ജന്തുജന്യ വൈറസാണ് നവ കോറോണ എന്നതിന് അസ്സന്നിഗ്ദ്ധ ശാസ്​ത്രീയ തെളിവ് ഇന്ന് ലഭ്യമാണ്. അമേരിക്കൻ ആരോപണത്തെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ചൈന സ്വന്തമായൊരു ഉപജാപസിദ്ധാന്തം കൊണ്ടുവന്നു. ചൈനീസ്​ വിദേശമന്ത്രാലയ വക്താവായ സാവോ ലിജിയാൻ ആണ് ഇതിന്റെ ഉപജ്ഞാതാവ്. 2019 ഒക്ടോബറിൽ ചൈനയിൽ വെച്ച് നടന്ന ലോക മിലിറ്ററി ഗെയിംസിനിടയിൽ അമേരിക്കൻ പട്ടാളം ഇറക്കുമതി ചെയ്തതാണ് പുതിയ വൈറസ്​ എന്നെത്ര ചൈനയുടെ പ്രത്യാരോപണം.

മറ്റൊരു കുപ്രസിദ്ധ ഗൂഢാലോചന തിയറിയുമുണ്ട്. മഹാമാരിയുടെ തുടക്കത്തിൽ വ്യാപകമായ 5 G നെറ്റ് വർക്കാണ് കോവിഡ് വ്യാപനത്തിന് നിദാനം എന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. ചൈനയാണ് ഈ പുതിയ ടെക്നോളജിക്ക് തുടക്കം കുറിച്ചത് എന്ന വസ്​തുത ഈ കള്ളപ്രമാണത്തിന് താത്വിക പശ്ചാത്തലമൊരുക്കുന്നു. വാക്സിൻ വിരുദ്ധലോബിയാണ് ഈ സിദ്ധാന്തത്തിനു പുറകിൽ. ഏറെ ആരാധകരും അനുയായികളുമുള്ള സെലിബ്രിറ്റികൾ വരെ ഏറ്റെടുത്ത ഈ വ്യാജ നിർമ്മിതി ഇംഗ്ലീലും മറ്റും 5 G സെൽഫോൺ ടവറുകൾ കത്തിച്ചുനശിപ്പിക്കുന്ന അക്രമസംഭവങ്ങളിലേക്ക് നയിക്കുകയുായി. പ്രോട്ടീൻ ന്യൂക്ലിയിക് ആസിഡ് ജൈവതന്മാത്രകളായ വൈറസുക ൾക്ക് ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളായി സഞ്ചരിക്കാൻ സാധ്യമല്ല എന്ന സാമാന്യബുദ്ധി പോലും അന്ധവിശ്വാസം മൂടിയ മസ്​തിഷ്കങ്ങ ൾക്ക് അന്യമാണല്ലോ. ഗൂഢാലോചനാ സിദ്ധാന്തക്കാർ എന്നും ഇരയാക്കിയിട്ടുള്ള വ്യക്തിയാണ് ബിൽ ഗേറ്റ്സ്​. വാക്സിൻ വിരുദ്ധരും ചില അതിതീവ്ര വലതു ഗ്രൂപ്പുകളു മാണ് ഇതിനു പിന്നിൽ. എബോള രോഗവിസ്​ഫോടനത്തെ കുറിച്ച് 2015- ൽ അദ്ദേഹം നടത്തിയ റ്റെഡ് ടോകിൽ (ted talk) പുതിയ മഹാമാരിയെക്കുറിച്ചു മുന്നറിയിപ്പ് നടത്തിയിരുന്നു. ഈ പ്രഭാഷണത്തിന്റെ വീഡിയോയെ മുൻനിർത്തി കോവിഡ് 19-നെ കുറിച്ച് ബിൽ ഗേറ്റ്സിന് മുൻധാരണ ഉണ്ടായിരുന്നെന്നും, ഒരുവേള അദ്ദേഹം തന്നെയാണ് ഈ രോഗം സൃഷ്ടിച്ചതുമെന്നതാണ് പുതിയ തിയറി. ആഗോള ജനതയെ വാക്സിനേറ്റ് ചെയ്യാനും വാക്സിനിലൂടെ ഡിജിറ്റൽ മൈേക്രാചിപ്പുകൾ ഇംപ്ലാൻ്റ് ചെയ്ത് അവരെ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനുമാണ് ഗൂഢപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് മിത്ത്.

ജനിതകമാറ്റം വരുത്തിയ വിളകൾ (GMOS) എന്നും ഉപജാപസിദ്ധാന്തക്കാരുടെ ശത്രുപക്ഷത്താണ്. ഇറ്റാലിയൻ അറ്റോർണിയായ ഫ്രാൻസിസ്​കോ ബിലോട്ടയാണ് (Francesco Billota) ജി എം വിളകളെ പ്രതിസ്​ഥാനത്തു നിർത്തിയിരിക്കുന്നത്. ജനിതക എഞ്ചിനീയറിംഗ് സൃഷ്ഠിക്കുന്ന ജനിതക മലിനീകരണം വൈറസ്​ പെറ്റുപെരുകുന്നതിനിടയാക്കുമെന്നാണ് വാദം. ആധുനിക ശാസ്​ത്രീയ കൃഷിരീതികൾക്കെതിരായും, ജനിതക വിളകൾക്കെതിരായും പോരാടുന്ന സംഘടനകളുടെ പിന്തുണ ഈ കപടസിദ്ധാന്തത്തിനു ലഭിക്കുന്നത് സ്വാഭാവികം.

വൈരുധ്യമെന്നു പറയട്ടെ, കോവിഡിനെ പ്രതിരോധിക്കാൻ ശാസ്​ത്രലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാക്സിൻ നിർമ്മിക്കാൻ പോവുന്നത് ജനിതകമാറ്റം വരുത്തി വീര്യം കുറഞ്ഞ വൈറസിനെ അടിസ്​ഥാനമാക്കിയോ, ജനിതകമാറ്റം വരുത്തിയ പ്രാണികോശങ്ങളിൽ വളർത്തിയ വൈറസിന്റെ ആൻ്റിജൻ ഉപയോഗിച്ചോ ആയിരിക്കും.

ഗൂഢാലോചനാ സിദ്ധാന്തവിദഗ്ധരായ ഡേവിഡ് ഇക്കെ (David Ikke)യുടെയും അലക്സ്​ ജോൻസിന്റെയും (Alex Jones)വീക്ഷണ ത്തിൽ പൊതുസമൂഹത്തിന് സഞ്ചാരസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും നിഷേധിക്കാൻ വേണ്ടിയുള്ള ഉന്നതരുടെ മിഥ്യാ നിർമ്മിതിയാണ് കോവിഡ് 19. ഇവരുടെ അണികളാണ് സാമൂഹ്യ അകലം പാലിക്കാതെ അമേരിക്കൻ ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തിയത്. പ്രസിഡൻ്റിനെ അട്ടിമറിക്കാനുള്ള അമേരിക്കൻ അധോലോകത്തിന്റെ സൃഷ്ടിയാണ് ഈ മഹാമാരി എന്ന് വിശ്വസിക്കുന്നവരുമുണ്ട്. വൻകിട മരുന്നുകമ്പനിയുടെ സൃഷ്ടിയാണ് നവ കോറോണ എന്ന വ്യാജ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളും പ്രചാരകരും യഥാർത്ഥത്തിൽ കപട ചികിത്സയുടെ ഗുണഭോക്താക്കളാണ്. വാക്സിൻ വിരുദ്ധരടങ്ങുന്ന ഈ മരുന്നുമാഫിയാ ഗൂഢാലോചനാ സിദ്ധാന്തക്കാർ കോവിഡിനെ സുഖപ്പെടുത്തുമെന്നും പ്രതിരോധിക്കുമെന്നും അവകാശപ്പെട്ട് നിരവധി വ്യാജ ഉത്പന്നങ്ങളാണ് ഓൺലൈനായും അല്ലാതെയും വിറ്റഴിച്ചു പോരുന്നത്. നമ്മുടെ നാട്ടിൽ ബദൽ ചികിത്സകൾ ഇത്തരം അവകാശവാദങ്ങളുമായി ജനങ്ങളെ വഞ്ചിച്ചുവരികയാണ്. ചൂടുവെള്ളവും, ഇഞ്ചിയും, ശർക്കരയും, ഗോമൂത്രവും, വൈറ്റമിൻ സി യുമെല്ലാം കോവിഡിനെ ചെറുക്കുകയോ ശമിപ്പിക്കുകയോ ചെയ്യുമെന്നതും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തന്നെ! സമാനമായ ചികിത്സകൾ ചൈനയടക്കം പല രാജ്യങ്ങളിലും വ്യാപകമാണ്.

വ്യാജ സിദ്ധാന്തങ്ങളുടെ
പൊളിച്ചെഴുത്ത്

വ്യാജവാർത്തകളും ഉപജാപ ആഖ്യാനങ്ങളും നിരന്തരം എതിർക്കപ്പെടേ താണ്. അകാരണ സംശയത്തിലും തെളിവുകളുടെ അഭാവത്തിലും കല്പിത ഉപജാപ ആശയത്തിൽ കെട്ടിപ്പൊക്കിയ ഗൂഢാലോചനാ സിദ്ധാന്തങ്ങളെയും യഥാർത്ഥ ഗൂഢാലോചനകളെയും വേർതിരിച്ചറിയണം. കാലാവസ്​ഥാ വ്യതിയാനത്തെ നിരാകരിക്കുന്ന പ്രതിലോമ കൂട്ടായ്മക്കെതിരെ ദീർഘകാലം പോരാടിയ പരിചയ സമ്പത്തുള്ള സ്റ്റീഫൻ ലീവോന്റെവ്ക്സിയും ജോൺ കുക്കും രചിച്ച ‘ദി കോൺസ്​പിരസി തിയറി ഹാൻഡ്ബുക്ക്’ ഇതിനു വഴികാട്ടിയാണ്. ഒരു മോഡൽ ഡീസൽ കാറുകളെ മലിനീകരണ ടെസ്റ്റ് അതിജീവിക്കാൻ ഫോക്സ്​ വാഗൺ ഗൂഢാലോചന നടത്തുകയുണ്ടായി. സിഗരറ്റ് കമ്പനികൾ പുകവലിയുടെ ദൂഷ്യഫലങ്ങളെ ഉപഭോകതാക്കളിൽ നിന്നും മറച്ചുവെച്ചത് ദശാബ്ദങ്ങളാണ്. ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന പൗരന്മാരെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന യു.സ്​. നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ഗൂഢാലോചന എഡ്വേർഡ് സ്​നോഡൻ പുറത്തു കൊണ്ടുവന്നു. എന്നാൽ അടിസ്​ഥാനരഹിത വ്യാജ നിർമിതികളായ ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ തുറന്നുകാട്ടലും പൊളിച്ചടുക്കലും തുലോം ദുഷ്കരമാണ്. വസ്​തുതാവിരുദ്ധവും, നിഷേധാത്മകവും, സംശയാസ്​പദവും, അധാർമികവുമായ ആശയാടിത്തറയിലാണ് അവയുടെ നിലനിൽപ്പ്.

READ: എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…

മഴക്കാലമായി, ദുരന്തഭീതി ഒഴിവാക്കാൻ ആസൂത്രണം നടത്തേണ്ട സമയം

പലപ്പോഴും അടിസ്​ഥാനരഹിതമായ ഇരവാദമായിരിക്കും അവയുടെ രാഷ്ട്രീയം. കോൺസ്​പിരസി തിയറിയുടെ പൊള്ളത്തരം വെളിപ്പെടുത്താനും അവയെ ചവറ്റുകൊട്ടകളിലെറിയാനുമുള്ള മാർഗങ്ങളെക്കുറിച്ച് ഉത്തരവാദിത്വബോധമുള്ള വ്യക്തികളും ലോകാരോഗ്യ സംഘടന പോലുള്ള സ്​ഥാപനങ്ങളും ഏറെ ചിന്തിക്കാൻ തുടങ്ങുന്നത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ്. വ്യാജ വാർത്തകളുടെ ത്വരിതവ്യാപനത്തെ ചെറുക്കുകയോ അതിന്റെ വേഗത കുറക്കുകയോ ചെയ്യുക എന്നത് ഒരു പ്രായോഗിക മാർഗമാണ്. പ്രസ്​തുത വാർത്തയും സ്രോതസും വിശ്വസനീയമാണോ, ആധി കാരികമാണോ, രാഷ്ട്രീയപ്രേരിതമാണോ എന്നു സ്വയം ചോദിക്കാവുന്നതാണ്.

തെളിവ് അധിഷ്ഠിതവും, നിയമാനുസൃതവും, ശാസ്​ത്രീയവുമായ ബോധവത്കരണം ഉപജാപ വൈറസുകൾക്കെതിരെ പ്രതിരോധം തീർക്കും. സത്യസന്ധമായ വിവരവിനിമയത്തിലൂടെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ സർക്കാർ സംവി ധാനങ്ങൾക്ക് സാധിക്കും. സൈദ്ധാന്തികരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തും ഇരകളോട് അനുതാപപൂർവം ഇടപ്പെട്ടും കപടസിദ്ധാന്ത ങ്ങളുടെ മുനയൊടിക്കാനാവും. വ്യാജ നിർമ്മിതിയുടെ കള്ളന്യായങ്ങളെയും വൈരുധ്യങ്ങളെയും തുറന്നുകാട്ടാവുന്നതാണ്. പൊതുമേഖലയിലെ വാക്സിൻ ഗവേഷകരായ ശാസ്​ത്രജ്ഞരാണ് വാക്സിൻ വിരുദ്ധരുടെ മരുന്നു മാഫിയാ ഗൂഢാലോചന സിദ്ധാന്തത്തിന്റെ വിഷപ്പല്ല് ഊരിയത്. വാർത്തകളുടെയും അവകാശവാദങ്ങളുടെയും സിദ്ധാന്തങ്ങളുടെയും സത്യാവസ്​ഥ ഞൊടിയിടയിൽ തിരിച്ചറിയാൻ ഇൻറർനെറ്റിൽ നൂറോളം വസ്​തുതാന്വേഷണ വെബ്സൈറ്റുകൾ ലഭ്യമാണ് (fact checkers). ഗൂഗിളും വാട്സാപ്പും ഇൻസ്റ്റഗ്രാമും ഫേസ്​ബുക്കുമെല്ലാം ഈ സേവനം നൽകുന്നുണ്ട്. മിക്കവയും നിഷ്പക്ഷവും സുതാര്യവും സത്യസന്ധ വുമാണ്. ജനിതകമാറ്റം വരുത്തിയ കൊതുകുകൾ സിക്ക വൈറസ്​ (zika virus) പരത്തുമെന്ന ഗൂഢാലോചനാ സിദ്ധാന്തത്തെ ഓട്ടോമാറ്റിക് അൽഗോരിതം ഉപയോഗിച്ച് ഫേസ്​ബുക് പൊളിച്ചടുക്കി. വെള്ളുള്ളിയും മഞ്ഞളും ഇഞ്ചിയുമെല്ലാം കോറോണക്കെതിരായ ആൻ്റി വൈറൽ മരുന്നുകളാണെന്ന അവകാശവാദം ഇൻ്റർനാഷണൽ ഫാക്ട് ചെക്കിങ് നെറ്റ് വർക്ക് തള്ളിക്കളഞ്ഞതാണ്.

പൊതുസമൂഹത്തിന്റെ വ്യാജബോധ്യങ്ങളെ തിരുത്താൻ എളുപ്പമാണെങ്കിലും ഉപജാപ സിദ്ധാന്തവിശ്വാസികളെ ബോധവൽക്കരിക്കുക അത്ര എളുപ്പമല്ല. മതരാഷ്ട്രീയ തീവ്രവാദങ്ങളുടെ അനിവാര്യ ആയുധങ്ങളാണ് ഗൂഢാലോചനാ സിദ്ധാന്തങ്ങൾ. മൗലികവാദ ആശയങ്ങളിൽനിന്ന് സ്വയം മോചിതരായവരുടെ തിരിച്ചറിവുകൾക്ക് സ്വീകാര്യതയേറും. വിമർശനാത്മകമായ ചിന്തയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകണം. വിശ്വാസത്തിന്റെ വ്യാജനിർമ്മിതിയുടെ അക്രമോൽസുകമായ അപനിർമ്മാണവും അവഹേളനവും വിപരീതഫലമുളവാക്കിയേക്കും. സോഷ്യൽ മീഡിയയിലെ രണ്ടു ദശലക്ഷം കമൻ്റുകളുടെ വിശകലനത്തിൽ ഉപജാപആശയം ഉൾക്കൊള്ളുന്ന വെറും 5 ശതമാനം പോസ്റ്റുകൾ 64 ശതമാനം കമൻ്റുകൾക്കും പാത്രീഭവിച്ചതായാണ് കണ്ടത്.

ന്യായീകരണവാദം

നിർദ്ദേശങ്ങളിലോ വിശ്വാസങ്ങളിലോ ഉള്ള നിരുപാധിക ബോധ്യത്തിന്റെ ജ്ഞാനശാസ്​ത്രമാണ് ന്യായീകരണം (justification). ന്യായീകരണത്തിലാണ് വിശ്വാസയുക്തിനീതീകരണം സാധിക്കുന്നത്. സംശയാസ്​പദമായ അവകാശവാദത്തെ നിസ്സന്ദേഹം സ്​ഥാപിക്കാനും ഇതുതന്നെ ആയുധം. അനുഭവസിദ്ധമായ പ്രത്യക്ഷ അറിവുകളും, ആധികാരിക സാക്ഷ്യങ്ങളും, ആപേക്ഷിക യുക്തികളും ന്യായീകരണ ഉപാധികളാണ്.

ന്യായീകരണത്തിന്റെ ശ്രദ്ധാകേന്ദ്രം വിശ്വാസമെത്ര. ‘ന്യായീകരിക്കപ്പെട്ട സത്യവിശ്വാസമാണ് അറിവ്’ എന്ന ജ്ഞാനനിർവചനം ഇതിനു സാധൂകരണം നൽകുന്നുണ്ട്. ന്യായീകരണ സിദ്ധാന്തങ്ങൾ പ്രസ്​താവനകളുടെയും നിർദ്ദേശങ്ങളുടെയും ന്യായീകരണത്തെ ലക്ഷ്യ മിടുന്നു. അപ്രമാദ സത്യങ്ങളെ എത്തിപ്പിടിക്കാൻ ന്യായീകരണം ആവശ്യമില്ലെന്നാണ് ജോനാഥൻ ക്വാൻവിഗിനെ (Jonathan Kvanvig) പോലുള്ള ചിന്തകർ അടിവരയിടുന്നത്. യഥാർത്ഥ വിശ്വാസത്തെക്കാൾ മൂല്യം അറിവിനാണ്. വിജ്ഞാന വീഥിയിൽ വസ്​തുതവിരുദ്ധമായ ന്യായീകരണങ്ങൾ സ്വയം നിഷ്കാസിതമാവുക തന്നെ ചെയ്യും.

ഒരു വ്യക്തി സ്വന്തം വിശ്വാസത്തെ മുറുകെ പിടിക്കുന്നതിനെ സ്വയം കണ്ടെത്തുന്ന കാരണമാണ് ന്യായീകരണം. അഥവാ, വിശ്വാസം സത്യമാ ണെന്ന ആത്മബോധ്യത്തിനുള്ള വിശദീകരണം. വാദങ്ങളും വ്യാഖ്യാനങ്ങളും പരസ്​പരം ആശയക്കുഴപ്പം സൃഷ്ടിക്കാം. അതുപോലെ തന്നെയാണ് ന്യായവാദങ്ങളും ന്യായീകരണങ്ങളും. ന്യായീകരണത്തിന്റെ പ്രസ്​താവനകൾ പലപ്പോഴും താർക്കികവാദത്തിന്റെ തലത്തിലേക്ക് വളരാറുണ്ട്. എന്തിനെയും ഏതിനെയും സ്വന്തം മുൻവിധികൾക്കും താല്പര്യങ്ങൾക്കുമനുസരിച്ചു ന്യായീകരിക്കാനുള്ള കഴിവ് മനുഷ്യ മസ്​തിഷ്കത്തിന്റെ മാത്രം പ്രഹേളികയാണ്.

എത്ര സ്വാഭാവികമായാണ് കുടുംബത്തിന്റെ പട്ടിണി കളവിനെ ന്യായീകരിക്കുന്നത്. സ്വേച്ഛാധിപതികളായ ഭരണാധികാരികളും വർഗീയവാദികളും തങ്ങളുടെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് ആശയാടിത്തറ നൽകാൻ ന്യായീകരണ വാദങ്ങളെ ആശ്രയിക്കുന്നു. അടിസ്​ഥാന വിശ്വാസങ്ങൾ അനുരൂപ വിശ്വാസങ്ങൾക്ക് അനായാസേന ന്യായീകരണം ചാർത്തുന്നു. അടിസ്​ഥാന വിശ്വാസങ്ങൾ അടിസ്​ഥാനമില്ലാത്ത വിശ്വാസങ്ങളെ ന്യായീകരിക്കുന്നത് പ്രതിഷ്ഠ പനവാദമാണ്. ചില വിശ്വാസങ്ങൾ അനന്ത യുക്തികൾ കൊണ്ട് ന്യായീകരിക്കപ്പെടുമ്പോൾ മറ്റു ചിലത് ആന്തരിക ജ്ഞാനം കൊണ്ടാണ് ന്യായീകരിക്കപ്പെടുന്നത്. യുക്തിയുക്തമായ ചിന്ത കൊണ്ടാണ് വിശ്വാസങ്ങളെ സാധൂകരിക്കേണ്ടതെന്ന അൽവിൻ പ്ലാറ്റിൻഗയുടെ മതം വിശ്വാസങ്ങളെ പൊളിച്ചെഴുതും. സന്ദേഹാത്മക സമീപനം ന്യായീകരിക്കപ്പെട്ട അറിവുകളെ ചോദ്യം ചെയ്യുകയും പരിഷ്കരിക്കുകയുംചെയ്യും. തെളിവധിഷ്ഠിത വിശ്വാസങ്ങളാണ് വസ്​തുതകളായി പരിണമിക്കുന്നത്. ലളിതമായ താർക്കിക നിഗമനങ്ങളും മുൻധാരണകളും പൂർവ്വപക്ഷവും പശ്ചാത്തലവുമെല്ലാം നിരീക്ഷ ണത്തിനുള്ള പ്രത്യക്ഷ വിശദീകരണത്തിന് ന്യായീകരണം ചമക്കുന്നു. സമാന ആശയങ്ങളും വിശ്വാസങ്ങളും സമീപനങ്ങളും പുലർത്തു ന്നവർ സമാന ന്യായീകരണവാദം ഉയർത്തുന്നത് സ്വാഭാവികം. സിദ്ധാന്തവാശിയും, പ്രായോഗികതാ വാദവും സുഖഭോഗവാദവും (Hedonism) ന്യായീകരണങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. സത്യം കേവലം ഇന്ദ്രിയഗോചരമല്ല, ബൗദ്ധികവും കാര്യകാരണബന്ധിതവുമാണ് എന്നതാണ് യുക്തിചിന്ത. അത് ശാസ്​ത്രീയ മാർഗങ്ങളിലൂടെ ശാസ്​ത്രീയമായി തെളിയിക്കപ്പെടേണ്ടതാണ്, ബാലിശമായി ന്യായീകരിക്കപ്പെടേതല്ല.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments