ഏത് ഭിഷഗ്വരനാണ് സ്റ്റെതസ്‌കോപ്പ് വച്ച് എന്നെ ആദ്യമായി പരിശോധിച്ചത്? ഷൊർണൂരിൽ പല്ലുപറിക്കാൻ പോയ കാലം ഓർമ്മയുണ്ട്. മോണയിൽ നൽകുന്ന ഇഞ്ചക്ഷനെ ഭയന്നിരുന്ന കുട്ടിക്കാലം. നാട്ടിലെ ആയുർവേദ ഡോക്ടർമാരുടെയും നാട്ടുവൈദ്യന്മാരുടെയും മരുന്നുകൾ കഴിച്ച കാലവും ഓർമ്മയുണ്ട്. കൊപ്പത്തെ മൊയ്തു ഡോക്ടർ പനിക്ക് ചികിത്സിച്ചത് അറിയാം.
കുറേക്കാലം എന്നെ ചികിത്സിച്ചത് പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിലെ ഡോ. എസ്.വി. കൃഷ്ണൻകുട്ടിയാണ്. ആയുർവേദവും മോഡേൺ മെഡിസിനും പഠിച്ച് 'ദ്വേധാ' ചികിത്സിക്കുന്ന ഭിഷഗ്വരൻ. എന്റെ ഉദരസംബന്ധമായ പ്രശ്‌നങ്ങൾ അദ്ദേഹം പരിഹരിച്ചു. പിന്നീട് ഞങ്ങൾ സുഹൃത്തുക്കളും ഏതാണ്ട് അയൽക്കാരുമായി.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ചാരിറ്റബിൾ ഹോസ്പിറ്റൽ സൂപ്രണ്ടായിരുന്ന, ഇപ്പോൾ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. പി. ബാലചന്ദ്രൻ ഏറെക്കാലം എന്റെ ആരോഗ്യസംരക്ഷകനായി മാറി. അദ്ദേഹം മോഡേൺ മെഡിസിൻ ഡോക്ടറാണ്. തലവേദനയായിരുന്നു അക്കാലത്തെ എന്റെ പ്രധാന അസ്വസ്ഥത.
പോകെപ്പോകെ ബാലചന്ദ്രൻ ഡോക്ടറുമായി നിതാന്ത സാദരസ്നേഹ സൗഹൃദത്തിലായി. ഏറെ കലാകാരന്മാരെ ചികിത്സിച്ച അനുഭവസമ്പത്തുള്ള ബാലചന്ദ്രൻ ഡോക്ടർക്കുവേണ്ടി അദ്ദേഹത്തിന്റെ കലാനുഭവങ്ങൾ പകർത്തിയെഴുതി 'ഹൃദയതാളം' എന്ന പുസ്തകമാക്കുവാൻ ഭാഗ്യം ലഭിച്ചു. അദ്ദേഹത്തെക്കുറിച്ച് എഴുതി. കേരളീയ കലാചരിത്രത്തിൽ വിട്ടുപോകാൻ പാടില്ലാത്ത കലാകാരന്മാരുടെ ഭിഷഗ്വരന്റെ സ്റ്റെതസ്‌കോപ്പ് എന്റെ ഹൃദയമിടിപ്പുകൾ പലവുരു അറിഞ്ഞു.
അങ്ങാടിപ്പുറത്ത് താമസമാക്കി പതിനഞ്ചുകൊല്ലം കഴിഞ്ഞാണ് പെരിന്തൽമണ്ണയിലെ രാംദാസ് നഴ്‌സിംഗ് ഹോമിലെ ഡോ. എസ്. രാംദാസിനെ പരിചയമാകുന്നത്. ഭിഷഗ്വരവൃത്തി പുണ്യമായി കണക്കാക്കുന്ന മഹാമനീഷിയുടെ വിശിഷ്ടവ്യക്തിത്വത്തിനു നേരെ നമസ്‌ക്കരിച്ചു. അദ്ദേഹത്തെക്കുറിച്ച് ഡോ. ദാസേട്ടൻ എന്ന വലിയ പുസ്തകം എഴുതി. ഡോ. എം.എസ്. വല്യത്താൻ, ശശി തരൂർ, ആർട്ടിസ്റ്റ് നമ്പൂതിരി, മദനൻ, ഇ.പി. ഉണ്ണി, ഗോപികൃഷ്ണൻ എന്നിവർ വാക്കുകൊണ്ടും വരകൾകൊണ്ടും അനുഗ്രഹിച്ച പുസ്തകം. ഡോക്ടറുടെ പത്‌നി ഗൈനക്കോളജിയിൽ വിദഗ്ദ്ധയായ ഡോ. ലീലാ രാംദാസിനെയും ചേർത്തായിരുന്നു പുസ്തകം. ഇരുപത്തിയഞ്ചിലധികം ഡോക്ടർമാരുടെ പാരമ്പര്യവും വർത്തമാനവും ഉള്ള കുടുംബചരിത്രം കൂടിയായി അത് മാറി. അദ്ദേഹത്തിന്റെ സഹോദരൻ ഡോ. മോഹൻദാസ്, മകൻ ഡോ. സുനിൽ, മരുമകൾ ഡോ. ദീപ്തി സുനിൽ എന്നിവർ ഒരുമിച്ചു താമസിക്കുന്നു. ഈ കുടുംബവുമായുള്ള ആത്മബന്ധം പറഞ്ഞറിയിക്കാനാവില്ല. എന്റെ പത്‌നി സജിക്കും ഇവരുടെ സേവനം ലഭിച്ചിട്ടുണ്ട്.
രാംദാസ് ഡോക്ടറുടെ മുറിക്കുപുറത്തു കാത്തുനിൽക്കുന്നവർ അസ്വസ്ഥരും അക്ഷമരുമാകുന്നതും പല തവണ കണ്ടിട്ടുണ്ട്. അകത്തെ രോഗിയെ അത്രമേൽ സമയമെടുത്താണ് പരിശോധന. രോഗി കൊടുക്കുന്ന നോട്ടുകളിൽ കണ്ണുവയ്ക്കാത്ത ഡോക്ടർ.

ഒരിക്കൽ ബാലചന്ദ്രൻ ഡോക്ടറുടെ മേശവലിപ്പ് തുറന്നു കിടക്കുന്നതു കണ്ടു. എന്നെ പരിശോധിക്കുന്ന വേള. അറിയാതെ കണ്ണ് ചെന്നു. പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ മാത്രം. ഡോക്ടർക്ക് പരിശോധന പ്രാർത്ഥനയും സമർപ്പണവുമാണ്. ദക്ഷിണ ലഭിക്കുന്നത് സ്വീകരിക്കുന്നു. രാംദാസ് ഡോക്ടറും ഇതേ ശ്രേണിയിൽത്തന്നെ. ഈ പാരമ്പര്യത്തിൽ ഉറച്ചുനിന്ന്, സമയമെടുത്ത് രോഗിയെ ചേർത്തുപിടിച്ച് കുശലംചോദിച്ച് സാന്ത്വനിപ്പിക്കുന്ന ഡോ. ദീപ്തി സുനിൽ ആധുനിക ചികിത്സാകാലത്തെ അത്ഭുതദൃശ്യമായി അനുഭവപ്പെട്ടു.
അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്, വൈദ്യമഠം, ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം. വാരിയർ, ട്രസ്റ്റി അംഗം ഡോ. കെ. മുരളീധരൻ, കോയമ്പത്തൂരിൽ പ്രവർത്തിച്ച് ഒറ്റപ്പാലത്തെത്തിയ ഡോ. കെ.ബി. രവീന്ദ്രൻ, ഡോ. അകരൂർ സന്തോഷ്, ഡോ. ശ്രീകൃഷ്ണൻ, ഡോ. ശ്രീജിത്ത് ആര്യദത്തം, ഡോ. ശ്രീകുമാർ വൈലോപ്പിള്ളി തുടങ്ങി ഈ മേഖലയിലെ സൗഹൃദങ്ങൾ വിപുലം. അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സിന്റെ ജീവിതകഥ 'കൈപ്പുണ്യം' എഴുതാൻ എനിക്ക് മാർഗ്ഗനിർദ്ദേശകനായ, അഷ്ടാംഗഹൃദയപണ്ഡിതനും ഭിഷഗ്വരനുമായ ഡോ. കെ.പി. രാമൻകുട്ടി വാരിയർ തുടങ്ങി ഈ മേഖലയുമായുള്ള സൗഹൃദം വിലമതിക്കുന്നു. ഇവരെ വ്യക്തിപരമായി കാണാനാണ് എനിക്കിഷ്ടം, ഇവരുടെ മുന്നിൽ ശാരീരിക അസ്വസ്ഥതകളോടെ ഇരിക്കാനല്ല.
ജീവിതത്തിൽ ഇത്രമേൽ ഭിഷഗ്വരസൗഹൃദം ലഭിച്ചത് ഒരർത്ഥത്തിൽ എന്റെ ഭാഗ്യമാണെന്ന് കരുതുന്നു. ഡോക്ടറിലുള്ള വിശ്വാസമാണ് പ്രാഥമികമായി മരുന്നിനപ്പുറം രോഗശമനഹേതുഎന്നു പറയാം. ഇതിൽ പേരെടുത്തു പറയാത്ത ഏറെ ഡോക്ടർമാരെയും പരിചയമുണ്ട്.
ഒരാൾ ഏറ്റവും നിസ്സഹായനായി ചെല്ലുന്ന സന്നിധി ആരുടേതാണ്? സമ്പന്നതയും പ്രൗഢിയും നിലയും വിലയും സ്ഥാനമാന ങ്ങളും സാമൂഹ്യനിലയും പ്രതാപവും അധികാരവും അനിഷേധ്യതയും അപ്രമാദിത്വവും അഹങ്കാരവും കർക്കശതയും ഒരു ഭിഷഗ്വരനുമുന്നിൽ കൊഴിഞ്ഞുവീണ് ഇലകൾ കൊഴിഞ്ഞ മരംപോലെ ഒരാൾ ഭിഷഗ്വരനുമുന്നിൽ വിനീതനാവുന്നു. അയാൾ നിരുപാധികമായി അനുസരണയുള്ളവനാകുന്നു.
ഡോക്ടറോട് കടപ്പെടാത്ത ഒരാൾ? അങ്ങനെ ഒരാൾ സങ്കല്പം മാത്രം. അപൂർവ്വ വൈദ്യന് നമസ്‌ക്കാരം പറഞ്ഞാണ് അഷ്ടാംഗഹൃദയം ആരംഭിക്കുന്നതുതന്നെ. മേല്പത്തൂർ 'നാരായണീയ'ത്തിൽ ആയുരാരോഗ്യസൗഖ്യമാണ് പ്രാർത്ഥിക്കുന്നത്. ഒരു ഡോക്ടറുടെ 'കുറിപ്പടി' ഒരു ജീവിതത്തെ അത്രമേൽ സ്വാധീനിക്കുന്നുണ്ട്.
READ: കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

