സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

പോളിയോ വാക്സിൻ കണ്ടെത്തി സാർവദേശീയ പ്രശസ്തിയാർജ്ജിച്ച ജൊനാസ് സാൽക്ക്, ആൽബർട്ട് സബിൻ എന്നീ ശാസ്ത്രജ്ഞരെക്കുറിച്ച് എഴുതുന്നു ഡോ. ബി. ഇക്ബാൽ. ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ എഴുതിയ ലേഖനം.

പോളിയോ വാക്സിൻ കണ്ടെത്തി സാർവദേശീയ പ്രശസ്തിയാർജ്ജിച്ച ശാസ്ത്രജ്ഞരാണ് ജൊനാസ് സാൽക്ക് (Jonas Edward Salk 1914 –1995), ആൽബർട്ട് സബിൻ (Albert Bruce Sabin: 1906–1993) എന്നിവർ. ഗവേഷകർ എന്ന നിലയിലുള്ള മൗലിക സംഭാവനകൾക്കുപുറമേ മറ്റ് പല സവിശേഷതകൾ കൊണ്ടും ശ്രദ്ധേയരാണ് ഇരുവരും.

പോളണ്ടിൽ നിന്നുള്ള ജൂതകുടിയേറ്റ കുടുംബത്തിലെ അംഗമായിരുന്ന സാൽക്ക് ന്യൂയോർക്ക് നഗരത്തിൽ 1914 ഒക്ടോബർ 28 നു ജനിച്ചു. കുടുംബത്തിൽ ആദ്യ ബിരുദധാരിയായ സാൽക്ക് നിയമവിദ്യാഭ്യാസത്തിലായിരുന്നു ആദ്യം താത്പര്യം കാട്ടിയത്, പക്ഷേ ചെറുപ്പം മുതൽ പ്രകൃതിയുടെ മാനവികതലത്തിൽ താത്പര്യം കാട്ടിയിരുന്ന സാൽക്ക് അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വൈദ്യപഠനത്തിലേക്ക് തിരിഞ്ഞു. ജീവശാസ്ത്രവും മാനവികവിഷയങ്ങളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ സാൽക്കിന് വൈദ്യശാസ്ത്രപഠനത്തിൽ മുഴുകാൻ ബുദ്ധിമുട്ടുണ്ടായില്ല. ന്യൂയോർക്ക് സർവകലാശാല മെഡിക്കൽ സ്കൂളിലെ പഠനകാലത്ത് തന്നെ ഫ്ലൂ വൈറസുകളെ സംബന്ധിച്ച് ഗവേഷണത്തിൽ സാൽക്ക് താത്പര്യമെടുത്തിരുന്നു. വൈദ്യപഠനം പൂർത്തിയാക്കിയ സാൽക്ക് പ്രശസ്ത വൈറോളജിസ്റ്റ് ഡോ തോമസ് ഫ്രാൻസിസിന്റെ (Thomas Francis Jr.: 1900 –1969) കീഴിൽ മിച്ചിഗൻ സർവകലാശാലയിൽ ഗവേഷക ഫെലോഷിപ്പിനർഹനായി. ഇരുവരും ചേർന്ന് രണ്ടാം ലോക മഹായുദ്ധകാലത്ത് അക്കാലത്ത് പടർന്ന് പിടിച്ച് ഫ്ലൂ രോഗത്തിനെതിരെ അമേരിക്കൻ പട്ടാളത്തിനായി ഫലപ്രദമായ ഫ്ലൂ വാക്സിൻ വികസിപ്പിച്ചെടുത്തു.

1947- ൽ പിറ്റ്സ് ബർഗ് സർവകലാശാല മെഡിക്കൽ സ്കൂളിലെ വൈറസ് ഗവേഷണലാബറട്ടറിയുടെ ഡയറക്ടറായി സാൽക്ക് നിയമിതനാവുകയും പോളിയോ വാക്സിൻ ഗവേഷണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കയും ചെയ്തു. നിർവീര്യമാക്കപ്പെട്ട ജീവനുള്ള (Live Attentuated) വൈറസുകളുപയോഗിച്ച് കൊണ്ടുള്ള വാക്സിൻ വികസിപ്പിക്കാനാണ് പലരും ശ്രമിച്ചിരു ന്നത്, സാൽക്കാവട്ടെ ഫ്ലൂ വാക്സിൻ ഗവേഷണ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നിർജ്ജീവമാക്കപ്പെട്ട (Killed Inactivated) വാക്സിൻ തയ്യാറാക്കാനാണ് ശ്രമിച്ചത്. പോളിയോ രോഗികൂടിയായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക് ളിൻ റൂസ് വെൽറ്റ് രൂപീകരിച്ച നാഷണൽ ഫൗണ്ടേഷൻ ഫോർ ഇൻഫന്റൈൽ പരാലിസിസ് എന്ന ജീവകാരുണ്യപ്രസ്ഥാനം സാൽക്കിന്റെ വാക്സിൻ ഗവേഷണസംരംഭത്തിൽ താത്പര്യം കാട്ടി. സാൽക്ക് നടത്തുന്ന ഗവേഷണത്തിനായി ജനങ്ങളിൽ നിന്നും ഫണ്ട് സ്വരൂപിക്കുന്നതിനുള്ള മാർച്ച് ഓഫ് ഡൈമ്മ്സ് എന്ന ജനകീയ പരിപാടിയാരംഭിക്കയും ചെയ്തു.

പോളിയോ വാക്സിൻ കണ്ടെത്തി സാർവദേശീയ പ്രശസ്തിയാർജ്ജിച്ച ശാസ്ത്രജ്ഞരാണ് ജൊനാസ് സാൽക്ക് (Jonas Edward Salk 1914 –1995),  ആൽബർട്ട് സബിൻ (Albert Bruce Sabin: 1906–1993) എന്നിവർ.
പോളിയോ വാക്സിൻ കണ്ടെത്തി സാർവദേശീയ പ്രശസ്തിയാർജ്ജിച്ച ശാസ്ത്രജ്ഞരാണ് ജൊനാസ് സാൽക്ക് (Jonas Edward Salk 1914 –1995), ആൽബർട്ട് സബിൻ (Albert Bruce Sabin: 1906–1993) എന്നിവർ.

ഫോർമാൽഡിഹൈഡ് (Formaldehyde) ഉപയോഗിച്ച് നിർജ്ജീവമാക്കപ്പെട്ട് എന്നാൽ ആന്റിജൻ ഗുണം നഷ്ടപ്പെടാത്ത വൈറസുകളാണ് സാൽക്ക് പോളിയോ വാക്സിൻ നിർമ്മിക്കാൻ പ്രയോജനപ്പെടുത്തിയത്. 1954- ൽ നിരവധി സന്നദ്ധസേവകരോടൊപ്പം സാൽക്കും കുടുംബാംഗങ്ങളും വാക്സിൻ സ്വീകരിക്കയും പത്ത് ലക്ഷത്തോളം പേർക്ക് വാക്സിൻ നൽകികൊണ്ടുള്ള മനുഷ്യപരീക്ഷണം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.

1955 ഏപ്രിൽ 15 ന് സുരക്ഷിതവും ഫലപ്രദവുമായ പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്തതായി സാൽക്ക് പ്രഖ്യാപിച്ചു. 1955- ൽ അമേരിക്കയിൽ 29,000 പോളിയോ കേസുകളാണുണ്ടായിരുന്നത്. സാൽക്ക് വാക്സിൻ കാലവിളംബം കൂടാതെ ഉല്പാദിപ്പിച്ച് വ്യാപകമായി നൽകിയതിനെ തുടർന്ന് രണ്ട് വർഷങ്ങൾക്കകം പോളിയോവ്യാപനം 6000 കേസുകളായി കുറഞ്ഞു. 1959- ഓടെ 90 രാജ്യങ്ങൾ സാൽക്ക് വാക്സിൻ ഉപയോഗിച്ച് തുടങ്ങി.

എന്നാൽ, സാൽക്കിന്റെ മഹത്തായ സംഭാവനകൾ അംഗീകരിക്കാൻ അമേരിക്കൻ സയൻസ് അക്കാദമി തയ്യാറായില്ല. അക്കാദമിയിൽ സാൽക്കിന് അംഗത്വം നൽകാൻ പോലും അവർ തയ്യാറായില്ല. പ്രതീക്ഷിച്ചതുപോലെ സാൽക്കിന് നോബൽ സമ്മാനവും ലഭിച്ചില്ല. പോളിയോ വാക്സിൻ പേറ്റന്റ് ചെയ്ത് സമ്പത്തുണ്ടാക്കാൻ സാൽക്ക് ഒട്ടും ശ്രമിച്ചില്ല. അതേപറ്റി ചോദിച്ചപ്പോൾ ജനങ്ങൾക്കാണ് വാക്സിന്റെ പേറ്റെൻ്റ് എന്നും സൂര്യനെ പേറ്റന്റ് ചെയ്യാനാവുമോ എന്ന അർത്ഥഗർഭമായ പ്രതികരണമാണ് (“Well, the people, I would say. There is no patent. Could you patent the sun?”) സാൽക്കിൽ നിന്നുമുണ്ടായത്. എക്സ് റേ വികരണം കണ്ടെത്തിയ റോൻജൻ (Wilhelm Conrad Röntgen: 1845 –1923) സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തന്റെ കണ്ടെത്തൽ പേറ്റന്റ് ചെയ്യാതിരുന്നതിലൂടെ പ്രകടിപ്പിച്ച ഉന്നത മാനവികബോധമാണ് സാൽക്കിലും നമുക്ക് കാണാൻ കഴിയുന്നത്.

അതിനിടെ കട്ടർ സംഭവം (Cutter Incident) എന്നറിയപ്പെടുന്ന വിവാദം സാൽക്ക് വാക്സിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നതിന് കാരണമായി. അമേരിക്കയിൽ ബെർക്കിലിയിലെ കട്ടർ ലാബറട്ടറിയിലും (Cutter Laboratories) പെൻസിൽവേനിയായിലെ വൈത്ത് ലാബറട്ടറിയിലും (Wyeth Laboratories) ഉല്പാദിപ്പിച്ച വാക്സിൻ സ്വീകരിച്ച 250- ഓളം കുട്ടികളിൽ പക്ഷവാതമുണ്ടാവുകയും ചിലർ മരണമടയുകയും ചെയ്തതായി റിപ്പോർട്ടുകൾ വന്നു. വൈറസിനെ ഫോർമാൽഡിഹൈഡ് ഉപയോഗിച്ച് നിർജ്ജീവമാക്കുന്നതിൽ പറ്റിയ ശ്രദ്ധക്കുറവു മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പിന്നീട് കണ്ടെത്തിയെങ്കിലും താത്ക്കാലികമായി സാൽക്ക് വാക്സിൻ പിൻവലിക്കേണ്ടി വരികയുണ്ടായി. വാക്സിൻ സുരക്ഷിതത്വത്തെ സംബന്ധിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും ലാബറട്ടറികൾ പാലിക്കേണ്ട സുരക്ഷിതത്വ പെരുമാറ്റചട്ടങ്ങൾ ആവിഷ്കരിക്കുന്നതിനും കട്ടർസംഭവം കാരണമായി. (വാക്സിനുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളെഴുതിയിട്ടു ള്ള അമേരിക്കൻ ശിശുചികിത്സാ വിദഗ്ധൻ പോൾ ഓഫിറ്റ് -Paul Allan Offit: 1951- കട്ടർസംഭവത്തെ വിശകലനം ചെയ്ത് ശ്രദ്ധേയമായ പുസ്തകം, Paul A. Offit: The Cutter Incident: How America's First Polio Vaccine Led to the Growing Vaccine Crisis: 2005, രചിച്ചിട്ടുണ്ട്).

1963- ൽ സാൽക്ക് കാലിഫോർണിയയിൽ സ്ഥാപിച്ച സാൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ സ്റ്റഡീസ് (Salk Institute for Biological Studies) ഇപ്പോൾ വൈദ്യശാസ്ത്രരംഗത്തെ പ്രമുഖ ഗവേഷണസ്ഥാപനമായി വളർന്നു കഴിഞ്ഞു. എയ്ഡ്സിനുള്ള വാക്സിൻ കണ്ടെത്താൻ സാൽക്കും, സഹപ്രവർത്തകരും അന്ന് ശ്രമിച്ചെങ്കിലും വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. ഗവേഷണത്തിന് പുറമേ ജൈവതത്വചിന്ത (Biophilosophy) എന്ന ആശയം സാൽക്ക് അവതരിപ്പിച്ചു. ജീവശാസ്ത്രത്തിന്റെയും പരിണാമസിദ്ധാന്തത്തിന്റെയും അടിസ്ഥാനത്തിൽ തത്വചിന്ത, സംസ്കാരം, സാമൂഹിക, മനശാസ്ത്രം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങളെ വിശകലനം ചെയ്യാനാണ് ജൈവതത്വചിന്തയിലൂടെ സാൽക്ക് ശ്രമിച്ചത്. തന്റെ ചിന്താഗതികൾ വിശദീകരിച്ച് മാൻ അൺഫോൾഡിംഗ് (Man Unfolding:1972), സർവൈവൽ ഓഫ് ദി വൈസസ്റ്റ് (Survival of the Wisest: 1973) എന്നീ പുസ്തകങ്ങളും സാൽക്ക് പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ഗവണ്‍മെന്റ് 1975- ൽ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര പുരസ്കാരം നൽകി സാൽക്കിനെ ആദരിക്കുകയുണ്ടായി. സാൽക്കിന്റെ ജന്മശതവാർഷികത്തിന്റെ ഭാഗമായി ചാർലെറ്റ് ജേക്കബ്സ് രചിച്ച എ ലൈഫ് ഓഫ് ജൊനാസ് സാൽക്ക് (Charlotte DeCroes Jacobs: Jonas Salk: A Life, 2015) ആണ് സാൽക്കിനെ സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളിൽ ഏറ്റവും സമഗ്രവും ആധികാരികവുമായിട്ടുള്ളത്.

ആൽബർട്ട് സബിൻ

പോളിഷ് അമേരിക്കൻ ഗവേഷകനായ ആൽബർട്ട് സബിൻ (Albert Bruce Sabin, 1906–1993) ഗവേഷണം ചെയ്ത് കണ്ടുപിടിച്ച വായിലൂടെ നൽകാവുന്ന Oral Polio Vaccine- OPV, ഒ.പി.വി (രോഗസൃഷ്ടിക്കാവാത്തതും ജീവനുള്ളതുമായ- Live Attenuated) 1962- ൽ ഉപയോഗത്തിൽ വന്നു. സാൽക്കിനെ പോലെ തന്നെ പോളണ്ടിൽ നിന്നുള്ള ജൂത കുടിയേറ്റ കുടുംബത്തിലെ അംഗമായിരുന്നു സബിനും. ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ഡെന്റൽ മെഡിക്കൽബിരുദം നേടിയ സബിൻ ബെല്ലുവേ ഹോസ്പിറ്റലിൽ (Bellevue Hospital) മൈക്രോബയോളജി, സർജറി, പത്തോളജി എന്നീ വിഷയങ്ങളിൽ ഉപരിപഠനം നടത്തി. പിന്നീട് ഇംഗ്ലണ്ടിലെ ലിസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ (Lister Institute for Preventive Medicine) പരിശീലനം കഴിഞ്ഞ് സബിൻ റോക്കേഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ (Rockefeller Institute for Medical Research) സേവനമാരംഭിച്ചു.1939- ൽ സിൻസിനാറ്റി ചിൽഡ്രൻസ് (Cincinnati Children's Hospital) ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ച സബിൻ അമേരിക്കൻ ആർമി മെഡിക്കൽ കോർപ്സിൽ ചേരുകയും ജാപ്പനീസ് എൻ കെഫലൈറ്റിസ് (Japanese encephalitis) പകർച്ചവ്യാധിക്കെതിരെ വാക്സിൻ കണ്ടെത്തുന്നതിൽ പങ്കാളിയാവുകയും ചെയ്തു.

വൈദ്യപഠനകാലത്ത് നട്ടെല്ലിനെ ബാധിച്ച അസുഖം മൂലം അതിശരീരവേദനയും ശരീരതളർച്ചയും അനുഭവിക്കേണ്ടിവന്നതിനെ തുടർന്നാണ് തളർവാതത്തിന് കാരണമായ പോളിയോക്കെതിരെ വാക്സിൻ കണ്ടെത്താൻ സബിൻ തീരുമാനിച്ചത്. സാൽക്കിനെ പോലെ തന്നെ സബിനും താ‍ൻ വികസിപ്പിച്ചെടുത്ത വാക്സിൻ പേറ്റന്റ് ചെയ്യാൻ തയ്യാറായില്ല. സബിന്റെ പോളിയോ വൈറസ് പഠനത്തെ തുടർന്നാണ് മെനിഞ്ചൈറ്റിസ്, വയറിളക്കം, എൻകെഫലൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമായി അന്നനാളത്തിൽ കാണപ്പെടുന്ന വൈറസുകൾ കണ്ടെത്താൻ കഴിഞ്ഞത്. പോളിയോ പഠനത്തിന് പുറമേ ഹെപ്പറ്റൈറ്റിസ് ബി വൈറസ്, കാൻസറിന് കാരണമായ വൈറസുകൾ, ന്യൂമോകോക്കൽ രോഗാണുബാധ തുടങ്ങിയ മേഖലകളിലും സബിൻ ഗവേഷണം നടത്തി. 1993 ൽ സ്ഥാപിക്കപ്പെട്ട സബിൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് (Sabin Vaccine Institute) വാക്സിൻ ഗവേഷണത്തിനുള്ള ലോകത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. എല്ലാവർഷവും വാക്സിനോളജിയിൽ മൗലിക സംഭാവന ചെയ്യുന്നവർക്ക് സബിൻ ഗോൾഡ് മെഡൽ പുരസ്കാരം ഇൻസ്റ്റിറ്റ്യൂട്ട് നൽകിവരുന്നു.

ന്യൂയോർക്ക് മെഡിക്കൽസ്കൂളിലെ മെഡിക്കൽ ഹ്യുമാനിറ്റീസ് ഡയറക്ടറും ടെക്സാസ് സർവകലാശാല ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് പ്രൊഫസറുമായ ഡേവിഡ് ഒഷിൻസ്കി എഴുതിയ പോളിയോ ആൻ അമേരിക്കൻ സ്റ്റോറി (David M. Oshinsky: Polio: An American Story: 2005) എന്ന പുസ്തകത്തിൽ 1940-50 കളിൽ അമേരിക്കയിൽ പടർന്ന് പിടിച്ച പോളിയോ വൈറസ് ബാധയും തുടർന്ന് വാക്സിൻ കണ്ടെത്തുന്നതിനായി നടന്ന ശ്രമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr. B. Ekbal writes about Jonas Salk and Albert Sabin, scientists who discovered the polio vaccine Article written in Indian Medical Association nammude arogyam magazine


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments