‘അമ്മേ ഇന്ന് ക്ലാസിൽ വലിയ സംഭവം നടന്നു’, ഒരു ഏഴുവയസ്സുകാരി പള്ളിക്കൂടത്തിൽ നിന്ന് വന്നപ്പോൾ അമ്മയെ അറിയിച്ചു. എന്താണ് കാര്യമെന്നറിയാനുള്ള കൗതുകം സ്വാഭാവികം.
അമ്മ ചോദിച്ചു. മറുപടി വന്നു, 'ഇന്ന് ക്ലാസിലേക്ക് ഒരു ഭംഗിയുള്ള പക്ഷി പറന്നുവന്നു'.
ഇതാണോ വലിയ കാര്യമെന്നായിരുന്നു അമ്മയുടെ പ്രതികരണം.
ക്ലാസിൽ പാറിപ്പറന്നുനടന്ന പക്ഷിയുണ്ടാക്കിയ വിസ്മയം പങ്കുവെക്കാനുള്ള ആവേശത്തിലായിരുന്നു കുട്ടി. മുതിർന്നവരുടെ അനുഭവതലത്തിൽ നിന്ന് വിലയിരുത്തി അമ്മ ആ വിസ്മയത്തിനെ തല്ലിക്കെടുത്തി. ഇളം മനസ്സിന്റെ അനുഭവങ്ങളുമായി താദാത്മ്യം പ്രാപിച്ച് ആശയ വിനിമയത്തിന്റെ പാലമിടാനും, ശൈശവ- ബാല്യ- കൗമാര കൗതുകങ്ങളെ ഉൾക്കൊള്ളാനും പല മാതാപിതാക്കൾക്കും കഴിയുന്നുണ്ടോ?
പക്ഷിയുടെ ചിറകുകളുടെ നിറം എന്തായിരുന്നു, അത് ക്ലാസ് കേൾക്കാൻ വന്നതാണോ, പക്ഷി എന്താവും പറയാൻ ശ്രമിച്ചത്, അത് എങ്ങോട്ട് പോയി… ഇങ്ങനെ എത്രയെത്ര വർത്തമാനങ്ങൾ ക്കുള്ള സാദ്ധ്യതകളുണ്ടായിരുന്നു. ഒരു പൂർണ്ണ വിരാമമിട്ട് എല്ലാം ഇല്ലാതാക്കി. എനിക്ക് ഇഷ്ടമായ സംഗതികൾ ചൊല്ലാൻ ശ്രമിച്ചാൽ അമ്മയ്ക്ക് മനസ്സിലാകില്ലെന്ന വിചാരത്തിനല്ലേ ഇത് വിത്തിടുക? ആ ധാരണ വളർന്നാൽ ഇളംമനസ്സിലേക്ക് കയറാനുള്ള പാസ്സ് വേർഡ് മാതാപിതാക്കൾക്ക് കിട്ടാതെയാകും. കൗമാരത്തിലെത്തുമ്പോൾ ഈ കുട്ടി പ്രണയം ഉൾപ്പെടെയുള്ള ഹർഷോന്മാദത്തിന്റെ വിസ്മയങ്ങൾ അമ്മയോട് പറയുമോ? വീട്ടിൽ കേൾക്കാൻ ആളുണ്ടോ?
വീട്ടിൽ കേൾക്കപ്പെടുന്നില്ല, മനസ്സിലാക്കപ്പെടുന്നില്ലയെന്ന ചിന്ത കുട്ടികളുടെ മനസ്സിൽ കയറിയാൽ അപകടമാണ്. കുറ്റപ്പെടുത്തലുകൾ ഇല്ലാത്ത ഇത്തരമുള്ള ഇടപെടലുകളിലൂടെയാണ് വ്യക്തിബന്ധങ്ങളുണ്ടാകാനുള്ള വൈഭവങ്ങളുണ്ടാകുന്നത്. സ്വഭാവം പക്വമായ ദിശയിലേക്ക് നയിക്കപ്പെടുന്നത്.
തുറന്നുപറച്ചിലുകൾക്കുള്ള സ്വാതന്ത്ര്യമുള്ളിടത്ത് മാത്രമേ ആരോഗ്യകരമായ സ്വഭാവരൂപീകരണത്തിനുള്ള സാഹചര്യമുണ്ടാകൂ. കുറ്റം കണ്ടെത്തുന്ന പോലീസുകാരന്റെയോ, ശിക്ഷ വിധിക്കുന്ന ജഡ്ജിയുടെയോ റോളിലേക്ക് മാതാപിതാക്കളും അധ്യാപകരും മാറിയാൽ പിള്ളേർ അവരുടെ മനസ്സിന് താഴിട്ട് പൂട്ടും. ഒന്നും ഇവരോട് പറയില്ല.

വിഷാദത്തിലോ സംഘർഷങ്ങളിലോ ആശയക്കുഴപ്പങ്ങളിലോ അകപ്പെടുമ്പോൾ നല്ല കേൾവിക്കാർ ചമഞ്ഞു സ്വാധീനിക്കുന്ന ചൂഷകരോടായിരി ക്കും അവർ ഉള്ള് തുറക്കുക. അതിൽ ലഹരി പദാർത്ഥങ്ങൾ ശീലിക്കാൻ പ്രേരണ നല്കുന്നവരുമുണ്ടാകാം. അരുതാത്ത ബന്ധങ്ങളി ലേക്ക് വലിച്ചിഴക്കുന്നവരുമുണ്ടാകാം. അമിത വിധേയത്വത്തിന്റെ ചങ്ങലയിൽ പൂട്ടി വ്യക്തിത്വ വികാസത്തെ പരിമിതപ്പെടുത്തുന്നവരുമുണ്ടാകാം.
പിള്ളേരാകുമ്പോൾ ചില വീഴ്ചകളൊക്കെ ഉണ്ടാകുമെന്ന തുറന്ന മനസ്സോടെ അവരെ കേൾക്കുന്ന സമീപനമെടുത്താൽ എന്തും വീട്ടിൽ പറയാ നുള്ള ധൈര്യം കുട്ടികൾക്കുണ്ടാകും.
അത്തരം ആശയവിനിമയങ്ങളിലൂടെ സ്വയം തെറ്റുകൾ കണ്ടെത്തി തിരുത്താനുള്ള ഉൾപ്രേരണയും നേടും. മനസ്സിന്റെ പാസ്സ് വേർഡുകൾ മാതാപിതാക്കൾക്ക് നൽകണമെന്ന് തോന്നും. പുതിയ കാലത്തിൽ മാതാപിതാക്കൾ ആശയ വിനിമയ ശൈലികൾ പരിഷ്‌കരിക്കേണ്ടിയിരിക്കുന്നു. അപ്പനോടും അമ്മയോടും എല്ലാം തുറന്ന് പറയാൻ ബാധ്യസ്ഥരാണെന്ന ശാഠ്യവുമായി കഴിഞ്ഞാൽ കുട്ടികൾ ഉള്ള് തുറക്കുന്ന കാര്യത്തിൽ പരിധിക്ക് പുറത്താകും.
കുട്ടിമനസ്സുകളിലെ പുതുബോംബുകൾ
നിർമ്മിതിയിലുള്ള തലച്ചോറാണ് കുട്ടികളുടേത്. തലച്ചോറിന്റെ പ്രവർത്തനമാണ് മനസ്സ്. ശരി തെറ്റുകളെ വിലയിരുത്താനുള്ള പാകത രൂപപ്പെട്ടു വരുന്ന കാലമാണ്. അത് പൂർണ്ണതയിൽ എത്തിയി ട്ടുണ്ടാകില്ല.അത്തരത്തിൽ തലച്ചോറും സജ്ജമായിട്ടുണ്ടാകില്ല. എന്നാൽ കുട്ടിത്ത സഹജമായ നിഷേധങ്ങൾ കാരണം അവർ അത് അംഗീകരിക്കുന്നുമുണ്ടാവില്ല. പുതിയ ലോകവും നവസാങ്കേതിക വിദ്യകളും കുട്ടികളെ മുതിർന്ന വരുടേതായ പല പെരുമാറ്റങ്ങളുമായും അനുഭവങ്ങളുമായും അകാലത്തിൽ പരിചയപ്പെടു ത്തുന്നുണ്ട്. കുട്ടികളുടെ കൊച്ചു തലച്ചോറിലേക്ക് അക്രമവും, ലൈംഗികതയുമൊക്കെ കലർന്ന ഉള്ളടക്കങ്ങൾ പല വഴികളിലൂടെ കടന്നുകയറുന്ന കാലമാണിത്. സിനിമകളുടെയും വെബ് സീരീസുകളുടെയും, ഗെയിമുകളുടെയും റേറ്റിങ്ങ് നോക്കി അത് കുട്ടികളുടെ പ്രായത്തിന് ചേർന്നതാണോയെന്ന് ശ്രദ്ധിക്കാനുള്ള ജാഗ്രത പുലർത്തുന്ന എത്ര മാതാപിതാക്കളുണ്ട്? സൃഷ്ടിപരമായും വിമർശനാത്മകമായും കാഴ്ചകളെയും കേൾവികളെയും വിലയിരുത്താനുള്ള പ്രാപ്തി കുട്ടികളിൽ വളർത്തിയെടുക്കാൻ പള്ളിക്കൂടങ്ങളും മാതാപിതാക്കളും ശ്രദ്ധിക്കുന്നുണ്ടോ? കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും, പ്രായത്തിന് ചേരുന്നതുമായ ബദൽ പ്രവർത്തികളിലേക്ക് ആകർഷിക്കാനുള്ള എന്ത് ശ്രമങ്ങളാണ് നടക്കുന്നത്?
കുട്ടികൾ ഇടപെടുന്ന സോഷ്യൽ മീഡിയ ഉൾപ്പെടെ എല്ലാ മാധ്യമ അനുഭവങ്ങളും അവരുമായി ചർച്ച ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകുന്നുണ്ടോ? അക്രമം ഉൾപ്പെടെയുള്ള പെരുമാറ്റങ്ങൾ എന്തുകൊണ്ട് അനുകരണീയമല്ലെന്ന ബോധ്യം അധ്യാപകരോ മാതാപിതാക്കളോ നൽകുന്നുണ്ടോ? ഇതൊക്കെ ചെയ്തില്ലെങ്കിൽ വിവേചനബുദ്ധി നൽകുന്ന തലച്ചോറിന്റെ ഭാഗങ്ങൾക്ക് മൂപ്പെത്താത്ത പ്രായത്തിൽ അതൊക്കെ പ്രയോഗത്തിൽ വരുത്താനുള്ള ഉൾപ്രേരണകളുണ്ടാകും. കുടുംബത്തിൽ പ്രശ്‌നങ്ങളുള്ള കുട്ടികളിലും, പെരുമാറ്റ വൈകല്യങ്ങൾ ഉള്ളവരിലും അനുകരണ സാധ്യത കൂടുതലുമാണ്. അത് ഇഷ്ട നായകന്റെ ലഹരി ആവേശമാകാം. കത്തി വീശലാകാം. ലൈംഗികതയാകാം. ഇതൊക്കെ ഉണ്ടായിക്കഴിഞ്ഞ് എന്താ പിള്ളേരിങ്ങനെയെന്ന വിലാപം കൊണ്ട് എന്ത് കാര്യം? കുട്ടികൾ മുതിർന്നവരുടെ കുരുത്തക്കേടുകൾ കാട്ടുമ്പോൾ കലി തുള്ളിയിട്ട് എന്ത് പ്രയോജനം?

പ്രായത്തിന് ചേരാത്തവയെ നിർവീര്യമാക്കണം
ഇളം മനസ്സുകളിൽ വീഴുന്ന പ്രായത്തിന് ചേരാത്ത ആശയ ങ്ങൾ ഒരു രഹസ്യ മനസ്സുണ്ടാക്കാൻ പല കുട്ടികളെയും പ്രേരിപ്പിക്കുന്നുണ്ട്. സ്വകാര്യമായി പലതും ചെയ്യിപ്പിക്കാൻ പ്രേരിപ്പിക്കുന്ന കൂട്ടുകെട്ടുകൾ ഓൺലൈനിൽ പോലും ഉണ്ടായേക്കാം. അവർ കുട്ടിയെ നല്ല ദിശയിലേക്ക് നയിക്കുന്നവരാകണമെന്നില്ല. സമപ്രായക്കാർ പലരും ഇത് അനുവദനീയമായ പുതു നോർമൽ പെരുമാറ്റമെന്ന് ബോധ്യപ്പെടുത്താനാകും ശ്രമിക്കുക. പല പെരുമാറ്റങ്ങളും സുഖം നൽകുന്നതോ, മാനസിക പിരിമുറുക്കങ്ങൾക്ക് അയവ് വരുത്തുന്നതോ ആയതുകൊണ്ട് ഇത് കുട്ടികൾ വിശ്വസിക്കുകയും ചെയ്യും.
പണ്ടൊക്കെ, റിയൽ ലോകത്തിലെ സമപ്രായക്കാരുടെ സ്വാധീനം മാത്രമാണുണ്ടായിരുന്നത്. റീൽ ലോകവും ഡിജിറ്റൽ സ്വാധീനവും വന്നപ്പോൾ ആർക്കും കുട്ടിയെ സ്വാധീനിക്കാമെന്നായി. ഈ സങ്കീർണ്ണ സാഹചര്യത്തിൽ കുട്ടിയെ അറിയുകയെന്നത് പ്രധാന വളർത്തൽ ഉത്തരവാദിത്തമാണ്. മൂപ്പ് എത്താത്ത മനസ്സിൽ വീഴുന്ന പുതുബോംബുകളെ നിർവീര്യമാക്കുന്നതും നവകാല വളർത്തലിലെ ദൗത്യമാണ്.
പ്രായത്തിന് ചേരാത്ത ശീലങ്ങളും അനുഭവങ്ങളും സ്വഭാവരൂപീകരണത്തെ തകരാറിലാക്കുമെന്ന ചിന്ത വിശ്വസനീയമായ രീതിയിൽ അധ്യാപകരും മുതിർന്നവരും സൃഷ്ടിച്ചെടുക്കുകയും വേണം.
ഉടമയാകരുത്, ഉത്തേജിപ്പിക്കുന്നവരാകാം
എന്റെ കുട്ടിയെ ഞാനെന്തും ചെയ്യുമെന്ന മട്ടിലൊരു ഉടമസ്ഥാവകാശം പ്രഖ്യാപിച്ചു ശ്വാസം മുട്ടിക്കുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നവരുണ്ട്. ഒരു ഇടപെടലുകളും ഇല്ലാതെ തോന്നിയ പോലെ ആയിക്കോ എന്ന നയം സ്വീകരിക്കുന്നവരുണ്ട്. പിള്ളേരെ വൈകാരികമായി അവഗണിക്കുന്ന കക്ഷികളുമുണ്ട്. അമിത ലാളനകൾ കൊണ്ട് വഷളാക്കുന്നവർ വേറെ. വളർന്ന് വരുമ്പോൾ സ്വയം ആശ്രയിച്ചു എന്തും കൈകാര്യം ചെയ്യാനുള്ള കെൽപ്പുണ്ടാക്കാനാണ് ശ്രദ്ധിക്കേണ്ടത്. സ്വന്തം മനസ്സ് ഉപയോഗിച്ച് ജീവിക്കാനുള്ള പ്രാപ്തി നേടാത്തവരുടെ ചാട്ടങ്ങൾ പിഴയ്ക്കാം.
കുട്ടികളുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞു പിശുക്കില്ലാതെ പ്രോത്സാഹിപ്പിക്കണം. ഓരോ കുട്ടിക്കും വ്യത്യസ്ത കഴിവുകളാണെന്ന് മനസ്സിലാക്കണം. മറ്റാരെങ്കിലുമായും താരതമ്യം ചെയ്യാതിരിക്കണം. മികവുകൾ അറിയണമെങ്കിൽ കുട്ടിയുടെ മനസ്സ് കാണണം. എല്ലാ കുട്ടികളും ഓടുന്ന വഴിയേ ഓടിക്കണമെന്ന വാശി വേണ്ട. നമ്മുടെ സന്താനത്തിന് നന്നായി ഓടാൻ പറ്റുന്ന വഴികളിലൂടെ ഓടട്ടെ. ലക്ഷ്യസ്ഥാനത്ത് എത്തട്ടെ. അഭിരുചി നോക്കാതെ മുതിർന്നവരുടെ ഇഷ്ടത്തിനൊത്ത് തുള്ളാൻ വിധിക്കപ്പെട്ടവർ തുള്ളിയേക്കും. എന്നാൽ എന്നെ മനസ്സിലാക്കി യില്ലെന്ന വിരോധത്തിൽ അകന്ന് പോയേക്കാം. അവർ പതിയെ മനസ്സിന്റെ വാതിലുകൾ മാതാപിതാക്കൾക്ക് നേരെ അടച്ചേക്കാം.
തല്ല് മാലയും താഴ്ത്തിപ്പറയലും
അച്ചടക്കവും അനുസരണയുമുള്ള നല്ല കുട്ടികളാക്കാൻ വേണ്ടി മാതാപിതാക്കൾ പ്രയോഗിക്കുന്ന തല്ലും, കൊല്ലുന്ന വാക്കുകളും വിപരീതഫലമുണ്ടാക്കും. പത്ത് വയസ്സുള്ള മകന്റെ കുരുത്തക്കേട് സഹിക്കാൻ പറ്റുന്നില്ലെന്നായിരുന്നു കുട്ടിയേയും കൂട്ടി വന്ന അമ്മയുടെ പരാതി. എല്ലാ അടവും പയറ്റി തോറ്റെന്നാണ് സങ്കടം. സ്മാർട്ട് പയ്യൻ. അമ്മയെ മാറ്റിനിർത്തി കാര്യങ്ങൾ ചോദിച്ചു. കലി കയറിയ അമ്മയുടെ അടി ഒരുപാട് കൊണ്ടിട്ടുണ്ട്. പക്ഷെ എന്തിനാണ് തല്ലുന്നതെന്ന് ബോധ്യപ്പെടുത്തിയല്ല ശിക്ഷ. ദേഷ്യം കൊണ്ട് വിറച്ചുള്ള ഒരു കോലം തുള്ളൽ. അവന്റെ ശ്രദ്ധയിൽ പതിയുന്നത് മാതാവിന്റെ രാക്ഷസിവേഷം മാത്രമാണ്. ചെയ്ത തെറ്റെന്താണെന്ന വർത്തമാനമില്ല.
അത് എന്തുകൊണ്ട് അഭിലഷണീയമായ പെരുമാറ്റമല്ലാതാകുന്നുവെന്ന ബോധ്യപ്പെടുത്തലില്ല. മകനെ മൊത്തത്തിൽ അധിക്ഷേപിച്ചുള്ള പീഡനം. കുട്ടി ചെയ്ത നല്ലതല്ലാത്ത പ്രവർത്തിയെയും കുട്ടിയേയും വേർതിരിക്കേണ്ടതുണ്ട്. അവന്റെ നന്മകളെ ഓർമ്മപ്പെടുത്തി കുട്ടി പ്രിയപ്പെട്ടവ നാണെന്നും ഈ പ്രവർത്തി മാത്രമാണ് തെറ്റെന്നും അറിയിക്കണം. തെറ്റിനെ ഓർമ്മപ്പെടുത്താനായിട്ടാണ് ഈ അപ്രിയമായ ശിക്ഷണ നടപടിയെന്ന് ശാന്തമായി ബോധ്യപ്പെടുത്തണം. ആവർത്തിക്കരുതെന്ന വിചാരമുണ്ടാകാൻ വേണ്ടിയാണെന്ന് മനസ്സിലാക്കണം. രോഷപ്രകടനം ഇതിനൊക്കെയുള്ള ക്ഷമയെ കവർന്നെടുക്കും. തിരുത്തലിന്റെ ശക്തി കുറയ്ക്കും. വെറുതെ കുഞ്ഞു മനസ്സിന്റെ വിരോധം വാങ്ങുകയും ചെയ്യും. തെറ്റിന് ആനുപാതികമായി അപ്രിയ പ്രത്യാഘാതങ്ങൾ ഒരുക്കണം.
തെറ്റിനെയും ശരിയേയും കുറിച്ചുള്ള ധാരണ നേരത്തെ ഉണ്ടാക്കണം. ചിലപ്പോൾ തിരുത്തലുണ്ടാകും, മറ്റ് ചിലപ്പോൾ കണ്ണടയ്ക്കും എന്ന മട്ടിലാകരുത്. സ്ഥിരത വേണം. സ്നേഹത്തിന്റെ തുറന്ന പ്രകടനവും, മറ്റ് സന്ദർഭങ്ങളിലെ പ്രോത്സാഹനങ്ങളും ഇല്ലാത്ത വളർത്തലുകളിലെ ശിക്ഷണ നടപടികൾ ഗുണം ചെയ്യില്ല. ആ പിള്ളേരുടെ മനസ്സിന്റെ പാസ്സ് വേർഡുകൾ മാതാപിതാക്കൾക്ക് കിട്ടുകയുമില്ല.

ശിക്ഷയുടെ ചിട്ടകൾ
തല്ലിയുള്ള ശിക്ഷാനടപടികളോട് മാനസികാരോഗ്യ വിദഗ്ധർ വിയോജിക്കും. ബദൽ വഴികൾ വേറെയുണ്ട്. പെരുമാറ്റ വൈകല്യം കാട്ടുമ്പോൾ കുട്ടിക്ക് പ്രിയപ്പെട്ട ഒരു പ്രവർത്തി താത്കാലികമായി നിരാകരിക്കുന്നതും അപ്രിയ പ്രത്യാഘാതമാണ്. ഇഷ്ടപ്പെട്ട കളികൾ, പ്രിയപ്പെട്ട വിനോദങ്ങൾ, വാരാന്ത്യത്തിൽ കുടുംബവുമൊത്തുള്ള പുറത്തു പോകലിൽ നിന്നുള്ള ഒഴിവാക്കൽ, ഉല്ലാസത്തിനുള്ള സ്ക്രീൻ സമയം താൽക്കാലികമായി ഒഴിവാക്കൽ ഇവയൊക്കെ പരിഗണിക്കാം. ഇതൊക്കെ ചെയ്യും മുമ്പേ ചെയ്ത തെറ്റിനെ കുറിച്ച് അറിയിക്കണം. അത് ഉള്ളിൽ പതിയാനും ആവർത്തിക്കാതിരി ക്കാനുമുള്ള നടപടിയാണിതെന്നും സ്നേഹം വിടാതെ തന്നെ മനസ്സിലാക്കണം. താഴ്ത്തി പറയുന്ന വാക്കുകൾ സ്വയം മതിപ്പിനെ വല്ലാതെ ബാധിക്കും. മറ്റുള്ളവരുടെ മുമ്പിൽ വച്ചായാൽ ആത്മാഭിമാനവും തകരും. ഇത്തരം മാതാപിതാക്കളോട് കുട്ടികൾ എങ്ങനെ ഉള്ള് തുറക്കും?
പറഞ്ഞാൽ ഇമ്മാതിരി പഴി പിന്നീട് കേൾക്കേണ്ടി വരുമോയെന്ന ആശയക്കുഴപ്പം ഇതിന് തടസ്സമാകും. എന്ത് തെറ്റായാലും തുറന്ന് പറഞ്ഞാൽ അതിലേക്ക് വീണ സാഹചര്യം മനസ്സിലാക്കി നേർവഴി കാട്ടുമെന്ന വിശ്വാസമല്ലേ ഉണ്ടാകേണ്ടത്? ചീത്തയും തല്ലുമായിരി ക്കും പ്രതികരണമെന്ന മുൻവിധിയായാൽ ഏതെങ്കിലും കുട്ടി മനസ്സ് തുറക്കുമോ? മുതിർന്നവർ തുറക്കില്ലല്ലോ? പിന്നെയാണ് കുട്ടി!
അനുഭവങ്ങളിലൂടെ ജീവിതപാഠങ്ങൾ
പിള്ളേരെ ട്യൂഷന് അയക്കും. ഗ്രേഡും മാർക്കും കൂടാൻ വേണ്ടി ഒപ്പമിരുന്ന് പഠിപ്പിക്കും. കുട്ടികളുടെ ആഗ്രഹം നോക്കാതെ ഏതെങ്കിലും കോഴ്‌സിലേക്കുള്ള എൻട്രൻസ് കോച്ചിങ്ങിന് ഉന്തിവിടും. ഈ ആവേശങ്ങൾക്കിടയിൽ ജീവിതം എങ്ങനെ നന്നായി കൊണ്ടുപോകണമെന്ന ഉൾക്കാഴ്ച നൽകാൻ ശ്രദ്ധിക്കില്ല. സഹജീവിയുടെ നോവുകളും സന്തോഷങ്ങളും ഉൾക്കൊള്ളാനും അവർക്കൊപ്പം ചേരാനുമുള്ള നന്മകൾ വേണമെന്ന് മാതാപിതാക്കൾ മക്കളോട് പറയുന്നുണ്ടോ? വയസ്സ് കാലത്ത് അവർ കരുതലോടെ പരിപാലിച്ചില്ലെന്ന് അപ്പോൾ എങ്ങനെ പരിഭവം ചൊല്ലും? വളർച്ചയുടെ ഘട്ടങ്ങളിൽ അനുതാപമെന്ന വൈഭവം അവർ ശീലിച്ചിട്ടില്ലല്ലോ?
കാണുന്നതിനെയും കേൾക്കുന്നതിനെയും കുറിച്ച് ശൈശവം മുതൽ വിമർശനാത്മകമായി ചർച്ച ചെയ്യുന്ന ശീലമുണ്ടാക്കിയില്ലെങ്കിൽ മുതിർന്ന് വരുമ്പോൾ കിട്ടുന്ന ആശയങ്ങളൊക്കെ കണ്ണടച്ച് വിഴുങ്ങും. സത്യാവസ്ഥ നോക്കാതെ അബദ്ധങ്ങൾ പ്രചരിപ്പിക്കുന്ന റീലുകളൊക്കെ നിരവധി പേർക്ക് കൈമാറും. നിലപാടുകൾ അപക്വമാകും. വിമർശനാത്മക വിശകലനം തൊട്ടുതുണ്ടാതെ വളർന്നിട്ട് എന്തുകാര്യം?
കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും ഉടൻ സാധിച്ചു കൊടുക്കുന്നതാണ് സ്നേഹമെന്ന് കരുതരുത്. പറ്റാ ത്തതും ആവശ്യമില്ലാത്തതുമായ ആഗ്രഹങ്ങൾ കാരണങ്ങൾ സൂചിപ്പിച്ചു നിരാകരിക്കണം. ഇച്ഛാഭംഗവും സങ്കടവുമൊക്കെയുണ്ടാകും. അതിനെയൊക്കെ കൈകാര്യം ചെയ്യാനുള്ള ബാല പാഠങ്ങൾ ഇങ്ങനെയല്ലേ നൽകാനാവൂ.
പള്ളിക്കൂടത്തിൽ നിന്നും പഠനത്തിൽ നിന്നും കൂട്ടുകെട്ടിൽ നിന്നുമൊക്കെ മോഹഭംഗങ്ങളുണ്ടാകും. നേരിടാൻ ശീലിപ്പിക്കണം. ഭാവിയിൽ ജീവിതപ്രതിസന്ധികളെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി അങ്ങനെയല്ലേ വളർത്തലിൽ വിന്യസിപ്പിക്കാനാകൂ. നിഷേധ വികാരങ്ങളുടെ അണ പൊട്ടുന്നത് മനസ്സിലാക്കാനുള്ള കഴിവുണ്ടാകണം. ചിറ കെട്ടി തടയാനുള്ള കെൽപ്പ് വളർത്തണം.
സ്വയംപറക്കാൻ പ്രാപ്തരാക്കാം
കുട്ടിയുടെ പ്രായത്തിന് ചേർന്ന തീരുമാനങ്ങൾ എടുക്കാനുള്ള അവസരം നൽകണം. എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു പഠിക്കട്ടെ. ചെറുപ്രായത്തിലെടുക്കുന്ന തീരുമാനങ്ങളിലെ വീഴ്ചകളിൽ നിന്നും സ്വയം തിരുത്താനുള്ള മിടുക്ക് ശക്തിപ്പെടട്ടെ.
തീരുമാനങ്ങൾ എടുക്കാനും, പ്രശ്‌ന സാഹചര്യങ്ങളിൽ സ്വതന്ത്രമായി പോംവഴികൾ കണ്ടെത്താനും ഇത് സഹായിക്കും. ഇതൊന്നും സ്പൂണിൽ തയ്യാറാക്കി കോരിക്കൊടുക്കാൻ ശ്രമിക്കരുത്. സ്വതന്ത്ര ചിന്തകളെ ഉത്തേജിപ്പിക്കു ന്നവരുടെ റോളിലേക്ക് മാതാപിതാക്കൾ മാറണം. നാളെ കുട്ടികൾ ജീവിതത്തിന്റെ ആകാശത്തിൽ തനിയെ പറക്കേണ്ടവരാണെന്ന ഓർമ്മ വേണം. അമിതമായി ഇടപെട്ടും, സഹായിച്ചും അവരെ സ്വയം പറക്കാൻ മിടുക്കില്ലാത്തവരാക്കരുത്.
മറ്റുള്ളവരുടെ ആശയങ്ങൾക്കുകൂടി കാതോർത്ത് ആദരവ് വിടാതെ നല്ല രീതിയിൽ ആളുകളുമായി ആശയവിനിമയം ചെയ്യുന്ന മാതൃക വീട്ടിലും വേണ്ടേ? ഭംഗിയായി മിണ്ടാനും മറ്റുള്ളവരെ കേൾക്കാനുമുള്ള വൈഭവമുണ്ടാക്കണം. കുട്ടിയായിരിക്കെയുള്ള കൂട്ടുകെട്ടുകളുടെ പ്രകൃതങ്ങളെ വിലയിരുത്തി പക്വമായ വ്യക്തിബന്ധം എങ്ങനെയാകണമെന്ന ദിശാബോധം നൽകണം. തുല്യത വേണം. പരസ്പര പൂരകമാകണം. അമിത വിധേയത്വവും ആശ്രയത്വവും തിരിച്ചറിഞ്ഞ് മയപ്പെടുത്തണം. ശക്തിയും ദൗർബല്യവുമൊക്കെ സ്വയം നിർണ്ണയിച്ചു ശരിയായൊരു അഹംബോധം ഉണ്ടാക്കാനുള്ള യാത്രക്ക് സാഹചര്യം ഒരുക്കണം. ഉള്ള കഴിവുകളിൽ അഭിമാനിക്കാൻ ശീലിപ്പിക്കണം.
ഇളം മനസ്സിലേക്ക് പാലം ഇടാം
ദൈനംദിന ജീവിതാനുഭവങ്ങളിലും, കാണുകയും കേൾക്കുകയും ചെയ്യുന്ന വാർത്തകളിലും, സിനിമാ കഥകളിലും, വൈറലാകുന്ന സോഷ്യൽ മീഡിയാ വിശേഷങ്ങളിലുമൊക്കെ കുട്ടികളിൽ ലൈഫ് സ്കിൽ പാഠങ്ങൾ നൽകാനുള്ള എന്തെങ്കിലുമൊക്കെയുണ്ടാകും. അവരുടെ സർഗ്ഗാത്മക ചിന്തകളെ ഉണർത്തി അത് കണ്ടെത്താൻ സഹായിക്കുന്നതും വളർത്തലിലെ പ്രധാന ഉത്തരവാദിത്തമാണ്. കുട്ടികൾ മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിക്കുമ്പോൾ ഉചിതമായ വിദഗ്ധ സഹായത്തിലേക്ക് നയിക്കാനും സാധിക്കണം.
പരിഹാരങ്ങൾക്ക് മാതാപിതാക്കളുടെ സഹകരണം പ്രധാനമാണ്. ആരോഗ്യകരമായ ആശയ വിനിമയത്തിന്റെ പാലമിടാതെ ഇതൊന്നും സാധ്യമാ കില്ല. നല്ല വളർത്തലുകളിലൂടെ കുട്ടികളുടെ മനസ്സുകളിലേക്കുള്ള പാസ്സ് വേർഡുകളും താക്കോലും നേടിയില്ലെങ്കിൽ നമുക്ക് പരിചിതമല്ലാത്ത കുട്ടിത്തമാകാം ഫലം.
READ: പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും
മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

