പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

ഒരാഴ്ചക്കിടെ രണ്ട് കുട്ടികളാണ് പാമ്പുകടിയേറ്റ് മരിച്ചത്. പാമ്പുകടിയേൽക്കാനുള്ള സാഹചര്യത്തെക്കുറിച്ച് ശരിയായ അറിവും സമയബന്ധിതമായ ചികിത്സയും ലഭിച്ചാൽ മരണവും സ്ഥിരമായ വൈകല്യങ്ങളും വലിയ തോതിൽ കുറയ്ക്കാൻ കഴിയും- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഡാനിയ സേവ്യർ ജോൺസൺ എഴുതിയ ലേഖനം.

പാമ്പുകടി ഇന്ത്യയിലും പ്രത്യേകിച്ച് കേരളം പോലുള്ള ഉഷ്ണമേഖലാസംസ്ഥാനങ്ങളിലും ഗുരുതരമായ പൊതുജനാരോഗ്യപ്രശ്‌നമാണ്. മഴക്കാലത്തും കൃഷി പ്രവർത്തനങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലും പാമ്പുകടിയുടെ സാധ്യത വർധിക്കുന്നു. ശരിയായ അറിവും സമയബന്ധിതമായ ചികിത്സയും ലഭിച്ചാൽ പാമ്പുകടിയിൽ നിന്നുള്ള മരണവും സ്ഥിരമായ വൈകല്യങ്ങളും വലിയ തോതിൽ കുറയ്ക്കാൻ കഴിയും.

പാമ്പുകടിയുടെ കാരണങ്ങൾ

പാമ്പുകൾ സാധാരണയായി മനുഷ്യരെ ആക്രമിക്കുന്നില്ല. സ്വയംരക്ഷയ്ക്കായാണ് അവ കടിക്കുന്നത്. താഴെ പറയുന്ന സാഹചര്യങ്ങളിലാണ് പാമ്പുകടി കൂടുതലായി സംഭവിക്കുന്നത്.

  • കൃഷിയിടങ്ങളിൽ, തോട്ടങ്ങളിൽ ജോലി ചെയ്യുമ്പോൾ.

  • രാത്രിയിൽ വെളിച്ചമില്ലാതെ നടക്കുമ്പോൾ.

  • പുല്ലുകൾ, ചെടികൾ, കല്ലുകൂട്ടങ്ങൾ, വിറക് കൂമ്പാരങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ.

  • പാമ്പിനെ അറിയാതെ ചവിട്ടുകയോ ശല്യം ചെയ്യുകയോ ചെയ്യുമ്പോൾ.

വിഷമുള്ള പാമ്പുകളുടെ പ്രധാന ഇനങ്ങൾ

ഇന്ത്യയിൽ മനുഷ്യജീവിതത്തിന് ഏറ്റവും അപകടകാരികളായ പാമ്പുകളെ 'ബിഗ് ഫോർ (Big Four') എന്നാണ് വിളിക്കുന്നത്:

1. മൂർഖൻ
(Cobra).

2. അണലി
(Russell's Viper).

3. നീർവെമ്പാല
(Saw-scaled Viper).

4. ശംഖുവരയൻ
(Common Krait).

ഇവയ്ക്കുപുറമെ മറ്റു ചില വിഷമുള്ള പാമ്പുകളും ഇന്ത്യയിൽ കാണപ്പെടുന്നു.

പാമ്പുവിഷത്തിന്റെ
പ്രവർത്തനരീതികൾ

പാമ്പുവിഷം മനുഷ്യശരീരത്തിൽ വ്യത്യസ്ത രീതികളിൽ പ്രവർത്തിക്കുന്നു.

1. ന്യൂറോടോക്‌സിക് വിഷം: നാഡീവ്യവസ്ഥയെ ബാധിക്കുന്നു (മൂർഖൻ, ശംഖുവരയൻ).

2. ഹീമോടോക്‌സിക് വിഷം: രക്തം കട്ടപിടി ക്കുന്ന ശേഷിയെ ബാധിക്കുന്നു (അണലി, നീർവെമ്പാല).

3. മയോടോക്‌സിക് വിഷം: മാംസപേശികളെ ബാധിക്കുന്നു.

4. സൈറ്റോടോക്‌സിക് വിഷം: കടിയേറ്റ ഭാഗത്ത് കോശനാശം ഉണ്ടാക്കുന്നു.

ലക്ഷണങ്ങളും അടയാളങ്ങളും

പാമ്പുകടിയുടെ ലക്ഷണങ്ങൾ വിഷത്തിന്റെ ഇനത്തെയും അള വിനെയും ആശ്രയിച്ചിരിക്കുന്നു.

കടിയേറ്റ ഭാഗത്തെ ലക്ഷണങ്ങൾ:

  • കടിയേറ്റ ഭാഗത്ത് വേദന, വീക്കം.

  • ചുവപ്പ്, നീല എന്നീ നിറമാറ്റം.

  • മുറിവിൽനിന്ന് രക്തസ്രാവം.

  • പൊള്ളൽ, പുണ്ണുകൾ.

പൊതുവായ ലക്ഷണങ്ങൾ

  • ഛർദ്ദി, തലകറക്കം, അമിത വിയർപ്പ്, ശ്വാസംമുട്ടൽ, കണ്ണടഞ്ഞു പോവുക, കാഴ്ച മങ്ങുക, സംസാരിക്കാൻ ബുദ്ധിമുട്ട്, ബോധക്ഷയം, കോമ.

പാമ്പുകടിയിലെ പ്രഥമ ശുശ്രൂഷ

പാമ്പുകടി സംഭവിച്ചാൽ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ:

  • രോഗിയെ ശാന്തനായി കിടത്തുക.

  • കടിയേറ്റ അവയവം ചലിപ്പിക്കാതിരിക്കുക.

  • കടിയേറ്റ ഭാഗം ഹൃദയത്തിന്റെ ഉയരത്തിന് താഴെ നിർത്തുക

  • മുറിവ് ശുദ്ധമായ തുണികൊണ്ട് ലഘുവായി മൂടുക.

  • എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.

പാമ്പ് കടിയേറ്റാൽ സ്വീകരിക്കേണ്ട ശാസ്ത്രീയമായ പ്രഥമശുശ്രൂഷാരീതിയാണ് 'CARRY NO RIGHT'.

കടിയേറ്റ വ്യക്തിയെ ഒരു കാരണവശാലും നട ക്കാൻ അനുവദിക്കരുത്. പേശികളുടെ ചലനം വിഷം ശരീരത്തിൽ വേഗത്തിൽ പടരാൻ കാരണമാകും. അതിനാൽ രോഗിയെ സ്‌ട്രെച്ചറിലോ കൈകളിലോ ചുമന്ന് (carry) വാഹനത്തിൽ എത്തിക്കുക.

ഇവ ഒഴിവാക്കുക (No)

  • മുറിവ് കീറരുത്: വിഷം കളയാൻ മുറിവ് കീറാൻ ശ്രമിക്കരുത്.

  • കെട്ടരുത് (No Tourniquet): മുറിവിനുമുകളിൽ തുണിയോ കയറോ ഉപയോഗിച്ച് മുറുക്കി കെട്ടരുത്. ഇത് രക്തയോട്ടം തടയുകയും അവയവം മുറിച്ചുമാറ്റേണ്ടിവരുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

  • വായിൽ വച്ച് വലിക്കരുത്: വിഷം വായ കൊണ്ട് വലിച്ചെടുക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്.

  • മരുന്നുകൾ പുരട്ടരുത്: പച്ചമരുന്നുകളോ ഐസോ മുറിവിൽ വെക്കരുത്.

ചെയ്യേണ്ട കാര്യങ്ങൾ (RIGHT)

ഇന്ത്യയിലെ നാഷണൽ സ്‌നേക്ക് ബൈറ്റ് മാനേജ്മെന്റ് പ്രോട്ടോക്കോൾ പ്രകാരമുള്ള ഘട്ടങ്ങളാണിവ.

  • R - Reassure & Remove (ആശ്വസിപ്പിക്കുക, നീക്കം ചെയ്യുക): രോഗിയെ പരിഭ്രമിപ്പിക്കാതെ സമാധാനിപ്പിക്കുക (ഹൃദയമിടിപ്പ് കൂടുമ്പോൾ വിഷം വേഗത്തിൽ പടരും). കടിയേറ്റ ഭാഗത്തെ മോതിരം, വാച്ച്, മുറുകിയ വസ്ത്രങ്ങൾ എന്നിവ ഉടൻ നീക്കം ചെയ്യുക (വീക്കം വരുമ്പോൾ ഇവ ബുദ്ധിമുട്ടാവും).

  • I - Immobilize (നിശ്ചലമാക്കുക): കടിയേറ്റ ഭാഗം ഒടിഞ്ഞ കൈകാലുകൾ കെട്ടിവെക്കുന്നതുപോലെ (Splint) അനങ്ങാതെ വയ്ക്കുക.

  • G - Get to Hospital (ആശുപത്രിയിലെത്തി ക്കുക): ഒട്ടും സമയം കളയാതെ പാമ്പുവിഷ ത്തിന് പ്രതിമരുന്ന് (Anti-Snake Venom- ASV) ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക.

  • H - Help & History (സഹായം തേടുക): ആംബുലൻസ് വിളിക്കുക. കടിയേറ്റ സമയം, പാമ്പിന്റെ പ്രത്യേകതകൾ എന്നിവ ശ്രദ്ധിക്കുക.

  • T - Tell the Doctor (ഡോക്ടറോട് കൃത്യമായി കാര്യങ്ങൾ പറയുക): ഉണ്ടായ ലക്ഷണങ്ങൾ ഡോക്ടറെ കൃത്യമായി അറിയിക്കുക. പാമ്പിനെ പിടിക്കാൻ നിൽക്കരുത്.

ചികിത്സ

പാമ്പുകടിക്ക് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ആന്റി സ്‌നേക്ക് വെനം (Anti Snake Venom – ASV). ആശുപത്രിയിൽ ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം നൽകേണ്ടതാണ്. ഇത് ശരീരത്തിൽ പ്രവേശിച്ച വിഷത്തെ നിർജ്ജീവമാക്കുന്നു

  • നേരത്തെ നൽകിയാൽ ജീവൻ രക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

  • ചിലർക്ക് അലർജിയുണ്ടാകാം, അതിനാൽ ആശുപത്രി നിരീക്ഷണം നിർബന്ധമാണ്.

സങ്കീർണ്ണതകൾ
(Complications)

ചികിത്സ വൈകിയാലുണ്ടാകാവുന്ന പ്രശ്‌നങ്ങൾ:

  • വൃക്ക പ്രവർത്തന തകരാർ.

  • രക്തസ്രാവം.

  • ശ്വാസകോശ പരാജയം.

  • കൈകാൽ മുറിക്കേണ്ട സാഹചര്യം.

  • സ്ഥിരമായ വൈകല്യം / മരണം.

മുൻകരുതലുകൾ

  • കൃഷി ചെയ്യുമ്പോൾ ബൂട്ടും കയ്യുറകളും ഉപയോഗിക്കുക.

  • രാത്രി നടക്കുമ്പോൾ ടോർച്ച് / ലൈറ്റ് ഉപയോഗിക്കുക.

  • വീടിനകത്തും പുറത്തും മാലിന്യങ്ങൾ നീക്കം ചെയ്യുക.

  • നിലത്ത് കിടന്നുറങ്ങുന്നത് ഒഴിവാക്കുക.

  • പാമ്പിനെ കണ്ടാൽ കൊല്ലാൻ ശ്രമിക്കാതെ വന്യജീവി അധികൃതരെ അറിയിക്കുക.

പാമ്പുകടി അടിയന്തര മെഡിക്കൽ അവസ്ഥയാണ്. അന്ധവിശ്വാസങ്ങളും തെറ്റായ ചികിത്സാരീതികളും ഒഴിവാക്കി ശാസ്ത്രീയ ചികിത്സ തേടുന്നതാണ് ഏറ്റവും സുരക്ഷിതം. പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകിയാൽ പാമ്പുകടിയുമായി ബന്ധപ്പെട്ട മരണനിരക്ക് ഗണ്യമായി കുറയ്ക്കാം. അറിവും ജാഗ്രതയും സമയബന്ധിതമായ ചികിത്സയും ജീവൻ രക്ഷിക്കും.

READ: പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments