ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ

‘‘തന്റെ മകളോ അനിയത്തിയോ ഭാര്യയോ അമ്മയോ സഹപ്രവർത്തകയോ ഈയൊരു അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത് എന്ന് മനസ്സിലാക്കിയാൽ അവരെ അവഗണിക്കുന്നതിനോ അവരോട് പ്രതികരിക്കുന്നതിനോ പകരം അവരെ കരുതലോടെ ചേർത്ത് കൂടെനിർത്താൻ ശ്രമിക്കുക’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഹിത കെ. എഴുതിയ ലേഖനം.

സ്ത്രീകളിൽ ആർത്തവം തുടങ്ങുന്നതിന് 5 മുതൽ 10 ദിവസം മുൻപ് കാണപ്പെടുന്ന ശാരീരികവും മാനസികവുമായ ചില പ്രത്യേക ലക്ഷണങ്ങളുടെ കൂട്ടമാണ് പ്രീമെൻസ്ട്രുവൽ സിൻഡ്രോം (പി എം എസ്).

ആർത്തവപൂർവ്വ പ്രശ്നങ്ങൾ
പ്രധാനമായും രണ്ടു തരമുണ്ട്:

1) പ്രീമെൻസ്ട്രുവൽ സിൻഡ്രോം:
ലോകമെമ്പാടും ആർത്തവമുള്ള 80- 90% സ്ത്രീകളിലും ഏതെങ്കിലുമൊരു തരത്തിലെങ്കിലും അനുഭവപ്പെടാറുണ്ട്.

2) പ്രീമെൻസ്ട്രുവൽ ഡിസ്‌ഫോറിക്ക് ഡിസോർഡർ: 2.5- 3% സ്ത്രീകളിൽ മാത്രം, അവരുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ കാഠിന്യമുള്ളതും, വിദഗ്ദ്ധ പരിശോധനകളും വൈദ്യസഹായവും മരുന്നുകളും എടുക്കേണ്ട തരത്തിലുള്ളതുമായ തീവ്രമായ അവസ്ഥ.

പ്രധാന ലക്ഷണങ്ങൾ

1) ശാരീരികം:

  • സ്തനങ്ങളിൽ കനം അനുഭവപ്പെടൽ, വേദന തുടങ്ങിയവ.

  • വയർ വീർത്തതു പോലുള്ള അവസ്ഥ (bloating).

  • തലവേദന (മൈഗ്രേയ്ന് സമം).

  • ഭക്ഷണത്തോടുള്ള അമിതമായ ആസക്തി (പ്രത്യേകിച്ച് മധുരപലഹാരങ്ങളോട്).

  • മലബന്ധം/വയറിളക്കം.

2) വൈകാരികം:

  • അമിതമായതും എന്നാൽ മറ്റുള്ളവർക്ക് പലപ്പോഴും അകാരണമെന്നു തോന്നുന്ന തരത്തിലുള്ള ദേഷ്യം.

  • ചെറിയ കാര്യങ്ങൾക്കുപോലും സങ്കടം / കരച്ചിൽ.

  • പെട്ടെന്നുള്ള മാനസിക മാറ്റങ്ങൾ (mood swings).

  • വിഷാദം / ഉറക്കക്കുറവ്.

  • ശാരീരികബന്ധത്തോടുള്ള താല്പര്യക്കുറവ് (loss of libido).

സ്ത്രീകളിൽ ആർത്തവം തുടങ്ങുന്നതിന് 5 മുതൽ 10 ദിവസം മുൻപ് കാണപ്പെടുന്ന ശാരീരികവും മാനസികവുമായ ചില പ്രത്യേക ലക്ഷണങ്ങളുടെ  കൂട്ടമാണ് പ്രീമെൻസ്ട്രുവൽ സിൻഡ്രോം.
സ്ത്രീകളിൽ ആർത്തവം തുടങ്ങുന്നതിന് 5 മുതൽ 10 ദിവസം മുൻപ് കാണപ്പെടുന്ന ശാരീരികവും മാനസികവുമായ ചില പ്രത്യേക ലക്ഷണങ്ങളുടെ കൂട്ടമാണ് പ്രീമെൻസ്ട്രുവൽ സിൻഡ്രോം.

ശാസ്ത്രീയമായ
കാരണങ്ങൾ

ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകളുടെ അളവിൽവരുന്ന ഏറ്റക്കുറച്ചിലുകളും തലച്ചോറിലെ പ്രധാനപ്പെട്ട സീറോട്ടോണിൻ തുടങ്ങിയ ഹോർമോണുകളുടെ അളവുകളിൽ ആർത്തവചക്രത്തിന്റെ രണ്ടാം പകുതിയിൽ (luteal phase) ഉണ്ടാവുന്ന വ്യതിയാനങ്ങളുമാണ് പ്രധാന കാരണമായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്.

പി.എം.എസ് ലക്ഷണങ്ങൾ ആർത്തവം തുടങ്ങുന്നതിന് 5 മുതൽ 10 ദിവസം മുൻപ് തുടങ്ങി, ആർത്തവം തുടങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസം മുൻപ് അതിന്റെ പാരമ്യതയിലെത്തിയശേഷം ആർത്തവം തുടങ്ങി ഹോർമോൺ അളവ് താഴുന്നതോടൊപ്പം കുറയുന്നതായാണ് കാണപ്പെടുന്നത്.

വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടി മറ്റ് അനുബന്ധ അസുഖങ്ങളില്ല എന്നുകൂടി ഉറപ്പാക്കേണ്ടതായുണ്ട്.

ഉദാഹരണം:

  • രക്തക്കുറവ്.

  • തൈറോയ്ഡ് തകരാറുകൾ.

  • എഡോമെട്രിയോസിസ്.

  • വാതസംബന്ധമായ മറ്റ് അസുഖങ്ങൾ, കണക്ടീവ് ടിഷ്യു ഡിസോർഡേഴ്‌സ്.

  • ദഹനസംബന്ധമായ അസുഖങ്ങൾ (Irritable bowel syndrome).

  • വിറ്റാമിൻ D3 അളവിലെ വ്യതിയാനങ്ങൾ.

  • ഉൽക്കണ്ഠ, വിഷാദം.

  • പാനിക് അറ്റാക്ക്സ് (panic attacks )തുടങ്ങിയ മറ്റ് മാനസിക അസുഖങ്ങൾ.

ചികിത്സാരീതികൾ

  • ജനറൽ.

  • മെഡിക്കൽ.

1) ജനറൽ: ആരോഗ്യപരമായ
ഭക്ഷണക്രമീകരണം

  • ധാരാളം പഴങ്ങൾ, പച്ചക്കറികൾ, നാരടങ്ങിയ ഭക്ഷണങ്ങൾ.

  • ഇടവിട്ട് ഇടവിട്ട് വെള്ളം കുടിക്കുക.

  • ഭക്ഷണത്തിൽ അധികമായി വരുന്ന ഉപ്പ്, ഷുഗർ, കാപ്പി, ചായ, മദ്യപാനം എന്നിവ ഒഴിവാക്കുക.

  • ചിട്ടയായ വ്യായാമം ശീലിക്കുക.

  • ശ്രദ്ധ മാറ്റുന്ന തരത്തിലുള്ള വായന, ചിത്രരചന, നൃത്തപരിശീലനം, ധ്യാനം, എയ്‌റോബിക്‌സ്, ഗ്രൂപ്പ് ആക്റ്റിവിറ്റീസ് തുടങ്ങിയ പുതിയ ശീലങ്ങൾ ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കുക.

  • കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക.

2.മെഡിക്കൽ:

  • മൾട്ടി വിറ്റാമിനുകൾ - വിറ്റാമിൻ E, D3, ബി കോംപ്ലക്സ് കാൽസ്യം, മഗ്നീഷ്യം, എന്നിവ നൽകുക.

  • ഒമേഗ 3 ഫാറ്റി ആസിഡ്‌, വീറ്റ് ജേരം ഓയിൽ, ഈവനിംഗ് പ്രിംറോസ് ഓയിൽ തുടങ്ങിയവ അടങ്ങിയ ശാസ്ത്രീയമായ മരുന്നുകൾ.

  • വേദനസംഹാരികൾ.

  • ന്യൂറോ മോഡുലേറ്ററുകൾ (anxiolytic) വിഭാഗത്തിൽപെടുന്നതും ആന്റിഡിപ്രസെന്റ് വിഭാഗത്തിൽ പെടുന്നതുമായ SSRI മുതലായ മരുന്നുകൾ (ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ അനുസരിച്ച് മാത്രം).

കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

പരിമിതികൾ

  • ഡയഗ്‌നോസ് ചെയ്യപ്പെടാനുള്ള കാലതാമസം.

  • തെറ്റിദ്ധരിക്കപ്പെടാനുള്ള പ്രവണത.

  • വൈകിപ്പോവുന്ന ചികിത്സാലഭ്യത.

സങ്കീർണതകൾ

  • തീവ്രമായ മാനസിക വ്യതിയാനങ്ങൾ.

  • ലൈംഗിക പ്രശ്നങ്ങൾ, വിവാഹത്തകർച്ച.

  • ആത്മഹത്യാ പ്രവണതകൾ.

  • തിരിച്ചറിയപ്പെടാത്ത മറ്റ് മാരക അസുഖങ്ങൾ.

സമൂഹത്തിന്
ചെയ്യാനാവുന്നത്

  • സ്ത്രീ- പുരുഷഭേദമെന്യേ സ്‌കൂൾതലം തൊട്ട് ആരംഭിക്കാവുന്ന ബോധവൽക്കരണ ക്ലാസുകളും കൗൺസലിംഗ് പിന്തുണയും *ദമ്പതിമാരെ ഒരുമിച്ച് ചേർത്തുള്ള ചികിത്സ(couple based therapies), പൊതുബോധവൽക്കരണം (*mass education )

  • അയൽക്കൂട്ടം, കുടുംബശ്രീ, വർക്കിംഗ് സ്ഥാപനങ്ങൾ തുടങ്ങിയ കൂട്ടായ ഒത്തുചേരലുകളിൽ പരമാവധി ബോധവൽക്കരണ പരിപാടികൾ.

  • എല്ലാ മാസവും ഒരു മെൻസ്ട്രുവൽ ഡയറിയിൽ (Menstrual Diary) രേഖപ്പെടുത്തി, മാറ്റങ്ങൾ വരുന്ന സമയം സ്വയം തിരിച്ചറിയാൻ ശ്രമിക്കുക.

  • ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഇത് എന്നു മനസ്സിലാക്കി, തനിക്ക് സ്വീകാര്യമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് സ്വയം ഒഴിഞ്ഞുനിൽക്കാൻ ശ്രമിക്കുക.

  • മടികൂടാതെ മാതാപിതാക്കളോടോ, ഭർത്താവിനോടോ, മക്കളോടോ, സുഹൃത്തുക്കളോടോ, സഹപ്രവർത്തകരോടോ, തനിക്ക് ആർത്തവപൂർവസമയമാണെന്ന് തുറന്നുപറയാൻ ശ്രമിക്കുക.

  • ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുക.

  • തന്റെ മകളോ അനിയത്തിയോ ഭാര്യയോ അമ്മയോ സഹപ്രവർത്തകയോ ഈയൊരു അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത് എന്ന് മനസ്സിലാക്കിയാൽ അവരെ അവഗണിക്കുന്നതിനോ അവരോട് പ്രതികരിക്കുന്നതിനോ പകരം അവരെ കരുതലോടെ ചേർത്ത് കൂടെനിർത്താൻ ശ്രമിക്കുക.

  • ആവശ്യം വരുന്നു എന്നു കാണുകയാണെങ്കിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും വൈദ്യസഹായവും വൈകിക്കാതെ തന്നെ ലഭ്യമാക്കുക.ㅤㅤ

Comments