ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ
പിതാവായ മലയാളി ഡോക്ടർ

ഇന്ന് ഇന്ത്യയിൽ സുപരിചിതമായ ആൻജിയോപ്ലാസ്റ്റി എന്ന ചികിത്സാരീതിയുടെ ഏറ്റവും പ്രമുഖ പ്രയോക്താവായ ഡോ. മാത്യു സാമുവൽ കളരിക്കലിനെ കുറിച്ച് ഡോ. കെ. വേണുഗോപാൽ ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ എഴുതിയ ലേഖനം.

യിടെ അന്തരിച്ച അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച ഹൃദ്രോഗവിദഗ്ദ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിനെ കുറിച്ച് ചില ഓർമ്മകൾ കുറിക്കട്ടെ.

ഏതാണ്ട് 35 വർഷത്തെ സൗഹൃദബന്ധത്തിലൂടെ അടുത്തറിയാൻ സാധിച്ച ഒരു പ്രതിഭയെപ്പറ്റി എഴുതുവാൻ ഈ അവസരം ലഭിച്ചതിൽ വളരെ ചാരിതാർത്ഥ്യമുണ്ട്.

1948- ൽ കോട്ടയത്ത് കളരിക്കൽ കുടുംബത്തിൽ ജനിച്ച ഡോ. മാത്യു 1974- ൽ കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്​ ബിരുദം നേടി. സ്റ്റാൻലി മെഡിക്കൽ കോളേജിൽനിന്ന് മെഡിസിനിൽ ബിരുദവും എംഡിയും നേടിയശേഷം മദ്രാസ്​ മെഡിക്കൽ കോളേജിൽ ഡി.എം കാർഡിയോളജി കോഴ്സിന് ചേർന്നു. അവിടെ രണ്ടാം വർഷ വിദ്യാർത്ഥിയാകുമ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതപാതയിൽ ഏറ്റവും പ്രധാനമായ സംഭവമുണ്ടാകുന്നത്.

1976- ൽ സൂറിക് നഗരത്തിൽ ആന്ദ്രേയ്സ് ഗ്രുണ്ട്സിങ് എന്ന സ്വിസ്സ് കാർഡിയോളജിസ്റ്റാണ് ലോകത്താദ്യമായി കൊറോണറി ആൻജിയോ പ്ലാസ്റ്റി ചെയ്തത്. നൂതനമായ ഈ ചികിത്സാരീതിയെ പറ്റി വായിച്ച ഡോ. മാത്യു ഒരു പുതിയ ആശയം ഡോ. ഗ്രുണ്ട്സിങ്ങിന് അയച്ചുകൊടുത്തു. ഇതിൽ ആകൃഷ്ടനായ ഡോ. ഗ്രുണ്ട്സിംഗ് അദ്ദേഹത്തെ തന്റെ ചികിത്സാരീതി പഠിപ്പിക്കുവാനായി സൂറിക്കി ലേക്ക് ക്ഷണിച്ചു. സൂറിക്കിൽനിന്ന് ഡോ. ഗ്രുണ്ട്സിങ്ങിനോടൊപ്പം അമേരിക്കയിലെ അറ്റ്​ലാൻ്റയിലുള്ള എമോറി യൂണിവേഴ്സിറ്റിയിൽ ആൻജിയോപ്ലാസ്റ്റി ചികിത്സാരീതികളിൽ ഗവേഷണം തുടർന്നു. വിലപ്പെട്ട പല സംഭാവനകളും ഡോ. മാത്യുവിന്റതായിട്ടുണ്ട്. 1986- ൽ നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം 1986- ൽ ബോംബെയിലെ ബ്രീച് കാൻഡി ഹോസ്​പിറ്റലിൽ വെച്ച് ഇന്ത്യയിൽ ആദ്യമായി കൊറോണറി ആൻജിയോപ്ലാസ്റ്റി ചെയ്തു. ഒരുപാട് എതിർപ്പുകളുണ്ടായിട്ടും ഈ ആധുനിക ചികിത്സാരീതി അദ്ദേഹം ചെന്നൈ അപ്പോളോ ഹോസ്​പിറ്റലിൽ തുടങ്ങി. ഒന്നുരണ്ടു വർഷങ്ങൾക്കുശേഷം ഈ പ്രക്രിയയുടെ പ്രയോജനങ്ങൾ എല്ലാവർക്കും മനസ്സിലായി തുടങ്ങി. ഇന്ത്യയിലെങ്ങും ഡോ. മാത്യുവിനെ ‘ആൻജിയോപ്ലാസ്റ്റിമാൻ’ എന്ന് വിളിച്ചുതുടങ്ങി. ഒരുപാട് മുതിർന്ന കാർഡിയോളജിസ്റ്റുകളെയും പുതിയതായി ജയിച്ചുവന്ന പുതുതലമുറയിലെ ഹൃദ്രോഗവിദഗ്ദ്ധരെയും ഈ ചികിത്സാരീതി അദ്ദേഹം പഠിപ്പിച്ചു. ഇന്ന് ഇന്ത്യയിൽ എല്ലായിടത്തും സുപരിചിതമായ ഈ ചികിത്സാരീതിക്ക് പ്രചാരം കിട്ടിയതിൽ ഡോ. മാത്യുവിന്റെ പങ്ക് നിസ്സീമമാണ്.

ഹൃദ്രോഗവിദഗ്ദ്ധൻ ഡോ. മാത്യു സാമുവൽ
ഹൃദ്രോഗവിദഗ്ദ്ധൻ ഡോ. മാത്യു സാമുവൽ

ആൻജിയോപ്ലാസ്റ്റി ചികിത്സാരീതികളിൽ വന്ന മാറ്റങ്ങൾക്ക് അദ്ദേഹം കാരണക്കാരനായിരുന്നു എന്നു മാത്രമല്ല പുതിയ ഉപകരണങ്ങളും സ്റ്റെൻ്റുകളും ഉപയോഗിക്കുന്നതിൽ പ്രത്യേക പ്രാഗൽഭ്യം നേടുകയും ചെയ്തു. ദുഷ്കരമായ ആൻജിയോപ്ലാസ്റ്റികളിൽ രക്തക്കുഴലിൽ കാൽസിയം അടിഞ്ഞ് ഉദ്ദേശിച്ച ഫലം കിട്ടാതെ വരുമ്പോൾ ഉപയോഗിക്കുന്ന റൊട്ടേബ്ലേഷൻ എന്ന രീതിയിൽ പ്രത്യേക വൈദഗ്ദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരുപാട് ഉപകരണങ്ങൾ സ്വയം ഉണ്ടാക്കുകയും അവയിൽ പേറ്റൻ്റ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക്സ് ആൽഗെസി മീറ്റർ, ജുഗുലാർ വീനസ്​ പ്രഷർ സ്​കെയിൽ എന്നിവയ്ക്ക് അദ്ദേഹത്തിന് പേറ്റൻ്റ് കിട്ടിയിരുന്നു. ഏറ്റവും സങ്കീർണ്ണമായ കേസുകൾ പോലും അദ്ദേഹം വളരെ ലാഘവത്തോടെ ചെയ്യുന്നത് നേരിട്ടു കാണുവാൻ സാധിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം രോഗിയാണെന്നും ആവശ്യമുള്ളതുമാത്രമേ ചെയ്യാവൂ എന്നും അദ്ദേഹം എല്ലാവരെയും ഉപദേശിക്കുമായിരുന്നു.

അനുഗ്രഹീതനായ ഡോക്ടർ എന്ന നിലയിൽ മാത്രമായിരുന്നില്ല ഡോ. മാത്യുവിന്റെ സംഭാവനകൾ. മികച്ച വാഗ്മി, സംഘാടകൻ എന്ന നിലയിലും അദ്ദേഹം ശോഭിച്ചു. 1993- ൽ ചെന്നൈയിൽ നടത്തിയ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ മീറ്റിംഗിന്റെ ഓർഗനൈസിങ് സെക്രട്ടറി ഡോ. മാത്യുവായിരുന്നു. അധികം കഴിയാതെ അദ്ദേഹം സംഘടനയുടെ പ്രസിഡൻ്റായി. ‘ഇന്ത്യ ലൈവ്’ എന്ന ഏറ്റവും വലിയ ഇൻ്റർവെൻഷണൽ കാർഡിയോളജി മീറ്റിംഗ് തുടങ്ങിയത് ഡോ. മാത്യു സാമുവലിന്റെയും കൂട്ടുകാരുടെയും ശ്രമം കൊണ്ടാണ്.

ഒരുപാട് ബഹുമതികൾ അദ്ദേഹത്തെ തേടിവന്നു. ഗവൺമെൻ്റ് ഓഫ് ഇന്ത്യ അദ്ദേഹത്തെ പത്മശ്രീ പുരസ്​കാരം നൽകി ആദരിച്ചു. പക്ഷേ ഏറ്റവും വലിയ പുരസ്​കാരമായി അദ്ദേഹം കരുതിയത് തന്റെ വിദ്യാർത്ഥികളുടേയും സഹപ്രവർത്തകരുടേയും സ്​നേഹമായിരുന്നു.

അദ്ദേഹം ചികിത്സിച്ച വിശിഷ്ടവ്യക്തികളുടെ ഒരു നിര തന്നെ ഇന്ത്യയിൽ എല്ലായിടത്തുമുണ്ട്. സ്വന്തം ആരോഗ്യസ്​ഥിതിപോലും നോക്കാതെയും അസ്വാസ്​ഥ്യങ്ങൾ വകവെക്കാതെയും അവസാനം വരെ രോഗീപരിചരണത്തിൽ ഏർപ്പെട്ടിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ എപ്പോഴും താങ്ങായിനിന്ന ബീന സാമുവലിനും കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ വിയോഗം സഹിക്കുവാൻ ശക്തി നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു.

മലയാളികൾക്ക്, പ്രത്യേകിച്ച് ഹൃദ്രോഗ വിദഗ്ദർക്ക് ഡോ. മാത്യു സാമുവൽ എന്നത്തേക്കും ഒരു പ്രചോദനമായി നിൽക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് ഒരുപാടു പേർ വൈദ്യശാസ്​ത്ര അന്താരാഷ്ട്ര രംഗത്ത് സ്​ഥാനം പിടിച്ചുകഴിഞ്ഞു എന്ന വസ്​തുത എത്രയോ ചാരിതാർത്ഥ്യജനകമാണ്.

READ: തികച്ചും സാധാരണം;
പക്ഷെ, അസാധാരണം

രോഗങ്ങളുടെയും ​വെല്ലുവിളികളുടെയും
മഴക്കാലം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments