കഴിഞ്ഞ മാർച്ച് വരെയുള്ള 2025-26 സാമ്പത്തിക വർഷത്തിൽ മലയാളി കുടിച്ചുവറ്റിച്ചത് 19,732.82 കോടി രൂപയുടെ മദ്യമാണ്. സംസ്ഥാന ബീവറേജസ് കോർപ്പറേഷൻ ഔദ്യോഗികമായി പുറത്തുവിട്ട കണക്കാണിത്. തൊട്ടുമുമ്പുള്ള വർഷമാവട്ടെ 19,088.73 കോടിയുടേതാണ്. ഒരോ വർഷവും ഓണം, ക്രിസ്തുമസ്, പുതുവർഷം തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് മലയാളി കുടിക്കുന്ന മദ്യത്തിന്റെ കണക്കുകളും വാർത്തകളായി വരാറുണ്ട്.
ബസിലോ കാറിലോ യാത്ര ചെയ്യുമ്പോൾ റോഡരുകിൽ ഒരു ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടാൽ ബീവറേജസ് കോർപ്പറേഷന്റെ വിൽപനശാലയാണ് അതെന്ന് ഏത് കുട്ടികൾക്കും അറിയാം.
അതേസമയം, സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വൻ വർദ്ധനവ് കാണാം. 2024-ൽ ഇത് 3,05,923 കേസും 2025- ൽ 3,76,626 കേസുമാണ്. 2025- ൽ അബ്കാരി നിയമപ്രകാരം മാത്രം 98,088 കേസും, മയക്കുമരുന്ന് (NDPS Act) നിയമപ്രകാരം 36,314 കേസുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഹരി ഉപയോഗത്തിന്റെ തോതും കുറ്റകൃത്യങ്ങളുടെ വർദ്ധനയും തമ്മിൽ ചെറുതല്ലാത്ത ബന്ധമുണ്ട് എന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരാനുള്ള നീക്കവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ആരോപണങ്ങളും പോർവിളികളും ഉയരുന്നത്. നിർഭാഗ്യവശാൽ ഈ പദ്ധതി സൃഷ്ടിക്കുന്ന ദുരന്തങ്ങളെക്കുറിച്ചല്ല, മറിച്ച് മദ്യനിർമ്മാണക്കമ്പനിയുമായി ആദ്യം കരാറുണ്ടാക്കിയത് ആരാണ്?, പദ്ധതി വിഭാവനം ചെയ്തത് ആരാണ്?, അതിനുപിന്നിലെ അഴിമതി എന്താണ്? തുടങ്ങിയ വിഷയങ്ങളുയർത്തിയാണ് ഭരണപക്ഷവും പ്രതിപക്ഷവും പോരടിക്കുന്നത്. ഉയർന്ന സാക്ഷരതയും വിദ്യാഭ്യാസവും താരതമ്യേന മികച്ച ജീവിതനിലവാരവുമുള്ള ജനതയായിട്ടും മദ്യപാനാസക്തി വലിയതോതിൽതന്നെ കാണപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് ഇത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും എന്ന് പറയാതെ വയ്യ.

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലിയുള്ള ഇത്തരം വാദകോലാഹലങ്ങൾക്കിടയിൽ പൊതുസമൂഹം മറന്നുപോകുന്ന ചില ഗുരുതരമായ ഭീഷണികളുണ്ട്. അത് നമ്മുടെ പുതുതലമുറയുടെയും ഭാവിതലമുറകളുടെയും ജീവിതവുമായി ബന്ധപ്പെട്ടുള്ളതാണ്. ചുരുക്കത്തിൽ സർക്കാറിന്റെ പുതിയ നീക്കം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവതലമുറയെ മദ്യപാനശീലത്തിലേക്ക് കൂടുതൽ ആഴത്തിൽ തള്ളിവിടുമെന്നതാണ് യാഥാർത്ഥ്യം.
സംസ്ഥാനത്ത് ഏതാനും ആഴ്ചകൾക്ക് മുമ്പായി ധനമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിൽ 20% വരെ ആൽക്കഹോൾ അടങ്ങിയ വീര്യം കുറഞ്ഞ മദ്യങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനെത്തുടർന്ന്, അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ വാദങ്ങളാണ് സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉയരുന്നത്.
ഇതിൽ ചൂണ്ടിക്കാണിക്കുന്ന ഒന്ന് ആരോഗ്യപരമായി ഉണ്ടാവാനിടയുള്ള പോസിറ്റീവായ മാറ്റങ്ങളെക്കുറിച്ചാണ്. കേരളത്തിലെ മദ്യപാന സംസ്കാരം വീര്യം കൂടിയ, ഏകദേശം 42% ആൽക്കഹോൾ അടങ്ങിയ വിസ്കി, ബ്രാണ്ടി, റം തുടങ്ങിയ മദ്യങ്ങളിൽ അധിഷ്ഠിതമാണെന്നും വീര്യം കുറഞ്ഞ മദ്യങ്ങളിലേക്ക് (0.5% മുതൽ 20% വരെ ആൽക്കഹോൾ അടങ്ങിയവ) ആകർഷിക്കുന്നതു വഴി കഠിനമായ ലഹരി ഉപയോഗവും അതുണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാൻ സാധിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ വാദിക്കുന്നത്. ഇതിനുപുറമെ പുതിയ പദ്ധതി കർഷകർക്ക് ഗുണമായിത്തീരുമെന്നുമാണ് സർക്കാറിന്റെ ന്യായം.
ഉദാഹരണത്തിന് ചക്ക, മാങ്ങ, കശുമാങ്ങ തുടങ്ങിയ പ്രാദേശിക പഴവർഗ്ഗങ്ങളിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങളിൽനിന്നും വീര്യം കുറഞ്ഞ ഫ്രൂട്ട് വൈനുകളും (Horti-wine) മദ്യവും ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകുന്നതുവഴി കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ സാധിക്കും എന്നാണ് വാദം.
മറ്റൊരു വാദം ടൂറിസം മേഖലയ്ക്ക് ഉണർവ് ലഭിക്കുമെന്നാണ്. വിദേശ വിനോദസഞ്ചാരികളും ഐ.ടി മേഖലയിലുള്ളവരും പൊതുവെ വീര്യം കുറഞ്ഞ വൈനുകളും ബിയറുകളുമാണ് താൽപര്യപ്പെടുന്നതെന്നും അന്താരാഷ്ട്ര വിപണിക്ക് അനുയോജ്യമായ ഇത്തരം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത് ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും പദ്ധതിയെ അനുകൂലിക്കുന്നവർ വാദിക്കുന്നു. കൂടാതെ വ്യാജ ലഹരിക്കെതിരെയുള്ള പ്രതിരോധം സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്നാണ് ചിലർ പറയുന്നത്. വീര്യം കൂടിയ വിദേശമദ്യങ്ങൾക്കുപകരം സുരക്ഷിതമായ ലഘുമദ്യങ്ങൾ കുറഞ്ഞ നികുതിയിൽ ലഭ്യമാക്കുന്നത് വഴി ആളുകൾ മറ്റ് മയക്കുമരുന്നുകളിലേക്കോ വ്യാജ ലഹരികളിലേക്കോ തിരിയുന്നത് തടയാനാവുമെന്നും അവകാശപ്പെടുന്നുണ്ട്.

അതേസമയം വീര്യം കുറഞ്ഞ മദ്യത്തിനെതിരെ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. അതിൽ പ്രധാനപ്പെട്ടത് ഇത് കൗമാരക്കാരിലും വിദ്യാർത്ഥികളിലും മദ്യപാനത്തിലേക്കുള്ള തുടക്കമായി (Gateway to Addiction) മാറും എന്നതാണ്. വീര്യം കുറഞ്ഞ മദ്യങ്ങൾ ലഭ്യമാകുന്നത് വഴി ലഹരി ഉപയോഗത്തിലേക്ക് പുതിയ തലമുറയും സ്ത്രീകളും കടന്നുവരാൻ സാധ്യതയേറുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. തമാശക്കോ, കൂട്ടത്തിലുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയോ വലിയ പ്രശ്നമുണ്ടാവില്ലെന്ന് കരുതി വീര്യം കുറഞ്ഞ മദ്യം രുചിച്ചുനോക്കുകയും ഇത് പിന്നീട് കഠിനമായ മദ്യപാനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. എല്ലാ സർക്കാരുകളും മുന്നോട്ടുവെക്കുന്ന സമ്പൂർണ്ണ മദ്യനിരോധനനയത്തിന് വിരുദ്ധമാണ് ഇതെന്നും മതസംഘടനകളും മദ്യവിരുദ്ധ സമിതികളും കുറ്റപ്പെടുത്തുന്നുണ്ട്. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരിക എന്ന സംസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് പുതിയ വിപണി തുറന്നുനൽകുന്ന ഇത്തരം തീരുമാനങ്ങൾ. ഫലത്തിൽ അധികാരത്തിലെത്തുന്ന എല്ലാ സർക്കാരുകളും ഇത്തരം നയങ്ങൾക്ക് വിരുദ്ധമായി കൂടുതൽ ബാറുകൾ തുറക്കുന്നതിന് അനുമതി നൽകുവാനും പുതിയ തരം മദ്യങ്ങൾക്ക് വിപണി തുറന്നുകൊടുക്കാനുമാണ് ശ്രമിക്കുന്നത് എന്നത് ദൗർഭാഗ്യകരമാണ്.
ശാസ്ത്രീയമായ വശങ്ങൾ
'ലിക്വർ ഡീഫ്ലൊറേഷൻ' (Liquor Defloration) എന്ന് ഈ രംഗത്തെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്, ആദ്യമായി ഒരു വ്യക്തി മദ്യം രുചിച്ചുനോക്കുന്ന പ്രക്രിയയെയാണ്. വീര്യം കുറഞ്ഞ മദ്യങ്ങൾ താരതമ്യേന ആസ്വാദ്യകരമായ രുചികളിൽ ലഭ്യമാകുന്നതോടെ വിദ്യാർത്ഥികളിലും കൗമാരക്കാരിലും ഇത് മദ്യത്തോടുള്ള ഭയവും വിമുഖതയും ഇല്ലാതാക്കുകയും മദ്യപാനശീലത്തിന്റെ ‘ഹരിശ്രീ’ കുറിക്കുന്ന ചടങ്ങായി മാറുകയും ചെയ്യും.
മറ്റൊരു ഭീഷണി ശരീരത്തിന്റെ പ്രതികരണശേഷി ഇല്ലാതാവുന്നു എന്നതാണ്. വീര്യം കുറഞ്ഞ മദ്യം ഒരു തമാശയ്ക്ക് തുടങ്ങുകയും പിന്നീട് തുടർച്ചയായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ശരീരത്തിന് ആ മദ്യത്തിന്റെ അളവിനോട് പൊരുത്തപ്പെടാനുള്ള ശേഷി കൈവരുന്നു. ഇതിനെയാണ് 'ആൽക്കഹോൾ ടോളറൻസ്' (Alcohol Tolerance) എന്നു പറയുന്നത്. ഇതിന്റെ ഫലമായി കാലക്രമേണ, ആദ്യമുണ്ടായിരുന്ന ലഹരിയോ അനുഭൂതിയോ ലഭിക്കാൻ ആ വ്യക്തി കൂടുതൽ അളവിൽ മദ്യം കഴിക്കേണ്ടിവരുന്നു. ഇതോടെ വീര്യം കുറഞ്ഞ മദ്യത്തിൽനിന്ന് വ്യക്തികൾ ക്രമേണ വീര്യം കൂടിയ മദ്യങ്ങളിലേക്ക് നയിക്കപ്പെടുന്നു.
വ്യക്തികളെ ഇത് ആൽക്കഹോൾ അടിമത്തത്തിലേക്ക് നയിക്കും എന്നതാണ് ഏറ്റവു അപകടമേറിയ ഭീഷണി. നിരന്തരമായി ഇത്തരം വീര്യം കുറഞ്ഞ മദ്യം കഴിക്കുകവഴി ടോളറൻസ് വർദ്ധിക്കുന്നതോടെ ശരീരം മദ്യത്തിന് പൂർണ്ണമായി അടിമപ്പെടുന്ന അവസ്ഥയുണ്ടാവും. ഇതിനെ 'ആൽക്കഹോൾ ഡിപെൻഡൻസ്'(Alcohol Dependence) എന്ന് പറയുന്നു. ഇത് വ്യക്തിയെ മദ്യമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിക്കും. മാനസികവും ശാരീരികവുമായ അവസ്ഥയാണിത്. ഇതോടെ വ്യക്തിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യതിയാനങ്ങളുണ്ടാവുകയും മദ്യം ലഭിക്കുന്നതിനായി എന്തും ചെയ്യാൻ മടിക്കാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യും. തുടർന്ന് പണത്തിന് വേണ്ടി മോഷണം, പിടിച്ചുപറി, ഗുണ്ടായിസം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്ക് വഴുതിവീഴുകയും ചെയ്യും. കൗമാരക്കാരായ വിദ്യാർത്ഥികളിൽ ഇത് പഠനത്തെ ബാധിക്കുകയും ഭാവിയെത്തന്നെ ഇരുട്ടിലാക്കുകയും ചെയ്യും.

ഇതിനെല്ലാം പുറമെയാണ് മദ്യപാനികളിൽ കണ്ടുവരുന്ന മറ്റ് ശാരീരിക- മാനസിക പ്രശ്നങ്ങൾ. മദ്യത്തിന്റെ അമിതമായതും തുടർച്ചയായതുമായ ഉപയോഗം കാരണം കരൾ രോഗങ്ങൾ, പാൻക്രിയാറ്റൈറ്റിസ്, ഹൃദ്രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവക്ക് സാധ്യതയേറെയാണ്. കൂടാതെ ആമാശയം, തൊണ്ട, കുടൽ എന്നിവയെ ബാധിക്കുന്ന ക്യാൻസറുകൾക്കും മദ്യപാനം ഒരു പ്രധാന കാരണമാണ്. ഇതിനെല്ലാം പുറമെ മദ്യം ശരീരത്തിലെ അവശ്യപോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും പ്രതിരോധശേഷി നശിപ്പിക്കുകയും ചെയ്യുന്നു. ഫലത്തിൽ ഒരു മദ്യപാനിയുടെ ശരീരം നിരവധിയായ രോഗങ്ങളുടെ ഒരു കേന്ദ്രമായി മാറുന്നു.
മാനസിക പ്രശ്നങ്ങളുടെ കാര്യമെടുത്താൽ വിഷാദരോഗം (Depression), കടുത്ത ഉത്കണ്ഠ (Anxiety), മാനസികാവസ്ഥയിൽ പെട്ടെന്നുണ്ടാവുന്ന വ്യതിയാനങ്ങൾ എന്നിവ മദ്യാസക്തിയുള്ളവരിൽ വ്യാപകമാണ്. ലഹരി അടിമത്തം ബാധിച്ചവരാവാട്ടെ മദ്യം ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന കൈവിറയൽ, ഉറക്കമില്ലായ്മ, അമിത ദേഷ്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇരയാവുകയും ഇവ വ്യക്തികളെ മാനസികമായി തകർക്കുകയും ചെയ്യുന്നു. മദ്യപാനികളിൽ കണ്ടുവരുന്ന ആത്മഹത്യാ പ്രവണതയാണ് മറ്റൊരു ഭീഷണി. കേരളത്തിലെ ആത്മഹത്യകളിൽ വലിയൊരു ശതമാനത്തിനും പിന്നിൽ മദ്യാസക്തിയും അത് സൃഷ്ടിക്കുന്ന കുടുംബ തകർച്ചകളുമാണെന്നത് ഒരു സത്യമാണ്.
മറ്റൊന്ന് മദ്യപാനം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങളാണ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങൾക്കുപിന്നിൽ വലിയൊരളവിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടുവരുന്നുണ്ട്.
സ്ത്രീപീഡനങ്ങളും ഗാർഹിക പീഡനങ്ങളും വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന വില്ലനും പല പ്പോഴും മദ്യപാനമാണ്. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡപകടങ്ങളും സംസ്ഥാനത്ത് വളരെ കൂടുതലുമാണ്.
ചുരുക്കത്തിൽ വീര്യംകുറഞ്ഞ മദ്യം മാത്രമല്ല, എല്ലാതരത്തിലുള്ള ലഹരിവസ്തുക്കളും ഘട്ടം ഘട്ടമായെങ്കിലും നിരോധിക്കുകയാണ് വേണ്ടത്. ഇതിനായി രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും മാധ്യമങ്ങളും ഒരുമിച്ച് അണിചേരേണ്ടതുണ്ട്.
ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

