ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology

‘‘ശ്വാസകോശ രോഗങ്ങൾ വർദ്ധിച്ചുവരികയാണ്. ഇവ വളരെ നേരത്തെ കണ്ടെത്താനും കൃത്യമായ ചികിത്സ നൽകാനും ഇന്ന് സാധിക്കുന്നു. ശ്വാസകോശ ചികിത്സയിൽ വലിയ മാറ്റം കൊണ്ടുവന്ന സുപ്രധാന ശാഖയാണ് Interventional Pulmonology’’- ഡോ. പ്രമതകല എം. ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ എഴുതിയ ലേഖനം.

“പ്രാണോ ഹി ജീവിതം”;​ അഥവാ ശ്വാസം തന്നെയാണ് ജീവിതം. ജീവിതത്തിൽ ശ്വാസത്തിന് അത്യന്തം പ്രാധാന്യമുണ്ട്. വളരെ കുറച്ച് സമയത്തേക്കുപോലും ശ്വാസം നിലച്ചാൽ ജീവൻ അപകടത്തിലാകും. അതുകൊണ്ടുതന്നെ ശ്വാസകോശത്തിന്റെ ആരോഗ്യം മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ്. എന്നാൽ ഇന്നത്തെ ആധുനിക ജീവിതശൈലി, വർധിച്ചുവരുന്ന വായു മലിനീകരണം, പുകവലി, പരോക്ഷ പുകവലി (Paasive Smoking), തൊഴിൽ സംബന്ധമായ അപകടങ്ങൾ, അണുബാധകൾ, അലർജികൾ തുടങ്ങിയ ഘടകങ്ങൾ മൂലം ശ്വാസകോശ രോഗങ്ങൾ ലോകമെമ്പാടും വർദ്ധിച്ചുവരികയാണ്. മുമ്പ് ശ്വാസകോശ രോഗങ്ങൾ പലപ്പോഴും ഗുരുതരമായ ഘട്ടത്തിലെത്തിയശേഷമാണ് തിരിച്ചറിയപ്പെട്ടിരുന്നത്. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വേഗമേറിയ വളർച്ചയോടെ ഇന്ന് രോഗങ്ങളെ വളരെ നേരത്തെ കണ്ടെത്താനും കൃത്യമായ ചികിത്സ നൽകാനും സാധിക്കുന്നു. ഈ പുരോഗതിയുടെ ഭാഗമായി ശ്വാസകോശ ചികിത്സയിൽ വലിയ മാറ്റം കൊണ്ടുവന്ന ഒരു സുപ്രധാന ശാഖയാണ് ഇന്റർവെൻഷണൽ പൾമണോളജി (Interventional Pulmonology).

എന്താണ് ഇന്റർവെൻഷണൽ പൾമണോളജി?

ഇന്റർവെൻഷണൽ പൾമണോളജി എന്നത് ശ്വാസകോശം, ശ്വാസനാളങ്ങൾ, നെഞ്ചിനുള്ളിലെ ഭാഗങ്ങൾ (മീഡിയ സ്റ്റിനം, പ്ലൂര തുടങ്ങിയവ) എന്നിവയെ ബാധിക്കുന്ന രോഗങ്ങളെ ശസ്ത്രക്രിയകളില്ലാതെ, ശ്വാസകോശത്തിന്റെ ഉൾവശം കാണാവുന്ന രീതിയിലുള്ള ബ്രോങ്കോസ്കോപ്പും തൊറക്കോസ്കോപ്പും പോലെയുള്ള ചെറു ആധുനിക ഉപകരണങ്ങളിലൂടെ നിർണയിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന പ്രത്യേക ശാഖയാണ്.

“ഇന്റർവെൻഷണൽ” എന്ന വാക്ക് തന്നെ സൂചിപ്പിക്കുന്നത്, പരിശോധന മാത്രമല്ല, ചികിത്സ നടത്തുന്ന രീതികളെയാണ്. അതായത് രോഗം കണ്ടെത്തുന്നതും അതിന് പരിഹാരം നൽകുന്നതും സാധ്യമാകുന്നു. മുമ്പ് ശ്വാസകോശ സംബന്ധമായ പല അവസ്ഥകൾക്കും നെഞ്ച് തുറന്നുള്ള വലിയ ശസ്ത്രക്രിയകൾ മാത്രമായിരുന്നു വഴി. ഇതിന് വലിയ മുറിവുകൾ, ദീർഘകാല ആശുപത്രി താമസം, കൂടുതൽ വേദന, അണുബാധയുടെ സാധ്യത, ചിലപ്പോൾ ഗുരുതര സങ്കീർണ്ണതകൾ എന്നിവ ഉണ്ടാകുമായിരുന്നു. എന്നാൽ ഇന്റർവെൻഷണൽ പൾമണോളജി വന്നതോടെ ഈ അവസ്ഥകളിൽ പലതും കുറഞ്ഞ അപകടസാധ്യതയോടെ, കുറഞ്ഞ വേദനയോടെ കൈകാര്യം ചെയ്യാം.

ഇന്റർവെൻഷണൽ പൾമണോളജിയുടെ അടിസ്ഥാന ഉപകരണമാണ് ബ്രോങ്കോസ്കോപ്പ്. നേർത്ത, വളയാനാകുന്ന നീളൻ ട്യൂബും അതിന്റെ അറ്റത് ഘടിപ്പിച്ചിരിക്കുന്ന ക്യാമറയും ലൈറ്റും ചേർന്ന ഈ ഉപകരണം രോഗിയുടെ മൂക്കിലൂടെയോ വായിലൂടെയോ ശ്വാസനാളത്തിലേക്ക് പ്രവേശിപ്പിച്ചാണ് പരിശോധന നടത്തുന്നത്. ഇതിലൂടെ ഡോക്ടർക്ക് ശ്വാസനാളങ്ങളുടെ ഉള്ളറ നേരിട്ട് കാണാൻ കഴിയും. ശ്വാസനാളത്തിലുണ്ടാകുന്ന മാറ്റങ്ങൾ, വീക്കം, തടസ്സങ്ങൾ, രക്തസ്രാവം, അണുബാധകൾ, കാൻസറിന്റെ ലക്ഷണങ്ങൾ തുടങ്ങിയവ വ്യക്തമായി നിരീക്ഷിക്കാൻ സാധിക്കുന്നു.

ഇന്റർവെൻഷണൽ പൾമണോളജിയുടെ അടിസ്ഥാന ഉപകരണമാണ് ബ്രോങ്കോസ്കോപ്പ്.
ഇന്റർവെൻഷണൽ പൾമണോളജിയുടെ അടിസ്ഥാന ഉപകരണമാണ് ബ്രോങ്കോസ്കോപ്പ്.

ബ്രോങ്കോസ്കോപ്പിയുടെ സഹായത്തോടെ ശ്വാസനാളത്തിൽ കെട്ടിനിൽക്കുന്ന കഫം നീക്കം ചെയ്യാനും സംശയാസ്പദമായ ഭാഗങ്ങളിൽ നിന്ന് കഫത്തിന്റെ സാമ്പിളുകൾ എടുക്കാനും ഉപക രിക്കുന്നു. ഇതുവഴി രോഗബാധയുടെ കൃത്യമായ രൂപം കണ്ടുപിടിക്കാം. അതുപോലെ അർബുദം സംശയിക്കുന്ന കോശങ്ങളിൽ നിന്ന് ബയോപ്സി എടുക്കാനും സാധിക്കുന്നു. ഇവയെല്ലാം രോഗനിർണയത്തിൽ അത്യന്തം നിർണായകമാണ്.

കുട്ടികളിലും, ചിലപ്പോൾ മുതിർന്നവരിലും, അബദ്ധവശാൽ ഭക്ഷണകഷണങ്ങൾ, കളിപ്പാട്ടങ്ങളുടെ ചെറിയ ഭാഗങ്ങൾ, നാണയങ്ങൾ തുടങ്ങിയവ ശ്വാസനാളത്തിൽ കുടുങ്ങുന്ന സംഭവങ്ങൾ നിരന്തരം കാണാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ രോഗിക്ക് പെട്ടെന്ന് ശ്വാസംമുട്ടൽ ഉണ്ടാകുകയും ജീവൻ അപകടത്തിലാകുകയും ചെയ്യാം. ബ്രോങ്കോസ്കോപ്പിയുടെ സഹായത്തോടെ ശരീരത്തിൽ അബദ്ധവശാൽ എത്തിച്ചേരുന്ന അന്യ വസ്തുക്കൾ അഥവാ ഫോറിൻ ബോഡികൾ ശസ്ത്രക്രിയ ഇല്ലാതെ നീക്കാനാകും. ഇത്തരത്തിൽ അനേകം ജീവൻരക്ഷാസംഭവങ്ങൾക്ക് പിന്നിൽ ഇന്റർ വെൻഷണൽ പൾമണോളജിയുടെ നൂതനചികിത്സാ രീതികളാണുപയോഗിച്ചിരിക്കുന്നത്.

ശ്വാസകോശ കാൻസർ നിർണയത്തിലെ മറ്റൊരു വിപ്ലവമാണ് EBUS അഥവാ എന്റോബ്രോങ്കിയൽ അൾട്രാസൗണ്ട്. ബ്രോങ്കോസ്കോപ്പ് കൂടുതൽ സാങ്കേതിക വിദ്യകളുമായി ചേർത്തിണക്കിയാണ് ഇത്തരം ചികിത്സാരീതികൾ വികസിപ്പിച്ചിട്ടുള്ളത്. ബ്രോങ്കോസ്കോപ്പിയോടൊപ്പം അൾട്രാസൗണ്ട് സാങ്കേതികവിദ്യ ചേർത്ത് ശ്വാസനാളത്തിനുള്ളിൽ നിന്നുതന്നെ നെഞ്ചിലെ സ്കാൻ നടത്താനും ബിയോപ്സി എടുക്കാനും സാധിക്കുന്നു. ഇന്ന് ഇന്ത്യയിലും ലോകമെമ്പാടും ശ്വാസകോശ കാൻസർ വർധിച്ചുവരുന്ന സാഹചര്യത്തിൽ EBUS-ന് ഏറെ പ്രാധാന്യമുണ്ട്. ഈ പരിശോധനയിലൂടെ നെഞ്ചിലെ ലിംഫ് നോഡുകൾ പരിശോധിക്കാം, കാൻസർ അവ യിലേക്ക് പടർന്നിട്ടുണ്ടോ എന്ന് കണ്ടെത്താം, രോഗത്തിന്റെ സ്റ്റേജ് കൃത്യമായി നിർണയിക്കാം.

മുമ്പ് ഇതിന് നെഞ്ച് തുറന്നുള്ള വലിയ ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാൽ ഇന്ന് EBUS വഴി വളരെ സുരക്ഷിതമായി, കുറഞ്ഞ സമയം കൊണ്ട്, രോഗിയുടെ ശരീരത്തിന് വലിയ ബുദ്ധിമുട്ടില്ലാതെ രോഗനിർണയം സാധിക്കുന്നു. ഇതുവഴി ശരിയായ ചികിത്സ (സർജറി, കീമോതെറാപ്പി, റേഡിയേഷൻ മുതലായവ) കൃത്യമായി തിരഞ്ഞെടുക്കാനും സാധിക്കുന്നു.

നാം പലപ്പോഴും കേട്ടിട്ടുള്ളതാണ്, ചില രോഗികളിൽ ശ്വാസനാളങ്ങൾ ഇടുങ്ങുകയോ പൂർണമായും തടസ്സപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങൾ. പ്രത്യേകിച്ച് ശ്വാസകോശ കാൻസർ, ക്ഷയരോഗം, ദീർഘകാല അണുബാധകൾ, ശ്വാസനാളത്തിലെ മുറിവുകൾ എന്നിവ ഇതിനു കാരണമാവാറുണ്ട്. ഇതുമൂലം രോഗിക്ക് കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇന്റർവെൻഷണൽ പൾമണോളജിയിലൂടെ ശ്വാസനാളത്തിലെ തടസ്സങ്ങൾ നീക്കാനും സാധിക്കാറുണ്ട്. എയർവേ സ്റ്റെന്റിങ്, ബലൂൺ ഡൈലറ്റേഷൻ, ലേസർ ചികിത്സ, ആർഗൺ പ്ലാസ്മ കോഗുലേഷൻ എന്നിവ ഉപയോഗിച്ച് ശ്വാസനാളങ്ങൾ വീണ്ടും തുറക്കാൻ സാധിക്കുന്നു. ഇതുവഴി രോഗിക്ക് ഉടനടി ശ്വാസതടസം കുറയുകയും ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുകയും ചെയ്യുന്നു.

ഇന്റർവെൻഷനൽ പൾമണോളജിയുടെ മറ്റൊരു സാധ്യതയാണ് മെഡിക്കൽ തോറാക്കോസ്കോപ്പി. പ്ലൂരൽ രോഗങ്ങളിൽ നിർണായമായ ഈ ചികിത്സാരീതിവഴി ശ്വാസകോശത്തെ ചുറ്റിയുള്ള ഭാഗത്ത് (പ്ലൂര) ദ്രവം അടിഞ്ഞുകൂടുന്ന അവസ്ഥ അഥവാ പ്ലൂരൽ എഫ്യൂഷൻ എന്ന രോഗാവസ്ഥയ്ക്കു പരിഹാരമാകാറുണ്ട്. കാൻസർ, ക്ഷയരോഗം, മറ്റ് അണുബാധകൾ, ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവ മൂലം പ്ലൂരൽ എഫ്യൂഷൻ ഉണ്ടാകാം. ചിലരിൽ ഇത് ആവർത്തിച്ച് ഉണ്ടാകുകയും ശക്തമായ ശ്വാസംമുട്ടലിന് കാരണമാകുകയും ചെയ്യുന്നു. മെഡിക്കൽ തോറാക്കോസ്കോപ്പി വഴി ചെറിയൊരു ദ്വാരത്തിലൂടെ ക്യാമറ നെഞ്ചിലേക്ക് പ്രവേശിപ്പിച്ച് ദ്രവത്തിന്റെ കാരണം കണ്ടെത്താം, ബയോപ്സി നടത്താം, ദ്രവം വീണ്ടും അടിഞ്ഞുകൂടാതിരിക്കാൻ ചികിത്സ നൽകാം. ഇവയെല്ലാം ഒരേ സമയത്ത് ചെയ്യാൻ സാധിക്കുന്നു.

ഇന്റർവെൻഷണൽ പൾമണോളജി കാൻസറിന് മാത്രമല്ല, ട്യൂബർകുലോസിസ് (ടി.ബി) സാർക്കോയിഡോസിസ്, ഇന്റെർസ്റ്റിഷ്യൽ ലംഗ് ഡിസീസ് പോലുള്ള പല രോഗങ്ങളുടെയും നിർണയത്തിൽ നിർണായകമാണ്. മുമ്പ് രോഗനിർണയം വൈകിയിരുന്ന പല അവസ്ഥകളും ഇന്ന് നേരത്തെ കണ്ടെത്താൻ സാധിക്കുന്നതോടെ ചികിത്സ കൂടുതൽ ഫലപ്രദമാകുന്നു.

ഇന്റർവെൻഷണൽ പൾമണോളജി വഴി രോഗികൾക്ക് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ:

  • വലിയ ശസ്ത്രക്രിയകൾ ഒഴിവാക്കാം.

  • കുറഞ്ഞ വേദന.

  • കുറഞ്ഞ ആശുപത്രി താമസം.

  • വേഗത്തിലുള്ള സുഖപ്രാപ്തി.

  • വയോധികർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും സുരക്ഷിതമായ ചികിത്സ ഉറപ്പുവരുത്തുന്നു.

അതുകൊണ്ടുതന്നെ ഇന്ന് ശ്വാസകോശ ചികിത്സയുടെ അനിവാര്യ ഘടകമായി ഈ ശാഖ മാറിയിട്ടുണ്ട്. സാങ്കേതികവിദ്യ കൂടുതൽ വികസിക്കുന്നതിനനുസരിച്ച് ഇന്റർവെൻഷണൽ പൾമണോളജിയുടെ സാധ്യതകളും വ്യാപ്തിയും വർധിച്ചുകൊണ്ടിരിക്കുകയാണ്. റോബോട്ടിക് ബ്രോങ്കോസ്കോപ്പി, കൂടുതൽ കൃത്യതയുള്ള ബയോപ്സി രീതികൾ, നാവിഗേഷണൽ സി. ടി, കോൺ-ബീം സി.ടി തുടങ്ങിയവ ഭാവിയിലെ വലിയ പ്രതീക്ഷകളാ ണ്. രോഗനിർണയത്തിലും ചികിത്സയിലും ഒരു പുതിയ കാലഘട്ടം തുറന്നുവെച്ച ശാഖയാണ് ഇന്റർവെൻഷണൽ പൾമണോളജി. രോഗിയുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയുള്ള ഈ ആധുനിക ചികിത്സാരീതി, ആയിരക്കണക്കിന് രോഗികൾക്ക് പുതിയ ശ്വാസവും പുതിയ പ്രതീക്ഷയും നൽകുകയാണ്. വരുംകാലങ്ങളിൽ ആരോഗ്യപരിചരണ രംഗത്ത് ഈ ശാഖയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നതിൽ സംശയമില്ല.

READ: പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ

വെളിച്ചം
തെളിയിക്കുന്ന
കൈകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments