രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ ഒരു തവണത്തെ രക്തദാനത്തിന് നാല് ജീവനുകൾ വരെ രക്ഷിക്കാൻ സാധിക്കും. കൃത്യമായ തയ്യാറെടുപ്പോടും ആസൂത്രണത്തോടും കൂടി രക്തദാനത്തെ സന്തോഷകരമായ ഒരു അനുഭവമാക്കി മാറ്റുക. ജീവിതത്തിൽ ഒരിക്കലെങ്കിലും രക്തം ദാനം ചെയ്യാൻ ശ്രമിക്കുക- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഷൈജി പി.എസ്​ എഴുതിയ ലേഖനം.

രക്തദാനത്തിന്റെ ചരിത്രം

തിനാറാം നൂറ്റാണ്ട് മുതൽ വിവിധ രോഗങ്ങൾക്കുള്ള ചികിത്സയായി രക്തം നൽകുന്ന രീതി നിരന്തരം പരീക്ഷിക്കപ്പെട്ടിരുന്നു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള ആദ്യത്തെ രക്തദാനം 1667-ലാണ് നടന്നത് എന്നാൽ, അപ്രതീക്ഷിതമായ പാർശ്വഫലങ്ങളും മരണങ്ങളും കാരണം മനുഷ്യരിലെ രക്തദാന പരീക്ഷണങ്ങൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. അടുത്ത 150 വർഷത്തേക്ക് ഈ മേഖലയിൽ കാര്യമായ കണ്ടെത്തലുകളൊന്നും തന്നെ ഉണ്ടായില്ല.

പതിനെട്ടാം നൂറ്റാണ്ടിൽ ഈ മേഖലയിൽ വീണ്ടും താൽപ്പര്യം വർദ്ധിക്കുകയും, ദാതാവിന്റെ സിരയിൽ (Vein) നിന്ന് രോഗിയുടെ സിരയിലേക്ക് സുരക്ഷിതമായി രക്തം മാറ്റുന്നതിനായി പുതിയ ഉപകരണങ്ങൾ കണ്ടുപിടിക്കപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന്, 1818-ൽ ജെയിംസ് ബ്ലണ്ടൽ (James Blundell) മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള ആദ്യത്തെ വിജയകരമായ രക്തദാനം നിർവ്വഹിച്ചു.

എന്നാൽ, 1901-ൽ കാൾ ലാൻഡ്‌സ്റ്റൈനർ രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാണ് ഈ രംഗത്തെ ഏറ്റവും വലിയ വഴിത്തിരിവായത്. വിജയകരമായ രക്തദാനത്തിന് രക്തഗ്രൂപ്പുകൾ തമ്മിൽ ചേരണമെന്ന് അദ്ദേഹം മനസ്സിലാക്കി. തന്റെ ഈ കണ്ടുപിടുത്തത്തിന് ലാൻഡ്‌സ്റ്റൈനർക്ക് നോബൽ സമ്മാനം ലഭിച്ചു. ട്രാൻസ്ഫ്യൂഷൻ മെഡിസിന്റെ പിതാവ്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 14 ലോകമെമ്പാടും ലോക രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നു. എ (A), ബി (B), എബി (AB), ഒ (O) എന്നീ രക്തഗ്രൂപ്പുകളാണ് ആദ്യം കണ്ടുപിടിക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് ആർ.എച്ച് (Rh) പോസിറ്റീവ്, നെഗറ്റീവ് ഗ്രൂപ്പുകൾ കണ്ടെത്തുന്നത്.

1818-ൽ ജെയിംസ് ബ്ലണ്ടൽ (James Blundell) മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള ആദ്യത്തെ വിജയകരമായ രക്തദാനം നിർവ്വഹിച്ചു.
1818-ൽ ജെയിംസ് ബ്ലണ്ടൽ (James Blundell) മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള ആദ്യത്തെ വിജയകരമായ രക്തദാനം നിർവ്വഹിച്ചു.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളുടെ (Anticoagulants) കണ്ടുപിടുത്തമാണ് യഥാർത്ഥത്തിൽ ബ്ലഡ് ബാങ്കിംഗ് എന്ന സംവിധാനത്തിന് വഴിതെളിച്ചത്. രക്തം ശരീരത്തിന് പുറത്ത് കട്ടപിടിക്കാതെ സൂക്ഷിച്ചുവെക്കാനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനും ഇതുവഴി സാധിച്ചു.

ഇന്ന് കേരളത്തിൽ ഏകദേശം 200 ബ്ലഡ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലാകെ ഇപ്പോൾ 4000-ത്തിലധികം ബ്ലഡ് സെന്ററുകൾ നിലവിലുണ്ട്. രക്തദാനം, രക്തം ശേഖരിക്കലും അവ ഘടകങ്ങളായി വേർതിരിക്കലും, രക്തപരിശോധന, രക്തഗ്രൂപ്പുകൾ തമ്മിൽ യോജിപ്പിക്കൽ (matching), രക്തഘടകങ്ങൾ ഉപയോഗിച്ചുള്ള വിവിധ ചികിത്സകൾ എന്നിവ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (Transfusion Medicine) എന്ന് വിളിക്കുന്നു.

രക്തഘടകങ്ങൾ
(Blood Components)

രക്തഗ്രൂപ്പുകളുടെ കണ്ടെത്തൽ ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് പോലെതന്നെ പ്രധാനപ്പെട്ട ഒന്നായിരുന്നു ബ്ലഡ് ബാഗുകളുടെ കണ്ടുപിടുത്തവും രക്തത്തെ വിവിധ ഘടകങ്ങളാക്കി മാറ്റുന്ന രീതിയും. പി.വി.സി (PVC) ഉപയോഗിച്ച് നിർമ്മിച്ച അണുവിമുക്തമായ ബ്ലഡ് ബാഗുകൾ രക്തഘടകങ്ങളെ വേർതിരിക്കുന്നത് എളുപ്പമാക്കി. പഴയകാലത്തെ ഗ്ലാസ് ബോട്ടിലുകൾക്ക് പകരം ഇത്തരം ബാഗുകൾ ഉപയോഗിക്കുമ്പോൾ വായുസമ്പർക്കം ഇല്ലാതെ തന്നെ രക്തത്തെ പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ് തുടങ്ങിയ ഘടകങ്ങളായി വേർതിരിക്കാൻ സാധിക്കുന്നു. എല്ലാ ബ്ലഡ് ബാങ്കു കളിലും ഒരേ നിശ്ചിത അളവിലാണ് രക്തം ശേഖരിക്കുന്നത്, ഇത് 350 മില്ലി ലിറ്റർ അല്ലെങ്കിൽ 450 മില്ലി ലിറ്റർ ആണ്.

നിലവിൽ, വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി രക്തഘടകങ്ങൾ (Blood Components) ഉപയോഗിക്കുന്നതിനാണ് മുൻ ഗണന നൽകുന്നത്. ഇതിനായി ശേഖരിക്കുന്ന രക്തത്തെ വിവിധ ഘടകങ്ങളാക്കി മാറ്റുന്നു. ഇതുവഴി ഒരാൾ നൽകുന്ന രക്തം മൂന്നോ നാലോ പേർക്ക് ഉപയോഗിക്കാനും അതുവഴി ഈ അമൂല്യ സമ്പത്ത് സംരക്ഷിക്കാനും സാധിക്കുന്നു. പ്ലാസ്മ പോലുള്ള ഘടകങ്ങൾ ദീർഘകാലം സൂക്ഷിക്കാനും, രോഗികൾക്ക് ആവശ്യമുള്ള ഘടകം മാത്രം നൽകി പാർശ്വഫലങ്ങൾ കുറയ്ക്കാനും ഫലപ്രാപ്തി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

പാക്ക്ഡ് റെഡ് ബ്ലഡ് സെല്ലുകൾ (ചുവന്ന രക്താണുക്കൾ/PRBC), പ്ലേറ്റ്‌ലെറ്റുകൾ, ഫ്രെഷ് ഫ്രോസൺ പ്ലാസ്മ (FFP), ക്രയോപ്രെസിപ്പിറ്റേറ്റ് (Cryoprecipitate) എന്നിവയാണ് പ്രധാന രക്തഘടകങ്ങൾ.
പാക്ക്ഡ് റെഡ് ബ്ലഡ് സെല്ലുകൾ (ചുവന്ന രക്താണുക്കൾ/PRBC), പ്ലേറ്റ്‌ലെറ്റുകൾ, ഫ്രെഷ് ഫ്രോസൺ പ്ലാസ്മ (FFP), ക്രയോപ്രെസിപ്പിറ്റേറ്റ് (Cryoprecipitate) എന്നിവയാണ് പ്രധാന രക്തഘടകങ്ങൾ.

ഇന്ന് എല്ലാ ബ്ലഡ് സെന്ററുകളും നൂറു ശതമാനവും രക്തഘടകങ്ങൾ വേർതിരിക്കുക (100% component separation) എന്ന ലക്ഷ്യത്തോടെയാണ് പ്രവർ ത്തിക്കുന്നത്. പാക്ക്ഡ് റെഡ് ബ്ലഡ് സെല്ലുകൾ (ചുവന്ന രക്താണുക്കൾ/PRBC), പ്ലേറ്റ്‌ലെറ്റുകൾ, ഫ്രെഷ് ഫ്രോസൺ പ്ലാസ്മ (FFP), ക്രയോപ്രെസിപ്പിറ്റേറ്റ് (Cryoprecipitate) എന്നിവയാണ് പ്രധാന രക്തഘടകങ്ങൾ. അപകടങ്ങൾ, പ്രസവം, ശസ്ത്രക്രിയ എന്നിവ മൂലം അമിതമായി രക്തം നഷ്ടപ്പെടുന്നവർക്കും, വിവിധതരം വിളർച്ച അനുഭവിക്കുന്ന രോഗികൾക്കുമാണ് പ്രധാനമായും ചുവന്ന രക്താണുക്കൾ (PRBC) നൽകുന്നത്. രക്തം കട്ടപിടിക്കുന്നതിലെ വൈകല്യങ്ങൾ (Clotting disorders), പാമ്പുകടി, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവ മൂലം രക്തസ്രാവം ഉണ്ടാകുന്ന രോഗികൾക്കാണ് പ്ലാസ്മ നൽകുന്നത്.ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ കാരണം പ്ലേറ്റ്‌ലെറ്റുകളുടെ അളവ് ക്രമാതീതമായി കുറയുന്ന രോഗികൾക്ക് രക്തസ്രാവം തടയാനായി പ്ലേറ്റ്‌ലെറ്റുകൾ നൽകുന്നു.

ചില പ്രത്യേക രോഗികൾക്കായി ശ്വേതരക്താണുക്കൾ (WBC) നീക്കം ചെയ്യുക, രക്തഘടകങ്ങളിൽ റേഡിയേഷൻ നൽകുക തുടങ്ങിയ മാറ്റങ്ങളും വരുത്താറുണ്ട്.

പ്ലാസ്മ ഉപയോഗിച്ചുള്ള മറ്റൊരു ചികിത്സാ രീതിയാണ് പ്ലാസ്മ എക്സ്ചേഞ്ച് (PLEX). രോഗബാധയുള്ള പ്ലാസ്മ നീക്കം ചെയ്യുകയും ദാതാക്കളിൽ നിന്ന് ശേഖരിച്ച ഫ്രഷ് ഫ്രോസൺ പ്ലാസ്മ പകരമായി നൽകുകയും ചെയ്യുന്ന ഒരു രീതിയാണിത്. പ്രധാനമായും ചില നാഡീസംബന്ധമായ (neurological) രോഗങ്ങൾക്കാണ് ഈ ചികിത്സ ഉപയോഗിക്കുന്നത്."

ഈ മേഖലയിലെ മറ്റൊരു വിപ്ലവകരമായ മുന്നേറ്റമാണ് അഫെറെസിസ് (Apheresis). ഈ രീതിയിൽ, രക്തം ഒരു പ്രത്യേക ഉപകരണത്തിലൂടെ കടത്തിവിട്ട് ആവശ്യമുള്ള ഘടകം മാത്രം വേർതിരിച്ചെടുക്കുകയും ബാക്കിയുള്ളവ ദാതാവിന്റെ ശരീരത്തിലേക്ക് തന്നെ സുരക്ഷിതമായി തിരികെ നൽകുകയും ചെയ്യുന്നു. അഫെറെസിസ് മെഷീനുമായി ഘടിപ്പിച്ചിട്ടുള്ള അണുവിമുക്തമായ ഒരു കിറ്റിലൂടെയാണ് ദാതാവിന്റെ രക്തം സഞ്ചരിക്കുന്നത് .ഇത് മൂലം ദാതാവിന് ചുവന്ന രക്താണുക്കൾ നഷ്ടപ്പെടാതിരിക്കാനും, കൂടുതൽ തവണ രക്തം നൽ കാനും, ഉയർന്ന നിലവാരമുള്ള രക്തഘടകങ്ങൾ ലഭിക്കാനും സഹായിക്കുന്നു. ശ്വേതരക്താണുക്കൾ, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റുകൾ, സ്റ്റെം സെല്ലുകൾ(Stem cells)എന്നിവയെല്ലാം പൂർണ്ണമായും അണുവിമുക്തവും സുരക്ഷിതവുമാ യ ഈ രീതിയിലൂടെ ശേഖരിക്കാം.

സുരക്ഷിതമായ രക്തം
(Safe blood)

‘‘സുരക്ഷിതമായ രക്തം" (Safe Blood) എന്നത് ഒരു ബ്ലഡ് സെന്ററിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ഒരു രോഗിക്ക് നൽകുന്ന രക്തം അവർക്ക് ആശ്വാസമാകണം, മറിച്ച് മറ്റൊരു രോഗത്തിന് കാരണമാകരുത്. സുരക്ഷിതമായ രക്തം ഉറപ്പാക്കാൻ ബ്ലഡ് ബാങ്കുകൾ ഇന്ന് അതീവ ജാഗ്രതയോടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് (D&C) വകുപ്പിന്റെ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ എല്ലാ ബ്ലഡ് ബാങ്കുകൾക്കും പ്രവർത്തിക്കാൻ കഴിയൂ. ഇവയുടെ പ്രവർത്തനം കൃത്യമായ ഇടവേളകളിൽ പരിശോധിക്കപ്പെടാറുണ്ട്.

കൂടാതെ, ശേഖരിക്കുന്ന രക്തത്തിൽ എച്ച്.ഐ.വി (HIV), ഹെപ്പറ്റൈറ്റിസ് ബി & സി (Hepatitis B & C), സിഫിലിസ് (Syphilis), മലേറിയ (Malaria) തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്താൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും അണുബാധയുള്ളവ നശിപ്പിച്ചുകളയുകയും ചെയ്യുന്നു.

NAT (Nucleic Acid Testing)  - വൈറസുകളുടെ സാന്നിധ്യം വളരെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന രീതി
NAT (Nucleic Acid Testing) - വൈറസുകളുടെ സാന്നിധ്യം വളരെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന രീതി

NAT (Nucleic Acid Testing)

വൈറസുകളുടെ സാന്നിധ്യം വളരെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന ഈ രീതി ഈ മേഖലയിലെ ഏറ്റവും വലിയ സുരക്ഷാ നടപടികളിൽ ഒന്നാണ്.

ഉയർന്ന ഗുണനിലവാരമുള്ള പരിശോധനകൾക്ക് പുറമെ, രക്തത്തിലൂടെ പകരുന്ന അണുബാധകൾ ഒഴിവാക്കാൻ ബ്ലഡ് ബാങ്കുകൾ മറ്റ് ചില രീതികളും പിന്തുടരുന്നു:

  • 1. ദാതാക്കൾക്കുള്ള കൗൺസിലിംഗ്
    (Donor Counseling):

രക്തം നൽകുന്നതിനുമുമ്പ് ദാതാക്കൾക്ക് കൗൺസിലിംഗ് നൽകുന്നു. ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗികബന്ധം, IV മയക്കുമരുന്ന് ഉപയോഗം, ലൈംഗികത്തൊഴിലാളികൾ തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ളവരെ രക്തദാനത്തിൽ നിന്ന് ഒഴിവാക്കുന്നു.ഒരു വർഷത്തിനുള്ളിൽ പച്ചകുത്തൽ, ഒരു വർഷത്തിനുള്ളിൽ രക്തം സ്വീകരിച്ചിട്ടുള്ളവർ തുടങ്ങിയവരെയും താൽക്കാലികമായി ഒഴിവാക്കാറുണ്ട്,

  • 2. രഹസ്യാത്മകമായ ഒഴിവാക്കൽ
    (Confidential Unit Exclusion - CUE)

രക്തം നൽകിയ ശേഷം, തന്റെ രക്തം മറ്റൊരാൾക്ക് നൽകാൻ സുരക്ഷിതമല്ല എന്ന് ദാതാവിന് തോന്നുകയാണെങ്കിൽ, അത് രഹസ്യമായി രക്തബാങ്കിനെ അറിയിക്കാനുള്ള സംവിധാനമാണിത്. ദാതാവ് ഏതെങ്കിലും വിവരങ്ങൾ മറന്നുപോകുകയോ വെളിപ്പെടുത്താൻ പറ്റാതിരിക്കുകയോ അല്ലെങ്കിൽ രക്തം നൽകി പോയതിനു ശേഷം ഉടനെ ചിക്കൻപോക്സ് പോലുള്ള രോഗങ്ങൾ വരികയോ ചെയ്താൽ, ഉടനെ ബ്ലഡ് ബാങ്കിനെ വിളിച്ച് വിവരം അറിയിക്കാം.

  • 3. സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കൽ

  • 4. പ്രതിഫലം ഇല്ലാതെ സ്ഥിരമായി രക്തം നൽകുന്ന സന്നദ്ധ ദാതാക്കൾ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരായിരിക്കും. അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരാ യ ഇവർ, എന്തെങ്കിലും രോഗസാധ്യതകൾ ഉണ്ടെങ്കിൽ രക്തം നൽകാൻ തയ്യാറാകില്ല, കാര ണം അവർക്ക് രക്തം നൽകുന്നതിന് മറ്റ് സ്വകാര്യ താല്പര്യങ്ങളൊന്നുമില്ല. അതിനാൽ സന്നദ്ധ ദാതാക്കളിൽ നിന്ന് പരമാവധി രക്തം ശേഖരിക്കാൻ ബ്ലഡ് ബാങ്കുകൾ ശ്രമിക്കുന്നു.

  • 5. പ്രൊഫഷണൽ ദാതാക്കൾക്ക് പൂർണ്ണ നിരോധനം (Total Ban on Professional Donors):

രക്തം നൽകുന്നതിന് പണമോ മറ്റ് പ്രതിഫലങ്ങളോ വാങ്ങുന്നത് 1998 മുതൽ ഇന്ത്യയിൽ നിരോധിച്ചതും ശിക്ഷാർഹവുമായ കുറ്റമാണ്. പണത്തിന് വേണ്ടി രക്തം നൽകുന്നവർ തങ്ങളുടെ യഥാർത്ഥ രോഗവിവരങ്ങൾ മറച്ചുവെക്കാൻ സാധ്യതയുള്ളതിനാൽ, ഇവർ നൽകുന്ന രക്തത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

  • 6. ബ്ലഡ് ബാഗ് ട്രാക്കിംഗ്
    (Blood Bag Traceability):

ആധാർ കാർഡുമായി ബന്ധിപ്പിച്ച ഒരു യുനിക് ഐഡി (UHID) വഴി എല്ലാ ബ്ലഡ് ബാങ്കുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം കേരളത്തിൽ നടപ്പിലാക്കി വരികയാണ്. ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ഒരു പ്രൊഫഷണൽ ദാതാവിനെ കണ്ടെത്തിയാൽ, മറ്റ് കേന്ദ്രങ്ങളിലും അവർക്ക് രക്തം നൽകാൻ കഴിയില്ല എന്നതാണ് ഇതിന്റെ പ്രധാന നേട്ടം.

  • 7. രക്തദാനത്തിന് പോകുമ്പോൾ
    ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

രക്തം നൽകാനായി ബ്ലഡ് സെന്ററിൽ പോകുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

തീയതി പരിശോധിക്കുക

നിങ്ങൾ അവസാനമായി രക്തം നൽകിയ തീയതി ഓർത്തു വെക്കുകയോ സർട്ടിഫിക്കറ്റിൽ നോക്കി ഉറപ്പുവരുത്തുകയോ ചെയ്യുക.പുരുഷന്മാർക്ക് മുൻപ് രക്തം നൽകിയ തീയതിയിൽ നിന്ന് കുറഞ്ഞത് 3 മാസത്തെ ഇടവേളയും, സ്ത്രീകൾക്ക് 4 മാസത്തെ ഇടവേളയും ആവശ്യമാണ്

നിങ്ങൾ അവസാനമായി രക്തം നൽകിയ തീയതി ഓർത്തു വെക്കുകയോ സർട്ടിഫിക്കറ്റിൽ നോക്കി ഉറപ്പുവരുത്തുകയോ ചെയ്യുക.
നിങ്ങൾ അവസാനമായി രക്തം നൽകിയ തീയതി ഓർത്തു വെക്കുകയോ സർട്ടിഫിക്കറ്റിൽ നോക്കി ഉറപ്പുവരുത്തുകയോ ചെയ്യുക.

മരുന്നുകൾ

നിങ്ങൾ നിലവിൽ എന്തെങ്കിലും മരുന്നുകൾ കഴിക്കുകയോ അടുത്തിടെ ഇഞ്ചക്ഷൻ എടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ഡോക്ടറുടെ കുറിപ്പടി കയ്യിൽ കരുതുകയോ മരുന്നുകളുടെ പേരുകൾ അറിഞ്ഞിരിക്കുകയോ ചെയ്യുന്നത് നല്ലതാണ്.ഒരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ടെങ്കിൽ, രക്തം നൽകുന്നതിനായി ഒരു വർഷത്തെ ഇടവേള (ആവശ്യമാണ്

ഭക്ഷണം

രക്തം നൽകുന്നതിന് 4 മണിക്കൂർ മുമ്പ് നന്നായി ഭക്ഷണം കഴിച്ചിരിക്കണം. അതിനനുസരിച്ച് സമയം ക്രമീകരിക്കുക.

വിശ്രമം

ദൂരസ്ഥലങ്ങളിൽനിന്ന് യാത്ര ചെയ്തു വരുന്നവരാണെങ്കിൽ, നല്ല ഉറക്കം ലഭിക്കുന്നതിനായി തലേദിവസം തന്നെ അവിടെ എത്തിച്ചേരാൻ ശ്രമിക്കുക.

അസുഖങ്ങൾ

രക്തം നൽകുന്ന ദിവസം ചെറിയ പനിയോ ജലദോഷമോ ഉണ്ടെങ്കിൽ പോലും രക്തം നൽകരുത്. ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുള്ളവരെ രക്തദാനത്തിൽ നിന്ന് സ്ഥിരമായി ഒഴിവാക്കിയിട്ടുണ്ട്

ദന്തചികിത്സകൾ

ദന്തചികിത്സകൾ രക്തദാനസമയവുമായി പൊരുത്തപ്പെടുന്ന രീതിയിൽ പ്ലാൻ ചെയ്യുക. പല്ലടയ്ക്കുകയോ ക്ലീൻ ചെയ്യുകയോ (scaling) ചെയ്താൽ 2 ദിവസത്തേക്കും, റൂട്ട് കനാൽ അല്ലെങ്കിൽ പല്ല് പറിക്കൽ എന്നിവ ചെയ്താൽ 2 ആഴ്ചത്തേക്കും രക്തം നൽകാൻ പാടില്ല.

അപകടസാധ്യതയുള്ള സമ്പർക്കം

ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി അല്ലെങ്കിൽ എച്ച്.ഐ.വി (HIV) രോഗികളും രോഗികളായ പങ്കാളികളോടൊപ്പം താമസിക്കുന്നവരും രക്തം നൽകാൻ പാടില്ല.

മൃഗങ്ങളുടെ കടിയേൽക്കൽ

പേവിഷബാധക്കെതിരെയുള്ള വാക്സിൻ (Anti-Rabies vaccine) എടുക്കേണ്ടി വന്ന, മൃഗങ്ങളുടെ കടിയേറ്റ വ്യക്തികൾ ഒരു വർഷ ത്തേക്ക് രക്തം നൽകാൻ പാടില്ല.

ജീവിതശൈലീരോഗങ്ങൾ

പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുള്ളവർക്കും രക്തം നൽകാം. എന്നാൽ കഴിക്കുന്ന മരുന്നുകൾ, മരുന്ന് കഴിക്കുന്നതിലെ കൃത്യത, രോഗം ബാധിച്ച അവയവങ്ങൾ, രോഗം നിയന്ത്രണവിധേയമാണോ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഇത്. അതിനാൽ ഇവർ രക്തദാനത്തിന് അനുയോജ്യരാകാം അല്ലാതെയുമിരിക്കാം.

രക്തം നൽകിക്കഴിഞ്ഞാൽ ശരീരം വേഗത്തിൽ സാധാരണ നിലയിലാകാൻ താഴെ പറയുന്നവ ശ്രദ്ധിക്കുക

  • വിശ്രമം: രക്തദാനത്തിന് ശേഷം 10-15 മിനിറ്റ് വിശ്രമിക്കുക.

  • ഭക്ഷണം: ധാരാളം വെള്ളം കുടിക്കുകയും ലഘുഭക്ഷണം കഴി ക്കുകയും ചെയ്യുക. രക്തദാനത്തിന് ശേഷം ഉടൻ തന്നെ മദ്യപാനവും പുകവലിയും ഒഴിവാക്കുക.

  • ജോലി: കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികളും ഭാരം ഉയർത്തുന്നതും അന്നേ ദിവസം ഒഴിവാക്കണം.

  • രക്തം എടുത്ത ഭാഗത്തെ ബാൻഡേജ് കുറഞ്ഞത് 4-6 മണിക്കൂർ നേരത്തേക്ക് മാറ്റരുത്. ഇത് രക്തം കട്ടപിടിക്കാനും അണുബാധ ഒഴിവാക്കാനും സഹായിക്കും.

  • രക്തം നൽകിക്കഴിഞ്ഞാൽ ശരീരം വളരെ വേഗത്തിലാണ് ആ നഷ്ടം നികത്താൻ പ്രവർത്തിക്കുന്നത്. ഓരോ ഘടകവും വീണ്ടെടുക്കാൻ എടുക്കുന്ന സമയം വ്യത്യസ്തമാണ്:

  • പ്ലാസ്മ (Plasma): രക്തത്തിലെ ദ്രാവക രൂപമാണിത്. ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കുന്നതിലൂടെ ഏകദേശം 24 മുതൽ 48 മണിക്കൂറിനുള്ളിൽ തന്നെ പ്ലാസ്മയുടെ അളവ് സാധാരണ നിലയിലാകും.

  • ചുവന്ന രക്താണുക്കൾ (Red Blood Cells): ഇവ വീണ്ടെടുക്കാൻ ശരീരം കുറച്ച് കൂടുതല്‍ സമയമെടുക്കും. അസ്ഥിമജ്ജയിൽ (Bone marrow) നിന്ന് പുതിയ ചുവന്ന രക്താണുക്കൾ നിർമ്മിക്കപ്പെട്ട് രക്തത്തിൽ കലരാൻ ഏകദേശം 4 മുതൽ 8 ആഴ്ച വരെ (ഏകദേശം 56 ദിവസം) സമയമെടുക്കും.

  • കൃത്യമായ ഇടവേളകളിൽ രക്തം നൽകുന്നത് ശരീരത്തിലെ അമിതമായ ഇരുമ്പിന്റെ (Iron) അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് രക്തത്തിന്റെ കടുപ്പം (Viscosity) കുറയ്ക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യുന്നു

ഭാവിയിലെ ബ്ലഡ് ബാങ്ക്

കൃത്രിമരക്തം നിർമ്മിക്കാനുള്ള ഗവേഷണങ്ങൾ പതിറ്റാണ്ടുകളായി നടന്നുവരികയാണ്. നാനോ ടെക്നോളജി, സ്റ്റെം സെല്ലുകളിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങൾ, ഓക്സിജൻ വഹിക്കുന്ന രാസവസ്തുക്കൾ തുടങ്ങി പല സാങ്കേതികവിദ്യകളും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, സുരക്ഷാപരമായ ആശങ്കകൾ കാരണം പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുയോജ്യമായതും FDA അംഗീകാരമുള്ളതുമായ ഒരു സുരക്ഷിത കൃത്രിമ രക്തം ഇതുവരെ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും, ഈ അമൂല്യമായ സ്രോതസ്സിന്റെ സവിശേഷതകളുള്ളതും വ്യാപകമായ ഉപയോഗത്തിന് സുരക്ഷിതവുമായ ഒരു കൃത്രിമരക്തം കണ്ടെത്താൻ മനുഷ്യരാശിക്ക് കഴിഞ്ഞാൽ, അത് തീർച്ചയായും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വൈദ്യശാസ്ത്രമുന്നേറ്റങ്ങളിൽ ഒന്നായിരിക്കും.

അടിയന്തര സാഹചര്യങ്ങളിൽ ദൂരസ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് രക്തം എത്തിക്കാൻ ഡ്രോണുകൾ ഉപയോഗി ക്കുന്ന പരീക്ഷണങ്ങൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്കുകൾ ഒഴിവാക്കി വളരെ വേഗത്തിൽ രക്തം എത്തിക്കാൻ ഡ്രോണുകൾക്ക് സാധിക്കും. മലയോര മേഖലകളിലോ എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിലോ രക്തം എത്തിക്കാൻ ഈ സാങ്കേതികവിദ്യ ഏറെ ഫലപ്രദമാണ്.

ഉപസംഹാരം

രക്തദാനം എന്നത് തികച്ചും സംതൃപ്തി നൽകുന്നതും ഉദാത്തവുമായ ഒരു പുണ്യപ്രവൃത്തിയാണ്. നിങ്ങളുടെ ഒരു തവണത്തെ രക്തദാനത്തിന് നാല് ജീവനുകൾ വരെ രക്ഷിക്കാൻ സാധിക്കും. കൃത്യമായ തയ്യാറെടുപ്പോടും ആസൂത്രണത്തോടും കൂടി രക്തദാനത്തെ സന്തോഷകരമായ ഒരു അനുഭവമാക്കി മാറ്റുക. ജീവിതത്തിൽ ഒരിക്കലെങ്കിലും രക്തം ദാനം ചെയ്യാൻ ശ്രമിക്കുക.

READ : സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr Shyji P S writes about history and safety blood donation in Indian Medical Association Nammude Arogyam Magazine


ഡോ. ഷൈജി പി.എസ്.

പ്രൊഫസർ (CAP), ട്രാൻസ്​ഫ്യൂഷൻ മെഡിസിൻ, സർക്കാർ മെഡിക്കൽ കോളേജ്, കോന്നി. സംസ്​ഥാന നോഡൽ ഓഫീസർ- ബ്ലഡ് ട്രാൻസ്​ഫ്യൂഷൻ.

Comments