ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ

‘‘നിസ്സംശയം പറയാം, ചരിത്രത്തിലെ മറ്റേതൊരു മെഡിക്കൽ കണ്ടുപിടുത്തത്തേക്കാളും, എക്കാലവും കൂടുതൽ മനുഷ്യ ജീവൻ രക്ഷിച്ചത്, രക്ഷിച്ചു കൊണ്ടിരിക്കുന്നത് വാക്സിനുകൾ തന്നെയാണെന്ന്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ​ശ്രീപ്രസാദ് ടി.ജി. എഴുതിയ ലേഖനം.

സ്കൂളിലെ ഏതോ ഒരു കുട്ടിക്ക് മുണ്ടിനീര് ബാധിച്ചതിനാൽ, എം.എം.ആർ. വാക്‌സീൻ എടുക്കാൻ ആശുപത്രിയിൽ എത്തിയതാണ് അയൽവാസിയും ടീച്ചറുമായ സന്ധ്യ. അപ്പോൾ ഇതാ ഡോക്ടറുടെ ചോദ്യം; "എച്ച്.പി.വി. കൂടിയങ്ങ് എടുത്താലോ?’’
സന്ധ്യ ആകെ ചിന്താക്കുഴപ്പത്തിലായി.
"ഞാനെന്തു പറയണം, ഇതൊക്കെ എടുക്കണോ? അധികപ്പറ്റല്ലേ ഇത്? വാക്‌സീൻ മാഫിയ എന്നൊക്കെ കേട്ടിട്ടുണ്ടല്ലോ...", സന്ധ്യ സംശയ ദൃഷ്ടിയോടെ അർദ്ധോക്തിയിൽ നിർത്തി.

ഞാനൊന്ന് ചിരിച്ചു. "വാക്സിനുകൾ മാഫിയക്കാരുടേതല്ല. ധൈര്യമായി എടുക്കൂ".
‘‘അങ്കിൾ, ഈ എച്ച്.പി.വി. ഒന്നും നമ്മുടെ കാർഡിൽ ഇല്ലല്ലോ. പിന്നെന്തിനാ അത് എടുക്കുന്നത്?", അനീറ്റയാണ്, സന്ധ്യയുടെ മകൾ.

ദുർഗന്ധം രോഗത്തിന് കാരണമാകുമെന്നോ "ദുരാത്മാക്കൾ" ഒരു വ്യക്തിയെ രോഗിയാക്കുമെന്നോ ആളുകൾ പണ്ടൊരിക്കൽ വിശ്വസിച്ചിരുന്നു. രോഗാണുക്കൾ എന്നറിയപ്പെടുന്ന ചെറിയ ജീവികൾ ശരീരത്തിൽ കടന്നുകയറുകയും രോഗം ഉണ്ടാക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് വിശദമാക്കാൻ ലൂയി പാസ്ചറിനെയും റോബർട്ട് കോക്കിനേയും പ്രേരിപ്പിച്ച കണ്ടെത്തലുകൾ വരുന്നത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. എന്നാൽ അതിനും മുൻപ്, 1796 ൽ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർ ഷെയറിലെ ഗ്രാമീണ ഡോക്ടറായ എഡ്വേർഡ് ജെന്നർ, നടത്തിയ നിരീക്ഷണം കൗതുകമുളവാക്കുന്നതായിരുന്നു.

പശുക്കളെയും മനുഷ്യരെയും ബാധിക്കുന്ന വളരെ നേരിയ രോഗമായ കൗപോക്സ് പിടിപെട്ട പാൽക്കാരികൾക്ക് ഒരിക്കലും വസൂരി വരില്ലെന്ന് നാടോടി കഥകളിൽ കേട്ട ജെന്നർ, സാറാ നെൽമസ് എന്ന പാൽക്കാരിയുടെ കൈകളിലെ കൗപോക്സ് കുമിളകളിൽനിന്ന് പഴുപ്പ് എടുത്ത്, തന്റെ തോട്ടക്കാരന്റെ മകനായ എട്ടുവയസ്സുകാരനായ ജെയിംസ് ഫിപ്സിന്റെ കൈകളിൽ കുത്തിവെച്ചു . ആ കുട്ടിക്ക് ആദ്യം നേരിയ പനി ബാധിച്ചെങ്കിലും പിന്നീട് പൂർണ്ണമായും ഭേദപ്പെട്ടു.

തന്റെ സിദ്ധാന്തം വെറും യാദൃച്ഛികമല്ലെന്ന് തെളിയിക്കാൻ ജെന്നർ ഈ പരീക്ഷണം 23 തവണ കൂടി ആവർത്തിച്ചു. പശു എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ "വാക്സ"യിൽ നിന്നാണ് അദ്ദേഹം തന്റെ രീതിയെ "വാക്‌സിനേഷൻ" എന്ന് വിളിച്ചത്. ജെന്നറുടെ കൗപോക്സ് പരീക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ രോഗപ്രതിരോധശാസ്ത്രം ഒരു സയൻസ് ഫിക്ഷൻ പോലെയാണ് തോന്നുന്നത്.

കോവിഡ് 19 വാക്സിനുകളുടെ അതേ mRNA സാങ്കേതികവിദ്യ ഉപയോഗിച്ച്, റഷ്യ വികസിപ്പിച്ചെടുത്ത, എന്ററോമിക്സ് എന്ന വാക്‌സിൻ, ക്യാൻസർ കോശങ്ങളെ തിരിച്ചറിയാനും ഇല്ലാതാക്കാനും, രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്നു. പാർശ്വഫലങ്ങൾ ഒന്നുമില്ല എന്ന് അവകാശപ്പെടുന്ന, റഷ്യൻ വാക്‌സിൻ മനുഷ്യരിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങളിൽ 100% വും സുരക്ഷിതവും ഫലപ്രദവും ആണെന്ന്, 2025 സെപ്റ്റംബറോടുകൂടി വാർത്തകൾ വന്നിരുന്നു.

അതുകൊണ്ടുതന്നെ നിസ്സംശയം പറയാം, ചരിത്രത്തിലെ മറ്റേതൊരു മെഡിക്കൽ കണ്ടുപിടുത്തത്തേക്കാളും, എക്കാലവും കൂടുതൽ മനുഷ്യ ജീവൻ രക്ഷിച്ചത്, രക്ഷിച്ചു കൊണ്ടിരിക്കുന്നത് വാക്സിനുകൾ തന്നെയാണെന്ന്.

ഏറ്റവും ചെലവുകുറഞ്ഞ പൊതുജനാരോഗ്യ ഇടപെടലുകളിൽ ഒന്നാണ് പ്രതിരോധ കുത്തിവയ്പ്പുകൾ. കാരണം ഇത് പ്രതിരോധിക്കാവുന്ന രോഗാവസ്ഥയ്ക്കും മരണനിരക്കിനും എതിരെ, നേരിട്ടുള്ളതും ഫലപ്രദവുമായ സംരക്ഷണം നൽകുന്നു. കഴിഞ്ഞ 6 പതിറ്റാണ്ടുകളായി ഇന്ത്യയിൽ 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറയ്ക്കുന്നതിൽ ഇത് ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നിരുന്നാലും,വാക്‌സിൻ മൂലം തടയാവുന്ന രോഗങ്ങൾ (VPD-കൾ) ഇപ്പോഴും ഇന്ത്യയിൽ പ്രതിവർഷം 5 ലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുന്നു.

നവജാത ശിശുക്കൾ തുടങ്ങി 16 വയസ്സ് വരെയുള്ള, കുട്ടികൾക്കാവശ്യമായ വാക്സിനുകൾ, ദേശീയ രോഗ പ്രതിരോധ നിയന്ത്രണ കുത്തിവെയ്പ്പ് പട്ടികയിൽ, ഉൾപ്പെടുത്തി, 1985 മുതൽ സർക്കാർ ആശുപത്രികൾ വഴി, സൗജന്യമായി നൽകിവരുന്നുണ്ട്.

സർക്കാർ മേഖലയിലെ ആശുപത്രികൾ ദേശീയ രോഗപ്രതിരോധ കുത്തിവെയ്പ്പുകളുടെ പട്ടിക, അതേപടി പിന്തുടരുമ്പോൾ, സ്വകാര്യമേഖലയിലെ ചികിത്സാലയങ്ങൾ, ആ മേഖലയിലെ വിദഗ്ധന്മാരുമായി ആലോചിച്ച്, തനതായ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെ പലതരം വാക്സിനുകളുടെ ഷെഡ്യൂളുകൾ, ലഭ്യമാകുമ്പോൾ, സ്വാഭാവികമായി ചില സംശയങ്ങൾ ഉയരാം.

കോവിഡ് 19 വാക്സിനുകളുടെ അതേ mRNA സാങ്കേതികവിദ്യ ഉപയോഗിച്ച്, റഷ്യ വികസിപ്പിച്ചെടുത്ത, എന്ററോമിക്സ് എന്ന വാക്‌സിൻ, ക്യാൻസർ കോശങ്ങളെ തിരിച്ചറിയാനും ഇല്ലാതാക്കാനും,  രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്നു.
കോവിഡ് 19 വാക്സിനുകളുടെ അതേ mRNA സാങ്കേതികവിദ്യ ഉപയോഗിച്ച്, റഷ്യ വികസിപ്പിച്ചെടുത്ത, എന്ററോമിക്സ് എന്ന വാക്‌സിൻ, ക്യാൻസർ കോശങ്ങളെ തിരിച്ചറിയാനും ഇല്ലാതാക്കാനും, രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്നു.

ഏത് ഷെഡ്യൂൾ ആണ്
കുട്ടികൾക്ക് പിന്തുടരേണ്ടത്?

നിങ്ങൾക്ക് അനുയോജ്യമായ ഷെഡ്യൂളുകൾ നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. സമയത്തിനും, സൗകര്യത്തിനും, സാമ്പത്തിക ഭദ്രതയ്ക്കും, ഇണങ്ങുന്ന, ഷെഡ്യൂളുകൾ തിരഞ്ഞെടുക്കുക. ഏതെങ്കിലും ഒന്ന് മറ്റതിനേക്കാൾ മികച്ചതാണെന്നോ മോശമാണെന്നോ അർത്ഥമാക്കേണ്ടതില്ല. ശരിയായ ശീതശൃംഖലയിൽ വാക്സിനുകൾ സുരക്ഷിതമായി സൂക്ഷിക്കുന്ന ഏത് ആശുപത്രിയിൽ നിന്നും വാക്‌സീനുകൾ സ്വീകരിക്കാം. മുൻപ് സ്വകാര്യ ആശുപത്രികൾ വഴി മാത്രം ലഭ്യമായിരുന്ന പല കുത്തിവെയ്പ്പുകളും, ഇപ്പോൾ സർക്കാർ ആശുപത്രികൾ മുഖേന ലഭിക്കുന്നുണ്ട്.

‘‘സർക്കാർ നൽകുന്ന സൗജന്യ വാക്‌സിനുകൾക്ക് പുറമേ, കുഞ്ഞുങ്ങൾക്ക് ആവശ്യം നൽകേണ്ട മറ്റു ചില പ്രതിരോധ കുത്തിവെയ്പ്പുകൾ ഉള്ളപ്പോൾ ഏത് തിരഞ്ഞെടുക്കണം? ഏത് തിരസ്കരിക്കണം?"

അധികമായി നൽകുന്ന വാക്‌സീനുകൾ

1) പോക്കറ്റിന് ഇണങ്ങുന്നതായിരിക്കണം.
2) സുരക്ഷിതമായിരിക്കണം.
3) തക്കതായ ഫലപ്രാപ്തി നൽകുന്നവയായിരിക്കണം.

  • ചില വാക്‌സീനുകൾ സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാത്തത് എന്തുകൊണ്ട്?

ഉത്തരം: പൊതുജനാരോഗ്യത്തെ വളരെയധികം ബാധിക്കുന്ന രോഗങ്ങളെ ലക്ഷ്യം വെച്ചുള്ള അവശ്യ വാക്‌സിനുകൾ മാത്രമാണ് (universal immunisation program) ദേശീയ രോഗപ്രതിരോധ കുത്തിവെയ്പ്പ് പദ്ധതി പ്രകാരം സർക്കാർ നൽകുന്നത്.

  • സർക്കാർ ഇതര വാക്‌സിനേഷനുകൾ കുട്ടികൾക്ക് നൽകണോ?

ഉത്തരം: സർക്കാർ പട്ടികക്ക് പുറമേയുള്ള പല വാക്‌സീനുകളും സ്വകാര്യ മേഖലയിൽ ലഭ്യമാകുന്നുണ്ട്. തടയാവുന്ന രോഗങ്ങളിൽനിന്ന് സംരക്ഷണം നേടുന്നതിന് മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് പൂർണ്ണമായ രോഗപ്രതിരോധ കവറേജ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് എപ്പോഴും അഭികാമ്യം. വ്യക്തിഗത മാർഗ്ഗനിർദേശങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിന്റെ ശിശുരോഗ വിദഗ്ധനെ സമീപിക്കുക.

  • സ്വകാര്യ മേഖലയിൽ ലഭിക്കുന്ന വാക്‌സീനുകൾ, വാങ്ങി വന്നാൽ അവ സർക്കാർ ആശുപത്രികൾ വഴി നൽകാൻ സാധിക്കുമോ?

സാധ്യതയില്ല.

വാക്‌സിൻ സൂക്ഷിക്കുന്ന ശീതശൃംഖലയിൽ നിന്ന് വ്യതിയാനം ഉണ്ടായാൽ, അത് വാക്‌സിനുകളുടെ സുരക്ഷിതത്വത്തെയും ഫലപ്രാപ്തിയെയും ബാധിക്കാൻ ഇടയുണ്ട് എന്ന ആശങ്ക നിലനിൽക്കുന്നു.

  • ഒരു രാജ്യത്ത് ജനിച്ച കുട്ടി മറ്റൊരു രാജ്യത്തേക്ക് എത്തപ്പെടുകയാണെങ്കിൽ, ഏതൊക്കെ വാക്‌സീനാണ് സ്വീകരിക്കേണ്ടത്?

ഓരോ രാജ്യത്തിനും അവരുടേതായ ദേശീയ രോഗപ്രതിരോധ കുത്തിവെയ്പ്പ് പട്ടികയുണ്ട്. ഏതു രാജ്യത്താണോ കുട്ടി, തന്റെ ബാല്യകാലം ജീവിക്കേണ്ടത്, ആ രാജ്യത്തെ പട്ടിക തിരഞ്ഞെടുക്കുന്നത് ആകും ഉത്തമം.

  • ദേശീയ രോഗപ്രതിരോധ കുത്തിവെയ്പ്പ് പട്ടികയിൽ ഇല്ലാത്ത, എന്നാൽ കുട്ടികൾക്ക് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ശുപാർശ ചെയ്യുന്ന വാക്സിനുകൾ ഏതൊക്കെയാണ്?

ഈ വാക്‌സിനുകൾ ഇന്ത്യയിൽ സർക്കാർ രോഗപ്രതിരോധ ഷെഡ്യൂളിൽ നൽകുന്നില്ല, അവ ഒരു സ്വകാര്യ ആശുപത്രിയിലോ ക്ലിനിക്കിലോ എടുക്കേണ്ടതാണ്:

1) മുണ്ടിനീരിന്റെ വാക്‌സീൻ (MUMPS).

  • പ്രത്യേകമായി ലഭ്യമല്ല; സ്വകാര്യ ആശുപത്രികളിൽ എം.എം.ആർ.-ന്റെ ഭാഗമായി നൽകുന്നു.

2) ഇൻഫ്ലുവൻസ (ഫ്ലൂ)വാക്‌സിൻ).
3) ഹെപ്പറ്റൈറ്റിസ് എവാക്‌സീൻ.
4) ചിക്കൻപോക്സ് (വാരിസെല്ല) വാക്‌സിൻ.
5) ജാപ്പനീസ് എൻസെഫലൈറ്റിസ് (JE) വാക്‌സിൻ (പ്രാദേശികമായി പടരുന്ന പ്രദേശങ്ങളിൽ മാത്രം ലഭ്യമാണ്).
6) ടൈഫോയ്ഡ് വാക്‌സിൻ.
7) ഗർഭാശയ ഗള കാൻസർ (എച്ച്.പി.വി.) വാക്‌സിൻ.

ഗുരുതരമായ അണുബാധകൾ തടയുന്നതിൽ ഈ വാക്‌സീനുകൾ ഓരോന്നും നിർണായക പങ്ക് വഹിക്കുന്നു, അതിനാൽ നിങ്ങളുടെ കുട്ടിയുടെ വാക്‌സീനേഷൻ ഷെഡ്യൂളിൽ ഇത് പരിഗണിക്കണം.

ഓരോന്നിനെ പറ്റിയും വിശദമായി പറയാമോ?

1) എം.എം.ആർ. വാക്‌സിൻ
(Mumps, Measles, Rubella -അഞ്ചാം പനി മുണ്ട് നീര് റൂബെല്ല വാക്‌സിൻ)

ഉമിനീർ ഗ്രന്ഥികളുടെ വീക്കം, പനി, മെനിഞ്ചൈറ്റിസ്, പാൻക്രിയാസ് ഗ്രന്ഥിയുടെ വീക്കം, കേൾവി കുറവ് അല്ലെങ്കിൽ വന്ധ്യത പോലുള്ള സങ്കീർണതകൾ എന്നിവയ്ക്ക് കാരണമാകുന്ന ഒരു വൈറൽ അണുബാധയാണ് മുണ്ടിനീര്.
ബ്രാൻഡുകൾ: Tresivac, priorix, zyvac എം.എം.ആർ.
സ്വകാര്യ ആശുപത്രികളിൽ എം എം ആർ (മീസിൽസ്, മംപ്സ്, റുബെല്ല) വാക്‌സിനുകളുടെ ഭാഗമായി മുണ്ടിനീര് വാക്‌സിൻ ലഭ്യമാണ്.
9 മാസം, 15 മാസം, 5 വർഷം എന്നീ പ്രായത്തിൽ നൽകും.
എല്ലാ സ്കൂൾ വിദ്യാർത്ഥികളും, മിനിമം രണ്ട് ഡോസ് എം എം ആർ വാക്‌സിൻ എടുത്തിരിക്കണം. ഡോസുകൾക്കിടയിൽ മിനിമം ഒരു മാസം അകലം പാലിക്കണം.
ചെലവ് ഒരു ഡോസിന് 700-1000 രൂപ.

2) ഇൻഫ്ളുവൻസ വാക്‌സിൻ
(FLU Vaccine)

പനി ഒരു സീസണൽ വൈറൽ അണുബാധയാണ്, ഇത് ഗുരുതരമായ ശ്വസനപ്രശ്നങ്ങൾക്ക് കാരണമാകും, പ്രത്യേകിച്ച് ചെറിയ കുട്ടികൾ, പ്രായമായവർ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള വ്യക്തികൾ എന്നിവരിൽ.

ഫ്ലൂ വാക്‌സീനുകളുടെ തരങ്ങൾ:
QUADRI VALENT INACTIVATED, INFLUENZA VACCINE (ഉദാ: ,QUADRI FLU ,FLURIX TETRA, INFLUVAC TETRA, VACCIFLU )

ആറു മാസത്തിൽ കൂടുതലുള്ള കുട്ടികൾക്ക്, ആദ്യവർഷം രണ്ടുഡോസും, തുടർന്ന് അഞ്ചു വയസ്സുവരെ വർഷം തോറും, ഓരോ ഡോസും ശുപാർശ ചെയ്യുന്നു. ശരത്/ മഴ കാലത്തിനു മുൻപ് (Aug, sept) എല്ലാവർഷവും നൽകണം.

ചെലവ് ഒരു ഡോസിന് 1500-2500 രൂപ.

3) ഹെപ്പറ്റൈറ്റിസ് എ വാക്‌സിൻ
(HEPATITIS A Vaccine)

ഹെപ്പറ്റൈറ്റിസ് എ വൈറസ് (HAV) മൂലമുണ്ടാകുന്ന കരൾ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നത്.

രണ്ടുതരം വാക്‌സീനുകൾ ലഭ്യമാണ്:

1) Inactivated
2) Live attenuated.

Inactivated -2 ഡോസ്.
IM റൂട്ട്:
ആദ്യഡോസ് ഒരു വയസ്സ് പൂർത്തിയായാൽ നൽകാം. രണ്ടാം ഡോസ് ആറുമാസം കഴിഞ്ഞ്.

ബ്രാൻഡുകൾ: HAVRIX, HAV SHIELD AVAXIM.
ചെലവ് 2500 രൂപ / ഡോസ്

ലൈവ് ആറ്റിനുവേറ്റഡ് വാക്‌സിൻ
(Live attenuated vaccine ):
ഒരു ഡോസ് SC റൂട്ടിൽ നൽകാം- 12 മാസം പ്രായമാകുമ്പോൾ.
ബ്രാൻഡുകൾ: BIOVAC A.
ചെലവ്: 1200 രൂപ / ഡോസ്

4) ചിക്കൻ പോക്സ് വാക്‌സിൻ
(വാരിസെല്ല വാക്‌സിൻ)

ചിക്കൻപോക്സ് എളുപ്പത്തിൽ പകരുന്ന ഒരു വൈറൽ അണുബാധയാണ്. ചൊറിച്ചിൽ, ചർമ്മത്തിലെ പൊള്ളകൾ, പനി എന്നിവയ്ക്ക് കാരണമാകുന്നു. ചില സന്ദർഭങ്ങളിൽ, ഇത് ന്യുമോണിയ, എൻസെഫലൈറ്റിസ് പോലുള്ള സങ്കീർണതകൾക്ക് കാരണമാകും.
ബ്രാൻഡുകൾ: VARIPED, NEXIPOX,VARILRIX.
എപ്പോൾ നൽകാം: 12-15 മാസത്തിനുള്ളിൽ ആദ്യ ഡോസ്, 4-6 വയസ്സിൽ രണ്ടാമത്തെ ഡോസ്.
ചെലവ്: 2000-2500 രൂപ/ ഡോസ്.

5) ടൈഫോയ്ഡ് വാക്‌സിൻ
(TYPHOID VACCINE)

മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്ന സാൽമൊണെല്ല ടൈഫി എന്ന ബാക്ടീരിയയാണ് ടൈഫോയ്ഡ് പനിക്ക് കാരണമാകുന്നത്. കുടലിനെ ബാധിക്കും, ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകും.

ടൈഫോയ്ഡ് വാക്‌സിനുകളുടെ തരങ്ങൾ:

1) ടൈഫോയ്ഡ് കോൺജുഗേറ്റ് വാക്‌സിൻ (TCV) 9-12 മാസം മുതൽ 45 വയസ്സുവരെ നൽകുന്ന ദീർഘകാല പ്രതിരോധശേഷി.
രണ്ടു വർഷത്തിൽ ഒരു ബൂസ്റ്ററും നൽകുന്നു.

ബ്രാൻഡുകൾ: TYPBAR PCV, TYPHIBEV.
ചെലവ്: 2500 രൂപ /ഡോസ്.

2) പോളി സാക്കറൈഡ് ടൈഫോയ്ഡ് വാക്‌സിൻ: ഓരോ 3 വർഷത്തിലും വീണ്ടും വാക്‌സിനേഷൻ ആവശ്യമാണ്. അതിനാൽ ഇക്കാലത്ത് ഉപയോഗം വളരെ കുറവാണ്.
ചെലവ്: 350 രൂപ / ഡോസ്.

ക്യാപ്സൂൾ രൂപത്തിലുള്ള ടൈഫോയിഡ് വാക്‌സിൻ വിദേശ നാടുകളിൽ വിപണിയിലുണ്ടെങ്കിലും, ഇന്ത്യയിൽ അത് ഉപയോഗിക്കുന്നില്ല.

  1. ജാപ്പനീസ് എൻസെഫലൈറ്റിസ് (JE) വാക്‌സിൻ
    Japanese Encephalitis Vaccine (JE vaccine )

കൊതുകുകൾ വഴി പകരുന്ന ഒരു വൈറൽ അണുബാധയാണ് ജാപ്പനീസ് എൻസെഫലൈറ്റിസ്, ഇത് തലച്ചോറിനെ ബാധിക്കുകയും സ്ഥിരമായ നാഡീവ്യവസ്ഥയ്ക്ക് കേടുപാടുകൾ വരുത്തുകയോ മരണത്തിലേക്ക് നയിക്കുകയോ ചെയ്യാം.

2009- മുതൽ തിരുവനന്തപുരം ആലപ്പുഴ ജില്ലകളിൽ, സർക്കാർ ആശുപത്രികളിൽ JE വാക്‌സിൻ സൗജന്യമായി ലഭ്യമാണ്. ഈ അടുത്തകാലത്ത്, കോഴിക്കോട് മലപ്പുറം ജില്ലകളിൽ കൂടി, JE വാക്‌സീൻ നൽകാൻ സർക്കാർ തീരുമാനമായിട്ടുണ്ട്.

ആകെ രണ്ട് ഡോസ്. ആദ്യ ഡോസ് 9 മാസം പൂർത്തിയാകുമ്പോഴും, രണ്ടാമത്തെ ഡോസ് പതിനാറാം മാസം പൂർത്തിയാകുമ്പോഴും നൽകുന്നു. സ്വകാര്യ മേഖലയിൽ, ഈ വാക്സിന്റെ ആവശ്യക്കാർ കുറവാണ്. വിപണിയിൽ ഒരു ഡോസിന് 500 രൂപ നിരക്കിൽ ലഭ്യമാണ്.

7) എച്ച്.പി.വി. വാക്‌സിൻ, ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി. ) വാക്‌സിൻ

സ്ത്രീകളിൽ ഏറ്റവും സാധാരണമായ കാൻസറുകളിലൊന്നായ ഗർഭാശഗള അർബുദത്തിന് എച്ച്.പി.വി. (ഹ്യൂമൻ പാപ്പിലോമ വൈറസ്) കാരണമാകുന്നു. പുരുഷന്മാരിൽ, തൊണ്ട, കഴുത്ത്, തല, മലദ്വാരപ്രദേശങ്ങളിലെ അർബുദം എന്നിവയ്ക്കും കാരണമാകാം.

പെൺകുട്ടികൾക്ക് 9-14 വയസ്സിൽ (രണ്ട്- ഡോസ് ഷെഡ്യൂൾ) അല്ലെങ്കിൽ 15 വയസ്സിനുമുകളിൽ (മൂന്ന്- ഡോസ് ഷെഡ്യൂൾ) നൽകുന്നു. 45 വയസ്സ് വരെയുള്ള മുതിർന്നവർക്കും ഇത് അംഗീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്ക് 9-14 വയസ്സുകളിൽ, ആറുമാസം ഇട വിട്ട്, രണ്ട് ഡോസ് എടുക്കണം.

ബ്രാൻഡുകൾ: GARDASIL, CERVAVAC.
ചെലവ്: 4000- 10,000 രൂപ / ഡോസ്.

Life or death for a young child often depends on whether he is born in a country where vaccines are available or not...
- Dr Nelson Mandela.

സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments