കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ

‘‘ജനിതകവ്യതിയാനങ്ങൾ, ഗർഭസ്ഥശിശുക്കൾ അമ്മയുടെ ഗർഭാശയത്തിലിരിക്കുമ്പോഴുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ തുടങ്ങിയവ ജന്മനായുള്ള അസ്ഥിവൈകല്യങ്ങൾക്ക് കാരണമായേക്കാം. ഓരോ നൂറു കുട്ടികളിലും ഏഴു പേർക്ക് അസ്ഥിവൈകല്യങ്ങൾക്കുള്ള സാധ്യത കണക്കാക്കുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഉണ്ണികൃഷ്ണൻ ടി. എഴുതിയ ലേഖനം.

വജാത ശിശുക്കളിൽ ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ വളരെ സാധാരണമാണ്. പ്രത്യേകിച്ച്, ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഇത് ഗണ്യമായ അളവിൽ നിലനിൽക്കുന്നു. ലോകാരോഗ്യസംഘടന ആഗോളതലത്തിൽ നടത്തിയ സർവ്വേ പ്രകാരം ഓരോ നൂറു കുട്ടികളിലും ഏഴു പേർക്ക് അസ്ഥിവൈകല്യങ്ങൾക്കുള്ള സാധ്യത കണക്കാക്കുന്നു.

ജന്മനാലുള്ള അസ്ഥിവൈകല്യങ്ങൾ കുട്ടികളുടെ വളർച്ചയെയും വികാസത്തെയും മാത്രമല്ല, അവരുടെ ദൈനംദിന പ്രവർത്തനങ്ങളെയും പരിമിതപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇവ നേരത്തെ കണ്ടെത്തി പരിഹരിച്ചാൽ കുട്ടികളുടെ ജീവിതനിലവാരവും മൊത്തത്തിലുള്ള ആരോഗ്യവും വളരെയധികം മെച്ചപ്പെടുത്തുവാൻ സാധിക്കുന്നതാണ്.

ജനിതകവ്യതിയാനങ്ങൾ, ഗർഭസ്ഥശിശുക്കൾ അമ്മയുടെ ഗർഭാശയത്തിലിരിക്കുമ്പോഴുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ തുടങ്ങിയവ ജന്മനായുള്ള അസ്ഥിവൈകല്യങ്ങൾക്ക് കാരണമായേക്കാം. മദ്യപാനം, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം, ഗർഭാശയ അണുബാധ എന്നിവയും വെല്ലുവിളിയുയർത്തുന്നുണ്ട്. ശരീരത്തിലെ ഏതൊരു അസ്ഥിയും പൂർണ്ണമായി വളരുന്നതിൽ പരാജയപ്പെടുകയോ അമിതമായി വളരുകയോ ചെയ്താൽ അത് വൈകല്യമായി മാറും.

സാധാരണയായി കുട്ടികളിൽ കണ്ടുവരുന്ന അസ്ഥിവൈകല്യങ്ങളിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നു:

(1) ക്ലബ് ഫൂട്ട്: കാൽപാദങ്ങൾ ഉള്ളിലേക്കും താഴേക്കുമായി വളഞ്ഞിരിക്കുന്ന അവസ്ഥ.

(2) ഹിപ് ഡിസ്‌പ്ലേസിയ: ഇടുപ്പെല്ല് സന്ധിയുടെ അസാ ധാരണമായ വികാസം മൂലമോ മറ്റോ സംഭവിക്കുന്ന കുഴതെറ്റൽ മുതലായവ.

(3) ലിംബ് ഡെഫിഷ്യൻസീസ്: എല്ലുകളുടെ അഗ്രഭാഗങ്ങൾ ഇല്ലാതിരിക്കുക.

(4) പോളി ഡാക്‌റ്റൈലി: ഇരട്ടവിരലുകളോ കൂടുതൽ വിരലുകളോ ഉള്ള അവസ്ഥ.

(5) ഓസ്റ്റിയോ ജെനസിസ് ഇംപെർഫെക്ട: അസ്ഥികളുടെ ഗുണനിലവാരത്തെയോ സാന്ദ്രതയെയോ ബാധിക്കുന്ന ജനതികരോഗം.

ക്ലബ് ഫൂട്ട്: കാൽപാദങ്ങൾ ഉള്ളിലേക്കും താഴേക്കുമായി വളഞ്ഞിരിക്കുന്ന അവസ്ഥ.
ക്ലബ് ഫൂട്ട്: കാൽപാദങ്ങൾ ഉള്ളിലേക്കും താഴേക്കുമായി വളഞ്ഞിരിക്കുന്ന അവസ്ഥ.

നേരത്തെയുള്ള രോഗനിർണ്ണയം

അസ്ഥിവൈകല്യങ്ങൾ നേരത്തെ കണ്ടെത്തുന്നത് കൃത്യസമയത്തുള്ള ചികിത്സയ്ക്കുള്ള അവസരത്തിലേക്കും പൂർണ്ണമായ രോഗശാന്തിയിലേക്കും നയിച്ചേക്കും. കുഞ്ഞിന്റെ വൈകൃതത്തിന്റെ തരം അനുസരിച്ച് പ്രശ്‌നം പരിമിതപ്പെടുത്താനും കൃത്യസമയത്തുള്ള രോഗനിർണ്ണയത്താൽ സാധ്യമാണ്.

പ്രസവത്തിനു മുമ്പുള്ള അൾട്രാസൗണ്ട് സ്‌കാനിംഗ് ചില അസ്ഥിവൈകല്യങ്ങൾ ജനനത്തിനു മുമ്പുതന്നെ കണ്ടെത്താൻ സഹായകമാണ്. ഇതിനുപുറമേ പ്രസവാനന്തര സ്‌ക്രീനിംഗും സമഗ്രമായ ശാരീരിക പരിശോധനകളും ഗർഭകാലത്ത് വ്യക്തമല്ലാത്ത അസ്ഥിവൈകല്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതാണ്.

നേരത്തെയുള്ള ചികിത്സ ആരംഭിക്കുന്നത് ശിശുക്കളിലും കൊച്ചുകുട്ടികളിലും അസ്ഥികളുടെ സ്വാഭാവികവളർച്ചക്കും മികച്ച വിന്യാസത്തിനും പ്രവർത്തനങ്ങൾക്കും സഹായകമാണ്. ചികിത്സ വൈകിയാൽ പൂർണ്ണമായ രോഗശാന്തി എല്ലായ്‌പ്പോഴും സാധ്യമാകണമെന്നില്ല.

ചികിത്സാരീതികൾ

നിലവിലുള്ള അസ്ഥിവൈകല്യത്തെയും അവയുടെ തീവ്രതയെയും അനുസരിച്ചായിരിക്കും കൃത്യമായ ചികിത്സ. ചില സന്ദർഭങ്ങളിൽ വൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ശസ്ത്രക്രിയകൾ തന്നെയായിരിക്കും. നല്ലൊരു പീഡിയാട്രിക് ഓർത്തോപീഡിക് സർജന്റെ വൈദഗ്ദ്ധ്യം ഉപയോഗിക്കാവുന്നതാണ്. മറ്റു ചില സന്ദർഭങ്ങളിൽ ചികിത്സയിൽ പതിവു പരിശോധനകളും വ്യത്യസ്ത ഡോക്ടർമാരുടെ വൈദഗ്ദ്ധ്യവും ആവശ്യമാവും. എന്നിരുന്നാലും അപൂർവ്വസന്ദർഭങ്ങളിൽ പരിഹാരം കണ്ടെത്താൻ മാതാപിതാക്കൾ ക്ഷമയോടെ കാത്തിരിക്കേണ്ടതുമാണ്.

ശസ്ത്രക്രിയേതര ചികിത്സയിൽ മസിലുകൾ, ജോയിന്റുകൾ, അസ്ഥികൾ മുതലായവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന ഫിസിയോതെറാപ്പി ഉൾപ്പെടുന്നു. വിദഗ്ദ്ധൻ നടത്തുന്നതോ വീട്ടിൽത്തന്നെ ചെയ്യാവുന്നതോ ആയ ഗൈഡഡ് ഫിസിയോതെറാപ്പി വളരെ സഹായകമാണ്. വിവിധ കാസ്റ്റിംഗ്, സപ്ലിമെന്റ്, ബ്രേസിങ് രീതികളും നിലവിലുണ്ട്.

അസ്ഥികളുടെ സാന്ദ്രതയേയും ഗുണനിലവാരത്തെയും ബാധിക്കുന്ന ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്റ്റ പോലുള്ള രോഗങ്ങൾക്ക് മരുന്ന് ആവശ്യമായി വരാം.

അസ്ഥിവൈകല്യങ്ങളും നാഡിവൈകല്യങ്ങളും ഗുരുതരമായി ബാധിച്ച ഭാഗത്തെ പുനഃക്രമീകരിക്കാനും കൃത്യമായ അസ്ഥിവളർച്ചയ്ക്കും ശസ്ത്രക്രിയകൾ ആവശ്യമായേക്കാം.

നവജാതശിശുക്കളും കൊച്ചുകുട്ടികളും ഓർത്തോപീഡിക് നടപടിക്രമങ്ങൾക്ക് വിധേയമാകുന്നത് തികച്ചും സുരക്ഷിതമാണ്. കുട്ടികളുടെ എല്ലുകളും പേശികളും നിരന്തരം വളരുന്നതിനാൽ മുതിർന്നവരിൽനിന്ന് വ്യത്യസ്തമായി പരമാവധി ശ്രദ്ധയോടും സഹാനുഭൂതിയോടും കൈകാര്യം ചെയ്യാൻ ഒരു പീഡിയാട്രിക് ഓർത്തോപീഡിക് സർജന്റെ സഹായം തേടാവുന്നതാണ്.

പ്രതിരോധനടപടികൾ

ജനിതകബന്ധമുള്ള എല്ലാ അസ്ഥിരോഗങ്ങളും തടയാൻ കഴിയില്ലയെങ്കിലും ഗർഭകാലത്ത് ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുന്നതിലൂടെയും പതിവായി പരിശോധനകൾ ഉറപ്പാക്കുന്നതിലൂടെയും ചില അസ്ഥിവൈകല്യങ്ങളെങ്കിലും തടയാനും മൊത്തത്തിലുള്ള ആരോഗ്യം ഉറപ്പാക്കാനും സാധിക്കുന്നതാണ്.

ആരോഗ്യകരമായ ഭക്ഷണം (സമീകൃതാഹാരം) ഉറപ്പാക്കുക,. പഴങ്ങൾ, പച്ചക്കറികൾ മുതലായവ ആവശ്യത്തിന് കഴിക്കുക എന്നിവ കുഞ്ഞിന്റെ അസ്ഥിസാന്ദ്രത നിലനിർത്താനുള്ള പോഷകഘടകങ്ങൾ ലഭ്യമാക്കും.

ഗർഭിണിയാകുന്നതിന് മുമ്പും ശേഷവും ഫോളിക് ആസിഡ് ഗുളികകൾ കഴിക്കുന്നത് ന്യൂറൽ ട്യൂബ് ഡിഫക്റ്റ് എന്ന സങ്കീർണ്ണത തടയാൻ സഹായകമാണ്.

  • വിറ്റാമിൻ ഗുളികകളും ധാതുക്കളും (അയൺ & കാത്സ്യം) കഴിക്കേണ്ടതാണ്.

  • ഗർഭകാലത്ത് ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെയുള്ള ഗുളികകൾ കഴിക്കരുത്.

  • കൃത്യമായ വാക്‌സിനേഷൻ എടുക്കേണ്ടതാണ്.

  • പ്രമേഹം, പ്രഷർ തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ ഉള്ള അമ്മമാർ രോഗനിയന്ത്രണം ഉറപ്പാക്കണം.

  • റേഡിയേഷൻ, കീടനാശിനികൾ, വ്യാവസായിക രാസവസ്തുക്കൾ എന്നിവയ്ക്ക് വിധേയമാകുന്ന വ്യവസായങ്ങളിൽ ജോലിചെയ്യുന്ന അമ്മമാർ ജാഗ്രത പാലിക്കേണ്ടതാണ്.

  • ഫോണുകളുടെയും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും അമിതമായ ഉപയോഗം ഒഴിവാക്കേണ്ടതാണ്.

  • അമിത ശബ്ദം പ്രത്യേകിച്ച് വലിയ യന്ത്രങ്ങളിൽനിന്നുള്ള വൈബ്രേഷനുകൾ ഒഴിവാക്കണം.

  • അമിത താപനില ഒഴിവാക്കുക.

  • മദ്യം, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയവ ഗർഭധാരണത്തിനുശേഷം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

  • അമിതസമ്മർദ്ദം ഉണ്ടാകുന്ന ജോലികളിൽനിന്ന് വിട്ടുനിൽക്കുക.

  • നിങ്ങളുടെ കുടുംബത്തിന് അസ്ഥിസംബന്ധമായ ജനിതകവൈകല്യങ്ങളുടെ ചരിത്രമുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നിർബന്ധമായും ഗർഭധാരണത്തിനുമുമ്പ് വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

ജന്മനാ അസ്ഥി വൈകല്യമുള്ള കുട്ടികൾക്ക് സാധാരണജീവിതം സാദ്ധ്യമാണോ?

ജന്മനാ ഉള്ള അസ്ഥിവൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്ന മിക്ക കുട്ടികളും വളർച്ചയും വികാസവും കൈവരിക്കുകയും ആരോഗ്യകരമായ സാധാരണജീവിതം നയിക്കുകയും ചെയ്യുന്നു.

ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ അഭികാമ്യമല്ലാത്തവയാണെങ്കിലും ശരിയായ സമയത്ത് കണ്ടെത്തിയാൽ പരിഹരിക്കാൻ കഴിയുന്നതാണ്.

ഇത്തരം സന്ദർഭങ്ങളിൽ മാതാപിതാക്കൾക്ക് അവരുടെ കുഞ്ഞുങ്ങൾക്ക് വളർച്ചാവികാസ പിന്തുണ നൽകുവാൻ സഹായിക്കുന്നതിനും ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് വിവിധ സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും എണ്ണമറ്റ വിവിധ ഏജൻസികൾ, വൈദഗ്ദ്ധ്യമുള്ള ഡോക്ടർമാർ, പൊതു / സ്വകാര്യ വിദ്യാലയങ്ങൾ എന്നിവ ലഭ്യമാണ്.

വൈകല്യമുള്ള കുട്ടികൾക്ക് പരമാവധി ആശ്വാസം നൽകാൻ കഴിയുന്ന സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുക. നിങ്ങളുടെ കുഞ്ഞിന്റെ പുഞ്ചിരി നിലനിർത്തുക എന്നത് ഓരോരുത്തരുടെയും, സമൂഹത്തി‍ന്റെയും കടമയാണ്.

വായിക്കാം: ഡോക്ടർ
അകത്തുണ്ട്

നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments