ചുമയ്ക്കുമ്പോൾ കഫത്തിന്റെ കൂടെ രക്തം തുപ്പുന്ന അവസ്ഥയാണ് ഹീമോപ്റ്റൈസിസ്. ആരെയും പരിഭ്രാന്തരാക്കുന്ന ഒരു രോഗലക്ഷണമാണിത്. നിസ്സാര കാരണങ്ങൾ മുതൽ മാരക രോഗങ്ങൾ മൂലവും ഈ അവസ്ഥയുണ്ടാവാം.
കാരണങ്ങൾ
ക്ഷയരോഗം മൂലമാണ് നമ്മുടെ നാട്ടിൽ ഹീമോപ്റ്റൈസിസ് ഏറ്റവും അധികം കാണപ്പെടുന്നത്. പലപ്പോഴും രക്തം ചുമച്ചു തുപ്പുന്നതാണ് ക്ഷയത്തിന്റെ ആദ്യ ലക്ഷണം. രോഗം വന്ന് ചികിത്സിച്ചു മാറ്റിയാലും വർഷങ്ങൾക്കുശേഷവും ഈ രോഗികളിൽ ഈ ലക്ഷണം കാണപ്പെടും. വീണ്ടും രോഗം വരുന്നതുകൊണ്ട് മാത്രമല്ല, ക്ഷയരോഗം ഒരിക്കൽ ബാധിച്ചാൽ അത് ശ്വാസകോശങ്ങളിൽ ശാശ്വതമായ ചില കേടുപാടുകൾ വരുത്തുന്നതുകൊണ്ടുകൂടിയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനെ പോസ്റ്റ് ടി.ബി ഫൈബ്രോസിസ് (Post TB Fibrosis) എന്നു വിളിക്കുന്നു.

ബ്രോങ്കിക്ടേസിസ് (Bronchiectasis) ആണ് സാധാരണ കാണപ്പെടുന്ന മറ്റൊരു കാരണം. സൂക്ഷ്മ ശ്വാസനാളങ്ങളിൽ (Bronchioles) ഉണ്ടാകുന്ന അസാധാരണമായ വികാസമാണ് ഈ അവസ്ഥ. അമിതമായി വികസിച്ച്, ഈ നാളികളിൽ കഫം കെട്ടിനിൽക്കുകയും അണുബാധ മൂലം കഫക്കെട്ട് ഉണ്ടാവുകയും ചെയ്യുന്ന രോഗമാണിത്. ക്ഷയരോഗത്തിനും ന്യൂമോണിയയ്ക്കും ഒക്കെ ശേഷവും ഇങ്ങനെ സംഭവിക്കാറുണ്ട്. കൂടാതെ ജന്മനാ കാണപ്പെടുന്ന ചില ശ്വാസകോശ വൈകല്യങ്ങളിലും ബ്രോങ്കിക്ടേസിസ് കാണപ്പെടാറുണ്ട്.
ശ്വാസകോശ ക്യാൻസർ ആണ് ഹീമോപ്റ്റൈസിസ് ഉണ്ടാക്കുന്ന ഏറ്റവും മാരകമായ രോഗം. പലപ്പോഴും ഈ രോഗലക്ഷണമാണ് ശ്വാസകോശ ക്യാൻസറിന്റെ ആദ്യലക്ഷണം.
പുകവലിക്കുന്നവരിൽ ഹീമോപ്റ്റൈസിസ് കണ്ടാൽ ഉടൻ പരിശോധനിച്ച് ക്യാൻസർ ഇല്ല എന്ന് ഉറപ്പുവരുത്തുന്നതാണ് സുരക്ഷിതം.
മറ്റു കാരണങ്ങൾ
ശ്വാസകോശത്തിലെ അണുബാധ, ന്യൂമോണിയ, പുകവലി മൂലമുള്ള ബ്രൊങ്കൈറ്റിസ്, ചില ഹൃദ്രോഗങ്ങൾ, രക്തം കട്ടപിടിക്കാതിരിക്കാൻ കഴിക്കുന്ന ആസ്പിരിൻ, ക്ലോപ്പിഡോഗ്രൽ പോലുള്ള ചില മരുന്നുകൾ, രക്തക്കുഴലുകളെ ബാധിക്കുന്ന വാസ്കുലൈറ്റിസ്, പൾമണറി എംബോളിസം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും ഹീമോപ്റ്റൈസിസ് ഉണ്ടാകാം. ശക്തിയായി ചുമച്ചാൽ തൊണ്ടയിലെ ചെറിയ രക്തക്കുഴലുകൾ പൊട്ടുന്നത് മൂലവും ഇത് സംഭവിക്കാം.
എന്താണ് ചെയ്യേണ്ടത്?
കഫത്തിൽ രക്തം കണ്ടാലുടൻ പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ ആ ലക്ഷണം തുടരെ കണ്ടാൽ എത്രയും വേഗം വൈദ്യ പരിശോധന വൈകുകയും അരുത്. നെഞ്ചിന്റെ എക്സ്-റേ പരിശോധനയാണ് ആദ്യം ചെയ്യേണ്ടത്. കൂടുതൽ ഗുരുതരമായ കാരണങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ നെഞ്ചിന്റെ സി.ടി സ്കാൻ വേണ്ടിവരാം. ചില രക്തപരിശോധനകൾ കഫ പരിശോധന എന്നിവ രോഗം നിർണയിക്കാൻ വേണ്ടിവരും. ശ്വാസനാളങ്ങൾക്കുള്ളിലേയ്ക്ക് കുഴൽ കടത്തി നേരിട്ട് ഉൾവശം പരിശോധിക്കുന്ന ബ്രോങ്കോസ്കോപ്പി എന്ന പരിശോധന കൃത്യമായ രോഗനിർണയത്തിന് വേണ്ടിവരാം.

ശ്വാസകോശങ്ങളുടെ ഉള്ളിൽ നിന്ന് എടുക്കുന്ന സ്രവങ്ങൾ, കഫം എന്നിവ പരിശോധിക്കുവാൻ ബ്രോങ്കോസ് കോപ്പി ഉതകും. രക്തം പുറപ്പെടുന്ന ഭാഗങ്ങൾ നേരിട്ട് കാണുവാനും അർബുദം സംശയിക്കുന്നുവെങ്കിൽ എടുക്കുവാനും ബയോപ്സി എടുക്കുവാനും സാധിക്കും. കൂടാതെ രക്തസ്രാവം നിയന്ത്രിക്കുവാൻ ചില ഔഷധങ്ങൾ ഉള്ളിൽ നിക്ഷേപിക്കുവാനും, വൈദ്യുതോർജ്ജം, ലേസർ രശ്മികൾ, താപോർജ്ജം, എന്നിവ ഉപയോഗിച്ച് കരിച്ച് രക്തസ്രാവം നിയന്ത്രിക്കുവാനും ഈ ചികിത്സ സഹായിക്കും. ഇത്തരം അത്യാധുനിക ഉപകരണങ്ങൾ ഉള്ള ഇൻറർവെൻഷണൽ പൾമണറി യൂണിറ്റ് ആശുപത്രികളിൽ ഉണ്ടാവണം എന്ന് മാത്രം. (എലക്ട്രോ കോട്ടറി, ലേസർ തെറാപ്പി ക്രയോതെറാപ്പി എന്നിവ).
ചികിത്സ
അണുബാധയാണ് കാരണമെങ്കിൽ ആന്റിബയോട്ടിക്കുകൾ വേണ്ടിവരും. രക്തസ്രാവം നിയന്ത്രിക്കാനുതകുന്ന എത്താംസിലേറ്റ് (ethamsylate) മുതലായ ഔഷധങ്ങൾ ലഭ്യമാണ്. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇവ കഴിക്കാം. കൂടുതലായി രക്തം നഷ്ടപ്പെടുകയാണെങ്കിൽ രക്തം കുത്തിവെയ്ക്കേണ്ടി വരും. അത്തരം രോഗികളെ ആശുപത്രി അഡ്മിറ്റ് ചെയ്യേണ്ടിവരും. വീട്ടിലാണെങ്കിലും രക്തം ചുമച്ചു തുപ്പുന്നത് നിൽക്കുന്നത് വരെ വിശ്രമം അത്യന്താപേക്ഷിതമാണ്. വ്യായാമം, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. ചുമ നിയന്ത്രിക്കാനുള്ള മരുന്നുകൾ കഴിക്കാം.
ബ്രോങ്കിയൽ എംബോളൈസേഷൻ
(Bronchial Artery Embolization -BAE)
അതിതീവ്രമായ തോതിൽ (24 മണിക്കൂറിൽ 500 ml ൽ അധികം) രക്തം തുപ്പുന്ന അവസ്ഥയിൽ ജീവൻ രക്ഷിക്കാൻ ചെയ്യുന്ന ചികിത്സാരീതിയാണിത്. ആൻജിയോഗ്രാഫി വഴി രക്തം ചിന്തുന്ന രക്തക്കുഴലുകൾ കണ്ടെത്തി അതിലേക്ക് രക്തം കട്ടപിടിക്കാനുതകുന്ന രാസവസ്തുക്കൾ കുത്തിവച്ച് രക്തപ്രവാഹം നിർത്തുന്ന ചികിത്സയാണിത്. എന്നാൽ ഇത് ശാശ്വത പരിഹാരമല്ല കുറച്ചുനാളുകൾക്ക് ശേഷം മറ്റ് രക്തക്കുഴലുകൾ വഴി ഹീമോപ്റ്റൈസിസ് വീണ്ടും കാണപ്പെടാറുണ്ട്.

ശസ്ത്രക്രിയ
കേടായ ശ്വാസകോശഭാഗങ്ങൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്യുന്ന ലോബക്ടമി, പൾമണെക്ടമി എന്നീ മാർഗങ്ങളാണ് ശാശ്വത പരിഹാരം എന്നാൽ രണ്ട് ശ്വാസകോശങ്ങൾക്കും കേടുപാട് സംഭവിച്ചവർക്കും പ്രായാധിക്യം ഉള്ളവർക്കും മറ്റു രോഗങ്ങൾ മൂലം ശസ്ത്രക്രിയ ചെയ്യുന്നത് താങ്ങാനാവാത്ത വിധം അവശരായ രോഗികൾക്കും ശസ്ത്രക്രിയ ചെയ്യാനാവില്ല.
പ്രത്യാഘാതങ്ങൾ
ഹിമോപ്റ്റൈസിസ് മൂലം രക്തകുറവ്, ക്ഷീണം രക്തസമ്മർദ്ദം കുറയുക, സ്രവിക്കുന്ന രക്തം മറ്റു ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നത് വഴി ശ്വാസ തടസ്സം, എന്നിവയാണ് സാധാരണ കാണപ്പെടുന്ന ഗുരുതരാവസ്ഥ കൾ. അമിത രക്തസ്രാവം മൂലം മരണവും സംഭവിക്കാം.
READ: പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ
വെളിച്ചം
തെളിയിക്കുന്ന
കൈകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


