അരനൂറ്റാണ്ടിലധികമായി വേനൽ മുഴുവൻ ചെണ്ട കൊട്ടുന്നു. രാത്രിയിലും അപ്രകാരം തന്നെ. ഇടതടവില്ലാത്ത കൊട്ടുകാലങ്ങൾ. സ്വാഭാവികമായും ശരീരം ക്ഷീണിക്കേണ്ടതാണ്.
വർഷങ്ങൾക്കു മുമ്പൊരു കോട്ടയ്ക്കൽ ഉത്സവക്കാലം. സ്ഥിരം തായമ്പക കലാകാരന് പങ്കെടുക്കാൻ സാധിക്കാത്തതിന്റെ പേരിൽ ഒരു കൊട്ടുകാരന്റെ ഒഴിവുവന്നു. ഉത്സവച്ചുമതല കൂടിയുള്ള ഡോ. പി. ബാലചന്ദ്രവാരിയർ ഒരു നിർദ്ദേശം വച്ചു. ചെറുപ്പക്കാരനായ മട്ടന്നൂർ ശങ്കരൻകുട്ടിയെ കൊണ്ടുവരിക. കോട്ടയ്ക്കൽ കുട്ടൻമാരാർ ആശാനും അതു സമ്മതമായി. അങ്ങനെ പ്രഗത്ഭരുടെ നിരയിലേക്ക് യുവാവായ ഞാനും തായമ്പക കൊട്ടാൻ എത്തി. ആരോഗ്യത്തിന്റെ ദേവനായ ശ്രീവിശ്വംഭരമൂർത്തിയെ പ്രാർത്ഥിച്ചാണ് തായമ്പക തുടങ്ങിയത്. കഴിഞ്ഞകൊല്ലംവരെ മുടങ്ങാതെ അവിടെ തായമ്പക കൊട്ടാൻ കഴിഞ്ഞു. ഇപ്പോൾ മക്കൾ ശ്രീകാന്തിനും ശ്രീരാജിനും ഒപ്പമാണ് മൂവർ തായമ്പക.
ശ്രീവിശ്വംഭരദേവന്റെ അനുഗ്രഹം, മട്ടന്നൂരപ്പന്റെ കടാക്ഷം എല്ലാം കാരണം എനിക്ക് ഇതുവരെ ഒരു ഡോക്ടറെയും നിരന്തരം കണ്ട് ചികിത്സ വേണ്ടിവന്നിട്ടില്ല. ഒരിക്കൽമാത്രം കോട്ടയ്ക്കൽ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിൽ ഡോ. പി. ബാലചന്ദ്രവാരിയരുടെ കീഴിൽ ഒരാഴ്ച കിടത്തിചികിത്സ ഉണ്ടായതൊഴിച്ചാൽ ആശുപത്രിവാസം എന്നൊന്ന് ഉണ്ടായിട്ടില്ല. ഇത്രമേൽ സൗഭാഗ്യം എന്ത്? എഴുപതു വയസ് കഴിഞ്ഞതിന്റെ, മനുഷ്യൻ സ്വാഭാവികമായി നേരിടുന്ന പ്രശ്‌നങ്ങളൊഴിച്ചാൽ, ഇപ്പോഴും ദേഹസുഖം, സ്വാസ്ഥ്യം. കൊട്ടുമ്പോൾ അതിലേറെ സുഖം. സംഗീതനാടക അക്കാദമി ചെയർപേഴ്‌സൺ എന്ന ചുമതലകൂടി ഉള്ളതിനാൽ ഇരിക്കപ്പൊറുതിയില്ലാത്ത യാത്രാകാലമാണ്. എന്നിട്ടും ദേഹത്തിന് കുഴപ്പമില്ല.
ആ നിലയ്ക്ക് ആരാണ് എന്റെ പ്രിയ ഡോക്ടർ? ആകെ ചികിത്സാവിധേയനായിട്ടുള്ളത് ബാലചന്ദ്രൻ ഡോക്ടർക്കു മുന്നിലാണ്. ആ സ്‌നേഹബന്ധം ഇന്നും തുടരുന്നു.
എന്നാലോ അനവധി ഡോക്ടർമാർ എന്റെ സുഹൃദ്‌വലയത്തിലുണ്ട്. പെരിന്തൽമണ്ണയിലെ ശിശുരോഗചികിത്സകൻ ഡോ. വേണുഗോപാൽ നായകനായ 'മൂത്താശാരി' എന്ന സിനിമയിൽ ഞാൻ അഭിനയിച്ചു ഈയിടെ. എല്ലുരോഗ ചികിത്സയിലെ മുടിചൂടാമന്നനായ പെരിന്തൽമണ്ണയിലെ ഡോ. മോഹൻകുമാർ എന്റെ ആത്മമിത്രമാണ്. എന്റെ സഹോദരീഭർത്താവിന് അസുഖം വന്നപ്പോൾ ഡോ. മോഹൻകുമാറിന്റെ ഉപദേശം തേടി, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയായി. അവിടെ ഡോ. ശ്രീജയൻ, ഡോ. ശ്രീദേവ്, ഡോ. സുഭാഷ്, ഡോ. ശിവകുമാർ, ഡോ. കുര്യാക്കോസ്, ഡോ. ബിജു തുടങ്ങിയവരുമായി ഗാഢസൗഹൃദത്തിലായി.
സഹോദരീഭർത്താവിന്റെ ചികിത്സാനന്തരവും ഞങ്ങൾ പരസ്പരം കാണും. വീടുകളിൽപോയി സംസാരിക്കും. അങ്ങനെ ആ ആത്മബന്ധം വളരുന്നു.
ഐ.എം.എയുമായി ബന്ധപ്പെട്ട ഏറെ ഡോക്ടർമാരുമായി അടുത്ത സൗഹൃദം ഉണ്ട്. ഇപ്പോൾ അവരുടെ പ്രസിദ്ധീകരണത്തിന്റെ അമരക്കാരൻ ഡോ. മുരളിയുമായും അടുത്ത സൗഹൃദത്തിലാണ്. അദ്ദേഹം എഴുത്തുകാരൻ കൂടിയാണല്ലോ.

ഒരർത്ഥത്തിൽ ഡോക്ടർമാരുമായി ദേഹപരിശോധന ആവശ്യം വരാത്ത ചങ്ങാത്തമാണ് നല്ലത്. കാരണം നമ്മൾ ആരോഗ്യവാനായി തുടരുമല്ലോ. പക്ഷേ ഏതുസമയത്തും ഏത് അസുഖത്തിനേയും പ്രതിരോധിക്കാൻ വിളിപ്പുറത്ത് സദാസന്നദ്ധരായി സ്‌നേഹിതരായ ഡോക്ടർമാർ ഉണ്ട് എന്നത് എന്നെ സദാ ആഹ്ളാദവാനും ആരോഗ്യവാനുമാക്കുന്നു.
കൊട്ട് അദ്ധ്വാനത്തിന്റെ കല കൂടിയാണ്. അഭ്യാസകാലത്തു തുടങ്ങുന്ന അധ്വാനത്തിന് വിശ്രമമില്ല. ആത്മാർത്ഥമായി നൂറുശതമാനം സമർപ്പണത്തോടെ കല കൊണ്ടുനടന്നാൽ അതിൽനിന്നും കിട്ടുന്ന ഊർജ്ജമാണ് കലാകാരന് ഔഷധം. ഞാനത് പാലിക്കുന്നു. ഒരു തായമ്പക കഴിഞ്ഞാൽ സഹൃദയർ തരുന്ന അഭിനന്ദനം എന്റെ മനസ്സിനും ശരീരത്തിനുമുള്ള മരുന്നാണ്. അത് ജനറൽ ടോണിക്കായി നിത്യവും അനുഭവിക്കുന്നതിനാൽ ഞാൻ സ്വസ്ഥനാവുന്നു. അകാരണമായ ആധികൊണ്ട് സ്വയം രോഗം വരുത്തുന്നവർക്ക് ചികിത്സ ഇല്ല എന്നു ഞാൻ വിശ്വസിക്കുന്നു.
ചെണ്ടയാണ് എന്റെ ഔഷധം. അത് എന്നെ പഠിപ്പിച്ച അച്ഛൻ മുതൽക്കുള്ള ഗുരുനാഥന്മാർ എനിക്ക് ഭിഷഗ്വരന്മാരാണ്. കലയിലൂടെ എനിക്ക് നിത്യ ആരോഗ്യം നൽകിയ ഭിഷഗ്വര ഗുരുനാഥന്മാർ. എന്നെ കോട്ടയ്ക്കലേക്കു വിളിക്കുകയും പിന്നെ ചികിത്സിക്കുകയും ചെയ്ത ഡോ. പി. ബാലചന്ദ്രവാരിയരെ എന്റെ സ്വന്തം ഡോക്ടറായി കാണുന്നു.
പ്രിയ ഡോക്ടർമാരോട് ഒരപേക്ഷ കൂടിയുണ്ട്. തിരക്കുകൾക്കിടയിലും ഉത്സവകാലങ്ങളിൽ കൊട്ടുകേൾക്കാൻ, കഥകളി കാണാൻ, പാട്ടുകേൾക്കാൻ, പൂരംകാണാൻ സ്വയം സമയം കണ്ടെത്തൂ. അതു നൽകുന്ന ആനന്ദം അവാച്യമായിരിക്കും. ചികിത്സക്കിടയിൽ നിങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദം ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മറുമരുന്നാകും അത്.
READ: സമൂഹജീവിതവും
വയോധികരും
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

