നിലവിൽ രോഗചികിത്സയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ തന്നെ വലിയൊരു ശതമാനം ജനങ്ങൾ ആശ്രയിക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തെയാണ് (Modern Medicine). പ്രത്യേകിച്ച് അടിയന്തരഘട്ടങ്ങളിലും കടുത്ത രോഗാവസ്ഥകളിലും ആശുപത്രി വാസം ആവശ്യമുള്ളപ്പോഴുമെല്ലാം.
ഇന്ത്യയിൽ ‘നാഷണൽ സാമ്പിൾ സർവേ ഓഫീസ്’ (NSSO) നടത്തിയ സർവേയിൽ 90% പേരും പ്രധാന ചികിത്സക്കായി ആധുനിക വൈദ്യശാസ്ത്രമാണ് തിരഞ്ഞെടുക്കുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ ഒരു വലിയവിഭാഗം ജനങ്ങൾ ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ, അക്യൂപങ്ചർ പോലുള്ള ഇതര ചികിത്സാരീതികൾ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ ഉപയോഗിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയുടെ ഭാഗമായി കണ്ടുപിടിക്കപ്പെട്ട ആന്‍റിബയോട്ടിക്കുകൾ, വാക്സിനുകൾ, മെച്ചപ്പെട്ട ശുചിത്വസംവിധാനങ്ങൾ എന്നിവയിലൂടെ മനുഷ്യരാശിയെ കാലങ്ങളായി കൊന്നൊടുക്കിക്കൊണ്ടിരുന്ന പല മാരക രോഗങ്ങളെയും പൂർണ്ണമായി തുടച്ചുനീക്കാനോ (Eradicated) വലിയ തോതിൽ നിയന്ത്രണവിധേയമാക്കാനോ കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു ചരിത്രസത്യമാണ്.
വസൂരി (Smallpox), റിൻഡർപെസ്റ്റ് (Rinderpest) തുടങ്ങിയ മാരകരോഗങ്ങൾ ഇന്ന് ഭൂമുഖത്തുനിന്ന് ഇല്ലാതായതിനുപിന്നില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയാണെന്നത് എതിർക്കപ്പെടാത്ത ഒരു സത്യമാണ്. പോളിയോ, ക്ഷയം, കുഷ്ഠരോഗം, ഡിഫ്തീരിയ, ടെറ്റനസ്, പ്ലേഗ്, കോളറ തുടങ്ങിയ മനുഷ്യരാശിക്ക് ഭീഷണിയായ രോഗങ്ങൾ പലതും ഇന്ന് ആധുനിക മരുന്നുകൾക്കും വാക്സിനുകള്‍ക്കും മുന്നിൽ അടിയറവ് പറഞ്ഞുകഴിഞ്ഞു. ട്രോമ കെയർ, പാമ്പുവിഷം, പേപ്പട്ടിവിഷം തുടങ്ങിയ രംഗത്തും ആധുനിക വൈദ്യശാസ്ത്രത്തെത്തന്നെയാണ് എല്ലാവരും ആശ്രയിക്കുന്നത്.
അതേസമയം ആധുനിക വൈദ്യശാസ്ത്രം ഇത്രയധികം വളർച്ച കൈവരിച്ചിട്ടും ജനങ്ങളിൽ ഒരു വിഭാഗം ഇപ്പോഴും ശാസ്ത്രീയ അടിത്തറയില്ലാത്ത ഹോമിയോപ്പതി പോലുള്ള ചികിത്സാരീതികളെ ആശ്രയിക്കുന്നുണ്ട്. ഇതിന് പിന്നിൽ ചില മനഃശാസ്ത്രപരമായ കാരണങ്ങളുണ്ട്. കൂടാതെ വ്യത്യസ്തമായ ചില ചിന്താഗതികളും ഒരു കാരണമാണ്.
നാടിന്റെ സംസ്കാരവുമായി ഇഴപിരിഞ്ഞുകിടക്കുന്ന പരമ്പരാഗത വിശ്വാസങ്ങൾ, ‘ഇംഗ്ലീഷ് മരുന്നുകളു’ടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഭയം, താരതമ്യേന ഉയർന്ന ചികിത്സാചെലവുകളുണ്ടാവുമെന്ന ആശങ്ക തുടങ്ങിയവയാണ് ജനങ്ങളെ ഇത്തരത്തിലുള്ള ചികിത്സാരീതികളിലേക്ക് ആകർഷിക്കുന്നത്.

മനഃശാസ്ത്രപരമായ
പ്രധാന കാരണങ്ങൾ:
1. പ്ലാസിബോ ഇഫക്ട് (Placebo Effect) മൂലമുണ്ടാവുന്ന മാനസികമായ വിശ്വാസം:
മരുന്ന് കഴിക്കുന്നുണ്ടെന്നും ചികിത്സയെടുക്കുന്നുണ്ടെന്നുമുള്ള ചിന്ത രോഗിയിൽ ഉണ്ടാക്കുന്ന അനുകൂലമായ ഒരുതരം മാറ്റമാണിത്. ഇതുവഴി ലഘുവായ രോഗങ്ങൾ ഒരു പരിധിവരെ സുഖപ്പെടുന്നു.
2. ശരീരത്തിന്റെ സ്വയം സുഖപ്പെടൽ:
പല രോഗങ്ങളും വിശ്രമം, അനുയോജ്യമായ ആഹാരക്രമം, വ്യായാമം മുതലായവയിലൂടെ മാത്രം സുഖപ്പെടുന്നവയാണ്. എല്ലാ രോഗങ്ങളെയും സ്വാഭാവികമായി ചെറുക്കുന്ന ഒരു പ്രവണത മനുഷ്യ ശരീരത്തിനുണ്ട്. അതുവഴി രോഗം സുഖപ്പെടുമ്പോൾ അത് സമാന്തര മരുന്നിന്റെ ഗുണമാണെന്ന് രോഗികൾ തെറ്റിദ്ധരിക്കുന്നു.
3. ചികിത്സയിലൂടെ ലഭിക്കുന്ന ഉയർന്ന മാനസിക സംതൃപ്തി വഴി രോഗലക്ഷണങ്ങൾക്ക് താൽക്കാലിക ശമനം അനുഭവപ്പെടുന്നു. ഇത് മരുന്നുകളുടെ ഫലമാണെന്ന് രോഗി തെറ്റിദ്ധരിക്കുന്നു.
4. ചികിത്സാരീതിയുടെ പ്രത്യേകത:
ഹോമിയോപ്പതി ഡോക്ടർമാർ രോഗിയുടെ ജീവിതചര്യകളും മാനസികാവസ്ഥയും ഇഷ്ടങ്ങളും മുതൽ കുട്ടിക്കാലത്തെ അനുഭവങ്ങൾവരെ വിശദമായി ചോദിച്ചറിയാറുണ്ട്. ഇതുവഴി ലഭിക്കുന്ന വൈകാരിക പിന്തുണ തിരക്കേറിയ മോഡേൺ മെഡിസിൻ ആശുപത്രികളിൽ ലഭിക്കാത്ത ഒന്നാണ്. വ്യക്തിപരമായ പരിഗണന ഇവിടെ രോഗിക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്കകൾ പൂർണ്ണമായി കേൾക്കാൻ ഒരാളുണ്ടെന്ന ചിന്ത രോഗശാന്തിക്ക് ഇടയാക്കും. രോഗിയെ ഇത്രയധികം മനസ്സിലാക്കുന്ന ഡോക്ടർ നൽകുന്ന മരുന്ന് ഫലിക്കാതിരിക്കില്ല എന്ന കടുത്ത വിശ്വാസം ഇത് വഴി ജനിക്കുന്നു. ഇത് അറിഞ്ഞുകൊണ്ടല്ലാതെ നടക്കുന്ന മനഃശാസ്ത്രപരമായ സമീപനത്തിന്റെ ഫലമാണ്.
5. പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഭയം:
ആധുനിക മരുന്നുകൾക്ക് പാർശ്വഫലങ്ങൾ കൂടുതലാണെന്ന ഭയം എല്ലാ വിഭാഗം ജനങ്ങൾക്കിടയിലുമുണ്ട്. അതേസമയം ഹോമിയോപ്പതി മരുന്നുകൾ പ്രകൃതിദത്തവും ദോഷമില്ലാത്തതുമാണെന്ന തോന്നൽ രോഗികളിൽ ഒരുതരം സുര ക്ഷിതത്വബോധം സൃഷ്ടിക്കുന്നു.
6. ലളിതമായ മരുന്നുകൾ:
മധുര ഗുളികകൾ, തുള്ളിമരുന്നുകൾ തുടങ്ങി കഴിക്കാൻ എളുപ്പമുള്ളതായതിനാൽ കുട്ടികൾക്ക് അസുഖം വരുമ്പോൾ ഹോമിയോ മരുന്നുകൾ നൽകാനുള്ള താൽപര്യം കൂടുന്നു. കയ്പുള്ള മരുന്നുകളോടും ഇൻജെക്ഷനോടും ശസ്ത്രക്രിയകളോടുമൊ ക്കെയുള്ള ഭയം മൂലവും ഒരു വിഭാഗം ഹോമിയോ ചികിത്സകളിലേക്ക് പോകുന്നു.
മനുഷ്യമനസ്സിന്റെ പ്രത്യേകത
ചില കാര്യങ്ങൾ മാത്രം ഓർത്തുവെക്കുകയും അവയിൽ വിശ്വസിക്കുകയും അതേസമയം സമാനമായ ചിലത് അവഗണിക്കുകയും ചെയ്യുന്നത് മനുഷ്യമനസ്സിന്റെ പ്രത്യേകതയാണ്. ഇതിനെ കോഗ്നിറ്റീവ് ബയാസ് (Cognitive Biases), കൺഫർമേഷൻ ബയാസ് (Confirmation Biases) എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്.
ഉദാഹരണത്തിന് ഹോമിയോപ്പതി വഴി ആർക്കെങ്കിലും രോഗം മാറിയ കഥകൾ മാത്രം ആളുകൾ ഓർത്തുവെക്കുകയും ചികിത്സയിലെ പരാജയങ്ങൾ അവഗണിക്കുകയും ചെയ്യുന്നു. ഇതിനു പുറമെ ശാസ്ത്രീയ തെളിവുകളേക്കാൾ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വ്യക്തിപരമായ അനുഭവങ്ങൾക്കാണ് ചില ആളുകൾ വില കൽപ്പിക്കുന്നത്.
ഭൂതകാലത്തോടുള്ള മമതയും മനുഷ്യരിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ്. ‘പഴയതാണ് നല്ലത്’ എന്ന ചിന്താഗതി ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് വളരെ ശക്തമാണ്. ഈ ചിന്ത ശാസ്ത്രീയമായ കണ്ടെത്തലുകളേക്കാൾ സ്വാധീനം ചെലുത്തുന്നതാണ്. ഇതും ഹോമിയോ- ആയുർവേദ ചികിത്സകളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നു. ആധുനിക വൈദ്യ ശാസ്ത്രം വളരെ ചെലവേറിയ ചികിത്സയാണെന്ന ചിന്താഗതിയും ജനങ്ങളെ ഇതര ചികിത്സാരീതികളിലേക്ക് ആകർഷിക്കുന്നതാണ്. മോഡേൺ മെഡിസിൻ ചികിത്സയുടെ ഭാഗമായി അനാവശ്യ പരിശോധനകൾ നടത്തേണ്ടിവരുമെന്നും അനാവശ്യമരുന്നുകൾ കഴിക്കേണ്ടിവരുമെന്നുമുള്ള ചിന്തയും ജനങ്ങളിലുണ്ട്. ഇതിന് ആക്കം കൂട്ടുന്നതാണ് മെഡിക്കൽ മാഫിയകളെക്കുറിച്ചുള്ള ഭീതിയും വ്യാജ പ്രചാരണങ്ങളും.
തെറ്റിദ്ധരിപ്പിക്കുന്ന
സൂത്രങ്ങൾ
ഇത്തരം ചികിത്സകർ അവകാശപ്പെടുന്ന മറ്റൊരു കാര്യം, മരുന്ന് കഴിച്ച് രോഗശമനം വരാതെ രോഗം കൂടുമ്പോൾ, അത് ശരീരം രോഗത്തോട് പ്രതികരിക്കുന്നതാണെന്നും ഉള്ളിലെ രോഗം പുറത്തേക്ക് വരികയാണെന്നും (Aggravation/Healing Crisis) പിന്നീട് മാറുമെന്നുമാണ്. ഇത് രോഗിയിലുണ്ടാകുന്ന ഭയം മാറ്റി പ്രത്യാശ നൽകാനുള്ള ഒരു മികച്ച മനഃശാസ്ത്രപരമായ പ്രതിരോധമാണ്. കൂടാതെ സങ്കീർണ്ണമായ മെഡിക്കൽ പദാവലികൾക്ക് പകരം, ശരീരത്തിലെ ‘ജീവഊർജ്ജം’ (Vital Force) കുറയുന്നതുകൊണ്ടാണ് രോഗം വരുന്നത് എന്ന തരത്തിലുള്ള ലളിതമായ വിശദീകരണങ്ങൾ സാധാരണക്കാർക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുകയും ചെയ്യുന്നു.
ഇതിനെല്ലാം സമാന്തരമായി മോഡേൺ മെഡിസിൻ മരുന്നുകൾ കെമിക്കലുകളാണെന്നും അവ അവയവങ്ങളെ നശിപ്പിക്കുമെന്നുമുള്ള പ്രചരണവും ഇക്കൂട്ടരുടെ ഭാഗത്തുനിന്നുണ്ട്.
സമാന്തര ചികിത്സകൾ അവകാശപ്പെടുന്ന മറ്റൊന്ന് ‘രോഗത്തിന്റെ വേര് അറുക്കും’ എന്ന അവകാശവാദമാണ്. ആധുനിക ചികിത്സകൾ ലക്ഷണങ്ങളെ മാത്രം മാറ്റുമ്പോൾ, സമാന്തര ചികിത്സ രോഗത്തിന്റെ വേരറുക്കും (Root Cause Cure) എന്ന് കേൾക്കുമ്പോൾ അത് വിട്ടുമാറാത്ത രോഗങ്ങളുള്ളവരിൽ വലിയ പ്രതീക്ഷ നൽകുന്നു. കൂടാതെ ഇത്തരം ചികിത്സയിലൂടെ രോഗശമനത്തിന് സമയമെടുക്കും എന്ന ‘മുൻകൂർ ജാമ്യം’ വഴി രോഗം സ്വാഭാവികമായി മാറാൻ ശരീരം എടുക്കുന്ന സമയം വരെ ഡോക്ടർക്ക് രോഗിയെ കൂടെ നിർത്തുകയും രോഗശമനം തന്റെ ചികിത്സകൊണ്ടാണെന്ന് ധരിപ്പിക്കുകയും ചെയ്യാനാവുന്നു.

വൈരുദ്ധ്യാത്മക ശാസ്ത്രം
ഹോമിയോ ചികിത്സയുടെ പ്രധാനപ്പെട്ട ഒരു അവകാശവാദം ഹോമിയോപ്പതിയിൽ മരുന്നുകൾ നേർപ്പിക്കുമ്പോൾ (Dilution) വീര്യം അല്ലെങ്കിൽ ‘പൊട്ടൻസി’ വർദ്ധിക്കുന്നു എന്നതാണ്. ഈ പ്രതിഭാസത്തെ ‘പൊട്ടൈന്റസേഷൻ’ (Potentization) എന്നാണ് വിശേഷിപ്പിക്കുന്നത്. ആധുനിക മരുന്നുകളിൽ രാസവസ്തുക്കളുടെ അളവ് കൂടുമ്പോൾ വീര്യം കൂടുമെങ്കിൽ, ഹോമിയോപ്പതിയിൽ ഇതിന് നേരെ വിപരീതമായാണ് വിശ്വസിക്കപ്പെടുന്നത്.
ഒരു ഔഷധ പദാർത്ഥം (Mother Tincture) വെള്ളത്തിലോ ആൽക്കഹോളിലോ ചേർത്താണ് നേർപ്പിക്കുക. ഓരോ തവണ നേർപ്പിക്കുമ്പോഴും ഈ ലായനി ശക്തിയായി കുലുക്കുകയും ചെയ്യുന്നു (Succussion). ആവർത്തിച്ചുള്ള ഈ നേർപ്പിക്കലും കുലുക്കലും വഴി ഔഷധത്തിന്റെ ഭൗതികമായ രാസഗുണങ്ങൾ മാറി, അതിന്റെ ‘പ്രേരക ശക്തി’ (Vital Energy / Dynamic Power) ഉണർത്തപ്പെടുമെന്നും, അതു വഴി രോഗശാന്തിക്കുള്ള ശേഷി കൂടുമെന്നുമാണ് ഹോമിയോപ്പതി ഫിലോസഫി അവകാശപ്പെടുന്നത്.
ഒരുതരത്തിലുള്ള ശാസ്ത്രീയ അടിത്തറയുമില്ലാത്ത ‘തിയറി’ ആണിത്. അതിനേക്കാൾ കഷ്ടമായി തോന്നുന്നത് പ്ലസ്-ടു, ഡിഗ്രി വരെ കെമിസ്ട്രിയും ഫിസിക്സുമെല്ലാം പഠിച്ചശേഷം ഈ വിഷയങ്ങൾ കൂടുതൽ മികവോടെ പഠിച്ച് എൻട്രൻസ് പരീക്ഷയും പാസായി വന്നവരാണ് പിന്നീട് ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം ചികിത്സകളുടെ വക്താക്കൾ ആയി മാറുന്നത് എന്നതാണ്.
അനുഭവകഥകളോടുള്ള പ്രിയം
ശാസ്ത്രീയമായ ലാബ് റിപ്പോർട്ടുകൾക്ക് പകരം ‘എന്റെ അടുത്തു വന്ന ഒരു രോഗിയെ ഞാൻ രണ്ട് ഡോസ് മരുന്നുകൊണ്ട് സുഖപ്പെടുത്തി’, ‘‘എന്റെ ബന്ധുവിന് ഇതുപോലെ രോഗം വന്നപ്പോൾ 'അലോപ്പതി' മരുന്നുകഴിച്ച് അലർജി വന്നു.. പിന്നീട് സമാന്തര ചികിത്സ ചെയ്താണ് മാറിയത്’’ തുടങ്ങിയ തരത്തിലുള്ള കഥകൾ (Anecdotes) പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും രോഗികളിൽ പെട്ടെന്ന് സ്വാധീനമുണ്ടാക്കുന്നു. മനുഷ്യൻ എപ്പോഴും ശാസ്ത്രീയ ഡാറ്റയേക്കാൾ വിശ്വസിക്കുന്നത് ഇത്തരം അനുഭവകഥകളെയാണ്.
അതുകൊണ്ടുതന്നെ ‘സമാന്തര ഡോക്ടർമാർ’ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്കും അവർ രോഗികളെ സമീപിക്കുന്ന രീതികൾക്കും പിന്നിൽ ശക്തമായ ചില മനഃശാസ്ത്രപരമായ തന്ത്രങ്ങളും തത്ത്വങ്ങളും എളുപ്പത്തിൽ കണ്ടെത്താനാവും. ശാസ്ത്രീയമായ തെളിവുകളേക്കാൾ രോഗിയുടെ മനസ്സിനെ സ്വാധീനിച്ചാണ് ഈ ചികിത്സ പലപ്പോഴും ഫലപ്രദമെന്ന് തോന്നിപ്പിക്കുന്നത്.

ജനമനസ്സിൽ ‘സയൻസി’ലുള്ള
വിശ്വാസം ശക്തം
അസുഖം വരുമ്പോൾ ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ, അക്യൂപങ്ചർ പോലുള്ള ഇതര ചികിത്സാരീതികളെ ആശ്രയിക്കുന്ന പൊതുസമൂഹം രോഗം മാറിയില്ലെങ്കിൽ ഒരിക്കലും ഈ ചികിത്സാരീതികളെ കുറ്റപ്പെടുത്തി മുന്നോട്ടുവരികയോ കോടതികളെ സമീപിക്കുകയോ ചെയ്യാറില്ല. അതേസമയം ആധുനിക ആശുപത്രികളിലെ ചകിത്സയിലുണ്ടാവുന്ന ചെറിയൊരു പരിമിതി പോലും ‘സഹിക്കാൻ’ ജനം സന്നദ്ധമല്ല. ഇത്തരം സാഹചര്യങ്ങളിൽ ചികിത്സാപിഴവിനെതിരെ ബന്ധപ്പെട്ടവർ മാധ്യമങ്ങളെയും പോലീസിനെയും കോടതിയെയുമെല്ലാം സമീപിക്കുന്നത് പതിവാണ്. ഇതിനർത്ഥം ഇതര ചികിത്സാരീതികളിൽ നിന്ന് അവർ ‘സയൻസി’നെ പ്രതീക്ഷിക്കുന്നില്ല എന്നു മാത്രമല്ല, ആധുനിക വൈദ്യശാസ്ത്ര ചികിത്സകളെ പൂർണ്ണമായി വിശ്വസിക്കുകയും ചെയ്യുന്നു എന്ന കൗതുകകരമായ വസ്തുതയാണ്
‘സയൻസ്’ നിർമ്മിച്ച ഒരു ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. വാഹനങ്ങളും മൊബൈൽ ഫോണും ഫാനും ഫ്രിഡ്ജുമെല്ലാം സയൻസിന്റെ സംഭാവനയാണ്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് സയൻസ് നൽകുന്ന ഫലത്തെക്കുറിച്ച് കൃത്യമായ ധാരണയും പ്രതീക്ഷയുമുണ്ട്. അതുകൊണ്ടാണ് ആധുനിക ചികിത്സയിലെ പ്രശ്നങ്ങൾ പലപ്പോഴും വലിയ വാർത്തകളായിത്തീരുന്നത്.
ആഗോളതലത്തിൽ
വിശ്വാസ്യത നഷ്ടമായ ചികിത്സ
പല രാജ്യങ്ങളും ഹോമിയോപ്പതി വ്യാജചികിത്സയാണെന്ന (Pseudotherapy) വിലയിരുത്തലിൽ ഔദ്യോഗിക ആരോഗ്യസംവിധാനങ്ങളിൽനിന്ന് അതിനെ പുറത്താക്കിയിട്ടുണ്ട്. ഫ്രാൻസ്, യു.കെ, റഷ്യ, ഓസ്ട്രേലിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ഹോമിയോ ചികിത്സക്ക് കടുത്ത നിയന്ത്രണങ്ങളുണ്ട്. അതേസമയം ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം തുല്യമായ പദവി നൽകി സർക്കാർ ഫണ്ടോടെ ഹോമിയോപ്പതിയെ പ്രോത്സാഹിപ്പിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ എന്നത് ഖേദകരമാണ്.
ശാസ്ത്രീയ അടിത്തറയില്ലാത്ത ചികിത്സകൾക്ക് പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കരുത് എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്ന് ഹോമിയോപ്പതിയുടെ ജന്മനാടായ ജർമ്മനിയിൽ സർക്കാർ ഇൻഷുറൻസ് കമ്പനികൾ (Statutory Health Insurance) ഹോമിയോപ്പതി ചികിത്സയ്ക്കുള്ള ചെലവുകൾ രോഗികൾക്ക് തിരികെ നൽകുന്ന രീതി (Refund/Reimburse- ment) ഘട്ടങ്ങളായി പൂർണ്ണമായും ഒഴിവാക്കാൻ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.
Read: കൽപിതകഥയല്ല
ശാസ്ത്രം
ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

