ഒരു ഡോക്ടറാകണം എന്നതായിരുന്നു എന്റെ ആഗ്രഹം. എന്റെ രക്ഷിതാക്കളും അതാഗ്ര ഹിച്ചിരുന്നു. നിർഭാഗ്യവശാൽ ഞാൻ നല്ലൊരു രോഗിയായിട്ടാണ് മാറിയത്. ഡോക്ടറാകണം എന്ന ആഗ്രഹത്തിൽ പ്രീ ഡിഗ്രിക്ക് സെക്കൻ്റ് ഗ്രൂപ്പാ യിരുന്നു അന്നെടുത്തത്. ഫസ്റ്റ് ഗ്രൂപ്പ് എന്നാൽ എഞ്ചിനീയറാകാനും, സെക്കൻ്റ് ഗ്രൂപ്പ് എന്നാൽ എം.ബി.ബി.എസിന് എന്നുമായിരുന്നു വെപ്പ്.
ഇന്നത്തെപ്പോലെ പലവിധ എൻട്രൻസ് പരീക്ഷകളൊന്നും അന്നില്ല. പ്രീ ഡിഗ്രിയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഭാവി നിർണ്ണയിക്കപ്പെടുക. സംഗീതത്തോടുള്ള അഭിനിവേശം മൂത്ത് പഠനത്തിൽ ശ്രദ്ധിക്കാതായപ്പോൾ പ്രീഡിഗ്രി പരീക്ഷ വിജയകര മായിത്തന്നെ തോറ്റു. അതോടെ ഡോക്ടറാകാനുള്ള മോഹവും അസ്തമിച്ചു.
വട്ടോളിയിൽ പ്രവർത്തിച്ചിരുന്ന പപ്പു ഡോക്ടറായിരി ക്കാം ഈ ഭാഗത്തെ ഏറ്റവും സീനിയറായ എം.ബി.ബി.എസ് ഡോക്ടർ. വടകരയിൽ ആദ്യ കാലത്ത്, എന്നുപറഞ്ഞാൽ എന്റെ കുട്ടിക്കാലത്ത് ആതുരസേവനരംഗത്ത് പ്രവർത്തിച്ച രണ്ടു ഡോക്ടർമാർ നാണു നമ്പ്യാരും പി.വി. ബാല കൃഷ്ണനുമാണ്. ഇതിൽ ഡോ. പി.വി. ബാലകൃഷ്ണൻ വടകര മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാനുമായിരുന്നു. ആ കൗൺസിലിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വനിതാ പ്രതിനിധിയായി എന്റെ അമ്മ എ. ശാന്തയും പ്രവർത്തിച്ചിരുന്നു. എന്റെ പിതാവ് വി.ടി. കുമാരന്റെ അടുത്ത സുഹൃത്തായിരുന്നു ബാലകൃഷ്ണൻ ഡോക്ടർ. ചെറിയ അസുഖങ്ങളൊക്കെ വരുമ്പോൾ അന്നൊക്കെ അദ്ദേഹത്തിന്റെ അടുത്താണ് പോവുക.
വടകരയിലെ പ്രൈവറ്റ് ഡോക്ടർമാരിൽ പ്രമുഖനായ ഒരാൾ പിന്നീട് വന്ന ഡോ. ഗണപതിയായിരുന്നു. എം.ഡി ബിരുദമുള്ള ഒരു ഡോക്ടറും അദ്ദേഹമായിരുന്നു എന്ന് തോന്നുന്നു. കാർഡിയോ ളജിസ്റ്റൊന്നും അന്ന് വടകരയിൽ ഇല്ല. അച്ഛന് ഹൃദയ സംബന്ധിയായ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ ഡോ. ഗണപതിയെയാണ് സമീപിക്കാറ്. ഇ.സി.ജി. മെഷീനല്ലാതെ മറ്റു വല്ല ഉപകരണങ്ങളും അന്നുണ്ടോ?
ആദ്യകാലം മുതലേ എന്നെ അലട്ടിയിരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നം എന്റെ ശബ്ദവുമായി ബന്ധപ്പെട്ടതായിരുന്നു. ഒരു പാട്ടുകാരൻ എന്ന നിലയിൽ എന്റെ വലിയ പ്രശ്നം അതുതന്നെയാ യിരുന്നു. ഇപ്പോഴും ശബ്ദമടപ്പ് വന്നാൽ മാനസികമായിത്തന്നെ തളർന്നുപോകും. എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചുപോകും. മറ്റുള്ള വർക്ക് രണ്ടുദിവസം വിശ്രമം കൊടുത്താൽ മാറാവുന്ന ഒരു കാര്യമായിരിക്കും. പക്ഷേ ഒരു പാട്ടുകാരനെ സംബന്ധിച്ചിടത്തോളം അത്തരമൊരവസ്ഥയെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ല. ഏതു ഇ.എൻ.ടി. ഡോക്ടറെ കണ്ടാലും അവർ പ്രധാനമായി നിർദ്ദേശിക്കുന്നത് വോയ്സ് റസ്റ്റായിരിക്കും. ഒരു പരിപാടി ഏറ്റുപോയിട്ടുണ്ടെങ്കിൽ എന്തുചെയ്യും? ആ ചിന്ത വലിയ പ്രശ്നമാണ്.
രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഞാനാദ്യം പരിശോധിക്കുന്നത് എന്റെ ശബ്ദമാണ്. അതിന്നലത്തെപ്പോലെത്തന്നെ ഉണ്ടോ, അല്ലെങ്കിൽ അതിനെന്തൊക്കെ വ്യതിയാനങ്ങൾ വന്നിട്ടുണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്തുക. ചെറിയ വ്യത്യാസങ്ങൾ വന്നാൽത്തന്നെ ഞാനസ്വസ്ഥനാവും. കോഴി ക്കോടുമായി കൂടുതൽ ബന്ധപ്പെടാൻ തുടങ്ങിയതോടെയാണ് എനിക്കീ കാര്യത്തിൽ കുറെ ആത്മവിശ്വാസം കൈവന്നത്. കൃത്യമായി പറഞ്ഞാൽ അവിടെ മിംസ് ഹോസ്പിറ്റലിലെ ഇ.എൻ.ടി. വിഭാഗത്തിലെ ഡോക്ടറായ രവിയുമായി ബന്ധപ്പെടാൻ കഴിഞ്ഞതിനുശേഷമാണത്. മിംസിലെത്തന്നെ എമർജൻസി വിഭാഗത്തിൽ പ്രവർത്തിക്കുന്ന, സഹോദരതുല്യം ഞാൻ സ്നേഹിക്കുന്ന ഡോ. പി.വി. വേണുഗോപാൽ ആണ് എന്നെ ഡോ. രവിയുമായി ബന്ധപ്പെടുത്തിയത്. മിംസിലെ ഇ.എൻ.ടിയിൽത്തന്നെയുള്ള ഡോ. മനോജും എന്റെ കണ്ഠത്തിന്റെ സംരക്ഷകനായി.
തൊണ്ടയ്ക്ക് പ്രശ്നങ്ങൾ വരുമ്പോൾ ഡോ. രവിയുണ്ടല്ലോ എന്ന് ആശ്വസിക്കുന്ന രീതിയിൽ ആ ബന്ധം വളർന്നു. തൊണ്ടയെ, പാട്ടുകാരുടെ തൊണ്ടയെ പ്രത്യേകമായി കാണേതുണ്ടെന്നും അതിന് മറ്റ് പരിക്കുകൾ ഏല്പിക്കാതെ സൂക്ഷിക്കേണ്ടതുണ്ടെന്നും ഡോ. രവിയും മനോജും ചിന്തിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഇതെന്റെ സംഗീതജീവിതത്തിനുണ്ടാക്കിത്തന്ന ധൈര്യം ചില്ലറയല്ല. ചിലപ്പോഴൊക്കെ തൊണ്ടയ്ക്ക് പ്രശ്നങ്ങൾ വരുമ്പോൾ ഫോണിൽക്കൂടി തന്നെ നിർദ്ദേശങ്ങൾ തരും. ചിലപ്പോഴൊക്കെ വടകര ഗവ. ആശുപത്രിയിലുണ്ടായിരുന്ന കലാകാരി കൂടിയായ ഡോ. രമ്യ വിനോദും എന്നെ സഹായിക്കാറുണ്ട്.
നമ്മുടെ ശബ്ദത്തിനെന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് കൃത്യമായി വരച്ചുകാണിച്ചുതരും, ഡോ. രവി. സംഗീതത്തോടുള്ള താത്പര്യം കൊണ്ടുതന്നെയാണദ്ദേഹം മിംസ് ഹോസ്പിറ്റലിൽ ഒരു വോയ്സ് ക്ലബ്ബുണ്ടാക്കിയത്. അത്തരം ആളുകളെ പരിശോധിക്കാനായി മാത്രം ചില സംവിധാനങ്ങൾ. വോയ്സ് ക്ലബിന്റെ ഒരു ഭാരവാഹി കൂടിയായിരുന്നു ഞാൻ. ഇപ്പോൾ അത്തരം പ്രവർത്തനങ്ങളൊക്കെ അവിടെ നടക്കുന്നുണ്ടോ എന്നറിയില്ല. ശബ്ദത്തെക്കുറിച്ചും ഇ.എൻ.ടി. വിഭാഗത്തിൽ വരുന്ന രോഗങ്ങളെക്കുറിച്ചുമൊക്കെ ഡോ. രവി ക്ലാസുകളെടുക്കുമായിരുന്നു.

ചിലപ്പോഴൊക്കെ ദീർഘമായ ഇടവേളകൾക്കു ശേഷമായിരിക്കും ചില പ്രശ്നങ്ങളുമായി ഡോ. രവിയെ സമീപിക്കുന്നത്. കണ്ടിട്ട് കുറെ കാലമായി എന്ന് ഞാൻ പറയുമ്പോൾ അദ്ദേഹം പറയും, അത് നല്ലതല്ലേ. ചികിത്സക്കായിട്ടല്ലാതെ കാണണമെന്നല്ലേ നമ്മൾ ആഗ്രഹിക്കേണ്ടത്.
ഇതൊരു സമീപനമല്ലേ?. ഡോക്ടർമാർ ജീവിതത്തിൽ പുലർത്തേണ്ട ഒരു ധർമ്മമല്ലേ. ഈ എഴുപതാമത്തെ വയസ്സിലും ഞാൻ പാടിക്കൊണ്ടിരിക്കുന്നത് ഡോ. രവി കൂടെയുണ്ട് എന്ന ധൈര്യത്താലാണെന്നെനിക്ക് തോന്നാറുണ്ട്.
2004- ൽ ഒരുദിവസം ഞാൻ കോഴിക്കോട് ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയിൽ ചില പാട്ടുകൾ റെക്കോർഡ് ചെയ്യുകയായിരുന്നു. കുട്ടികൾക്കു വേണ്ടിയുള്ള കിളിത്തൂവൽ എന്നൊരാൽബം. പാടുന്നത് കുട്ടികളാണ്. ഒ.എൻ.വി.യും സുഗതകുമാരിയുമൊക്കെ എഴുതിയ പാട്ടുകൾക്ക് സംഗീതം നൽകിയത് ഞാൻ. റെക്കോർഡിംഗ് നടന്നുകൊണ്ടിരിക്കേ സ്റ്റുഡിയോയുടെ എ.സിയുടെ തണുപ്പിലും എനിക്ക് വിയർക്കുന്നു. താളമൊക്കെ കൊടുക്കാൻ വേണ്ടി എന്റെ കൈ പൊങ്ങുന്നില്ല. എന്താണെന്നറിയാതെ എനിക്കാകെ പരിഭ്രമമായി. സ്റ്റുഡിയോയുടെ പുറത്തുവന്ന് ഞാൻ ഡോ. വേണുഗോപാലിനെ വിളിച്ചു കാര്യം പറഞ്ഞു. ഒട്ടും സമയം വൈകാതെ ഹോസ്പിറ്റലിൽ എത്താൻ വേണു പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു. ഞാൻ അങ്ങോട്ടുവന്ന് കൂട്ടിക്കൊണ്ടുവരാൻ നിന്നാൽ അത്രയും സമയം പോകും, ഉടനെ ഇവിടെ എത്തണം എന്നാണദ്ദേഹം പറഞ്ഞത്.
റെക്കോർഡിംഗ് നിർത്തിവച്ച് ഞാനുടനെ മിംസിൽ എത്തി. കൈയിൽ ആകെ നൂറു രൂപയേ ഉള്ളൂ. പരിശോധനകൾക്കായൊക്കെ കൗണ്ടറിൽ കാശുടനെ അടയ്ക്കണം. കൂടെ ആരുമില്ല. ഡോ. വേണു തന്റെ ചെക്കൊപ്പിട്ട് കൗണ്ടറിൽ കൊടുത്തു. ഞാൻ അവിടെ അഡ്മിറ്റായി. പിന്നീട് ബൈപ്പാസ് സർജറി കഴിഞ്ഞാണ് ഞാൻ ഹോസ്പിറ്റലിൽനിന്ന് പുറത്തിറങ്ങിയത്. 2004 ജൂലൈയിൽ ആയിരുന്നു അത്.
സർജറിയിലേക്കെത്തുന്നതിനു മുമ്പുതന്നെ എനിക്ക് ഡോ. ആശിഷ് കുമാറിനെ അറിയാമായിരുന്നു. എന്റെ അമ്മയുടെ കാർഡിയോളജിസ്റ്റായിരുന്നു അദ്ദേഹം. ചെറിയ എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾപോലും അമ്മ അദ്ദേഹത്തെ കാണണമെന്ന് നിർബന്ധം പിടിക്കും. കണ്ടാൽ തന്നെ ആശ്വാസം കിട്ടും എന്ന് ഡോക്ടറോടുതന്നെ പറയും. അന്നുമുതലേ ഡോക്ടറെ എനിക്കടുത്തറിയാം. ഞാനും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് എന്റെ ഹൃദയാരോഗ്യത്തെ സംരക്ഷിച്ചുപോന്നിരുന്നത്.
സർജറി ചെയ്തത് ഡോ. മുരളി വെട്ടത്താണ്. സദാ ഉന്മേഷവാനായ ഒരു മനുഷ്യൻ. ഹൃദയശസ്ത്രക്രിയാരംഗത്ത് പ്രശസ്തനായ ഭിഷഗ്വരൻ. ശസ്ത്രക്രിയയ്ക്കുശേഷം ഒന്നുരണ്ടു തവണ റിവ്യൂവിനാ യി കണ്ടിട്ടുണ്ടെങ്കിലും സ്ഥിരമായി എന്റെ ഹൃദയത്തിന്റെ സംരക്ഷണം ഡോ. ആശിഷ്കുമാറാണ് നിർവ്വഹിക്കുന്നത്. ഡോ. മുരളിയുമായുള്ള നല്ല സൗഹൃദബന്ധം ഇപ്പോഴും എനിക്കുണ്ട്. അദ്ദേഹം ശസ്ത്രക്രിയ ചെയ്ത നൂറു കണക്കിന്, ആയിരക്കണക്കിനു എന്നു തന്നെ പറയാം, ഹൃദ്രോഗികളിൽ ഒരാളായി മാത്രമല്ല അദ്ദേഹമെന്നെ കാണുന്നത് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ഒരു കലാകാരനോടുള്ള സ്നേഹം അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ എപ്പോഴും ഞാനനുഭവിച്ചിരുന്നു.
അവരുടെയെല്ലാം തിരക്കേറിയ ജീവിതത്തിലും വായനയും സംഗീതവും കൊണ്ടുനടക്കുന്നു എന്ന അറിവ് ഡോക്ടർമാരെക്കുറിച്ചുള്ള എന്റെ പല ധാരണകളും തിരുത്താൻ എന്നെ സഹായിച്ചു. ഇവരുമായൊക്കെയുള്ള ബന്ധം അവരുടെ കുടുംബങ്ങളിലേക്കുകൂടി വ്യാപിച്ചു. വേണുവിന്റെ ഭാര്യ സുപ്രിയ എനിക്ക് സ്വന്തം സഹോദരിതന്നെ.
എന്റെ ശരീരത്തിൽ കഴുത്തുമുതൽ താഴോട്ട് കാൽ മുട്ടുകൾ വരെ സർജറിയുടെ പാടുകളാണ്. രണ്ടു പ്രാവശ്യം ഹെർണിയയ്ക്കും സർജറി ചെയ്തിട്ടുണ്ട്. ആദ്യത്തെ തവണ കീറിയുള്ളതും രണ്ടാമത്തെ തവണ കീഹോളും. ആദ്യത്തെ തവണ വടകര ഗവ. ആശുപത്രിയിൽവച്ചാണ് നടന്നത്. ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അടുത്ത സുഹൃത്തായിരുന്ന ഡോ. മുഹമ്മദ് സെയ്ദാണ് ചെയ്തത്. കുഞ്ഞിക്കയുടെ സുഹൃത്തായതുകൊണ്ടുതന്നെ സെയ്ദ് ഡോക്ടർ ഞങ്ങളുടെയെല്ലാം അടുത്ത സുഹൃത്തായിരുന്നു എന്നുതന്നെ പറയാം. വടകരയിലെ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പലരുമായും അടുത്ത ബന്ധമാ യിരുന്നു അദ്ദേഹത്തിന്. വലിയ സാഹിത്യതല്പരനും സഹൃദയനുമായിരുന്നു ഡോ. സെയ്ദ്. സ്നേഹപൂർണ്ണമായ പെരുമാറ്റംകൊണ്ട് വടകരക്കാരെ കീഴടക്കിയ ഒരു ഡോക്ടറാണ് സെയ്ദ്. എല്ലാ ജോലികൾക്കും, എല്ലാ കഴിവുകൾക്കും അതിന്റേതായ മഹത്വമുണ്ട് എന്നെന്നെ ബോധ്യപ്പെടുത്തിയ ആൾ.
പൊതുവെ സാധാരണ മനുഷ്യരുമായി ഒരകലം സൂക്ഷിക്കുന്ന സ്വഭാവം ഡോക്ടർമാർക്കുണ്ട്. അതില്ലാതാക്കിയതിൽ വലിയ പങ്കുവഹിച്ചത് ഡോക്ടർ സെയ്ദും പിന്നീട് പുതിയ തലമുറയിൽപെട്ട ഡോക്ടർമാരുമാണ്. എനിക്കു വലിയ മതിപ്പുണ്ടാക്കിയ എല്ലാവരേയും കുറിച്ച് വിശദമായി പറയാൻ ഇവിടെ ഇടമില്ലല്ലോ. ഡോ. ആർ.ഗോവിന്ദൻ നായർ, ഡോ. എ.കെ. രാജൻ, ഡോ. കെ.സി. എബ്രാഹം, ഡോ. ശ്രീകാന്ത്, ഡോ. ഡാലിയ, ഡോ. കെ. മുരളീധരൻ തുടങ്ങിയവരെല്ലാം എനിക്ക് എത്രയോ പ്രിയപ്പെട്ടവർ തന്നെ. എന്നെ സംഗീതം പോലെ തഴുകിയ ഇവരെയെല്ലാം സ്നേഹത്തോടും നന്ദിയോടും കൂടി ഈയവസരത്തിൽ ഓർക്കട്ടെ.
READ: വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ
വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

