അമേരിക്കയില്ലാതെ WHO പകർച്ചവ്യാധി കരാർ; ലോകരാജ്യങ്ങൾക്ക് കൂട്ടുത്തരവാദിത്വം

പകർച്ചവ്യാധികളെ നേരിടുന്നതിന് ഏകോപനം കാര്യക്ഷമമാക്കാൻ അന്താരാഷ്ട്ര കരാറുമായി ലോകാരോഗ്യ സംഘടന. ചരിത്രപരമായി കരാറിനോട് അമേരിക്ക സഹകരിക്കില്ല. സംഘടനയുടെ 75 വർഷത്തെ ചരിത്രത്തിൽ ഇത്തരത്തിൽ രൂപംകൊടുക്കുന്ന രണ്ടാമത്തെ കരാറാണിത്.

കദേശം മൂന്ന് വർഷം നീണ്ടുനിന്ന പഠനങ്ങൾക്കും വിദഗ്ദരുമായുള്ള ആശയവിനിമയങ്ങൾക്കും ചർച്ചകൾക്കും ശേഷം പകർച്ചവ്യാധികളെ നേരിടുന്നതിനായി ആഗോളതലത്തിൽ ഒരു പുതിയ കരാറിന് കരടുരൂപം തയ്യാറാക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന (WHO). കോവിഡ് - 19 കാലത്ത് നേരിട്ടത് പോലൊരു പ്രതിസന്ധി ഇനി വരാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരട് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള കരാറിന് സംഘടനയിലെ ഭൂരിപക്ഷം രാജ്യങ്ങളും യോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന ലോകാരോഗ്യ അസംബ്ലിയിൽ ഈ കരട് രേഖയിൽ രാജ്യങ്ങളുടെ പ്രതിനിധികൾ ഒപ്പിട്ടതിന് ശേഷം മാത്രമേ ഇതൊരു ആഗോള കരാറായി നിലവിൽ വരികയുള്ളൂ. ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന ഘട്ടത്തിൽ ഡബ്ല്യൂ.എച്ച്.ഒയുടെ നേതൃത്വത്തിൽ ഏകോപനം സുഗമമാക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും കരാറിന് പിന്നിലുള്ളത്. കരാറിലൊപ്പിടുന്ന രാജ്യങ്ങളെല്ലാം തന്നെ തുല്യ ഉത്തരവാദിത്വത്തോടെ നടപടികൾ സ്വീകരിക്കേണ്ടതായി വരും.

നേരത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിർണായക റോളുണ്ടായിരുന്ന അമേരിക്ക ഈ കരാറിൻെറ ഭാഗമാവില്ല എന്ന വലിയ പ്രത്യേകതയുണ്ട്. കോവിഡ് -19 കാലത്ത് സംഘടനയുടെ നിർദ്ദേശങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന നിലപാടാണ് അന്നത്തെയും, ഇന്ന് വീണ്ടും അധികാരത്തിലിരിക്കുന്നതുമായ പ്രസിഡൻറ് ഡോണൾഡ് ട്രംപ് എടുത്തിരുന്നത്. കോവിഡ് കാലത്തെ ട്രംപിൻെറ നടപടികൾ കാരണം അമേരിക്കൻ ജനത വലിയ പ്രതിസന്ധി നേരിട്ടിരുന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് ട്രംപ് പരാജയപ്പെട്ടതിന് പിന്നിൽ കോവിഡ് കാലം കൈകാര്യം ചെയ്തതിലെ പിടിപ്പുകേടുകൾ ഒരു പ്രധാന കാരണമായിരുന്നു. രണ്ടാം തവണ അധികാരത്തിലേറിയ ഉടനെ ട്രംപ് എടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന് ലോകാരോഗ്യ സംഘടനയ്ക്ക് ഫണ്ട് നൽകില്ലെന്നാണ്. ലോകത്തെ മറ്റ് രാജ്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സാമ്പത്തികബാധ്യത പേറേണ്ട കാര്യം അമേരിക്കയ്ക്ക് ഇല്ലെന്നാണ് ട്രംപിൻെറ നിലപാട്. 2026-ന് ശേഷം അമേരിക്ക സംഘടനയുടെ ഭാഗമായി ഉണ്ടാവില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിലും അതിന് ലോകരാജ്യങ്ങളെ സഹായിക്കുന്നതിലും ലോകാരോഗ്യ സംഘടന പരാജയപ്പെട്ടതിനാലാണ് സംഘടനയിൽ നിന്ന് പിൻമാറുന്നതെന്നാണ് ട്രംപ് ഭരണകൂടം നൽകിയിരിക്കുന്ന മറ്റൊരു വിശദീകരണം. ഏതായാലും അമേരിക്കയെ പോലെ ലോകത്ത് നിർണായക സ്വാധീനമുള്ള ഒരു രാജ്യം പങ്കാളിയാവാത്ത ഒരു അന്താരാഷ്ട്ര കരാറെന്ന ചരിത്രപ്രാധാന്യം ഇതിനുണ്ട്. അമേരിക്കയൊഴികെ നിലവിൽ സംഘടനയിലുള്ള മറ്റെല്ല രാജ്യങ്ങളും കരാറിനോട് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്. ഡബ്ല്യൂ.എച്ച്.ഒയുടെ 75 വർഷത്തെ ചരിത്രത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ വിശാലമായ ആലോചനകൾക്ക് ശേഷം ഒരു അന്താരാഷ്ട്ര കരാറിന് രൂപം നൽകുന്നത്. നേരത്തെ 2003-ൽ പുകയില നിയന്ത്രണ കരാറാണ് ഇതുപോലെ ലോകരാജ്യങ്ങളെ മുഴുവൻ ഉൾപ്പെടുത്തി തയ്യാറാക്കിയിരുന്ന മറ്റൊരു കരാർ.

അമേരിക്കയൊഴികെ നിലവിൽ സംഘടനയിലുള്ള മറ്റെല്ല രാജ്യങ്ങളും  കരാറിനോട് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്. ഡബ്ല്യൂ.എച്ച്.ഒയുടെ 75 വർഷത്തെ ചരിത്രത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ വിശാലമായ ആലോചനകൾക്ക് ശേഷം ഒരു അന്താരാഷ്ട്ര കരാറിന് രൂപം നൽകുന്നത്.
അമേരിക്കയൊഴികെ നിലവിൽ സംഘടനയിലുള്ള മറ്റെല്ല രാജ്യങ്ങളും കരാറിനോട് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്. ഡബ്ല്യൂ.എച്ച്.ഒയുടെ 75 വർഷത്തെ ചരിത്രത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ വിശാലമായ ആലോചനകൾക്ക് ശേഷം ഒരു അന്താരാഷ്ട്ര കരാറിന് രൂപം നൽകുന്നത്.

യോജിച്ച ഏകോപനം ലക്ഷ്യം

കരാറിൽ ഒപ്പിടുന്ന രാജ്യങ്ങൾ ഭാവിയിൽ ലോകത്തെ ബാധിക്കുന്ന തരത്തിലുള്ള പകർച്ചവ്യാധി ഉണ്ടായാൽ എത്രയും പെട്ടെന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകാരോഗ്യ സംഘടനയുമായി പങ്കുവെക്കണം. രോഗനിർണയത്തിന് ശേഷം കൂടുതൽ ഗവേഷണങ്ങൾക്കും മറ്റും ശേഷം നടക്കുന്ന ചികിത്സാരീതികൾ, കണ്ടെത്തുന്ന വാക്സിൻ എന്നിവയെല്ലാം പങ്കുവെക്കേണ്ടതുണ്ട്. കോവിഡ് -19 ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് ചൈനയിലായിരുന്നു. എന്നാൽ തുടക്കത്തിൽ ലോകത്തിന് മുഴുവൻ ആവശ്യമായ വിവരങ്ങൾ ചൈന നൽകിയിരുന്നില്ല. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അത്തരം സാഹചര്യം ഒഴിവാക്കാനാണ് കരാറിൽ ഇങ്ങനെ ഒരു തീരുമാനം ഉൾപ്പെടുത്തിയിരിക്കുന്നത്. കണ്ടെത്തുന്ന വാക്സിൻെറ 10 ശതമാനം ലോകാരോഗ്യ സംഘടനയുമായി പങ്കുവെക്കണം. കൂടാതെ ലോകത്തെ ദരിദ്രരാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി വാക്സിൻ തയ്യാറാക്കിയവർ മറ്റൊരു 10 ശതമാനം കൂടി നൽകണം. കോവിഡ് 19 കാലത്ത് ദരിദ്രരാജ്യങ്ങൾക്ക് ആവശ്യമുള്ളത്ര വാക്സിൻ കിട്ടാത്ത സാഹചര്യവും ഉണ്ടായിരുന്നു. ഇത് പരിഹരിക്കുകയെന്നതാണ് കരാറിൻെറ മറ്റൊരു ലക്ഷ്യം. ആരോഗ്യമേഖലയിലെ സാങ്കേതികവിദ്യയും പരസ്പര സഹകരണത്തോടെ പങ്കുവെക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്.

READ RELATED CONTENTS
അമേരിക്ക ഇല്ലാത്ത WHO,
താബോ എംബെക്കിക്ക് പഠിക്കുന്ന ട്രംപ്, ലോകാരോഗ്യത്തിന്റെ രോഗാതുര ഭാവി

അമേരിക്ക ഇല്ലാത്ത
WHO-യുടെ ഭാവി

രോഗകാരിയുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്നെ ലഭിക്കുന്ന വിവരങ്ങൾ ഔഷധകമ്പനികൾക്ക് എത്രയും പെട്ടെന്ന് കൈമാറണമെന്നും കരാറിൽ പറയുന്നുണ്ട്. അതിലൂടെ രോഗത്തിനെതിരായ മരുന്നുകൾ കണ്ടെത്താനുള്ള പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കാൻ സാധിക്കുമെന്ന് കരുതുന്നു. ലോകത്ത് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമാണ് ഫാർമസ്യൂട്ടിക്കൽ രംഗത്ത് ഏറ്റവും കൂടുതൽ മരുന്നുകൾ ഉത്പാദിപ്പിക്കുന്നത്. കരാറിൻെറ പ്രാരംഭചർച്ചകൾ നടക്കുന്ന കാലത്ത് അമേരിക്കയിൽ ജോ ബൈഡൻെറ നേതൃത്വത്തിലുള്ള ഭരണകൂടമായിരുന്നു. മെഡിക്കൽ രംഗത്തെ സാങ്കേതികവിദ്യയും മറ്റും പരസ്പരം പങ്കുവെക്കുന്നതിനോട് ഇവർക്ക് ആ ഘട്ടത്തിൽ എതിർപ്പുണ്ടായിരുന്നു. നിലവിൽ അമേരിക്ക കരാറിൻെറ ഭാഗല്ലാതായി മാറിയിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ തത്വത്തിൽ കരാറിനെ അനുകൂലിക്കുന്നുണ്ട്. അമേരിക്കയുടെ സഹായം ഇല്ലാതാവുന്നതോടെ ചൈനയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയുമെല്ലാം സഹായം ലോകാരോഗ്യ സംഘടന കാര്യമായി പ്രതീക്ഷിക്കുന്നുണ്ട്. സംഘടനയിൽ ചൈന കൂടുതൽ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

കരാറിൻെറ പുറത്ത് രാജ്യങ്ങൾക്ക് മുകളിൽ നിർബന്ധബുദ്ധിയോടെ സമ്മർദ്ദം ചെലുത്താൻ ലോകാരോഗ്യ സംഘടന തയ്യാറാവില്ല. എന്നാൽ ലോകത്തെ ബാധിക്കുന്ന ഒരു പകർച്ചവ്യാധി പടർന്ന് പിടിക്കാൻ തുടങ്ങിയാൽ ഏത് തരത്തിൽ അതിനെ നേരിടണമെന്നും എങ്ങനെ രാജ്യങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ സഹകരിക്കാമെന്നുമുള്ള കാര്യങ്ങളിൽ കരാറിലൂടെ വളരെ പോസിറ്റീവായ മാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഓരോ രാജ്യത്തെയും ആഭ്യന്തര ആരോഗ്യവിഷയങ്ങളിൽ നേരിട്ട് ഒരിടപെടലിനും ലോകാരോഗ്യ സംഘടന ശ്രമിക്കില്ല. പൊതുവായുള്ള നിർദ്ദേശങ്ങളായിരിക്കും സംഘടന നൽകുക. രാജ്യങ്ങളുടെ ആഭ്യന്തരനയങ്ങളിലോ തീരുമാനങ്ങളിലോ പ്രവർത്തനങ്ങളിലോ ഒരിടപെടലും നടത്താനുള്ള സംഘടനയ്ക്കില്ലെന്ന് കരാർ വ്യക്തമാക്കുന്നുണ്ട്. വിദേശയാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തൽ, വാക്സിനേഷൻ, ലോക്ക്ഡൗൺ ഏർപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം അതത് രാജ്യങ്ങൾ തന്നെയാണ് തീരുമാനം എടുക്കേണ്ടത്. എന്നാൽ, കരാറിൻെറ പുറത്ത് സംഘടനയ്ക്ക് നിർദ്ദേശങ്ങൾ നൽകാൻ സാധിക്കും.

Comments