കെ.എൻ. പണിക്കർ.

ഡോ. കെ.എൻ. പണിക്കർ, ചരിത്രത്തെ ഖനനം ചെയ്ത ധിഷണാശാലി

“ചരിത്രപരമായ ഭൗതികവാദ നിലപാടുകളിൽ നിന്നു കൊണ്ടാണ് അദ്ദേഹം കൊളോണിയൽ ആധുനികതയെക്കുറിച്ചുള്ള പഠനങ്ങളും വ്യാഖ്യാനങ്ങളും മുന്നോട്ടുവെച്ചത്. ഗ്രാംഷിയുടെ അധീശത്വത്തെയും പ്രത്യയശാസ്ത്രത്തെയും സംബന്ധിച്ച വീക്ഷണങ്ങളെ സ്വീകരിച്ചുകൊണ്ടാണദ്ദേഹം ചരിത്രരചനയ്ക്ക് സാംസ്കാരിക പരിപ്രേക്ഷ്യം രൂപപ്പെടുത്തിയത്,” ചരിത്രകാരൻ കെ.എൻ. പണിക്കരുടെ ഇടപെടലുകളെക്കുറിച്ച് എഴുതുന്നു കെ.ടി. കുഞ്ഞിക്കണ്ണൻ.

ലോകം ആദരിക്കുന്ന മാർക്സിസ്റ്റ് ചരിത്രകാരനും മതനിരപേക്ഷ ജനാധിപത്യ സംസ്കാരത്തിനു നേരെ ഉയരുന്ന ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കെതിരായ ധൈഷണികരംഗത്തെ ധീരനായ പോരാളിയുമായിരുന്നു ഡോ. കെ.എൻ. പണിക്കർ. ബാബ്റി മസ്ജിദ് സംഭവങ്ങളിൽ ഗുജറാത്ത് വംശഹത്യ ഉൾപ്പെടെയുള്ള ഹിന്ദുത്വഫാഷിസത്തിന്റെ നൃശംസനീയമായ അഴിഞ്ഞാട്ടങ്ങളിലും ശക്തമായ നിലപാട് സ്വീകരിച്ച് എഴുതുകയും ഇന്ത്യയൊട്ടുക്കും സഞ്ചരിച്ച് മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ രാജ്യമെത്തിപ്പെട്ട അപകടസന്ധിയെ സംബന്ധിച്ച് ഓർമ്മിപ്പിക്കുകയും ചെയ്ത ഡോ. പണിക്കരുടെ വിയോഗം മതനിരപേക്ഷ ജനാധിപത്യ ശക്തികൾക്കാകെ വലിയ നഷ്ടമാണ്. ചരിത്രത്തെ ഒരു സമരപഥമായും നിരന്തരമായ സാമൂഹ്യപരിവർത്തനത്തിനായുള്ള സംഘർഷങ്ങളുടെ ഭൂമിയായും അദ്ദേഹം കണ്ടു. ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും മാർക്സിയൻ അപഗ്രഥന രീതിയിൽ പഠിക്കുകയും കൊളോണിയൽ മൂല്യബോധങ്ങൾക്കും വർഗീയതയ്ക്കുമെതിരെ പ്രതിരോധം തീർക്കുകയും ചെയ്ത ലോകം ആദരിക്കുന്ന ഇന്ത്യൻ ചരിത്രകാരനാണ് കെ.എൻ. പണിക്കർ.

കെ. എൻ. പണിക്കർ:
മരിച്ചിട്ടും മരിക്കാത്ത
മതനിരപേക്ഷത

ചരിത്രപരമായ ഭൗതികവാദ നിലപാടുകളിൽ നിന്നു കൊണ്ടാണ് അദ്ദേഹം കൊളോണിയൽ ആധുനികതയെക്കുറിച്ചുള്ള പഠനങ്ങളും വ്യാഖ്യാനങ്ങളും മുന്നോട്ടുവെച്ചത്. ഗ്രാംഷിയുടെ അധീശത്വത്തെയും പ്രത്യയശാസ്ത്രത്തെയും സംബന്ധിച്ച വീക്ഷണങ്ങളെ സ്വീകരിച്ചുകൊണ്ടാണദ്ദേഹം ചരിത്രരചനയ്ക്ക് സാംസ്കാരിക പരിപ്രേക്ഷ്യം രൂപപ്പെടുത്തിയത്. ചരിത്രത്തെ ഉൽപാദനശക്തികളുടെയും ബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ മനസ്സിലാക്കുമ്പോൾ തന്നെ ഗ്രാംഷിയും ഇ.പി. തോംസണും റെയ്മണ്ട് വില്ല്യംസും മുന്നോട്ടുവെച്ച സാംസ്കാരിക പരിപ്രേക്ഷ്യത്തിന്റെ കൂടി അടിസ്ഥാനത്തിൽ സമീപിച്ചു എന്നുള്ളതാണ് ഡോ. പണിക്കരുടെ ധൈഷണിക സവിശേഷത. ഇന്ത്യയുടെ ബൗദ്ധിക ചരിത്രരചനയിലായിരുന്നു അദ്ദേഹം കേന്ദ്രീകരിച്ചിരുന്നത്.

ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും മാർക്സിയൻ അപഗ്രഥന രീതിയിൽ പഠിക്കുകയും കൊളോണിയൽ മൂല്യബോധങ്ങൾക്കും വർഗീയതയ്ക്കുമെതിരെ പ്രതിരോധം തീർക്കുകയും ചെയ്ത ലോകം ആദരിക്കുന്ന ഇന്ത്യൻ ചരിത്രകാരനാണ് കെ.എൻ. പണിക്കർ.
ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും മാർക്സിയൻ അപഗ്രഥന രീതിയിൽ പഠിക്കുകയും കൊളോണിയൽ മൂല്യബോധങ്ങൾക്കും വർഗീയതയ്ക്കുമെതിരെ പ്രതിരോധം തീർക്കുകയും ചെയ്ത ലോകം ആദരിക്കുന്ന ഇന്ത്യൻ ചരിത്രകാരനാണ് കെ.എൻ. പണിക്കർ.

ഇന്ത്യൻ ജനതയുടെ കൊളോണിയൽ വിരുദ്ധ സമരങ്ങളെയും അതിന് നേതൃത്വം നൽകിയ ദേശീയനേതാക്കളെയുമൊക്കെ സൂക്ഷ്മവിശകലനത്തിന് അദ്ദേഹം വിധേയമാക്കിയിട്ടുണ്ട്. വൈദികബ്രാഹ്‌മണ്യവും ജാതിവ്യവസ്ഥയും സൃഷ്ടിച്ച ഇന്ത്യൻ സമൂഹത്തിന്റെ ഇരുണ്ട ഭൂതകാലത്തെയും അതിനോട് കലാപം ചെയ്ത നവോത്ഥാനത്തിന്റെ ജ്ഞാനധാരകളെയും സംബന്ധിച്ച ഗൗരവാവഹമായ പഠനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഇന്ത്യൻ നവോത്ഥാനത്തെയും കേരളത്തിലെ സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനങ്ങളെയും പറ്റിയുള്ള വിപുലമായ പഠനാന്വേഷണങ്ങളും സൂക്ഷ്മമായ തലങ്ങളിലെ വിശകലനങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. നവോത്ഥാനം ഉയർത്തിക്കൊണ്ടുവന്ന നവീകരണത്തിന്റെയും പരിവർത്തനോന്മുഖതയുടെയും പ്രവണത ചിന്താരംഗത്തെയും സാമൂഹ്യരംഗത്തെയും മതാധിഷ്ഠിത ചൂഷകവർഗങ്ങളുടെ അധികാരത്തെ ചോദ്യംചെയ്യുക എന്നതാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

അദ്ദേഹം എഴുതുന്നു; “നവോത്ഥാനത്തിന്റെയും നവീകരണത്തിന്റെയും മുഖ്യപ്രവണത, ബൗദ്ധികമായും സാമൂഹികമായും മതത്തിലെ ഈ ചൂഷകരുടെ അധികാരത്തെയും സ്വാധീനത്തെയും വെല്ലുവിളിക്കുക എന്നതാണ്. റാം മോഹൻ റോയ് മത സമ്പ്രദായങ്ങളുടെ ഈ വഞ്ചകമായ സ്വഭാവത്തെയും തങ്ങളുടെ താൽപര്യ സംരക്ഷണാർത്ഥം ചൂഷകർ മതാചാരങ്ങളിൽ ഉൾക്കൊള്ളിക്കുന്ന അയുക്തികതകളെയും ചൂണ്ടിക്കാട്ടി. ഈ വിഭാഗത്തെ ഒതുക്കി അവരുടെ അധികാരങ്ങളെ ഉന്മൂലനം ചെയ്യുകയെന്നത് നവോത്ഥാന നവീകരണ പ്രസ്ഥാനങ്ങളുടെ കേന്ദ്ര പ്രമേയമായിരുന്നു. ഈ ദിശയിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ പുരോഹിത വിഭാഗത്തിന്റെ ദൈവികമായ അറിവുകളുടെ കുത്തക ചോദ്യം ചെയ്യപ്പെട്ടു. റാം മോഹൻ റോയ് നടത്തിയ ഉപനിഷത്തുകളുടെ ബംഗാളി വിവർത്തനം ഇതിന് ദൃഷ്ടാന്തമാണ്. ബ്രാഹ്‌മണേതര ജാതികളിലെ വിദ്യാസമ്പന്നരായവർക്കെങ്കിലും ഇത് മതപരമായ നിയന്ത്രണങ്ങളിൽ നിന്നുള്ള വിമോചനമായി. ഈ വിഭാഗം പുതുതായി പെറ്റിബൂർഷ്വാ വിഭാഗമായിരുന്നു. പിന്നീട് ദയാനന്ദ സരസ്വതി മതപരമായ വിപ്ലവത്തിന് ജനാധിപത്യപരമായ ഉള്ളടക്കം നൽകി. അദ്ദേഹം സ്ത്രീകളും പിന്നാക്ക ജാതിക്കാരുമുൾപ്പെടെ എല്ലാവർക്കും വേദം വായിക്കാൻ മാത്രമല്ല വ്യാഖ്യാനിക്കാനുള്ള അവകാശത്തെ സ്ഥാപിച്ചു. എന്നാൽ അവർ ധർമ്മശാസ്ത്ര പ്രാമാണ്യത്തെ ചോദ്യം ചെയ്തില്ല. ഇത് ചെയ്തത് കീഴ്ജാതി പരിഷ്കർത്താക്കളായ ജ്യോതിഭാ ഫുലേയും നാരായണഗുരുവും മാത്രമാണ്.

കെ.എൻ. പണിക്കർ, മതേതരത്വത്തിനായി നിലകൊണ്ട ചരിത്രകാരൻ

ആചാരപരമായ മാറ്റങ്ങളും പുരോഹിത വിഭാഗത്തിന്റെ അധികാരത്തെ ബാധിച്ചു. കാരണം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പിടിച്ചാണ് അവർ ജനതയെ കീഴ്പ്പെടുത്തിയിരുന്നത്. ആചാരങ്ങളുടെ ലഘൂകരണവും ആരുടെ മധ്യസ്ഥതയില്ലാതെ അവ അനുഷ്ഠിക്കാമെന്നതും പുരോഹിതാധികാരത്തിനേറ്റ പ്രഹരമായി. പ്രമുഖ നവോത്ഥാന നായകനായ അക്ഷയ്കുമാർ ദത്ത് മതാചാരങ്ങളുടെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്തു. ദേവേന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തിൽ ബ്രഹ്മസമാജം പുതിയ ഒരു കൂട്ടം അനുഷ്ഠാനങ്ങൾ തന്നെ രൂപപ്പെടുത്തി. പ്രാർത്ഥനാ സമാജവും ആര്യ സമാജവും ഈ വഴിക്കുതന്നെ നീങ്ങി. നവോത്ഥാന പ്രസ്ഥാനം രൂപപ്പെടുത്തിയ അനുഷ്ഠാനങ്ങൾക്ക് വിമോചക സ്വഭാവമാണുണ്ടായിരുന്നത്. ഒരു പരിധിവരെ കീഴാള ജനതയ്ക്ക് അവ സ്വാതന്ത്ര്യം പ്രദാനം ചെയ്തു. ഈ ബദൽ അനുഷ്ഠാന മാതൃകകൾ പുരോഹിതാധികാരങ്ങൾക്കേറ്റ കനത്ത പ്രഹരമായി.''

ഇന്ത്യൻ ജനതയുടെ കൊളോണിയൽ വിരുദ്ധ സമരങ്ങളെയും അതിന് നേതൃത്വം നൽകിയ ദേശീയനേതാക്കളെയുമൊക്കെ സൂക്ഷ്മവിശകലനത്തിന്  കെ.എൻ. പണിക്കർ.  വിധേയമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ജനതയുടെ കൊളോണിയൽ വിരുദ്ധ സമരങ്ങളെയും അതിന് നേതൃത്വം നൽകിയ ദേശീയനേതാക്കളെയുമൊക്കെ സൂക്ഷ്മവിശകലനത്തിന് കെ.എൻ. പണിക്കർ. വിധേയമാക്കിയിട്ടുണ്ട്.

മിത്തുകളെയും അന്ധവിശ്വാസങ്ങളെയും ചോദ്യംചെയ്ത് ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിന് ചരിത്രപഠനത്തിന് വലിയ പങ്കുണ്ടെന്ന് നിരന്തരം ഓർമ്മിപ്പിക്കുകയും തന്റെ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പഠിപ്പിക്കുകയും ചെയ്ത ചരിത്രകാരനാണ് ഡോ. പണിക്കർ. ഇന്നിപ്പോൾ നവോത്ഥാനം ചരിത്രത്തിലേക്കാനയിച്ച സമസ്ത പ്രകാശധാരകളെയും തല്ലിക്കെടുത്തുന്ന പുനരുത്ഥാനശക്തികൾ സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഉയർന്നു വരികയാണ്. വർഗീയത നമ്മുടെ ജനാധിപത്യ മതനിരപേക്ഷ സംവിധാനങ്ങളെയും സംസ്കാരത്തെയും കീഴടക്കിക്കളയുന്ന അത്യന്തം അപകടകരമായ ഒരു ചരിത്രസന്ധിയിലാണ് ഇന്ത്യ എത്തിനിൽക്കുന്നത്. ഈ കാര്യങ്ങളെയെല്ലാം സംബന്ധിച്ച് 1980-കളിൽ തന്നെ മുന്നറിയിപ്പ് നൽകിയ ചരിത്രകാരനായിരുന്നു ഡോ. പണിക്കർ.

നമ്മുടെ സമ്പദ്ഘടനയുടെയും രാഷ്ട്രഘടനയുടെയും സർവ്വമണ്ഡലങ്ങളിലും പിടിമുറുക്കുന്ന നിയോലിബറൽ മൂലധന താൽപര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും യജ്ഞ, യാഗ സംസ്കാരങ്ങളും സ്ത്രീവിരുദ്ധമായ വിശ്വാസാചാരങ്ങളുമെല്ലാം ശക്തിപ്പെട്ടു വന്നിരുന്നതെന്ന് തന്റെ നവോത്ഥാനത്തെയും വർഗീയതയെയും സംബന്ധിച്ച പഠനങ്ങളിലൂടെ അദ്ദേഹം നിരീക്ഷിക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ മതാന്ധതതയും ജാതിബോധവും നാനാവിധമായ സ്വത്വരാഷ്ട്രീയ സംഘങ്ങളും തീവ്രഗതിയിൽ കടന്നുവരുന്നത് നവമൂലധന താൽപര്യങ്ങളും അതിന്റെ സാംസ്‌കാരിക അജണ്ടയുമായി ചേർന്നാണെന്ന് ഡോ. പണിക്കർ സൂചിപ്പിക്കുന്നു. മതരാഷ്ട്രം ലക്ഷ്യംവെക്കുന്ന ഹിന്ദുത്വത്തിന്റെ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ ചിന്താപരമായി പ്രതിരോധിക്കുന്നതിനാവശ്യമായ നിരവധി വിശകലനങ്ങളും പഠനങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

മതനിരപേക്ഷതയെയും ആധുനികപൗരസങ്കൽപത്തെയും ചോദ്യം ചെയ്യുന്ന മനുസ്മൃതി ഉൾപ്പെടെയുള്ള ധർമ്മസംഹിതകളുടെ പുനരാനയത്തിലൂന്നുന്ന ഹിന്ദുത്വരാഷ്ട്രീയം മുസ്ലീം വിരുദ്ധമെന്ന പോലെ സ്ത്രീ വിരുദ്ധവും ദലിത് വിരുദ്ധവുമാണെന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നുണ്ട്. ചരിത്രത്തെ വർഗീയവൽക്കരിക്കുതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ചരിത്രകാരനാണ് അദ്ദേഹം. ഇന്ത്യയിലെ പ്രാചീന ചരിത്രത്തെയും ഇതിഹാസങ്ങളെയും മിത്തുകളെയുമെല്ലാം മാർക്സിസ്റ്റ് പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്ത കൊസാംബിയുടെ തുടർച്ചയിലാണ് ആർ.എസ്. ശർമ്മയും റൊമില ഥാപറും ഇർഫാൻ ഹബീബും ഡോ. കെ.എൻ. പണിക്കരുമൊക്കെ ഉൾപ്പെടുന്നത്. ചരിത്രരചനയെന്ന ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിൽ സമീപിച്ചവരായിരുന്നു ഇവരൊക്കെ. അതായത് ഇന്ത്യയുടെ ചരിത്രത്തെ വസ്തുനിഷ്ഠവും മതനിരപേക്ഷവുമായി മനസ്സിലാക്കാനും രേഖപ്പെടുത്താനുമാണ് അവർ ശ്രമിച്ചത്. ആർ.സി മജുംദാറെ പോലുള്ള ദേശീയചരിത്രകാരന്മാർ എന്ന് വിളിക്കപ്പെടുന്നവർ സ്വീകരിച്ച മുൻവിധികളുടെ അടിസ്ഥാനത്തിലുള്ള മതാത്മകമായ ദേശീയവാദത്തെയും മുസ്ലീം വിരുദ്ധതയെയുമൊക്കെ ചരിത്രത്തിന്റെ സൂക്ഷ്മവും വസ്തുനിഷ്ഠവുമായ വിശകലനങ്ങളിലൂടെയും വിശ്ലേഷണങ്ങളിലൂടെയും തുറന്നുകാട്ടിയവരാണ് ഡോ. പണിക്കരെ പോലുള്ള ചരിത്രകാരന്മാർ.

ആർ.സി മജുംദാർ
ആർ.സി മജുംദാർ

ഐ.സി.എച്ച്.ആറിന്റെ ടുവേഡ്സ് ഫ്രീഡം എന്ന ബൃഹത്തായ ഗവേഷണപദ്ധതിയിൽ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള വാള്യങ്ങളുടെ എഡിറ്റർമാരിൽ ഒരാളായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൊളോണിയൽ അധിനിവേശത്തിന്റെ സാംസ്കാരിക തലങ്ങളെ സംബന്ധിച്ച അന്വേഷണങ്ങളിലാണ് അദ്ദേഹം ഊന്നിയത്. ആയുധങ്ങൾക്കും സൈന്യത്തിനുമപ്പുറം അധിനിവേശത്തിന്റെ പ്രത്യയശാസ്ത്ര അധീശത്വ സ്വാധീനത്തെക്കുറിച്ചായിരുന്നു അദ്ദേഹം ഗ്രാംഷിയൻ സമീപനത്തിൽ നിന്ന് പഠനം നടത്തിയത്. ബ്രിട്ടീഷുകാരുടെ സംസ്കാരവും വിദ്യാഭ്യാസരീതിയും എങ്ങനെയാണ് അടിച്ചേൽപ്പിക്കപ്പെട്ടതെന്നും അതിനെതിരായുള്ള സാംസ്കാരികപ്രതിരോധം എങ്ങനെയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പഠനങ്ങളുടെ അടിസ്ഥാനമായിരുന്നത്.

കൊളോണിയൽ ആധുനികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചരിത്രവ്യാഖ്യാനങ്ങളും അപഗ്രഥനങ്ങളും വളരെ പ്രധാനമാണ്. ഇന്ത്യയിലെ ജനാധിപത്യം, മതനിരപേക്ഷത, വർഗീയത എന്നീ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ പഠനങ്ങൾ, ഗ്രാംഷിയൻ സമീപനങ്ങളെയും ആശയങ്ങളെയും അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങൾ എന്നിവ ഏറെ ശ്രദ്ധേയമാണ്. ഗ്രാംഷിയുടെ അധീശത്വ പ്രത്യയശാസ്ത്രപഠനങ്ങൾ പ്രകടമാകുന്ന ഡോ. പണിക്കരുടെ വിഖ്യാതമായ ഗവേഷണകൃതിയാണ് മലബാർ കലാപത്തെ അടിസ്ഥാനമാക്കിയുള്ള 'പ്രഭുത്വത്തിനും ഭരണകൂടത്തിനുമെതിരെ' എന്ന പുസ്തകം. എങ്ങനെയാണ് കൊളോണിയൽ ഭരണകൂടത്തിന്റെ സാംസ്കാരിക പ്രത്യയശാസ്ത്ര കടന്നുകയറ്റം മതസേവനം ജീവിതവൃത്തിയാക്കിയ ഉലമാക്കളിലും മറ്റും അസംതൃപ്തി ഉളവാക്കിയതെന്ന് ഈ കൃതി പരിശോധിക്കുന്നു. ബാഹ്യസ്വാധീനങ്ങളെ നേരിടാൻ സ്വന്തം മതവും സംസ്കാരവും പുനരുജ്ജീവിപ്പിക്കുന്നതിലേക്ക് മുസ്ലീം പണ്ഡിതർ എങ്ങനെ എത്തിപ്പെട്ടുവെന്നും അവരുടെ മതബോധനങ്ങൾക്ക് എങ്ങനെയാണ് ബ്രിട്ടീഷ് വിരുദ്ധതയുടെ മുഖവും മുദ്രയും വന്നതെന്നും അദ്ദേഹം സൂക്ഷ്മതലത്തിൽ തന്നെ വിശകലനം ചെയ്യുന്നുണ്ട്.

മലബാർ കലാപം ജന്മിമാർക്കെതിരായ കലാപമായിരുന്നുവെങ്കിൽ എന്തുകൊണ്ട് ഹിന്ദുക്കളായ കുടിയാന്മാർ കലാപത്തിന് തുനിഞ്ഞില്ലെന്ന സങ്കീർണമായ ചോദ്യത്തിന് ഡോ. പണിക്കർ വ്യക്തമായ ഉത്തരം നൽകുന്നുണ്ട്.

മലബാറിലെ മാപ്പിള സമരങ്ങളെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെയും രൂപപ്പെടുത്തുന്നതിൽ പരമ്പരാഗത ബുദ്ധിജീവികളായ ഉലമാക്കൾക്കും മുസ്ലീയാൻമാർക്കും ഖാദിമാർക്കുമൊക്കെയുള്ള പങ്കിനെ ഡോ. പണിക്കർ അപഗ്രഥനം ചെയ്യുന്നു. മതാനുഷ്ഠാനങ്ങളിൽ മാത്രമല്ല ജീവിതക്രമങ്ങളിലേക്കും ഇത്തരം പരമ്പരാഗത ബുദ്ധിജീവികളായ മതപണ്ഡിതർ സ്വാധീനം ചെലുത്തുന്നു. ഗ്രാംഷി പറഞ്ഞതുപോലെ; 'ഗ്രാമീണജീവിതത്തിന്റെ സമഗ്രതയും അതിനകത്ത് മാറ്റങ്ങൾക്കായുള്ള ബീജങ്ങളും വിക്ഷുബ്ധതകളും' തിരിച്ചറിയാൻ പരമ്പരാഗത ബുദ്ധിജീവികൾ നയിച്ച പ്രസ്ഥാനങ്ങളുമായി അവയെ കണ്ണിചേർക്കാനും കഴിഞ്ഞുവെന്നതാണ് പണിക്കർ ചൂണ്ടക്കാണിക്കുന്നത്. ആശയപരമായി മാപ്പിള സമരങ്ങളുടെ ചാലകശക്തികളായി മാറിയ പരമ്പരാഗത ബുദ്ധിജീവികളിൽ പ്രമുഖർ വെളിയംകോട് ഉമ്മർഖാസിയും സെയ്തലവി തങ്ങളും അദ്ദേഹത്തിന്റെ മകൻ മമ്പുറം സെയ്ത് ഫസൽ പൂക്കോയ തങ്ങളും സെയ്ത് മന-ഉല്ല മക്തിതങ്ങളുമായിരുന്നു.

മലബാറിലെ മാപ്പിള സമരങ്ങളെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെയും രൂപപ്പെടുത്തുന്നതിൽ പരമ്പരാഗത ബുദ്ധിജീവികളായ ഉലമാക്കൾക്കും മുസ്ലീയാൻമാർക്കും ഖാദിമാർക്കുമൊക്കെയുള്ള പങ്കിനെ ഡോ. പണിക്കർ അപഗ്രഥനം ചെയ്യുന്നു.
മലബാറിലെ മാപ്പിള സമരങ്ങളെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെയും രൂപപ്പെടുത്തുന്നതിൽ പരമ്പരാഗത ബുദ്ധിജീവികളായ ഉലമാക്കൾക്കും മുസ്ലീയാൻമാർക്കും ഖാദിമാർക്കുമൊക്കെയുള്ള പങ്കിനെ ഡോ. പണിക്കർ അപഗ്രഥനം ചെയ്യുന്നു.

മലബാർ കലാപത്തെ സംബന്ധിച്ച സൂക്ഷ്മമായ ഒരു അപഗ്രഥന പഠനമാണ് പണിക്കരുടെ ഈ കൃതി. ബ്രിട്ടന്റെയും പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെയും അധിനിവേശം സൃഷ്ടിച്ച അടിമത്വത്തിനും ജന്മിത്വത്തിന്റെ നൃശംസതകൾക്കുമെതിരായ ഉയർത്തെഴുന്നേൽപായിരുന്നു 1921-ലെ കലാപം. ഇസ്ലാമിന്റെ ഉദ്ബോധനങ്ങളിൽ പ്രചോദിതരായിരുന്നു ആലിമുസ്ല്യാരും വാര്യംകുന്നനും. എന്നാൽ അവർ ഒരിക്കൽപോലും അപരമതങ്ങളെ ശത്രുതയോടുകൂടി കാണാത്തവരാണെന്ന വസ്തുത കൃത്യമായ ചരിത്രരേഖകളുടെയും സംഭവങ്ങളുടെയും അടിസ്ഥാനത്തിലുള്ള വിശകലനമാണ് ഡോ. പണിക്കർ മുന്നോട്ടുവെച്ചത്. വർദ്ധിതമാകുന്ന ഇസ്ലാമോഫോബിയയുടെയും വർഗീയ ഫാഷിസത്തിന്റെയും ചരിത്രത്തെ സംബന്ധിച്ച അപനിർമ്മാണങ്ങൾക്ക് സൂക്ഷ്മ പഠനങ്ങളിലൂടെയുള്ള പ്രതിരോധവും മറുപടിയും കൂടിയാണ് ഡോ. പണിക്കരുടെ ഗവേഷണപഠനങ്ങൾ.

പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരായ ഈ കൃതി കൊളോണിയലും വർഗീയവുമായ വിശകലനങ്ങളെ സൂക്ഷ്മതലങ്ങളിൽ തന്നെ തുറന്നുകാട്ടുന്നു. മലബാർ കലാപം ജന്മിമാർക്കെതിരായ കലാപമായിരുന്നുവെങ്കിൽ എന്തുകൊണ്ട് ഹിന്ദുക്കളായ കുടിയാന്മാർ കലാപത്തിന് തുനിഞ്ഞില്ലെന്ന സങ്കീർണമായ ചോദ്യത്തിന് ഡോ. പണിക്കർ വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. തെക്കൻ മലബാറിലെ സാമൂഹ്യബന്ധങ്ങളെയും വർഗങ്ങളെയും അവരുടെ വിശ്വാസങ്ങളെയുമെല്ലാം സൂക്ഷ്മമായി തന്നെ പരിശോധിക്കുകയും മതത്തിന്റെയും സംസ്കാരത്തിന്റെയും സാമൂഹ്യപ്രത്യയശാസ്ത്ര സ്വാധീനങ്ങൾ എങ്ങനെയാണ് കലാപത്തിൽ പ്രവർത്തിച്ചതെന്ന് നിർദ്ധാരണം ചെയ്യുകയും ചെയ്തു.

Comments