‘‘കഴിഞ്ഞ 17 കൊല്ലത്തെ തിരുവനന്തപുരം ജീവിതം ധൈഷണിക മേഖലകളിൽ സംതൃപ്തിജനകവും ആരോഗ്യസ്ഥിതിയിൽ ഉൽക്കണ്ഠ ഉളവാക്കിയതുമായിരുന്നു. എഴുതാൻ ഉദ്ദേശിച്ച പലതും എഴുതി തീർക്കാനും വായിക്കാൻ നീക്കിവെച്ച പല ഗ്രന്ഥങ്ങളും വായിച്ചുതീർക്കാനും കഴിഞ്ഞു. നിരവധി പ്രഭാഷണങ്ങൾ വിവിധ വിഷയങ്ങളെക്കുറിച്ച് ചെയ്യാനുളള അവസരവുമുണ്ടായി. പക്ഷേ, ഈ കാലത്തു തന്നെ എന്റെ ആരോഗ്യസ്ഥിതി മോശമായി. ഹൃദ്രോഗ സംബന്ധിയായ രണ്ട് ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. ഇതേ കാലത്ത് ഉഷയ്ക്ക് രണ്ടു കാലിലേയും എല്ലൊടിയുകയും ചെയ്തു. ഇത്തരത്തിലുള്ള തിരിച്ചടികൾ ഉണ്ടായെങ്കിലും എഴുത്തും വായനയും തുടർന്നുകൊണ്ടിരിക്കുന്നു. അത് സാദ്ധ്യമല്ലാതെ വരുന്നതുവരെ മരണം കാത്തിരിക്കുമെന്നാണ് പ്രത്യാശ’’.
2021- ൽ പുറത്തിറങ്ങിയ കലുഷിതമായ കാലം എന്ന ആത്മകഥയിൽ പ്രൊഫ. കെ.എൻ. പണിക്കർ എഴുതിയതാണിത്. മരണത്തെ മാറ്റിനിറുത്തി ധീരതയോടെ ചരിത്രജീവിതത്തെ അർത്ഥവത്താക്കിയ ചരിത്രകാരനും സാമൂഹിക ചിന്തകനും പൊതു ബുദ്ധിജീവിയുമായിരുന്നു പ്രൊഫ. കെ.എൻ പണിക്കർ. ചരിത്രമെന്നത് പുരാരേഖാശേഖരങ്ങളിലെ (archives) പൊടിപിടിച്ച താളുകളിൽ ഒതുങ്ങേണ്ടതോ ആകർഷകമായ പുറംചട്ടകളിലടക്കി ഗ്രന്ഥശാലകളിൽ ഉറങ്ങേണ്ടതോ ആയ ഒന്നല്ലെന്ന് അദ്ദേഹം സ്വന്തം കർമ്മപഥത്തിലൂടെ ഉറക്കെ പ്രഖ്യാപിച്ചു. മറിച്ച്, ചരിത്രത്തെ സജീവമായ പൊതുവ്യവഹാരങ്ങളിലേക്ക് (public sphere) ആനയിച്ച്, ജനാധിപത്യ സംവിധാനങ്ങളുടെ നിലനിൽപ്പിന് അനിവാര്യമായ ബൗദ്ധിക അടിത്തറ പാകുന്നതിലായിരുന്നു അദ്ദേഹത്തിന്റെ സാമൂഹിക ശാസ്ത്ര നിപുണത എല്ലാക്കാലത്തും തെളിഞ്ഞു നിന്നത്.

ആശയങ്ങളുടെ
(ആശയനിർമിതിയുടെ )
ചരിത്രകാരൻ
ജെ.എൻ.യുവിലെ വിദ്യാർത്ഥികളുടെ ഓർമ്മകളിൽ ഇന്നും ആവേശമായി നിറഞ്ഞുനിൽക്കുന്നത് 'ഹിസ്റ്ററി ഓഫ് ഐഡിയാസ്' (ബൗദ്ധിക ചരിത്രം) എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ ഉജ്ജ്വലമായ പ്രഭാഷണങ്ങളാണ്. എന്നാൽ, സർവ്വകലാശാലാ ക്ലാസ് മുറികളുടെ അടഞ്ഞ വാതിലുകൾ ഭേദിച്ച് ആ ആശയങ്ങളെ വിശാലമായ സമൂഹമധ്യത്തിലേക്ക് സന്നിവേശിപ്പിച്ചപ്പോഴാണ്, ചരിത്രവിജ്ഞാനത്തിന്റെ വിപ്ലവാത്മകമായ സാമൂഹികസാധ്യതകൾ ലോകം ശരിക്കും തിരിച്ചറിഞ്ഞത്. അക്കാദമിക ലോകത്തെ കേവലമൊരു ചരിത്രകാരൻ എന്ന പരിമിതികൾക്കപ്പുറം, വിരലിലെണ്ണാവുന്നവർക്ക് മാത്രം എത്തിച്ചേരാൻ കഴിയുന്ന 'പൊതുബുദ്ധിജീവി' എന്ന തലത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച അവിടെനിന്നാണ് ആരംഭിക്കുന്നത്.
പ്രാദേശിക ചരിത്രമെന്നു പറഞ്ഞാൽ സാധാരണയായി നാം ചിന്തിക്കുന്ന ഒരു പ്രദേശത്തിന്റെ ചെറിയ ചട്ടക്കൂട്ടിൽ നിന്നും, ആഗോളചരിത്രബന്ധങ്ങളിലേക്ക് ഇറങ്ങുമ്പോഴാണ് രീതിശാസ്ത്രപരമായി അത് അടിസ്ഥാനപ്പെടുന്നതെന്ന് കെ.എൻ. പണിക്കർ വാദിച്ചു.
'അപകടഘട്ടങ്ങളിൽ മിന്നിമറയുന്ന ഓർമ്മകളെ കൂട്ടിപ്പിടിക്കുന്നതാണ് ചരിത്രം' എന്ന വാൾട്ടർ ബന്യാമിന്റെ പ്രസിദ്ധമായ വാക്കുകളെ കേവലമൊരു ഉദ്ധരണിയായി ഒതുക്കാതെ, സ്വന്തം ജീവിതം കൊണ്ടുതന്നെ യാഥാർത്ഥ്യമാക്കിയ പോരാളിയായ ചരിത്രകാരനായിരുന്നു അദ്ദേഹം. ഭരണകൂട അനീതികളോടും, ഭൂരിപക്ഷ വർഗീയതയോടും, ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളോടും സന്ധിയില്ലാത്ത സമരമായിരുന്നു ഈ ചരിത്രകാരന്റെ മുഖമുദ്ര.
ഷൂ ചരിത്രം!
കേരളത്തിലെ ഒരു സ്വകാര്യ കോളേജിൽ സർവകലാശാല നിയോഗിച്ച പരീക്ഷാ ഡ്യൂട്ടിയ്ക്ക് ചെന്നപ്പോൾ, പ്രിൻസിപ്പാളിന്റെ മുറിയിൽ കയറുന്നതിനുമുമ്പ് അതേ കോളേജിലെ ഒരധ്യാപകൻ തന്റെ ഷൂ അഴിച്ചുമാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടു. ഷൂ അഴിക്കുകയെന്നത് പ്രസ്തുത കോളജിലെ ഒരു അനാ / ആചാരമായിരിക്കാം. ഷൂ ഇട്ടിരുന്നതിനാൽ തെല്ലൊന്നു സങ്കോചിച്ചെങ്കിലും അത് അഴിക്കാതെ തന്നെ ഞാൻ ആ മുറിയിൽ പ്രവേശിച്ചു.

ഇത് സൂചിപ്പിച്ചതിന് പിന്നിൽ ഒരു ചരിത്ര പ്രശ്നമുണ്ട്. 1998- ൽ പ്രൊഫ. കെ.എൻ. പണിക്കരെഴുതിയ ലേഖനമാണ് എന്റെ ചിന്തയിലേക്ക് ഉടനെ ശക്തമായി കയറിവന്ന പാഠ ഓർമ്മ; ഒരു ചരിത്രകാരന്റെ ലേഖനം, സാധാരണ ജീവിതസന്ദർഭങ്ങളിലേക്ക് ഇരച്ചുകയറുന്ന അനുഭവം സൂചിപ്പിക്കുന്നത്, ആ ലേഖനത്തിന്റെ വീക്ഷണമികവു തന്നെയാണ്. സ്റ്റഡീസ് ഇൻ ഹിസ്റ്ററിയിൽ (ജെ.എൻ.യുവിന്റെ ജേണൽ, സേജ് പ്രസിദ്ധീകരിക്കുന്നത്) അദ്ദേഹമെഴുതിയ, ദി ഗ്രേറ്റ് ഷൂ ക്വസ്റ്റ്യൻ: ലെജിറ്റിമസി ആൻഡ് പവർ ഇൻ കൊളോണിയൽ ഇന്ത്യ (The Great Shoe Question: Legitimacy and Power in Colonial India) എന്ന ലേഖനത്തിൽ 1862-ൽ നടന്ന ഒരു സംഭവമാണ് പ്രശ്നവൽക്കരിച്ചിരിക്കുന്നത്.
ഒരു കൊളോണിയൽ കോടതിയിൽ വെച്ച് ബ്രിട്ടീഷ് ന്യായാധിപന്റെ കർശന ഉത്തരവുണ്ടായിട്ടും, മനേക്ജി (Manockjee) എന്ന പാഴ്‌സി യുവാവ് തന്റെ ഷൂസ് അഴിച്ചുമാറ്റാൻ വിസമ്മതിച്ചു. ഷൂസ് അഴിച്ചുമാറ്റി നഗ്നപാദനായി നിൽക്കുന്നത് തന്റെ അന്തസ്സിനും പാഴ്സികളുടെ മതപരമായ ആചാരങ്ങൾക്കും വിരുദ്ധമാണെന്ന് അദ്ദേഹം വളരെ വിനയത്തോടെ വാദിച്ചു. നിയമപരമായി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം എന്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ന്യായാധിപനോട് അഭ്യർത്ഥിക്കുകയും ചെയ്തു.
എന്നാൽ, നിയമത്തെയോ നടപടിക്രമങ്ങളെയോ കുറിച്ച് ചർച്ച ചെയ്യാൻ ന്യായാധിപൻ തയ്യാറായില്ല. പകരം, ഭീഷണിപ്പെടുത്തുന്ന ഭാഷയും അധികാരവും ഉപയോഗിച്ച്, മനേക്ജി ഉടനടി അത് അനുസരിച്ചേ മതിയാകൂ എന്ന് അദ്ദേഹം ശഠിച്ചു. നേരത്തെ ഷൂസ് അഴിച്ചുവെച്ച ഒരു നവാബുമായി മനേക്ജിയെ താരതമ്യം ചെയ്ത ന്യായാധിപൻ, ആ നവാബിനേക്കാൾ വലിയ ആളാണോ താനെന്ന് ചോദിച്ച് ആ പാഴ്സി യുവാവിനെ പുഛിക്കുകയും ചെയ്തു.
താൻ കേവലം ഒരു ബ്രിട്ടീഷ് പ്രജ മാത്രമാണെന്നും, ന്യായാധിപന്റെ അധികാരത്തെ മാനിക്കുന്നുണ്ടെങ്കിലും അതിനൊരു നിയമപരമായ ന്യായീകരണം ആവശ്യമാണെന്നും മനേക്ജി വളരെ വിനയപൂർവ്വം ആവർത്തിച്ചു വ്യക്തമാക്കി. കോടതിയ്ക്കുള്ളിൽ നടന്ന സംഭാഷണം ലേഖനത്തിലും, തുടർന്ന് അതിന്റെ പൂർണ്ണരൂപം അപ്പെൻഡിക്സിലും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്; അതിങ്ങനെയാണ്:
മനേക്ജി: നഗ്നപാദങ്ങൾ പ്രദർശിപ്പിക്കുന്നത് മനുഷ്യന്റെ അന്തസ്സിന് നിരക്കാത്തതും ഞങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളിലെ ശാസനകൾക്ക് വിരുദ്ധവുമാണെന്ന് ഞാൻ വിനയപൂർവ്വം ബോധിപ്പിക്കുന്നു. കൂടാതെ, നിയമങ്ങൾക്ക് തടസ്സമാകാത്ത കാലത്തോളം പാലിക്കപ്പെടാൻ കഴിയുന്ന ഒരു പ്രതിജ്ഞയുടെ അപമാനം ഏൽക്കാതിരിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനുമാണ്.
ന്യായാധിപൻ: അതൊന്നും ഇവിടെ വേണ്ട. നിന്റെ ഷൂസ് അഴിച്ചുമാറ്റുക, അല്ലെങ്കിൽ അത് നിനക്ക് കൂടുതൽ ദോഷം ചെയ്യും. സച്ചിനിലെ വലിയ നവാബ് ഈയടുത്ത് എന്നെ സന്ദർശിച്ചിരുന്നു, അദ്ദേഹം ഷൂസ് അഴിച്ചു മാറ്റുന്നത് ഞാൻ കണ്ടതാണ്. നീ അദ്ദേഹത്തേക്കാൾ വലിയ ആളാണോ?
മനേക്ജി:ഞാൻ കേവലം ഒരു പാവപ്പെട്ട ബ്രിട്ടീഷ് പ്രജ മാത്രമാണ്.
ന്യായാധിപൻ:അപ്പോൾ നീ ഞങ്ങളുടെ ഉത്തരവുകൾ അനുസരിക്കുന്നില്ല.
മനേക്ജി: അങ്ങയുടെ ഉത്തരവിനെ ഞാൻ അങ്ങേയറ്റം ആദരവോടെ വണങ്ങുന്നു (സാഹിബ് കാ ഹുക്കും ഹമാരെ സർ ഔർ ആംഖോം പർ ഹേ), എന്നാൽ ഏതെങ്കിലും നിയമത്തിന്റെ അധികാരം ഉദ്ധരിച്ചുകൊണ്ട് ബഹുമാനപ്പെട്ട കോടതി അത് വ്യക്തമാക്കാൻ കനിവുണ്ടാകണം.
ന്യായാധിപൻ: നിയമം! ഇതൊരു നിയമത്തിന്റെ പ്രശ്നമല്ല. ഇവിടെ നിയമങ്ങളെക്കുറിച്ച് സംസാരിക്കരുത്.
മനേക്ജി: പൂർണ്ണ അനുസരണയോടും കൂടി ഞാൻ അങ്ങയുടെ ഉത്തരവിനെ മാനിക്കുന്നു, എന്നാൽ ഇപ്രകാരം എന്നോട് കൽപ്പിക്കുക വഴി അങ്ങ് എന്നെ അപമാനിക്കുകയും എന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും, ഒരു മതപരമായ ബാധ്യതയായി ഞാൻ കരുതുന്ന കാര്യത്തിന്റെ നിർവ്വഹണത്തിൽ ഇടപെടുകയുമാണ് ചെയ്യുന്നത് എന്ന ധാരണയോടെ മാത്രമായിരിക്കും അത്.

ന്യായാധിപൻ: എനിക്കതൊന്നും അറിയേണ്ടതില്ല. കോടതിയുടെ നടപടികളെ തടസ്സപ്പെടുത്തിയാൽ അതിനനുസരിച്ചുള്ള നടപടികൾ നീ നേരിടേണ്ടി വരുമെന്ന് ഓർക്കുക. നീ ഞങ്ങളെ അനുസരിക്കുമോ ഇല്ലയോ?
എന്താണ് മഹത്തായ ഷൂ ചോദ്യം?
ലേഖനത്തിൽ ഉദ്ധരിച്ച കോടതിവ്യവഹാരത്തിലെ സംഭാഷണശകലം കൊളോണിയൽ കോടതികളിൽ ഷൂ ധരിക്കുന്നതുമായി ബന്ധപ്പെട്ട കേവലം മര്യാദയുടെയോ കോടതിയിലെ അച്ചടക്കത്തിന്റെയോ മാത്രം പ്രശ്നമായിരുന്നില്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. മറിച്ച്, അന്തസ്സ്, അധികാരം, അധീശത്വ മനോഭാവം എന്നീ ഘടനകളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ആർക്കൈവൽ രേഖയായാണ് ഇതിനെ പ്രശ്നവൽക്കരിച്ചിരിക്കുന്നത്.
പദവിയുടെയും അന്തസ്സിന്റെയും പ്രതീകാത്മക അടയാളമായി ഷൂസുകൾ എങ്ങനെയാണ് കൊളോണിയൽ അധികാര ഘടനയിലെ രേഖകളായി മാറിയത് എന്ന അന്വേഷണം, ഈ ലേഖനമെഴുതുന്ന കാലത്ത് ജെ.എൻ. യുവിലെ ചരിത്രവിഭാഗത്തിൽ അത്രയ്ക്ക് പ്രാധാന്യമൊന്നും കിട്ടിയിരുന്ന വിഷയമേഖലയല്ലായിരുന്നു. ആ ആഗോള ചരിത്രരചനാരീതിയിൽ വന്നിരുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന അഗാധ പാണ്ഡിത്യം തന്നെയാണ് ചരിത്രരചനാ രീതി ശാസ്ത്രത്തിലെ ചുവടുമാറ്റങ്ങൾക്ക് പ്രേരണയായതും.
കൊളോണിയൽ ഉദ്യോഗസ്ഥർ തങ്ങളുടെ അധികാരം ഉറപ്പിക്കാനും അധികാരശ്രേണിയെ ശക്തിപ്പെടുത്താനും ദൈനംദിന ജീവിത വ്യവഹാരങ്ങൾ ശ്രദ്ധാപൂർവ്വം ക്രമീകരിച്ചിരുന്നു. അത് ഒരു ഷൂവിന്റെ കെട്ടഴഴിക്കുന്ന നിസ്സാര പ്രശ്നമല്ലേയെന്ന് ചിന്തിക്കാൻ പ്രൊഫ. പണിക്കർ തയ്യാറായില്ല.
അങ്ങനെ, ഷൂസുകളെക്കുറിച്ചോ, വെള്ളക്കാരന്റെ തൊപ്പികളെക്കുറിച്ചോ ഉള്ള ഒരു ചെറിയ തർക്കമായി തോന്നിയ ഈ വിഷയം, യഥാർത്ഥത്തിൽ കൊളോണിയൽ ആധിപത്യത്തിന്റെ വലിയ ഘടനയെയാണ് വെളിപ്പെടുത്തിയത്. അവിടെ ദൈനംദിന ആചാരങ്ങൾ സാംസ്കാരിക സംഘർഷത്തിന്റെയും രാഷ്ട്രീയമായ ചെറുത്തുനിൽപ്പുകളുടെയും വേദികളായി മാറി.
കൊളോണിയൽ അധികാരം കേവലം നിയമങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും മാത്രമല്ല, പ്രതീകങ്ങൾ, പെരുമാറ്റങ്ങൾ, ദൈനംദിന ആചാരങ്ങൾ എന്നിവയിലൂടെ എങ്ങനെയാണ് പ്രവർത്തിച്ചത് എന്ന് ഈ സംഭവം വ്യക്തമാക്കുന്നു എന്നാണ് പണിക്കർ ചൂണ്ടിക്കാണിക്കുന്നത്.
പണ്ഡിതൻ, അധ്യാപകൻ, എഡിറ്റർ, പൊതു ബുദ്ധിജീവി എന്നീ നിലകളിൽ, സൂക്ഷ്മമായ ചരിത്രപഠനത്തിന്റെയും അചഞ്ചലമായ സാമൂഹിക പ്രതിബദ്ധതയുടെയും അപൂർവ്വമായ ഒരു സമന്വയമായിരുന്നു പണിക്കർ.
പ്രാദേശിക ചരിത്രത്തിന്റെ ആഗോളപരത
നമുക്കു ചുറ്റുപാടിലും സംഭവിക്കുന്ന സാമൂഹിക പെരുമാറ്റരീതികളിലേയ്ക്കും, ആചാര / അനാചാരങ്ങളിലേക്കും ഊളിയിട്ടിറങ്ങി, അതിനെയൊക്കെ സാമൂഹ്യശാസ്ത്രപരമായി വിശകലനം ചെയ്യുന്ന ചരിത്ര രീതിശാസ്ത്രമായിരുന്നു പണിക്കരുടേത്. 2016 ൽ, ആലുവ യു.സി കോളജിൽ നടന്ന രണ്ടാം അന്താരാഷ്ട്ര കേരള ചരിത്ര കോൺഗ്രസിൽ അധ്യക്ഷ പ്രഭാഷണം നടത്തവേ, പ്രൊഫ. പണിക്കർ സൂചിപ്പിച്ച ഒരു ചരിത്രവാദം ഇവിടെ പങ്കു വയ്ക്കുന്നു.
പ്രാദേശിക ചരിത്രമെന്നു പറഞ്ഞാൽ സാധാരണയായി നാം ചിന്തിക്കുന്ന ഒരു പ്രദേശത്തിന്റെ ചെറിയ ചട്ടക്കൂട്ടിൽ നിന്നും, ആഗോളചരിത്രബന്ധങ്ങളിലേക്ക് ഇറങ്ങുമ്പോഴാണ് രീതിശാസ്ത്രപരമായി അത് അടിസ്ഥാനപ്പെടുന്നതെന്ന് അദ്ദേഹം വാദിച്ചു. ഏതെങ്കിലുമൊരു വസ്തുവിന്റെ ഭൗതികപരമായ മൂല്യത്തിൽ നിന്നും ആശയപരമായ മൂല്യത്തിലേക്കുള്ള പരകായപ്രവേശത്തിലാണ് ചരിത്രത്തിന്റെ സങ്കീർണ്ണത കെട്ടഴിയപ്പെടുന്നതെന്ന് അദ്ദേഹം കൃത്യമായി വരച്ചുകാട്ടുകയായിരുന്നു.
ചരിത്രകാരന്റെ ചങ്കുറപ്പ്
പ്രൊഫ. കെ. എൻ. പണിക്കരുടെ വിയോഗം ആധുനിക ഇന്ത്യ സൃഷ്ടിച്ച ഏറ്റവും പ്രഗത്ഭരായ ചരിത്രകാരന്മാരിൽ ഒരാളുടെ വിടവാങ്ങലാണ് അടയാളപ്പെടുത്തുന്നത്. ഒരു മാർക്സിസ്റ്റ് ചരിത്രകാരന്റെ ചരിത്രത്തിലേക്കുള്ള വരവിന് ആദ്യ പ്രചോദനമായത് നെഹ്റുവിന്റെ ഡിസ്കവറി ഓഫ് ഇന്ത്യയും, ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററിയുമാണെന്ന് പണിക്കർ തന്റെ ആത്മകഥയുടെ തുടക്കത്തിൽത്തന്നെ സൂചിപ്പിക്കുന്നുണ്ട്. പണ്ഡിതൻ, അധ്യാപകൻ, എഡിറ്റർ, പൊതു ബുദ്ധിജീവി എന്നീ നിലകളിൽ, സൂക്ഷ്മമായ ചരിത്രപഠനത്തിന്റെയും അചഞ്ചലമായ സാമൂഹിക പ്രതിബദ്ധതയുടെയും അപൂർവ്വമായ ഒരു സമന്വയമായിരുന്നു പണിക്കർ. അദ്ദേഹത്തിന്റെ ജീവിതരചനകൾ കേവലം ചരിത്രമെഴുതുന്നതിന് മാത്രമല്ല, ചരിത്രത്തെ യുക്തിഭദ്രവും വിമർശനാത്മകവും ജനാധിപത്യപരവുമായ ഒരു പ്രക്രിയയായി നിലനിർത്തുന്നതിനും വേണ്ടിയുള്ളതായിരുന്നു. ചരിത്രത്തിന്റെ വർത്തമാനകാല പ്രയോഗം, വൈവിധ്യങ്ങളുടെയും മതേതര മൂല്യങ്ങളുടെയും സംരക്ഷണമാകണമെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ചരിത്രകാരനു വേണ്ട ചങ്കുറപ്പെന്നിതിനെ നമ്മുക്കു വിശേഷിപ്പിക്കാം. ഈ ചങ്കുറപ്പുള്ള ചരിത്രകാരന്മാർ എത്ര പേർ ഇന്ന് നമ്മുടെ ഇടയിലുണ്ട്? ഈ ചോദ്യത്തിനു മുന്നിൽ അതികായനായി പ്രൊഫ. പണിക്കർ കേരള സാമൂഹിക ഓർമ്മയിലും നിലനിൽക്കും.

സാമൂഹിക ചരിത്രത്തിന്റെയും ചരിത്രപരമായ ഭൗതികവാദത്തിന്റെയും (historical materialism) പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയതായിരുന്നു പണിക്കരുടെ ചരിത്രരചനാശാസ്ത്രം. എന്നിരുന്നാലും അത് ഒരിക്കലും സൈദ്ധാന്തികമായ അമൂർത്തതകളിൽ മാത്രം ഒതുങ്ങിനിന്നില്ല. സംസ്‌കാരം, പ്രത്യയശാസ്ത്രം, സാമൂഹിക അധികാരം, രാഷ്ട്രീയ ബോധം എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലുകളെ വ്യക്തമാക്കാനാണ് അദ്ദേഹത്തിന്റെ രചനകൾ നിരന്തരം ശ്രമിച്ചത്. അങ്ങനെ ചെയ്യുന്നതിലൂടെ, ആധുനിക ഇന്ത്യൻ ചരിത്രരചനയുടെ വ്യാപ്തി ഇടുങ്ങിയ രാഷ്ട്രീയ വിവരണങ്ങൾക്കപ്പുറത്തേക്ക് വികസിപ്പിക്കാനും, സമൂഹങ്ങളുടെ ജീവിതാവസ്ഥകളെയും ബൗദ്ധിക രൂപീകരണങ്ങളെയും പ്രത്യയശാസ്ത്രപരമായ പോരാട്ടങ്ങളെയും അതിൽ ഉൾപ്പെടുത്താനും അദ്ദേഹം ഗണ്യമായ സംഭാവന നൽകി.
പണിക്കരുടെ
ചരിത്ര മൂല്യങ്ങൾ
ഒരു ചരിത്രകാരന്റെ രീതിശാസ്ത്രത്തിൽ വിധേയത്വ ഭാവം കടന്നുകൂടുമ്പോൾ യഥാർത്ഥ ശാസ്ത്രീയ ചരിത്രം മാറി അത് പ്രചരണ ചരിത്രമായി മാറും. ഈ അവസരത്തിൽ ഒരിക്കലും അധികാരികൾക്കോ, മതത്തിനോ, ജാതിക്കോ വിധേയപ്പെടാതെ യുക്തിഭദ്രമായ ചരിത്രം നിർമ്മിക്കുന്ന ചരിത്രകാരന്മാർ, ചരിത്രത്തിന്റെ തന്നെ സംരഷികരായി മാറുന്നത്. ഇവിടെയാണ് റൊമീളാ ഥാപ്പറും ഇർഫാൻ ഹബീബും, കെ.എൻ.പണിക്കരുമൊക്കെ സവിശേഷ ചരിത്ര നിപുണതയുടെ വക്താക്കളായി മാറുത്തത്. ഇന്ത്യ എന്ന ദേശരാഷ്ട്രത്തെത്തന്നെ നിലനിറുത്തുന്ന ചരിത്ര ചിന്തകളുടെ ഉർവരതയാണ് ഇവരെയൊക്കെ എല്ലാകാലത്തും വീരചരിത്രകാരായി നിലനിറുത്തുന്നത്.
വർഗ്ഗീയ ചരിത്രത്തിൽനിന്ന്
വർഗങ്ങളുടെ ചരിത്രത്തിലേക്ക്
ചരിത്രരചന കൂടുതലായി പ്രത്യയശാസ്ത്രപരമായ തർക്കങ്ങളുടെ വേദിയായി മാറിയ ഒരു കാലഘട്ടത്തിൽ, ഭൂതകാലത്തെ വർഗ്ഗീയവൽക്കരിക്കാനോ മിത്തോളജൈസ് ചെയ്യാനോ ഉള്ള ശ്രമങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത വിമർശകനായി അദ്ദേഹം നിലകൊണ്ടു. "ദേശീയവാദ ചരിത്രം" (nationalist history) എന്ന് അദ്ദേഹം വിശേഷിപ്പിച്ചതിനെതിരെയുള്ള നിരന്തരമായ വിമർശനം കേവലം അക്കാദമികമായിരുന്നില്ല; രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ കടന്നുകയറ്റങ്ങൾക്കെതിരെ ചരിത്രപരമായ രീതിശാസ്ത്രത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനുള്ള വിശാലമായ പോരാട്ടത്തിന്റെ ഭാഗമായിരുന്നു അത്.
ഇന്ത്യയിലെ പൊതുബോധത്തെ വർഗ്ഗീയ ആഖ്യാനങ്ങൾ സ്വാധീനിക്കാൻ തുടങ്ങിയ ദശകങ്ങളിലാണ് പ്രൊഫ. കെ.എൻ. പണിക്കരുടെ ഇടപെടലുകൾക്ക് പ്രത്യേക പ്രാധാന്യം ലഭിച്ചത്. അത്തരത്തിലുള്ള ഇടപെടലുകൾ നടത്തിയ ചരിത്രക്കൂട്ടായ്മയിലെ അഭിവാജ്യ ഘടകമായിരുന്നദ്ദേഹം.
“ഞങ്ങളെല്ലാവരും കെ.എൻ. എന്ന് വിളിച്ചിരുന്ന പണിക്കർ എന്റെ ദീർഘകാല സുഹൃത്തും സഹപ്രവർത്തകനും, ചരിത്രത്തിന്റെ കൊളോണിയൽ-വർഗീയ വക്രീകരണങ്ങൾക്കെതിരെ സന്ധിയില്ലാതെ പോരാടിയ ഒരു ശബ്ദമായിരുന്നു. കൊളോണിയൽ-വർഗീയ ചരിത്രരചനകൾ മതപരമായ സ്വത്വത്തെയാണ് ചരിത്രത്തിലേക്കുള്ള പ്രവേശന ബിന്ദുവായി അടിസ്ഥാനമാക്കിയിരുന്നത്; എന്നാൽ അദ്ദേഹം അതിനുപകരം വർഗ്ഗത്തെ (class) പ്രതിഷ്ഠിക്കുകയും ചരിത്രത്തിന് പുതിയൊരു മാനം നൽകുകയും ചെയ്തു” വെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന പ്രൊഫ. ഹർബാൻസ് മുഖിയ ഞങ്ങൾക്ക് നൽകിയ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
അധികാരത്തിനോട്
സത്യം വിളിച്ചു പറയുന്ന ചരിത്രം
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പാണ്ഡിത്യവും പൊതു ഇടപെടലുകളും ഹിന്ദു ദേശീയവാദ ചരിത്രരചനയുടെ വക്താക്കളിൽ നിന്ന്, പ്രത്യേകിച്ച് 1998 നും 2004 നും ഇടയിലുള്ള ബി.ജെ.പി സർക്കാരിന്റെ കാലത്ത്, കടുത്ത വിമർശനത്തിന് വിധേയമായതിൽ അതിശയിക്കാനില്ല. എങ്കിലും പണിക്കർ തന്റെ നിലപാടുകളിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോയില്ല. അധികാരത്തോട് സത്യം പറയുക, സങ്കുചിത രാഷ്ട്രീയത്തിൽ നിന്ന് ജനിക്കുന്ന വളച്ചൊടിക്കലുകളിൽ നിന്ന് ചരിത്രവിഭാഗത്തെ സംരക്ഷിക്കുക, ചരിത്ര വിജ്ഞാനത്തിന്റെ ശാസ്ത്രീയ അടിത്തറ ഉറപ്പിക്കുക എന്നിവയിലാണ് ഒരു ചരിത്രകാരന്റെ ഉത്തരവാദിത്തം കുടികൊള്ളുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു.

എഴുത്തിനും പ്രഭാഷണങ്ങൾക്കും അപ്പുറത്തേക്ക് പൊതുജീവിതവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വ്യാപിച്ചിരുന്നു. പുതുതായി അവതരിപ്പിച്ച സ്‌കൂൾ പാഠപുസ്തകങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിശോധിക്കാൻ കേരള സർക്കാർ അദ്ദേഹത്തെ ഒരു വിദഗ്ധ സമിതിയുടെ അധ്യക്ഷനായി നിയമിച്ചു. തികഞ്ഞ പാണ്ഡിത്യത്തോടെയും ബൗദ്ധികമായ നീതിബോധത്തോടെയുമാണ് അദ്ദേഹം ആ ദൗത്യം ഏറ്റെടുത്തത്. 2008 ഒക്ടോബറിൽ സമർപ്പിച്ച സമിതിയുടെ റിപ്പോർട്ട്, ചരിത്രപഠനം സന്തുലിതവും വിമർശനാത്മകവും പ്രത്യയശാസ്ത്രപരമായ കൃത്രിമത്വങ്ങളിൽ നിന്ന് മുക്തവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിച്ചു.
കാലങ്ങളെ ഭേദിക്കുന്ന
ചരിത്രരചനകൾ:
കെ.എൻ. പണിക്കരുടെ
ഹിസ്റ്റോറിയോഗ്രാഫി
1968-ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ: എ സ്റ്റഡി ഓഫ് ദി ഡൽഹി റസിഡൻസി 1803 - 1857 ആയിരുന്നു പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ ആദ്യ പുസ്തകങ്ങളിലൊന്ന്. ബ്രിട്ടീഷ് അധികാര വ്യാപനത്തിന് കൊളോണിയൽ റസിഡന്റുമാരുടെയും ഏജന്റുമാരുടെയും പങ്കിനെപ്പറ്റി നടത്തിയ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തിന്റെ പുസ്തകരൂപമാണിത്. മുഗൾ അധികാരത്തിന്റെ അപചയത്തെയും ഡെക്കാൻ, രജപുത്താന പ്രദേശത്തെ കൊളോണിയൽ അധികാരത്തിന്റെ വളർച്ചയെയും വിഷയമാകുന്ന ഈ പഠനം സാമ്പ്രദായിക രാഷ്ട്രീയ ചരിത്രത്തിന്റെ ആശയപരിസരമാണ് പങ്കുവെച്ചത്.
മലബാറിലെ കർഷക സമരങ്ങൾ കേന്ദ്ര പ്രമേയമായ 1989ൽ പ്രസിദ്ധീകരിച്ച ‘എഗൈൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ്: റിലീജിയൻ ആൻഡ് പെസന്റ് അപ്രൈസിംഗ് ഇൻ മലബാർ, 1836-1921’ സമീപനത്തിലെ പുതുമകൊണ്ടും കണിശതകൊണ്ടും ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ്. കേരളത്തിൽ ഏറ്റവും അധികം വായിക്കപ്പെട്ട ചരിത്രപുസ്തകങ്ങളിൽ ഒന്ന് ഇതായിരിക്കും. ഒട്ടുമിക്കപ്പൊഴും മതപരമായ കണ്ണിലൂടെ മാത്രം നോക്കിയ ഒരു സമരത്തെ മാർക്സിയൻ ചട്ടക്കൂടിൽ നിന്നുകൊണ്ട് ഗ്രാംഷിയൻ സാംസ്കാരിക വിശകലന സങ്കേതങ്ങൾ ഉപയോഗിച്ച് കർഷക സമരം എന്ന നിലക്ക് പരിശോധിക്കുകയാണ് കെ. എൻ. പണിക്കർ.
മലബാറിലെ കർഷക സമരങ്ങളെപ്പറ്റി പഠിച്ച ആദ്യ ചരിത്രകാരനായിരുന്നില്ല അദ്ദേഹം. പണിക്കർക്ക് മുന്നേ മലബാറിലെ കർഷക സമരങ്ങൾ നിരവധി ചരിത്രകാരന്മാരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. മാപ്പിള കർഷകരുടെ സമരത്തെപ്പറ്റിയുള്ള പടിഞ്ഞാറൻ ചരിത്രകാരന്മാരുടെ അന്വേഷങ്ങൾ മിക്കവാറും കൊളോണിയൽ അധികാരികളുടെ ‘മതലഹള’ വ്യാഖ്യാനത്തിന്റെ പുതുരൂപങ്ങളായിരുന്നു. മാപ്പിള കർഷകരുടെ സമരങ്ങളുടെ മതപശ്ചാത്തലം അംഗീകരിച്ച പണിക്കർ സമരങ്ങളുടെ ഉള്ളടക്കത്തിലെ മതവ്യാഖ്യാനത്തെ തള്ളിക്കളഞ്ഞു. അതേസമയം, സമരത്തിലുണ്ടായ വർഗീയപരമായ അപഭ്രംശങ്ങളെ തുറന്നു കാണിക്കുന്നതിലും അദ്ദേഹത്തിന് സാധിച്ചു. പരമ്പരാഗത മുസ്ലിം പണ്ഡിതന്മാരുടെ സമര സാന്നിധ്യത്തെ സമൂഹത്തിൽ ബുദ്ധിജീവികളുടെ സവിശേഷ ഇടപെടൽ എന്ന നിലക്കാണ് അദ്ദേഹം കണ്ടത്. സമരക്കാരെ ഒന്നിച്ചുചേർക്കാനായി ഉപയോഗിക്കുന്ന ജനജീവിതവുമായി ബന്ധപ്പെട്ട ജൈവികമായ സമരസങ്കേതങ്ങളുടെ (വാങ്ക് വിളി, നകര/പെരുമ്പറയുടെ ഉപയോഗം) ഉപയോഗത്തെ ആ തരത്തിൽ തന്നെ സമീപിക്കാൻ കെ. എൻ. പണിക്കർക്ക് സാധിച്ചു.

പലപ്പോഴും മാർക്സിസ്റ്റ് ചരിത്രരചനക്ക് മേൽ ആരോപിക്കുന്ന ഇടുങ്ങിയ സാമ്പത്തികവാദത്തിലും നിർണയവാദ സ്വഭാവവുമുള്ള സമീപനത്തിന്റെ കെണിയിലും അദ്ദേഹം വീണില്ല. അതേസമയം, മലബാറിന്റെ സാമ്പത്തിക വ്യവസ്ഥയും തൊഴിൽ ചൂഷണവും ആദ്യ അധ്യായങ്ങളിൽ തന്നെ വിവരിക്കുകയും ചെയ്തു. മലബാർ കർഷക സമരപഠനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ കൊളോണിയൽ രേഖകളുടെ പുനർവായന എടുത്തുപറയേണ്ടതാണ്. ഈ വായനകളിൽ എല്ലാം തന്റെ മാർക്സിറ്റ് ചരിത്രരചന ചട്ടക്കൂടിൽ ഗ്രാംഷിയെ കെ. എൻ. പണിക്കർ മുഖാമുഖം കാണുന്നുണ്ട്.
എൺപതുകളിലും തൊണ്ണൂറുകളിലുമായി കെ. എൻ. പണിക്കർ നടത്തിയ വിമർശനാത്മക സാംസ്കാരിക പഠനങ്ങൾ സംസ്കാരത്തെ തീവ്രമായ രാഷ്ട്രീയ ഇടപെടലിന്റെ ഇടമായി തുറന്നുകാണിക്കുന്നുണ്ട്. കോളനി വാഴ്ചക്കാലത്തെ ഇന്ത്യയിലെ സാംസ്കാരിക ദേശീയതയുടെ സവിശേഷതകളെ കുറിച്ചുള്ള അദ്ദേഹത്തിൻറെ രണ്ട് പതിറ്റാണ്ടുകാലത്തെ നിരീക്ഷണങ്ങളാണ് 1995ൽ പുറത്തുവന്ന കൾച്ചർ, ഐഡിയോളജി, ഹെജിമണി: ഇന്റലക്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ്നസ് ഇൻ കൊളോണിയൽ ഇന്ത്യ എന്ന പുസ്തകത്തിൽ. അധിനിവേശ ആധുനികതയോട് ഇന്ത്യൻ സമൂഹത്തിലെ വിവിധ അടരുകൾ നടത്തിയ ഇടപെടലുകളാണ് മുഖ്യമായും ഇതിൽ പഠനവിഷയമാക്കുന്നത്. ഈ പുസ്തകത്തിലെ ലേഖനങ്ങളുടെ ക്രമമായുള്ള വായന കെ. എൻ. പണിക്കരുടെ കാഴ്ചപ്പാടുകളിൽ ഉണ്ടാകുന്ന മാറ്റത്തെ കൃത്യമായി വരച്ചിട്ടുന്നുണ്ട്.
ആദ്യ അധ്യായങ്ങളിൽ കൊളോണിയൽ ഇന്ത്യയിലെ പാരമ്പര്യ വരേണ്യരുടെ ഇടപെടലുകളെ ബദലുകൾക്കായുള്ള അന്വേഷണമായും സാംസ്കാരിക പ്രതിരോധമായും കാണുമ്പോൾ പിന്നീടുള്ള അധ്യായങ്ങളിൽ ഈ വീക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ബുദ്ധിജീവികൾ 'പ്രായോഗികവും ലക്ഷ്യാധിഷ്ഠിതവുമായ കാരണങ്ങളാൽ മാത്രമാണ്' പാരമ്പര്യത്തെ കൂട്ടുപിടിച്ചതെന്ന് ആവർത്തിക്കുമ്പോഴും, 'പാരമ്പര്യത്തെക്കുറിച്ചുള്ള ഈ സങ്കല്പം ബ്രാഹ്മണാധിപത്യപരവും ഗ്രന്ഥാധിഷ്ഠിതവുമായിരുന്നുവെന്നും, എല്ലാ ഹിന്ദുക്കൾക്കും ബാധകമാകുന്ന ഏകശിലാ രൂപത്തിലുള്ള പാരമ്പര്യങ്ങൾ സൃഷ്ടിക്കാനാണ് അത് ശ്രമിച്ചതെന്നും' അദ്ദേഹം തിരിച്ചറിയുന്നു. അവസാന അധ്യായങ്ങൾ ദേശിയതയിൽ നിന്ന് പ്രാദേശികതയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം പ്രകടമാണ്. മലയാള നോവലും പുതിയ സാഹിത്യ അവബോധത്തിന്റെ സൃഷ്ടിയും, ആയുർവേദ വൈദ്യശാസ്ത്ര പരിശീലനത്തിനത്തിൽ ഉണ്ടാവുന്ന ഗതിവിഗതികൾ, മലബാർ വിവാഹ കമ്മീഷൻ എന്നിവ ഈ ഭാഗത്ത് പ്രതിപാദ്യവിഷയമാവുന്നുണ്ട്.

1969 നും 2005നും ഇടയിൽ കെ. എൻ. പണിക്കർ നടത്തിയ പ്രഭാഷണങ്ങൾ, അദ്ദേഹത്തിന്റെ മുൻകാല ഉപന്യാസങ്ങൾ, ലേഖനങ്ങൾ എന്നിവ ചേർത്ത് പ്രസിദ്ധീകരിച്ച കൃതിയാണ് ‘കൊളോണിയലിസം കൾച്ചർ ആൻഡ് റെസിസ്റ്റൻസ്’ (2007).
പരമ്പരാഗത ഇന്ത്യൻ ബുദ്ധിജീവികൾ രൂപപ്പെടുത്താൻ ശ്രമിച്ച ബദൽ ആധുനികതയും അതിൻറെ പരാജയവും ഈ പുസ്തകത്തിൽ വീണ്ടും പഠനവിഷയമാക്കുന്നുണ്ട്. പൂർണ്ണമായും തദ്ദേശീയമായ ഒരു ആധുനികത രൂപപ്പെടുത്താൻ വരേണ്യവർഗ്ഗത്തിന് സാധിച്ചില്ലെന്നും മറിച്ച് ഹിന്ദുത്വ വിഭാവനം ചെയ്യുന്ന യാഥാസ്ഥിതികത്വമാണ് നിർമ്മിക്കപ്പെട്ടതെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. കൊളോണിയൽ ആധിപത്യത്തിന്റെ കഠിനമായ യാഥാർത്ഥ്യങ്ങളെ നിരാകരിക്കുന്ന റിവിഷനിസ്റ്റ് ചരിത്രരചന രീതികളെ കെ. എം. പണിക്കർ ഈ കൃതിയിൽ നിരാകരിക്കുന്നുണ്ട്. ഇത്തരം ചരിത്രരചന പദ്ധതികൾ കൊളോണിയൽ സാംസ്കാരിക മേധാവിത്വത്തിന്റെ നീണ്ട കൈകളായാണ് വർത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപ്പിന്റെ സ്വഭാവത്തെ കുറിച്ചുള്ള വിശകലനം ഈ സമാഹാരത്തിന്റെ പ്രധാന സംഭാവനയാണ്. ശാസ്ത്രീയ അന്വേഷണങ്ങൾ മുതൽ കർഷകലാപങ്ങൾ വരെയും പരമ്പരാഗത ആചാരങ്ങളുടെ പരിഷ്കരണം മുതൽ അത്തരം പരിഷ്കരങ്ങൾക്കെതിരെയുള്ള പ്രതിഷേധം വരെയും ചെറുത്തുനിൽപ്പുകളായി അദ്ദേഹം വിലയിരുത്തുന്നു. ഇതിലൂടെ സഹകരണം - കീഴടങ്ങൽ - ചെറുത്തുനിൽപ്പ് എന്നിവയെ പുതിയ രീതിയിൽ നിർവചിക്കുകയും ബൂർഷ്വ - കീഴാള അനുഭവങ്ങളെ സംയോജിപ്പിക്കുകയും ചെയ്യുന്നു.
കെ. എൻ. പണിക്കർ:
മരിച്ചിട്ടും മരിക്കാത്ത
മതനിരപേക്ഷത
ന വലിബറൽ സാമ്പത്തികനയങ്ങളും ഹിന്ദുത്വ മൗലികവാദവും തമ്മിലുള്ള കൂട്ടുകെട്ടും അത് പൗര സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സ്ഥിരമായി കെ. എൻ. പണിക്കർ നിരീക്ഷിച്ചിരുന്നു. സ്വകാര്യവൽക്കരണത്തിലൂടെയും വർഗീയവൽക്കരണത്തിലൂടെയും വിദ്യാഭ്യാസ മേഖല ഉണ്ടാവുന്ന തകർച്ച അദ്ദേഹം പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. വലതുപക്ഷ സാംസ്കാരിക പദ്ധതിയുടെ ചരിത്രപരമായ പശ്ചാത്തലം ചർച്ച ചെയ്തുകൊണ്ട് തദ്ദേശീയമായി വളർന്നുവരുന്ന ഇന്ത്യൻ ഫാഷിസത്തിന് വിനാശകരമായ സ്വാധീന പോരാടുന്നതിനുള്ള ഒരു കർമ്മ പദ്ധതി അദ്ദേഹം തയ്യാറാക്കിയിരുന്നു.
ആൻ ആജണ്ട ഫോർ കൾച്ചറൽ ആക്ഷൻ എന്ന പേരിൽ 2002-ൽ ഈ കൃതി പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകൃതമായ കൃതികളോടൊപ്പം തന്നെ എടുത്ത് പറയേണ്ട ഒന്നാണ് അദ്ദേഹം എഡിറ്റ് ചെയ്ത ടുവേർഡ്‌സ് ഫ്രീഡം: ഡോക്യുമെൻസ് ഓൺ ദ മൂവ്മെന്റ് ഫോർ ഇൻഡിപെൻഡൻസ് ഇൻ ഇന്ത്യ 1940 ഭാഗം 2 എന്ന ഇതുവരെയും അപ്രകാശിതമായ തുടർന്നിരുന്ന പുരാരേഖകൾ അടങ്ങിയ ബ്രഹത്സമാഹാരത്തിന്റെ കാര്യം. നാട്ടുരാജ്യങ്ങളിൽ അടക്കം ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊള്ളായിരത്തി നാല്പതുകളിൽ നടന്ന തൊഴിലാളി, കർഷക, വിദ്യാർഥി, സ്ത്രീ, ദളിത്, ആദിവാസി വിഭാഗങ്ങളുടെ പോരാട്ടങ്ങളും സ്വാതന്ത്ര്യ സമരവുമായി അവയുടെ ബന്ധവും പുറത്തുകൊണ്ടുവരുന്ന ഈ സമാഹാരം ബി ജെ പി ഭരണകൂടം തടയുകയുണ്ടായി.
'ബിഫോർ ദ നൈറ്റ് ഫോൾസ്'
(Before the Night Falls)
ചരിത്രപരമായ വക്രീകരണത്തിന്റെ സമകാലിക രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ 'ബിഫോർ ദ നൈറ്റ് ഫോൾസ്' (Before the Night Falls) എന്ന കൃതിയിൽ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾ പിടിമുറുക്കുന്ന വർത്തമാനകാല പ്രതിസന്ധികൾക്കുള്ള കൃത്യമായ ഒരു മറുപടിയും, കാലികപ്രസക്തമായ ബൗദ്ധിക ഇടപെടലുമാണ് ഈ പുസ്തകം. ഫാഷിസ്റ്റ് പ്രവണതകളുടെ വേരുറപ്പിക്കലും വർഗീയ രാഷ്ട്രീയത്തിന്റെ കടന്നുകയറ്റവും ഉയർത്തുന്ന സങ്കീർണ്ണമായ വെല്ലുവിളികളെ തുറന്നുകാട്ടുന്ന ഈ കൃതി, സമകാലിക ഇന്ത്യയുടെ അവസ്ഥയെ ആഴത്തിൽ വിശകലനം ചെയ്യുന്നു. നമ്മുടെ ധാർമ്മികവും സാമൂഹികവും രാഷ്ട്രീയവുമായ മണ്ഡലങ്ങളിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കെ. എൻ. പണിക്കർ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ സംഘപരിവാർ തങ്ങളുടെ ഒഴിവാക്കലിന്റേതായ (exclusionary) പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാൻ ഉപയോഗിച്ച വിവിധ തന്ത്രങ്ങളെ ഈ പുസ്തകം വിമർശനാത്മകമായി പരിശോധിക്കുന്നു. ഇത്തരം ശക്തികൾക്ക് പൊതുസമൂഹത്തിൽ സ്വാധീനവും സ്വീകാര്യതയും നേടാൻ വഴിയൊരുക്കിയ സാഹചര്യങ്ങളെ, ചരിത്രപരമായ അവബോധത്തോടെയും സൂക്ഷ്മതയോടെയും ഈ പുസ്തകം ചോദ്യം ചെയ്യുന്നു.
വർഗീയതയുടെ വളർച്ചയെ ഫലപ്രദമായി നേരിടുന്നതിൽ മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച വീഴ്ചകളെക്കുറിച്ചുള്ള പണിക്കരുടെ നിരീക്ഷണങ്ങളും അത്രതന്നെ ശ്രദ്ധേയമാണ്. ഈ പരാജയങ്ങളെ വിശാലമായ ഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുന്ന ലേഖനങ്ങൾ ഒരു വലിയ ലക്ഷ്യം കൂടി മുന്നോട്ടുവെക്കുന്നുണ്ട്; വർത്തമാനകാലത്തെ ഈ ആധിപത്യശ്രമങ്ങളെ വെല്ലുവിളിക്കാനും, ഇന്ത്യൻ സമൂഹത്തിന്റെ ബഹുസ്വരവും ജനാധിപത്യപരവുമായ അടിത്തറ തിരികെ പിടിക്കാനും കെൽപ്പുള്ള പുതിയൊരു സാംസ്കാരിക ബദൽ (counter-cultural initiative) രൂപപ്പെടുത്താനുള്ള സാധ്യതകൾ കൂടിയാണ് ഈ കൃതി അന്വേഷിക്കുന്നത്.
ഹിസ്റ്ററി ആസ് എ സൈറ്റ് ഓഫ് സ്ട്രഗിൾ വിവിധ കാലങ്ങളിലായി നടത്തിയ 77 പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹരണമാണ്. ചരിത്രരചന, ദേശീയ രാഷ്ട്രീയം, വർഗീയ രാഷ്ട്രീയം, വിദ്യാഭ്യാസം, സംസ്കാരം മുതലായ മേഖലകളെ വിശദമായി വിശകലനം ചെയ്യുന്നവയാണ് ഈ ലേഖനങ്ങൾ. ഹിന്ദുത്വയുടെ ചരിത്രം അല്ലാത്ത മറ്റേതൊരു ചരിത്രത്തെയും അസാധുവാക്കാനും, പൈശാവൽക്കരിക്കാനും ഉള്ള ശ്രമങ്ങളെയും സിദ്ധാന്തങ്ങളെയും അദ്ദേഹം തുറന്നുകാട്ടി. വർഗീയ രാഷ്ട്രീയം ഉദാരവൽക്കരണത്തോട് ചേർന്ന് നിന്നുകൊണ്ട് അശാസ്ത്രീയവും ജനവിരുദ്ധവുമായ വിദ്യാഭ്യാസ പരിഷ്കരണം നടത്തുന്നതിനെയും അദ്ദേഹം വിമർശന വിധേയമായി അപഗ്രഥിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ സമാഹൃത കൃതികളിൽ എല്ലാം ഒരു ചരിത്രകാരനോടൊപ്പം സെക്കുലർ ആക്ടിവിസ്റ്റിന്റെ സന്നിധ്യം കൂടി പ്രകടമാണ്. അഭിപ്രായ ഭിന്നതകളെ അംഗീകരിക്കുകയും ആ ഭിന്നതകളെക്കാൾ ഭിന്നതകളോടുള്ള നിലപാടിന് പ്രാധാന്യം നൽകുകയും ചെയ്ത സത്യസന്ധനായ ചരിത്രകാരന്റെ യുക്തി ബോധമാണ് ഈ രചനകളിൽ എല്ലാം തെളിഞ്ഞുനിൽക്കുന്നത്.
പ്രൊഫ. റൊമീളാ ഥാപ്പർ ഞങ്ങൾക്കച്ച സന്ദേശത്തിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു: "അർത്ഥവത്തായ ചർച്ചകൾക്കും സംവാദങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു എന്നത് പ്രൊഫ. കെ. എൻ. പണിക്കരുടെ മഹത്തായ ഒരു സവിശേഷതയായിരുന്നു’’.
പ്രൊഫ. പണിക്കരുടെ പൈതൃകം അദ്ദേഹം രചിച്ച പുസ്തകങ്ങളുടെയും ഉപന്യാസങ്ങളുടെയും വിപുലമായ ശേഖരത്തിൽ മാത്രമല്ല, അദ്ദേഹം വളർത്തിയെടുത്ത ബൗദ്ധിക സംസ്കാരത്തിൽ കൂടിയാണ് നിലകൊള്ളുന്നത്. ധാർമ്മിക ധൈര്യത്തോടൊപ്പം വിശകലനപരമായ ആഴവും സമന്വയിപ്പിച്ച ഒരു ചരിത്രകാരനെയാണ് വിദ്യാർത്ഥികളുടെയും പണ്ഡിതരുടെയും തലമുറകൾ അദ്ദേഹത്തിൽ കണ്ടത്. ചരിത്രം കേവലം ഭൂതകാലത്തിന്റെ ഒരു രേഖ മാത്രമല്ല, മറിച്ച് ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള ഒരു നിർണായക സംഭാഷണമാണെന്നും, സ്വേച്ഛാധിപത്യം, വർഗീയത, ചരിത്രപരമായ തിരിമറികൾ എന്നിവയെ ചെറുക്കാൻ സമൂഹത്തെ സജ്ജമാക്കുന്ന ഒരു വിജ്ഞാനശാഖയാണെന്നും അദ്ദേഹത്തിന്റെ കൃതികൾ നമ്മെ നിരന്തരം ഓർമ്മിപ്പിച്ചു.
ജനാധിപത്യ മൂല്യങ്ങളും വിമർശനാത്മക പഠനങ്ങളും വലിയ വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിൽ, യുക്തി, മതേതരത്വം, ബൗദ്ധിക സമഗ്രത എന്നിവയുടെ കാവൽക്കാരനായ ചരിത്രകാരന്റെ പങ്കിനുള്ള ശക്തമായ തെളിവായി കെ. എൻ. പണിക്കരുടെ ജീവിതവും പ്രവർത്തനങ്ങളും നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ വിടവാങ്ങൽ ഇന്ത്യൻ ചരിത്രരചനയിൽ ഒരു വലിയ ശൂന്യത സൃഷ്ടിക്കുന്നുവെങ്കിലും, അദ്ദേഹം രൂപപ്പെടുത്തിയെടുത്ത ബൗദ്ധിക പാരമ്പര്യം പണ്ഡിതർക്കും പൗരന്മാർക്കും ഒരുപോലെ പ്രചോദനമായി തുടരും.
Read: ഡോ. കെ.എൻ. പണിക്കർ, ചരിത്രത്തെ ഖനനം ചെയ്ത ധിഷണാശാലി
പ്രൊഫ. റൊമീളാ ഥാപ്പർ ഞങ്ങൾക്കച്ച സന്ദേശത്തിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു: “Prof. KN Panikkar had the great quality of being available for thoughtful discussion, debate or comment and when he spoke or wrote his argument was a balanced judgement carefully considered, and to the point. He had little use for purely authoritarian views especially in the interpretation of history. The logic and rationality of the argument is what he prized”. ("അർത്ഥവത്തായ ചർച്ചകൾക്കും സംവാദങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു എന്നത് പ്രൊഫ. കെ. എൻ. പണിക്കരുടെ മഹത്തായ ഒരു സവിശേഷതയായിരുന്നു. സംസാരത്തിലായാലും എഴുത്തിലായാലും അദ്ദേഹം ഉന്നയിച്ചിരുന്ന വാദങ്ങൾ, ശ്രദ്ധാപൂർവ്വം വിലയിരുത്തപ്പെട്ടതും സന്തുലിതവും കൃത്യതയാർന്നതുമായിരുന്നു. പ്രത്യേകിച്ച് ചരിത്ര വ്യാഖ്യാനങ്ങളിൽ, തികച്ചും സ്വേച്ഛാധിപത്യപരമായ കാഴ്ചപ്പാടുകൾക്ക് അദ്ദേഹം യാതൊരു വിലയും കൽപ്പിച്ചിരുന്നില്ല. വാദങ്ങളിലെ യുക്തിക്കും യുക്തിഭദ്രതയ്ക്കുമാണ് അദ്ദേഹം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്.”) പ്രൊഫ.കെ.എൻ.പണിക്കരുടെ എഴുത്തിലെയും, വീക്ഷണങ്ങളിലേയും യുക്തിഭദ്രത തന്നെയാണ് വർത്തമാന ‘കലുഷിത കാല’ത്തിലും, വരുകാലങ്ങളിലും കൈയെത്തിപ്പിടിക്കേണ്ട ചരിത്രങ്ങളായി നിലനിൽക്കുന്നത്.
▮
References:
കെ. എൻ. പണിക്കർ. 2021, കലുഷിതമായ കാലം: ഒരു ചരിത്രകാരന്റെ ഓർമ്മക്കുറിപ്പുകൾ. ചിന്ത പബ്ലിഷേഴ്സ്.
Panikkar, K. N. “The ‘Great’ Shoe Question: Tradition, Legitimacy and Power in Colonial India.” Studies in History, vol. 14 no. 1, 1998, pp.21-36.
… Against Lord and State: Religion and Peasant Uprisings in Malabar, 1836–1921. Oxford University Press, 1989.
... Culture, Ideology, Hegemony: Intellectuals and Social Consciousness in Colonial India. Anthem Press( reprint ), 2002.
… Before the Night Falls: Forebodings of Fascism in India. Books for Change, 2002.

