ഭിന്നശേഷി വിദ്യാർത്ഥികൾ നയിക്കുന്ന ക്യാമ്പസ്,
വേണം സംവരണവും രാഷ്ട്രീയ പങ്കാളിത്തവും

‘‘ഭിന്നശേഷി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പടെ കൃത്യമായ സംവരണം നടപ്പിലാക്കാൻ ഇപ്പോഴും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പസുകൾക്കും യൂണിവേഴ്സിറ്റികൾക്കും സാധിച്ചിട്ടില്ല’’- ഭിന്നശേഷിക്കാരുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പങ്കാളിത്തം എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന, ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി സിബിൻ എൽദോസ് എഴുതുന്നു.

ന്നത്തെ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുകൊണ്ട്, ‘ക്യാമ്പസുകളിലെ ഭിന്നശേഷി വിദ്യാർഥികളുടെ രാഷ്ട്രീയ പങ്കാളിത്തവും മുന്നേറ്റവും’ എന്ന വിഷയത്തെ വിലയിരുത്തുമ്പോൾ ഭിന്നശേഷിസമൂഹത്തെ നമ്മുടെ രാജ്യം നോക്കിക്കാണുന്ന രീതി തിരുത്തപ്പെടേണ്ടതാണ്. കാരണം മതനിരപേക്ഷത ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ചരിത്രമെടുത്തു പരിശോധിച്ചാൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കായിക രംഗങ്ങളിൽ മികവുപുലർത്തിയ നിരവധി രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയപാർട്ടികളെയും കാണാനായി സാധിക്കും. എന്നാൽ ഈ കൂട്ടത്തിൽ ഭിന്നശേഷിക്കാരായ ആളുകളുടെ എണ്ണം എടുത്തു പരിശോധിച്ചാൽ വിരലിലെണ്ണാവുന്ന ആളുകളെ പോലും കണ്ടെത്താനാവില്ല.

2011 സെൻസസ് പ്രകാരം ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 2.21 ശതമാനം അഥവാ 2.6 കോടി ജനങ്ങൾ ഭിന്നശേഷിക്കാരാണ്. ഈ കണക്കുകൾ നമ്മുടെ മുന്നിൽ നിൽക്കുമ്പോഴാണ് ഭിന്നശേഷിക്കാരായ ആളുകളുടെ രാഷ്ട്രീയ മേഖലയിലെ മുന്നേറ്റം വിമർശനാത്മകമായി പരിശോധിക്കപ്പെടേണ്ടി വരുന്നത്. 2016ലെ ‘person with disability act’-ൽ ഭിന്നശേഷിക്കാരായ ആളുകൾക്ക് ഇന്ന് നമ്മുടെ രാജ്യത്ത് നൽകുന്ന അവകാശങ്ങളെ പറ്റിയും പങ്കാളിത്തത്തെ പറ്റിയും വിശദമായി പറഞ്ഞുവെക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് രാഷ്ട്രീയപരമായുള്ള പങ്കാളിത്തവും അവകാശങ്ങളും. ഈ നിയമങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് പലയിടങ്ങളിലും അവർ മാറ്റിനിർത്തപ്പെടുന്നത്. പൊതുസമൂഹം എന്നും സഹതാപത്തോടെ മാത്രം അവരെ നോക്കി കാണുന്നു. അവരുടെ അവകാശങ്ങളും സാമൂഹ്യമായ മുന്നേറ്റവും പങ്കാളിത്തവും ചർച്ചചെയ്യപ്പെടാതെ പോകുന്നു. നിലവിലെ സംവരണ നിയമ പ്രകാരം എല്ലായിടങ്ങളിലും ഭിന്നശേഷിക്കാരായ ആളുകൾക്ക് നിശ്ചിത ശതമാനം സംവരണം നിലനിൽക്കുന്നു. 2016-ലെ ഭിന്നശേഷി നിയമപ്രകാരം തൊഴിലിടങ്ങളിൽ 4-%വും പഠനാവശ്യങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5%വും സംവരണം നിലവിലുണ്ട്. എന്നാൽ തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളിൽ, അഥവാ തെരഞ്ഞെടുപ്പ് വേദികളിൽ ഇത്തരം സംവരണങ്ങൾ നിലനിൽക്കുന്നില്ല.

2016-ലെ ഭിന്നശേഷി നിയമപ്രകാരം തൊഴിലിടങ്ങളിൽ 4-%വും പഠനാവശ്യങ്ങൾക്ക്  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5%വും സംവരണം നിലവിലുണ്ട്. എന്നാൽ  തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളിൽ, അഥവാ  തെരഞ്ഞെടുപ്പ് വേദികളിൽ ഇത്തരം സംവരണങ്ങൾ  നിലനിൽക്കുന്നില്ല.
2016-ലെ ഭിന്നശേഷി നിയമപ്രകാരം തൊഴിലിടങ്ങളിൽ 4-%വും പഠനാവശ്യങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5%വും സംവരണം നിലവിലുണ്ട്. എന്നാൽ തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളിൽ, അഥവാ തെരഞ്ഞെടുപ്പ് വേദികളിൽ ഇത്തരം സംവരണങ്ങൾ നിലനിൽക്കുന്നില്ല.

നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പ് വേദികളിൽ നിലനിൽക്കുന്ന സംവരണങ്ങളിൽ വനിതാ സംവരണം, പട്ടികജാതി പട്ടികവർഗ്ഗ സംവരണം, തുടങ്ങിയ സംവരണങ്ങളെല്ലാം നിലനിൽക്കുന്നു. ഇതെല്ലാം ഇത്തരം പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുന്നോട്ടു കൊണ്ടു വരുന്നതിന് വേണ്ടിയാണ് നിലവിൽ വന്നിട്ടുള്ളത്. പക്ഷെ ഭിന്നശേഷിക്കാരായ ആളുകളെ ഇത്തരം ഇടങ്ങളിൽ നിന്ന് എന്തുകൊണ്ട് മാറ്റിനിർത്തണം അല്ലെങ്കിൽ ഈ സംവരണത്തിന്റെ പട്ടികയിലേക്ക് എന്തുകൊണ്ട് അവരെ ഉൾപ്പെടുത്തുന്നില്ല? അവിടെയാണ് എന്താണ് രാഷ്ട്രീയ പങ്കാളിത്തം എന്നുള്ള ചോദ്യം പ്രസക്തമാകുന്നത്. പൗരർ തങ്ങളുടെ സർക്കാരിനെ സ്വാധീനിക്കുന്നതിനായി നടത്തുന്ന ഏതൊരു പ്രവർത്തനത്തെയും രാഷ്ട്രീയപങ്കാളിത്തം എന്ന് വിളിക്കാം. സമൂഹത്തിന്റെ ഭാഗമാകാനും വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവർക്ക് ഭരണഘടന നൽകുന്ന ഉറപ്പ് കൂടിയാണ് രാഷ്ട്രീയ പങ്കാളിത്തം. ഈ വസ്തുതകളെല്ലാം നിലനിൽക്കുമ്പോഴാണ് ഇന്നത്തെ ക്യാമ്പസുകളിൽ ഭിന്നശേഷി വിദ്യാർഥികളുടെ രാഷ്ട്രീയ പങ്കാളിത്തവും മുന്നേറ്റവും എന്ന വിഷയം ചർച്ച ചെയ്യപ്പെടുന്നത്.

ഭിന്നശേഷി സൗഹൃദ ക്യാമ്പസുകളെ സൃഷ്ടിക്കാൻ കേവലം ‘Infrastructure’ സൗകര്യങ്ങൾ മാത്രമല്ല ഒരുക്കേണ്ടത്, പകരം അവരുടെ സാമൂഹ്യമായ മുന്നോട്ടുപോക്കിന് ഉതകുന്ന സംവിധാനങ്ങളും നിയമങ്ങളും ക്യാമ്പസുകളിൽ നടപ്പാക്കേണ്ടതുണ്ട്.

ക്യാമ്പസുകൾ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇടങ്ങളാണ്. ആണും പെണ്ണും ട്രാൻസ്ജെൻഡറും ഭിന്നശേഷിക്കാരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ മുഴുവൻ മനുഷ്യരും ഒന്നിക്കുന്ന ഇടം. ക്യാമ്പസുകൾ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് മാതൃകയാകുന്ന തരത്തിലുള്ള അഭിപ്രായങ്ങളും നിലപാടുകളും മുന്നോട്ടുവെക്കുന്നതായും നാം കണ്ടിട്ടുണ്ട്. L.G.B.T.Q മനുഷ്യരെ മാനവികതയുടെ രാഷ്ട്രീയമുയർത്തിപ്പിടിച്ച് സമൂഹത്തിനു മാതൃകയാകുന്ന രീതിയിൽ ക്യാമ്പസുകൾ ചേർത്ത് പിടിക്കുന്ന കാഴ്ച നമ്മൾ കണ്ടതാണ്. അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ഉന്നമനത്തിന് വേണ്ടി ക്യാമ്പസുകളെ ഒരുക്കേണ്ട ഉത്തരവാദിത്വം വിദ്യാർത്ഥി സംഘടനകൾക്കും മറ്റു സാമൂഹിക സംഘടനകൾക്കും ക്യാമ്പസ് അധികാരികൾക്കും ഉണ്ട്. ഭിന്നശേഷി സൗഹൃദ ക്യാമ്പസുകളെ സൃഷ്ടിക്കാൻ കേവലം ‘Infrastructure’ സൗകര്യങ്ങൾ മാത്രമല്ല ഒരുക്കേണ്ടത്, പകരം അവരുടെ സാമൂഹ്യമായ മുന്നോട്ടുപോക്കിന് ഉതകുന്ന സംവിധാനങ്ങളും നിയമങ്ങളും ക്യാമ്പസുകളിൽ നടപ്പാക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പങ്കാളിത്തം. National Service Scheme, ക്യാമ്പസിലെ വിവിധ ക്ലബ്ബുകൾ, അക്കാദമികേതര വേദികൾ, യൂണിയൻ തിരഞ്ഞെടുപ്പുകൾ അങ്ങനെ എല്ലായിടങ്ങളിലും പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതുണ്ട്.

സിബിൻ എൽദോസ്
സിബിൻ എൽദോസ്

കാലടി സംസ്കൃത സർവകലാശാലയിൽ വനിതാ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കൃത്യമായ വനിതാ സംവരണ സീറ്റുകൾ ക്യാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ നിലനിൽക്കുന്നുണ്ട്. യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് ചട്ടത്തിൽ കൃത്യമായി അത് പരാമർശിച്ച് പോകുന്നുണ്ട്. അതുപോലെതന്നെ എല്ലാ യൂണിവേഴ്സിറ്റികളിലും ‘Lady representative’ പോസ്റ്റുകളുണ്ട്. യൂണിവേഴ്സിറ്റികളിലെ അക്കാദമിക് ബോഡികളിൽ വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പുവരുത്തുമ്പോൾ അതിൽ പട്ടികജാതി പട്ടികവർഗ്ഗ സംവരണം, വനിതാ സംവരണം എന്നിവയെല്ലാം ഉറപ്പാക്കുന്നുണ്ട്. എം.ജി സർവ്വകലാശാലയിൽ സെനറ്റ് സ്റ്റുഡന്റ് കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ സംവരണങ്ങൾ ഉണ്ട്.

കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാർത്ഥി സംഘടനകൾ ചിലയിടങ്ങളിൽ ഭിന്നശേഷി വിദ്യാർഥികളെ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളായി മത്സരിപ്പിക്കാറുണ്ട്. പലയിടങ്ങളിലും അവർ വലിയ ഭൂരിപക്ഷത്തോടു കൂടി വിജയിച്ചു വന്നിട്ടുമുണ്ട്.

ഈ മാറ്റങ്ങളെല്ലാം നമ്മുടെ ക്യാമ്പസുകൾ മുന്നോട്ടുവയ്ക്കുന്ന പുരോഗമന ആശയങ്ങളാണ് ഉയർത്തിപ്പിടിക്കുന്നത്. പക്ഷേ, ഭിന്നശേഷി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പടെ കൃത്യമായ സംവരണം നടപ്പിലാക്കാൻ ഇപ്പോഴും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ക്യാമ്പസുകൾക്കും, യൂണിവേഴ്സിറ്റികൾക്കും സാധിച്ചിട്ടില്ല. എറണാകുളം മഹാരാജാസ് കോളേജിൽ തെരഞ്ഞെടുക്കപ്പെടുന്ന യൂണിയൻ എല്ലാ വർഷവും ഒരു ഭിന്നശേഷി വിദ്യാർഥിയെ പ്രതിനിധിയായി യൂണിയനിലേക്ക് നോമിനേറ്റ് ചെയ്തു പോകാറുണ്ട്. അതിനപ്പുറം ഒരിടങ്ങളിലും ഭിന്നശേഷി പങ്കാളിത്തം ഉറപ്പുവരുത്തുന്നതായി കാണുന്നില്ല. നമ്മുടെ ക്യാമ്പസുകളിൽ കേവലം ഭിന്നശേഷി പരാതി പരിഹാര കേന്ദ്രങ്ങൾക്കപ്പുറം അവരുടെ സാമൂഹ്യമായ മുന്നേറ്റത്തിനും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും സഹായകരമായ സംവിധാനങ്ങളൊന്നും നിലനിൽക്കുന്നില്ല.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ചെയർപേർസൺ രേവതി.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ചെയർപേർസൺ രേവതി.

കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാർത്ഥി സംഘടനകൾ ചിലയിടങ്ങളിൽ ഭിന്നശേഷി വിദ്യാർഥികളെ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളായി മത്സരിപ്പിക്കാറുണ്ട്. പലയിടങ്ങളിലും അവർ വലിയ ഭൂരിപക്ഷത്തോടു കൂടി വിജയിച്ചു വന്നിട്ടുമുണ്ട്. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിലെ രേവതി പഠിക്കാനായി വീൽചെയറിൽ വരുന്ന ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയാണ്. അവർ വിദ്യാർത്ഥി സംഘടനാ സ്ഥാനാർത്ഥിയായി മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തോടു കൂടി വിജയിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം നാട്ടകം ഗവൺമെൻ്റ് കോളേജിലെ കാർത്തിക്, തൃശ്ശൂർ കേരളവർമ്മ കോളേജിലെ ശ്രീക്കുട്ടൻ എന്നിവരെല്ലാം ഇത്തരത്തിലുള്ള മറ്റ് ഉദാഹരണങ്ങളാണ്. ഉത്തരവാദിത്വബോധത്തോടെ തങ്ങളുടെ കടമകൾ കൃത്യമായി നടപ്പിലാക്കുന്നവരാണ് യൂണിയൻെറ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷി വിദ്യാർത്ഥികൾ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നാട്ടകം ഗവൺമെൻ്റ് കോളേജിലെ 2024-25 അക്കാദമിക വർഷത്തെ ചെയർപേഴ്സൺ കാർത്തിക്. ആദ്യവർഷം മാഗസിൻ എഡിറ്റർ ആയി മത്സരിക്കുകയും വിജയിക്കുകയും ചെയ്ത കാർത്തിക് ക്യാമ്പസിലെ ഏറ്റവും മനോഹരമായ മാഗസിനുകളിലൊന്ന് പുറത്തിറക്കുകയും ചെയ്തു . അതിനുശേഷം ചെയർപേഴ്സൺ ആയി മത്സരിച്ചപ്പോൾ ക്യാമ്പസിലെ മുഴുവൻ വിദ്യാർഥികളും തങ്ങളെ നയിക്കാൻ തെരഞ്ഞെടുത്തത് കാർത്തിക്കിനെ ആയിരുന്നു. വീൽചെയറിൽ മാത്രം സഞ്ചരിക്കുന്ന ഒരാൾക്ക് ഇതെല്ലാം ചെയ്യാനാവുമോ എന്ന് ചിന്തിക്കുന്നവരുണ്ടാവും. എന്നാൽ, അനായാസം കാർത്തിക് തൻെറ ഉത്തരവാദിത്വങ്ങൾ നിറവേറ്റി അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു. ഇച്ഛാശക്തിയുള്ള ഇത്തരം നേതാക്കൾ ഭിന്നശേഷി സമൂഹത്തിൻെറ ഉജ്ജ്വലമായ ക്യാമ്പസ് പ്രതിനിധികളാണ്.

 കോട്ടയം നാട്ടകം  ഗവൺമെന്റ് കോളേജ് ചെയർപേഴ്സൺ കാർത്തിക്
കോട്ടയം നാട്ടകം ഗവൺമെന്റ് കോളേജ് ചെയർപേഴ്സൺ കാർത്തിക്

കേവലം ഒന്നോ രണ്ടോ പേരുകൾക്കപ്പുറം ക്യാമ്പസുകളിൽ എല്ലാ മേഖലകളിലും ഭിന്നശേഷി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിക്കണം. മാറ്റങ്ങൾക്ക് തുടക്കം കുറിക്കേണ്ടത് കലാലയങ്ങളിൽ നിന്നാണ്. കൃത്യമായ സംവരണ സംവിധാനങ്ങൾ ക്യാമ്പസുകളിൽ കൊണ്ടുവരാൻ സാധിക്കണം. പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ മടിച്ചിരുന്ന എന്നെപ്പോലുള്ള ഭിന്നശേഷി വിദ്യാർഥികൾക്ക് ഇന്നത് സാധിക്കുന്നുണ്ടെങ്കിൽ ചില ഇടങ്ങളില്ലെങ്കിലും രൂപപ്പെട്ട സാമൂഹിക പശ്ചാത്തലത്തിന്റെ ഭാഗമായാണ്. ആ അവസരം മുഴുവൻ പാർശ്വവൽക്കരിക്കപ്പെടുന്ന വിദ്യാർത്ഥികൾക്കും ലഭിക്കണം. ആ രീതിയിലുള്ള സാമൂഹ്യ മാറ്റത്തിലേക്കാണ് നമ്മുടെ കലാലയങ്ങൾ മാറേണ്ടത്.

ALSO READ: ഭിന്നശേഷി സംവരണത്തിലെ
എയ്ഡഡ് മാനേജുമെന്റ് അട്ടിമറിയ്ക്ക്
തടയിട്ട് ഹൈക്കോടതി

ഭിന്നശേഷി പ്രാതിനിധ്യം; തമിഴ്നാട് മാതൃക കേരളവും പിന്തുടരണം




Summary: Political participation of disabled students should increase in Kerala campus elections, reservation is important, Sibin Eldhose writes in detail.


സിബിൻ എൽദോസ്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ഗാന്ധിയൻ തോട്സ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷക വിദ്യാർഥി. All Kerala Research Scholars Association സംസ്ഥാന കൺവീനർ. ഭിന്നശേഷിക്കാരുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പങ്കാളിത്തം എന്ന വിഷയത്തിൽ ഗവേഷണം  നടത്തുന്നു.

Comments