ഷഫീഖ് താമരശ്ശേരി, അലൻ ഷുഹൈബ്, താഹ ഫസൽ / Photo: Agastya Soorya

ജാതിയുടെയും, മനുഷ്യാവകാശ ലംഘനങ്ങളുടെയും പീഡനകേന്ദ്രങ്ങളാണ് ഇന്നും കേരളത്തിലെ ജയിലുകൾ

രാജ്യത്തെ ജയിലുകളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും തടവുകാരുടെ അവകാശങ്ങളെക്കുറിച്ചും വിശദവും സ്വതന്ത്രവുമായ പഠനം നടത്തി അധികാരികൾക്കും പൊതുസമൂഹത്തിനും മുന്നിൽ എത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പന്തീരങ്കാവ് യു.എ.പി.എ കേസിന്റെ ഭാഗമായി ജയിലിൽ കഴിയേണ്ടി വന്ന അലൻ ഷുഹൈബും താഹ ഫസലും. തങ്ങളുടെ ജയിൽ ജീവിതത്തെക്കുറിച്ചും പുതിയ പഠനത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നു. ട്രൂ കോപ്പി തിങ്ക്​ സംഘടിപ്പിച്ച സംഭാഷണത്തിന്റെ ലിഖിതരൂപം.

ഷഫീഖ് താമരശ്ശേരി: ജയിലുകളെക്കുറിച്ചുള്ള പഠനത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്.

അലൻ: ഞാൻ പത്ത് മാസവും താഹ 20 മാസവും കേരളത്തിലെ മൂന്ന് ജയിലുകളിലായി കഴിയേണ്ടി വന്നിട്ടുണ്ട്. ആ അനുഭവങ്ങളുടെയും ഞങ്ങൾ കടന്നുപോയ സാഹചര്യങ്ങളുടെയും അടിസ്​ഥാനത്തിൽ ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടേത്തണ്ടതുണ്ട് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പഠനത്തിന് തയ്യാറെടുത്തത്. താഹ സുപ്രീം കോടതിയിൽ നിന്ന് ജാമ്യനടപടി പൂർത്തിയാക്കി ഇറങ്ങിയശേഷമാണ് ഞങ്ങൾ ഇത്തരമൊരു ചർച്ചയാരംഭിച്ചത്. ഇങ്ങനെയൊരു പഠനം നടത്തി അത് സർക്കാരിന്​ കൊടുക്കണമെന്നും ജനങ്ങളുടെ മുന്നിൽ വെക്കണമെന്നും തീരുമാനിച്ചു.

അത്തരം മോശമായ എന്തെങ്കിലും അനുഭവം ജയിലിൽ നിന്നുണ്ടായിരുന്നോ?

താഹ: തീർച്ചയായും. ജയിലിൽ കിടക്കുന്ന ഏതൊരു മനുഷ്യനും നിലവിലുള്ള ജയിൽ എന്ന സംവിധാനത്തിനകത്ത് തുടക്കം മുതൽ ഇറങ്ങുന്ന ഘട്ടം വരെ മനുഷ്യാവകാശലംഘനങ്ങൾ നേരിട്ടിരിക്കും. തെറി വിളിച്ചോ നഗ്നരാക്കി പരിശോധിച്ചോ ഒക്കെയായിരിക്കും നമ്മളെ ജയിലിലേക്ക് കയറ്റുക. പിന്നീടങ്ങോട്ട് ഭക്ഷണം മുതൽ ഓരോ ഘട്ടത്തിലും മനുഷ്യാവകാശ ലംഘനം എല്ലാവരും അനുഭവിക്കുന്നുണ്ടാവും. ഞങ്ങളും ഈ പറഞ്ഞ കാലഘട്ടത്തിൽ പലതവണ പല രീതിയിൽ മനുഷ്യാവകാശ ലംഘനം നേരിട്ടിട്ടുണ്ട്. ഞങ്ങൾ അനുഭവിച്ചതിനേക്കാൾ വലിയ ക്രൂരതകൾക്ക് സാക്ഷികളാകേണ്ടിയും വന്നിട്ടുമുണ്ട്.

താഹ ഫസൽ

കോഴിക്കോട്ടെയും തൃശൂരിലെയും എറണാകുളത്തെയും ജയിലുകളിൽ വ്യത്യസ്ത സമയങ്ങളിൽ നിങ്ങൾ കഴിഞ്ഞിട്ടുണ്ട്. ഈ ജയിലുകളിലെ ആഭ്യന്തര സാഹചര്യങ്ങളിൽ വ്യത്യാസങ്ങളുണ്ടോ?

അലൻ: തീർച്ചയായും ഉണ്ട്. കോഴിക്കോട് ജയിലിലെ അവസ്ഥയല്ല തൃശ്ശൂരിലെ ഹൈ സെക്യൂരിറ്റി പ്രിസണിലുണ്ടായിരുന്നത്. അതിൽ നിന്ന്​ വ്യത്യസ്തമാണ് കാക്കനാട് ജയിൽ. കോഴിക്കോട് ജയിലിലേക്ക് ഞങ്ങളെ കൊണ്ടുപോയ സമയത്ത് വളരെ മോശം സാഹചര്യങ്ങളായിരുന്നു. ആ ദിവസം രാത്രി ഞങ്ങൾക്ക് ഭക്ഷണം പോലും ലഭിച്ചിട്ടില്ല. വൈകീട്ട് അഞ്ചരയ്ക്ക് മുമ്പ് എത്തിയാലേ ജയിലിൽ തടവുകാർക്ക് ഭക്ഷണം ലഭിക്കൂ. ഞങ്ങളന്ന് പട്ടിണി കിടന്നു. ശേഷം ഞങ്ങളെ സെൽ ബ്ലോക്കിലേക്ക് മാറ്റി. സിംഗിൾ സെല്ലിലാണ് ഇട്ടിരുന്നത്. ആരുമായും സംസാരിക്കാൻ വഴികളില്ല. സെല്ലിനകത്ത് വളരെ മോശം സാഹചര്യങ്ങളും. ഞങ്ങളുടെ തൊട്ടടുത്ത് തന്നെ ഒരു തടവുകാരനെ ക്രൂരമായി മർദിച്ച് ആശുപത്രിയിൽ പോലും കൊണ്ടുപോകാതിരുന്ന സാഹചര്യങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അയാൾ അവിടെ രണ്ടുമൂന്ന് ദിവസം നിരാഹാരം കിടന്നതിനുശേഷമാണ് ജില്ലാ ജഡ്ജി വന്ന് കാണുകയും അതിനുശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തത്.

കാക്കനാട് ജയിലിലേക്ക് മാറിയ സമയത്ത് അവിടെ 24 മണിക്കൂറും അടച്ചിടുകയായിരുന്നു. കോഴിക്കോട് ജയിലിൽ രാവിലെയും വൈകുന്നേരവും രണ്ടുമണിക്കൂർ വെച്ച് തുറന്ന് വിടുമായിരുന്നു. കാക്കനാട് ജയിലിൽ അങ്ങനെയല്ല. പത്ത് മിനിറ്റ് മാത്രമാണ് ബാത്ത്‌റൂമിൽ പോകാൻ സൗകര്യം തരുന്നത്. ചെറിയ സെല്ലാണ്, വളരെ ഇടുങ്ങിയത്. രണ്ട് ടൈലാണ് ഒരാൾക്ക് കിടക്കാൻ കിട്ടുക. എന്റെ സെല്ലിൽ മൂന്നാളുണ്ടായിരുന്നു. രണ്ട് ടൈലിൽ തന്നെ കിടക്കാൻ വലിയ ബുദ്ധിമുട്ടാണ്. തിരിഞ്ഞോ മറിഞ്ഞോ കിടക്കാൻ കഴിയാതെയാണ് ഞങ്ങൾ കഴിഞ്ഞിട്ടുള്ളത്.

ഞാൻ വിഷാദരോഗവുമായി ബന്ധപ്പെട്ട് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ജയിലിലേക്ക് പോകുന്നത്. ജയിലിലെത്തിയതിന് ശേഷം ഞാൻ മരുന്ന് നിർത്താൻ തീരുമാനിക്കുകയായിരുന്നു. മരുന്ന് കഴിച്ചാൽ ഒരു പൊളിറ്റിക്കൽ പ്രിസണർ എന്ന നിലയ്ക്ക് എന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന സമയത്ത് അത് അവിടെ പ്രശ്‌നമാകും.

അതീവ സുരക്ഷാ ജയിലിലാണെങ്കിൽ കിടക്കാനൊക്കെ വിശാലമായ സ്ഥലമുണ്ട്. പക്ഷെ അത് എപ്പോഴാണ്​ പൂട്ടുക, എപ്പോഴാണ്​ തുറക്കുക എന്നൊന്നും പറയാൻ പറ്റില്ല. അവസാന കാലത്ത്, കൊറോണയുടെ കാരണം പറഞ്ഞ്​ ജയിൽ മൊത്തം അടച്ചിടുകയാണുണ്ടായത്. ജയിലധികൃതരുടെ സമീപനം എല്ലാവരോടും ഒരുപോലെയല്ല. ജയിലിലെ സാഹചര്യങ്ങൾ അവിടെയുള്ള ആളുകൾക്കനുസരിച്ച് മാറും.

ജയിലുകൾ മറ്റൊരു ലോകമാണല്ലോ. പുറംലോകവുമായി ബന്ധമില്ലാത്ത, കൃത്യമായ ആശയവിനിമയങ്ങൾക്ക് വളരെ പരിമിതിയുള്ള ഒരു സ്ഥലമാണത്. ജയിലിനകത്ത് നടക്കുന്നത് വളരെയധികം മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളാണെന്ന് പലപ്പോഴും പുറത്തുവരുന്ന ആളുകൾ പറയാറുണ്ട്. അതീവസുരക്ഷാ ജയിലിൽ നിന്ന് പുറത്തുവരുന്ന ആളുകൾ അവിടെ നടക്കുന്ന മർദനങ്ങളുടെയും ആളുകൾക്ക് പ്രാഥമികമായ പരിഗണന ലഭിക്കാത്തതിന്റെയുമൊക്കെ സാഹചര്യങ്ങൾ പറയാറുണ്ട്. അതീവ സുരക്ഷാ ജയിലിനകത്തുള്ള നിങ്ങളുടെ അനുഭവം എങ്ങനെയായിരുന്നു?

അലൻ: മോശം തന്നെയാണ്. ഞങ്ങളുടെ മുന്നിൽ ഒരു തടവുകാരനെ മർദിച്ചത് കണ്ടിട്ട്, അത് പുറത്തേക്ക് വിളിച്ചുപറഞ്ഞു എന്നതുകൊണ്ട്, അയാൾക്ക് നിയമപരമായ സഹായം ലഭിക്കാൻ അയാളുടെ ബന്ധുക്കളെ വിളിച്ചറിയിച്ചു എന്നതുകൊണ്ട്​, അതിനുള്ള ശിക്ഷയായി ഞങ്ങൾ മറ്റ് ജയിലിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. ജയിൽ നിയമത്തിൽ പറയുന്ന, ഒരു തടവുകാരന് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും റദ്ദ് ചെയ്യപ്പെടുകയാണ്. മൊത്തം അവസ്ഥ ഭീകരമാണ്. ശരീരം നഗ്നമാക്കി പരിശോധിക്കാൻ പാടില്ലെന്ന നിയമമുണ്ടായിട്ടും അവരങ്ങിനെ ചെയ്യും. അത്രയും മോശം അവസ്ഥയാണുള്ളത്.

അലൻ ഷുഹെെബ്

ജയിലിനകത്ത് ഇപ്പോഴും മർദനങ്ങൾ നടക്കുന്നുണ്ട് എന്ന് തന്നെയാണോ?

താഹ: അതെ. എന്നാലത് പുറത്തറിയിക്കാൻ കഴിയില്ല എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. നിസ്സാര കാരണങ്ങളുടെ പേരിൽ പോലും തടവുകാരെ മർദിക്കും. ആശുപത്രിയിൽ പോലും കൊണ്ടുപോകില്ല. നിരാഹാരമൊക്കെ കിടന്നാലാണ് പല തടവുകാരെയും ആശുപത്രിയിൽ കൊണ്ടുപോകുന്നത്. അവിടെ നിന്ന് ആരെങ്കിലുമൊക്കെ ഈ വിവരമറിഞ്ഞ് പരാതി കൊടുത്താൽ അതിന് മുമ്പേ തടവുകാർക്കെതിരെ ജയിലിൽ നിന്ന് കേസ് കൊടുത്തിട്ടുണ്ടാകും. അതോടെ ഈ കേസ് കോടതിയിൽ നിലനിൽക്കില്ല. അങ്ങനെയാണ് അവർ കൈകാര്യം ചെയ്യുന്നത്.

ഇങ്ങനെയൊരു പഠനത്തിന് ജയിലിലെ നിങ്ങളുടെ അനുഭവങ്ങൾ കൂടാതെപലതരം അനുഭങ്ങളുള്ള ആളുകളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നുണ്ടാവുമല്ലോ. ഈയൊരു പഠനം ഏതുരീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആലോചിക്കുന്നത്?

അലൻ: അക്കാദമികമായ രീതിയിൽ തന്നെ മുന്നോട്ടുപോകണമെന്നാണ് ആലോചിക്കുന്നത്. ഞങ്ങൾക്ക് പല പരിമിതികളുണ്ട്. ഏതെങ്കിലും ഗവേഷണങ്ങൾ മുമ്പ് ചെയ്തിട്ടുള്ള ആളുകളല്ല. ഞാൻ ബിരുദ വിദ്യാർത്ഥിയാണ്, താഹ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും. ഈ മേഖലയിൽ‌ വിദഗ്ധരായ പരമാവധി ആളുകളുടെ സഹായത്തോടെ മുന്നോട്ടുപോകാനാണ് ലക്ഷ്യം വെക്കുന്നത്. ജയിലിനുള്ളിലുള്ളവരെയും ഒഫീഷ്യൽസിനെയും കാണുന്നതിനും പരിമിതികളുണ്ട്. ആ പരിമിതികളൊക്കെ തിരിച്ചറിഞ്ഞ്​, ജയിലിൽ നിന്ന് പുറത്തിറങ്ങിയ രാഷ്ട്രീയത്തടവുകാർ, വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലുള്ളവർ, വിരമിച്ച ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ, നിയമവിദഗ്ധർ തുടങ്ങിയവരെയെല്ലാം കണ്ടും മുന്നേ വന്നിട്ടുള്ള പഠനങ്ങളൊക്കെ പരിശോധിച്ചും റിപ്പോർട്ടുണ്ടാക്കുക എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

'കാക്കനാട് ജയിലിൽ പത്ത് മിനിറ്റ് മാത്രമാണ് ബാത്ത്‌റൂമിൽ പോകാൻ സൗകര്യം തരുന്നത്. ചെറിയ സെല്ലാണ്, വളരെ ഇടുങ്ങിയത്. രണ്ട് ടൈലാണ് ഒരാൾക്ക് കിടക്കാൻ കിട്ടുക. എന്റെ സെല്ലിൽ മൂന്നാളുണ്ടായിരുന്നു' / Photo: keralaprisons.gov.in

രാജ്യത്തെ തടവുകാരുടെ സാഹചര്യങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിൽ പറയുന്നത് രാജ്യത്ത് നിലവിൽ ജയിലിലുള്ള ആളുകളിൽ 76 ശതമാനവും വിചാരണ തടവുകാരാണെന്നാണ്. അതിൽ 73 ശതമാനവും ദളിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളാണ്. 20 ശതമാനം മുസ്‌ലിങ്ങളും. കൃത്യമായി തന്നെ ഈ കണക്കിനകത്ത് ഒരു അനീതി നമുക്ക് കാണാൻ കഴിയുന്നുണ്ട്. അതായത് രാജ്യത്തെ ജയിലുകളിൽ കഴിയുന്ന മനുഷ്യരിൽ ഭൂരിഭാഗവും സാമൂഹ്യപരമായി പിന്നാക്കം നിൽക്കുന്നവരാണ്. ഈയൊരു സ്ഥിതിവിശേഷം തന്നെയാണോ കേരളത്തിലുമുള്ളത്? ജയിലിൽ കഴിയുന്ന മനുഷ്യരുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

അലൻ: തീർച്ചയായും അത് ചിന്തിച്ചിട്ടുണ്ട്. വ്യക്തിപരമായി ഞാൻ വളർന്നത് ഒരു മധ്യവർഗ കുടുംബ പശ്ചാത്തലത്തിലാണ്. പാർശ്വവത്കൃതരായ സാമൂഹിക വിഭാഗങ്ങളിൽപെട്ട ആളുകളുമായി ഇടപെടാൻ വേണ്ടത്ര സാഹചര്യങ്ങൾ ലഭിക്കാതിരിക്കെയാണ് 20-ാമത്തെ വയസ്സിൽ ഞാൻ ജയിലിലെത്തുന്നത്. ആ സമയത്ത്, വളരെ അപൂർവമായേ എഴുതാനും വായിക്കാനുമറിയാത്ത ആളുകളെ കണ്ടിട്ടുള്ളൂ. പക്ഷെ ജയിലിൽ ഞാൻ കണ്ടത് ഭൂരിപക്ഷം വരുന്ന എഴുതാനും വായിക്കാനും അറിയാത്തവരെയാണ്. ഞാനും താഹയും അവിടുത്തെ പലരെയും പഠിപ്പിച്ചിട്ടുണ്ട്. കുറച്ചുപേർക്ക് ഇംഗ്ലീഷ് പഠിപ്പിച്ച് കൊടുക്കുകയും പലർക്കും അപേക്ഷകൾ എഴുതിക്കൊടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ആദിവാസി, ദലിത്, മുസ്​ലിം വിഭാഗത്തിൽപെട്ടവരാണ്​ അവിടെ ഭൂരിപക്ഷമുള്ളത്. അവരൊക്കെ എന്തുകൊണ്ട് അവിടെ എത്തിച്ചേരുന്നു? മോഷണമടക്കമുള്ള കുറ്റകൃത്യങ്ങളാണ് പലരുടെയും പേരിലുള്ളത്. എന്തുകൊണ്ടവർ കുറ്റവാളികളാകുന്നു അല്ലെങ്കിൽ കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നു എന്നതിന്റെ കാരണം നിലനിൽക്കുന്ന സാമൂഹിക സാഹചര്യങ്ങൾ‌ തന്നെയാണ്.

കാക്കനാട് ജയിലിൽ ഒരു കക്ഷിയെ ഞാൻ പരിചയപ്പെട്ടിരുന്നു. ചെറിയ പെറ്റിക്കേസിൽ‌ ജയിലിലെത്തിയതാണ്. ഒമ്പത് മാസമായി ജാമ്യം കിട്ടിയിട്ട്. എന്നാൽ ജാമ്യം നിൽക്കാൻ ആളില്ലാഞ്ഞിട്ട്, ഉള്ളിൽ കിടക്കുന്നയാളാണ്.

സാധാരണ വിചാരണ തടവിലുള്ള ആളുകൾക്ക് ജാമ്യം നേടി പുറത്തുവരാൻ പലതരം കടമ്പകളിലൂടെ കടന്നുപോകേണ്ടതുണ്ട്. അത് പ്രാപ്യമല്ലാത്ത സാമൂഹ്യ വിഭാഗങ്ങൾക്കാണ് ഇതൊന്നും ലഭിക്കാതെ ഉള്ളിൽ തന്നെ കഴിയേണ്ടിവരുന്നത്. പ്രത്യേകിച്ച് കേരളത്തിൽ ധാരാളം കുടിയേറ്റ തൊഴിലാളികളും അത്തരം ചെറിയ ചെറിയ കേസുകളിലൊക്കെ ഉള്ളിൽ കിടക്കുന്നതായിട്ടുള്ള വാർത്തകൾ പുറത്തുവരാറുണ്ട്. കാരണം, ചെറിയ പെറ്റി കേസിൽ നിന്ന് പുറത്തുകടക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് അറിയുകപോലും ചെയ്യാത്ത ആളുകൾ. ആ ഒരു സാഹചര്യം പ്രകടമാണോ കേരളത്തിലെ ജയിലുകളിൽ?

താഹ: കാക്കനാട് ജയിലിൽ ഒരു കക്ഷിയെ ഞാൻ പരിചയപ്പെട്ടിരുന്നു. ചെറിയ പെറ്റിക്കേസിൽ‌ ജയിലിലെത്തിയതാണ്. ഒമ്പത് മാസമായി ജാമ്യം കിട്ടിയിട്ട്. എന്നാൽ ജാമ്യം നിൽക്കാൻ ആളില്ലാഞ്ഞിട്ട്, അതായത് ഷുവർട്ടി കെട്ടാനുള്ള പൈസ അല്ലെങ്കിൽ നികുതിശീട്ട് ഇല്ലാഞ്ഞിട്ട് ഉള്ളിൽ കിടക്കുന്നയാളാണ്. അതുപോലെ ഒരുപാട് ആൾക്കാരുണ്ട്. കോഴിക്കോട് ജയിലിലും അതേ അവസ്ഥയിലുള്ളവരുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇത്തരത്തിലുള്ള ആളുകൾ തന്നെയാണ് ജയിലിൽ നീണ്ടകാലം കിടക്കുന്നത്. ജാമ്യം ലഭിച്ചിട്ടും പുറത്തുവരാൻ കഴിയാത്ത ആളുകളുണ്ട്. കേസിന് പോകാൻ പോലും കഴിയാത്ത ആളുകളുമുണ്ട്. സർക്കാർ ഏൽപ്പിക്കുന്ന വക്കീലായിരിക്കും അവർക്കുവേണ്ടി വാദിക്കുക. അത്തരം കേസുകളിൽ ഇവർ ജയിക്കുന്നത് വളരെ വിരളമായി ആയിരിക്കും.

'കേരളത്തിലെ ജയിലുകളിൽ ഭക്ഷണ ക്രമത്തിൽ പോലും ഫ്യൂഡൽ കൊളോണിയൽ കാലത്തിന്റെ തുടർച്ച കാണാം. രാവിലെ സൂര്യൻ ഉദിക്കുന്ന സമയം തൊട്ട് സൂര്യൻ അസ്തമിക്കുന്ന സമയം വരെയാണ് ഭക്ഷണം കൊടുക്കുന്ന സമയം. വൈകുന്നേരം വാങ്ങിവെച്ച് രാത്രി തണുത്ത് കഴിക്കേണ്ട അവസ്ഥയാണ് ഇപ്പോഴും' /Photo: Wikimedia Commons

മനുഷ്യാവകാശ സങ്കൽപങ്ങളിലൊക്കെ കൂടുതൽ വികസിതമായ ഒരു സ്ഥലമാണെന്നും പരിഷ്‌കൃത സമൂഹമാണെന്നുമൊക്കെയാണ് കേരളത്തെക്കുറിച്ച് പൊതുവിലുള്ള ഒരു വിലയിരുത്തൽ. പക്ഷെ കേരളത്തിലെ ജയിലുകളിൽ നിന്ന് പലപ്പോഴും പുറത്തുവരുന്ന വാർത്തകൾ ആ നിലയ്ക്കല്ല. കേരളത്തിന്റെ പൊതു മനുഷ്യാവകാശ സങ്കൽപങ്ങൾക്ക് വിരുദ്ധമായ വാർത്തകളാണ് പുറത്തുവരുന്നത്. എന്താണ് ഇതിന്റെ പരിമിതി എന്നാണ് നിങ്ങൾക്ക് തോന്നിയിട്ടുള്ളത്? നിയമത്തിന്റെ പ്രശ്‌നമാണോ അല്ലെങ്കിൽ നടത്തിപ്പിലുള്ള, സംവിധാനത്തിലുള്ള പ്രശ്‌നമാണോ?

താഹ: മൊത്തത്തിൽ പ്രശ്‌നമുണ്ട്. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ നിരവധി രാഷ്ട്രീയ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച നാടാണ് കേരളം. പല ജയിൽ പോരാട്ടങ്ങളും സമരങ്ങളും നടന്ന സ്ഥലമാണ്. കേരളത്തിലെ ജയിലുകളിൽ രാഷ്ട്രീയത്തടവുകാരൻ എന്ന ഒരു പദവി നിലവിലില്ല. അതുപോലും കൊടുക്കാൻ ഇവിടെ ഭരണാധികാരികൾക്ക് പറ്റിയിട്ടില്ല. ഇപ്പോൾ ഭരണകൂടത്തിന്റെ ഭാഗമായി നിൽക്കുന്ന പലയാളുകളും ജയിൽവാസമനുഭവിച്ചവരാണ്. ഇത് ജയിൽ എന്ന സംവിധാനത്തിന്റെയോ അവയുടെ നടത്തിപ്പിന്റെയോ മാത്രം പ്രശ്നമല്ല. ജയിൽ എന്നത് കറക്ഷണൽ ഹോം കൂടിയാണല്ലോ. അഞ്ചുവർഷം മുതൽ പത്തുവർഷം വരെ കിടക്കുന്ന ജയിലിൽ കിടക്കുന്ന ആളുകളുണ്ട്. അത്രയും ആളുകളെ കൈയിൽ കിട്ടിയിട്ട് അവരെ മാനസികമായും സാമൂഹികമായും മാറ്റാൻ പറ്റിയിട്ടില്ലെങ്കിൽ ആ ഇൻസ്റ്റിറ്റിയൂഷൻ എത്രത്തോളം മോശമാണ്. ഇത് നിലനിൽക്കുന്ന വ്യവസ്ഥയുടെ പ്രശ്നമാണ്.

ഫ്യൂഡൽ കൊളോണിയൽ കാലത്തിന്റെ തുടർച്ചയിൽ തന്നെയാണ് ഇപ്പോഴും കേരളത്തിലെ ജയിലുകൾ. ഭക്ഷണ ക്രമത്തിൽ പോലും അങ്ങനെയാണ്. രാവിലെ സൂര്യൻ ഉദിക്കുന്ന സമയം തൊട്ട് സൂര്യൻ അസ്തമിക്കുന്ന സമയം വരെയാണ് ഭക്ഷണം കൊടുക്കുന്ന സമയം

താഹ: സർക്കാർ നിലപാടിന്റെ പ്രശ്നം കൂടിയാണിത്. ഫ്യൂഡൽ കൊളോണിയൽ കാലത്തിന്റെ തുടർച്ചയിൽ തന്നെയാണ് ഇപ്പോഴും കേരളത്തിലെ ജയിലുകൾ. ഭക്ഷണ ക്രമത്തിൽ പോലും അങ്ങനെയാണ്. രാവിലെ സൂര്യൻ ഉദിക്കുന്ന സമയം തൊട്ട് സൂര്യൻ അസ്തമിക്കുന്ന സമയം വരെയാണ് ഭക്ഷണം കൊടുക്കുന്ന സമയം. ഇന്ന് കാലം വികസിച്ചു. കറൻറ്​ വന്നു. അതൊന്നും അറിയാതെയാണ് സമയത്തിന്റെ കാര്യത്തിൽ തടവുകാർ ഭക്ഷണം വൈകുന്നേരം വാങ്ങിവെച്ച് രാത്രി വരെ കാത്തുനിന്ന് തണുത്ത് കഴിക്കേണ്ട അവസ്ഥയാണ്. ഇന്ത്യൻ പ്രിസൺ ആക്റ്റ് പോലെയുള്ള കൊളോണിയൽ കാലഘട്ടത്തിൽ പാസാക്കിയിട്ടുള്ള നിയമങ്ങൾ തന്നെയാണ് ഇന്നും നിൽക്കുന്നത്. അതിനൊന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല.

ഞങ്ങൾ ഈ പഠനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാസുവേട്ടനെ പോയി കണ്ടു(ഗ്രോ വാസു). വാസുവേട്ടൻ അടിയന്തിരാവസ്ഥ കാലത്ത് ജയിലിൽ കിടന്നയാളാണ്. അക്കാലത്ത് ജയിലിലുണ്ടായിരുന്ന പല അവകാശങ്ങളും പിന്നീട് കവർന്നെടുക്കപ്പെടുകയാണ് ഉണ്ടായതെന്നാണ് ഞങ്ങൾ‌ മനസ്സിലാക്കിയത്. ശിക്ഷാ തടവുകാർക്കടക്കമുള്ള പലതരം ആനുകൂല്യങ്ങൾ മാറിമാറി വന്ന സർക്കാരുകൾ വെട്ടിച്ചുരുക്കുകയാണ്. ജയിൽ റിഫോമേഷനു വേണ്ടിയിട്ടുള്ള പല പോളിസികളും എടുത്തത്​ ആ മേഖലയിൽ യാതൊരു അറിവും ഇല്ലാത്ത ആളുകളാണ്. വി.ആർ. കൃഷ്ണയ്യരെപ്പോലെയുള്ളവർ വളരെയധികം സംഭാവന ചെയ്തിട്ടുണ്ടെങ്കിലും അതൊക്കെ എത്രത്തോളം നടപ്പാക്കാൻ തയ്യാറായിട്ടുണ്ട് എന്നത് വേറൊരു ചോദ്യമാണ്.

പിണറായി വിജയനടക്കമുള്ളവർ ജയിലിൽ കിടന്ന അനുഭവമുള്ളവരാണെങ്കിൽ പോലും, 2016 മുതലുള്ള പിണറായി വിജയൻ മന്ത്രിസഭയുടെ കാലത്ത് എന്തൊക്കെ തരം മാറ്റങ്ങളാണ് ജയിലുമായി ബന്ധപ്പെട്ട് കൊണ്ടുവന്നിട്ടുള്ളത്?. വളരെ പ്രഖ്യാപിതമായി നടയടി ഒഴിവാക്കിയിട്ടുണ്ട് എന്നതല്ലാതെ, എത്ര തടവുകാരെ വിട്ടയച്ചു. ഭരണപക്ഷത്തിന് അനുകൂലമായി നിൽക്കുന്ന, അവരുടെ പാർട്ടി തടവുകാരെ അല്ലാതെ സാധാരണക്കാരായ എത്ര ആളുകളെ വിട്ടയച്ചു. അവർക്കുവേണ്ടി ജയിലനകത്തെ ഭക്ഷണം, മറ്റ് ആനുകൂല്യങ്ങൾ, അവരുടെ ക്ഷേമം ഇതിനൊക്കെ എത്ര ഫണ്ട് അനുവദിച്ചു. എന്ത് പ്രവർത്തി ചെയ്തു, ഇതൊക്കെ പരിശോധിക്കേണ്ടതുണ്ട്. ഹൈ സെക്യൂരിറ്റി പ്രിസൺ പോലെയുള്ള സംവിധാനങ്ങൾക്കകത്ത് നടക്കുന്ന ക്രൂരതകൾ എത്ര ഭീകരമാണ്. അവിടെ ഈ രാഷ്ട്രീയ തടവുകാരായിട്ടുള്ള ആളുകളെ എത്രത്തോളം അടിച്ചമർത്താൻ പറ്റുമോ അത്രത്തോളം ചെയ്യുന്നുണ്ട്. കമ്യൂണിസ്റ്റ് സർക്കാരിന് കീഴിലുള്ള ജയിലിൽ പുസ്തകങ്ങൾ വരെ അനുവദിക്കുന്നില്ല. മൗലികാവകാശവുമായി ബന്ധപ്പെട്ട എൻ.ഐ.എ. കോടതിയുടെ വിധിക്കെതിരെ പോലും ഈ ഗവൺമെൻറ്​അപ്പീൽ പോകുന്ന സാഹചര്യമാണുള്ളത്.

ഗ്രോ വാസു

ജയിലിൽ കിടക്കുന്ന ആളുകൾ മൊത്തം ക്രിമിനലുകളാണ് എന്ന മനോഭാവമാണ് പ്രശ്നം. അവരെ ഇങ്ങനെ ട്രീറ്റ് ചെയ്താൽ മതി എന്നൊരു തോന്നലുണ്ട്. ചില ഉദ്യോഗസ്ഥർ അടുക്കളയിൽ ജോലി ചെയ്യുന്നരോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇവർക്ക് ഇങ്ങനെയൊന്നും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണ്ട. കുറച്ചുകൂടി വെള്ളം ഒഴിച്ച് മോശമാക്കി കൊടുക്ക് എന്നുള്ള രീതിയിൽ തന്നെ അവർ പറയുന്നുണ്ട്. ഇതെല്ലാം തടവുകാരെ എങ്ങിനെ കാണുന്നു എന്ന ബോധത്തിന്റെ പ്രശ്‌നം കൂടിയാണ്.

തടവുകാർക്കും മനുഷ്യാവകാശം ഉണ്ട് എന്നുള്ള ചിന്തയിലേക്ക് സംവിധാനങ്ങൾ എത്താത്തതിന്റെ പ്രശ്‌നമുണ്ടോ?

അലൻ: തീർച്ചയായും.. ഇവർ തെറ്റുചെയ്തിട്ടാണ് ഇതിനകത്ത് വന്നത്. അതുകൊണ്ട് ഇവരിതൊക്കെ അനുഭവിക്കണം, മനുഷ്യാവകാശങ്ങൾ ഇവർക്ക് ബാധകമല്ല എന്നൊരു ബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നമ്മൾ എന്തെങ്കിലും പ്രശ്‌നം ചൂണ്ടിക്കാട്ടിയാൽ, ജാമ്യമെടുത്ത്​ പൊയ്‌ക്കോ എന്നാണ് പറയുക. നിലനിൽക്കുന്ന പ്രശ്‌നം പരിഹരിക്കണമെന്ന് അവർക്കില്ല. നമ്മളെ എത്രത്തോളം ഉപദ്രവിക്കുക എന്നുള്ളതാണ്.

പുറം രാജ്യങ്ങളിൽ നിന്ന് വരുന്ന വാർത്തകളിൽ ജയിൽ എന്ന സംവിധാനത്തിന് പലവിധ മാറ്റങ്ങൾ സംഭവിക്കുന്നതായി കാണാറുണ്ട്. കറക്ഷണൽ ഹോം എന്ന നിലയ്ക്ക് ഇനി കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാത്ത തരത്തിൽ തടവുകാരെ മെച്ചപ്പെടുത്തിയെടുക്കാൻ വേണ്ട ശ്രമങ്ങൾ നടക്കുന്ന സ്ഥലം എന്നുള്ള നിലയിലേക്ക് മാറുന്നുണ്ട്. എന്നാൽ ഇവിടെ ഇപ്പോഴും പൂർണമായും കൊളോണിയൽ സ്ഥലത്തുതന്നെ നിൽക്കുന്നു എന്നതാണ് സ്ഥിതി. തടവ്, ശിക്ഷ തുടങ്ങിയ സങ്കൽപങ്ങളുമായി ബന്ധപ്പെട്ട് മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ കാഴ്ചപ്പാടുകൾ എന്തുകൊണ്ടായിരിക്കും നമ്മുടെ സംവിധാനങ്ങൾക്കകത്ത് ഒരിക്കലും പ്രതിഫലിക്കാത്തത്? എന്തുകൊണ്ടായിരിക്കും തടവുകാർ ആർക്കും വേണ്ടാത്ത ഒരു വിഭാഗമായി മാറിയത്?

താഹ: തടവുകാരെ ആർക്കും വേണ്ടല്ലോ. അടിസ്ഥാനപരമായി അവർ തെറ്റുചെയ്തവരാണ് എന്നതാണല്ലോ. ഒരു കേസ് വന്നാൽ ആളുകൾ പൊതുവെ പറയുന്നത്, എന്തെങ്കിലും ഇല്ലാതെ അയാളെ അവിടെ പിടിച്ചിടില്ലല്ലോ എന്നാണ്. ഒരാൾ ജയിലിലേക്ക് പോയിക്കഴിഞ്ഞാൽ അയാൾ തെറ്റുകാരനാണ്. പിന്നെ അയാൾ പുറത്തെത്തിക്കഴിഞ്ഞാൽ പോലും ഈ പറഞ്ഞ റിഫോം തിയറികളുടെ അടിസ്ഥാനത്തിലൊന്നും അയാൾ ഒരിക്കലും കുറ്റക്കാരനല്ലാതാകുന്നില്ല. ഇപ്പോൾ നമ്മൾ മാനസികാരോഗ്യത്തെപ്പറ്റി സംസാരിക്കുന്നുണ്ടല്ലോ. ജയിലിലെ മാനസികാരോഗ്യത്തെപ്പറ്റി ആരും ചർച്ച ചെയ്യുന്നില്ല. മാനസികാരോഗ്യത്തെക്കുറിച്ച് നമ്മുടെ സമൂഹം കൊറോണയ്ക്ക് ശേഷമാണ് കാര്യമായിട്ട് ചിന്തിച്ചുതുടങ്ങിയത്. ജയിലിനകത്തെ മാനസികാരോഗ്യത്തെപ്പറ്റി ഇന്ത്യയിലാണെങ്കിലും കേരളത്തിലാണെങ്കിലും കാര്യമായ ഒരു പഠനം പോലും വന്നിട്ടില്ല.

ചില പള്ളീലച്ചൻമാർക്കൊക്കെ ജയിലിൽ പ്രത്യേക പരിഗണന കിട്ടുന്നുണ്ട്. അതേപോലെ സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന ആളുകൾക്കും, ഭരിക്കുന്ന സർക്കാരിന്റെ രാഷ്ട്രീയപാർട്ടിയുടെ ആളുകൾക്കുമൊക്കെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഈ പരിഗണന കിട്ടാറുണ്ട്.

ഞാൻ ഒരു പഠനത്തിന്റെ ഭാഗമായി ഈ സംഗതികളൊക്കെ വായിക്കുന്ന സമയത്ത് യൂറോപ്പിലും അമേരിക്കയിലും മാത്രമാണ് തടവുകാരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഇടപെടലുകൾ നടന്നിട്ടുള്ളൂ. തടവുകാർക്കും മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഞാൻ വിഷാദരോഗവുമായി ബന്ധപ്പെട്ട് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ജയിലിലേക്ക് പോകുന്നത്. ജയിലിലെത്തിയതിന് ശേഷം ഞാൻ മരുന്ന് നിർത്താൻ തീരുമാനിക്കുകയായിരുന്നു. എനിക്ക് പ്രശ്‌നമില്ലാത്തതുകൊണ്ടല്ല, മറിച്ച് മരുന്ന് കഴിച്ചാൽ ഒരു പൊളിറ്റിക്കൽ പ്രിസണർ എന്ന നിലയ്ക്ക് എന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന സമയത്ത് അത് അവിടെ പ്രശ്‌നമാകും. എനിക്ക് മാനസികപ്രശ്‌നമാണെന്ന് പറഞ്ഞിട്ട് നേരെ കുതിരവട്ടത്തേക്ക് കൊണ്ടുപോവും. അത് ഒഴിവാക്കാനാണ് ഞാൻ മെഡിസിൻ കഴിക്കുന്നത് ഒഴിവാക്കിയത്. പക്ഷെ അത് വേറെ തരത്തിൽ എനിക്ക് ഗുണകരമായി എങ്കിലും മറ്റു ആളുകൾക്ക് ഒരുപാട് തരത്തിൽ അവിടെ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. നിലവിൽ പ്രശ്‌നങ്ങളുള്ള ആളുകൾക്ക് ഇതിനകത്ത് പോകുമ്പോൾ അത് മൂർഛിക്കുന്നുണ്ട്. സമൂഹത്തെ സംബന്ധിച്ച്​ തടവുകാരുടെ വിഷയങ്ങളൊന്നും ഒരു പ്രശ്‌നമല്ല. കാരണം അത് അവരെ ബാധിക്കുന്ന വിഷയമല്ല എന്നുള്ളത് തന്നെയാണ്.

സൊസൈറ്റിക്ക് മാത്രമല്ല, സർക്കാരിനും വലിയ വിഷയമല്ല ഇത്. ഒരു പഠനത്തിന്റെ ഭാഗമായി എന്റെ സഹതടവുകാർ വിവരാവകാശ രേഖ ചോദിച്ചു. കേരളത്തിൽ ജയിലിന്റെ ഉള്ളിൽ നിന്ന് ഡിപ്രഷനൊക്കെ ബാധിച്ച എത്ര ആളുകളുണ്ട്, അതിന് മെഡിസിനെടുത്ത എത്ര ആളുകളുണ്ട്. അതിന്റെ കണക്കൊന്നും ലഭ്യമല്ല എന്ന മറുപടിയാണ് കിട്ടുന്നത്. കണക്കൊന്നുമില്ല. മുമ്പേ ഉണ്ടായിരുന്ന ആളുകളെ തന്നെയാണ് ചികിത്സിച്ചിട്ടുള്ളത്. എത്ര ആൾ റിക്കവറായി എന്നു ചോദിക്കുന്നുണ്ട്. അതും ലഭ്യമല്ല. അതൊക്കെ ആശുപത്രികളിലേ ഉണ്ടാകൂ. അത്തരം റെക്കോർഡുകൾ പോലും ഇവർ കൈകാര്യം ചെയ്യുന്നില്ല. ഇവർക്കുവേണ്ട ഡേറ്റ അല്ലാതെ തടവുകാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള ഒരു റെക്കോർഡോ ഒന്നും അവർ ചെയ്യുന്നില്ല.

പലപ്പോഴും തടവ് അനുഭവിച്ച് പുറത്തുവരുന്ന മനുഷ്യർ വീണ്ടും കുറ്റങ്ങളിലേക്ക് പോകുന്ന സാഹചര്യം നമ്മൾ സ്ഥിരമായി കാണാറുണ്ട്. അത് ആ സിസ്റ്റം അങ്ങനെ വർക്ക് ചെയ്യുന്നതുകൊണ്ടു തന്നെയാണോ?

താഹ: തീർച്ചയായും. സാമൂഹിക ചുറ്റുപാടാണ് ഒരാളെ ജയിലിലേക്കെത്തിക്കുന്നത്. ആ ചുറ്റുപാടിനെ അയാൾ എങ്ങനെ അതിജീവിക്കുമെന്നുള്ള പഠനം ജയിലിനുള്ളിൽ നിന്ന് കൊടുക്കാവുന്നതേയുള്ളൂ. നീണ്ട കാലമൊക്കെ കിടക്കുന്ന ആളുകളെ പരിഷ്‌കരിച്ചിട്ടില്ല എന്നു പറയുന്നത് ഈ സംവിധാനത്തിന്റെ വളരെ വലിയ പ്രശ്‌നമാണ്. തെറ്റ് ചെയ്ത് അഞ്ചുപത്ത് കൊല്ലം ഉള്ളിൽ കിടക്കുന്ന ആളെ നന്നാക്കാൻ പറ്റിയിട്ടില്ലെങ്കിൽ അത് ആ സംവിധാനത്തിന്റെ പ്രശ്‌നം തന്നെയാണ്.

ജയിലിനകത്ത് മാത്രമല്ല, കേസിൽ മനുഷ്യർ പെടുന്നതുമുതലുള്ള മൊത്തം പ്രൊസീജ്യറിനകത്ത് ഓരോ മനുഷ്യരുടെയും സാമൂഹിക പശ്ചാത്തലം കൂടി റിഫ്‌ളക്റ്റ് ചെയ്യുമെന്ന തരത്തിലുള്ള നിരവധി നിരീക്ഷണങ്ങൾ വന്നിട്ടുണ്ട്. പല കണക്കുകളിലും അത് കാണുന്നുമുണ്ട്. നിങ്ങളുടെ അനുഭങ്ങളിൽ അത്തരത്തിൽ ജയിലിനകത്ത് ഒരേ രീതിയിൽ നിൽക്കുന്ന മനുഷ്യരുടെ സാമൂഹിക പശ്ചാത്തലങ്ങൾകൊണ്ട് അവരുടെ അനുഭവങ്ങൾ വ്യത്യസ്തമാകുന്നതായിട്ട് കാണേണ്ടിവന്നിട്ടുണ്ടോ?

അലൻ: പലരുടേയും കാര്യത്തിൽ ഇത് ശരിയാണ്. ചില പള്ളീലച്ചൻമാർക്കൊക്കെ ജയിലിൽ പ്രത്യേക പരിഗണന കിട്ടുന്നുണ്ട്. അതേപോലെ സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന ആളുകൾക്കും, ഭരിക്കുന്ന സർക്കാരിന്റെ രാഷ്ട്രീയപാർട്ടിയുടെ ആളുകൾക്കുമൊക്കെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഈ പരിഗണന കിട്ടാറുണ്ട്. ഒരു പള്ളീലച്ചൻ വന്നാലും സാധാരണ ഒരു മനുഷ്യൻ വന്നാലുമുണ്ടാകുന്ന വ്യത്യാസം വളരെ വലുതാണ്. ഇവിടെ നിലനിൽക്കുന്ന ജാതിയുടെ വ്യത്യാസം അവിടെ നല്ല രീതിയിൽ മഴുച്ചുനിൽക്കും എന്നുള്ളതാണ്.

'റെയ്ഡിന് വരുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കുന്ന സ്ഥലത്തും കിടക്കുന്ന സ്ഥലത്തും ഇവർ ബൂട്ടിട്ട് തന്നെ ചവിട്ടും. ചോദിച്ചാൽ പറയും അത് യൂണിഫോമിന്റെ ഭാഗമാണെന്ന്. ജാതീയതയും, കൊളോണിയൽ യുക്തിയും തന്നെയാണ് ജയിലുകളിൽ ഇപ്പോഴും പ്രവർത്തിക്കുന്നത്.' / Illustration: Pariplab Chakraborty, The wire

ജയിൽ ഉദ്യോഗസ്ഥരുടെയൊക്കെ മനോഭാവങ്ങളിൽ അത്തരത്തിലുള്ള വംശീയമോ ജാതീയമോ ഒക്കെയായ വ്യത്യാസമുണ്ടോ?

അലൻ: തീർച്ചയായും. കാരണം, ദലിത്, ആദിവാസി, മുസ്​ലിം വിഭാഗത്തിൽപെട്ട ആളുകളെയൊക്കെ ഇവർ ട്രീറ്റ് ചെയ്യുന്നത് മോശം രീതിയിലാണ്. ഫ്യൂഡൽ കാലഘട്ടത്തിൽ നിന്ന് ഒരു മാറ്റവും വരാത്ത രീതിയിലാണ് ഇവരുടെ പെരുമാറ്റം. സൂപ്രണ്ടിന്റെ മുറിയിൽ കയറുന്ന സമയത്ത് ചെരുപ്പ് അഴിച്ചുവെക്കണം. വെരിഫിക്കേഷന്റെ സമയത്ത് ഒരു ഡോക്ടർ പരിശോധിച്ച് പരിക്കൊന്നുമില്ല എന്ന് സർട്ടിഫൈ ചെയ്താലാണ് ജയിലിലേക്ക് പ്രവേശിപ്പിക്കുക. അയാളെയാണ് വസ്ത്രമൊക്കെ ഊരി പരിശോധിക്കുന്നത്. അത്രയും മോശമായിട്ടാണ് അവർ കൈകാര്യം ചെയ്യുന്നത്. റെയ്ഡിന് വരുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കുന്ന സ്ഥലത്തും കിടക്കുന്ന സ്ഥലത്തും ഇവർ ബൂട്ടിട്ട് തന്നെ ചവിട്ടും. ചോദിച്ചാൽ പറയും അത് യൂണിഫോമിന്റെ ഭാഗമാണെന്ന്. ജാതീയതയും, കൊളോണിയൽ യുക്തിയും തന്നെയാണ് ജയിലുകളിൽ ഇപ്പോഴും പ്രവർത്തിക്കുന്നത്.

ഹൈ സെക്യൂരിറ്റി പ്രിസണിലുള്ള സമയത്ത്, കാന്റീനിൽ ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ദലിത് വിഭാഗത്തിൽപെട്ട ഒരാൾ ജോലിക്ക് നിന്നിരുന്നു. പക്ഷെ അവിടെയുള്ള ഉയർന്ന ജാതിയിൽപെട്ട ഒരു ഉദ്യോഗസ്ഥന് അദ്ദേഹത്തെ കാണുമ്പോൾ തന്നെ പ്രശ്‌നമാവുകയും തൊട്ടടുത്ത ദിവസം തന്നെ ജോലിയിൽ നിന്ന് മാറ്റുകയും ചെയ്ത ഒരു സാഹചര്യമുണ്ടായി. അതുപോലെ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് മറ്റൊരു തടവുകാരൻ പങ്കുവെച്ച സംഭവമാണ്. സൂപ്രണ്ട് നടന്നുപോകുന്ന ഒരു ഏണിപ്പടിയിൽ താഴ്ന്ന ജാതിയിൽപെട്ട ഒരാൾ, ജോലിക്ക് നിൽക്കുന്ന ആളാണ്, കുറച്ചു വെള്ളവുമായി നിന്നതിന് തൊട്ടടുത്ത ദിവസം അയാളെ ജോലിയിൽ നിന്ന് മാറ്റി. ജൻമിയുടെ കാലത്തുള്ള രീതിയാണ്. കാണാൻ പോലും പാടില്ല എന്ന തരത്തിലുള്ള ജാതീയതയാണ് അവിടെ വർക്ക് ചെയ്യുന്നത്.

എക്‌സാം അടുക്കാനായ സമയത്ത് ഞാൻ വീട്ടിൽ നിന്ന് ബുക്കുകളും നോട്ട്‌സുമൊക്കെ അയപ്പിച്ചു. അധികൃതരിൽ നിന്ന് പെർമിഷൻ വാങ്ങാതെയാണ് അയപ്പിച്ചതെന്ന് പറഞ്ഞ് അവ തിരിച്ചയച്ചു.

ജയിൽ നിയമങ്ങൾ ഒരു തരത്തിലും പരിഷ്‌കരിക്കപ്പെടാത്ത ഒരു സാഹചര്യം കൂടി നിലനിൽക്കുന്നുണ്ടല്ലോ?

താഹ: ജയിൽ നിയമങ്ങൾക്ക് കാലത്തിനനുസരിച്ച് മാറ്റമുണ്ട്. പൂർണമായി നല്ല രീതിയിൽ മാറുന്നില്ലെങ്കിലും അത് സംഭവിക്കുന്നുണ്ട്. അത് എത്രത്തോളം നടപ്പാക്കുന്നു എന്നതിലാണ് കാര്യം. ഈ മാറ്റുന്ന ആളുകളും ഇവരെ നന്നാക്കേണ്ട ആവശ്യമില്ല എന്നുള്ള ബോധത്തിലാണ് ഇത് ചെയ്യുന്നതെന്ന് മനസ്സിലാക്കണം. സ്വാതന്ത്ര്യസമര കാലത്തെ ജയിൽ മുതൽ ഇപ്പോഴത്തെ ജയിൽ വരെ എടുത്താൽ കാണാവുന്ന മാറ്റങ്ങൾ ഭരണകർത്താക്കളുടെ ഔദാര്യത്തിലായിരുന്നില്ല. രാഷ്ട്രീയത്തടവുകാരായിട്ടുള്ള ആളുകൾ പലഘട്ടങ്ങളിൽ നടത്തിയ ദീർഘമായ സമരത്തിന്റെ ഭാഗമായും കൂടിയാണ്. ഭഗത് സിങ്ങിന്റെയൊക്കെ കാലത്ത് ഉന്നയിച്ച ആവശ്യങ്ങൾ തന്നെയാണ് നമ്മുടെ കാലത്തും ഉന്നയിച്ചത്. കാരണം, നമുക്ക് പുസ്തകങ്ങൾ തരാനും പേന തരാനും വരെ അവർ മടിച്ചിട്ടുണ്ട്. നല്ല ഭക്ഷണം തരാൻ അവർ മടിച്ചിട്ടുണ്ട്. ഭഗത് സിങ് 1920-കളിൽ പറഞ്ഞിട്ടുള്ള ആവശ്യങ്ങൾ തന്നെയാണ് 2019-ലൊക്കെ ഉന്നയിച്ചിട്ടുള്ളത്. ഞാനൊക്കെ ഒരു പേനയ്ക്കു വേണ്ടി അഞ്ച് ദിവസം വരെ ഇരന്നിട്ടുണ്ട്. എല്ലാ ദിവസവും മൂന്നു നേരം വീതം ഇവരെ കാണുമ്പോൾ നമ്മൾ പറയും, ഒരു പെന്ന്, ഒരു പെന്ന്. അത്തരത്തിലാണ് ഇവരുടെ ബോധവും സിസ്റ്റവും ഇപ്പോഴും നിൽക്കുന്നത്.

പഠിക്കാൻ കോടതി എനിക്ക് അനുമതി തന്നു. രണ്ടാമത് കയറിയ സമയത്താണ് ഞാൻ പഠനം തുടരുന്നത്. ഞാൻ പുറത്തിറങ്ങിയ സമയത്ത് ‘ഇഗ്‌നോ’യിൽ ചേർന്നു. അത് കഴിഞ്ഞ് അതിനുള്ളിൽ നിന്ന് പഠിക്കാനായിരുന്നു. എക്‌സാമൊക്കെ ഏകദേശം അടുക്കാനായ സമയത്ത് ഞാൻ വീട്ടിൽ നിന്ന് ബുക്കുകളും നോട്ട്‌സുമൊക്കെ അയപ്പിച്ചു. അധികൃതരിൽ നിന്ന് പെർമിഷൻ വാങ്ങാതെയാണ് അയപ്പിച്ചതെന്ന് പറഞ്ഞ് അവ തിരിച്ചയച്ചു.

ജയിലിൽ ഒരു തടവുകാരനെ മർദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംസാരങ്ങളും, അതിൽ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് അയക്കുന്ന സാധനങ്ങളൊന്നും ഇനിയില്ല, നിർത്തലാക്കുകയാണെന്ന് പറഞ്ഞ് അത് നടപ്പിലാക്കുകയാണ് ചെയ്തത്. പുസ്തകങ്ങൾ വീട്ടിലേക്ക് റിട്ടേൺ അയച്ചത് എന്നോട് പറയുക പോലും ചെയ്തില്ല. ഞാനപ്പോൾ വീട്ടിലേക്ക് വിളിച്ച് ചോദിക്കുകയാണ് അയച്ചിട്ടില്ലേ എന്ന്. റിട്ടേൺ വന്നു എന്നായിരുന്നു അവരുടെ മറുപടി. പഠനത്തോടുള്ള അവരുടെ സമീപനം പോലും ഇങ്ങനെയാണ്. അവരത് തുറന്നു നോക്കി എന്തൊക്കെ സാധനങ്ങളാണെന്ന് കണ്ടതിനുശേഷം തന്നെയാണ് തിരിച്ചയച്ചത്. നമ്മളെ പരിഷ്‌കരിക്കാനുള്ള ബോധം അത്രത്തോളമുണ്ട്.

ജയിലിൽ കിടന്ന പിണറായി വിജയന് ഈ നിയമവ്യവസ്ഥയും സംവിധാനങ്ങളും ജയിലിലെ അവസ്ഥയും കൃത്യമായി അറിയാമല്ലോ. അദ്ദേഹത്തെപ്പോലെ സീനിയറായ കമ്യൂണിസ്റ്റ് നേതാവ്, ജയിലിൽ കിടന്ന് ഇത്രയും എക്‌സ്പീരിയൻസുള്ള ഒരാൾ സ്വാഭാവികമായും, മറ്റുള്ളവർ അവിടേക്കെത്തിപ്പെടുമ്പോൾ അവർക്ക് എന്തെങ്കിലും തരത്തിൽ ഗുണം ചെയ്യാൻ പറ്റുമോ എന്നാണല്ലോ ചിന്തിക്കേണ്ടത്.

കേരളത്തിലെ ലിറ്ററേച്ചറിലായാലും ചരിത്രം പരിശോധിച്ചാലും രാഷ്ട്രീയത്തടവുകാർക്ക് വലിയ രീതിയിലുള്ള വിശേഷണങ്ങൾ കിട്ടിയ പാരമ്പര്യമാണുള്ളത്. പ്രത്യേകിച്ച് അടിയന്തിരാവസ്ഥ കാലത്തൊക്കെ തന്നെ തടവനുഭവിച്ച ആളുകളെയൊക്കെ തന്നെ ഈ നിലയ്ക്ക് സമൂഹം പലതരത്തിൽ വിലയിരുത്തിയിട്ടൊക്കെയുണ്ട്. രാഷ്ട്രീയത്തടവിനെ വലിയ പ്രൗഢിയിൽ അവതരിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളുമുണ്ട്. പക്ഷെ ഈ കാലത്ത് ഏതെങ്കിലും തരത്തിലുള്ള അവകാശ സമരത്തിന്റെയൊക്കെ ഭാഗമായി ജയിലിലെത്തുന്ന ആളുകളോടുള്ള സമീപനം വലിയ രീതിയിൽ മാറിയെന്ന് തോന്നിയിട്ടുണ്ടോ?

താഹ: തീർച്ചയായും ഉണ്ട്. നമ്മൾ ഇപ്പോൾ ജയിൽ സാഹചര്യങ്ങളെപ്പറ്റി പറയുന്ന സമയത്ത് ഈ പറഞ്ഞ പലരും നമ്മളെ പുച്ഛിക്കും. കാരണം, ഇവരെന്ത് പുതിയ കാലത്ത് കിടന്ന രണ്ട് പിള്ളേരെന്നൊക്കെ പറഞ്ഞിട്ട് നമ്മളെയങ്ങ് പുച്ഛിക്കും. നമ്മളെ മാത്രമല്ല, ഈ കാലത്ത് രാഷ്ട്രീയത്തടവുകാരായ ഒരുപാടുപേരെ അതുപോലെ പുച്ഛിക്കും. എന്നാൽ സ്വാതന്ത്ര്യസമര കാലത്തും അടിയന്തിരാവസ്ഥ കാലത്തുമുള്ള ആളുകളെ ചരിത്രം ഭയങ്കരമായി ഉയർത്തിപ്പിടിക്കുകയും ചെയ്യും. പക്ഷെ അന്നത്തെ സാഹചര്യം തന്നെയാണ് ഇന്നുമുള്ളത് എന്നത് ഇവർ മനസ്സിലാക്കുന്നില്ല. പാർട്ടി കോൺഗ്രസിലടക്കം, ഇത്രകാലം ജയിലിൽ കിടന്നു എന്നത് വലിയ അഭിമാനത്തിൽ പറയും. എന്നാൽ ഇവർ അധികാരത്തിൽ വരുന്ന സമയത്ത് ഒരു തരത്തിലും ഈ പറഞ്ഞ സാഹചര്യത്തിന് മാറ്റം കൊണ്ടുവരാനുള്ള നടപടികളുണ്ടാകില്ല, ഈ ആളുകളുമായി ചർച്ച ചെയ്ത് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുണ്ടാകില്ല.

പിണറായി വിജൻ, സീതാറാം യെച്ചൂരി. 'ഗ്രോയിങ് അതോറിറ്റേറിയനിസം എന്ന പേരിൽ സി.പി.എമ്മിന്റെ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ വന്ന ഒരു കരട് രേഖയിൽ 2015 തൊട്ട് 2019 വരെയുള്ള കാലഘട്ടത്തിൽ യു.എ.പി.എ. നിരക്ക് കൂടിയെന്ന് പറയുന്നുണ്ട്. മോദി അധികാരത്തിൽ വന്ന കാലമാണത്. ഞങ്ങൾക്ക് യു.എ.പി.എ. കിട്ടുന്നത് പക്ഷെ 2019-ൽ കേരളത്തിലാണ്.' / Photo: Shafeeq Thamarassery

പിണറായി വിജയൻ തന്നെ എത്ര വട്ടം ജയിൽ സന്ദർശിച്ചിട്ടുണ്ട്. തടവുകാരുടെ വിഷയങ്ങൾ എത്രത്തോളം ഇവർ കേട്ടിട്ടുണ്ട്. നമ്മളുള്ള സമയത്ത് തന്നെ, ജഡ്ജിമാരും ഗവൺമെൻറ്​ ഒഫീഷ്യൽസുമൊക്കെ ജയിലിൽ വന്നാൽ റോക്കറ്റ് വിട്ടതുപോലെയാണ് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത്. അല്ലാതെ ഒരു മനുഷ്യനെ കേൾക്കാൻ ഇവർ തയ്യാറാകുന്നില്ല. ചർച്ചയ്‌ക്കോ അവരുടെ ആശങ്കകൾ കേൾക്കാനോ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനോ തയ്യാറാകുന്നില്ല. പരാതി കൊടുത്താൽ അത് തള്ളുന്നത് ഒരാനന്ദമാണിവർക്ക്. മേരി ടെയ്‌ലറിന്റെ ബുക്കിൽ പറയുന്നതുപോലെ, അപേക്ഷകൾ തള്ളിക്കളയുന്നത് ഇവർക്കൊരു ആനന്ദമാണ്.

മനുഷ്യാവകാശ കമീഷന് ജയിലിനുള്ളിലുള്ള ഒന്നുരണ്ട് പേര് പരാതി അയച്ചിരുന്നു. അടുത്ത കാലത്താണ് അതിന്റെ സിറ്റിങ് ജയിലിൽ നടന്നത്. പരാതി അയച്ച ആളെ കണ്ടില്ലെന്നുമാത്രമല്ല, ആ ഫ്‌ളോറിലുള്ള മൊത്തം ആളുകളെയും കണ്ടില്ല. ഉദ്യോഗസ്ഥരുമായി ചേർന്നുനിൽക്കുന്ന ഒന്നോ രണ്ടോ തടവുകാരെ മാത്രം കാണിച്ച് അവരെ മടക്കി അയക്കുകയാണ് ചെയ്തത്. ആ പരാതി അയച്ചയാളെ കാണുകയെങ്കിലും വേണ്ടേ. അതുപോലും ചെയ്യുന്നില്ല. ചെയ്യാൻ സമ്മതിക്കുന്നില്ല.

തടവുകാരോടുള്ള സമീപനത്തിലുള്ള ഈ ഇരട്ടത്താപ്പ് പോലെ തന്നെയാണ് യു.എ.പി.എ. കേസുകൾ ചുമത്തുന്നതുമായി ബന്ധപ്പെട്ടുള്ളതും. കേരളത്തിലെ ആദ്യത്തെ യു.എ.പി.എ. കേസ് ചുമത്തപ്പെട്ടപ്പോഴൊക്കെ വലിയ ചർച്ചകളുണ്ടായി. എന്നാൽ ഓരോ വർഷം കഴിയുന്നതിനനുസരിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന യു.എ.പി.എ. കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തെ എങ്ങനെയാണ് കാണുന്നത്?

അലൻ: ഇപ്പോഴത്തെ സർക്കാർ പറയുന്നത് അവർ യു.എ.പി.എ.യ്ക്ക് എതിരാണെന്നാണ്. കണക്കെടുത്ത് നോക്കിയാൽ അവരായിരിക്കും കൂടുതൽ യു.എ.പി.എ. ചുമത്തിയിട്ടുണ്ടാവുക. ഹൈക്കോടതി ഒഴിവാക്കിയ യു.എ.പി.എ. പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയിൽ പോകുന്നതും ഇതേ സർക്കാരാണ്. ഒരേസമയം യു.എ.പി.എയ്‌ക്കെതിരാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും, ദലിതുകൾക്കും ആദിവാസികൾക്കും മുസ്ലിംകൾക്കും നേരെ ഇത്തരം മനുഷ്യത്വവിരുദ്ധമായ നിയമങ്ങൾ ചുമത്തിക്കൊണ്ടിരിക്കുകയുമാണ് ഇവർ ചെയ്യുന്നത്. ഫാസിസ്റ്റ് കടന്നാക്രമണത്തിന് പിന്തുണ നൽകുന്ന പണിയാണ് ഇവരെടുക്കുന്നത്.

ഇബ്രാഹിംക്കയുടെ കേസിൽ സംഭവിച്ചത്, ജാമ്യം കിട്ടിയിട്ടുപോലും കൊണ്ടുപോകാൻ വന്ന ആളുകളെ ഒരു കിലോമീറ്റർ ദൂരത്ത് പറഞ്ഞയച്ചിട്ട് അത്രയും ഹൃദയാരോഗ്യ പ്രശ്‌നങ്ങളുള്ളയാളെ ഒരു കിലോമീറ്ററോളം നടത്തിച്ചു.

‘ഗ്രോയിങ് അതോറിറ്റേറിയനിസം’ എന്ന പേരിൽ സി.പി.എമ്മിന്റെ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ വന്ന ഒരു കരട് രേഖ ഞാൻ വായിക്കുകയും അതിനെപ്പറ്റി എഴുതുകയും ചെയ്തിരുന്നു. 2015 തൊട്ട് 2019 വരെയുള്ള കാലഘട്ടത്തിൽ യു.എ.പി.എ. നിരക്ക് വളരെയധികം കൂടിയെന്നാണ് ഈ രേഖയിൽ പറയുന്നത്. ആ കാലഘട്ടം എന്നുപറയുന്നത് മോദി അധികാരത്തിൽ വന്ന കാലമാണ്. അതേസമയം, കേരളത്തിൽ സി.പി.എമ്മും അധികാരത്തിലുണ്ട്. ഞങ്ങൾക്ക് യു.എ.പി.എ. കിട്ടുന്നത് 2019-ലാണ്. അതുവരെയുള്ള കാലഘട്ടത്തിൽ എത്ര യു.എ.പി.എ. പിണറായി സർക്കാർ തന്നെ ചുമത്തിയെന്നുള്ള ചോദ്യമുണ്ട്. അതുപോലെ കേരളത്തിൽ ആദ്യമായി യു.എ.പി.എ. ചുമത്തുന്നത് തന്നെ സി.പി.എം. ഭരിക്കുന്ന സമയത്താണ്. ഒരു ഭാഗത്ത് വളരെ ശക്തമായ നിലപാടാണ്. മറുഭാഗത്ത് ശക്തമായ വെള്ളംചേർക്കൽ അല്ലെങ്കിൽ ഇരട്ടത്താപ്പാണ് ഇവിടെ ഈ വിഷയത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

നിങ്ങളുടെ കേസിൽ തന്നെ അലൻ, താഹ എന്നീ രണ്ടു പേരുകൾക്ക് വലിയ മാധ്യമശ്രദ്ധ കിട്ടിയെങ്കിലും പന്തീരാങ്കാവ് യു.എ.പി.എ. കേസിൽ തന്നെ വിജിത്തിനെ പോലെയോ ഉസ്മാനെ പോലെയൊക്കെയുള്ള വേറെ ആളുകൾ ഇപ്പോഴും ജയിലിൽ കഴിയുന്നുണ്ട്. അവരുടെയൊന്നും കാര്യത്തിൽ ഒരു ശ്രദ്ധപോലും കിട്ടിയിട്ടില്ല. അവരുടെ കേസും നിലവിലെ സാഹചര്യങ്ങളും എങ്ങനെയാണ്?

അലൻ: ഞങ്ങളുടെ കേസിന് കിട്ടിയ മാധ്യമ/ജന ശ്രദ്ധ കേരളത്തിൽ ചുമത്തപ്പെടുന്ന മറ്റു യു.എ.പി.എ. കേസുകൾക്കൊന്നും ലഭിക്കുന്നില്ല. വിസിബിലിറ്റിയുള്ള ആളുകൾക്കിടയിലും മാധ്യമങ്ങൾക്ക് മുന്നിലും ഭൂരിഭാഗവും അദൃശ്യരാണ്. ഞങ്ങളുടെ കേസിൽ തന്നെ വിജിത്തിനും ഉസ്മാനും അത്രത്തോളം ഒരു ശ്രദ്ധ കിട്ടിയിട്ടില്ല. അവരുടെ കേസ് ഹൈക്കോടതിയിൽ ജാമ്യത്തിന് വെച്ചിരിക്കുകയാണെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ട്രയൽ ഏകദേശം തുടങ്ങാറായി.

നേരത്തെ യു.എ.പി.എ. കേസിൽ ജയിലിലായ ഇബ്രാഹിം എന്നയാളുടെ കേസിലൊക്കെ തന്നെ ഭക്ഷണം കഴിക്കാനൊക്കെ വേണ്ട ചില അടിസ്ഥാനപരമായ കാര്യങ്ങൾ ആവശ്യപ്പെട്ടിട്ട് അതുപോലും ലഭിക്കുന്നില്ല എന്നുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ടായിരുന്നു. പ്രായമായ ആളുകൾക്ക് പോലും അത്തരത്തിലുള്ള പരിഗണന കിട്ടാത്ത സാഹചര്യം തന്നെയാണോ ജയിലുകളിലുള്ളത്?

താഹ: ഇബ്രാഹിംക്കയുടെ കേസിൽ നിലവിൽ സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്, എൻ.ഐ.എ. കേസാണ്, അതിൽ ഇടപെടാൻ കഴിയില്ല എന്നൊക്കെയായിരുന്നു. പക്ഷെ ഇബ്രാഹിംക്ക കിടന്ന വിയ്യൂർ സെൻട്രൽ ജയിൽ കേരളത്തിനകത്താണ്. അവിടെ അദ്ദേഹത്തിന് മാന്യമായ ചികിത്സയും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്നത് കേരളത്തിന്റെ ഉത്തരവാദിത്വമാണ്. സ്റ്റാൻ സ്വാമി മരിച്ചപ്പോൾ അതിനെ അപലപിച്ച അതേ പിണറായി വിജയനാണ് ഇവിടെ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത്. ഇബ്രാഹിംക്കയുടെ കേസിൽ സംഭവിച്ചത്, ജാമ്യം കിട്ടിയിട്ടുപോലും കൊണ്ടുപോകാൻ വന്ന ആളുകളെ ഒരു കിലോമീറ്റർ ദൂരത്ത് പറഞ്ഞയച്ചിട്ട് അത്രയും ഹൃദയാരോഗ്യ പ്രശ്‌നങ്ങളുള്ളയാളെ ഒരു കിലോമീറ്ററോളം നടത്തിച്ചു. അതാണ് കേരള സർക്കാർ ചെയ്തത്.

കൊറോണ വന്നതോടെ പുറത്തുള്ളതിനേക്കാൾ ഭീകരമായിരുന്നു സ്വാഭാവികമായും ജയിലനകത്തെ സാഹചര്യം. ജയിലിനകത്തെ വയസ്സായ ആളുകൾക്ക് റുട്ടീൻ ചെക്കപ്പും മറ്റു ചികിത്സാ കാര്യങ്ങളും മെഡിക്കൽ കോളേജ് പോലെയുള്ള സ്ഥലങ്ങളിൽ പോയി ചെയ്യുന്നതിന് പരിമിതികളുണ്ടായി. ഈ സംവിധാനം ജയിലിനകത്ത് ഒരുക്കുന്നതിന് ഗവൺമെന്റിനോ ജയിലധികൃതർക്കോ യാതൊരുവിധ താത്പര്യവുമില്ലായിരുന്നു. രാഷ്ട്രീയത്തടവുകാരനായി നിൽക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഇവരുടെ ഔദാര്യം പോലെ കൊടുക്കുന്നതിനെ എതിർക്കുന്ന, അതിനെതിരെ പ്രതികരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവർ കൂടുതൽ അദ്ദേഹത്തോട് മോശമായി പെരുമാറാൻ മാത്രമെ സാധ്യതയുള്ളൂ. ഞങ്ങളുള്ള സമയത്തു തന്നെ അദ്ദേഹത്തെ പൂട്ടിയിടുകയൊക്കെ ചെയ്തിട്ടുണ്ട്. അതിന്റുള്ളിലിട്ട് അയാളെയങ്ങ് തീർക്കാമെന്നുള്ള കാഴ്ചപ്പാടാണ്. ഭയങ്കരമായ ഹൃദയപ്രശ്‌നമുള്ള സമയത്ത് തന്നെ അദ്ദേഹത്തിന് പ്രമേഹപ്രശ്‌നവുമുണ്ടായി പല്ലെല്ലാം പോയി ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയായി. എന്റെ തൊട്ട സെല്ലിന്റെ അടുത്താണ് അദ്ദേഹം കിടന്നിരുന്നത്.

എൻ.കെ. ഇബ്രാഹിം

ജയിലിനുള്ളിൽ ഒരു വാർഡന് കൊറോണ വന്ന സമയവുമാണ്. അപ്പോഴാണ് റെയ്ഡ്. ഫുൾ ലോക്കായി നിൽക്കുന്ന സമയത്താണ് ഇദ്ദേഹത്തിന്റെയൊക്കെ മുറിയിൽ പത്തമ്പതുപേർ മാസ്​കിടാതെ കയറി സാധാനങ്ങളെല്ലാം വലിച്ചുവാരിയിട്ടത്. കൊറോണ എന്നെല്ലാം പറയുമ്പോൾ, പ്രായമായവർക്കെങ്കിലും പരിഗണന കൊടുക്കണ്ടേ. തടവുകാർക്ക് ഒരുതരത്തിലും മികച്ച മെഡിക്കൽ സൗകര്യം കൊടുക്കില്ല. ജയിലിൽ കഷ്ടപ്പെട്ട് പണിയെടുക്കുന്ന കുറേയാളുകളുണ്ട്. അവിടന്ന് കിട്ടുന്ന തുച്ഛമായ കാശ് കൊണ്ട് എന്തെങ്കിലും വാങ്ങി കഴിക്കാം, വീട്ടിലേക്ക് എന്തെങ്കിലും അയക്കാം എന്നുപറയുന്നവരുണ്ട്. അവർ ചിലപ്പോൾ പത്തുവർഷത്തെ തടവിനാണെങ്കിൽ ഏഴെട്ടു വർഷം കഴിഞ്ഞിട്ട് പണിയെടുക്കുന്നതിനിടയിലായിരിക്കും പരിക്ക് പറ്റിയിട്ടുണ്ടാവുക. എന്നാൽ പോലും തിരിഞ്ഞുനോക്കില്ല. മര്യാദയ്ക്ക് കിടക്കാനുള്ള സൗകര്യം പോലും ഒരുക്കിക്കൊടുക്കില്ല. അത്രയും മോശമാണ് ജയിലിലെ അവസ്ഥ.

പണ്ടുമുതലേ ചിലരൊക്കെ പറഞ്ഞുവരുന്നതുപോലെ അല്ലെങ്കിൽ സിനിമകളിലൊക്കെ പലപ്പോഴും കാണുന്ന ഒരു കാര്യമുണ്ട്. ജയിലിനകത്ത് ഗുണ്ടാ സംഘങ്ങളെപ്പോലെ ചിലയാളുകൾ മറ്റുള്ളവരെയൊക്കെ കായികപരമായി കൈകാര്യം ചെയ്യുന്നതൊക്കെ. അതൊക്കെ അത്തരം കാൽപനിക ചിത്രീകരണം മാത്രമാണോ? അല്ലെങ്കിൽ അതിനകത്ത് എന്തെങ്കിലും യാഥാർഥ്യമുണ്ടോ?

താഹ: ജയിലിനുള്ളിലെ എല്ലാവരുമല്ല, ചില പ്രിസണേഴ്‌സ്. മറ്റു തടവുകാരുമായി പ്രശ്‌നമുള്ളവരുണ്ട്. ഉദ്യോഗസ്ഥർ തന്നെ കായികമായി നല്ല ശരീരമുള്ള ചിലയാളുകളെ മേസിരിമാരായിട്ട് തടവുകാരെ മർദിക്കാനും മർദിക്കുമ്പോൾ പിടിച്ച് കൈ കെട്ടിക്കൊടുക്കാനൊക്കെ സഹായിക്കാൻ ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് കാലങ്ങൾക്കിടയിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും രൂക്ഷമായ വിമർശനം ഉയർന്ന ഒരു കാര്യം എന്നുപറയുന്നത് സംഘപരിവാർ കേരളത്തിലെ പൊലീസിനകത്ത് നടത്തുന്ന സ്വാധീനവും അല്ലെങ്കിൽ പൊലീസിന്റെ മൃദുഹിന്ദുത്വ സമീപനവുമൊക്കെയായിരുന്നു. ഇത് ജയിലനകത്ത് ഏതെങ്കിലും തരത്തിൽ റിഫ്‌ളക്റ്റ് ചെയ്തിട്ടുണ്ടോ? ജയിൽ അധികൃതർക്കിടയിൽ ആ നിലയ്ക്കുള്ള ഒരു സംഘപരിവാർ സ്വാധീനമോ സമീപനങ്ങളോ ഉണ്ടോ?

അലൻ: ഹൈ സെക്യൂരിറ്റി പ്രിസണിലുള്ള സൂപ്രണ്ട് സുനിൽകുമാർ, പക്കാ സംഘിയാണെന്ന് ഞങ്ങളവിടെ ഉണ്ടായിരുന്ന സമയത്ത് പ്രകടമായി തോന്നിയതാണ്. അതിലൊരു തർക്കവുമില്ല. ഞങ്ങൾ കാക്കനാട് ജില്ലാ ജയിലിലുണ്ടായിരുന്നപ്പോൾ അവിടെയുണ്ടായിരുന്ന ജഗദീശൻ എന്നുപറഞ്ഞ ഉദ്യോഗസ്ഥനും ഞങ്ങളുടെയടുത്ത് ആ തരത്തിലാണ് പെരുമാറിയത്. താഹയുടെയടുത്തൊക്കെ വളരെ മോശം രീതിയിലുള്ള പെരുമാറ്റമാണ് ഈ പറഞ്ഞ സൂപ്രണ്ടുമാരുടെയൊക്കെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. പക്ഷെ ഇവർക്കൊക്കെ അവാർഡ് കൊടുക്കുന്നത് സംസ്ഥാന സർക്കാരാണ്. ഒരുതരത്തിലും അവരുടെ വികാരത്തെ വ്രണപ്പെടുത്താത്തതെ അവരെ ഉയർത്തിക്കൊണ്ടുവന്ന് അവരുടെ പ്രശ്‌നങ്ങളൊക്കെ ഈ തരത്തിൽ കാണുന്നത് സംസ്ഥാന സർക്കാരാണ്.

കാക്കനാട് ജയിലിൽ സൂപ്രണ്ട് വരുന്ന സമയത്ത് കൈകൂപ്പി നിന്ന് തല കുനിച്ച് നമസ്‌കാരം പറയണമെന്ന് എന്റടുത്ത് പറഞ്ഞു. ഒരു പ്രിസൺ റൂളിലും ഇല്ലാത്തതാണിത്. നമ്മൾ ഒരാളുടെ മുന്നിൽ തലകുനിക്കേണ്ട ആവശ്യമെന്താണ്?

ഒരേ കേസിനകത്താണെങ്കിലും അലനും താഹയും രണ്ട് വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വരുന്ന ആളുകളാണല്ലോ. ഈ വ്യത്യാസം നിങ്ങളുടെ അനുഭങ്ങളിൽ ഉണ്ടായിട്ടുണ്ടോ?

അലൻ: നല്ല രീതിയിലുണ്ടായിട്ടുണ്ട്. ഇപ്പോൾ ഞാൻ വരുന്ന ഒരു ക്ലാസിൽ നിന്നല്ല താഹ വരുന്നത്. താഹയുടെ സാഹചര്യവും എന്റെ സാഹചര്യവും ഒരുപാട് വ്യത്യാസമുണ്ട്. ഞമ്മൾ തമ്മിൽ അങ്ങനെയൊരു പ്രശ്‌നം വന്നിട്ടില്ല. അങ്ങനെ പ്രശ്‌നമുണ്ടായാൽ തന്നെ ഞങ്ങളതിൽ വ്യക്തത വരുത്തുന്ന ആളുകളുമാണ്. പക്ഷെ ഈ ഉദ്യോഗസ്ഥർ ഞങ്ങളെ കാണുന്നത് അങ്ങനെയല്ലായിരുന്നു. എന്നെ കൈകാര്യം ചെയ്യുന്നതും താഹയെ കൈകാര്യം ചെയ്യുന്നതും വ്യത്യാസമായിട്ടാണ്.

താഹ: സംസാരിക്കുന്ന ടോൺ, പെരുമാറ്റം ഒക്കെ വ്യത്യാസമാണ്. കാക്കനാട് ജയിലിൽ സൂപ്രണ്ട് വരുന്ന സമയത്ത് കൈകൂപ്പി നിന്ന് തല കുനിച്ച് നമസ്‌കാരം പറയണമെന്ന് എന്റടുത്ത് പറഞ്ഞു. ഒരു പ്രിസൺ റൂളിലും ഇല്ലാത്തതാണിത്. നമ്മൾ ഒരാളുടെ മുന്നിൽ തലകുനിക്കേണ്ട ആവശ്യമെന്താണ്? പ്രിസൺ റൂൾസിലൊന്നും ഇങ്ങനെ കണ്ടിട്ടില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ഇത് നമ്മുടെ പുതിയ സർക്കുലറാണെന്ന് പറഞ്ഞു. പ്രിസൺ റൂൾസിലില്ലാത്ത, നിയമപരമല്ലാത്ത കാര്യങ്ങൾ അനുസരിക്കാൻ എനിക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഭയങ്കര മോശമായിട്ട് ഷൗട്ട് ചെയ്യുകയൊക്കെ ചെയ്തു. അതിനുശേഷം എന്നോട് പറഞ്ഞു വെള്ള ഇന്നർ ബനിയനിടണം. ഷർട്ടൊന്നും ഇടരുതെന്ന്. റിമാൻഡ് പ്രിസണേഴ്‌സിന് ഏത് വസ്ത്രവും ധരിക്കാമെന്നാണ് പ്രിസൺ റൂൾ. അപ്പോൾ ഞാൻ പറഞ്ഞു, ഇത് പ്രിസൺ റൂൾ അല്ല. പ്രിസൺ റൂളിലില്ലാത്ത കാര്യങ്ങൾ എനിക്ക് അനുസരിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ എന്നെ സൂപ്രണ്ടിന്റെ മുറിയിലേക്ക് വിളിച്ചിറക്കി കൊണ്ടുപോയി. ഷൗട്ട് ചെയ്തുകൊണ്ടാണ് ഇവർ കൊണ്ടുപോകുന്നത്. എന്നെ അവിടെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് വന്ന മൂന്ന് ആളുകൾക്കൊപ്പം ക്വാറന്റൈനിൽ ഇട്ടിരുന്നു. അപ്പോൾ അവർക്കാർക്കെങ്കിലും കൊറോണ ഉണ്ടെങ്കിൽ എനിക്കും വരില്ലേ, അല്ലെങ്കിൽ മറ്റുള്ള ആൾക്കാർക്കും കൂടി കിട്ടില്ലേ എന്ന് പറഞ്ഞപ്പോൾ നിനക്കൊക്കെ കൊറോണ വന്നിട്ടുണ്ടെങ്കിൽ എനിക്കെന്താ ഒരു പേപ്പറെഴുതിയാൽ തീരുന്ന പ്രശ്‌നമേയുള്ളൂ എന്നായിരുന്നു മറുപടി. ചത്താലും കുഴപ്പമില്ല എന്നുള്ള സമീപനമാണ്. എന്നെ വെൽഫെയർ റൂമിൽ കൊണ്ടുപോയി ഇരുത്തിയ സമയത്താണ് സൂപ്രണ്ട് വന്നിട്ട് എണീക്കെടാ എന്നു പറഞ്ഞിട്ട് മോശമായി തെറിയൊക്കെ വിളിച്ചിട്ട് സംസാരിക്കുന്നത്. അദ്ദേഹം സംഘിബോധം പേറുന്ന ഒരാളാണ്.

ജാമ്യം കിട്ടി പുറത്തുവന്നതിനുശേഷവും മനുഷ്യാവകാശ വിഷയങ്ങളിൽ നിങ്ങൾ വളരെ സജീവമാണ്. മുന്നോട്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തനം എങ്ങനെയാണ് കാണുന്നത്?

അലൻ: പ്രത്യേകിച്ച് ഒരു തീരുമാനമില്ല. പഠനം എന്തായാലും കഴിയട്ടെ എന്നതാണ് എന്നെ സംബന്ധിച്ച്​ പ്രധാനം. അതിനുശേഷം മനുഷ്യാവകാശ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും നമുക്ക് പ്രതികരിക്കാൻ പറ്റുന്നതും ഇടപെടാൻ പറ്റുന്നതുമായ രീതിയിലൊക്കെ ഇടപെടുക എന്നുള്ളത് തന്നെയാണ്.

താഹ: യു.എ.പി.എ. പോലെയുള്ള ജനദ്രോഹ നിയമങ്ങൾക്കെതിരെ നിലനിൽക്കുക. മനുഷ്യാവകാശ വിഷയങ്ങളിൽ നിരന്തരമായിട്ട് ഇടപെടുക എന്നതാണ് തീരുമാനം. ഒപ്പം പഠനം തുടരുകയും വേണം.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവർത്തകൻ

അലൻ ഷുഹെെബ്

നിയമ വിദ്യാർഥി. പന്തീരാങ്കാവ്​ മാവോവാദി കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട്​ ജയിൽശിക്ഷ അനുഭവിച്ചു.

താഹ ഫസൽ

റൂറൽ ഡവലപ്മെന്റിൽ ബിരുദാനന്തര ബിരുദ വിദ്യാർഥി. പന്തീരാങ്കാവ്​ മാവോവാദി കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട്​ ജയിൽശിക്ഷ അനുഭവിച്ചു.

Comments