പിണറായിയുടെ ഉറപ്പിന് ഒരടിക്കുറിപ്പ്:
ജപ്തി ഭീഷണിയിൽ വീട്ടിൽ നിന്നിറങ്ങേണ്ടിവരുന്ന കുടുംബങ്ങളിതാ…

‘‘വീട് ജാമ്യമാണെങ്കിൽ ജപ്തി ചെയ്യാൻ പാടില്ല, അവിടെ താമസിക്കാനുള്ള അവകാശം അവർക്കുണ്ട്, ജപ്തിയുടെ പേരിൽ ആരെയും വഴിയാധാരമാക്കരുത്, സഹകരണ ബാങ്കുകൾക്ക് ഇക്കാര്യത്തിൽ പൊതുനിർദേശം നൽകും’’ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉറപ്പു നൽകിയത്. സഹകരണ ബാങ്കുകളുടെ അടക്കം ജപ്തിഭീഷണിയിൽ എപ്പോൾ വേണമെങ്കിലും തെരുവിലേക്കിറക്കിവിടാം എന്ന ഭീഷണിയിൽ കഴിയുന്ന എത്രയോ മനുഷ്യരുണ്ട്. അവരെ നേരിട്ടുകണ്ട് ട്രൂകോപ്പി തിങ്ക് തയാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ടുകൾ കാണാം.

News Desk

വായ്പയ്ക്ക് ഈടായി വെച്ച വീട് ജപ്തി ചെയ്ത് താമസക്കാരെ ഇറക്കിവിടരുത് എന്ന് സഹകരണ ബാങ്കുകൾക്ക് നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജപ്തി നടപടികൾ സംബന്ധിച്ച് നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മന്ത്രി വാസവൻ മറുപടി നൽകുന്നതിനിടെ ഇടപെട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘‘വീട് ജാമ്യമാണെങ്കിൽ ജപ്തി ചെയ്യാൻ പാടില്ല, അവിടെ താമസിക്കാനുള്ള അവകാശം അവർക്കുണ്ട്, ജപ്തിയുടെ പേരിൽ ആരെയും വഴിയാധാരമാക്കരുത്, സഹകരണ ബാങ്കുകൾക്ക് ഇക്കാര്യത്തിൽ പൊതുനിർദേശം നൽകും’’ എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയത്.

ജപ്തിക്കുമുമ്പ്, പകരം ഷെൽട്ടർ കണ്ടെത്തി താമസക്കാരെ പുനരധിവസിക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജപ്തിയുടെ ഭാഗമായി ബാങ്കുകൾ വസ്തുവിനുമുന്നിൽ ബോർഡ് സ്ഥാപിക്കുന്നത് വീട്ടുകാരെ ആത്മഹത്യയിലേക്കും മറ്റും തള്ളിവിടുന്നുണ്ടെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
വി.ആർ. സുനിൽ കുമാർ, ജി.എസ്. ജയലാൽ, മുഹമ്മദ് മുഹ്‌സിൻ, സി.സി. മുകുന്ദൻ, സി.ആർ. മഹേഷ്, തോമസ് കെ. തോമസ് എന്നിവരുടെ ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടി നൽകിയത്.

എന്നാൽ, കേരളത്തിൽ ഇപ്പോൾ എന്താണ് നടക്കുന്നത്?
സഹകരണ ബാങ്കുകളിൽ നിന്നടക്കം വായ്പ എടുത്ത്, വീടുകൾക്കുമുന്നിൽ ബോർഡ് പതിക്കപ്പെട്ട്, ഒടുവിൽ ജപ്തി ഭീഷണിയെതുടർന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന എത്രയോ മനുഷ്യരുണ്ട്. സർഫാസിയെന്ന കൊലയാളി നിയമത്തിന്റെ മറവിൽ കിട്ടാക്കടമാക്കി മാറ്റി, കിടപ്പാടം നഷ്ടമായ നിരവധി സംഭവങ്ങളെക്കുറിച്ചും ആ നിർധന കുടുംബങ്ങളുടെ അതിജീവനത്തെ കുറിച്ചും അവരോട് നേരിട്ട് സംസാരിച്ച് ട്രൂകോപ്പി തിങ്ക് തയ്യാറാക്കിയ നിരവധി ഗ്രൗണ്ട് റിപ്പോർട്ടുകളുണ്ട്. അവരിൽ ഏറെയും ദലിത് കുടുംബങ്ങളും നിർധന മനുഷ്യരും തൊഴിലാളികളുമാണ്. കുടിയൊഴിപ്പിക്കലിന്റെ വക്കിൽ നിന്ന് സർഫാസി വിരുദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പലരും ഇന്ന് പിടിച്ചുനിൽക്കുന്നത്. ഇത്തരം സത്യങ്ങളെയും വസ്തുതകളെയും മറച്ചുവെച്ചാണ് സർക്കാർ പുതിയ വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുന്നത്.

ജപ്തിക്ക് വിധേയമാകുന്ന വീടുകളുടെ മുന്നിൽ ബോർഡ് വെക്കുന്ന നടപടി സഹകരണ ബാങ്ക് സ്വീകരിക്കാറില്ലെന്ന് മന്ത്രി വാസവൻ നിയമസഭയിൽ പറഞ്ഞു.

എന്നാൽ, സഹകരണ ബാങ്കു​കളുടെ അടക്കം ജപ്തി ഭീഷണിയിൽ എപ്പോൾ വേണമെങ്കിലും തെരുവിലേക്കിറക്കിവിടാം എന്ന ഭീഷണിയിൽ കഴിയുന്ന എത്രയോ മനുഷ്യരുണ്ട്.

കഴിഞ്ഞ ജനുവരി 13-ന് കൊച്ചിയിലെ എടവനക്കാട് പഞ്ചായത്തിലെ സജീവിന്റെ വീട്ടിൽ ട്രൂകോപ്പി തിങ്ക് എത്തുമ്പോൾ, എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് അദ്ദേഹത്തിന്റെ വീട് ജപ്തി ചെയ്യാൻ എത്തിയിരുന്നു. എന്നാൽ സർഫാസി വിരുദ്ധ സമിതിയുടെ ഇടപെടലിനെ തുടർന്ന് ജപ്തി തടയാൻ കഴിഞ്ഞുവെങ്കിലും വീടിന് മുന്നിൽ ജപ്തി വിവരങ്ങൾ ഉൾപ്പെടുത്തിയ ബോർഡ് സ്ഥാപിക്കപ്പെട്ടു. സമരക്കാർ കൃത്യസമയത്ത് എത്തിയില്ലായിരുന്നെങ്കിൽ സജീവനും കുടുംബവും അന്ന് തെരുവിലാകുമായിരുന്നു.

വീട് വെക്കാനാണ് കൂലിപ്പണിക്കാരനായ സജീവൻ എടവനക്കാട് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും 70,000 രൂപ ലോണെടുക്കുന്നത്. എന്നാൽ ജീവിതസാഹചര്യങ്ങളാൽ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഇടപെട്ട് 2 ലക്ഷം രൂപക്ക് ലോൺ പുതുക്കി വെപ്പിച്ചു. നിലവിലിപ്പോൾ സജീവന്റെ ലോൺ തുക 4 ലക്ഷമായി ഉയർന്നു. ഇതൊരു സജീവന്റെ മാത്രം കഥയല്ല. കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സർഫാസി ഇരകളുണ്ട്.

2023 മെയ് 21-ന് കൂലിപ്പണിക്കാരനായ വള്ളോൻ എന്ന ആദിവാസി മനുഷ്യന്റെ കുടുംബത്തെ കേരള ബാങ്ക് തെരുവിലിറക്കാൻ പോകുന്നുവെന്ന റിപ്പോർട്ട് പുറത്തുവിട്ടത് ട്രൂകോപ്പി തിങ്കായിരുന്നു. മകളുടെ വിവാഹത്തിന് വേണ്ടിയാണ് കൂലിപ്പണിക്കാരനായിരുന്ന വള്ളോൻ ജില്ലാ സഹകരണ ബാങ്കിന്റെ കാക്കനാട് ബ്രാഞ്ചിൽ നിന്നും രണ്ട് ലക്ഷം രൂപ വായ്പയെടുത്തത്. കൊടിയ ദാരിദ്ര്യവും രോഗാവസ്ഥകളും കാരണം തിരിച്ചടവ് കൃത്യമായി നടന്നില്ല. ക്യാൻസർ രോഗിയായ ഭാര്യയുടെ വിയോഗത്തിന് പിന്നാലെ വള്ളോനും മരണത്തിന് കീഴടങ്ങി. രണ്ട് ലക്ഷം രൂപയായിരുന്ന വള്ളോന്റെ കടം പിന്നീട് 6 ലക്ഷത്തന് മുകളിലായി. 2023 ജൂൺ 1-ന് ആ കുടുംബത്തെ പുറത്താക്കുമെന്നായിരുന്നു അന്ന് കാക്കനാട് ജില്ലാ സഹകരണ ബാങ്ക് ഉത്തരവിട്ടിരുന്നത്.
ഇത്തരം നിരവധി സംഭവങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ട്രൂകോപ്പി തിങ്ക് അവരെ നേരിട്ടു കണ്ട് തയാറാക്കിയ റിപ്പോർട്ടുകൾ കാണാം.

Comments