ഹർഷിനയുടെ കേസും
ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ
പ്രതികരണവും: ചില വസ്തുതകൾ
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് കുടുങ്ങിയ സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ആരോഗ്യമന്ത്രി വീണ ജോർജുമായി സംസാരിക്കുന്നു. ഇതിനിടെ, 2017-ൽ സമാന ചികിത്സാപ്പിഴവിനിരയായ കോഴിക്കോട്ടെ കെ. കെ. ഹർഷിനയ്ക്ക് എന്ത് നീതിയാണ് കിട്ടിയത് എന്ന് ഒരു ചാനൽ റിപ്പോർട്ടർ ചോദിക്കുന്നു. അതിന് മറുപടിയായി മന്ത്രി ചില ചോദ്യങ്ങൾ റിപ്പോർട്ടറോട് തിരിച്ചുചോദിക്കുന്നു:
മന്ത്രി: (ഹർഷിനയുടെ ശസ്ത്രക്രിയ) 2014-ഓ, 17-ലോ ആണ് നടന്നത്, അതിൽ സംശയമുണ്ടോ?
‘ഇല്ല’ എന്ന് ചാനൽ റിപ്പോർട്ടറെക്കൊണ്ട് മന്ത്രി പറയിക്കുന്നു, എന്നിട്ട് ഇങ്ങനെ തുടരുന്നു: ‘‘യു.ഡി.എഫിന്റെ കാലത്തും ആകാം എന്നുള്ളതാണ്… എന്ന് ഡോക്‌ടേർഴ്‌സ് പറഞ്ഞു. പക്ഷെ, ഞാൻ പറഞ്ഞു, ഹർഷിന പറഞ്ഞതാണ് ഞാൻ വിശ്വസിക്കുന്നത്’’
വീണ്ടും റിപ്പോർട്ടറോട് മന്ത്രി: ‘‘മന്ത്രിസഭ രണ്ടു ലക്ഷം രൂപ കൊടുക്കാൻ തീരുമാനിച്ചോ?’’
‘തീരുമാനിച്ചു’ എന്ന് റിപ്പോർട്ടർ.
മന്ത്രി: ‘‘പിന്നെ എന്താണ് സർക്കാറിന് ചെയ്യാവുന്ന കാര്യം, കേസ് പോലീസിലേക്ക് കൊടുത്തോ?’’
റിപ്പോർട്ടർ മിണ്ടുന്നില്ല. അപ്പോൾ മന്ത്രി വീണ്ടും നിർബന്ധിക്കുന്നു; ‘പറഞ്ഞോളൂ’.
മന്ത്രി വീണ്ടും: ‘‘ഹർഷിനയുടെ സംഭവം ആഭ്യന്തര വകുപ്പിലേക്ക് കൊടുത്ത് കേസുണ്ടോ നിലവിൽ?’’
റിപ്പോർട്ടറുടെ മറുപടി: ‘‘ഹർഷിന ഇപ്പോഴും നീതി കിട്ടിയില്ല എന്നു പറയാൻ കാരണമെന്താണ്?’’
മന്ത്രി: ‘‘അത് നിങ്ങളുൾപ്പെടെയുള്ള മാധ്യമങ്ങൾ തെറ്റിധരിപ്പിക്കുന്നതാണ്. കോടതിയിൽ കേസ് നടക്കുകയാണ്. വിധി അനുസരിച്ച് തീരുമാനമുണ്ടാകും’’.
ഒറ്റ നോട്ടത്തിൽ മന്ത്രിയുടെ ഈ ചോദ്യോത്തര പരിപാടി യുക്തിഭദ്രമാണെന്ന് തോന്നിപ്പിക്കും, തന്റെ വകുപ്പും സംവിധാനങ്ങളും പെർഫെക്റ്റാണ് എന്ന് തോന്നിപ്പിക്കുന്നതുപോലെ. എന്നാൽ അങ്ങനെയല്ല വസ്തുത.
2014- ൽ ഹർഷിനയ്ക്ക് സിസേറിയനേ നടന്നിട്ടില്ല. 2012 നവംബർ 23, 2016 മാർച്ച് 15, 2017 നവംബർ 30 തീയതികളിലായിരുന്നു അവരുടെ മൂന്ന് പ്രസവ ശസ്ത്രക്രിയകൾ. ആദ്യത്തെ രണ്ടെണ്ണം താമരശ്ശേരി ഗവ. താലൂക്ക് ഹോസ്പിറ്റലിലും 2017-ലേത് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിലും. ആർട്ടെറി ഫോർസെപ്സ് കുടുങ്ങിയതായി കണ്ടെത്തിയത് 2017-ലെ സിസേറിയനിലാണ്.

ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ കത്രിക വയറ്റിൽ കുടുങ്ങിയത് മെഡിക്കൽ കോളേജിൽ നിന്നുതന്നെയാണെന്ന് കണ്ടെത്തി. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കി കുന്ദമംഗലം കോടതിയിൽ കുറ്റപത്രം നൽകി. ഡോ. സി.കെ. രമേശൻ, ഡോ. എം. ഷഹന, മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്‌സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരാണ് പ്രതികൾ. ഹർഷിനയ്ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നവരായിരുന്നു ഇവർ. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം പ്രതി ചേർക്കപ്പെട്ട കേസിൽ ഐ പി സി 338 പ്രകാരം രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. എണ്ണൂറോളം പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളുണ്ടായിരുന്നു.
ഇങ്ങനെയൊരു കേസ് കോടതിയിലുള്ളപ്പോഴാണ്, ‘2014-ഓ, 17-ലോ ആണ് നടന്നത്, അതിൽ സംശയമുണ്ടോ?’ എന്ന വസ്തുതാവിരുദ്ധമായ ഒരു ചോദ്യം എടുത്തിട്ട്, ‘യു.ഡി.എഫിന്റെ കാലത്തുമാകാം…എന്ന് ഡോക്ടർമാർ പറഞ്ഞു’ എന്ന് സൂചിപ്പിപ്പ്, തന്റെ ഭരണനേതൃത്വത്തിലുള്ള സംവിധാനത്തിന്റെ ഗുരുതരമായ പിഴവിനെ സങ്കുചിത രാഷ്ട്രീയമുതലെടുപ്പിനായി എടുത്തിടുന്നത്.
2024 ജൂലൈ 20-ന് വിചാരണ തുടങ്ങാനിരുന്ന കേസിൽ, പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് വിചാരണയ്ക്ക് സ്റ്റേ നേടിയെടുത്തു. സർക്കാർ പ്രോസിക്യൂട്ടർ തന്റെ ഭാഗത്തുള്ള തെളിവുകൾ മുൻനിർത്തി കൃത്യമായി വാദിക്കാത്തതിനാലാണ് പ്രതികൾക്ക് സ്റ്റേ ലഭിച്ചതെന്ന് ഹർഷിന ആരോപിക്കുന്നു.
2024 ജൂലൈ 20-ന് വിചാരണ തുടങ്ങാനിരുന്ന കേസിൽ, പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് വിചാരണയ്ക്ക് സ്റ്റേ നേടിയെടുത്തു. സർക്കാർ പ്രോസിക്യൂട്ടർ തന്റെ ഭാഗത്തുള്ള തെളിവുകൾ മുൻനിർത്തി കൃത്യമായി വാദിക്കാത്തതിനാലാണ് പ്രതികൾക്ക് സ്റ്റേ ലഭിച്ചതെന്ന് ഹർഷിന ആരോപിക്കുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് ആരെ സഹായിക്കാനാണ് എന്ന ചോദ്യം മന്ത്രിയുടെ മുന്നിലുണ്ട്.
ഹർഷിനയ്ക്ക് രണ്ടു ലക്ഷം രൂപ കൊടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു എന്നത്, ഈ പ്രശ്നത്തിന്റെ പരിഹാരമായി അവതരിപ്പിക്കുന്ന മന്ത്രിയ്ക്ക് അറിയാം, ഹർഷിന ഈ തുക വാങ്ങാൻ കൂട്ടാക്കിയില്ല എന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ പരാതി തന്റെ ഓഫീസിലുണ്ടെന്നും. എട്ടു വർഷത്തിനുശേഷവും, ഇപ്പോഴും ഒരു മണിക്കൂർ യാത്ര ചെയ്താൽ തളർന്നുപോകുന്ന, 34 വയസ്സുള്ള ഈ സ്ത്രീയ്ക്ക് സർക്കാറിൽനിന്ന് നീതി ലഭിച്ചിട്ടില്ല എന്നു മാത്രമല്ല, ആരോഗ്യവകുപ്പും മന്ത്രിയും സർക്കാറും അടങ്ങുന്ന സംവിധാനം അവർ നേരിട്ട കൊടും മനുഷ്യാവകാശലംഘനത്തെ, രാഷ്ട്രീയ മുതലെടുപ്പ് എന്ന രീതിയിലാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. അങ്ങനെ, കേസിലും നഷ്ടപരിഹാരത്തിലുമെല്ലാം ‘ഹർഷിനയ്ക്കൊപ്പമല്ല’ എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ആരോഗ്യമന്ത്രിയും വകുപ്പും സർക്കാറും താൻ നേരിട്ട നീതിനിഷേധത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് തുറന്നുപറയുകയാണ് കെ.കെ. ഹർഷിന. സർക്കാർ അനുവദിച്ച തുച്ഛമായ നഷ്ടപരിഹാരതുകയുടെ മേൽ പാർട്ടി സംവിധാനത്തെ ഉപയോഗിച്ച് നടത്തിയ ഒരു വിലപേശലിനെക്കുറിച്ചും അവർ ട്രൂകോപ്പി വെബ്സീനിനോട് തുറന്നുപറയുന്നു.

▮
സിസ്റ്റം തകർത്ത
സ്വന്തം ജീവിതത്തെക്കുറിച്ച്,
കുടുംബത്തെക്കുറിച്ച്
ഹർഷിന സംസാരിക്കുന്നു:
2022 സപ്തംബർ 15ന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് എന്റെ വയറ്റിൽ കുടുങ്ങിയ ആർട്ടറി ഫോർസെപ്സ് നീക്കം ചെയ്തത്. നാലു വർഷവും പത്തു മാസവുമാണ് ഡോക്ടർമാർ മറന്നുവച്ച കത്രികയുമായി, കടുത്ത വേദനയിൽ ഞാൻ ജീവിച്ചത്.
എന്റെ ശരീരത്തിൽ ‘കത്രിക’ കുടുങ്ങുന്നത് 25-ാമത്തെ വയസ്സിലാണ്, ഒരു മനുഷ്യന്റെ ഏറ്റവും നല്ല കാലഘട്ടമാണം. 31 വയസ്സുവരെ ഞാനിത് അനുഭവിക്കുകയാണ്. ഒരായുസ്സിന്റെ വേദനയാണ് എന്റെ ശരീരം ഈ കാലം കൊണ്ട് അനുഭവിച്ചുതീർത്തത്. ഇതിനിടെ മൂന്ന് സർജറികൾ. എത്രയോ മരുന്നുകൾ കഴിച്ചു. യൂറിനറി ഇൻഫെക്ഷനാണെന്നു പറഞ്ഞ് കഴിച്ച മരുന്നുകൾക്ക് കണക്കില്ല. എത്രയോ അനാവശ്യ ചികിത്സകൾ. ആന്റി ബയോട്ടിക്കുകൾ ഇഞ്ചക്ഷനായി രാവിലെയും വൈകീട്ടും എടുത്തുകൊണ്ടിരുന്നു. ഒടുവിൽ കാൻസറാണെന്നും കിഡ്നിക്ക് തകരാറാണെന്നുമെല്ലാം ഏതാണ്ട് ഉറപ്പിച്ചു. കടുത്ത ഡിപ്രഷന്റെ അവസ്ഥയിലെത്തി. മൂന്ന് ചെറിയ മക്കളുള്ള ഞാൻ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. പടച്ചോനിൽ വിശ്വാസമുള്ളതുകൊണ്ടുമാത്രമാണ് പിടിച്ചുനിൽക്കാനായത്.
‘കത്രിക’ നീക്കിയ ശസ്ത്രക്രിയ്ക്കുശേഷം മൂന്നുദിവസം വേദന മൂലം ശ്വാസം വലിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. കാരണം, അത് എന്റെ ശരീരത്തിൽ നടന്ന നാലാമത്തെ വലിയ ഓപ്പറേഷനായിരുന്നു. ‘കത്രിക’ കണ്ടപ്പോൾ ശരിക്കും ആശ്വാസമാണുണ്ടായത്. കാരണം, ആന്തരിക അവയവങ്ങൾക്ക് കുഴപ്പമില്ല. ജീവനും ഭീഷണിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഇതൊരു ഗുരുതരമായ ചികിത്സാപ്പിഴവാണ് എന്ന് ബോധ്യമായത്. കോഴിക്കോട് മെഡിക്കൽ കോളേജിലിരുന്നുതന്നെ, ഗൂഗ്‌ളിൽ സെർച്ച് ചെയ്ത് നമ്പർ കണ്ടുപിടിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു. പരാതി എഴുതി അയക്കാൻ പറഞ്ഞു. മന്ത്രിക്ക് പരാതി അയച്ചു, ഒപ്പം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും സൂപ്രണ്ടിനും പരാതി കൊടുത്തിട്ടാണ് ഡിസ്ചാർജ്ജായത്.
മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിച്ചെങ്കിലും തുടക്കം മുതൽ ‘കത്രിക’ മറ്റെവിടെ നിന്നെങ്കിലും മറന്നുവെച്ചതാകാമെന്ന നിലപാടാണ് മെഡിക്കൽ കോളജ് അധികൃതർ സ്വീകരിച്ചത്. ‘കത്രിക’ കുടുങ്ങിയത് എവിടെവെച്ചാണ് എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല എന്ന റിപ്പോർട്ടാണ് സമിതി കൊടുത്തത്. ഇതിൽ അതൃപ്തി പ്രകടിപ്പിച്ചപ്പോൾ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചു. അവർ വീട്ടിൽ വന്ന് എല്ലാ വിവരങ്ങളും ശേഖരിച്ചു. 'കണ്ടെത്താനായില്ല' എന്നായിരുന്നു ഈ കമ്മിറ്റിയുടെയും റിപ്പോർട്ട്. തുടർന്ന് നടപടിയൊന്നുമുണ്ടായില്ല.
‘‘ഇപ്പോൾ ശരീരത്തിന് എന്നും വേദനയാണ്. ഒരു മണിക്കൂർ യാത്ര ചെയ്താൽ പനി പിടിച്ചപോലെ തളർന്നുപോകും. ചെറുതും വലുതുമായി ഒമ്പത് ശസ്ത്രക്രിയകളാണ് ചെയ്തത്. ഇനി ജോലി ചെയ്ത് ജീവിക്കാനാകുമോ എന്ന ആശങ്കയിലാണ്’’- കെ.കെ. ഹർഷിന.
രണ്ടു മാസം കഴിഞ്ഞപ്പോൾ വലിയ വേദനയെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായി. മെഡിക്കൽ കോളേജിന്റെ റിപ്പോർട്ട് പുറത്തുവിടാത്തതിനെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞപ്പോൾ ഉടൻ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് എന്നെ വിളിച്ചു. എല്ലാ വിഷമവും അവരോട് പറഞ്ഞു. നഷ്ടപരിഹാരം കിട്ടിയേ പറ്റൂ എന്നു പറഞ്ഞപ്പോൾ, 'ഹർഷിനയുടെ കൂടെയാണ് ഞാൻ, 15 ദിവസത്തിനകം പരിഹാരമുണ്ടാകും' എന്നായിരുന്നു മറുപടി. എന്നാൽ, റിപ്പോർട്ട് വന്നില്ലെന്നുമാത്രമല്ല, ആറു മാസമായിട്ടും ഒരു നടപടിയുമുണ്ടായില്ല. ആരോഗ്യമന്ത്രിയുടെ പി.എയെ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. ഉടൻ വരും, നിങ്ങൾക്ക് അനുകൂലമാകും എന്ന് ആവർത്തിച്ചുകൊണ്ടിരുന്നു.
റിപ്പോർട്ട് വരാത്തതിനെതുടർന്ന് 2023 ഫെബ്രുവരി 28ന് ഞാനും ജീവിതപങ്കാളിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിനുമുന്നിൽ കുത്തിയിരിപ്പ് തുടങ്ങി. അസിസ്റ്റന്റ് കമീഷണർക്ക് പരാതിയും കൊടുത്തു. മാർച്ച് രണ്ടിനുതന്നെ FIR ഇട്ട് അന്വേഷണം തുടങ്ങി. ഞങ്ങൾ സമരവും തുടർന്നു.

മാർച്ച് നാലിന് കോഴിക്കോട് ഒരു പരിപാടിക്ക് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിയും വരുന്നുണ്ട്. അന്ന് സമരപ്പന്തലിലേക്ക് ആരോഗ്യമന്ത്രി വന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ എന്നെ കൊണ്ടുപോയി അരമണിക്കൂർ സംസാരിച്ചു. ഞാൻ അനുഭവിച്ച ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ മന്ത്രിയോട് പറഞ്ഞു. ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. മൂന്ന് സിസേറിയൻ നടന്നിട്ടുണ്ടല്ലോ എന്ന് മന്ത്രി പറഞ്ഞപ്പോൾ, ‘എനിക്കുറപ്പാണ്, മൂന്നാമത്തെതിലാണ് കത്രിക കുടുങ്ങിയത്’ എന്നു ഞാൻ ഉറപ്പിച്ചുപറഞ്ഞു: ‘‘രണ്ട് സിസേറിയൻ താമരശ്ശേരി താലൂക്കാശുപത്രിയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലുമാണ് നടന്നത്. സ്‌കാനിങ് റിപ്പോർട്ട് അടക്കമുള്ള തെളിവുകൾ എന്റെ കൈവശമുണ്ട്, പിഴവ് സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ്’’, ഞാൻ ആവർത്തിച്ചു പറഞ്ഞു.
അപ്പോൾ മന്ത്രി പറഞ്ഞു: മൂന്ന് ശസ്ത്രക്രിയകളും സർക്കാർ ആശുപത്രിയിലല്ലേ നടന്നത്, അതുകൊണ്ട് സർക്കാറാണ് അതിന് ഉത്തരവാദി. നഷ്ടപരിഹാരം നൽകേണ്ടത് സർക്കാറാണ്’’.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ
ആരോഗ്യവകുപ്പുമന്ത്രി വീണ ജോർജ് എന്നോട് നേരിട്ട് പറഞ്ഞതാണിത്, എനിക്ക് സംഭവിച്ചതിന്റെ ഉത്തരവാദി സർക്കാറാണ് എന്ന്. ഡോക്ടർക്കെതിരെ നടപടിയുണ്ടാകും എന്നുറപ്പുനൽകിയിട്ടാണ് മന്ത്രി പോയത്. 15 ദിവസമാണ് അന്നും പറഞ്ഞത്.
‘‘സർക്കാർ പ്രഖ്യാപിച്ച രണ്ടു ലക്ഷത്തിനൊപ്പം ഒരു ലക്ഷം കൂടി ചേർത്ത് മൂന്നു ലക്ഷമാക്കാം, പിന്നെ ഞാൻ പറഞ്ഞിട്ട് അത് അഞ്ചു ലക്ഷം വാങ്ങിത്തരാം. ഇത് ഓക്കെയാണെങ്കിൽ മുഖ്യമന്ത്രിയുടെ അടുത്തുപോകാം, അവിടെ പിന്നെ സംസാരമൊന്നും ഇല്ല’’- സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന പി. മോഹനൻ മാസ്റ്റർ ഹർഷിനയോട് പറഞ്ഞു.
അങ്ങനെ സമരം അവസാനിപ്പിച്ചു. പിന്നീടും നടപടിയുമുണ്ടായില്ല. വേറെ വഴിയില്ലാതെ വന്നപ്പോൾ വീണ്ടും സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. അപ്പോൾ മാർച്ച് 29ന് പൊടുന്നനെ ഒരു പ്രഖ്യാപനമുണ്ടായി. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു എന്ന്. അതിനകം 25 ലക്ഷത്തോളം രൂപ പണമായി മാത്രം ചെലവാക്കിക്കഴിഞ്ഞിരുന്നു. ഇതിന്റെ പേരിൽ ജീവിതമാർഗമായ ബിസിനസ് തകർന്നതടക്കം കൈയും കണക്കുമില്ലാത്ത നഷ്ടങ്ങൾ വേറെ. 2024-ൽ ഒരു ശസ്ത്രക്രിയ കൂടി നടന്നു. അതിന് രണ്ടു ലക്ഷത്തോളം രൂപ ചെലവ് വന്നു. സമരസമിതി ക്രൗഡ് ഫണ്ടിംഗ് നടത്തിയാണ് ആ പണം കൊടുത്തത്.
ആരാണ് ഇത്ര തുച്ഛമായ നഷ്ടപരിഹാരം വാങ്ങുക? വാങ്ങാത്ത ഈ പണമാണ്, കഴിഞ്ഞദിവസം ആരോഗ്യമന്ത്രി, ഞങ്ങൾക്ക് അനുവദിച്ചു എന്നവകാശപ്പെട്ട് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞത്.
ഒരു കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഞാൻ ആരോഗ്യമന്ത്രിക്ക് കത്തയച്ചു. ഈ ആവശ്യമുന്നയിച്ച് 2023 മെയ് 22ന് ഞങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിനുമുന്നിൽ സമരം തുടങ്ങി. പൊലീസ് അന്വേഷിക്കുന്നുണ്ട്, റിപ്പോർട്ട് വന്നാൽ നടപടിയെടുക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.

മെഡിക്കൽ കോളേജിൽ നടന്ന സിസേറിയനു മുമ്പ്, 2017 ജനുവരി 27ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ MRI സ്‌കാനിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റിപ്പോർട്ട്. എന്നാൽ, ‘കത്രിക’ കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്നാണെന്ന് MRI റിപ്പോർട്ട് പ്രകാരം മാത്രം തീരുമാനിക്കാൻ പറ്റില്ലെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ നിലപാട്. ബോർഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ വാദത്തെ മെഡിക്കൽ ബോർഡിലെ മറ്റു അംഗങ്ങൾ അനുകൂലിക്കുകയായിരുന്നു. നേരത്തെ നിശ്ചയിക്കപ്പെട്ട വനിതാ റേഡിയോളജിസ്റ്റിനെ മാറ്റി, തങ്ങൾക്ക് അനുകൂലമായി റിപ്പോർട്ടുണ്ടാക്കാൻ മറ്റൊരാളെ കൊണ്ടുവരികയായിരുന്നു.
ആരോഗ്യവകുപ്പിലും മന്ത്രിയിലുമുള്ള സകല വിശ്വാസവും നഷ്ടപ്പെട്ട ഞങ്ങൾ കോടതിയിൽനിന്ന് നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു.
മെഡിക്കൽ ബോർഡ് റിപ്പോർട്ട് പൊലീസ് തള്ളി. നെഗ്ലിജൻസ് സംഭവിച്ചിട്ടുണ്ടോ എന്നതിൽ മാത്രം മെഡിക്കൽ ബോർഡിന്റെ ഒപ്പു മതി എന്ന് പൊലീസ് പറഞ്ഞു. ബാക്കിയുള്ളത് ക്രിമിനൽ ഒഫൻസാണ്, അത് തങ്ങൾ തെളിയിച്ചുകൊള്ളാം എന്നും പൊലീസ് അറിയിച്ചു. അങ്ങനെ നെഗ്ലിജൻസ് സംഭവിച്ചു എന്ന് മെഡിക്കൽ ബോർഡ് ഒപ്പിട്ടു കൊടുത്തു. പൊലീസ് കുറ്റപത്രവും നൽകി. അങ്ങനെ സമരം അവസാനിപ്പിച്ചു.
കുറ്റപത്രം സമർപ്പിച്ചപ്പോഴെങ്കിലും ഡോക്ടർമാർക്കെതിരെ അന്വേഷണ വിധേയമായി സസ്‌പെൻഷൻ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. അതുണ്ടായില്ല. 2023 ഡിസംബർ 23-നാണ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആരോഗ്യവകുപ്പിലും മന്ത്രിയിലുമുള്ള സകല വിശ്വാസവും നഷ്ടപ്പെട്ട ഞങ്ങൾ കോടതിയിൽനിന്ന് നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു.
2024 ജൂൺ 18ന് വിചാരണ തുടങ്ങാനിരിക്കുമ്പോൾ പെട്ടെന്ന് ഹൈക്കോടതിയിൽനിന്ന് കേസ് സ്‌റ്റേ ചെയ്ത നോട്ടീസ് വന്നു. സ്‌റ്റേ ചെയ്യുമ്പോൾ വാദിയായ എനിക്ക് എന്റെ ഭാഗം പറയാൻ അവസരം വേണ്ടേ എന്നു ഞാൻ ചോദിച്ചു. എന്റെ ഭാഗം പറയേണ്ടത് സർക്കാർ പ്രോസിക്യൂട്ടറാണ് എന്നാണറിഞ്ഞത്. എല്ലാ തെളിവുകളും സഹിതമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇത്രയും തെളിവുകളുണ്ടായിട്ടും സർക്കാർ പ്രോസിക്യൂഷൻ പോലും എന്റെ ഭാഗത്ത് നിൽക്കുകയോ എനിക്കുവേണ്ടി വാദിക്കുകയോ ചെയ്തിട്ടില്ല എന്ന് സ്‌റ്റേ വന്നപ്പോൾ മനസ്സിലായി.
ഏത് സർജറിയിലാണ് കത്രിക വയറ്റിൽ കുടുങ്ങിയത് എന്ന കാര്യം പറയാൻ പറ്റില്ല, MRI സ്‌കാൻ ഇക്കാര്യത്തിൽ തെളിവല്ല എന്ന റേഡിയോളജിസ്റ്റിന്റെ വാദമാണ് ഡോക്ടർമാർക്കുവേണ്ടി കോടതിയിൽ ഉന്നയിച്ചത്. പ്രമുഖ ആശുപത്രികളിലെ റേഡിയോളജിസ്റ്റുകൾ പറഞ്ഞത്, മൂന്നാമത്തെ ശസ്ത്രക്രിയയ്ക്കു മുമ്പ് ചെയ്ത MRI സ്‌കാനിംഗിൽ ‘കത്രിക’ കണ്ടിട്ടില്ലെങ്കിൽ, അത് പെട്ടത് മൂന്നാമത്തെ ശസ്ത്രക്രിയയിൽ തന്നെയാണ് എന്നതിന് ഒരു സംശയവുമില്ല എന്നാണ്. ആരോഗ്യവകുപ്പിന്റെ മൂന്നംഗ സമിതി പോലും സാക്ഷ്യപ്പെടുത്തിയ കാര്യമാണിത്. MRI സ്‌കാനിങ് മെഷീന്റെ നിർമാണവുമായി ബന്ധപ്പെട്ട ആൾ പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, ഇങ്ങനെയൊരു ഉപകരണം വയറ്റിലുള്ളപ്പോൾ MRI എടുക്കാൻ പറ്റില്ല, അത് കണ്ടെത്താനാകും എന്ന്. കുറ്റപത്രത്തിൽ ഇത്രയും വ്യക്തമായ മൊഴികളുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞാണ്, കമീഷന് അനുകൂലമായി പറയാൻ വേണ്ടി കൊണ്ടുവന്ന റേഡിയോളജിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് സ്‌റ്റേ ചെയ്തത്. ആർക്കൊപ്പമാണ് സർക്കാർ എന്നത് ഈ സ്‌റ്റേയിലൂടെ തെളിഞ്ഞു.\
Read: ഹർഷിന എന്ന സ്ത്രീയെ
‘ആരോഗ്യ മോഡൽ’ കൈകാര്യം ചെയ്ത വിധം
2024 ജൂൺ 20നാണ് സ്‌റ്റേ നോട്ടീസ് കിട്ടിയത്. സർക്കാർ പിന്നീട് ഒരു നടപടിയുമെടുത്തിട്ടില്ല. ഞങ്ങൾ അഭിഭാഷകനെ ഏർപ്പെടുത്തിയാണ് കേസ് റീ ഓപൺ ചെയ്യുന്നത്.
2025 ജനുവരിയിൽ, 1.95 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് കോഴിക്കോട് സിവിൽ കോടതിയിൽ ഞങ്ങൾ മറ്റൊരു പരാതി കൊടുത്തിട്ടുണ്ട്. ഇതിന്റെ പത്തു ശതമാനം കോടതി ഫീസായി അടക്കണം. ഈ പണമില്ലാത്തതിനാൽ, പാപ്പർ സ്യൂട്ട് ഫയൽ ചെയ്യണം. ഒരു വർഷമായിട്ടും അത് ചെയ്യാനായിട്ടില്ല. ഞങ്ങളുടെ സ്വത്തുവിവരങ്ങളും മറ്റും കലക്ടർ അന്വേഷിച്ചിട്ടാണ് പാപ്പർ സ്യൂട്ട് തയ്യാറാക്കുക. അത് നീണ്ടുപോകുകയാണ്. വാദത്തിലേക്കു കടന്നാൽ തന്നെ വർഷങ്ങളെടുക്കും പരിഹാരമാകാൻ. ഇതാണ്, ആരോഗ്യമന്ത്രി പറയുന്ന കേസുകളുടെ അവസ്ഥ. പാപ്പർ സ്യൂട്ടിനുവേണ്ടി നടക്കുന്ന എന്നോടാണ് ആരോഗ്യമന്ത്രി, എല്ലാം ചെയ്തുകഴിഞ്ഞു എന്ന മട്ടിൽ സംസാരിക്കുന്നത്.
എന്റെ വിഷയത്തെക്കുറിച്ച് അറിയാത്ത തിരുവനന്തപുരത്തെ ഒരു ചാനൽ റിപ്പോർട്ടറോടാണ് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം ഓരോ ചോദ്യങ്ങൾ ചോദിച്ചത്. മന്ത്രി പറഞ്ഞത് ആ റിപ്പോർട്ടർക്ക് സമ്മതിക്കേണ്ടിവരുന്നു. അതിന് ഞാൻ മറുപടി പറഞ്ഞതിന്റെ അടിയിൽ വന്നാണ് ഇപ്പോൾ എനിക്കെതിരെ സോഷ്യൽ മീഡിയയിൽ രാഷ്ട്രീയമായി ആക്രമണം നടക്കുന്നത്. 'വർഗീയവാദി, തീവ്രവാദി' എന്നെല്ലാം എന്നെ വിളിക്കുന്നുണ്ട്.
അതിനിടെ, 2023-ലെ സമരത്തിന്റെ 90-ാം ദിവസം, മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനു മുമ്പ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഞങ്ങളെ വിളിപ്പിച്ചു. നഷ്ടപരിഹാരത്തെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, നിങ്ങളുടെ നഷ്ടമൊക്കെ ശരിയാണ്, പക്ഷെ, സർക്കാറിന് സാങ്കേതിക നടപടിക്രമമുണ്ട്, ഒരാൾ മരിച്ചാൽ പോലും പത്തു ലക്ഷം രൂപയാണ് കൊടുക്കുക എന്നാണ്.
‘‘സർക്കാർ പ്രഖ്യാപിച്ച രണ്ടു ലക്ഷത്തിനൊപ്പം ഒരു ലക്ഷം കൂടി ചേർത്ത് മൂന്നു ലക്ഷമാക്കാം, പിന്നെ ഞാൻ പറഞ്ഞിട്ട് അത് അഞ്ചു ലക്ഷം വാങ്ങിത്തരാം. ഇത് ഓക്കെയാണെങ്കിൽ മുഖ്യമന്ത്രിയുടെ അടുത്തുപോകാം, അവിടെ പിന്നെ സംസാരമൊന്നും ഇല്ല’’- ഇത്രയും കൂടി മോഹനൻ മാസ്റ്റർ എന്നോടു പറഞ്ഞു.

ഒന്നും കിട്ടിയില്ലെങ്കിലും ആ അഞ്ചു ലക്ഷം വേണ്ട എന്നു ഞാൻ പറഞ്ഞു. ലക്ഷങ്ങളുടെ മരുന്നുബില്ല് എന്റെ കൈയിലുണ്ട്. അതെല്ലാം വച്ച് സർക്കാറിൽനിന്നുള്ള ഈ തുക വേണ്ട എന്നുതന്നെ ഞാൻ പറഞ്ഞു. അനുഭവിച്ചവർക്കേ ഇതെല്ലാം മനസ്സിലാകൂ എന്നു പറഞ്ഞ് കരഞ്ഞ് ഞാനിറങ്ങിപ്പോരുകയായിരുന്നു.
സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയാണോ തീരുമാനിക്കേണ്ടത്, ഇത്ര വലിയ നീതിനിഷേധത്തിനുള്ള നഷ്ടപരിഹാരത്തുക? 'ഞങ്ങൾക്ക് ഇതിനെ രാഷ്ട്രീയമായി നേരിടേണ്ടിവരും, നിങ്ങൾ തെരുവിൽ കിടന്ന് നേടാമെങ്കിൽ നേടിക്കൊള്ളൂ' എന്നാണ് മോഹനൻ മാസ്റ്റർ, ഇറങ്ങിപ്പോരുന്നതിനിടെ ഞങ്ങളോട് പറഞ്ഞത്.
ഇതൊരു രാഷ്ട്രീയപ്രശ്‌നമല്ല, ഞാനും കുടുംബവും അനുഭവിക്കുന്ന പ്രശ്‌നമാണ് എന്ന് ഞാനും പറഞ്ഞു.
എന്റെ സമരത്തിനൊപ്പം എല്ലാ രാഷ്ട്രീയത്തിലെയും മനുഷ്യരുണ്ടായിരുന്നു. എൽ.ഡി.എഫിന്റെ ആളുകളും കൂടെയുണ്ടായിരുന്നു. ഈ കൂടിക്കാഴ്ച കഴിഞ്ഞശേഷം അവർക്ക് ഞങ്ങൾ ശത്രുക്കളായി, അവർ മാറിനിൽക്കാൻ തുടങ്ങി. അതോടെയാണ്, എന്റെ സമരത്തെ രാഷ്ട്രീയപ്രേരിതമാണ് എന്നു പറഞ്ഞ്, അവർ രാഷ്ട്രീയമായി തന്നെ നേരിട്ടുതുടങ്ങിയത്.
എന്നെ മാത്രമല്ല, സ്വന്തമായി ഒരു ബിസിനസ് നടത്തി, സ്വന്തം കാലിൽ മുന്നോട്ടുപോയിരുന്ന ഒരു കുടുംബത്തെ കൂടിയാണ് തകർത്തുകളഞ്ഞത്. ഇപ്പോൾ ശരീരത്തിന് എന്നും വേദനയാണ്. ഒരു മണിക്കൂർ യാത്ര ചെയ്താൽ പനി പിടിച്ചപോലെ തളർന്നുപോകും. ചെറുതും വലുതുമായി ഒമ്പത് ശസ്ത്രക്രിയകളാണ് ചെയ്തത്. ഇനി ജോലി ചെയ്ത് ജീവിക്കാനാകുമോ എന്ന ആശങ്കയിലാണ്. എന്നിട്ടും ആരോഗ്യമന്ത്രിയും അവരുടെ സംവിധാനവും എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്നത്, എല്ലാം ചെയ്തുകഴിഞ്ഞു, ഇനി ഒന്നും ചെയ്യാനില്ല എന്നാണ്.


