കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യം
ആരുടെ ഉത്തരവാദിത്തമാണ്​?

കേരളത്തിലെ അന്തർ സംസ്​ഥാന തൊഴിലാളികളുടെ ആരോഗ്യപ്രശ്​നങ്ങളിൽ നമ്മുടെ സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്ന്​, അവരുടെ ജീവിതസാഹചര്യം തെളിയിക്കുന്നു. സ്​ത്രീകൾ അടക്കമുള്ള തൊഴിലാളികൾ സര്‍ക്കാര്‍ ക്ഷേമ- ആരോഗ്യ സംവിധാനങ്ങളില്‍ നിന്ന്​ എന്തുകൊണ്ട്​ അകറ്റിനിര്‍ത്തപ്പെടുന്നു- അന്വേഷണം.

കുടിയേറ്റം കേരളത്തിന്റെ വികസനത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്നും, അവിദഗ്ധരും അര്‍ദ്ധ വിദഗ്ധരുമായ തൊഴിലാളികള്‍ സംസ്ഥാനത്തേക്ക് കുടിയേറുന്നത് വര്‍ദ്ധിച്ചുവരികയാണെന്നും 2020- ലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെൻറ്​ (KILE) റിപ്പോട്ടില്‍ പറയുന്നു.
5,720 കുടിയേറ്റ തൊഴിലാളികളില്‍ നടത്തിയ പഠനത്തില്‍ അവരുടെ ജീവിതസാഹചര്യം, തൊഴില്‍, വരുമാനം, സമ്പാദ്യം, ആരോഗ്യം, സാമൂഹിക സംയോജനം എന്നിവ വിശകലനം ചെയ്തിട്ടുണ്ട്.

പശ്ചിമ ബംഗാള്‍, ഒഡിഷ, അസം, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതലും കേരളത്തിലേക്ക് എത്തുന്നതെന്നും പല തൊഴിലാളികളും തങ്ങളുടെ ജോലിയില്‍ സംതൃപ്തരാണെന്നും ചിലര്‍ വേതനത്തിലും തൊഴില്‍ അന്തരീക്ഷത്തിലും അതൃപ്തി പ്രകടിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലവകാശങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയും ആനുകൂല്യങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനവും കുടിയേറ്റ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആശയവിനിമയത്തിന്റെയും പിന്തുണ നല്‍കുന്നതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍, ആരോഗ്യ വിചാരങ്ങളെ ശ്രദ്ധിക്കപ്പെടും വിധം അടയാളപ്പെടുത്തിയിട്ടില്ല.

വ്യക്തമായ ഔദ്യോഗിക രേഖകളുടെ അഭാവം, തൊഴില്‍ മേഖലകളിലെ സ്ഥിരതയില്ലായ്മ, തൊഴിലാളികളുടെ പ്രാഥമികാരോഗ്യ ഉത്തരവാദിത്വം പ്രാഥമിക തൊഴില്‍ ദാതാക്കള്‍ ഏറ്റെടുക്കാത്തത്​ എന്നീ കാരണങ്ങൾ മൂലം, കുടിയേറ്റ തൊഴിലാളികൾ ആരോഗ്യ പരിരക്ഷയില്‍നിന്നും സര്‍ക്കാര്‍ ക്ഷേമ സംവിധാനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുന്നതായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സയന്‍സ് ആന്‍ഡ് എഞ്ചിനീറിങ് റിസര്‍ച്ച് ബോര്‍ഡ് (SERB) പ്രൊജക്റ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്​റ്റിഗേറ്റര്‍ ഡോ. ബിജുലാല്‍ എം. വി അഭിപ്രായപ്പെടുന്നു (Bijulal- 2023). 'കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ പരിപാലനത്തില്‍ സാമൂഹ്യസ്ഥാപനങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പ്രഭാവം' എന്ന പ്രോജക്ടിന്റെ ഭാഗമായി കേരളത്തിലെ 11 ജില്ലകളിലെ ഫീല്‍ഡ് അനുഭവത്തില്‍ നിന്നാണ്​ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സ്ത്രീ കുടിയേറ്റ തൊഴിലാളികള്‍ ഭൂരിപക്ഷവും ആരോഗ്യസംവിധാനത്തിന് പുറത്തുനില്‍ക്കുന്ന സാഹചര്യം ഇന്ത്യയിലുണ്ട്.

സ്ത്രീ കുടിയേറ്റ തൊഴിലാളികള്‍ ഭൂരിപക്ഷവും ആരോഗ്യസംവിധാനത്തിന് പുറത്തുനില്‍ക്കുന്ന സാഹചര്യം ഇന്ത്യയിലുണ്ട്. ‘സെര്‍ബ്’ പ്രോജക്ട് നടത്തിയ വിവരാന്വേഷണത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുന്ന 5,16,320 കുടിയേറ്റ തൊഴിലാളികളില്‍ 26,516 പേർ സ്ത്രീകളാണ് (Bijulal and Navas 2023). യഥാര്‍ഥ കണക്ക്​ ഇതിലുമേറെയാണെന്ന് കേരള പ്ലാനിങ് ബോര്‍ഡിന്റെ 2021- ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഡോ. ബിജുലാല്‍ എം. വി
ഡോ. ബിജുലാല്‍ എം. വി

അവഗണിക്കപ്പെടുന്ന സ്​ത്രീകൾ

കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരും അസംഘടിത മേഖലയില്‍ ദിവസവേതനക്കാരുമാണ്​. (Babu et al., 2017; Kusuma & Babu, 2018; Srivastava & Sutradhar, 2016). സുരക്ഷിതവും ശുചിത്വമുള്ളതുമായ തൊഴിലിടങ്ങളുടെ അഭാവം, ശുദ്ധജലം, ശുദ്ധവായു എന്നിവയുടെ അപര്യാപ്തത, കുടിയേറി ജീവിക്കുന്ന നഗരത്തിലെ സാമൂഹിക സാഹചര്യം, വിവേചനങ്ങള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ കുടിയേറ്റ തൊഴിലാളികളുടെ മാനസിക- ശാരീരിക ആരോഗ്യനില വഷളാവാനുള്ള സാധ്യത വളരെ കൂടുതലാണ് (Gawde et al., 2016).

കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മികവുറ്റതാണെങ്കിലും കുടിയേറ്റ തൊഴിലാളികള്‍ക്ക് അവ പലപ്പോഴും അപ്രാപ്യമാണ്​.

യുനെസ്‌കോ- യൂണിസെഫ് 2013-ലെ റിപ്പോർട്ടനുസരിച്ച്​, കുടിയേറ്റ തൊഴിലാളികളുടെ മാതൃ- ശിശു ആരോഗ്യ സൂചിക നിലവാരം കുറവും, സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണങ്ങളുടെ (ശാരീരികം, മാനസികം, സാമൂഹികം) തോതും കൂടുതലാണ്. ഉദാഹരണമായി കോവിഡ്- 19 സ്ത്രീകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അസമത്വം തന്നെ എടുക്കാം, പെട്ടെന്നുള്ള ലോക്ക് ഡൗണിന്റെ ഫലമായി ധാരാളം സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ചിലര്‍ മരിച്ചുവീണു. ചിലര്‍ കുഞ്ഞിന് ജന്മം നല്‍കി, ആ കുഞ്ഞുമായി യാത്ര തുടരേണ്ടിവന്നു (Irudaya Rajan et al., 2020; Singh et al., 2020).
കുടിയേറ്റം എന്നത് സാമ്പത്തിക പിന്നാക്കാവസ്ഥ തരണം ചെയ്യാനുള്ള മാര്‍ഗമായി കാണുന്നതിനാലും സ്ത്രീകുടിയേറ്റത്തെ ഭര്‍ത്താവിന്റെ യാത്രയെ അനുഗമിക്കുക എന്ന നിലയിലേക്ക്​ ചുരുക്കുന്നതിനാലും കുടിയേറ്റത്തിന്റെ ആരോഗ്യ വശങ്ങളെക്കുറിച്ചും, വിശിഷ്യ, സ്ത്രീകള്‍ അനുഭവിക്കുന്ന ആരോഗ്യപരമായ അസമത്വങ്ങളെക്കുറിച്ചും വേണ്ടത്ര പഠനം നടക്കുന്നില്ല.

Photo: People's Archive of Rural India
Photo: People's Archive of Rural India

കുടിയേറ്റ തൊഴിലാളികളില്‍ എയ്ഡ്‌സ് പോലുള്ള രോഗങ്ങള്‍ പകരാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. (Abdulkader et al., 2015; Borhade, 2011; Ranjan et al., 2017; Saggurti et al., 2011). രോഗങ്ങളെക്കുറിച്ചും സുരക്ഷിതമായ ലൈംഗികതയെക്കുറിച്ചുമുള്ള അവബോധമില്ലായ്മ ഇതിനു കാരണമാകുന്നു. (Mishra et al., 2008; Saggurti et al., 2011; Verma et al., 2010). തങ്ങളുടെ സാമൂഹിക ചുറ്റുപാടില്‍നിന്നുമുള്ള വേര്‍പെടലും മറ്റൊരു സ്ഥലത്തുള്ള ജീവിതാന്തരീക്ഷവും കുടിയേറ്റ തൊഴിലാളികളുടെ മാനസിക- ശാരീരിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. (Borhade, 2012; Hansen & Donohoe, 2003).

രാവിലെ മുതല്‍ തൊഴില്‍ സമയം തുടങ്ങുന്ന ഒരു അന്തർ സംസ്​ഥാന തൊഴിലാളിയെ സംബന്ധിച്ച് രാവിലെകളിൽ മാത്രം പ്രവര്‍ത്തിക്കുന്ന സൗജന്യ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനുയോജ്യമല്ല.

നഗര- ഗ്രാമ കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യത്തിലുള്ള വ്യത്യാസങ്ങള്‍ എടുത്തുപറയേണ്ടവയാണ്. നഗരത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളേക്കാള്‍ ബോഡി മാസ്​ ഇന്‍ഡക്‌സും (ഉയരത്തിനനുസരിച്ചുള്ള ശരീര ഭാരത്തിന്റെ സൂചിക) രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവും കുറവായിരിക്കും, ഗ്രാമങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക്. ഇത്തരം ഗ്രാമ-നഗര വ്യത്യാസങ്ങളും, കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിൽ അവര്‍ നടത്തുന്ന സാമൂഹികവും സാമ്പത്തികവുമായ ഇടപാടുകളിലെ ഏറ്റക്കുറച്ചിലുകളും ഓരോ നാട്ടിലെയും നയരൂപീകരണത്തില്‍ പ്രതിഫലിക്കേണ്ടതാണ്. അതിനായി പഞ്ചായത്ത് അല്ലെങ്കില്‍ പ്രാദേശിക തലത്തില്‍ തന്നെ പഠനങ്ങളും നയരൂപീകരണ ചര്‍ച്ചകളും നടത്തേണ്ടത് അത്യാവശ്യമാണ്.

സ്ത്രീകളുടെ കാര്യത്തിൽ ഗര്‍ഭകാല ബുദ്ധിമുട്ടുകൾ, അനാരോഗ്യകരമായ തൊഴിലന്തരീക്ഷം (ദീര്‍ഘനേരം എഴുന്നേറ്റുനില്‍ക്കല്‍, കുനിഞ്ഞു നിന്ന്​ ജോലി ചെയ്യല്‍), പരിചരണത്തിന്റെയും പോഷകാഹാരത്തിന്റെയും കുറവ്​, ജോലിസ്ഥലങ്ങളിലെ രാസവസ്തുക്കളുടെ ഉപയോഗം, അത് ഉള്ളില്‍ ചെല്ലുന്നതുമൂലമുണ്ടായേക്കാവുന്ന അസുഖങ്ങൾ എന്നിവ പ്രതിസന്ധിയായി നിലനില്‍ക്കുന്നു. ഇത്തരം കാരണങ്ങള്‍ ഗര്‍ഭം അലസുന്നതിനും, മാസം തികയാതെയുള്ള പ്രസവത്തിലേയ്ക്കും നയിക്കുന്നത് അസാധാരണമല്ല. ഇതിലുപരി, ജോലി ചെയ്യുന്ന സ്ഥലത്തെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ, ജോലിക്കിടയില്‍ ആശുപത്രിയിൽ പോകാനുള്ള സമയമില്ലായ്മ, വരുമാനത്തിലെ സ്ഥിരതയില്ലായ്മ എന്നിവയും ആരോഗ്യസംവിധാനങ്ങളെ ആശ്രയിക്കുന്നതില്‍നിന്ന്​ കുടിയേയേറ്റ തൊഴിലാളികളെ അകറ്റുന്നു.

ആരോഗ്യ കേരളത്തിലെ
കുടിയേറ്റക്കാര്‍

കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മികവുറ്റതാണെങ്കിലും കുടിയേറ്റ തൊഴിലാളികള്‍ക്ക് അവ പലപ്പോഴും അപ്രാപ്യമാണ്​. ഭരണഘടനയുടെ അനുച്​ഛേദം 19 വിഭാവനം ചെയ്യുന്നതുപോലെ, പൗരര്‍ക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തു സഞ്ചരിക്കുവാനും തൊഴിലെടുത്തു ജീവിക്കുവാനുമുള്ള മൗലികാവകാശമുണ്ടെങ്കിലും ഈ അവകാശങ്ങള്‍ക്ക് പൂര്‍ണത കൈവരണമെങ്കില്‍ ഓരോ സംസ്ഥാനത്തെയും പ്രാദേശിക ഭരണകൂടങ്ങളുടെ കൃത്യമായ ഇടപെടലും നീതിയുക്തമായ നയരൂപീകരണവും നിയമനിർമാണവും ആവശ്യമാണ്.

രാവിലെ മുതല്‍ തൊഴില്‍ സമയം തുടങ്ങുന്ന ഒരു അന്തർ സംസ്​ഥാന തൊഴിലാളിയെ സംബന്ധിച്ച് രാവിലെകളിൽ മാത്രം പ്രവര്‍ത്തിക്കുന്ന സൗജന്യ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനുയോജ്യമല്ല. ഒരു ദിവസത്തെ വേതനം വേണ്ടെന്നു വെച്ചാലും തൊഴില്‍ദാതാക്കളുടെ അടുത്തുനിന്ന്​ അവധി വാങ്ങുക ശ്രമകരമാണ്. തങ്ങളുടെ പരിസരത്തുള്ള ആരോഗ്യ സംവിധാനകളെക്കുറിച്ചുള്ള അറിവില്ലായ്മ മറ്റൊരു പ്രശ്​നമാണ്​. പെരുമ്പാവൂര്‍ പോലുള്ള പ്രദേശങ്ങളില്‍ കാണുന്ന ഒരു പ്രവണത, ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കുന്ന രേഖകളില്ലാത്ത ഡോക്ടര്‍മാരെ സ്മീപിക്കുവാന്‍ തൊഴിലാളികൾ നിര്‍ബന്ധിതരാകുന്നു എന്നതാണ്​. ഇത്തരം വ്യാജ സംവിധാനങ്ങള്‍ ഉയര്‍ന്നുവരാനും നിലനിന്നുപോകാനുമുള്ള കാരണം, നിലവിലുള്ള 'ഒറിജിനല്‍' ആരോഗ്യ സംവിധാനങ്ങള്‍ കുടിയേറ്റ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്​ പ്രവര്‍ത്തിക്കാത്തതാണ്. തോട്ടം തൊഴിലാളികള്‍ക്ക് ആരോഗ്യ സംവിധാനങ്ങള്‍ ലഭ്യമാക്കുക എന്നത് ഏറെ ശ്രമകരമായ പ്രക്രിയയായി തുടരുന്നു, പലപ്പോഴും തൊഴില്‍ ദാതാക്കള്‍ മുന്‍കൈ എടുത്താല്‍ മാത്രമേ അവര്‍ ആരോഗ്യ സംവിധാനകളില്‍ എത്തിപ്പെടാറുള്ളൂ.

ഡോക്ടറുടെ അടുത്തുനിന്ന്​ കുറിപ്പുമായി മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ടെസ്റ്റുകള്‍ ചെയ്യാറില്ല. മറിച്ച്​, അവർ ഫാർമസികളില്‍നിന്ന്​ പരിശോധനയില്ലാതെ മരുന്നുവാങ്ങി സ്വയം ചികിത്സിക്കും.

ഭാഷാപരമായ ബുദ്ധിമുട്ട്​ കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു വിഷയമാണ്. പലപ്പോഴും ഡോക്ടര്‍മാര്‍ക്ക് ഹിന്ദി ഇതര, അല്ലെങ്കില്‍ ഹിന്ദി തന്നെ സംസാരിക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം സാധ്യമാകാത്ത അവസ്ഥയാണ്. വലിയ തിരക്കുള്ള സര്‍ക്കാര്‍ ആസ്പത്രികളില്‍ അധികനേരം ഒരു രോഗിക്ക് അനുവദിക്കാൻ ഡോക്ടര്‍ക്ക് സാധിക്കില്ല എന്നതും ഒരു പ്രതിസന്ധിയാണ്. പലപ്പോഴും ഡോക്ടറുടെ അടുത്തുനിന്ന്​ കുറിപ്പുമായി മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ടെസ്റ്റുകള്‍ ചെയ്യാറില്ല. മറിച്ച്​, അവർ ഫാർമസികളില്‍നിന്ന്​ പരിശോധനയില്ലാതെ മരുന്നുവാങ്ങി സ്വയം ചികിത്സിക്കും. ഇത്​ രോഗം മൂര്‍ച്ഛിപ്പിക്കാൻ സാധ്യത ഏറെയാണ്. ഇത്തരം അവസ്ഥയില്‍ സാധാരണയായി കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക്​ മടങ്ങാറുണ്ട്. ഇവിടെ രോഗബാധിതരെ പരിചരിക്കാൻ ആളില്ല എന്നതും ഈ തിരിച്ചുപോക്കിനെ സ്വാധീനിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കൊപ്പം നിൽക്കാൻ ആളില്ലാത്തതിനാലും, തൊഴില്‍ ദാതാക്കള്‍ ബില്‍ അടക്കുന്നതുവരെയും ചികിത്സ നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച്,​ രോഗത്തിന് താല്‍ക്കാലിക ആശ്വാസമുണ്ടായാല്‍ തന്നെ ഇവർ ചികിത്സ അവസാനിപ്പിക്കും. ഇത്തരക്കാരെ തിരഞ്ഞുപിടിക്കുക എന്നത് അസാധ്യമാണ്. ജോലി മുടങ്ങുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കൃത്യമായ ആരോഗ്യ അവബോധം ഇല്ലാത്തതും ഇവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.

കേരള പബ്ലിക് ഹെല്‍ത്ത് ബില്‍:
ചില പ്രതീക്ഷകൾ

2021 ഒക്ടോബര്‍ 27-ന് നിയമസഭയില്‍ അവതരിപ്പിച്ച 'കേരള പബ്ലിക് ഹെല്‍ത്ത് ബില്‍- 2021' ഗവര്‍ണറുടെ അനുമതിക്ക്​ കാത്തിരിക്കുകയാണ്. തിരുവിതാംകൂര്‍- കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്ട് (1955), മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്റ്റ് (1939) എന്നീ ആരോഗ്യ നിയമങ്ങളുടെ തുടര്‍ച്ചയെ തടഞ്ഞ്​ സംസ്ഥാനത്ത് ത്രിതല പബ്ലിക് ഹെല്‍ത്ത് ഗവേണന്‍സ് സംവിധാനം നല്‍കുന്നതാണ്​ പുതിയ ബില്‍. നിലവിലുള്ള ആരോഗ്യ ഉദ്യോഗസ്ഥര്‍ പൊതുജനാരോഗ്യ അധികാരികളായി മാറ്റപ്പെടുന്ന ഈ ബില്‍ വഴി, ത്രിതല സംവിധാനങ്ങളിലൂടെ, പൊതുജനാരോഗ്യ സംവിധാനങ്ങളിൽ വലിയ മാറ്റമുണ്ടാക്കാൻ പോന്നതാണ്​.

സാംക്രമികവും അല്ലാത്തതുമായ രോഗങ്ങൾ നിയന്തിക്കാനുള്ള നടപടികള്‍ ബില്‍ ഉറപ്പു നല്‍കുന്നു. കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പടെ കേരളത്തിലെ മുഴുവന്‍ ജനങ്ങൾക്കും ആവശ്യമായ ജലവിതരണം, മാലിന്യ സംസ്‌കരണം എന്നിവയുടെ നടപടിക്രമങ്ങളെ ബില്‍ പരിഗണിക്കുന്നു എന്ന് പ്രാഥമിക വീക്ഷണത്തില്‍ നിന്ന്​ മനസിലാക്കുന്നു. വൃത്തിശൂന്യമായ വാസ സ്ഥലവും സാംക്രമിക രോഗങ്ങള്‍ പടര്‍ത്തുന്ന ജീവിതക്രമവും കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. ത്രിതല പഞ്ചായത്ത് സംവിധാനം കാര്യക്ഷമമാക്കുമെന്ന്​ ഉറപ്പു നല്‍കുന്ന ബില്‍, കുടിയേറ്റ തൊഴിലാളികളുടെ സാമൂഹ്യ ജീവിതത്തെ പരിഗണിക്കുമെന്ന്​ പ്രതീക്ഷിക്കാം.

Photo: People's Archive of Rural India
Photo: People's Archive of Rural India

നിരവധി ആരോഗ്യ സംവിധാന പ്രവര്‍ത്തനങ്ങളെ ബില്‍ ഏകോപിക്കുന്നുണ്ട് എങ്കിലും ചില വിമർശനങ്ങൾ ചൂണ്ടിക്കാണിക്ക​ട്ടെ: ആരോഗ്യ ഡാറ്റാ ശേഖരണത്തിലും പ്രോസസിങ്ങിലും ബില്‍ മതിയായ സംരക്ഷണം നല്‍കുന്നില്ല.
അധികാര ദുര്‍വിനിയോഗത്തെ ബില്‍ നിര്‍വചിക്കുന്നില്ല.
പ്രാദേശിക പൊതുജനാരോഗ്യ അതോറിറ്റികള്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളുടെ കേസുകളുടെ അന്വേഷണ രീതി എന്നിവ പരാമര്‍ശിക്കുന്നില്ല.

ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും താമസിക്കുന്നത് താല്‍ക്കാലിക ക്യാമ്പുകളിലോ ഇടുങ്ങിയ മുറികളിലോ ഷെയര്‍ റൂമുകളാകുന്ന താമസസ്ഥലങ്ങളിലോ ആണ്.

ഇത്തരം വിമർശനങ്ങളുള്ളപ്പോൾ തന്നെ, കുടിയേറ്റ തൊഴിലാളികള്‍, ആദിവാസികള്‍, പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ എന്നിവരെ പൊതുജനാരോഗ്യ സേവനത്തിലേക്ക്​ എത്തിക്കുന്നതിന് ബില്‍ ശ്രമിക്കുന്നുണ്ട്. മെഡിക്കല്‍ ഓഫീസര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും വ്യാഖ്യാനങ്ങളില്‍ ബില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്.

ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും താമസിക്കുന്നത് താല്‍ക്കാലിക ക്യാമ്പുകളിലോ ഇടുങ്ങിയ മുറികളിലോ ഷെയര്‍ റൂമുകളാകുന്ന താമസസ്ഥലങ്ങളിലോ ആണ്. ആവശ്യത്തിന്​ വെളിച്ചവും വെന്റിലേഷനും സൗകര്യമുള്ള അടുക്കളയും ഇല്ലാത്ത, ചേരികള്‍ക്കു സമാനമാണ് ഈ ജീവിത സാഹചര്യം. ശുദ്ധജലത്തിന്റെയും ശുചിത്വ സൗകര്യങ്ങളുടെയും കുറവ്​ കുഷ്ഠം, ക്ഷയം പോലുള്ള രോഗങ്ങള്‍ക്ക് ഇവരെ ഇരയാക്കുന്നു.

പല മേഖലകളിലും കുടിയേറ്റ തൊഴിലാളികള്‍ ജോലിക്കെത്തുന്നത്​ പ്രഥമിക തൊഴില്‍ ദാതാവ് വഴിയാണ്. എന്നാല്‍ അവരുടെ രജിസ്‌ട്രേഷന്‍, ഇ.എസ്.ഐ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാൻ തൊഴില്‍ ദാതാവ് തയാറാകുന്നില്ല. ആരോഗ്യ സംരക്ഷണത്തിനുള്ള പ്രാഥമിക ഇടപെടല്‍ പോലും തൊഴില്‍ കോണ്‍ട്രാക്റ്റര്‍മാരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ദിവസ വേതന ജോലികളില്‍ ഏര്‍പ്പെടുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ലേബര്‍ കോണ്‍ട്രാക്റ്റര്‍മാർക്കൊപ്പം ജോലി ചെയുന്ന തൊഴിലാളിക്ക് കിട്ടുന്ന പരിഗണനയയോ, ആരോഗ്യ അവബോധമോ ലഭിക്കുന്നില്ല.

കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ മിക്ക തൊഴില്‍ നിയമങ്ങളും തൊഴിലുടമകള്‍ പാലിക്കുന്നില്ല. ഇന്റര്‍‌സ്റ്റേറ്റ് മൈഗ്രൻറ്​ വര്‍ക്ക്‌മെന്‍ (തൊഴില്‍ നിയന്ത്രണവും സേവന വ്യവസ്ഥകളും) നിയമം- 1979 കേരളത്തിലെ ഒരു വിഭാഗം കുടിയേറ്റ തൊഴിലാളികള്‍ക്കുമാത്രമാണ്​ ബാധകം. കാരണം അവരില്‍ ഭൂരിഭാഗവും ഒരു ലേബര്‍ കോണ്‍ട്രാക്റ്ററിനാല്‍ രജിസ്റ്റര്‍ ചെയ്തവരല്ല. 1979- ലെ നിയമത്തിന് കാലാനുസൃത മാറ്റമുണ്ടാകാത്ത കാലത്തോളം, ഇവരുടെ ജീവിതം ദുരിതപൂർണമായി തുടരും. തൊഴിലാളികളുടെ സാമൂഹിക സംരക്ഷണവുമായി ബന്ധപ്പെട്ട മറ്റ് നിയമനിര്‍മ്മാണങ്ങള്‍ കൂടി ഭരണകൂടം പരിഗണിക്കേണ്ടതും അവരുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കേണ്ടതുമാണ്.

റഫറൻസ്​:
1. Abdulkader R. S., Goswami K., Rai S. K., Misra P., & Kant S. (2015). HIV-risk behavior among the male migrant factory workers in a North Indian city. Indian Journal of Community Medicine, 40(2), 108-115.
2. Bijulal M.V and Khadar, Navas M (2023): An Inclusive Social Policy for Migrants, The Hindu dated on 06.07.2023.
3. Bijulal M.V and Khadar, Navas M (2023): Kerala Battles Sporadic Violences Against Migrant Workers, The Policy Circle.
4. Borhade A. (2012). Migrants' (denied) access to health care in India, Internal migration in India initiative, National Workshop on Internal Migration and Human Development in India. Workshop Compendium, 2, 213-234. http://www.dishafoundation.ngo/projects/research-pdf/migration-and-health-in-india.pdf
5. Gawde N. C., Sivakami M., & Babu B. V. (2016). Utilization of maternal health services among internal migrants in Mumbai, India. Journal of Biosocial Science, 48(6), 767-796.
6. Hansen E., & Donohoe M. (2003). Health issues of migrant and seasonal farmworkers. Journal of Health Care for the Poor and Underserved, 14(2), 153-164.
7. Irudaya Rajan S., Sivakumar P., & Srinivasan A. (2020). The COVID-19 pandemic and internal labour migration in India: A 'crisis of mobility'. Indian Journal of Labour Economics, 63, 1021-1039
8. Khadar, Navas M and Bijulal M.V (2023). Ensuring Safety of Our Guest Workers, Times of India dated 27.05.2023
9. Krishna, P., & Raj, A. (2022). Health Condition of Internal Migrants in India: A Review. Indian Journal of Human Development, 16(1), 169-179. https://doi.org/10.1177/0973703022110156
10. Kusuma Y. S., & Babu B. V. (2018). Migration and health: A systematic review on health and health care of internal migrants in India. The International Journal of Health Planning and Management, 33(4), 775-793.
11. Saggurti N., Mahapatra B., Swain S. N., & Jain A. K. (2011). Male migration and risky sexual behavior in rural India: Is the place of origin critical for HIV prevention programs? BMC Public Health, 11(Suppl 6), S6.
12. Singh S. K., Patel V., Chaudhary A., & Mishra N. (2020). Reverse migration of labourers amidst COVID-19. Economic and Political Weekly, 55 (32-33), 25-29. https://www.epw.in/journal/2020/32-33/commentary/reverse-migration-labourers-amidst-covid-19.html
13. Srivastava R., & Sutradhar R. (2016). Labour migration to the construction sector in India and its impact on rural poverty. Indian Journal of Human Development, 10(1), 27-48.


Summary: Social protection for migrant workers


നവാസ് എം. ഖാദര്‍

കോർഡിനേറ്റർ, സെൻറർ ഫോർ മൈഗ്രേഷൻ പോളിസി ആൻഡ് ഇൻക്ളൂസിവ് ഗവേർണൻസ്, സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി.

ജോസ് ദീപക് ടി.ടി

മഹാത്മാഗാന്ധി സര്‍വ്വകശാലയില്‍ ഇൻറർനാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് ബിരുദാനന്തര വിദ്യാര്‍ത്ഥി. സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡ് (SERB) പ്രോജെക്ടില്‍ ഇന്റേണ്‍.

Comments