ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് ഭരണത്തുടർച്ച പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങളുടെ സാധ്യത എത്രത്തോളമാണ്?
ഒരെണ്ണമൊഴികെയുള്ള എല്ലാ എക്‌സിറ്റ് പോളുകളും എൻ.ഡി.എയ്ക്ക് വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. 243 അംഗ നിയമസഭയിൽ എൻ.ഡി.എ സഖ്യം 167 സീറ്റു വരെ നേടുമെന്നാണ് പ്രവചനം. മഹാസഖ്യം 108 സീറ്റും. ഏറെ സാധ്യത കൽപ്പിക്കപ്പെട്ട പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയ്ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനാകില്ലെന്നാണ് പ്രവചനം, അഞ്ചു സീറ്റുകൾ വരെയാണ് കിട്ടാൻ സാധ്യത.
എൻ.ഡി.ടി.വി, ടൈംസ് ഓഫ് ഇന്ത്യ, മാട്രിസ്, ദൈനിക് ഭാസ്‌കർ തുടങ്ങി ഒമ്പത് ഏജൻസികളാണ് എൻ.ഡി.എയ്ക്ക് 145 മുതൽ 148 സീറ്റുകൾ വരെ പ്രവചിച്ചത്.
പ്രാദേശിക ന്യൂസ് പോർട്ടലായ ജേണോ മിററിന്റെ പ്രവചനത്തിൽ മഹാസഖ്യത്തിനാണ് വിജയസാധ്യത. സഖ്യം 130- 140 സീറ്റ് നേടുമെന്നാണ് പറയുന്നത്. പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് 0-3 സീറ്റും അസദ്ദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം പാർട്ടിക്ക് 3-4 സീറ്റും ജേണോ മിറർ പ്രവചിക്കുന്നു.
നിതീഷിന്റെ ലെഗസിയെയാണോ തേജസ്വി യാദവിന്റെ ന്യൂ ജനറേഷനെയാണോ ബിഹാർ ജനത തെരഞ്ഞെടുക്കുക എന്നതിനായി ഒരു ദിവസം കൂടി കാത്തിരിക്കാം.
മദ്യക്കമ്പനികളിൽനിന്ന് വ്യാപകമായി ഫണ്ട് സ്വീകരിച്ചതിനെതിരായ സ്ത്രീരോഷമാണ് ആർ.ജെ.ഡിയ്ക്ക് എതിരെയുണ്ടാകുകയെന്നാണ് ജെ.ഡി-യു നേതാവ് നീരജ് കുമാർ പറയുന്നത്: 'ഇലക്ടറൽ ബോണ്ടുകളിലൂടെ ആർ.ജെ.ഡിയ്ക്ക് കിട്ടിയ ഫണ്ടുകൾ മദ്യക്കമ്പനികളുടേതാണ്', അദ്ദേഹം പറയുന്നു.
എന്നാൽ, സർക്കാറിനെതിരായ ജനരോഷം പ്രകടമാണെന്നും എക്‌സിറ്റ് പോൾ ഫലങ്ങളുടെ കണക്ക് കൃത്രിമമാണെന്നുമാണ് ആർ.ജെ.ഡിയുടെ വാദം.
Read: ബിഹാർ ഭരിക്കാൻ പോകുന്നത്
ഏതു സഖ്യം, എതു രാഷ്ട്രീയം?
ബി.ജെ.പിയുടെ രാഷ്ട്രീയ ഉയിർത്തെഴുന്നേൽപ്പാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങളുടെ പ്രധാന സവിശേഷത. ആർ.ജെ.ഡിയ്ക്കുപകരം സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറുമെന്നാണ് പ്രവചനം. 67 മുതൽ 70 സീറ്റു വരെ ബി.ജെ.പിക്ക് കിട്ടാം. ആർ.ജെ.ഡിയ്ക്ക് 56- 69 സീറ്റുകളാണ് പ്രവചനത്തിലുള്ളത്. ജെ.ഡി-യുവിന്റെ പ്രവചനം 62 സീറ്റാണ്.
എക്‌സിറ്റ് പോൾ പ്രവചനം സത്യമായാൽ അത് മഹാസഖ്യത്തിന്റെ നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടും.

എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനയനുസരിച്ച് ആർ.ജെ.ഡിയുടെ വോട്ട് ഷെയറിൽ 0.2 ശതമാനം കുറയും. ബി.ജെ.പിയ്ക്ക് 1.6 ശതമാനം കൂടും, ജെ.ഡി-യുവിനും 1.9 ശതമാനത്തിന്റെ വർധനയുണ്ടാകും.
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയ്ക്ക് സീറ്റുകളുടെ എണ്ണത്തിൽ നേട്ടമുണ്ടാക്കാൻ കഴിയില്ലെങ്കിലും 9.7 ശതമാനം വോട്ട് കിട്ടുമെന്നാണ് പ്രവചനം, കോൺഗ്രസിന് കിട്ടാൻ സാധ്യതയുള്ളതിനേക്കാൾ ഒരു ശതമാനം അധികം.
2020-ലെ എക്‌സിറ്റ് പോൾ കൃത്യതയുടെ കാര്യത്തിൽ അത്ര വിജയമായിരുന്നില്ല എന്നുകൂടി ഓർക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ സർവേകളും തേജസ്വി യാദവിന്റെ മഹാസഖ്യത്തിന് നേരിയ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. 11 സർവേകൾ, മഹാസഖ്യത്തിന് 125 സീറ്റ് കിട്ടുമെന്നാണ് പ്രവചിച്ചത്, എൻ.ഡി.എയ്ക്ക് 108 സീറ്റും.
എന്നാൽ ഫലം വന്നപ്പോൾ എൻ.ഡി.എ കേവല ഭൂരിപക്ഷമായ 122 സീറ്റിനേക്കാൾ മൂന്നെണ്ണം അധികം നേടി, 125 സീറ്റിൽ ജയിച്ചു. മഹാസഖ്യത്തിന് കിട്ടിയത് 110 സീറ്റ്. ആർ.ജെ.ഡി 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ചരിത്രത്തിലെ വലിയ പോളിങ്
ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമായിരുന്നു ഇത്തവണ. രണ്ടു ഘട്ടങ്ങളിൽ വോട്ട് ചെയ്തത് 67 ശതമാനം. 1951-നുശേഷമുള്ള ഏറ്റവും മികച്ച പോളിങ്. കഴിഞ്ഞ ഇലക്ഷനേക്കാൾ 9.6 ശതമാനം കൂടുതൽ.

സ്ത്രീവോട്ടർമാരുടെ ഉയർന്ന പങ്കാളിത്തമാണ് ഇത്തവണ ശ്രദ്ധേയം. വോട്ട് ചെയ്തവരിൽ 71.6 ശതമാനം സ്ത്രീകളാണ്, പുരുഷന്മാർ 62.8 ശതമാനവും. ആദ്യ ഘട്ടത്തിൽ 69.04 ശതമാനം സ്ത്രീകളായിരുന്നുവെങ്കിൽ രണ്ടാം ഘട്ടത്തിൽ ഇത് വർധിച്ച് 74.03 ശതമാനത്തിലെത്തി.
Read: ബിഹാറിൽ ഏത് മുന്നണി? പ്രവചനം അസാധ്യമാക്കുന്ന
പോരാട്ടം
മുസ്‌ലിം വിഭാഗത്തിന് ഭൂരിപക്ഷമുള്ള കിഷൻഗഞ്ചിൽ രണ്ടാം ഘട്ടത്തിലെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തി, 77.75 ശതമാനം.
നിതീഷ് ഫാക്ടർ
സ്ത്രീവോട്ടർമാരുടെ ഉയർന്ന പങ്കാളിത്തമാണ് നിതീഷ് കുമാറിനും എൻ.ഡി.എയ്ക്കും പ്രതീക്ഷയേകുന്ന പ്രധാന ഘടകം.
തൊഴിലില്ലായ്മയും തൊഴിൽ പലായനവും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സംസ്ഥാനത്ത്, അവരുടെ പ്രതിനിധി കൂടിയായ തേജസ്വി യാദവ് എന്ന യുവരക്തത്തോട് നേരിട്ട് ഏറ്റുമുട്ടുമ്പോൾ പോലും നിതീഷ് കുമാർ എന്ന പഴയ കുതിരയുടെ ചുവടുകൾ പിഴയ്ക്കുന്നില്ല.
രണ്ട് M-Y സഖ്യങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. ആനുകൂല്യങ്ങൾ വാരിവിതറി നിതീഷ് കുമാർ രൂപപ്പെടുത്തിയെടുത്ത മഹിള- യുവ (M-Y) സഖ്യവും പരമ്പരാഗത മുസ്ലിം- യാദവ് (M-Y) വോട്ടുബാങ്കിലൂന്നിയ മഹാസഖ്യത്തിന്റെ ഫോർമുലയും. 7.43 കോടി വോട്ടർമാരിൽ മൂന്നര കോടി സ്ത്രീകളും ഒന്നര കോടി യുവാക്കളുമാണുള്ളത് എന്ന ഡാറ്റയാണ് നിതീഷിനെ ഈയൊരു ഫോർമുലയിലേക്ക് നയിച്ചത്. സ്ത്രീശാക്തീകരണം, ഗ്രാമീണ റോഡുകളുടെ നവീകരണം, ഗ്രാമതലങ്ങളിൽ സെൽഫ് ഹെൽപ് ഗ്രൂപ്പുകളുടെ രൂപീകരണം തുടങ്ങിയവയിലൂന്നിയുള്ള നിതീഷ് സർക്കാറിന്റെ ക്ഷേമ രാഷ്ട്രീയം വലിയൊരു ശതമാനം വോട്ടർമാരെ നേരിട്ടുതന്നെ സ്വാധീനിക്കുന്നതായിരുന്നു.
പുതുതായി വോട്ട് ചെയ്യാനെത്തുന്ന 14 ലക്ഷം വോട്ടർമാരെ കൂടി ആകർഷിക്കുംവിധമായിരുന്നു എൻ.ഡി.എയുടെ കാമ്പയിൻ. അതുകൊണ്ടുതന്നെ ആർ.ജെ.ഡി- കോൺഗ്രസ് സഖ്യത്തിന്റെ M-Y ഫോർമുലയേക്കാൾ വിജയസാധ്യത നിതീഷിനുതന്നെയാണ് എന്ന് കാമ്പയിനിൽ തന്നെ വ്യക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി ഉയർത്തിയ 'വികസനം' എന്ന മുദ്രാവാക്യവും നിതീഷിന്റെ നേതൃത്വത്തിൽ നടത്തിയ ആനുകൂല്യ വർഷവും, രാഷ്ട്രീയമായി രാജ്യത്തെ ഏറ്റവും ചടുലമായ വോട്ടർ ജനസംഖ്യയുടെ വോട്ടിങ് പാറ്റേണിൽ വ്യക്തമായ ഷിഫ്റ്റുണ്ടാക്കാൻ പര്യാപ്തമായിരുന്നുവെന്നാണ് എക്‌സിറ്റ് പോളുകൾ കാണിക്കുന്നത്.

ജാതി- സമുദായ വോട്ടുബാങ്കുകൾക്കൊപ്പം വിവിധ ജനവിഭാഗങ്ങളിലൂന്നിയുള്ള എൻ.ഡി.എയുടെ ബാലൻസിങ് പാറ്റേൺ മഹാസഖ്യത്തിന്റെ മുനയൊടിഞ്ഞ കാമ്പയിൻ തന്ത്രത്തെ തോൽപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.
നിതീഷിന് ഈ ഇലക്ഷൻ ഫലം നിലനിൽപ്പിന്റെ വിധിയെഴുത്തായിരിക്കുമെന്നുറപ്പാണ്. ബി.ജെ.പിയിൽനിന്നുള്ള വെല്ലുവിളിയും സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം തന്നെ, തനിക്കെതിരെ നടത്തുന്ന നീക്കങ്ങളും നന്നായി അറിയാവുന്ന തന്ത്രജ്ഞനാണ് നിതീഷ്. എൻ.ഡി.എയ്‌ക്കൊപ്പം നിൽക്കുമ്പോഴും വോട്ടർമാരെ സ്വന്തം നിലയ്ക്ക് പാട്ടിലാക്കാനുള്ള സൂത്രവിദ്യ ഈ പഴയ സോഷ്യലിസ്റ്റിന് നന്നായി അറിയാം എന്നു മാത്രമല്ല, അത് തന്റെ പഴയ സഖാവായ ലാലു പ്രസാദ് യാദവിനേക്കാൾ തന്ത്രജ്ഞതയോടെ പ്രയോഗിക്കാനും അറിയാം. അതുകൊണ്ടാണ്, തൊഴിലില്ലായ്മയും തൊഴിൽ പലായനവും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സംസ്ഥാനത്ത്, അവരുടെ പ്രതിനിധി കൂടിയായ തേജസ്വി യാദവ് എന്ന യുവരക്തത്തോട് നേരിട്ട് ഏറ്റുമുട്ടുമ്പോൾ പോലും ഈ പഴയ കുതിരയുടെ ചുവടുകൾ പിഴയ്ക്കാത്തത്.
തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി അവതരിപ്പിച്ചുള്ള മഹാസഖ്യത്തിന്റെ കാമ്പയിൻ ആർ.ജെ.ഡിയുടെ ഒറ്റയാൾ പോരാട്ടമായിരുന്നുവെന്ന് പറയേണ്ടിവരും. കാരണം, അത്രത്തോളം നാമാവശേഷമാണ് കോൺഗ്രസിന്റെ അവസ്ഥ.
ബി.ജെ.പിയുടെ
ബിഹാർ സ്വപ്നങ്ങൾ
നിതീഷിനെതിരെ എൻ.ഡി.എ സഖ്യത്തിൽ തന്നെ കുറുമുന്നണി നീക്കം നടത്തിയ ബി.ജെ.പി, ബിഹാറിൽ ഒറ്റയ്ക്കു ഭരിക്കുക എന്ന സ്വപ്‌നം ഈ തെരഞ്ഞെടുപ്പിൽ ഒന്നുകൂടി ജ്വലിപ്പിച്ചുനിർത്തി. പ്രാദേശിക പാർട്ടികളെ സ്വന്തം പക്ഷത്താക്കുക മാത്രമല്ല പാർട്ടി ഇതിനായി ചെയ്യുന്നത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം വിശ്രമമില്ലാതെ ബൂത്ത് തല പ്രവർത്തനത്തിലായിരുന്നു ബി.ജെ.പി. കേന്ദ്ര സർക്കാറിന്റെ 'ഭരണനേട്ട'ങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കുന്ന ശക്തമായ കാമ്പയിനാണ് ഒരു വർഷമായി ബി.ജെ.പി അടിസ്ഥാനതലത്തിൽ നടത്തിക്കൊണ്ടിരുന്നത്. പി.എം ആവാസ് യോജനയെപ്പോലുള്ള കേന്ദ്ര പദ്ധതികളെ ഇതിനായി ഉപയോഗിച്ച് 'വികാസ്', 'ഭരണസ്ഥിരത' എന്നീ മുദ്രാവാക്യങ്ങൾ സ്ഥാപിച്ചെടുത്തു.

എൻ.ഡി.എ വിജയിക്കുകയാണെങ്കിൽ തന്നെ അത് ബി.ജെ.പിയുടെ തനിച്ച് ഭരിക്കാനുള്ള സ്വപ്‌നസാക്ഷാൽക്കാരത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി മാറുമെന്നുറപ്പാണ്. എൻ.ഡി.എയ്ക്കാണ് വിജയമെങ്കിൽ അത് നിതീഷിനേക്കാൾ നരേന്ദ്രമോദിയുടെ 'സുസ്ഥിരഭരണം', 'വികസനം' എന്നീ മുദ്രാവാക്യങ്ങൾക്കു ലഭിച്ച സ്വീകാര്യതയായി ബി.ജെ.പി ഉയർത്തിക്കാട്ടും. ഹിന്ദി ബെൽറ്റിൽ പാർട്ടിയുടെ അപ്രമാദിത്വം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്യും. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന എക്സിറ്റ് പോൾ പ്രവചനം അതുകൊണ്ടുതന്നെ ബി.ജെ.പിയെ സംബന്ധിച്ച് അത്യാഹ്ലാദത്തിന് വക നൽകുന്നു.
മഹാസഖ്യത്തിന്റെ
പാളിയ ചുവടുകൾ
മഹാസഖ്യത്തിന് പ്രതീക്ഷ നൽകുന്ന ഏക ഘടകം കാതിഹർ (78.84), കിഷൻഗഞ്ച് (78.15), പുർണിയ (76.14) ജില്ലകളിലെ ഉയർന്ന പോളിങ് ശതമാനമാണ്. മുസ്‌ലിംകൾക്ക് ഭൂരിപക്ഷമുള്ള സീമാഞ്ചൽ മേഖലയിലാണ് ഈ ജില്ലകൾ. ഇവ മഹാസഖ്യത്തിന്റെ സ്വാധീനകേന്ദ്രങ്ങളുമാണ്. ഇത് ഒഴിച്ചുനിർത്തിയാൽ, കാമ്പയിനിൽ ഒരു ഘട്ടത്തിലും മഹാസഖ്യത്തിന് മേൽക്കൈയുണ്ടായിരുന്നില്ല.
തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി അവതരിപ്പിച്ചുള്ള മഹാസഖ്യത്തിന്റെ കാമ്പയിൻ ആർ.ജെ.ഡിയുടെ ഒറ്റയാൾ പോരാട്ടമായിരുന്നുവെന്ന് പറയേണ്ടിവരും. കാരണം, അത്രത്തോളം നാമാവശേഷമാണ് കോൺഗ്രസിന്റെ അവസ്ഥ. ഇത്തവണ കാമ്പയിനിൽ രാഹുലിന്റെ സാന്നിധ്യം നാമമാത്രമായിരുന്നുവെങ്കിലും തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, വർഗീയത തുടങ്ങിയ പ്രശ്‌നങ്ങൾ അദ്ദേഹം ഉന്നയിച്ചു.

ഇലക്ഷനുമുമ്പ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ വോട്ട് ചോരി യാത്രയും മറ്റും ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ചു എന്നതല്ലാതെ അവയെ വോട്ടാക്കി മാറ്റാനുള്ള സംഘടനാശേഷി കോൺഗ്രസിനോ മഹാസഖ്യത്തിനോ ഇല്ലാതെ പോയത് വലിയ തിരിച്ചടിയായി. മാത്രമല്ല, അവസാന നിമിഷം വരെ സീറ്റ് ധാരണയിൽ എത്താൻ പോലുമാകാത്ത ഭിന്നതയിലുമായിരുന്നു ആർ.ജെ.ഡിയും കോൺഗ്രസും. തേജസ്വി യാദവും രാഹുലും തമ്മിൽ കോർത്തുപിടിച്ച കൈകൾ അടിത്തട്ടിലെ സംഘടനാസംവിധാനത്തിൽ കാണാനുണ്ടായിരുന്നില്ല.
പരമ്പരാഗത ജാതിസമവാക്യങ്ങൾക്കൊപ്പം യുവാക്കളുടെ തൊഴിലില്ലായ്മയും തൊഴിൽ പലായനവും തേജസ്വി കാമ്പയിൻ വിഷയമാക്കിയിരുന്നുവെങ്കിലും അതിനായി വ്യക്തമായ പരിപാടി അവതരിപ്പിക്കാനായില്ല. മാറ്റത്തിന്റെ മുഖമായാണ് തേജസ്വി സ്വയം വിശേഷിപ്പിച്ചത്. ഇന്ത്യ മുന്നണിയ്ക്ക് ബിഹാറിൽ നേട്ടമുണ്ടാക്കാനായാൽ ദേശീയതലത്തിൽ പ്രതിപക്ഷസഖ്യത്തിന്റെ യുവ മുഖമായി തേജസ്വിയ്ക്ക് മാറാനും കഴിയും. എന്നാൽ, നിതീഷിന്റെ ലെഗസിയെയാണോ തേജസ്വി യാദവിന്റെ ന്യൂ ജനറേഷനെയാണോ ബിഹാർ ജനത തെരഞ്ഞെടുക്കുക എന്നതിനായി ഒരു ദിവസം കൂടി കാത്തിരിക്കാം.
