സു​പ്രീംകോടതിയിൽ ​കൈകൂപ്പി
മാപ്പപേക്ഷിച്ച് ബാബാ രാംദേവ്,
‘നിങ്ങൾ അത്ര നിഷ്കളങ്കരൊന്നുമല്ലെന്ന്’ കോടതി

തെറ്റ് പറ്റിപ്പോയെന്നും ആവര്‍ത്തിക്കില്ലെന്നും പരസ്യമായി ഏറ്റു പറഞ്ഞ ബാബാ രാംദേവിനോട്, 'നിങ്ങൾ അത്ര നിഷ്‌കളങ്കരല്ലെന്ന്' സുപ്രീംകോടതി അതിരൂക്ഷമായി പ്രതികരിച്ചു.

Think

തഞ്ജലി ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെയും മരുന്നുകളുടെയും തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരായ കേസില്‍ സുപ്രീംകോടതിയില്‍ വീണ്ടും നേരിട്ട് ഹാജരായി കൈകൂപ്പി നിരുപാധിക മാപ്പപേക്ഷിച്ച് യോഗഗുരു ബാബാ രാംദേവ്. തെറ്റ് പറ്റിപ്പോയെന്നും ആവര്‍ത്തിക്കില്ലെന്നും പരസ്യമായി ഏറ്റുപറഞ്ഞ ബാബാ രാംദേവിനോട്, ‘നിങ്ങൾ അത്ര നിഷ്‌കളങ്കരല്ലെന്ന്' സുപ്രീംകോടതി അതിരൂക്ഷമായി പ്രതികരിച്ചു. പതഞ്ജലി ആയുര്‍വേദ എം.ഡി ആചാര്യ ബാലകഷ്ണയും നേരിട്ട് ഹാജരായി മാപ്പു പറഞ്ഞു.

നിയമം എല്ലാവര്‍ക്കും ഒന്നാണെന്നും വാക്കാലുള്ള മാപ്പപേക്ഷ മതിയാകില്ലെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും എ. അമാനുള്ളയും അടങ്ങിയ ബെഞ്ച് പറഞ്ഞു. മാപ്പ് സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുത്തില്ല. കേസ് പരിഗണിക്കുന്ന ഏപ്രില്‍23ന് ഇരുവരും വീണ്ടും ഹാജരാകണം. വ്യാജപരസ്യങ്ങള്‍ക്കെതിരായ കേസില്‍ പൊതുപ്രസ്താവന പുറപ്പെടുവിക്കാന്‍ ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണക്കും കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഇത് അടുത്ത വാദം നടക്കുന്ന ഏപ്രില്‍ 23ന് പരിഗണിക്കും.

ബാബാ രാംദേവ്
ബാബാ രാംദേവ്

‘‘മൂന്നു തവണയാണ് കോടതി നിര്‍ദേശങ്ങള്‍ നിങ്ങള്‍ ലംഘിച്ചത്. കോടതിയോട് കള്ളം പറയരുത്. കോടതികളില്‍ എന്താണ് നടക്കുന്നത് എന്ന് അറിയാത്ത അത്ര നിഷ്‌കളങ്കരൊന്നുമല്ല നിങ്ങള്‍. കോടതി നിങ്ങളോട് ക്ഷമിച്ചു എന്ന് ഇപ്പോള്‍ പറയുന്നില്ല'', ബാബാ രാംദേവിനോട് കോടതി പറഞ്ഞു.

കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കുന്നതിനിടെ, രാം ദേവിന്റെയും ആചാര്യ ബാലകൃഷ്ണയുടെയും രണ്ടു സെറ്റ് മാപ്പപേക്ഷ കോടതി തള്ളിയിരുന്നു. ഇരുവരെയും കോടതി അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഹരിദ്വാര്‍ ആസ്ഥാനമായ പതഞ്ജലിക്കെതിരെ നടപടിയെടുക്കാത്തതിന് ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാറിനെയും കോടതി വിമര്‍ശിച്ചിരുന്നു.

മോഡേണ്‍ മെഡിസിനെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ചും പതഞ്ജലിയുടെ മരുന്നുകളെക്കുറിച്ച് നടത്തുന്ന വ്യാജ അവകാശവാദങ്ങളെക്കുറിച്ചും കോടതി നേരിട്ട് ബാബാ രാംദേവിനോട് ചോദിച്ചു.

''കോടതി പറഞ്ഞത് ശരിയാണ്, കോടിക്കണക്കിനുപേര്‍ ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ നൂറു ശതമാനം ജാഗ്രതയുണ്ടാകും. ഇതുവരെയുള്ള സംഭവങ്ങളില്‍ ഞാനും നിരാശനാണ്. ഭാവിയില്‍ ഇങ്ങനെയുണ്ടാകില്ല'', ബാബാ രാംദേവ് മറുപടി നല്‍കി.

കോടതിയുടെ നിര്‍ദേശം അവഗണിച്ച് 2023 നവംബര്‍ 22ന് ബാബാ രാംദേവ് ഹരിദ്വാറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും 2023 ഡിസംബര്‍ നാലിന് നല്‍കിയ പത്രപ്പരസ്യങ്ങളിലും കോടതി അസ്വസ്ഥത പ്രകടിപ്പിച്ചു. കേസുമായി ബന്ധപ്പെട്ടാണ് ഇത്തരം വാര്‍ത്താസമ്മേളനങ്ങളില്‍നിന്നും പരസ്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ കോടതി ഉത്തരവിട്ടത്.

ഇത്തരം വ്യാജ പരസ്യങ്ങളില്‍ വിശ്വസിക്കുന്ന സാധാരണ മനുഷ്യരുടെ ആരോഗ്യമാണ് കോടതി ഏറ്റവും പ്രധാനമായി പരിഗണിക്കുന്നതെന്ന് സുപ്രീംകോടതി ബഞ്ച് പറഞ്ഞു. നിയമലംഘനം അനുവദിക്കില്ല എന്ന മുന്നറിയിപ്പ് ഏതെങ്കിലുമൊരു വ്യക്തിയെ മാത്രം മുന്‍നിര്‍ത്തിയുള്ളതല്ല എന്നും കോടതി വ്യക്തമാക്കി.

സ്വയം യോഗ ആചാര്യനായി ചമഞ്ഞ് ബാബാ രാംദേവ് നടത്തുന്ന വ്യാജ കാമ്പയിനും കോവിഡ് വാക്‌സിനും മോഡേൺ മെഡിസിനും എതിരായ പ്രചാരണത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് ഹർജി നൽകിയത്. രക്തസമ്മർദം, ആർത്രൈറ്റിസ്, ആസ്തമ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ പൂർണമായും സുഖപ്പെടുത്തുമെന്ന അവകാശവാദങ്ങളുമായാണ് പതഞ്ജലി വ്യാജ പരസ്യങ്ങൾ നൽകിയിരുന്നത്. 1954-ലെ Drugs and Magic Remedies Act അനുസരിച്ച് 54 രോഗങ്ങളുടെ ചികിത്സ, മരുന്ന് എന്നിവ പരസ്യം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അപ്പൈൻഡിസൈറ്റിസ്, സിഫിലിസ് ഗുണേറിയ, ഡയബറ്റിക്, ഹൈപ്പർ ടെൻഷൻ, കണ്ണുരോഗങ്ങൾ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളെയാണ് ഈ നിയമത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ പല രോഗങ്ങളും പൂർണമായും സുഖ​​പ്പെടുത്താമെന്ന വ്യാജ അവകാശവാദമാണ് പതഞ്ജലി നടത്തിയിരുന്നത്.

Drugs and Magic Remedies Act-ലെ വ്യവസ്ഥ പതഞ്ജലി ഗ്രൂപ്പ് 53 തവണ ലംഘിച്ചതായി രാജ്യസഭയിൽ ആയുഷ് മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റിൽ 2023 മാർച്ച് 28ന് ആയുഷ് മന്ത്രി നൽകിയ മറുപടിയിൽ, സർക്കാർ സംവിധാനം തന്നെ കണ്ടെത്തിയ ഈ നിയമലംഘനത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

പതഞ്ജലി ആയുർവേദിക് എം.ഡി ആചാര്യ ബാലകൃഷ്ണയും ബാബാ രാംദേവും
പതഞ്ജലി ആയുർവേദിക് എം.ഡി ആചാര്യ ബാലകൃഷ്ണയും ബാബാ രാംദേവും

രോഗം ശമിപ്പിക്കും എന്നതടക്കം തെറ്റിധാരണാജനകമായ പരസ്യങ്ങൾ പബ്ലിഷ് ചെയ്യുന്നത് നിർത്തിവക്കാൻ പതഞ്ജലി ആയുർവേദികിന് സുപ്രീംകോടതി നിരവധി തവണ നിർദേശം നൽകിയിരുന്നു. തെറ്റായ പരസ്യങ്ങൾ നൽകുന്നതിൽ പതഞ്ജലിക്കെതിരെ നടപടിയെടുക്കാത്തതിൽ കേന്ദ്ര സർക്കാറിനെയും കോടതി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, കോടതിയുടെ തുടർച്ചയായ മുന്നറിയിപ്പുകൾ ലംഘിക്കുകയാണ് ബാബാ രാംദേവും പതഞ്ജലിയും ചെയ്തത്.

കോടതി മുന്നറിയിപ്പ് അവഗണിച്ച് പതഞ്ജലി വ്യാജ പരസ്യം നൽകുന്നത് തുടരുന്നതായി ശ്രദ്ധയിൽ പെട്ട കോടതി, വ്യാജ പരസ്യങ്ങൾക്കെതിരെ, ഓരോ ഉൽപ്പന്നതിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്ന് കഴിഞ്ഞ നവംബറിൽ മുന്നറിയിപ്പു നൽകിയിരുന്നു. ഭാവിയിൽ ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും മാധ്യമങ്ങളിലൂടെ വ്യാജ അവകാശവാദങ്ങൾ നടത്തരുതെന്നും നിർദേശിച്ചിരുന്നു. അന്ന് പതഞ്ജലി, ഇത്തരം അവകാശവാദങ്ങൾ നടത്തില്ലെന്ന് ഉറപ്പും നൽകി. എന്നാൽ, ഇതും ലംഘിക്കപ്പെട്ടു.


‘കരുതിക്കൂട്ടിയുള്ള വാഗ്ദാനലംഘനം’;
പതഞ്ജലിയുടെയും ബാബാ രാംദേവിന്റെയും
മാപ്പപേക്ഷ നിരസിച്ച് വീണ്ടും സുപ്രീംകോടതി

പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യം; ബാബാ രാംദേവ് സുപ്രീംകോടതിയിൽ ഹാജരാകണം

Comments