ഒടുവിൽ മോദിയോട് ഇലക്ഷൻ കമീഷൻ വിശദീകരണം തേടി

ബി.ജെ.പി നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിക്കും കമീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.

Election Desk

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ ബി.ജെ.പി പൊതുയോഗത്തിൽ മുസ്‌ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിലൂടെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതികളിൽ ഇലക്ഷൻ കമീഷൻ മോദിയോട് വിശദീകരണം തേടി. ജാതി, മതം, സമുദായം, ഭാഷ എന്നിവയുടെ പേരിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുംവിധം പ്രസംഗിച്ചുവെന്ന വകുപ്പനുസരിച്ചാണ് നോട്ടീസ്.

ഇതേ വകുപ്പനുസരിച്ച്, ബി.ജെ.പി നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിക്കും കമീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.
ഭാഷയുടെയും മറ്റും പേരിൽ രാഹുല്‍ തെക്ക്- വടക്ക് വിഭജനത്തിന് ശ്രമിക്കുന്നുവെന്നാണ് ബി.ജെ.പി പരാതിയില്‍ പറയുന്നത്. കോയമ്പത്തൂരിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഭാഷാപരവും സാംസ്‌കാരികവുമായ വിഭജന ആശയം മുന്നോട്ടുവച്ചതായാണ് ബി.ജെ.പിയുടെ പരാതി. ഇന്ത്യയിൽ ഒരു ഭാഷ മാത്രം മതി എന്ന നിലപാടാണ് നരേന്ദ്രമോദിയുടേതെന്നും അദ്ദേഹം തമിഴ് ഭാഷക്ക് എതിരുമാണ് എന്നും രാഹുൽ പ്രസംഗിച്ചുവെന്നാണ് ബി.ജെ.പി ഇലക്ഷൻ കമീഷന് നൽകിയ പരാതിയിൽ പറയുന്നത്.
‘‘മോദിയുടെ ഭരണത്തിന്‍കീഴില്‍ 20 കോടി പേര്‍ ദാരിദ്ര്യത്തിലായെന്നാണ് രാഹുല്‍ പറയുന്നത്, എന്നാല്‍, ഇതിന് യാതൊരു തെളിവുമില്ല. അതേസമയം, 25 കോടിയോളം പേര്‍ പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യരേഖയ്ക്കു മുകളിലെത്തി എന്നാണ് നിതി ആയോഗ് റിപ്പോര്‍ട്ട് പറയുന്നത്’’- രാഹുലിനെതിരായ പരാതിയില്‍ ബി.ജെ.പി പറയുന്നു.

നോട്ടീസിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയും ഏപ്രിൽ 29ന് രാവിലെ 11നകം മറുപടി നൽകണം.

ജെ.പി. നദ്ദ, മല്ലികാർജുൻ ഖാർഖെ

പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് 2006 ഡിസംബർ ഒമ്പതിന് ദേശീയ വികസന കൗൺസിൽ യോഗത്തിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം വളച്ചൊടിച്ചാണ് മോദി രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ഇലക്ഷൻ റാലിയിൽ മുസ്ലിംകൾക്കെതിരെ അത്യന്തം വിദ്വേഷം നിറഞ്ഞ പരാമർശം നടത്തിയത്.
നരേന്ദ്രമോദി പറഞ്ഞത്: ''രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്ലിംകളാണ് എന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രസ്താവിച്ചിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം, നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്ക് നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?'' ''അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്, നിങ്ങളുടെ താലിമാലയെപ്പോലും ഈ അർബൻ നക്സലുകൾ വെറുതെവിടില്ല''.

ഈ പ്രസംഗത്തിനെതിരെ കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷം കമീഷന് രേഖാമൂലം പരാതി നൽകിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ (1951) സെക്ഷൻ 123(3), (3അ), 125 എന്നീ വകുപ്പുകളുടെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പിന്റെയും കൂടി ലംഘനമാണ് മോദിയുടെ പ്രസംഗമെന്ന് നിയമവിദഗ്ധർ അർഥശങ്കക്കിടയില്ലാത്തവിധം ചൂണ്ടിക്കാട്ടുകയും ചെയ്തു. കമീഷൻ നടപടി വൈകിയതിനെതുടർന്ന് മോദി കഴിഞ്ഞ ദിവസവും വിദ്വേഷ പ്രസംഗം ആവർത്തിച്ചിരുന്നു: ''കോൺഗ്രസ് ഭരണത്തിൽ വിശ്വാസം പിന്തുടരുന്നതുപോലും അസാധ്യമാണ്. ഹനുമാൻ ചാലിസ കേൾക്കുന്നതുപോലും കോൺഗ്രസ് ഭരണത്തിൽ കുറ്റമായി മാറും. കർണാടകയിൽ ഹനുമാൻ ചാലിസ കേട്ടയാളെ മർദ്ദിച്ചു. സംവരണം അട്ടിമറിച്ച് ഒരു പ്രത്യേക സമുദായത്തെ കൂടി ഉൾപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചു. ബി.ജെ.പിയാണ് അത് തടഞ്ഞത്''- ഛത്തീസ്ഗഡിൽ നടന്ന ബി.ജെ.പി റാലിയിൽ മോദി പറഞ്ഞു.

READ | മൻമോഹൻ സിങ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

Comments