ഹരിയാന രാഷ്ട്രീയത്തിലെ എന്നത്തെയും പ്രബല ശക്തികൾ ഏതാനും കുടുംബങ്ങളായിരുന്നു, പ്രത്യേകിച്ച് മൂന്ന് 'ലാൽ' കുടുംബങ്ങൾ. ദേവിലാൽ (Devi Lal), ബൻസിലാൽ (Bansi Lal), ഭജൻലാൽ (Bhajan Lal)- ഒരു കാലത്ത് സംസ്ഥാന രാഷ്ട്രീയത്തെ അമ്മാനമാടിയിരുന്ന, ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളിലെ സ്വാധീനശക്തികളായിരുന്ന ഈ മൂന്ന് ലാൽമാരുടെ അനന്തരാവകാശികളായ 13 നേതാക്കളാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഇവരിൽ, ഒരേ കുടുംബത്തിലെ ചിലർ പരസ്പരം മത്സരിക്കുന്നു എന്ന കൗതുകവുമുണ്ട്. പ്രധാന മണ്ഡലങ്ങളിലെല്ലാം ലാൽ കുടുംബാംഗങ്ങളുടെ പുതിയ തലമുറകളാണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ പത്തു വർഷത്തെ ബി.ജെ.പി ഭരണവും ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ മുന്നേറ്റവും ‘ലാൽ’ കുടുംബങ്ങളുടെ ഒലിച്ചുപോക്കിനിടയാക്കിയിട്ടുണ്ടെങ്കിലും മറ്റൊരു കുടുംബം ഇപ്പോൾ പരമാധികാരികളായി രംഗത്തുണ്ട്; കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദർ ഹൂഡയും കുടുംബവും.
ബി.ജെ.പിക്കെതിരെ ശക്തമായി നിലകൊള്ളാൻ കഴിയുമായിരുന്ന രണ്ട് പ്രാദേശിക പാർട്ടികളാണ്, രാഷ്ട്രീയ നയശൂന്യതയെതുടർന്ന് ഹരിയാനയിൽ അപ്രസക്തമായി മാറിയത്.
പിടി അയയുന്ന
ചൗതാല കുടുംബം
ഹരിയാനയിൽനിന്നുള്ള ഏറ്റവും പ്രമുഖ ദേശീയ നേതാവും 1989-91 കാലത്ത് ഉപപ്രധാനമന്ത്രിയും രണ്ടു തവണ ഹരിയാന മുഖ്യമന്ത്രിയുമൊക്കെയായിരുന്നു ചൗധരി ദേവിലാൽ. ഇന്ത്യൻ നാഷനൽ ലോക്ദൾ (Indian National Lok Dal- INLD) സ്ഥാപകനും ദേശീയ കർഷക നേതാവുമായിരുന്നു. ദേവിലാലിന്റെ പിന്മുറക്കാരായ ചൗതാല കുടുംബത്തിന് സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോൾ അത്ര പിടിയില്ലെങ്കിലും ഈ കുടുംബത്തിലെ അഭയ് ചൗതാല, ദുഷ്യന്ത് ചൗതാല, ദിഗ്‌വിജയ് ചൗതാല, സുനൈന, അർജുൻ, രൺജീത് സിങ്, അമിതി സിഹാഗ്, ആദിത്യ ചൗതാല എന്നിവർ ദേവിലാലിന്റെയും മകൻ ഓംപ്രകാശ് ചൗതാലയുടെയും പൈതൃകത്തിന്റെ നേരവകാശികളായി ജനങ്ങൾക്കുമുന്നിൽ അണിനിരക്കുന്നു.
കുടുംബാധിപത്യം ഉറപ്പാക്കുന്നതിൽ, മുത്തച്ഛൻ ദേവിലാലിനെപ്പോലെ രാഷ്ട്രീയം തരാതരം പയറ്റാൻ മിടുക്കരുമാണിവർ.
ചൗതാല കുടുംബത്തിൽനിന്ന് രൂപം കൊണ്ട ഇന്ത്യൻ നാഷനൽ ലോക്ദൾ, ജനനായക് ജനതാപാർട്ടി (Jannayak Janta Party- JJP) എന്നിവയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികളായാണ് ചൗതാല കുടുംബാംഗങ്ങളുടെ മത്സരം. മാത്രമല്ല, ദബാലി മണ്ഡലത്തിൽ ചൗതാല കുടുംബത്തിലെ മൂന്നുപേർ പരസ്പരം ഏറ്റുമുട്ടുകയാണ്. ജെ.ജെ.പിയിലെ ദിഗ്‌വിജയ് ചൗതാല അമ്മാവനും ഇന്ത്യൻ നാഷനൽ ലോക്ദൾ സ്ഥാനാർഥിയുമായ ആദിത്യ ചൗതാലയെയും അദ്ദേഹത്തിന്റെ സഹോദരൻ അമിത് സിഹാഗ് ചൗതാലയെയും നേരിടുന്നു.
റാണിയ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എയും ദേവിലാലിന്റെ മകനുമായ രൺജീത് സിങ് ചൗതാല ജെ.ജെ.പി പിന്തുണയുള്ള സ്വതന്ത്രനാണ്. അദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥി, കൊച്ചുമകൻ കൂടിയായ ഐ.എൻ.എൽ.ഡിയിലെ അർജുൻ ചൗതാലയാണ്.
ഉച്ചാന കലാൻ മണ്ഡലത്തിലാണ് ചൗതാല കുടുംബത്തിന്റെ മറ്റൊരു തീപ്പൊരി മത്സരം. മുൻ ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങും സിറ്റിങ് എം.എൽ.എ ദുഷ്യന്ത് ചൗതാലയുമാണ് ഏറ്റുമുട്ടുന്നത്. ബ്രിജേന്ദ്ര സിങ് ഇപ്പോൾ കോൺഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത്. 2019-ൽ ബ്രിജേന്ദ്ര സിങ്ങിന്റെ പങ്കാളി പ്രേമലതയെയാണ് ദുഷ്യന്ത് തോൽപ്പിച്ചത് എന്നത് പരിഗണിക്കുമ്പോൾ, ഇത്തവണത്തെ പോരാട്ടം ബ്രിജേന്ദ്ര സിങ്ങിനെ സംബന്ധിച്ച് ഒരു 'പ്രതികാരം' വീട്ടൽ കൂടിയാണ്. 2014-ൽ പ്രേമലത ദുഷ്യന്തിനെ തോൽപ്പിച്ചിരുന്നു.
ഒരു കുടുംബം,
രണ്ട് പാർട്ടി
ചൗതാല കുടുംബത്തിന്റെ സ്വന്തം പാർട്ടിയായിരുന്നു ഇന്ത്യൻ നാഷണൽ ലോക്ദൾ. ഓം പ്രകാശ് ചൗതാല അഴിമതിക്കേസിൽ ജയിലിലായതോടെയാണ് മൂത്ത മകൻ അഭയ് ചൗതാല പാർട്ടി നേതൃത്വം ഏറ്റെടുത്തത്. ഇത് പാർട്ടിയിൽ കുടുംബകലഹത്തിന് തിരികൊളുത്തി. ചൗതാലയുടെ മറ്റൊരു മകൻ അജയ് ചൗതാലയും അദ്ദേഹത്തിന്റെ മകൻ ദുഷ്യന്ത് ചൗതാലയും ചേർന്ന് ജെ.ജെ.പിയുണ്ടാക്കി. ഈ പിളർപ്പാണ് ചൗതാല കുടുംബത്തിന്റെ രാഷ്ട്രീയസ്വാധീനത്തിന് ഇടിവുണ്ടാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ, ചൗതാല കുടുംബം രണ്ട് പാർട്ടികളിലുമായി അണിനിരന്ന് പരസ്പരം ഏറ്റുമുട്ടി. ജെ.ജെ.പിക്കായിരുന്നു ജയം, പാർട്ടി 10 സീറ്റ് നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി, ജെ.ജെ.പിയുടെ സഹായത്തോടെയാണ് സർക്കാറുണ്ടാക്കിയത്. എന്നാൽ, ഭരണപങ്കാളിത്തം കൊണ്ട് നേട്ടമുണ്ടാക്കാൻ ദുഷ്യന്തിന് കഴിഞ്ഞില്ലെന്നുമാത്രമല്ല, ബി.ജെ.പിയുമായുള്ള സഖ്യം ജെ.ജെ.പിയുടെ അടിത്തറയിളക്കുകയും ചെയ്തു. കർഷക സമരത്തെയും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെയും ബി.ജെ.പി ഭരണകൂടം കൈകകാര്യം ചെയ്തവിധം, ജെ.ജെ.പിക്കാണ് കൂടുതൽ തിരിച്ചടിയായത്. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റ് നേടിയിരുന്ന ജെ.ജെ.പിക്ക് ഇപ്പോൾ മൂന്നു എം.എൽ.എമാർ മാത്രമാണുള്ളത്. ഏഴ് എം.എൽ.എമാർ കോൺഗ്രസിലും ബി.ജെ.പിയിലും ചേർന്നു.
ചൗധരി ദേവിലാലിന്റെയും മകനും മുൻ മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗതാലയുടെയും സ്വാധീനമേഖലയായിരുന്ന ഹിസാർ ജില്ലയിൽ അവരുടെ പാർട്ടിയായ ജെ.ജെ.പി ഇപ്പോൾ ശക്തമല്ല. എങ്കിലും പിന്നാക്ക- ദലിത് വോട്ടുകൾക്കായി ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായി സഖ്യത്തിലാണ് ഇത്തവണ ജെ.ജെ.പി.
സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു കാലത്ത് പ്രബല ശക്തിയായിരുന്ന ഐ.എൻ.എൽ.ഡിക്ക് 2019-ൽ ഒരു സീറ്റിൽ മാത്രമാണ് ജയിക്കാനായത്. ഈ തെരഞ്ഞെടുപ്പിൽ പാർട്ടി ബി.എസ്.പിയുമായി സഖ്യത്തിലാണ്.
ഹരിയാന കോൺഗ്രസ് എന്നാൽ 'ബാപു- ബേട്ട പാർട്ടി' എന്നാണ് അറിയപ്പെടുന്നത്. അതായത്, ഹൂഡയുടെ കുടുംബത്തിലേക്ക് കോൺഗ്രസ് സംസ്ഥാന ഘടകമാകെ ചുരുങ്ങിയ അവസ്ഥ.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സർവാധിപത്യം തകർത്ത് കോൺഗ്രസ് അഞ്ച് സീറ്റിൽ ജയിച്ചതോടെയാണ് അഭയ് ചൗതാലയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷനൽ ലോക്ദളും ദുഷ്യന്ത് ചൗതാലയുടെ നേതൃത്വത്തിലുള്ള ജനനായക് ജനതാപാർട്ടിയും ഏറെക്കുറെ തുടച്ചുമാറ്റപ്പെട്ടത്. കുരുക്ഷേത്ര മണ്ഡലത്തിൽ അഭയ് ചൗതാല വെറും 6.5 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തായിരുന്നു. ബി.ജെ.പിക്കെതിരെ ശക്തമായി നിലകൊള്ളാൻ കഴിയുമായിരുന്ന രണ്ട് പ്രാദേശിക പാർട്ടികളാണ്, അവരുടെ തന്നെ രാഷ്ട്രീയ നയശൂന്യതയെതുടർന്ന് അപ്രസക്തമായി മാറിയത്.
ഭജൻലാൽ കുടുംബം
നഷ്ടപ്രതാപവുമായി രംഗത്തുള്ള മറ്റൊരു ‘ലാൽ’ കുടുംബമാണ്, കേന്ദ്രമന്ത്രിയും മൂന്നു തവണ ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ഭജൻലാലിന്റേത്. അദ്ദേഹത്തിന്റെ മൂന്ന് അനന്തരാവകാശികളാണ് മത്സരരംഗത്ത്: ഭജൻലാലിന്റെ മകൻ ചന്ദർ മോഹൻ, പേരക്കുട്ടി ഭവ്യ ബിഷ്‌നോയ്, മരുമകൻ ദുറ റാം.
ഫത്തേഹാബാദിൽ ലോക്ദൾ സ്ഥാനാർഥി സുനൈന ചൗതാല ഭജൻലാലിന്റെ മരുമകനും ബി.ജെ.പി സിറ്റിങ് എം.എൽ.എയുമായ ദുറാ റാമിനെയാണ് നേരിടുന്നത്.
കഴിഞ്ഞ തവണ ദുറാ റാം ജെ.ജെ.പി സ്ഥാനാർഥിയെ നേരിയ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്.
ഭജൻലാൽ കുടുംബത്തിന്റെ സ്വാധീനം ഇപ്പോൾ ആദംപുർ മണ്ഡലത്തിൽ മാത്രം. ഭവ്യ ബിഷ്‌നോയ് ആണ് ഇവിടെ സിറ്റിങ് എം.എൽ.എ. ഭവ്യയും അച്ഛൻ കുൽദീപ് ബിഷ്‌നോയിലും 2022-ലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്.
ബൻസിലാൽ കുടുംബം
മൂന്നു തവണ മുഖ്യമന്ത്രിയും 1984-ലെ രാജീവ് ഗാന്ധി മന്ത്രിസഭയിൽ റെയിൽവേ- ഗതാഗത മന്ത്രിയുമായിരുന്ന ബൻസിലാലിന്റെ കുടുംബമാണ് സ്വാധീനം വീണ്ടെടുക്കാൻ ശ്രമിക്കുന്ന മൂന്നാമത്തെ ‘ലാൽ’ കുടുംബം. ബൻസിലാലിന്റെ കൊച്ചുമകൻ അനിരുദ്ധ് ചൗധരി, മരുമകൾ കിരൺ ചൗധരി, ശ്രുതി ചൗധരി, എന്നിവരാണ് ഇത്തവണ മത്സരിക്കുന്നത്.
ഈയിടെ ബി.ജെ.പിയിൽ ചേർന്ന ബൻസിലാലിന്റെ കൊച്ചുമകൾ ശ്രുതി ചൗധരി തോഷാം മണ്ഡലത്തിൽ കസിനും കോൺഗ്രസ് സ്ഥാനാർഥിയുമായ അനിരുദ്ധ് ചൗധരിയെയാണ് നേരിടുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിലായിരുന്നു ശ്രുതിയുടെ മത്സരം.
ഭിവാനി- മഹേന്ദ്രഗഢ് മണ്ഡലത്തിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെതുടർന്നാണ് ശ്രുതിയുടെ അമ്മ കിരൺ ചൗധരി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. തുടർന്ന് തോഷാം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരിക്കുമ്പോൾ തന്നെ ബി.ജെ.പി അവരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു. അമ്മക്കൊപ്പം ശ്രുതിയും കോൺഗ്രസ് വിടുകയായിരുന്നു.
സ്ഥാനാർഥി നിർണയം മുതൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യനീക്കത്തിൽനിന്ന് പിന്മാറുന്നതുവരെയുള്ള തീരുമാനങ്ങൾ ഭൂപീന്ദർ ഹൂഡ ഒറ്റയ്ക്കുതന്നെയാണ് എടുത്തത് എന്നു പറയാം. സംസ്ഥാനത്ത് സ്വന്തം ആധിപത്യം ഉറപ്പിക്കാനുള്ള ഹൂഡയുടെ നീക്കമാണ് ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം തകർത്തതെന്നുവരെ അദ്ദേഹത്തിന്റെ വിമർശകർ പറയുന്നുണ്ട്.
ഇതാ വരുന്നു,
ഹൂഡ, ഒപ്പം കുടുംബവും
കുടുംബാധിപത്യത്തിന്റെയും രാഷ്ട്രീയപരവും അല്ലാത്തതുമായ പലതരം പൈതൃകങ്ങളുടെയും ഭാരം പേറുന്നതാണ് ഇന്നും ഹരിയാന രാഷ്ട്രീയം. മൂന്ന് ലാൽ കുടുംബങ്ങൾക്കുപകരം ഇന്ന് ഒരൊറ്റ കുടുംബം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഫോക്കസിലേക്ക് വന്നിരിക്കുന്നുവെന്നുമാത്രം- കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയും കുടുംബവും.
2005 മുതൽ 2014 വരെ, തുടർച്ചയായി രണ്ടു തവണ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ നേതാവാണ്, 77 കാരനായ ഭൂപീന്ദർ ഹൂഡ. ജാട്ട് സ്വാധീനമേഖലകളായ റോഹ്തക്, ജഗ്ഗാർ, സോണിപത്, ഹിസാർ, ജിൻഡ്, പാനിപ്പത് എന്നിവിടങ്ങളിൽ ഹൂഡക്ക് ഇപ്പോഴും വൻ ജനപിന്തുണയുണ്ട്. ജാട്ട് പിന്തുണയാണ് ഇത്തവണ അഞ്ച് ലോക്‌സഭാ സീറ്റുകൾ നേടാൻ കോൺഗ്രസിന് തുണയായത്. ജാട്ട് വോട്ടുബാങ്കിനെ ബി.ജെ.പി ഭരണത്തിനെതിരെ തിരിച്ചുവിടാൻ കഴിഞ്ഞതാണ് ഹൂഡയുടെ വിജയസൂത്രം. 2016-ലെ സംവരണ പ്രക്ഷോഭം, കർഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടങ്ങിയവയെല്ലാം ജാട്ട് സമുദായത്തിന്റെ വൈകാരിക വിഷയങ്ങൾ കൂടിയായിരുന്നു. അവയെ പരമാവധി മുതലെടുത്ത് ഭരണവിരുദ്ധവികാരമാക്കി മാറ്റാൻ ഹൂഡയുടെ നേതൃത്വത്തിനായി. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാട്ട് സമുദായ പിന്തുണ 33 ശതമാനമായിരുന്നത് ഇത്തവണ 64 ശതമാനമായി ഉയർന്നു. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിൽ 37 ഇടത്ത് കർഷക വിഭാഗങ്ങൾക്ക് സ്വാധീനമുണ്ട്.
ഹൂഡയുടെ സർവാധിപത്യം അംഗീകരിച്ചുകൊടുത്താൽ ജാട്ട് ഇതര വിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണമുണ്ടാകുമെന്ന, പാർട്ടിയിലെ ഹൂഡ വിരുദ്ധർ പറഞ്ഞുപരത്തിയിരുന്നു. എന്നാൽ, ആ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് ഒ.ബി.സി വിഭാഗങ്ങളുടെ കൂടി പിന്തുണ നേടിയെടുത്ത്, ഹൂഡ തെളിയിച്ചു. 74 ശതമാനം ഒ.ബി.സി വോട്ട് ലഭിച്ചിരുന്ന ബി.ജെ.പിക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽലഭിച്ചത് 44 ശതമാനം മാത്രമാണ്. ഒപ്പം, നല്ലൊരു ശതമാനം പട്ടികജാതി വോട്ടും ഹൂഡയ്ക്ക് സ്വന്തമാക്കാനായി.
ഹരിയാന കോൺഗ്രസ് എന്നാൽ 'ബാപു- ബേട്ട പാർട്ടി' എന്നാണ് അറിയപ്പെടുന്നത്. അതായത്, ഹൂഡയുടെ കുടുംബത്തിലേക്ക് കോൺഗ്രസ് സംസ്ഥാന ഘടകമാകെ ചുരുങ്ങിയ അവസ്ഥ. 2022 മുതൽ പാർട്ടി സംസ്ഥാനഘടകം ഹൂഡയുടെ പൂർണ നിയന്ത്രണത്തിലാണ്. ഇത്തവണ സ്ഥാനാർഥി നിർണയം മുതൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യനീക്കത്തിൽനിന്ന് പിന്മാറുന്നതുവരെയുള്ള തീരുമാനങ്ങൾ ഹൂഡ ഒറ്റയ്ക്കുതന്നെയാണ് എടുത്തത് എന്നു പറയാം. സംസ്ഥാനത്ത് സ്വന്തം ആധിപത്യം ഉറപ്പിക്കാനുള്ള ഹൂഡയുടെ നീക്കമാണ് ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം തകർത്തതെന്നുവരെ അദ്ദേഹത്തിന്റെ വിമർശകർ പറയുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- ആപ്പ് സഖ്യം സംസ്ഥാനത്ത് 47.6 ശതമാനം വോട്ട് നേടിയിരുന്നു, ബി.ജെ.പി നേടിയ 46.1 ശതമാനത്തേക്കാൾ കൂടുതൽ. എന്നിട്ടും ആ സഖ്യം നിലനിർത്തുന്നതിൽ ഹൂഡ വലിയ താൽപര്യം കാട്ടിയില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആപ്പുമായുള്ള സഖ്യനീക്കത്തിന് കൊണ്ടുപിടിച്ച ശ്രമം നടത്തിയെങ്കിലും അവയെ ഹൂഡ ക്യാമ്പ് നിർവീര്യമാക്കി. വോട്ടുകൾ വിഭജിക്കുന്നത് വടക്ക്, മധ്യ മേഖലകളിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്ന ആശങ്കയും ഹൂഡയുടെ വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇത്തവണ ഹൂഡയെ പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നില്ലെങ്കിലും, ജയിച്ചാൽ മുഖ്യമന്ത്രി ഹൂഡ കുടുംബാംഗം തന്നെയാകും എന്നതിൽ ഭൂപീന്ദറിന് ഒരു സംശയവുമില്ല. അത് ഒരുപക്ഷെ തന്റെ മകൻ മകൻ ദീപേന്ദർ ഹൂഡ ആയിരിക്കാം. അതിനുതക്കവണ്ണം, ദീപേന്ദറിനെ അച്ഛൻ വളർത്തിയെടുത്തിട്ടുമുണ്ട്. നാലുതവണ റോഹ്തക്കിൽനിന്നുള്ള എം.പിയായിരുന്നു ദീപേന്ദർ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിനു തൊട്ടുപുറകേയുള്ള ഏറ്റവും കൂടിയ ഭൂരിപക്ഷമാണ് ദീപേന്ദർ നേടിയത്. തെരഞ്ഞെടുപ്പിനുമുമ്പ് തൊഴിലില്ലായ്മ, അഗ്‌നിവീർ റിക്രൂട്ട്‌മെന്റിലെ പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളുയർത്തി ദീപിന്ദറിന്റെ നേതൃത്വത്തിൽ ഒരു യാത്രയും സംഘടിപ്പിച്ചിരുന്നു. ദീപേന്ദർ സംസ്ഥാന നേതൃത്വം തലമുറമാറ്റമായിരിക്കും സംഭവിക്കുക.
വർഷങ്ങൾക്കുമുമ്പ് കോൺഗ്രസിലെ നെഹ്‌റു കുടുംബാധിപത്യത്തിനെതിരെ രംഗത്തുവന്ന 'ജി- 23' സംഘത്തിലെ പ്രധാനിയായിരുന്നു ഭൂപീന്ദർ ഹൂഡ എന്നത് ഇപ്പോൾ ഒരു തമാശയായി പോലും കോൺഗ്രസുകാരുടെ മനസ്സിലുമുണ്ടാകാനിടയില്ല.