ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം ബി.ജെ.പിയെ അടിമുടി ഉലയ്ക്കുന്നു. ആദ്യ സ്ഥാനാർഥി ലിസ്റ്റിനെതുടർന്ന് പ്രമുഖ നേതാക്കൾ പാർട്ടി വിട്ടതിന്റെ ആഘാതം മാറുന്നതിനുമുമ്പേ, ഇന്നലെ പുറത്തിറക്കിയ 21 സ്ഥാനാർഥികളുടെ രണ്ടാം പട്ടികക്കെതിരെയും മുതിർന്ന നേതാക്കൾ കലാപക്കൊടി ഉയർത്തി. സംസ്ഥാന ഭാരവാഹികളടക്കം പാർട്ടിയിൽനിന്ന് രാജിവച്ചു.
രണ്ട് മന്ത്രിമാരും പാർട്ടി സംസ്ഥാന പ്രസിഡന്റും അടക്കം ആറ് സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് നിഷേധിച്ചതാണ് പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. നയബ് സിങ് സെയ്‌നി സർക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധവികാരം പ്രതിപക്ഷം ആളിക്കത്തിക്കുന്നതിനിടെയാണ് രണ്ട് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചത്. രണ്ട് മുസ്‌ലിം സ്ഥാനാർഥികൾക്കും രണ്ടാം പട്ടികയിൽ ഇടം നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രിയും മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയുമായ സീമ ത്രിക്കയെ ഒഴിവാക്കി ധനേഷ് അദ്‌ലാഖക്ക് ബഡ്ഖൽ മണ്ഡലം നൽകി. ആരോഗ്യമന്ത്രി ബൻവാരി ലാലിനെ ബാവൽ മണ്ഡലത്തിൽനിന്ന് ഒഴിവാക്കി പകരം കൃഷ്ണകുമാറിനെ നിർത്തി. 2019-ൽ കോൺഗ്രസിലെ വിജയ് പ്രതാപ് സിങ്ങിനെയും 2014-ൽ കോൺഗ്രസിലെ തന്നെ മഹേന്ദ്ര പ്രതാപ് സിങ്ങിനെയും തോൽപ്പിച്ചാണ് സീമ ത്രിക്ക ബി.ജെ.പിയുടെ പ്രധാന മുഖങ്ങളിലൊന്നായി മാറിയത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മോഹൽ ലാൽ ബദോലി സോണിപത് ജില്ലയിലെ റായ് മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയാണ്. അദ്ദേഹത്തെ ഒഴിവാക്കി കൃഷ്ണ ഗെഹ്‌ലാവതിനെയാണ് നിർത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സോണിപത് മണ്ഡലത്തിൽ കോൺഗ്രസിലെ സത്പാൽ ബ്രഹ്മചാരി 21,800 വോട്ടിന് ജയിച്ചിരുന്നു. ഇതേതുടർന്നുള്ള അഴിച്ചുപണിയിലാണ് ബദോലി പാർട്ടി സംസ്ഥാന അധ്യക്ഷനായത്.
രണ്ടാമത്തെ ലിസ്റ്റ് പുറത്തുവന്നയുടൻ സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് യാദവ് പാർട്ടി വിട്ടു. മുൻ ഡെപ്യൂട്ടി സ്പീക്കറായിരുന്ന സന്തോഷ് യാദവ് അറ്റെലി മണ്ഡലം ഉറപ്പിച്ച് കാമ്പയിൻ തുടങ്ങിയിരുന്നു. എന്നാൽ, കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങ്ങിനെ മകൾ ആരതി സിങ് റാവുവിനാണ് ഈ സീറ്റ് നൽകിയത്. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാത്തവർക്കാണ് ഇത്തവണ മുൻഗണന നൽകുന്നത് എന്നാണ് അദ്ദേഹത്തിന്റെ പരാതി.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ശിവ് കുമാർ മേത്തയും പാർട്ടിയിൽനിന്ന് രാജിവച്ചു. നർനോൽ സീറ്റ് ഉറപ്പാക്കിയിരുന്ന മേത്തക്കുപകരം ഇവിടെ ഓം പ്രകാശ് യാദവിനെയാണ് മത്സരിപ്പിക്കുന്നത്. ബി.ജെ.പി വക്താവ് സത്യവ്രത് ശാസ്ത്രിയും പാർട്ടിയുടെ പ്രാഥമിക അംഗത്വമൊഴിഞ്ഞു. പാർട്ടിവിരുദ്ധ പ്രത്യയശാസ്ത്രമുള്ളവരുടെ സ്വാധീനത്തിൽ പെട്ട് പാർട്ടി അതിന്റെ മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കുന്നുവെന്നാണ് ശാസ്ത്രിയുടെ ആരോപണം.
ഭാരതീയ ജനത യുവമോർച്ച വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ യേഗേഷ് ബൈരാഗിയാണ് ജുലാന മണ്ഡലത്തിൽ പ്രമുഖ ഗുസ്തി താരമായ കോൺഗ്രസിലെ വിനേഷ് ഫോഗട്ടിനെ നേരിടുക.
67 സ്ഥാനാർഥികളുടെ ആദ്യ പട്ടികയും വൻ അതൃപ്തിയാണ് ഉണ്ടാക്കിയത്. മന്ത്രി രഞ്ജിത്ത് സിങ് ചൗത്താല, എം.എൽ.എ ലക്ഷ്മൺ ദാസ് നപ തുടങ്ങിയവർ ആദ്യ പട്ടിക പുറത്തുവന്നതിനെതുടർന്ന് പാർട്ടി വിട്ടിരുന്നു. മുൻ ഉപ പ്രധാനമന്ത്രി ദേവിലാലിന്റെ മകനാണ് രഞ്ജിത്ത് സിങ് ചൗത്താല. ചൗത്താലക്കുപുറകേ, ദേവിലാലിന്റെ ചെറുമകൻ ആദിത്യ ദേവിലാലും പാർട്ടി വിട്ട് ഇന്ത്യൻ നാഷനൽ ലോക്ദളിൽ ചേർന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.
സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എൽ. ശർമ രാജിവച്ച് 250 പാർട്ടി ഭാരവാഹികൾക്കൊപ്പം കോൺഗ്രസിൽ ചേർന്നത്, ആദ്യ ലിസ്റ്റ് പുറത്തുവന്നതിന് തൊട്ടുപുറകേയാണ്.
ആദ്യ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട ഭഗ്‌വാൻ ശർമയുടെ അനുയായികൾ പെഹോവ മണ്ഡലത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതിനെതുടർന്ന്, രണ്ടാമത്തെ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. ആദ്യ ലിസ്റ്റിൽ പ്രഖ്യാപിച്ചിരുന്ന കവൽജിത് സിങ്ങിനെ ഒഴിവാക്കി. 2019-ൽ ഇന്ത്യൻ ഹോക്കി ടീം കാപ്റ്റനായിരുന്ന സന്ദീപ് സിങ് ആണ് പെഹോവയിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ജയിച്ചത്. മനോഹർ ലാൽ ഖട്ടർ മന്ത്രസഭയിൽ അദ്ദേഹം മന്ത്രിയായെങ്കിലും ലൈംഗികാരോപണത്തെതുടർന്ന് പിന്നീടുവന്ന സെയ്‌നി മന്ത്രിസഭയിൽനിന്ന് ഒഴിവാക്കപ്പെട്ടു. അദ്ദേഹത്തിനുപകരമാണ് ഇത്തവണ ആദ്യ ലിസ്റ്റിൽ കവൽജീത് സിങ്ങിനെ പ്രഖ്യാപിച്ചത്.
മേവാത് മേഖലയിലാണ് രണ്ട് മുസ്‌ലിം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഫിറോസ്പുരിൽ നസീം അഹമ്മദ്, പുനാഹാനയിൽ ഐസാസ് ഖാൻ എന്നിവരാണ് മത്സരിക്കുക. 2019-ലും ബി.ജെ.പി ലിസ്റ്റിൽ രണ്ട് മുസ്‌ലിംകളുണ്ടായിരുന്നു.
ജാതി- സാമുദായിക ബാലൻസിങ് പരമാവധി കാത്തുസൂക്ഷിച്ചാണ് ഇത്തവണ രണ്ട് സ്ഥാനാർഥി പട്ടികകളും പുറത്തിറക്കിയിട്ടുള്ളത്. ഇതുവരെ പ്രഖ്യാപിച്ച 87 സ്ഥാനാർഥികളിൽ 17 പട്ടികജാതിക്കാർ, 16 ജാട്ട് വിഭാഗക്കാർ, 19 ഒ.ബി.സി, അഞ്ച് രജ്പുത്, 11 പഞ്ചാബികൾ, 11 ബ്രാഹ്മണ വിഭാഗക്കാർ, അഞ്ച് വൈശ്യ വിഭാഗക്കാർ, രണ്ട് മുസ്‌ലിംകൾ എന്നിവരടങ്ങുന്നു.
അതിനിടെ, കോൺഗ്രസിനെതിരെ 90 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തുമെന്നും യഥാർഥ മത്സരം ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലാണെന്നും ആപ്പ് സംസ്ഥാന അധ്യക്ഷൻ സുശീൽ ഗുപ്ത പറയുന്നു.
എന്നാൽ, കുതികാൽവെട്ടിന്റെ ചാമ്പ്യന്മാർ കേന്ദ്രത്തിന്റെ ഒത്താശയോടെ, ചില പാർട്ടികളെയും സ്വതന്ത്രരെയും ഉപയോഗിച്ച് ഇത്തവണ ഭരണത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുമെന്നും എന്നാൽ ഈ നീക്കത്തിനെതിരെ സംസ്ഥാനത്തെ ജനങ്ങൾ ജാഗ്രത പുലർത്തുമെന്നും സംസ്ഥാന കോൺഗ്രസ് കമ്മിറ്റി മുന്നറിയിപ്പുനൽകി. ആം ആദ്മി പാർട്ടിയെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഈ പരാമർശം.
പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനാൽ, കോൺഗ്രസ്- ആം ആദ്മി പാർട്ടി സഖ്യം ഇല്ലാതായതിന്റെ ആവേശമൊന്നും ബി.ജെ.പി ക്യാമ്പിലില്ല. പ്രമുഖ നേതാക്കളുടെ രാജിയും നിരവധി മണ്ഡലങ്ങളിൽ നിലനിൽക്കുന്ന വിമത ഭീഷണികളും ഭരണവിരുദ്ധവികാരവുമെല്ലാം ബി.ജെ.പിയുടെ സാധ്യതകളെല്ലാം പരിമിതമാക്കിയിരിക്കുകയാണ്. ആം ആദ്മി പാർട്ടിയുമായി സഖ്യമില്ലാതായതോടെ, സംസ്ഥാനത്ത് കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള മത്സരമാണ്. ബി.ജെ.പിയിലെ സംഘടനാപ്രതിസന്ധികളും ഭരണതല പ്രതിസന്ധികളും, കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് തിളക്കമേറ്റിയിരിക്കുകയാണ്.
Read Also