Photo : Shafeeq Thamarassery

രണ്ടായിരത്തി ഇരുപത്തിയൊന്നിൽ 1921

ഒരു അസ്വസ്ഥമായ രാഷ്ട്രത്തെ താങ്ങാനും കരകേറ്റാനുമുള്ള ഭാരം കൂടി പേറുന്ന ഭ്രമാത്മക ഭൂതമായി ഇനിയും ഇന്ത്യൻ മുസ്​ലിം തുടരണമോ?

2019 ആഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370 റദ്ദാക്കികൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനും, 2019 നവംബർ 9-ന് ബാബ്റി മസ്ജിദ് കേസിൽ രാജ്യത്തെ പരമോന്നത കോടതിയുടെ ഒടുക്കത്തെ വിധിക്കും - രാം ലല്ലയ്ക്ക് രാമ ജന്മഭൂമി ക്ഷേത്രം പണിതുയർത്താൻ തർക്കസ്ഥലവും, തകർക്കപ്പെട്ട പള്ളിക്ക് പകരം വെയ്​പിനായി ഉത്തർ പ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് അഞ്ചേക്കർ സ്ഥലവും വിട്ടു കൊടുത്ത വിധിക്കും - ശേഷം രാജ്യത്തുടനീളം ശാന്തമായൊരു അശാന്തത വ്യാപിച്ചു.

എന്നാൽ, 2019 ഡിസംബർ 4-ന് ലോക്​സഭയിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബിൽ; 2019 ഡിസംബർ 5-ന് ലോക്​സഭയിലും, 2019 ഡിസംബർ 11-ന് രാജ്യസഭയിലും പാസാവുകയും, 2019 ഡിസംബർ 12-ന് രാഷ്ട്രപതിയുടെ അനുമതി നേടുകയും, 2020 ജനുവരി 10-ന് നാടിന്റെ നിയമം ആകുകയും ചെയ്ത ബിൽ - അനേകം ജനമണ്ഡലങ്ങളെ പ്രക്ഷോഭിപ്പിക്കുകയുണ്ടായി. പരക്കെ അപലപിക്കപ്പെട്ട ഇത്തരം നിർണ്ണായകമായ ഭരണതീരുമാനങ്ങൾ, ഏതാനും മാസങ്ങൾക്കുള്ളിൽ ഒന്നിനുപിറകെ ഒന്നായി തിടുക്കപ്പെട്ട് നടത്തിയെടുത്തു എന്ന് ആർക്കും കാണാവുന്നതേയുള്ളൂ. നമ്മുടെ പഴയ നോട്ടുകൾ പാഴാക്കിയ കഥ അത്ര പഴയതല്ലെന്നിരിക്കെ, 1992 ഡിസംബർ 6-ന് ബാബ്റി മസ്ജിദ് തകർത്തത് മുതലുള്ള കോപ്പുകൂട്ടലുകൾ, ഇന്ന് തീരാത്ത ലോക്ക്ഡൗണുകളിലും ലോക്കപ്പുകളിലും എത്തിനിൽക്കുമ്പോൾ, തദ്ദേശീയ സമുദായങ്ങളെ രാക്ഷസവും രാഷ്ട്രവിരുദ്ധവും ആയി മുദ്രകുത്തുന്ന തുടർകഥ കണ്ട് പേടിക്കാനും പാകപ്പെടാനും നാം എന്ന ജനതയ്ക്ക് അവകാശം ഉണ്ടല്ലോ!

1992 ഡിസംബർ 5-ന് വൈകീട്ട് പിക്കാസുകളും ഹാമറുകളുമായി സംഘം ചേർന്ന കർസേവകർ / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

ക്യാമറ 2021 ആഗസ്റ്റിലേക്ക് തിരിക്കുമ്പോൾ നാം കാണുന്നത്, ഐ.സി.എച്ച്​.ആർ ഡയറക്ടറായ ഓം ജി. ഉപാധ്യായ്, ഖോരക്പുർ സർവകലാശാലയിലെ ഹിമാൻഷു ചതുർവേദി, ‘പ്രഗ്യാ പ്രവാഹു’മായി (‘ഭാരതീയ മൂല്യങ്ങളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ ദേശീയ ബൗദ്ധിക പ്രസ്ഥാനം’) ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സി.ഐ. ഐസക് എന്നിവരടങ്ങിയ മൂന്നംഗ സമിതി - 2019 മാർച്ചിൽ പ്രധാന മന്ത്രി ഔദ്യോഗികമായി പ്രകാശിപ്പിക്കുകയും, 2021 ഒക്ടോബർ മുതൽ പൊതുവിൽ ലഭ്യമാവുകയും ചെയ്യുന്ന - Dictionary of Martyrs, India's Freedom Struggle from 1857 to 1947-ന്റെ അഞ്ചാം വാല്യത്തിൽ നിന്ന് മലബാർ- മാപ്പിള കലാപത്തിലെ ‘മാപ്പിള രക്തസാക്ഷികളുടെ' പേര് വെട്ടാൻ നിർദ്ദേശിച്ചിരിക്കുന്നതാണ്.

ഹൈന്ദവതയുടെ ദുർഗതികൾ, ഇന്ത്യൻ രാഷ്ട്രത്തെ വളഞ്ഞിട്ടാക്രമിക്കുന്നത് തുടരുകയാണെങ്കിൽ, ഇന്ത്യൻ മുസ്​ലിംകൾ, വൈമനസ്യത്തോടെയെങ്കിലും, പക്വതയെത്താൻ കാത്തിരിക്കുന്ന രാഷ്ട്രത്തിനു വേണ്ടി ബലിയാടാവാൻ, അല്ലെങ്കിൽ ഒഴിയാബാധയാകാൻ, ഇനിയും തയ്യാറാണ്.

‘പള്ളിയിൽ പോവുന്ന ആർ.എസ്.എസുകാരൻ' എന്ന് സ്വയം വിശേഷിപ്പിച്ച പ്രൊഫസർ ഐസക് വിശദീകരിച്ചു: ‘കരട് പ്രതി ഞങ്ങളുടെ കയ്യിലെത്തിയപ്പോൾ മതഭ്രാന്തരെ രക്തസാക്ഷികളായി ചിത്രീകരിച്ചിരിക്കുന്നത് കണ്ടു. 1921-ലെ മാപ്പിള /മലബാർ ലഹളയിൽ ഹിന്ദുക്കളെ കൊന്നൊടുക്കിയ മറ്റൊരു മതത്തിൽ പെട്ട ആളുകളെ രക്തസാക്ഷികളായി നിഘണ്ടുവിൽ രേഖപ്പെടുത്തിയിരിക്കുന്നു.' മാപ്പിള കലാപകാരികളിൽ പ്രധാനികളായിരുന്ന രണ്ടു പേരെ കുറിച്ച്, (വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസലിയാരും) ‘നേതൃത്വം രാജ്യത്തിന് വേണ്ടിയല്ല, മതത്തിന് വേണ്ടിയായിരുന്നു. ശരിഅ കോടതികളും, മതപരിവർത്തനവും, ഹിന്ദുക്കളുടെ കൊല്ലും കൊലയും ഉണ്ടായിരുന്നു. ഇവരെ രക്തസാക്ഷികളുടെ നിഘണ്ടുവിൽ പരിഗണിക്കാൻ പറ്റില്ല' എന്നാണ് ഐസക് പറഞ്ഞത്. ‘അവർ ഖലീഫേറ്റിനുവേണ്ടി പൊരുതി മരിച്ച മത- രക്തസാക്ഷികൾ ആയതിനാൽ' അടുത്ത പൊതു കൗൺസിൽ യോഗം കൂടി നിഘണ്ടുവിൽ നിന്ന്​അവരുടെ പേരുകൾ നീക്കും എന്നും ഐസക് പറഞ്ഞു.''
‘‘വാഗൺ കൂട്ടക്കൊലയിൽ മരിച്ചവർ കുറച്ച് കാലത്തേക്കെങ്കിലും ഖിലാഫത് സ്ഥാപിക്കുകയും, ഖിലാഫത് പതാക ഉയർത്തുകയും, ഖിലാഫത് കോടതി നടപ്പിലാക്കുകയും ചെയ്തതിനാൽ അവർ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരസേനാനികളല്ല. അവരെ ലഹളയുണ്ടാക്കിയതിനാണ് പട്ടാളം പിടികൂടിയത്. ലഹളയിൽ പങ്കെടുത്ത പത്തോളം ഹിന്ദുക്കളും നിഘണ്ടുവിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്'' എന്നും കൂടി ഐസക് പറഞ്ഞു വെക്കുന്നുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യസമര (1857-1947) രക്തസാക്ഷികളുടെ നിഘണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യുന്നു.

"താലിബാൻ മനോഭാവത്തിന്റെ ആദ്യ രൂപം' എന്ന് നേരത്തെ ബി.ജെ.പി. നേതാവ് രാം മാധവ് കലാപത്തെ മുദ്ര കുത്തിയിരുന്നു. ഹിന്ദുക്കളുടെ കൂട്ടക്കൊല എന്നാണ് ലഹളയെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിശേഷിപ്പിച്ചത്. കേരള ഗവൺമെന്റ് ആദ്യം (1971-ൽ) അവരെ രക്തസാക്ഷികളായി അംഗീകരിച്ചിരുന്നു, പിന്നീട് 1975-ൽ പിൻവലിച്ചു എന്നും മുരളീധരൻ പറഞ്ഞു: ‘സംസ്ഥാന ഗവണ്മെൻറ്​ അംഗീകരിക്കാത്തവരെ ഐ.സി.എച്ച്​.ആർ. എന്തിന് അംഗീകരിക്കണം? 1975-ൽ കേരള സംസ്ഥാന ഗവണ്മെന്റ് പുറത്തിറക്കിയ Who is Who of Freedom Fighters in Kerala എന്ന പുസ്തകത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനിയായി ഉൾപ്പെടുത്തിയിട്ടില്ല. അന്നത്തെ മുഖ്യമന്ത്രി സി. അച്യുത മേനോൻ ആണ് പുസ്തകത്തിന്റെ ആമുഖം എഴുതിയത്’ എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.’’

നിലനിൽക്കുന്ന ജാതിവാഴ്ചയുടെ അശുദ്ധി മൂടിവെച്ചുകൊണ്ട് ഐക്യ ഇന്ത്യ കെട്ടിപ്പെടുക്കാൻ പൈശാചികവത്കരണത്തിലൂടെ മുസ്​ലിംകളെ തീറ്റയാക്കിയത് സവർക്കറിന്റെ ധർമചിന്തയുടെ ദാരുണവശമാണ്

1921: പിൻ നോട്ടം

മലബാറിലെ പ്രക്ഷോഭങ്ങളെ കുറിച്ച് അനേകം ചരിത്ര രേഖകളും അക്കാദമിക കൃതികളും ഉള്ളതിനാൽ, സ്ഥല സമയ പരിമിതി മൂലം, പല സ്രോതസ്സുകളിൽ നിന്ന് ചീകിയെടുത്ത ഒരു രത്നച്ചുരുക്കം അവതരിപ്പിക്കാം. 1836 മുതൽ 1919 വരെ നടന്ന, രേഖപ്പെടുത്തപ്പെട്ട, ഏകദേശം 29 മാപ്പിള പ്രക്ഷോഭങ്ങളിലായി പങ്കെടുത്ത 352 മാപ്പിള കർഷകരിൽ 24 പേർ മാത്രമാണ് ജീവനോടെ പിടിക്കപ്പെട്ടത്. അതേസമയം, ഒരു ബ്രിട്ടീഷ് ജില്ലാ മജിസ്ട്രേറ്റും (എച്ച്.വി. കൊണോലി) 63 മേൽജാതിക്കാരടങ്ങിയ 82 ഹിന്ദുക്കളുമാണ് കൊല്ലപ്പെട്ടത്. 1919 വരെയുള്ള 29 പ്രക്ഷോഭങ്ങളെ ജന്മിത്തവിരുദ്ധ, അധിനിവേശവിരുദ്ധ, പ്രാഗ്- പ്രാക്തന (pre-proto) ദേശീയതയുടെ കണ്ണാടയിലൂടെ നോക്കിക്കാണാമെങ്കിലും, 1921-ലെ മലബാർ കലാപത്തിന്റെ ചുവട് നിരവധി പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വേരുകളിൽ കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. മിക്കവാറും മേൽജാതിക്കാരായ തദ്ദേശ ജന്മികളാൽ അടിച്ചമർത്തപ്പെടുകയും, അധിനിവേശ നാടുവാഴികളാൽ മുറയ്ക്ക് അമർച്ചപ്പെടുകയും ചെയ്ത മാപ്പിള സമുദായം 1920-ൽ ഏതാണ്ട് നിശ്ശബ്ദമായിരുന്നു. എന്നാൽ, 1921 ആഗസ്റ്റ് 20-ന് ആലി മുസ്‌ലിയാരെ പിടികൂടുന്നതിനിടയിലെ വെടിവെപ്പിൽ - 1922 ഫെബ്രുവരി 17-ന് അദ്ദേഹത്തെ തൂക്കിക്കൊന്നു; 1922 ജനുവരി 6-ന് പിടിക്കപ്പെട്ട വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ജനുവരി 20-ന് വെടി വെച്ച് കൊന്നു- തിരൂരങ്ങാടി പള്ളിക്ക് ഹാനി സംഭവിച്ചു എന്ന വാർത്ത പരന്നതോടെ ഈ നിശ്ശബ്ദത വഴി മാറി. അതുവരെ അടിച്ചൊതുക്കപ്പെട്ട എല്ലാ അഭിവാഞ്ഛകളും - കുടിയായ്മ പ്രസ്ഥാനം, ജന്മിത്തവിരുദ്ധ പ്രസ്ഥാനം, അധിനിവേശവിരുദ്ധ പ്രസ്ഥാനം, തദ്ദേശീയ സ്വരാജ്, മലയാള രാജ്യം, മാപ്പിളസ്ഥാൻ, ദേശീയത, ഖിലാഫത് തുടങ്ങി പല വികാരങ്ങൾ - കൂടിച്ചേർന്ന് 1921 ആഗസ്റ്റിൽ ഒരു മഹാ പ്രസ്ഥാനത്തിന് തുടക്കമിട്ടു. ഇപ്പോൾ കേരളത്തിന്റെ നാലു ജില്ലകളിലായെങ്കിലും കിടക്കുന്ന ഒരു പ്രദേശത്തിന്റെ നിയന്ത്രണം, ഒരർത്ഥത്തിൽ ഭരണം തന്നെ, ആറു മാസത്തോളം മാപ്പിള കലാപകാരികളുടെ കയ്യിലായിരുന്നു എന്ന് ഓർക്കുമ്പോഴേ ആ പ്രസ്ഥാനത്തിന്റെ വ്യാപ്തി മനസിലാകൂ. ഔദ്യോഗിക കണക്കനുസരിച്ച് 1921-ലെ കലാപത്തിൽ 2,337 കലാപകാരികൾ കൊല്ലപ്പെടുകയും, 1,652 പേർക്ക് പരിക്കേൽക്കുകയും, 45,404 പേർ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു - അനൗദ്യോഗിക കണക്ക് പ്രകാരം 10,000 പേർ കൊല്ലപ്പെട്ടു, 50,000 പേർ ജയിലിലടയ്ക്കപ്പെട്ടു, 20,000 പേർ നാടുകടത്തപ്പെട്ടു, 10,000 പേരെ കാണാതായി. ഈ ചരിത്രവസ്തുതകൾ നിലനില്ക്കെത്തന്നെ, 4,00,000 ഹിന്ദുക്കൾ താമസിച്ചിടത്ത്​ 600 ഹിന്ദുക്കൾ കൊല്ലപ്പെട്ടു, 2,500 പേരെ നിർബന്ധിതമായി മതം മാറ്റി എന്ന ആര്യ സമാജത്തിന്റെ പെരുപ്പിച്ച കണക്കാണ് ദേശീയഭാവനയ്ക്ക് അഭിമതം!

ബ്രിട്ടിഷ് ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തി എന്ന കുറ്റം ചുമത്തി മാപ്പിള തടവുകാരെ കോഴിക്കോട് വിചാരണയ്ക്ക് കൊണ്ടു പോകുന്നു / Photo: Wikimedia Commons

സ്വാതന്ത്ര്യ സമരത്തിൽ ജനങ്ങളെ അണി ചേർക്കുന്നതിന്റെ ഭാഗമായി, 1920 സെപ്റ്റംബർ 5-ന് തുടങ്ങാനിരിക്കുന്ന നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുന്നേ, 1920 ആഗസ്റ്റിൽ ഷൗക്കത്ത് അലിയോടൊപ്പം മലബാറിൽ എത്തിയ എം.കെ. ഗാന്ധി, ഖിലാഫത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് എതിർക്കാൻ മാപ്പിളമാരെ ഉത്ബോധിപ്പിക്കുകയാണുണ്ടായത്. ഈ ‘അര വട്ടന്റെ' (ഗാന്ധിയെ പോലീസ് വിശേഷിപ്പിച്ചത്) പ്രബോധനത്തിൽ 20,000-ത്തോളം പേർ പങ്കെടുത്തു, അതിൽ ഏറിയ കൂറും മാപ്പിളമാരായിരുന്നു. കെ. മാധവൻനായരും, കെ.പി. കേശവമേനോനും അവരുടെ ഓർമകുറിപ്പുകളിൽ നിന്ന് കലാപത്തിലുള്ള അവരുടെ വ്യക്തിപരവും രാഷ്ട്രീയവുമായ ഇടപെടലുകളെയും, അതുവഴി ദേശീയ ഇടപാടുകളെയും, മായ്ച്ചു കളഞ്ഞെങ്കിൽ കൂടി, മാപ്പിള കലാപത്തിന് ദേശീയ വികാരം ഉത്‌പ്രേരകമായിരുന്നു എന്ന് അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ആർ.എച്ച്. ഹിച്ച്കോക്ക് രേഖപ്പെടുത്തിയ Peasant Revolt in Malabar-ൽ നിന്ന് വ്യക്തമാണ്. മിക്കവാറും എല്ലാ കോൺഗ്രസ് നേതാക്കളും, കലാപത്തിൽ അവർക്കു പങ്കില്ലെന്ന് വരുത്തി കൈകഴുകിയൊഴിഞ്ഞപ്പോഴും, സമരതന്ത്രമായോ അല്ലാതെയോ അധിനിവേശ സർക്കാരിനോട് മാപ്പ് പറയാൻ തയ്യാറാകാതിരുന്നതിനാൽ ജീവപര്യന്തം നാടുകടത്തപ്പെട്ട എം.പി. നാരായണമേനോൻ ആണ് (മറ്റു കോൺഗ്രസ്സ് നേതാക്കളെ പോലെ ഒരു വക്കീലായിരുന്നിട്ട് കൂടി) കുറച്ചെങ്കിലും സൂക്ഷ്മമായി കലാപത്തെ നോക്കിക്കണ്ടിട്ടുള്ളത്. എന്നാൽ, തടിയൂരിയ കോൺഗ്രസ് നേതാക്കളുടെ ഓർമകുറിപ്പുകൾ പോലും ദേശീയപ്രസ്ഥാനത്തിന്റെ തറയിലാണ് ഖിലാഫത് പ്രസ്ഥാനം പണിതുയർത്തിയതെന്ന് അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും, അവരുടെ കണ്ണിൽ, മുഖ്യ നേതാക്കളെല്ലാം അറസ്റ്റിലായശേഷം കലാപത്തെ അടിച്ചമർത്താൻ അധിനിവേശ പൊലീസും പട്ടാളവും അഴിച്ചുവിട്ട അതിതീവ്രവും ആസൂത്രിതവുമായ മുറകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 1921-ലെ കലാപം വർഗ്ഗീയവത്കരിക്കപ്പെട്ടു.

കലാപകാരികളെ ഒതുക്കാൻ ജയിൽവാസം, നാടുകടത്തൽ, കൊല തുടങ്ങിയ അധിനിവേശ മുറകൾ മുറയ്ക്ക് നടന്നിരുന്നു എന്നത് ബഹുവിധ രേഖകളിൽ നിന്ന് സ്പഷ്ടമാണ്. മിക്കപ്പോഴും മൃതദേഹം പോലും അടക്കം ചെയ്യാൻ വിട്ടു കൊടുത്തിരുന്നില്ല, അല്ലാത്തപ്പോൾ ജയിലിനുള്ളിൽ തന്നെ അതിഗൂഢമായി മറവു ചെയ്തു, മറ്റു ചിലപ്പോൾ കശാപ്പു ചെയ്യപ്പെട്ട പന്നികളുടെ കുടലും പണ്ടത്തിനുമൊപ്പം പൊതുസ്ഥലങ്ങളിൽ കുഴിച്ചുമൂടി. ഇത്തരം രൂക്ഷ നടപടികൾ അതിന്റെ ഗതിയെ ബാധിച്ചിരിക്കാമെങ്കിലും, മലബാർ കലാപത്തിന് മൂന്നു മുഖ്യ മുനകളുണ്ടെന്ന് ഒരുവിധം എല്ലാ സ്രോതസുകളും അംഗീകരിക്കുന്നുണ്ട്: ജന്മിത്തവിരുദ്ധ കുടിയായ്മ പ്രസ്ഥാനം, അധിനിവേശ വിരുദ്ധ ഖിലാഫത് പ്രസ്ഥാനം, ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം. അതുകൊണ്ടു തന്നെ, ഒരു കൂട്ടം ‘മതഭ്രാന്തരുടെ' വർഗീയ വഴിപിഴയ്ക്കലായി മലബാർ കലാപത്തെ ചുരുക്കുന്നത്, ഉപഭൂഖണ്ഡത്തിലെ ആദിമ നിവാസികളുടെ മതേച്ഛകളെ ചുരുക്കി വായിക്കുന്നതോടൊപ്പം, ഇന്ത്യയുടെ മുറിവേറ്റ ഭൂരിപക്ഷ കീഴാള ജനതയെ അപമാനിക്കുന്നതുമാണ്. മാത്രമല്ല, ഭരണഘടനാപരമായി ഇന്ത്യ മതേതരമായത് 1976-ൽ മാത്രമാണെന്നും നാം എന്ന ജനത വിസ്മരിക്കരുത്! മലബാർ കലാപ രക്തസാക്ഷികളുടെ ‘ആവേശനം’ തടയാൻ, അധിനിവേശ സർക്കാർ അവരുടെ മൃതശരീരങ്ങളെയാണ് ഹീനമായി മറവുചെയ്തു മറച്ചതെങ്കിൽ, നമ്മുടെ അധിനിവേശാനന്തര സർക്കാർ അവരുടെ മരണം തന്നെ തേച്ചുമായ്ക്കാൻ ഒരുമ്പെട്ട മട്ടാണ്.

ഇന്ത്യൻ മുസ്​ലിംകളെ പോലും അനുകരിക്കേണ്ടതിന്റെ രാഷ്ട്രീയ ആവശ്യകത തിരിച്ചറിയാൻ തക്ക രാഷ്ട്രീയ വിവേകം സവർക്കറിനുണ്ടായിരുന്നു എന്ന് കാണാതെ പോകരുത്. എന്നാൽ, വിഷയികൾ വിവക്ഷിക്കുന്നതല്ല രാഷ്ട്രം, മറിച്ച് പൗരരുടെ സാങ്കൽപ്പിക സമുദായമാണ്!

2021: മുൻ നോട്ടം

ഈ പശ്ചാത്തലത്തിൽ, ആരൊക്കെ അകത്താകും ആരൊക്കെ പുറത്താകും, പ്രത്യേകിച്ചും രക്തസാക്ഷികളുടെ പരിഷ്‌കരിച്ച പട്ടികയിൽ നിന്ന്, എന്ന് അമ്പരക്കുന്നത് സ്വാഭാവികം മാത്രമാണ്.
കാരണം, മലബാർ കലാപത്തിലെ 387 രക്തസാക്ഷികൾ അകത്തോ പുറത്തോ എന്ന പുകമറയ്ക്കുള്ളിൽ ശക്തമായ അണിയറനീക്കങ്ങൾ നടക്കുന്നുണ്ട് എന്ന് വ്യക്തമാണ്. ദ്വിജയവാന്മാരായി അധികാരത്തിലിരിക്കുന്ന പാർട്ടി, തടസ്സങ്ങളില്ലാതെ പുതിയ ഭിന്നിപ്പുകളുണ്ടാക്കി ലാഭം കൊയ്യുമ്പോഴും, പശ്ചിമ ബംഗാളും കേരളവും, സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളിൽ പുഴുക്കുത്തേറ്റ് തുടങ്ങിയെങ്കിൽ പോലും, ഏറെക്കുറെ, പ്രതിരോധശക്തി നഷ്ടപ്പെടാതെ പിടിച്ചു നിൽക്കുകയാണ്. അതുകൊണ്ടു തന്നെ, മലബാർ കലാപത്തിലെ രക്തസാക്ഷികളെ പുറംതള്ളുന്നത്, കേരളത്തിലെ ദ്വിവിജയികളായ സി.പി.എം. ഗവണ്മെൻറിനെ ഒന്നുകിൽ നിസ്സംഗത അഭിനയിക്കുക, അല്ലെങ്കിൽ ഹിന്ദുത്വ നയങ്ങൾക്കെതിരായി മതേതര വാദങ്ങൾ പൊക്കി പിടിക്കുക, എന്ന ഇരട്ടക്കെണിയിൽ വീഴിക്കുന്ന കൗടില്യതന്ത്രമാണെന്നു പറയാതെ വയ്യ. അതുവഴി, ഒറ്റ വെടിക്ക് ഇസ്​ലാമും കമ്യൂണിസവും ഉന്നം വെക്കുന്ന വമ്പൻ ചതിക്കുഴിയാണ് ഒരുക്കിയിരിക്കുന്നതെന്ന് നാം കാണാതെ പോകരുത്; ബോണസ് എന്ന പോലെ ചില ക്രൈസ്തവവിഭാഗങ്ങളെയെങ്കിലും ഇളക്കാനും ഇക്കിളിപ്പെടുത്താനും പറ്റുകയും ചെയ്തു. ഇത്തരുണത്തിൽ, ശബരിമല കോലാഹലത്തിന്റെ അലയൊലികൾ സംസ്ഥാനത്ത് ഇനിയും കെട്ടടങ്ങിയിട്ടില്ല എന്ന് ഓർമ്മിക്കുന്നതും നന്നായിരിക്കും.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന സ്ത്രീകളുടെ റാലി.

പക്ഷെ, ഇപ്രകാരം മറ നീക്കി പുറത്തു വരുന്ന നീക്കങ്ങൾ കാണുമ്പോൾ നമ്മളിൽ പലരും ഇന്നും അതിശയിക്കുന്നതാണ് അതിലേറെ അതിശയം. വീണ്ടും ജനിച്ച ഗവൺമെന്റിനാൽ നിയമിക്കപ്പെട്ട ഐ.സി.എച്ച്​.ആർ. സമിതി അവർ വരച്ച വരയിലൂടെ നടക്കുന്നത് മനസിലാക്കാവുന്നതല്ലേയുള്ളൂ. എന്നുമാത്രമല്ല, ബി.ജെ.പി. തങ്ങളുടെ വലയും കൊയ്ത്തും പെരുകിക്കാനായി കലക്ക വെള്ളത്തിൽ മീൻ പിടിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. എന്നാൽ, ഇതിലെ വൈപരീത്യം ഇനിയും മറച്ചു പിടിക്കാനാവില്ല: ബീഫ് കയ്യിൽ വെച്ചു എന്ന ആരോപണത്തിന്റെ മാത്രം പേരിൽ ഒരു മുസ്​ലിമിനെ, നേതാക്കളുടെ മൗനസമ്മതത്തോടെ, പലപ്പോഴും ഒത്താശയോടെ തന്നെ, അവരുടെ പാർട്ടിക്കാരിൽ ഒരാൾ തല്ലിക്കൊല്ലുമ്പോൾ, അത് ഒറ്റപ്പെട്ട സംഭവമെന്ന പേരിൽ പാർട്ടിയെ ബാധിക്കുന്നില്ല, ദേശീയ നേതാക്കൾ പോലും അപലപിക്കുന്നില്ല. എന്നാൽ ഒരു സാധാരണ മുസ്​ലിം, ഒറ്റക്കോ കൂട്ടം ചേർന്നോ, പ്രാദേശിക- ദേശീയ- അന്തർദേശീയ തലങ്ങളിൽ, ചെയ്തതോ ചെയ്യുന്നതോ, രാഷ്ട്രത്തെ പിളർത്തുന്ന പാപമായി മൊത്തം സമുദായത്തിന്റെ തലയിൽ കെട്ടിവെയ്ക്കുന്നു, ദയനീയമായ അടിയറവ്​ ആവശ്യപ്പെടുന്നു. കാരണം, ചരിത്രപരമായ മറവിരോഗവും രാഷ്ട്രീയ താല്പര്യങ്ങളും ചേർന്ന്, മറാത്താ ഭരണപ്രവിശ്യയുടെ വികാസത്തിന് വേണ്ടി ശിവാജി ചെയ്തതെല്ലാം സാധുവും, മുഗൾ ഭരണപ്രവിശ്യയുടെ വികസനത്തിന് വേണ്ടി ഔറംഗസേബ് ചെയ്തതെല്ലാം അസാധുവും ആക്കി മാറ്റുന്ന വിരോധാഭാസം തന്നെയാണ് ഇതിനും പിന്നിലുള്ളത്.

ഹിന്ദുക്കളെയും മുസ്​ലിംകളെയും ഒരു പൊതു താല്പര്യത്തിന്റെ പേരിൽ ഒരുമിച്ച് അണി നിരത്തുന്നതിലൂടെ സ്വാതന്ത്ര്യ സമരത്തിനു പ്രചാരമേകാനുള്ള ഗാന്ധിയുടെ തന്ത്രപരമായ നീക്കമായിരുന്നു ഇന്ത്യയിൽ ഖിലാഫത് എന്ന് ഇതിനോടകം വാദിക്കപ്പെട്ടിട്ടുണ്ട്

അതിനാൽ, സവർക്കറും അംബേദ്കറും മഹാരാഷ്ട്രയിൽ നിന്നാണ് ഉദയം കൊണ്ടതെന്നതിൽ അദ്ഭുതമുണ്ടോ? അല്ലെങ്കിൽ, ഗാന്ധിയും ജിന്നയും ഗുജറാത്തിൽ നിന്നായത്? ഹിന്ദുക്കളെയും മുസ്​ലിംകളെയും ഒരു പൊതു താല്പര്യത്തിന്റെ പേരിൽ ഒരുമിച്ച് അണി നിരത്തുന്നതിലൂടെ സ്വാതന്ത്ര്യ സമരത്തിനു പ്രചാരമേകാനുള്ള ഗാന്ധിയുടെ തന്ത്രപരമായ നീക്കമായിരുന്നു ഇന്ത്യയിൽ ഖിലാഫത് എന്ന് ഇതിനോടകം വാദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ചരിത്രം ചുരുളഴിഞ്ഞത്, ഗുജറാത്തിൽ നിന്നുള്ള, വിദേശ വാസം കഴിഞ്ഞു തിരികെ ചേക്കേറിയ, ഒരു പ്രവാസ നേതാവിന്റെ തീർപ്പുകൾക്കനുസൃതമായിരുന്നില്ല എന്നതാണ് പരമാർത്ഥം. 1920 വരെ വ്യത്യസ്ത സമുദായങ്ങൾ തമ്മിൽ നിലനിന്നിരുന്ന സാമൂഹികവും സാംസ്‌കാരികവും, മതപരവുമായ കൊടുക്കൽവാങ്ങലുകളുടെ കടയ്ക്കൽ കത്തി വെച്ചു എന്നതാണ് കോൺഗ്രസിന്റെ ഖിലാഫത് തന്ത്രത്തിന്റെ യഥാർത്ഥ പരിണിതഫലം. ഇത്തരം തന്ത്രങ്ങളുടെ തുടർച്ചയെന്നോണം, 1990 ആഗസ്റ്റ് 7-ന് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള നീക്കമാണ് മന്ദിർ കോലാഹലം ആളിക്കത്തിച്ചതിന്റെ ഒരു നിർണായക കാരണമെന്ന് ഇതിനകം നിരവധി പേർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ ധ്രുവീകരണത്തിന്റെ വിതയും കൊയ്ത്തും ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, അതിലേറെ പേടിപ്പെടുത്തുന്നത് ചരിത്രപരമായ തെളിവുകളുടെ കരുതിക്കൂട്ടിയുള്ള സ്ഥാനഭ്രംശനവും ചില രാഷ്ട്രീയ വിശ്വാസങ്ങളുടെ കരുതിക്കൂട്ടിയുള്ള സ്ഥാനപ്പെടുത്തലും ആണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് നടന്ന ജനകീയ പ്രതിഷേധത്തിൽ നിന്ന്

പലരും കടന്നുകയറ്റമായും അധിനിവേശമായും കണക്കാക്കുന്ന ആര്യൻ കുടിയേറ്റം എന്ന ഊതി വീർപ്പിച്ച ബലൂൺ പോലെ, ആർഷഭാരത നാഗരികതയുടെ വംശാവലി പടച്ചുണ്ടാക്കാനുള്ള ആദ്യകാല ദേശീയവാദികളുടെ ശ്രമങ്ങൾ, നിരവധി പ്രഹേളികകളിലാണ് നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പല കടന്നുകയറ്റങ്ങളോട്, സാമൂഹിക-സാംസ്‌കാരികവും, രാഷ്ട്രീയ-സാമ്പത്തികവും മതപരവുമായ വിനിമയങ്ങളുൾപ്പടെ, തദേശവാസികളുടെ യഥാർത്ഥ പ്രതികരണങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുള്ളതാണെങ്കിൽ കൂടി, വെറും ഭംഗിവാക്കായി പോലും ആരും അതൊന്നും ഉച്ചരിക്കാറില്ല. ഉദാഹരണത്തിന്, എ.ആർ. ദേശായിയുടെ Peasant Struggles in India (1979)-ൽ രേഖപ്പെടുത്തിയ 1778 മുതൽ 1971 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്നിട്ടുള്ള എണ്ണിയാലൊടുങ്ങാത്ത കർഷക സമരങ്ങളുടെയും 100-ളം ഒറ്റ തിരിഞ്ഞ ഗോത്ര കലാപങ്ങളുടെയും കാര്യം. ഹിന്ദു ജന്മികൾക്കെതിരെ പോരാടിയ ഗോത്രവംശജരെയും കർഷകരെയും ദേശവിരുദ്ധരായി ഇന്ന് പുനരടയാളപ്പെടുത്തുമോ? അതുകൊണ്ട്, ഇന്ന് നിഷ്​പ്രയാസം ലഭ്യമായ രേഖകളെല്ലാം പരിശോധിച്ചശേഷം മാത്രം എല്ലാ പക്ഷക്കാരും വാഗ്വാദത്തിന് തയ്യാറായെങ്കിലെന്ന് ഒരാൾക്ക് ആശിക്കാൻ മാത്രമല്ലേ കഴിയൂ.

അതുമല്ലെങ്കിൽ, മോശം കാര്യങ്ങളും, ഇനി അങ്ങനെയാണെങ്കിൽ തന്നെ, സാക്ഷ്യപ്പെടുത്തുകയും സ്മരിക്കുകയും വേണ്ടേ? നാത്സി കൂട്ടക്കൊലയ്ക്ക് ശേഷം നമ്മൾ അത് പഠിച്ചതല്ലേ? ഇതിനകം, ഏതു കഥയ്ക്കും പല വശങ്ങളുണ്ടെന്നും, ഓരോ കഥയ്ക്കും പല കഥകളുണ്ടെന്നും, അതുകൊണ്ടുതന്നെ ഒരു കഥയ്ക്കു മാത്രമായി ഇനി നിലനില്പില്ലെന്നും, അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന കഥയിലെ കഥയില്ലായ്മയും - അത് ദേശസ്‌നേഹത്തെ ചൊല്ലിയായാൽ പോലും - നാം എന്ന ജനതയ്ക്കറിയുന്നതാണ്. സവർക്കറുടെ തന്നെ രചനകൾ ഇതിന്റെ തെളിവാണ്. ആരാണ് മാപ്പ് പറഞ്ഞതെന്നും, അതുതന്നെ ഒരു തന്ത്രമായിരുന്നോ എന്നും മറ്റും തർക്കിക്കുന്നത് വെറും പാഴ് വേലയായിരിക്കും. സവർക്കർ തന്റെ കല്പിത പ്രതിയോഗികളോട്, മുസ്​ലിംകളും ബ്രിട്ടീഷുകാരും ഉൾപ്പടെ, അടഞ്ഞ മനഃസ്ഥിതിയല്ല വെച്ച് പുലർത്തിയിരുന്നത്, മറിച്ച് അവരിൽ നിന്ന് പഠിക്കാൻ തയ്യാറായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. പരക്കെ അറിയുന്നതുപോലെ, ഹിന്ദുത്വക്ക് വേണ്ടി സവർക്കർ ഹൈന്ദവതയെയും ശാശ്വതമായ ഭാരതീയ നാഗരികതയെയും തള്ളിപ്പറയുക വരെ ചെയ്തിരുന്നു. തീർച്ചയായും, നാഗരികത്വം, നിർവചന പ്രകാരം, അനേകം സംസ്‌കാരങ്ങളെ ഉൾക്കൊള്ളുന്നതാണ്; മാപ്പിളമാർ ഏറിയകൂറും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ദേശവാസികളായ കീഴാളവർഗ്ഗത്തിൽ നിന്ന് മതം മാറിയവരുടെ വംശജരാണെന്നു മുമ്പേ തന്നെ സവർക്കർ ചൂണ്ടിക്കാണിച്ചതും ഇതുകൊണ്ടാവാം. അന്ന് ലഭ്യമായിരുന്ന ബൗദ്ധികവും സാമൂഹിക-സാംസ്‌കാരികവുമായ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്, സവർക്കർ, എല്ലാ മനുഷ്യസഹജമായ അഭിവാഞ്ഛകളുടെയും അന്തിമരൂപം രാഷ്ട്രമാണ് എന്ന തീർപ്പിലെത്തിയതെന്ന് ഒരാൾക്ക് വാദിക്കാൻ കഴിഞ്ഞേക്കും. ഒരു സാർവത്രിക ഹിന്ദു ഇന്ത്യൻ വിഷയിയെ നിർമിച്ചെടുക്കാനുള്ള ഈ പ്രക്രിയയിൽ ഇന്ത്യൻ മുസ്​ലിംകളെ പോലും അനുകരിക്കേണ്ടതിന്റെ രാഷ്ട്രീയ ആവശ്യകത തിരിച്ചറിയാൻ തക്ക രാഷ്ട്രീയ വിവേകം സവർക്കറിനുണ്ടായിരുന്നു എന്ന് കാണാതെ പോകരുത്. എന്നാൽ, വിഷയികൾ വിവക്ഷിക്കുന്നതല്ല രാഷ്ട്രം, മറിച്ച് പൗരരുടെ സാങ്കൽപ്പിക സമുദായമാണ്!

ഭൂമിയിലുള്ളതെല്ലാം തന്നെ, സസ്യജന്തുജാലങ്ങളടക്കം - എന്തിന് പറയണം, ഭൂഖണ്ഡങ്ങളും ഭൂമി തന്നെയും - എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയാണ്, അതായത്, ഇനിയും സിദ്ധാന്തവത്കരിക്കപ്പെടേണ്ട തരത്തിൽ, ദേശാടകരാണ്, എന്ന ജനിതക ശാസ്ത്രത്തിന്റെ നൂതന കണ്ടെത്തലോടെ, ഉദാത്തമായ ആദിമുതലുള്ള ഭാഗഭാഗിത്വം (pre-belonging-ness) എന്ന സങ്കല്പനം വെള്ളത്തിൽ വരച്ച വര പോലെയായി. എന്നാൽ, വേട്ടയാടൽ സ്വഭാവം ദീർഘകാലാടിസ്ഥാനത്തിൽ വിപരീതഫലമുളവാക്കുന്നതാണെന്ന കാഴ്ചപ്പാടാണ് പുരോഗമന-മാനുഷിക വാദത്തിന്റെ പ്രവണതകളിൽ പ്രധാനമായുള്ളത്. അതുകൊണ്ട് തന്നെ, സ്ഥായിയായ വിമർശനാത്മക കർത്തൃത്വമായികൊണ്ട്, ദേശരാഷ്ട്രത്തിന്റെ കർമപദ്ധതിയിൽ പങ്കുകൊള്ളുന്ന പൗരർ അവശ്യമാകുന്നു. രാഷ്ട്രീയ സമുദായം എന്ന പരികല്പന പ്രദേശം, പ്രവിശ്യ തുടങ്ങിയ സങ്കല്പനത്തിന്റെ പൊള്ളത്തരം പുറത്ത് കൊണ്ടുവരുന്ന സങ്കീർണമായ പ്രക്രിയയുടെ തെളിവാണ് 2015 ആഗസ്റ്റ് ഒന്നിന് ഇന്ത്യ ബംഗ്ലാദേശുമായി ഗ്രാമങ്ങൾ വെച്ചുമാറിയ തീരുമാനം.

സവർക്കർ, ഭഗത് സിങ്ങിന് വിപരീതമായ, വ്യത്യസ്ത ധാരയിലുള്ള, എന്തിന്, ഇന്ന് കൊണ്ടാടുന്ന താലിബാൻ മനോഭാവം എന്നുപോലും മുദ്ര കുത്തപ്പെടാവുന്ന തരത്തിലുള്ള ഒരു തീവ്രദേശീയവാദി കൂടിയായിരുന്നു!

CAA, NRC, NPR തുടങ്ങി എന്തൊക്കെ കൊണ്ടുവന്നാലും, ഭരണസൗകര്യത്തിന്റെ പേരിൽ, ദേശീയവും അന്തർദേശീയവുമായ സമ്മർദ്ദങ്ങൾ കാരണം, ഗ്രാമങ്ങളുടെയും സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും വരെ അതിരുകൾ മാറ്റിവരയ്ക്കാമെങ്കിൽ, അതിഗംഭീരമായ ദേശീയ ആഖ്യാനങ്ങളുടെ വിമർശനം ആന്തരികമായി ഉയർത്തികൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം, നമ്മുടെ ജീവിതയാഥാർത്ഥ്യങ്ങളെ ഒരുക്കണക്കിനെങ്കിലും പൊരുത്തപ്പെടുത്തുന്നത്, ചിലപ്പോൾ അർത്ഥവത്താക്കുന്നത്, ഉത്തരാധുനികത പോലെ, ദേശീയതയുടെയും മതേതരത്വത്തിന്റെയും മാനുഷികതയുടെയും ആത്യന്തികസത്യത്തിന്റെയും എല്ലാം ഉത്തരരൂപങ്ങളായിരിക്കാം. അല്ലാത്തപക്ഷം, നമ്മളെല്ലാം തന്നെ മൻതൊ-ടെ ‘Toba Tek Singh'-ലെ ‘ഭ്രാന്തനെ’ പോലെ മരത്തിൻ മുകളിലേറേണ്ട അവസ്ഥയിലെത്തിയേക്കും.

കാരണം, സവർക്കർ മുന്നോട്ട് വെച്ച പല വിഭാവനകളും ഇപ്പോഴും വികടഭാവനാവിലസിതം ആടിക്കൊണ്ടിരിക്കുകയാണ്. ജനനം ഇന്ത്യക്ക് വെളിയിലാണെങ്കിലും, ഒരു വിനോദസഞ്ചാരിയായി പോലും ഇന്ത്യയിൽ വന്നിട്ടില്ലെങ്കിലും, ഒരു ഹിന്ദു എപ്പോഴും ഇന്ത്യൻ ആവുകയും, ജന്മാന്തരങ്ങളായി ഇവിടെയുള്ള അഹൈന്ദവ സമുദായങ്ങൾ വിദേശികളാവുകയും ചെയ്യുന്ന വൈപരീത്യം ഇതിനു തെളിവാണ്. സവർക്കറിന്റെ അടിസ്ഥാന പ്രമാണങ്ങൾക്കെതിരല്ലേ ഈ പരികല്പന എന്ന് നമ്മൾ ചിന്തിച്ചുപോകും. എന്തെന്നാൽ, സവർക്കർ, ഭഗത് സിങ്ങിന് വിപരീതമായ, വ്യത്യസ്ത ധാരയിലുള്ള, എന്തിന്, ഇന്ന് കൊണ്ടാടുന്ന താലിബാൻ മനോഭാവം എന്നുപോലും മുദ്ര കുത്തപ്പെടാവുന്ന തരത്തിലുള്ള ഒരു തീവ്രദേശീയവാദി കൂടിയായിരുന്നു!

നിലനിൽക്കുന്ന ജാതിവാഴ്ചയുടെ അശുദ്ധി മൂടിവെച്ചുകൊണ്ട് ഐക്യ ഇന്ത്യ കെട്ടിപ്പെടുക്കാൻ പൈശാചികവത്കരണത്തിലൂടെ മുസ്​ലിംകളെ തീറ്റയാക്കിയത് സവർക്കറിന്റെ ധർമചിന്തയുടെ ദാരുണവശമാണ്. ഇത്തരത്തിൽ, സവർക്കർ തുറന്നുകാണിക്കുകയും അംബേദ്കർ സൈദ്ധാന്തികവത്കരിക്കുകയും ചെയ്ത ഹൈന്ദവതയുടെ ദുർഗതികൾ, ഇന്ത്യൻ രാഷ്ട്രത്തെ വളഞ്ഞിട്ടാക്രമിക്കുന്നത് തുടരുകയാണെങ്കിൽ, ഇന്ത്യൻ മുസ്​ലിംകൾ, വൈമനസ്യത്തോടെയെങ്കിലും, പക്വതയെത്താൻ കാത്തിരിക്കുന്ന രാഷ്ട്രത്തിനു വേണ്ടി ബലിയാടാവാൻ, അല്ലെങ്കിൽ ഒഴിയാബാധയാകാൻ, ഇനിയും തയ്യാറാണ്. പക്വതയെത്തുന്നതിന്റെ, മുതിരുന്നതിന്റെ, ആദ്യ അടയാളം, ചെറിയവരെ കൈകാര്യം ചെയ്യാൻ പഠിക്കുക എന്നതാണ്. സകല കക്ഷികളും സമ്മതിച്ചു തരുന്ന ഒരു കാര്യമെങ്കിലുമുണ്ട്: ഉൾച്ചേർന്ന വൈവിധ്യങ്ങളോട് കൂടിത്തന്നെ മുസ്​ലിംകൾ ജനസംഖ്യാനുസരണം സമകാലീന ഇന്ത്യയുടെ ഭൂരിപക്ഷ ന്യൂനപക്ഷമായി ഇന്ന് നിലകൊള്ളുന്നു. ഇപ്പോഴും അവശേഷിക്കുന്ന ചോദ്യമിതാണ്: ഈ ഒരു സവിശേഷ സാഹചര്യത്തെ ‘നമ്മൾ' എങ്ങനെ കൈകാര്യം ചെയ്യണം? ഒരു അസ്വസ്ഥമായ രാഷ്ട്രത്തെ താങ്ങാനും കരകേറ്റാനുമുള്ള ഭാരം കൂടി പേറുന്ന ഭ്രമാത്മക ഭൂതമായി ഇനിയും ഇന്ത്യൻ മുസ്​ലിം തുടരണമോ? ആ തുടർച്ച ഭൂരിപക്ഷത്തിനും (the majority), ഭൂരിഭാഗ ന്യൂനപക്ഷത്തിനും (the major minority), അന്യൂനവും ബഹുമുഖവുമായ ചെറിയ ന്യൂനപക്ഷങ്ങൾക്കും (the minor minorities) എങ്ങനെ അനിവാര്യമാണെന്ന കാര്യത്തിലെങ്കിലും നമുക്കെല്ലാവർക്കും ഒന്ന് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ. ▮

(വിവർത്തനം: ബിവിതാ ഈശോ)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എം.ടി. അൻസാരി

യൂണിവേഴ്സിറ്റി ഓഫ് ഹൈദരബാദിലെ കംപാരറ്റീവ് ലിറ്ററേച്ചറിൽ പ്രൊഫസർ. മലബാർ: ദേശീയതയുടെ ഇടപാടുകൾ, Islam and Nationalism in India: South Indian Contexts, Islam and Modernity: Selected Essays of Alam Khundmiri (ed.), Discourse, Democracy and Difference: Perspectives on Community, Politics and Culture (ed), Multilingualism and the Literary Cultures of India (ed) എന്നിവ പ്രധാന കൃതികളാണ്.

ബിവിതാ ഈശോ

ഗവേഷക വിദ്യാർത്ഥി, കംപാരറ്റീവ് ലിറ്ററേച്ചർ. യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്.

Comments