2019-ൽ കൂടെ നിന്ന ലാധ്വയും കോൺഗ്രസിനെ കൈവിട്ടു, ഇനി സൈനിയുടെ കാലം

2019-ൽ ലാധ്വയിൽ കോൺഗ്രസിന്റെ മേവ സിംഗ് വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നെങ്കിലും നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയുമായ നയാബ് സിംഗ് സൈനി എത്തിയതോടെയാണ് ഇത്തവണ മത്സരം കടുത്തത്.

Election Desk

നിലവിലെ ഹരിയാന (Haryana) മുഖ്യമന്ത്രി നയാബ് സിംഗ് സൈനി (Nayab Singh Saini) നേരിട്ട് മത്സരത്തിനിറങ്ങിയ ലാധ്വ മണ്ഡലം ബി.ജെ.പി തിരിച്ചു പിടിച്ചു. 16054 വോട്ട് കൾക്കാണ് 2019 ൽ സംസ്ഥാനം ബി.ജെ.പിക്കൊപ്പം (BJP) നിന്നപ്പോഴും കോൺഗ്രസിനെ (Congress) കൈവിടാതിരുന്ന ലാധ്വ സൈനിയിലൂടെ തിരിച്ചെടുത്തത്. 2019-ൽ ലാധ്വയിൽ കോൺഗ്രസിന്റെ മേവ സിംഗ് വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാൽ, മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യത്തോടെ സൈനി എത്തിയതോടെ മത്സരം കടുത്തു. സിറ്റിംഗ് എം.എൽ.എയായ മേവ സിംഗ് സിങ്കോര തന്നെയാണ് ഇത്തവണയും കോൺഗ്രസിന്റെ സ്ഥാനാർഥിയായത്. ഐ.എൻ.എൽ.ഡി യുടെ സപ്‌ന ബർഷാമി, സ്വതന്ത്ര സ്ഥാനാർഥികളായ സന്ദീപ് ഗർഖ്, വിക്രം സിംഗ് ചെമ്മ എന്നിവരായിരുന്നു മറ്റ് സ്ഥാനാർഥികൾ. നയാബ് സിംഗ് സൈനിക്ക് 70117 വോട്ടുകൾ ലഭിച്ചപ്പോൾ മേവ സിംഗിന് 54123 വോട്ടുകൾ മാത്രമാണ് നേടിയത്.

2019-ൽ കോൺഗ്രസ് സ്ഥാനാർഥി 57665 (41.86 ശതമാനം) വോട്ടുകളായിരുന്നു നേടിയത്. പ്രധാന എതിരാളിയും ബി.ജെ.പി സ്ഥാനാർഥിയുമായിരുന്ന ഡോ. പവൻ സൈനി 45028 വോട്ടുകളും നേടി. 12637 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസ് വിജയം. 2024ൽ ചിത്രം മാറിമറിഞ്ഞിരിക്കുകയാണ്. 1977 മുതലിങ്ങോട്ട് നടന്ന തെരഞ്ഞെടുപ്പുകളിൽ 2014-ൽ മാത്രമാണ് ലാധ്വയിൽ ബി.ജെ.പി വിജയിച്ചിരുന്നത്. ഡോ. പവൻ സൈനിയായിരുന്നു ബി.ജെ.പിയുടെ എം.എൽ.എ ആയത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ പക്ഷേ, സൈനി പരാജയപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ നയാബ് സിംഗ് സൈനി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഹരിയാനയിൽ ബി.ജെ.പി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പത്തു വർഷമായി നടത്തി വരുന്ന വികസന പ്രവർത്തനങ്ങൾ ഭരണത്തുടർച്ച ഉറപ്പാക്കുമെന്നും മനോഹർലാൽ ഖട്ടാർ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ ഹരിയാനക്ക് ഗുണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഖട്ടാർ രാജി വെച്ച ശേഷം 2024 മാർച്ച് 12-നാണ് സൈനി ഹരിയാന മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്.

ഹരിയാനയിലെ ബി.ജെ.പി യുടെ ഒ.ബി.സി മുഖമാണ് നയാബ് സിംഗ് സൈനി. 2010-ൽ നരൈൻഗർ മണ്ഡലത്തിൽ നിന്നും ആദ്യ ജനവിധി തേടിയെങ്കിലും രാംകിഷൻ ഗുർജറിനോട് പരാജയപ്പെട്ടു. തുടർന്ന് 2014-ൽ എം.എൽ.എയായി വിജയിച്ച അദ്ദേഹം മന്ത്രിയുമായിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് മുഖ്യമന്ത്രിയാവുന്നത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നുള്ള എം.പിയുമായിരുന്നു സൈനി.

Read Also

Comments