നുഹ് കലാപക്കേസ് പ്രതിയും ഗോരക്ഷാ അക്രമങ്ങളുടെ ആസൂത്രകനുമായ ബിട്ടു ബജ്റംഗി ഹരിയാനയിൽ സ്ഥാനാർഥി

ഗോരക്ഷയുടെ പേരിൽ നിരവധി അക്രമസംഭവങ്ങൾക്ക് നേതൃത്വം നൽകിയ ബിട്ടു ബജ്റംഗി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കുന്നു. അഞ്ച് പേർ കൊല്ലപ്പെട്ട നുഹ് കലാപക്കേസിലെ പ്രധാന പ്രതിയാണ് ബജ്റംഗി.

News Desk

നുഹ് കലാപക്കേസിലെ പ്രതിയും ഗോരക്ഷയുടെ പേരിൽ നിരവധി അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുള്ള ബിട്ടു ബജ്റംഗി (Bittu Bajrangi) ഹരിയാനയിൽ (Haryana Election) സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്ത്. ഒക്ടോബർ അഞ്ചിന് ഹരിയാനയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇയാൾ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ഫരീദാബാദിലെ എൻ ഐ ടി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ബിട്ടു ബജ്റംഗി എന്ന രാജ്കുമാർ പഞ്ചാൽ മത്സരിക്കുന്നത്. ബിട്ടു ബജ്റംഗി നാമനിർദേശ പത്രിക സമർപ്പിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ വിക്രം സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്.

2023 ജൂലൈയിൽ ഹരിയാനയിലെ നുഹ് ജില്ലയിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രജ് മണ്ഡൽ യാത്രയ്ക്കിടെയുണ്ടായ അക്രമക്കേസിലെ പ്രതിയാണ് ബിട്ടു ബജ്റംഗി. മതസൗഹാർദ്ദം തകർക്കുന്ന വിധത്തിലുള്ള സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും ഇയാൾ പ്രതിയാണ്. നുഹിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കന്നുകാലി ഉടമയുടെ പശുക്കളെയും ആടുകളെയും ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോയ സംഭവത്തിലും ഏതാനും മാസങ്ങൾക്ക് മുമ്പ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

കൗമാരക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ബജ്റംഗിക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൗമാരക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ബജ്റംഗിക്കെതിരെ കേസെടുത്തിട്ടുണ്ട്.

കൗമാരക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ബജ്റംഗിക്കെതിരെ കേസെടുത്തിട്ടുണ്ട്. ആയുധ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഫരീദാബാദ് സരുർപുരിൽ ഷമ്മു എന്നയാളെ ബിട്ടു ബജ്റംഗി മർദിക്കുന്നതിൻെറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേ തുടർന്ന് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഈ വർഷം ജൂലൈയിൽ മാത്രം ബജ്റംഗിക്കെതിരെ മൂന്ന് കേസുകൾ എടുത്തിട്ടുണ്ട്.

ഗോ രക്ഷാ ബജ്റംഗ് ഫോഴ്സ്, എന്ന പേരിൽ ഗോ രക്ഷകർക്കുവേണ്ടി ഒരു സംഘടനയും ഇയാളുടെ നേതൃത്വത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. ഹരിയാനയിൽ ഗോരക്ഷയുടെ പേരിൽ ഈ സംഘടന നിരവധി അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തന്റെ അനുയായികളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ വർധനവുണ്ടായതിനാലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ബിട്ടു ബജ്റംഗി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

Read Also | ഹരിയാനയിൽ കോൺഗ്രസ്- ആപ് സഖ്യമില്ല,
ബി.ജെ.പി- കോൺഗ്രസ് മത്സരത്തിന് കളമൊരുങ്ങി

Read Also | രണ്ടാം പട്ടികയിലും നില തെറ്റി, ഹരിയാനയിൽ ബി.ജെ.പി ആടിയുലയുന്നു

Comments