ജനാധിപത്യയുഗത്തിലേക്ക് ജമ്മു കാശ്മീർ, ‘ഇന്ത്യ’ മുന്നണി ഭരിക്കും, ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും

മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകുമെന്ന് പിതാവും പാർട്ടി അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള.

National Desk

2019-ൽ 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാന പദവി എടുത്തുകളയുകയും ചെയ്ത ശേഷം ജമ്മു കാശ്മീരിൽ ആദ്യമായി അധികാരത്തിലേറുന്ന ജനാധിപത്യ സർക്കാറിന് 'ഇന്ത്യ' മുന്നണി നേതൃത്വം നൽകും.
തൂക്കുസഭ എന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ പിന്തള്ളി ജമ്മു കാശ്മീരിൽ നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം 48 സീറ്റ് നേടി (എൻ.സി- 42, കോൺ​ഗ്രസ്- 6). ബി.ജെ.പിക്ക് 29 സീറ്റും പി.ഡി.പിക്ക് മൂന്നു സീറ്റും. ഏഴു സീറ്റ് സ്വതന്ത്രർക്കാണ്. ഒരു സീറ്റു വീതം സി.പി.എം, പീപ്പിൾസ് കോൺഫറൻസ്, ആംആദ്മി പാർട്ടി എന്നിവർ നേടി.

വോട്ടു ശതമാനം:

നാഷനല്‍ കോണ്‍ഫറന്‍സ്: 23.4
ബി.ജെ.പി: 25.64
കോണ്‍ഗ്രസ്: 11.97
പി.ഡി.പി: 8.87
മറ്റുള്ളവര്‍: 30.09

90 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 46 എം.എൽ.എമാരാണ് വേണ്ടത്. ബി.ജെ.പി പൂർണമായും ജമ്മു മേഖലയിൽ ഒതുങ്ങി. 2014-ൽ ബി.ജെ.പിക്ക് 25 സീറ്റാണുണ്ടായിരുന്നത്, ഇത്തവണ, നില അൽപം മെച്ചപ്പെടുത്തിയെന്നു പറയാം.

നിരോധിത ജമ്മു കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ മത്സരിച്ച 10 ‘സ്വതന്ത്ര’ സ്ഥാനാർഥികളും തോറ്റു.

എഞ്ചിനീയർ റാഷിദിൻ്റെ അവാമി ഇത്തേഹാദ് പാർട്ടി (AIP) നിർത്തിയ 44 സ്ഥാനാർത്ഥികളും​ തോറ്റു. പ്രമുഖ വ്യവസായിയും എഞ്ചിനീയർ റാഷിദിൻ്റെ അടുത്ത അനുയായിയുമായ ഷെയ്ഖ് ആഷിഖ് ഹുസൈൻ 963 വോട്ടാണ് നേടിയത്ത്‍യു.എ.പി.എ പ്രകാരം ജയിലിലുള്ള 'ആസാദി ചാച്ച' എന്നറിയപ്പെടുന്ന സർജൻ അഹമ്മദ് വാഗേയും തോറ്റു.

2014-ൽ 28 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ബി.ജെ.പിയെ കൂട്ടുപിടിച്ച് ഭരണത്തിലേറുകയും ചെയ്ത പി.ഡി.പിക്കാണ് ഇത്തവണ ഏറ്റവും നഷ്ടം. 1999-നുശേഷം പി.ഡി.പിയുടെ ഏറ്റവും മോശം പ്രകടനം. തങ്ങളുടെ പിന്തുണയില്ലാതെ ഒരു സെക്യുലർ സർക്കാർ സാധ്യമാകില്ല എന്ന പാർട്ടിയുടെ അവകാശവാദത്തിന് വൻ തിരിച്ചടി. 'ജനവിധി അംഗീകരിക്കുന്നു' എന്ന പ്രതികരണത്തിൽ മെഹ്ബൂബ മുഫ്തി തന്റെ നിരാശ നിറച്ചുവച്ചു.

അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾക്ക് വിരാമമമിട്ട് നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള തന്നെ രംഗ​ത്തെത്തി. മകനും പാർട്ടി വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ളയായിരിക്കും അടുത്ത ജമ്മു കാശ്മീർ മുഖ്യമന്ത്രിയെന്ന് ഫാഖൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു.

ഒമർ അബ്ദുല്ല, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഗാർഗേ എന്നിവർ കാശ്മീരിൽ.
ഒമർ അബ്ദുല്ല, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഗാർഗേ എന്നിവർ കാശ്മീരിൽ.

നാഷനൽ കോൺഫറൻസ് അടക്കമുള്ള പാർട്ടികൾ മുഖ്യമന്ത്രി സ്ഥാനാർഥിയെ മുന്നോട്ടുവച്ചിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാരാമുള്ളയിൽ എഞ്ചിനീയർ റാഷിദിനോട് ദയനീയതോൽവി ഏറ്റുവാങ്ങിയ ഒമർ അബ്ദുള്ള രണ്ടു സീറ്റിലും ജയിച്ച് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഒമറിനെതിരെ മത്സരിച്ച ചില സ്വതന്ത്ര സ്ഥാനാർഥികൾക്ക് രഹസ്യ പിന്തുണ നൽകിയും മറ്റും അദ്ദേഹത്തെ തോൽപ്പിക്കാൻ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പി കഠിനശ്രമം നടത്തിയിരുന്നു.

  • മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള ബുദ്ഗാം, ഗണ്ടേർബാൽ മണ്ഡലങ്ങളിൽ ജയിച്ചു. പി.ഡി.പിയായിരുന്നു രണ്ടിടത്തും ഒമറിന്റെ എതിരാളികൾ.

  • മെഹ്ബൂബയുടെ മകൾ ഇൽതിജ മുഫ്തി ശ്രീഗുഫ്‌വാര- ബിജ്‌ബേഹാര മണ്ഡലത്തിൽ തോറ്റു. നാഷനൽ കോൺഫറൻസിന്റെ എൻസി ബഷീർ അഹമ്മദ് ഷാ വീരിയാണ് 8758 വോട്ടിന് ഇൻതിജയെ തോൽപ്പിച്ചത്. മുഫ്തി കുടുംബത്തിന്റെ ശക്തികേന്ദ്രത്തിലാണ് ഇൻതിജയുടെ ദയനീയ തോൽവി.

  • ജയിലായിരുന്ന വിഘടനവാദി നേതാവ് സർജൻ ബർകാതി ബീർവാഹ് മണ്ഡലത്തിൽ നാഷനൽ കോൺഫറൻസിന്റെ മുഹമ്മദ് ഷാഫിയോട് തോറ്റു.

  • ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രവീന്ദൻ റെയ്‌ന നൗഷേര മണ്ഡലത്തിൽ നാഷനൽ കോൺഫറൻസ് നേതാവ് സുരീന്ദർ കുമാർ ചൗധരിയോട് തോറ്റു.

  • പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്‌സൽ ഗുരുവിന്റെ സഹോദരൻ ഐജാസ് അഹമ്മദ് ഗുരു സോപോർ മണ്ഡലത്തിൽ നാഷനൽ കോൺഫറസിനോട് തോറ്റു. 129 വോട്ടുകൾ മാത്രമാണ് ​​ഐജാസിന് ലഭിച്ചത്.

  • ജമ്മുവിലെ ബാസോഹ്‌ലി സീറ്റിൽ ബി.ജെ.പിയുടെ ദർശൻ കുമാർ 16,034 വോട്ടിന് കോൺഗ്രസിലെ ചൗധരി ലാൽ സിങ്ങിനെ തോൽപ്പിച്ചു.

  • ഗുറേസ് മണ്ഡലത്തിൽ നാഷനൽ കോൺഫറൻസിന്റെ നാസിർ അഹമ്മദ് ഖാൻ 1132 വോട്ടിന് ജയിച്ചു.

  • പുൽവാമയിൽ പി.ഡി.പി നേതാവ് വഹീദുർ റഹ്മാൻ 8148 വോട്ടിന് നാഷനൽ കോൺഫറൻസിന്റെ മുഹമ്മദ് ഖലീലിനെ തോൽപ്പിച്ചു.

  • ആം ആദ്മി പാർട്ടി ജമ്മു കാശ്മീരിൽ അക്കൗണ്ട് തുറന്നു. ദോഹ മണ്ഡലത്തിൽ പാർട്ടിക്ക് അപ്രതീക്ഷിത ജയം. പാർട്ടി സ്ഥാനാർഥി മെഹ്‌രാജ് മാലിക് ബി.ജെ.പിയുടെ ഗജയ് സിങ് റാണയെ 4770 വോട്ടിനാണ് തോൽപ്പിച്ചത്.

  • ബില്ലാവാറിൽ ബി.ജെ.പിയുടെ സതീഷ് കുമാർ ശർമ 21,368 വോട്ടിന് ജയിച്ചു.

  • ഹസ്‌റത്ബാലിൽ നാഷനൽ കോൺഫറൻസ് യൂത്ത് പ്രസിഡന്റ് സൽമാൻ സാഗർ പി.ഡി.പി നേതാവ് ആസിയ നക്വാഷിനെ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു.

സ്വതന്ത്രർ പ്രതീക്ഷിച്ചപോലെ ശക്തി തെളിയിച്ചു. ഏ​ഴു പേരാണ് ജയിച്ചത്. തൂക്കു സഭയാണെങ്കിൽ, സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലേറാൻ ബി.ജെ.പി പദ്ധതിയിട്ടിരുന്നു. ലഫ്റ്റനന്റ് ഗവർണർ നാമനിർദേശം ചെയ്യുന്ന അഞ്ച് അംഗങ്ങളുടെ പിൻബലത്തിൽ ജനവിധി അട്ടിമറിക്കാൻ അണിയറയിൽ ഒരുക്കം നടത്തിയിരുന്നു ബി.ജെ.പി. എന്നാൽ അഞ്ച് നോമിനേറ്റഡ് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിന് അടുത്തെത്താനാകില്ല.

കാശ്മീർ താഴ്‌വരയിലുണ്ടായ സമ്പൂർണ തകർച്ചയാണ് ബി.ജെ.പിയെ തോൽപ്പിച്ചത്. ജയിക്കുമെന്ന് പാർട്ടി പ്രതീക്ഷിച്ചിരുന്ന ഗുറെസിൽ ഫക്കീർ മുഹമ്മദ് ഖാൻ തോറ്റു. നാഷനൽ കോൺഫറൻസിലെ നാസിർ അഹമ്മദ് ഖാനാണ് ഇവിടെ ജയിച്ചത്.

നാഷനൽ കോൺഫറൻസിന് കാശ്മീർ താഴ്‌വരയിലാണ് ഏറെയും സീറ്റുകൾ. ബി.ജെ.പിക്ക് ജമ്മു മേഖലയിലും.

അതിനിടെ ജമ്മു കാശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ സർക്കാറുണ്ടാക്കാനുള്ള നീക്കത്തിൽനിന്ന് മുഖ്യ രാഷ്ട്രീയപാർട്ടികൾ വിട്ടുനിൽക്കണമെന്ന് അവാമി ഇത്തിഹാദ് പാർട്ടി (AIP) പ്രസിഡന്റ് ശൈഖ് അബ്ദുൽ റാഷിദ് എം.പി (എഞ്ചിനീയർ റാഷിദ്) ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തീഹാർ ജയിലിൽനിന്ന് ഇടക്കാല ജാമ്യത്തിലാണ് റാഷിദ് പുറത്തിറങ്ങിയത്.

വൻതോതിൽ ജനം വോട്ടു ചെയ്യാനെത്തിയത് ബി.ജെ.പിയെ പുറത്താക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് തെളിഞ്ഞതായി കോൺഗ്രസ് നേതാവ് സയീദ് സുഹൈൽ ബുഖാരി പറഞ്ഞു: ''തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ കവരുന്ന ലഫ്റ്റനന്റ് ഗവർണറുടെ നടപടിയിൽ ജനം രോഷാകുലരായിരുന്നു''.

ഇൽതിജ മുഫ്തി
ഇൽതിജ മുഫ്തി

ജനവിധി തങ്ങൾക്കെതിരായാൽ ഏതു തന്ത്രവും പുറത്തെടുക്കാൻ ബി.ജെ.പി തയാറെടുത്തിരുന്നതായി ഒമർ അബ്ദുള്ള പറഞ്ഞു.

ആർട്ടിക്കിൾ 370-ഉം സംസ്ഥാനപദവിയും റദ്ദാക്കിയത് ജമ്മു കാശ്മീരിൽ കടുത്ത രോഷമുണ്ടാക്കിയിരുന്നു. ഇതിനെ മറികടക്കാൻ കേന്ദ്രം പ്രഖ്യാപിച്ച സമാശ്വാസ നടപടികളെല്ലാം ജലരേഖകളായി കലാശിച്ചു. ഈയൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കും താൽപര്യവുമുണ്ടായിരുന്നില്ല. എന്നാൽ, സുപ്രീംകോടതിയുടെ അന്ത്യശാസനം മറികടക്കാനാകില്ല എന്നതിനാൽ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം നിർബന്ധിക്കപ്പെടുകയായിരുന്നു.

നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം അടക്കമുള്ള ബി.ജെ.പി ഇതര പാർട്ടികളെല്ലാം, ജമ്മു കാശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതന്നെ, ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര നയത്തിന്റെ ഹിതപരിശോധന കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ് എന്ന പ്രതിപക്ഷത്തിന്റെ അവകാശവാദം ശരിവക്കുന്ന ജനവിധി കൂടിയാണിത്. സംസ്ഥാന പദവിക്കുവേണ്ടിയുള്ള ജനങ്ങളുടെയും അവർ തെരഞ്ഞെടുത്ത സർക്കാറിന്റെയും ആവശ്യത്തിൽനിന്ന് ഇനി കേന്ദ്ര സർക്കാറിന് പുറകോട്ടുപോകാനാകില്ല.


Read Also

Comments