Poster: Nishad JN via Mson

‘ദി കേരള സ്റ്റോറിയുടെ യഥാർഥ കഥ’ മലയാളത്തിൽ

Think

കേരളം എന്ന ഒറ്റ സംസ്ഥാനത്തെ ലക്ഷ്യമിട്ട് ചരിത്രത്തിലില്ലാത്ത വിധം വിദ്വേഷം അഴിച്ചുവിട്ടിരിക്കുകയാണ് സംഘപരിവാർ. സോഷ്യൽമീഡിയയിൽ ട്രോളുകളായും ഐ.ടി. സെല്ലിൻറെ വ്യാജ ഐ.ഡികളിൽ നിന്നുള്ള വ്യാജ വാർത്തകളായും ആദ്യ കാലത്ത് പ്രചരിച്ചിരുന്ന വിദ്വേഷം ഇപ്പോൾ സംഘപരിവാറും ബി.ജെ.പിയും ഔദ്യോഗികമായി പ്രധാനമന്ത്രിയെയും ആഭ്യന്ത്രമന്ത്രിയെയും ഉൾപ്പടെ ഉപയോഗിച്ച് പ്രചരിപ്പിക്കുകയാണ്

ഈ വിദ്വേഷ ക്യാമ്പയിൻറെ ഏറ്റവും പോപ്പുലറായ സൃഷ്ടിയായിരുന്നു സുദീപ്തോ സെന്നിൻറെ ദി കേരള സ്റ്റോറിയെന്ന സിനിമ. ‌കേരളത്തിൽ വ്യാപകമായി 'ലൗ ജിഹാദ്' നടത്തുന്നു എന്ന സംഘപരിവാർ പ്രചാരണത്തിനുള്ള മെറ്റീരിയലായിരുന്നു ചിത്രം. കാസർഗോഡുള്ള നഴ്സിംഗ് കോളേജിലേക്ക് എത്തുന്ന മൂന്ന് പെൺകുട്ടികളെ ഒരു സംഘം ബ്രയിൻവാഷ് ചെയ്യുന്നതും, പ്രണയം നടിച്ച് വലയിലാക്കി മതപരിവർത്തനം ചെയ്യുന്നതും, അഫ്ഗാനിലേക്കും അവിടുന്ന് സിറിയയിലേക്കും കടത്തുന്നതുമാണ് സിനിമയുടെ കഥ.

നോർത്ത് ഇന്ത്യയിൽ കേരളത്തിനെതിരെ അതിഭീകരമായ രീതിയിൽ വെറുപ്പ് പ്രചരിപ്പിച്ച ദി കേരള സ്റ്റോറിയെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിച്ചത് ഹിന്ദി യൂട്യൂബേഴ്സും ഫാക്ട് ചെക്കേഴ്സുമാണ്. അതിൽ തന്നെ ധ്രുവ് രാഠി എന്ന യൂട്യൂബറുടെ വീഡിയോ ഉണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. എ.ബി.പി. ന്യൂസ്, ടൈംസ് നൗ തുടങ്ങിയ ചാനലുകൾ ഉൾപ്പടെ കേരള സ്റ്റോറിയുടെ ചുവട് പിടിച്ച് കേരളത്തിനെതിരെ വിദ്വേഷം ചൊരിഞ്ഞപ്പോൾ സിനിമയുടെ വാദങ്ങളെ പൊളിച്ച് ധ്രുവ് റാഠി പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ കണ്ടത് 2 കോടി തവണയാണ്.

കേരളത്തിനെതിരെ സംഘപരിവാറിൻറെ ഏറ്റവും പോപ്പുലറായ പ്രചാരണ വസ്തുവിനെ ഓരോ പാളികളായി പരിശോധിച്ച് പൊളിച്ചുകാണിക്കുന്ന ധ്രുവ് രാഠി അതോടെ കേരളത്തിലും ഹിറ്റായി.

ചിത്രത്തിൻറെ ട്രൈലർ റിലീസ് ചെയ്തതപ്പോൾ തന്നെ സംഘപരിവാർ കേന്ദ്രങ്ങൾ സിനിമയെ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്തതോടെ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ സിനിമയ്ക്ക് പ്രോത്സാഹനവുമായി മുന്നോട്ട് വന്നു.

കർണാടകയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ കേരളത്തെയും കോൺഗ്രസിനെയും വർഗീയമായി ചിത്രീകരിക്കാൻ പ്രധാനമന്ത്രി കേരള സ്റ്റോറി എന്ന സിനിമയെ പരാമർശിച്ചു. ചിത്രം ഒരു ഗൂഢാലോചനയെ പുറത്ത് കൊണ്ടുവന്നുവെന്നും ചിത്രത്തെ എതിർത്ത കോൺഗ്രസ് തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.

ബി.ജെ.പി പ്രസിഡൻറ് ജെ.പി. നദ്ദ ചിത്രത്തിൻറെ പ്രത്യേക പ്രദർശനം നടത്തുകയും യുവ ഹിന്ദു പെൺകുട്ടികളെ അത് കാണാൻ ക്ഷണിക്കുകയും ചെയ്തു. മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ബി.ജെ.പി സർക്കാരുകൾ ചിത്രത്തിന് നികുതി ഇളവ് നൽകി പ്രോത്സാഹിപ്പിച്ചു. ആർ.എസ്.എസ്. ഔദ്യോഗിക മുഖപത്രമായ ഓർഗനൈസർ ചിത്രത്തെ അപകടകരമായ സത്യം എന്നാണ് വിശേഷിപ്പിച്ചത്.

ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ അവഗണിച്ചതോടെ പൊതുരംഗത്ത് നിന്ന് മറയാൻ തുടങ്ങിയ ചിത്രത്തെ വീണ്ടും സജീവമാക്കിയത് ഇന്ത്യയുടെ നാഷനൽ ബ്രോഡ്കാസ്റ്ററായ ദൂരദർശനാണ്. ചിത്രം രാജ്യമെങ്ങും ചാനലിലൂടെ പ്രദർശിപ്പിക്കാനായിരുന്നു ദൂരദർശൻറെ തീരുമാനം. തുടർന്ന് കേരളത്തിലെ തന്നെ രൂപതകളും കൃസ്ത്യൻ സംഘങ്ങളും ചിത്രം പരസ്യമായി പ്രദർശിപ്പിക്കാൻ രംഗത്തുവന്നതോടെ സംസ്ഥാനത്തും ദി കേരള സ്റ്റോറി അസ്വസ്ഥതകളുണ്ടാക്കുകയാണ്.

ചിത്രത്തിലെ നുണകളും വസ്തുതാ വിരുദ്ധതയും ഓരോന്നായി പൊളിച്ചുകാണിക്കുന്ന ധ്രുവ് രാഠിയുടെ വീഡിയോ ഇപ്പോൾ മലയാളത്തിൽ ലഭ്യമാക്കിയിരിക്കുകയാണ് എം.സോൺ എന്ന സബ്ടൈറ്റിൽ കൂട്ടായ്മ.

Read More:

Comments